Slider

ചുവന്ന പൂക്കളങ്ങൾ(കഥ)

0

" നോക്ക് ഏട്ടാ, പൂക്കളം ഇടാൻ അമ്മ സമ്മതിക്കുന്നില്ല. ഞാനിട്ട പൂക്കളം കാലുകൊണ്ട് തട്ടിത്തെറുപ്പിച്ചു". വീടിന്റെ ഉമ്മറത്ത് എന്നെ കാത്തിരുന്നു അവൾ സങ്കടം പറയാൻ.

മുറ്റം നിറയെ പൂക്കൾ ചിതറി കിടക്കുന്നു. അതിൽ കൂടുതലും ചുവന്ന പൂക്കളാണ്.
"സാരമില്ല മോളേ, ഏട്ടൻ വന്നല്ലോ. നമുക്ക് നാളെ പൂവിടാം."
"ഏട്ടാ ഞാൻ പൂവിറുത്തു വയ്ക്കട്ടേ".
"ശരി മോളേ. പൂ ഇറുക്കാൻ വെളിയിൽ എങ്ങും പോവണ്ട. ഇവിടെ ഉള്ളത് മാത്രം മതി."
അവൾ സന്തോഷത്തോടെ മുറ്റത്തേക്ക് ഇറങ്ങി.

അമ്മയുടെ മുഖം മ്ലാനമായിരുന്നു.
എന്തിനാ അമ്മേ അവളെ വെറുതെ വേദനിപ്പിക്കുന്നത്. അവൾക്ക് ഒന്നും അറിയില്ലല്ലോ എന്ന് ചോദിക്കണമെന്ന് വിചാരിച്ചു. വേണ്ട, ഒന്നും ചോദിക്കണ്ടെന്നു പിന്നെ തോന്നി.
അമ്മയ്ക്ക് ഒരിക്കലും ഒന്നും മറക്കാൻ കഴിയില്ലല്ലോ.

ഒരു ഓണക്കാലത്ത് അച്ഛൻ വരാൻ കാത്തിരിക്കുകയായിരുന്നു. ഓണക്കോടി കൊണ്ട് വരും എന്നുറപ്പായിരുന്നു. അവൾ ചെറിയ കുട്ടി. കാത്തിരുന്ന് ഉറങ്ങിപ്പോയി.
അമ്മയും ഞാനും ഉറങ്ങാതെ കാത്തിരുന്നു.
എന്താണാവോ വരാത്തത് അമ്മ അസ്വസ്ഥയായി പിറുപിറുത്തു കൊണ്ടിരുന്നു. കുഴപ്പങ്ങളൊന്നും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു.

രാഷ്ട്രീയ പ്രവർത്തകനായ അച്ഛൻ എപ്പോൾ വരാൻ വൈകിയാലും അമ്മ ഇങ്ങനെയാണ്. പേടിക്കാതെ വയ്യല്ലോ. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നവരിൽ ചിലരെയെങ്കിലും പലപ്പോഴും വീട്ടിൽ തിരിച്ചെത്തിയ്ക്കുന്നത് വെട്ടിനുറുക്കിയ നിലയിൽ പൊതിഞ്ഞു കെട്ടി കൊടിയും പുതപ്പിച്ച് റീത്തുകളും വച്ച് മുദ്രാവാക്യങ്ങളും മുഴക്കിയായിരിക്കും. ആവശ്യത്തിനും അനാവശ്യത്തിനും കൊലപ്പെടുത്തിയാണ് രാഷ്ട്രീയ പകപോക്കൽ. എന്ത് നേടാനാണ് ഇവരെല്ലാം ഇങ്ങനെ?
ഇത്രയേറെ പ്രവർത്തകരെ കൊലയ്ക്ക് കൊടുത്തിട്ട് ഇവർക്കൊക്കെ ഏതെങ്കിലും പാർട്ടിയെ വളർത്താനോ, തളർത്താനോ കഴിഞ്ഞിട്ടുണ്ടോ?

അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ. അവർക്ക് ലാഭമല്ലേ ഉള്ളൂ. ഒരു രക്തസാക്ഷി ദിനം കൂടി ആചരിക്കാൻ രക്തസാക്ഷിയെ കിട്ടും.

നഷ്ടം ഞങ്ങൾക്കു മാത്രമല്ലേ !!
അങ്ങനെയൊരു പകപോക്കലിൻറെ, നഷ്ടപ്പെടലിൻറെ ഇരകളാണ് ഞങ്ങൾ.
ഓണക്കോടിയുമായി വന്ന അച്ഛനെ വീടിന്റെ മുന്നിലുള്ള വഴിയിൽ വച്ച് വെട്ടിനുറുക്കിയപ്പോൾ തെറിച്ചു വീണ ചുവന്ന ചോരപ്പാടുകൾ പുരണ്ട ഓണക്കോടിയും
കെട്ടിപ്പിടിച്ച് ഭ്രാന്തിയെപ്പോലെ അലമുറയിട്ടുകൊണ്ട് അമ്മ പറഞ്ഞുകൊണ്ടേയിരുന്നു. നോക്ക് മക്കളേ ഈ ഓണക്കോടി മുഴുവൻ ചുവന്ന പൂക്കളങ്ങൾ പോലെയായി.... ചുവന്ന പൂക്കളങ്ങൾ പോലെയായി.....

"ഏട്ടാ, നോക്കിയേ, ഇത്രയും പൂക്കൾ മതിയോ".
"മതി ധാരാളം."
പൂക്കളിൽ നിന്നും ചുവന്ന നിറമുള്ള പൂക്കൾ ഞാൻ എടുത്തു മാറ്റി.
"അയ്യോ ഏട്ടാ അത് മാറ്റാതെ. പിന്നെ കുറച്ചു പൂവല്ലേ ഉള്ളൂ."

ചുവന്നചോരപ്പാടുകൾ അമ്മയിൽ ഏല്പിച്ച ആഘാതത്തിന് ഇന്നും മാറ്റമില്ല. അതുകൊണ്ടാണ് അവൾ ഇട്ട ചുവന്നപുക്കൾ നിറഞ്ഞ പൂക്കളം ഇന്ന് തട്ടിത്തെറുപ്പിച്ചത് എന്ന് അവൾക്ക് അറിയില്ലല്ലോ.

"ഇത് മതി മോളെ. നമുക്ക് ചുവന്ന പൂക്കൾ വേണ്ട. വെളുത്ത പൂക്കൾ മതി."

അവളുടെ മുഖത്ത് നോക്കാതെ ഇത് പറയുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

*രാധാ ജയചന്ദ്രൻ, വൈക്കം.*
03.09.2020.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo