Slider

ബാല്യകാല സ്മരണ

0


പത്തര മണിക്ക് ബെല്ലടിക്കും. അതിന് മുമ്പേ സ്കൂളിലെത്തണം. ലീലാ ടീച്ചർ ദൂരേന്ന് നടന്നു വരുന്നുണ്ട്. ഞാൻ ടീച്ചറിൻറെ കൂടെയാ സ്കൂളിൽ പോകാറ്. ടീച്ചറാണെങ്കിലും ഞങ്ങള് നല്ല കമ്പനിയാ. ഓരോ വിശേഷങ്ങളും പറഞ്ഞ് വഴിയരികിലുള്ള കുറ്റിച്ചടികളെയെല്ലാം തൊട്ടുതലോടിയുള്ള യാത്ര വളരെ സുഖകരമായ കാര്യമാണ്. പോകുന്നതിനിടെ വേറെ കുട്ടികളും നമ്മുടെ കൂടെ കൂടി. സമയമാവുമ്പോഴേക്കും ഞങ്ങൾ സ്കൂളിലെത്തി.
ബെല്ലടിച്ചു. ശ്രീധരൻ മാഷ് ക്ലാസ്സിൽ വന്നു. പ്രാർത്ഥനക്ക് ശേഷം ഹാജർ വിളി തുടങ്ങി. പേര് വിളിക്കുമ്പോ ഹാജർ പറയുന്നവരും പേര് വിളിച്ചിട്ടും ഹാജർ പറയാതെ കളിയിൽ മുഴുകിയവരും ഒക്കെ ഉണ്ട്.
ക്ലാസ് തുടങ്ങി. ആദ്യം തന്നെ ഇംഗ്ലീഷ് ആണ്. ഇന്നലെ പഠിപ്പിച്ച അക്ഷരങ്ങൾ തെറ്റാതെ ഇന്ന് കാണുന്നത് ക്രമത്തിൽ പറഞ്ഞു കൊടുക്കണം. ഓരോരുത്തരായി പറഞ്ഞു തുടങ്ങി. ആദ്യം ഇരിക്കുന്നയാൾ 'എ' രണ്ടാമത്തെയാൾ 'ബി' അങ്ങനെ ഓരോരുത്തരും പറഞ്ഞു പറഞ്ഞു 'സെഡ്' വരെയും ആയി.
ഇനി വാക്കുകൾ പഠിക്കണംന്ന്. മാഷ് പഠിപ്പിക്കാൻ തുടങ്ങി. ' എ പി പി എൽ ഇ' 'ഏപ്പിൾ' മാഷ് പറയുന്നതിനനുസരിച്ച് ഞങ്ങളും ഏറ്റു പറഞ്ഞു . ചിത്രമൊക്കെ കാണിച്ചു തന്നു. എ ഫോർ ഏപ്പിൾ ന്നു പഠിപ്പിച്ചു തീരുമ്പോഴേക്കും അടുത്ത പിരീഡിനുള്ള ബെല്ലടിച്ചു. രണ്ടു മിനിറ്റു കൊണ്ട് അടുത്ത വിഷയമായ കണക്ക് തുടങ്ങി. ഗുണനമാണ് വിഷയം. 4 ൻറെ ഗുണനപ്പട്ടിക എല്ലാരോടും പഠിക്കാൻ ഇന്നലേ പറഞ്ഞിരുന്നു. കുറേ പേര് പഠിച്ചിട്ടുണ്ട്. പഠിക്കാത്തവരും ഉണ്ട്. പഠിക്കാത്തവരോട് പുറത്തു നിന്ന് പഠിച്ചിട്ട് ക്ലാസിൽ കേറാൻ പറഞ്ഞു മാഷ്. അങ്ങനെ കുറച്ചു പേർ പുറത്തായി. ക്ലാസ് എടുത്തു കഴിഞ്ഞു ഒറ്റക്ക് ചെയ്ത് പഠിക്കാനുള്ള ചോദ്യം മാഷ് ബോർഡിലെഴുതി. അപ്പോഴേക്കും ചില കുട്ടികളുടെ കീശയിലെ പുളിയും മറ്റു ചില കുട്ടികളുടെ കീശയിലെ കാന്താരി മുളകും ഒടുക്കത്തെ പ്രണയം. പിൻ സീറ്റുകാർ അവരെ എടുത്ത് കൈ കൊണ്ട് ഞെരടി ഒരു പരുവമാക്കി. എല്ലാർക്കും വീതിച്ചു നൽകി. പാരവെപ്പൊന്നുമില്ലാതെ അവരുടെ കാര്യത്തിൽ തീരുമാനമായി.
അടുത്ത ബെല്ല് ഇടവേളക്ക് ഉള്ളതാണ്. ബെല്ല് മുഴങ്ങിയതോടെ എല്ലാവരും എഴുന്നേറ്റ് പുറത്തേക്കോടി. ചിലര് വെള്ളം കുടിക്കുന്നു. ചിലര് ശൗചാലയത്തിന് മുന്നിൽ വരിനിൽക്കുന്നു. ചിലർ തോട്തുള്ളി കളിക്കുന്നു. അങ്ങനെ എല്ലാവരും തിരക്കിലാണ്. അപ്പോഴേക്കും ബെല്ലടിച്ചു. ഇനി അറബിയാണ്.
എല്ലാരും ക്ളാസിലേക്കോടി. മജീദുസ്താദിൻറെ കളിയും കാര്യവുമായിട്ടുള്ള ക്ലാസ്, മുറ്റത്തെ മാവിൻ ചുവട്ടിൽ നിന്നാണ് ക്ലാസ്. പക്ഷേ, വേഗം തീർന്നതു പോലെ.
ഇനി ഉച്ച ഭക്ഷണമാണ്. നല്ല ചെറുപയറും കഞ്ഞിയും. എല്ലാവരും വരിയായി നിന്ന് കഞ്ഞിയും പയറും വാങ്ങി മുറ്റത്ത് പോയിരുന്ന് കഴിച്ചു . ഇനി കുറച്ചു നേരം കളിയാണ്.
 "കണ്ണാരം പൊത്തി പൊത്തി കണ്ണിച്ചൂരം പൊത്തിപൊത്തി എന്നെപോലത്തെ ചങ്ങാതിമാരെ കാണാനായോ. .... ? "
"ഇല്ലാആആആ. .."
"ഒന്ന് , രണ്ട്, മൂന്ന്. ............ഇരുപത്തന്ജ്"
"വരുന്നുണ്ടേ....."
'എല്ലാരും എവിടെയാണാവോ ഒളിച്ചിരിക്കുന്നത്' പതുക്കെ ശബ്ദമുണ്ടാക്കാതെ ഉമ്മറത്ത് നിന്നും മുറ്റത്തേക്കിറങ്ങി പമ്മി നടക്കാൻ തുടങ്ങുമ്പോഴേക്കും " കുറ്റിപ്രൈസ്" എന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ഒരാൾ കുറ്റിപ്രൈസ് അടിച്ചു കഴിഞ്ഞു. പോയത് പോട്ടെ ഇനി ബാക്കിയുള്ളവരെ തപ്പാം എന്നു കരുതി ഞാൻ തിരച്ചിൽ തുടർന്നു. ഉദ്വേഗഭരിതമായ തിരച്ചിലിനൊടുവിൽ ഓരോരുത്തരെയായി തപ്പിപിടിച്ച് കുറ്റിപ്രൈസ് അടിച്ചു. അതിനിടയിൽ കൂടി ചിലവിരുതന്മാർ എൻറെ കണ്ണുവെട്ടിച്ച് കുറ്റിപ്രൈസ്അടിച്ചു.
"ഇനി നമുക്ക് വേറെ കളി കളിക്കാം. "
"എന്ത് കളിയാന്ന് പറ"
" 'പൂ പറിക്കാൻ പോരുമോ'.... കളിക്കാം"
"അത് വേണ്ട 'കല്ലിൽ കുത്തി' കളിക്കാം"
"വേണ്ട നമുക്ക് 'കുളം കര' കളിക്കാം".
"എന്തെങ്കിലുമൊന്ന് തീരുമാനിക്ക്. ഇപ്പൊ ബെല്ലടിക്കും "
"എന്നാ 'നരീ നരീ ' കളിക്കാം. "
" ആരാ ചുറ്റുന്നത്"
വാ നോക്കാം.
"അണ്ടക്ക മണ്ടക്ക ഡാമ് ഡൂമ് ഡെസ്ക്ണക്കണ കോക്കണക്കണ അല്ലിമല്ലി സേ ....പട്ടണത്തിൽ വാ...റെഡി, വൺ, ടൂ , ത്രീ "
"നീ പോയിരിക്ക്. അണ്ടക്ക........ത്രീ "
അങ്ങനെ ഓരോരുത്തരായി ഇരുന്ന് അവസാനം ബാക്കിയാവുന്ന ആള് കയ്യിലൊരു കോലും പിടിച്ച് വട്ടത്തിലിരിക്കുന്നവരെ ചുറ്റണം . എന്നിട്ടിരിക്കുന്നവരിൽ ആരുടെയെങ്കിലും പിന്നിൽ ആ കോല് ഇടണം. അത് അവർ എടുത്ത് ചുറ്റിയാളെ തൊടുന്നതിന് മുമ്പ് ചുറ്റിയ ആള് ഇരിക്കണം.
കളി തുടങ്ങി
"നരീ നരീ ചുറ്റിവാ. ... "
"കുലാ കുലാ മുന്തിരീ"
നരീ നരീ ചുറ്റി വാ...."
"കുലാ കുലാ മുന്തിരി"
കളി പുരോഗമിക്കുന്നതിനടയിൽ ബെല്ലടിച്ചു. എല്ലാരും ഓടി ക്ലാസിൽ കയറി. വീണ്ടും ശ്രീ ധരൻ മാഷിൻറെ ക്ലാസ് . സയന്‍സ് ആണ്. ചെടികളെ പറ്റിയുള്ള ക്ലാസ് ആണ്. വിത്തിടുന്നത് മുതൽ കായ് ഉണ്ടാവുന്നതു വരെയുള്ള കാര്യങ്ങൾ വിശദീകരിച്ചു തന്നു. ഇന്ന് വീട്ടിൽ പോയിട്ട് ചിരട്ടയിൽ മണ്ണെടുത്ത് , നനച്ചു , വിത്തിട്ട് , ഓരോ ദിവസവും നിരീക്ഷിക്കാൻ പറഞ്ഞു.
ഇപ്പോൾ അവസാനത്തെ പിരീഡാണ്. മലയാളം. മരമണ്ടൻ മല്ലൻറെ കഥ യാണ്. ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. എല്ലാം കൂടി കഴിയുമ്പോഴേക്കും ഇന്നത്തെ സമയം കഴിഞ്ഞു. ദേശീയഗാനത്തിനുള്ള ബെല്ല് മുഴങ്ങി. എല്ലാവരും പുസ്തകങ്ങളും മറ്റും ബാഗിലേക്ക് കയറ്റി വീട്ടിൽ പോകാൻ ഒരുങ്ങി നിന്നു. ദേശീയ ഗാനം തുടങ്ങി....
" ജന ഗണ മന അധിനായക ജയഹേ
ഭാരത ഭാഗ്യ..........................
ജയഹേ ജയഹേ ജയ ജയ ജയ ജയഹേ.... "
അവസാനത്തെ വരി ചൊല്ലുമ്പോഴേക്കും പകുതി പേർ റോഡിലെത്തി.
ഞാനും ലീലാ ടീച്ചറും കുറേ കുട്ടികളും ഒന്നിച്ചു നടന്നു. ഞങ്ങളുടെയൊക്കെ വീട്ടിലേക്ക്.
📝 മുനീറഷംസുദ്ദീൻ ബിൻത് അബ്ദുല്ല
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo