'' അളിയാ..!'' പരിചയമുള്ള ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി.ആശ്ചര്യമായിരിക്കുന്നു. ''അളിയാ നീയോ? എത്ര കാലമായെടാ കണ്ടിട്ട് ?'' പരസ്പരം കെട്ടി പിടിച്ചു.വിശേഷങ്ങൾ പങ്കുവെച്ചു.വർഷങ്ങൾ നീണ്ടു നിന്നിരുന്ന സൗഹൃദത്തിൻ്റെ വർഷങ്ങൾ നീണ്ടുപോയ ഇടവേളകൾ ഇല്ലാതായി. കുറേ നേരത്തെ സംസാരത്തിനൊടുവിൽ സുഹൃത്ത് അവൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു. അതും ഇപ്പൊത്തന്നെ ചെല്ലണം. മറ്റൊരു ദിവസമാകട്ടെയെന്ന് പറഞ്ഞിട്ടും സുഹൃത്ത് വിടുന്ന മട്ടില്ല. ഒടുവിൽ സുഹൃത്തിൻ്റെ കാറിൽ അവൻ്റ വീട്ടിലേക്ക്. യാത്രയിൽ അവൻ ഇന്ന് തീയേറ്ററിൽ കണ്ട സിനിമയെ പറ്റി വാചാലനായി. നല്ലൊരു സിനിമയാണെന്ന് അവൻ്റെ അഭിപ്രായത്തിൽ നിന്ന് എനിക്ക് മനസിലായി.
''എന്തേ ഒറ്റയ്ക്ക് പോയത് ? ഭാര്യയെക്കൂടി കൂട്ടാമായിരുന്നില്ലേ?'' ഞാൻ അവനോട് ചോദിച്ചു.ശരിക്കും അപ്പോഴാണ് അവൻ ഏറ്റവും കൂടുതൽ വാചാലനായത്.
''ആ ബെസ്റ്റ് .. ഭാര്യ..! എൻ്റെ മാഷേ ഒരു ശല്യമാ.. ഒരു സ്വസ്തതയില്ലെന്നേ.. അവിടെ പോകല്ല് ഇവിടെ പോകല്ല്.. അത് ചെയ്യരുത് ഇത് ചെയ്യരുത്.. അതെന്താ അങ്ങനെ ഇതെന്താ ഇങ്ങനെ.. എവിടേലും പോകാനിറങ്ങിയാ അപ്പൊ തുടങ്ങും സൂക്കേട്, അവളേം കൊണ്ടു പോണമെന്നും പറഞ്ഞ്.ശരിക്കും സ്വാതന്ത്ര്യം ഇല്ലാതായെടോ.കല്യാണം കഴിക്കണ്ടാരുന്നൂന്ന് തോന്നാറുണ്ട് ചില സമയം. എടാ പെണ്ണുക്കെട്ടുവാണെങ്കി ഇതു പോലുള്ളതിനെയൊന്നും കെട്ടിയേക്കല്ലേ.ജീവിതം കോഞ്ഞാട്ടയാകും. അല്ലേതന്നെ എന്തിനാ കെട്ടിയിട്ട്? ഇപ്പൊ നിനക്കൊരു സ്വാതന്ത്ര്യമുണ്ടല്ലോ അതങ്ങ് ഇല്ലാണ്ടാവത്തെയൊള്ളു ഒരു പെണ്ണ്കെട്ടിക്കഴിഞ്ഞാ..'' അങ്ങനെ ഭാര്യയുടെ കുറ്റങ്ങളും എനിക്കുള്ള ക്ലാസുകളുമായി യാത്ര സുഹൃത്തിൻ്റെ വീട്ട് പടിക്കലെത്തി. ഗേറ്റ് കടന്ന് വണ്ടി മുറ്റത്തേക്ക് കേറിയപ്പൊ ഒരു സുപ്രധാന നിർദ്ദേശവും..''എൻ്റെ പൊന്നളിയാ ഞാൻ സിനിമക്ക് പോയ കാര്യം അറിയാതെ പോലും നിൻ്റെ വായീന്ന് വീണേക്കല്ലെ.. പിന്നതുമതി ആ താടകയ്ക്ക്..''
ഞാൻ ചിരിച്ചു. അവൻ കണ്ട സിനിമ ഏതാരുന്നുവെന്ന് ആദ്യമേ എന്നോട് പറഞ്ഞിരുന്നു. എങ്കിലും വീണ്ടും ഞാൻ ചോദിച്ചു ''നീ കണ്ട സിനിമ ഏതാണെന്നാ പറഞ്ഞേ?'' അവൻ മറുപടി പറഞ്ഞു..
'' കെട്ട്യോളാണെൻ്റെ മാലാഖ ..!!!''
Written by PraveenKumar Saseendran
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക