മനോവ്യാപാരം(കഥ)
_____________________________
തമ്പാനൂര്‍ റയില്‍വേസ്റ്റേഷനില്‍ വടക്കോട്ടുളള വണ്ടി കാത്തിരിക്കുകയാണ് അജിത. ഭയത്തിന്‍റെ സങ്കല്‍പ്പരൂപം അവളുടെ മുഖത്ത് കാണാം.
അന്ന്, അപരിചിതനായ അവനോടൊപ്പം ഹോട്ടല്‍മുറിയില്‍ ഒരുരാത്രി കഴിച്ചുകൂട്ടിയത്, ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു. നാലു വര്‍ഷമായി കണ്ടിട്ടെങ്കിലും ഹൃദയത്തില്‍ പതിച്ചുവച്ച ആ മുഖം.......................
നിറകണ്ണിലും അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
പിരിഞ്ഞതിനു പിന്നാലെ അവന്‍റെ മൊബൈല്‍ നമ്പറും അസാധുവായി. പിന്നെ അവനായി കുറേ അന്വേഷണങ്ങള്‍ നടത്തി; ഒരു വിവരവും ലഭിച്ചില്ല. അവന്‍റെ നാട്ടിലെ ഒരു ഭ്രാന്തന്‍റെ വീട് അറിയാം. ആ വീട്ടിലെ അമ്മയോടോ, മോളോടോ ചോദിച്ചാല്‍ അവനെകുറിച്ച് അറിയാന്‍ കഴിയും. ഈ യാത്രയുടെ ലക്ഷ്യവും ആ വീടുതന്നെ.
അനൗണ്‍സ്മെന്‍റിനു പിന്നാലെ ട്രെയിനിന്‍റെ മഞ്ഞില്‍പൊതിഞ്ഞ വെളിച്ചം ദൂരെ കാണപ്പെട്ടപ്പോള്‍, അവള്‍ ചെരുപ്പിന്‍റെ വള്ളികെട്ടി സിമന്‍റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റുനിന്നു.
തീവണ്ടി മുന്നോട്ട് കുതിച്ചുപായുമ്പോള്‍, പോയ വര്‍ഷങ്ങളിലൂടെ അവള്‍ പിന്നോട്ട് സഞ്ചരിച്ചു. ഒരു ബഹുരാജ്യ കമ്പനിയുടെ കൊച്ചി ബ്രാഞ്ചില്‍ മര്‍ച്ചന്‍ഡൈസറായി ജോയിന്‍ചൈത ദിവസം. ബാഗുംതൂക്കി അലഞ്ഞുനടന്ന് കച്ചോടംചെയ്യുന്നത് ആളുകള്‍ക്ക് പുശ്ചമാണെന്ന് അവള്‍ക്കുമറിയാം. എങ്കിലും കിട്ടിയ ജോലി ചൈതേതീരൂ.... കാരണം, ആ പതിനെട്ടുകാരിയുടെ ചുമലില്‍ താങ്ങാവുന്നതിലധികം ബാദ്ധ്യതകളുണ്ട്. മദ്യപാനിയായ അച്ഛന്‍, വഴിയില്‍ വീണുമരിക്കുമ്പോള്‍ അവള്‍ പന്ത്രണ്ടാം ക്ലാസിലായിരുന്നു. പിന്നീട് പരീക്ഷപോലും എഴുതിയില്ല. രോഗിയായ അമ്മയുടെ മരുന്നിനുമാത്രം മാസത്തില്‍ രൂപ ആയിരംവേണം, മിടുക്കനായ അനിയനെ പഠിപ്പിക്കണം, അച്ഛന്‍ വരുത്തിവച്ച കടബാദ്ധ്യത വേറെയും.
ബോസ് പറഞ്ഞപ്രകാരം വെയിറ്റിംഗ് റൂമിലേക്ക് പോകുമ്പോള്‍ , ഹാളില്‍ കുറച്ച് ചെറുപ്പക്കാര്‍ ക്രിക്കറ്റ് കളിക്കുന്നു. അവനൊഴികെ ഭാക്കിയെല്ലാവരും യൂണിഫോമിലാണ്. അവന്‍ ഉയര്‍ത്തിയടിച്ച ഭാരമില്ലാത്ത മഞ്ഞപ്പന്ത് അവളുടെ മുടിയിഴകളില്‍ തങ്ങിന്നിന്നു. പന്തെടുത്തുകൊണ്ട് അവന്‍ സ്വയം പരിചയപ്പെടുത്തി.
''ഭക്തവത്സലന്‍ ഫ്രം പാലക്കാട്''
മുടിക്കെട്ടില്‍ കൈകടത്തിയത് ഇഷ്ടപ്പെട്ടില്ലെങ്കിലും അവള്‍ മറുപടി നല്കി
''അജിത ഫ്രം ട്രിവാന്‍ഡ്രം''
അവള്‍ വെയ്റ്റിംഗ് റൂമില്‍ പോയിരുന്നു.
''മാസ് എന്‍ട്രി ഭക്താ''
പെണ്ണുങ്ങളുടെ മനശാസ്ത്രവും ശരീര ശാസ്ത്രവും കലക്കിക്കുടിച്ച മൂര്‍ത്തിയുടെ ഡയലോഗാണ്. നീണ്ട മുടി മാടിയൊതുക്കി ഹെയര്‍ബോ വച്ചുകൊണ്ട് അവന്‍ തുടര്‍ന്നു...
''ഭക്താ.... ഇതുവരെ വീണിട്ടില്ല, വീണുപോയാല്‍ മോര്‍ണിംഗ് ടീ പോലെ പതിവായിമാറും, അതാണ് അവളുടെ പുരികക്കൊടിയുടെ ലക്ഷണം.''
അതുകേട്ടപ്പോള്‍ ആത്മീയ ഗുരു സഹദേവന് ചൊടിച്ചു
''എടോ... സ്ത്രീസ്റ്റാഫുകളെ സുഹൃത്തിലുപരി സ്വന്തം സഹോദരിയായി കാണണമെന്നാണ് ബോസിന്‍റെ ഓര്‍ഡര്‍''
ഹാളില്‍ കൂട്ടച്ചിരി ഉയര്‍ന്നു
''നിനക്കും ബോസിനും പിരാന്താണ്''
അജിത അവരുടെ അട്ടഹാസങ്ങളെല്ലാം അമ്പരപ്പോടെ ദൂരെനിന്നും നോക്കികൊണ്ടിരുന്നു.
ഭക്തവത്സലനും അജിതയും കച്ചവടത്തിനായി അകലെയുള്ള ഒരു നഗരത്തില്‍ ചെന്നിറങ്ങി. വിഷ്വല്‍ ഡിക്ഷ്നറിയാണ് പ്രോഡക്ട്.ഒന്നിന് നാനൂറ്റി തൊണ്ണൂറ്റി ഒമ്പത് രൂപ! ഇരുപത് പുസ്തകങ്ങള്‍ ചുമന്ന് അജിത തളര്‍ന്നുപോയി. പുസ്തക്കെട്ടുകള്‍ താഴെവച്ച് കൈ കുടയുന്നതുകണ്ട് അവന്‍ ഊറിച്ചിരിച്ചു. വൈകുന്നേരമായിട്ടും ഒരു പുസ്തകം പോലും വില്‍ക്കുകയോ, ജോലി സംബന്ധിച്ച് അവള്‍ക്ക് എന്തെങ്കിലും പറഞ്ഞുകൊടുക്കുകയോ ചൈതില്ല. കിന്നാരം പറച്ചിലിന് ഒരു കുറവുമില്ല. അവനുമൊത്തുള്ള ജോലി അവള്‍ക്ക് വളരെ ദുസ്സഹമായി. ഒരു നല്ല ട്രൈനറെ കിട്ടാഞ്ഞതില്‍ അജിത വിധിയെ പഴിച്ചു.
അവന് യൂണിഫോം ധരിച്ചാലെന്താ.....? മുണ്ടുംഷര്‍ട്ടുമാണ് വേഷം. അവള്‍ക്ക് കൂടെ നടക്കാന്‍തന്നെ ചമ്മല്‍തോന്നി. പോരാത്തതിന് ചെയിന്‍ സ്മോക്കറും. സിഗരറ്റ് വലിച്ച് അവന്‍ മുന്നിലും പുസ്തകം ചുമന്ന് അവള്‍ പുറകേയുംനടന്നു.
''അജിതേ...... നിന്‍റെ വേഷം നീല ടോപ്പും വെള്ളജീന്‍സും ആയിരുന്നെങ്കില്‍, നമ്മള്‍ പ്രണയ ജോഡികളാണെന്നേ ആരും പറയൂ.......''
അതിന് അവളില്‍ നിന്നും മറുപടി കിട്ടാഞ്ഞ് ഭക്തവത്സലന് ദേഷ്യം വന്നു. ട്രൈനറെ തൃപ്തിപ്പെടുത്താതെ മര്‍ച്ചന്‍ഡൈസര്‍ എന്തുനേടാനാണ്? ജീവിതകാലം മുഴുവന്‍ ഭാരം ചുമന്ന് നടുവൊടിക്കാം എന്നല്ലാതെ.......
ചുമക്കട്ടെ കഴുത.
മടക്കയാത്രക്ക് ബസ്റ്റാന്‍ഡിലേക്ക് പോയപ്പോള്‍ അവിടെ ഒരു ബസ് നിന്നുകത്തുന്നു! ചുറ്റിലും അക്രമാസക്തരായ ജനങ്ങള്‍. ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി, പൊലിഞ്ഞുപോയത് മൂന്ന് കുരുന്നുജീവനാണ്!
കടകമ്പോളങ്ങള്‍ അടഞ്ഞു. റോഡില്‍ വാഹനങ്ങളുടെ ഓട്ടം പൂര്‍ണ്ണമായും നിലച്ചു. നഗരം വിജനമായി. മിന്നല്‍ പണിമുടക്ക്! തിരിച്ചുപോകാന്‍ വഴിയൊന്നുമില്ലാത്തതിനാല്‍ ലോഡ്ജില്‍ മുറിയെടുക്കാന്‍ തീരുമാനിച്ചു. അവനൊപ്പം ഒരുമുറിക്കകത്ത് രാത്രി കഴിച്ചുകൂട്ടുന്നത് ഓര്‍ത്തപ്പോള്‍ അജിതയുടെ ചങ്ക് പിടച്ചു. വേറെ എന്തുചെയ്യും?? ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വിശ്വാസമര്‍പ്പിച്ച്, അര്‍ദ്ധമനസ്സോടെ അവള്‍ സമ്മതം മൂളി.
പകുതി ഷട്ടറിട്ട ഇടത്തരം ടൂറിസ്റ്റ് ഹോമിന്‍റെ ചില്ലുവാതിലില്‍ മുട്ടിയപ്പോള്‍, സുമുഖനായ ചെറുപ്പക്കാരന്‍ തുറന്നുകൊടുത്തു. അലങ്കാര വെളിച്ചത്തിനുകീഴെ അവന്‍ സ്വര്‍ണ്ണംപോലെ വിളങ്ങി. വെള്ളിമാലയും വജ്രമോതിരും
ജി-ഷോക്ക് വാച്ചും അവന്‍റെ ആകര്‍ഷണീയത കൂട്ടി. അഡ്വാന്‍സ് കൊടുക്കുന്ന വേളയില്‍, ഭക്തവത്സലന് കൈകൊടുത്തുകൊണ്ട് അവന്‍ സ്വയം പരിചയപ്പെടുത്തി.
''പ്രവീണ്‍കുമാര്‍''
നല്ല വൃത്തിയും വെളിച്ചവുമുള്ള മുറി കണ്ടപ്പോള്‍ അജിതയ്ക്ക് അല്പം ആശ്വാസമായി. ജനല്‍പാളി തുറന്നപ്പോള്‍ തണുത്തകാറ്റ് ഉള്ളിലേക്ക് പാഞ്ഞുകയറി. കാലും മുഖവും കഴുകി ഫ്രഷ് ആയി. ഭക്ഷണത്തിന് വഴിയൊന്നുമില്ല, ഇരുവരും വെള്ളംകുടിച്ച് വയറുനിറച്ചു.
''നല്ല വീതിയുള്ള കട്ടില്, രണ്ടാള്‍ക്ക് സുഖമായി കിടക്കാം''
കട്ടിലിലേക്ക് ഇരുന്നുകൊണ്ട് ഭക്തവത്സലന്‍ അഭിപ്രായപ്പെട്ടു.
''ഞാന്‍ താഴെ കിടന്നോളാം......''
അതുകേട്ട് അവന്‍ പൊട്ടിച്ചിരിച്ചു.
''തണുപ്പുകാലമാണ്, വാതം പിടിക്കും. രാജകുമാരി കട്ടിലില്‍തന്നെ കിടന്നോ...''
നിലത്തേക്കിരുന്ന് ഒരു സിഗരറ്റിന് തീകൊളുത്തി.
'' പ്ലീസ്.. പുറത്തുപോയി വലിക്കൂ''
അവനത് കുത്തിക്കെടുത്തി പുറകോട്ട് ചാഞ്ഞു.
പുറംതിരിഞ്ഞ് കടക്കുന്ന അവളുടെ ആകാരഭംഗിയും കട്ടിലിലെ ഒഴിഞ്ഞ സ്ഥലവും അവനെ ഭ്രമിപ്പിച്ചു.
സ്വന്തമായി ഒരു ബ്രാഞ്ച് ഓഫീസ് എന്ന സ്വപ്നം കൈയ്യെത്തും ദൂരത്ത് എത്തിനില്‍ക്കുമ്പോള്‍, വികാരത്തിന് അടിപ്പെട്ട് അരുതാത്തതൊന്നും സംഭവിക്കാന്‍ പാടില്ല.... അവന്‍ തിരിഞ്ഞുകിടന്നു. അപ്പോള്‍ മുന്നിലെ പിങ്ക് ചുമരിലും അതാ അവള്‍! നിഴലിനുപോലും എന്തൊരു വശ്യത! അവന്‍ ലൈറ്റ് ചവിട്ടിക്കെടുത്തി.ഫൂട്ട് ലൈറ്റിന്‍റെ അരണ്ടവെളിച്ചതില്‍ ഒരു കരിങ്കല്‍പ്രതിമപോലെ, കണ്‍മുന്‍പിലതാ അവളുടെ രൂപം!
ഭക്തവത്സലന്‍ പതുക്കെ എഴുന്നേറ്റു. റൂമില്‍നിന്നും പുറത്തേക്ക് നടന്ന് കോണിപ്പടികള്‍ ഇറങ്ങി. റിസപ്ഷനുമുന്നില്‍ മുരടനക്കംകേട്ട് പ്രവീണ്‍കുമാര്‍ വാതില്‍തുറന്ന് എത്തിനോക്കി.
''വാ..... അളിയാ'' അവന്‍ ഭക്തവത്സലനെ റൂമിലേക്ക് സ്വീകരിച്ചിരുത്തി. അവന്‍ മദ്യപിക്കാനുള്ള പുറപ്പാടിലാണ്.
''ഇവന്‍ ബ്രാണ്ടിയിലെ രാജാവാണ്! കിരീടം വയ്ക്കാത്ത രാജാവ്....''
മേശപ്പുറത്തിരിക്കുന്ന എം.എച്ച് ഫുള്‍ബോട്ടില്‍ കാണിച്ചുകൊണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു.
''ഗ്ലാസ് ഒന്നുമതി, ഞാന്‍ മദ്യപിക്കില്ല''
ഭക്തവത്സലന്‍ മുന്നറിയിപ്പ് നല്കി. പ്രവീണ്‍കുമാറിന്‍റെ പ്രലോപനങ്ങളില്‍ വീണില്ല, കാരണം അവന്‍റെ തീരുമാനങ്ങള്‍ പാറപോലെ ഉറച്ചതാണ്.
'' എവിടുന്ന് ഒപ്പിച്ചളിയാ പാന്‍റുംഷര്‍ട്ടുമിട്ട ആ സാധനത്തിനെ??''
മദ്യം അകത്തുചെന്നപ്പോള്‍ പ്രവീണ്‍കുമാറിന്‍റെ മാന്യത മങ്ങിത്തുടങ്ങി.
''പെങ്ങളാടേ.....''
ചെയറില്‍ നിന്നും എഴുന്നേറ്റ ഭക്തവത്സലനെ അവന്‍ പിടിച്ചിരുത്തി.
'' ഒടിയനോടാണോ നിന്‍റെ മായ! മിന്നല്‍ പണിമുടക്കില്‍ കുടുങ്ങിപ്പോയ മാര്‍ക്കറ്റിംഗ് ജോലിക്കാരിയെ അളിയനങ്ങ് പൊക്കി, അതല്ലേ സത്യം?''
അവന്‍ ഭ്രാന്തമായ ആവേശത്താല്‍ മേശവലിപ്പില്‍ നിന്നും നോട്ടുകെട്ടുകള്‍ മേശപ്പുറത്തേക്ക് വച്ചു.
''ജസ്റ്റ് ഏന്‍ ഹവര്‍''
ഭക്തവത്സലന്‍ സിഗരറ്റ് കുറ്റിയില്‍ നിന്നും മറ്റൊന്നിലേക്ക് തീ പകര്‍ന്ന് ആഞ്ഞുവലിച്ചു. പുകച്ചുരുളുകള്‍ക്ക് ഇരുപുറമായി ഈരണ്ട് കണ്ണുകള്‍. കനലെരിയുന്ന കണ്ണുകള്‍!
ഇതേസമയം ഉറക്കമുണര്‍ന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു അജിത. അവള്‍ എഴുനേറ്റ് ലൈറ്റിട്ടു.
''ഭക്തവത്സലന്‍ എവിടെ?!''
അവള്‍ അവിടെമൊത്തം പരതി, വാതിലിനടുത്തേക്ക് ചെന്നു. വാതില്‍ പുറത്തുനിന്നും പൂട്ടിയിരിക്കുന്നു! അവളുടെ ഭയം നാലായി പെരുകി. ഏതു വിഷമഘട്ടത്തിലും അവള്‍ക്ക് തുണയാവാറുള്ളത് അച്ഛന്‍റെ ഓര്‍മ്മകളാണ്. അവളുടെ പല്ല്- മുകളില്‍ നടുവിലുള്ളത് വെപ്പാണ്. ആ ഓര്‍മ്മപ്പല്ലില്‍ നാവുകൊണ്ട് തുഴഞ്ഞ് അവള്‍ കട്ടിലില്‍ കുനിഞ്ഞുകൂടി ഇരുന്നു.
വാതില്‍ തുറക്കപ്പെട്ടപ്പോള്‍ ഭക്തവത്സലനു മുമ്പേ മുറിയിലേക്ക് പ്രവേശിച്ചത് മദ്യത്തിന്‍റെ രൂക്ഷ ഗന്ധമാണ്. ആ ഗന്ധം അജിതക്ക് അറപ്പാണ്, ഭയമാണ്.... അവള്‍ക്ക് മുഖം കൊടുക്കാതെ അവന്‍ വാഷ്ബേസിനു മുന്നിലെ കണ്ണാടിയില്‍ നോക്കി. നെറ്റിപൊട്ടി ചോര താഴേക്ക് ഒഴുകുന്നു! അവന്‍ മുഖം കഴുകി, മദ്യത്തില്‍ കുതിര്‍ന്ന ഷര്‍ട്ട് വെള്ളംതൊട്ട് തുടച്ചു.
'' എന്‍റെ സ്ഥാനത്ത് സ്വന്തം അനിയത്തി ആയിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്വോ?''
നിറകണ്ണുകളോടെയുള്ള ആ ചോദ്യത്തിനുപിന്നാലെ അവള്‍ പറഞ്ഞു നിര്‍ത്തിയ കഥയാണ് അവന്‍റെ നെഞ്ചുതകര്‍ത്തത്.
അവളുടെ ജീവിതകഥ!
അവളോട് ഒരു സോറി മാത്രം പറഞ്ഞുകൊണ്ട് അവന്‍ ഉറങ്ങാന്‍ കിടന്നു. ഇരുട്ടില്‍ അവളുടെ തേക്കങ്ങള്‍ ഹൃദയഭിത്തിയില്‍ ഉരക്കടലാസുപോലെ ഉരഞ്ഞുകൊണ്ടിരുന്നു.
''സമയം ആറായി......''
പുലര്‍ക്കാലത്ത് കിട്ടിയ ഉറക്കത്തില്‍ നിന്നും അവനെ ഉണര്‍ത്തിയത് അവളാണ്. ദേഹം അനക്കാന്‍ വയ്യാത്ത വേദനയോടെ അവന്‍ എഴുനേറ്റു. അവള്‍ ബാത്ത്റൂമില്‍ പോയ തക്കത്തില്‍ അവളുടെ ബാഗ് തുറന്ന് പരിശോധിച്ചു. നീല ചട്ടയുള്ള ഒരു ഡയറിയെടുത്ത് നിവര്‍ത്തി. ചോരയുടെ നനവുള്ള വരികള്‍...... അവസാനം എഴുതിയ കുറിപ്പില്‍ നിന്നാണ് അവനത് മനസിലാക്കിയത്- അടവു തെറ്റിയ ബാങ്ക് ലോണ്‍. ജപ്തി നേരിടേണ്ടിവന്നാല്‍ അവള്‍ മരിക്കും, തീര്‍ച്ച! ഇത് അവളുടെ അവസാനത്തെ ശ്രമമാണ്. ജീവിതത്തോടുള്ള അവസാന പോരാട്ടം!
അവന്‍ ജനല്‍പാളി തുറന്ന് പുറത്തേക്ക് നോക്കി. നഗരം ഉണര്‍ന്നിരിക്കുന്നു. ഇളംവെയിലില്‍ കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം തിളങ്ങുകയാണ്. ഒഴുകുന്ന ജനങ്ങള്‍... അതില്‍ എത്ര സ്ത്രീജനങ്ങള്‍! അജിതയെപ്പോലെ ജീവിതത്തോട് പടവെട്ടാന്‍ ഇറങ്ങിത്തിരിച്ചവര്‍. അവരെയൊക്കെ ഏതുകണ്ണിലായിരുന്നു ഇത്രനാള്‍ കണ്ടിരുന്നത്? അജിതയെ പോലും......... വികല മനസിന് ചങ്ങലയിടാന്‍ വൈകിയതില്‍ അവന് മനസ്താപം തോന്നി. അജിതയുടെ വീട് ജപ്തി ചെയ്യരുത്, അമ്മയുടെ ചികിത്സയും അനിയന്‍റെ പഠിപ്പും മുടങ്ങരുത്.
ബോസ് പറഞ്ഞതാണ് ശരി. അവള്‍ സ്വന്തം സഹോദരിയാണ്!
റൂമൊഴിഞ്ഞ് പോകുമ്പോള്‍ ഭക്തവത്സലനും പ്രവീണ്‍കുമാറും മുഖം നോക്കിയില്ലെങ്കിലും, അവരുടെ മുഖത്തെ മുറിവുകള്‍ കണ്ണിറുക്കി ചിരിച്ചു. യശോദ ഹോട്ടലില്‍നിന്നും ഒരോ നെയ്റോസ്റ്റ് കഴിച്ച് അവര്‍ ബസില്‍കയറി. അവന്‍ മൂന്നുവര്‍ഷംകൊണ്ട് നേടിയ
കച്ചവടതന്ത്രങ്ങളും അനുഭവങ്ങളുമെല്ലാം നാല് മണിക്കൂര്‍ യാത്രയില്‍ അവളുമായി പങ്കുവച്ചു.
വള്ളുവനാട്!
ഇരുവശവും നെല്‍പ്പാടങ്ങളുള്ള ചെമ്മണ്‍പാതയിലൂടെ അവര്‍ മുന്നോട്ട് നടന്നു. വാഴത്തോട്ടത്തിന് നടുവിലുള്ള ആ വീട്ടിലേക്ക് പടികള്‍ കയറി. വരാന്തയുടെ ഒരു കോണില്‍, ചാരുകസേരയില്‍ മയങ്ങിക്കിടക്കുന്ന മദ്ധ്യവയസ്കന്‍റെ നെറുകില്‍ അവനൊരു മുത്തം കൊടുത്തു. താടിയു തലയും നീണ്ട അയാളുടെ കാല് ചങ്ങലയാല്‍ ബന്ധിച്ചിരിക്കുന്നു. നാട്ടിലെ ലക്ഷപ്രഭുവായിരുന്നു. ബിസിനസ് പാര്‍ട്ട്ണറുടെ ചതിയെതുടര്‍ന്ന് ഉണ്ടായ ധനനഷ്ടം സമനില തെറ്റിച്ചു. മൂര്‍ച്ചയുള്ളതെന്തും കയ്യില്‍കിട്ടിയാല്‍ എല്ലാം വെട്ടിനിരത്തുന്ന കൊടുംഭ്രാന്തനാണിപ്പോള്‍. അവനും അജിതയും പൂമുഖത്തേക്ക് കയറിയിരുന്നു. കരഞ്ഞ് കണ്ണീരുവറ്റിയ അമ്മയും ശരീരവളര്‍ച്ച ഇല്ലാത്ത മോളും! വെളുത്ത ചുമരിലെ വാളില്‍ അജിതയുടെ കണ്ണുടക്കിയപ്പോള്‍, അവിടുത്തെ മുത്തച്ഛന്‍ കളരിക്കാരന്‍ ആയിരുന്നകാര്യം അവന്‍ പറഞ്ഞുകൊടുത്തു. വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനപ്പൊതി ഭക്തവത്സലന്‍ ആ ചേച്ചിയെ ഏല്പിച്ചു.
''ഹാപ്പി ബര്‍ത്ത്ഡേ''
ആ വീട്ടില്‍ നിന്നിറങ്ങിയിട്ടും അവിടുത്തെ ദയനീയ മുഖങ്ങള്‍ അജിതയുടെ കണ്ണില്‍ നിന്നും മാഞ്ഞില്ല.
''നമ്മളൊക്കെ എത്ര ഭാഗ്യം ചൈതവരാ അല്ലേ''
അതെ..... അജിതയുടെ നാവില്‍ നിന്നും അവനു കേള്‍ക്കേണ്ടതും അതുതന്നെയായിരുന്നു.
''അവിടെ വേറെ ആരും ഇല്ലേ?''
അവന്‍ വിശദീകരിച്ചു-
''ഉണ്ട്, ആ ചേച്ചിക്കു താഴെ ഒരു മകന്‍. പ്രതീക്ഷയുടെ രാജകുമാരന്‍! അച്ഛന്‍റെ അസുഖം മാറും, ചേച്ചിയുടെ കുറവുകള്‍ സഹിച്ച് ഒരാള്‍ കല്ല്യാണം കഴിക്കും, അമ്മ ചിരിക്കും, അവന്‍റെ ജോലിയുടെ സ്ഥാനക്കയറ്റത്തിലൂടെ നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചുവരും..... ഈ പ്രതീക്ഷകളാണ് അവന്‍റെ ജീവവായു.''
ഭക്തവത്സലന്‍ ഒരു കള്ളച്ചിരിയോടെ ആ നീലച്ചട്ടയുള്ള ഡയറി അവള്‍ക്കുനേരെ നീട്ടി.അവള്‍ ചമ്മലോടെ അതുവാങ്ങി മറിച്ചുനോക്കി. മരണക്കുറിപ്പുകളൊക്കെ അടര്‍ത്തി മറ്റി, ആല്‍ഫ്രഡ് പി. സ്ളോവാന്‍റെ പ്രയോഗത്തോടെ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു.
''ദ ബിസിനസ് ഓഫ് ബിസിനസ് ഈസ് ബിസിനസ്''
അവളത് മനസില്‍ ഉരുവിട്ടു.
ഇരുമ്പ്ഗേറ്റില്‍ 'കെ.കെ.മേനോന്‍' എന്നെഴുതിവച്ച വീട്ടിലേക്ക് അജിതയെ വില്‍പ്പനക്കു പറഞ്ഞുവിട്ട് അവന്‍ ഒരു സിഗരറ്റ് ചുണ്ടില്‍ തിരുകി.
മുന്ന് മാസങ്ങള്‍ക്കു ശേഷം അജിത ട്രൈനറും ഭക്തവത്സലന്‍ അസിസ്റ്റന്‍റ് മാനേജറുമായി. ഒരു മലയാളി പെണ്‍കുട്ടി മൂന്നുമാസം കൊണ്ട് ട്രൈനറായതിന്‍റെ പെരുമ കാനഡയിലെ ഹെഡ്ഡ് ഓഫീസിലും എത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഗോള്‍ഡ് മെഡല്‍ കിട്ടിയപ്പോഴാണ്, അതൊരു അത്ഭുതമായിരുന്നെന്ന് അജിതയ്ക്കു മനസിലായത്. അവള്‍ ആദ്യമായി വിജയമണി മുഴക്കിയത് ഓര്‍ത്തു. അതില്‍ ഭൂരിഭാഗവും ഭക്തവത്സലന്‍റെ വില്‍പ്പനകളായിരുന്നു.അതിനുശേവും എത്രയെത്ര വില്‍പ്പനകള്‍.......... ഞായറാഴ്ചകളില്‍ ജോലിക്ക് വിളിക്കുമ്പോള്‍ എത്ര ശപിച്ചിട്ടുണ്ട് ആ പാവത്തിനെ?
അവള്‍ ഡയറിയെടുത്ത് രണ്ടാംപേജില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു-
''ഭക്തവത്സലന്‍.
എ കണ്‍സള്‍ട്ടിങ് സെയില്‍സ് എഞ്ചിനീയര്‍''
തോപ്പുംപടി പാലത്തിനു മുകളില്‍നിന്നും താഴോട്ട് നോക്കിനില്ക്കുമ്പോള്‍ ഭക്തവത്സലന്‍റെ മനസ് നീറി. അജിത പോവുകയാണ്. സീനിയര്‍ ട്രൈനറായി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം. പിറ്റേന്ന് രാവിലെ അവളെയാത്രയാക്കാന്‍ നോര്‍ത്ത് സ്റ്റേഷനിലേക്ക് അവന്‍പോയി. പിരിയാന്‍നേരത്തെ ഹസ്തദാനത്തില്‍ അവള്‍ വിതുമ്പിക്കരഞ്ഞു. ബ്രാഞ്ച് മാനേജറുടെ മിനിമം മാസവരുമാനം മൂന്നുലക്ഷം രൂപയാണെന്ന് ഓര്‍മ്മിപ്പിച്ച്, എ.പി. സ്ളോവാന്‍റെ പ്രയോഗം കൊണ്ട് അവളെ ചിരിപ്പിച്ച് യാത്രയാക്കി.
അജിതയുടെ സാന്നിദ്ധ്യത്തില്‍ ട്രിവാന്‍ഡ്രം ബ്രാഞ്ചിന്‍റെ സെയില്‍സ് ഗ്രാഫ് കുതിച്ചുയര്‍ന്നു. ആ ഗോള്‍ഡ് മെഡല്‍ അവിടെ അവളുടെ സ്വര്‍ണ്ണ ചിറകുകളായി മാറി. പത്ത് ട്രൈനര്‍മാരെ സൃഷ്ടിക്കുക എന്ന കടമ്പ കടക്കാതെതന്നെ അവള്‍ ബ്രാഞ്ചിന്‍റെ ചീഫ് ആയിമാറി.
അത്താഴപട്ടിണി കിടന്നിരുന്ന കാലത്ത് മാളത്തിലൊളിച്ച ബന്ധുക്കളൊക്കെ ഇപ്പോള്‍ തലപൊക്കി തുടങ്ങി. വീട് വീണ്ടെടുത്തു, അനിയനെ മെഡിസിന് ചേര്‍ത്തു, ചികിത്സയുണ്ടെങ്കിലും അമ്മയുടെ ഹൃദ്രോഗത്തിനും കാര്യമായ മാറ്റമുണ്ട്. ഈ സന്തോഷങ്ങളൊന്നും അറിയേണ്ട ഒരാള്‍ അറിഞ്ഞിട്ടില്ല എന്നതാണ് അവളുടെ ഏകദുഃഖം.
ട്രയിന്‍ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് സ്ലോ റണ്ണിങ്ങിലാണ്. അവള്‍ എഴുന്നേറ്റ് ഡ്രസ്സിന്‍റെ ചുളിവുകള്‍ വലിച്ചുനിവര്‍ത്തി ഇറങ്ങാന്‍ തയ്യാറായി. ഇരുവശവും നെല്‍പ്പാടങ്ങളുള്ള ആ റോട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അവളുടെ നെഞ്ചിടിപ്പ് കൂടി. ആ റോഡ് ടാര്‍ ചൈതിരിക്കുന്നത് മാത്രമാണ് കാലത്തിന്‍റെ മാറ്റം. ഭക്തവത്സലന്‍ പണ്ട് പറഞ്ഞപ്രകാരം
അവള്‍ നീല ടോപ്പും വൈള്ള ജീന്‍സുമാണ് ധരിച്ചിരിക്കുന്നത്. അതിന് ചേരുന്ന ഇനാമല്‍ ജിമുക്കിയും.അവന്‍ നീലഷര്‍ട്ടും വെള്ള മുണ്ടും ഉടുത്തുവന്നാല്‍....... കാണുന്നവരൊക്കെ പറയട്ടെ പ്രണയജോഡികളെന്ന്!
അവന്‍റെ കല്ല്യാണം കഴിഞ്ഞുകാണുമോ?
അവള്‍ ടോസിട്ടുനോക്കി. ഇല്ല.... കഴിഞ്ഞിട്ടില്ല. ഒറ്റനാണയം സത്യമേ പറയൂ...... അതാണ് അവളുടെ വിശ്വാസം.
വാഴത്തോട്ടത്തിന് നടുക്കുള്ള വീട് പ്രതീക്ഷിച്ച അവള്‍ കണ്ടത് കാടുകയറിയ ആ വീടാണ്! അവിടെ ഭ്രാന്തനെ ചങ്ങലയിട്ടിരുന്ന ആ വരാന്തയിലേക്ക് കാട് അതിക്രമിച്ചിരിക്കുന്നു. അവിടെയിരുന്ന് ചുവന്ന കണ്ണുള്ള ചെമ്പോത്ത് എന്തോ കൊത്തിവലിക്കുന്നു. അവിടെ ആള്‍താമസമില്ലെന്ന് അറിഞ്ഞ് നിരാശയോടെ മടങ്ങുമ്പോഴാണ് 'കെ.കെ.മേനോന്‍' എന്നെഴുതിയ വീട് കണ്ടത്. ആദ്യമായി അവളില്‍നിന്നും പുസ്തകം വാങ്ങിയ അവിടുത്തെ മുത്തശ്ശിയെ കാണാന്‍ തോന്നി. അവര്‍ ഒത്തിരി ക്ഷീണിച്ചിരിക്കുന്നു...... അന്ന് എന്തൊരു പ്രസരിപ്പായിരുന്നു മുഖത്ത്! അവള്‍ പണ്ടത്തെ കഥ പറഞ്ഞ് അവരില്‍ ഓര്‍മ്മ വരുത്തി. ഇറങ്ങാന്‍ നേരം ഒട്ടും പ്രതീക്ഷയില്ലാതെ അവള്‍ ചോദിച്ചു- ഭക്തവത്സലന്‍റെ വീട് അറിയുമോ?
അവര്‍ ആ കാടുകേറിയ വീട്ടിലേക്ക് വിരല്‍ചൂണ്ടിയപ്പോള്‍ അജിത ഞെട്ടി.
ആ പ്രതീക്ഷയുടെ രാജകുമാരന്‍ അവനായിരുന്നോ......?
''അവരിപ്പോള്‍ എവിടെ?''
മുത്തശ്ശിയുടെ കണ്ണുനിറയുന്നത് അവള്‍ കണ്ടു.
''പെറ്റമ്മയുടേയും കൂടപ്പിറപ്പിന്‍റേയും ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന കണ്ടപ്പോള്‍, പ്രതിയോഗി ജനിപ്പിച്ച തന്തയാണെന്ന് നോക്കീലാ.......''
തലകറക്കം അനുഭവപ്പെട്ടപ്പോള്‍ അജിത അവരെ മുറുക്കെ പിടിച്ചു.
''അവന്‍??''
മുത്തശ്ശി വേഷ്ടിയുടെ കോന്തലകൊണ്ട് മുഖം അമര്‍ത്തി തുടച്ചു...
''ഒരുദിവസം ജയിലുചാടി വന്ന്..............''
അജിത അവരുടെ തലയിലെ വെള്ളി നാരുകളില്‍ മുഖം പൂഴ്ത്തി.
അവളുടെ ഉള്‍കണ്ണില്‍ ആ രംഗം തെളിഞ്ഞുവന്നു....
നടന്നുവരുന്ന ഭക്തവത്സലന്‍. എണ്ണമയമില്ലാതെ പാറിപ്പറക്കുന്ന മുടിയും കുറ്റിത്താടിയും. ചുവന്നകണ്ണുകള്‍.... ചുമരിലെ വാളെടുത്ത് സ്വയം വയറ്റിലേക്ക് കുത്തിയിറക്കുന്നു. വാള്‍പിടിയിലൂടെ താഴേക്ക് ഒറ്റിവീഴുന്ന ചോരത്തുള്ളികള്‍...
വേദന കടിച്ചമര്‍ത്തുന്ന പല്ലുകള്‍ക്കുള്ളില്‍ കിടന്ന് നാവ് പിടഞ്ഞു....... മാപ്പ്.
ജീവിതത്തിന്‍റെ താക്കോല് സമ്മാനിച്ച ഓര്‍മ്മയിലെ കൂട്ടുകാരനോട് മാത്രമായി അവള്‍ മന്ത്രിച്ചു.
''ഭക്താ..... ഞാന്‍...... മാനേജറായിട്ടോ.......''
_____________________________________
രമേഷ് പാറപ്പുറത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക