Slider

കുട്ടിക്കാലത്തെ ഓണവിശേഷങ്ങൾ

0

ഓണം എല്ലാവരെയും പോലെ എനിക്കും സന്തോഷത്തിന്റെ നാളുകളായിരുന്നു.വിഭവസമൃദമായ സദ്യയിലോ ഓണക്കോടിയിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല എന്റെ ഓണം...

ഒതുങ്ങാത്തവയുംകൂടി ചേർത്ത്‌ ഒന്നിച്ച്‌പറയാം..

അന്നത്തെക്കാലത്ത്‌ പഠനം എന്നത്‌ എനിക്ക്‌, ഭീമാകാരനായ ഒരാൾ കുന്നുകയറുന്നതുപോലെയായിരുന്നു.
അതിനാൽ കുപ്പായവും തീറ്റിയും ഒന്നുമല്ല...ഓണത്തിനു കിട്ടുന്ന അവധിയായിരുന്നു മുഖ്യം..ബിഗിലെ...

ഈ ഓണ സമയത്താകും കണ്ടത്തിലെ നെല്ല് വിളവെടുത്തുകൊണ്ടുവന്ന് മുറ്റത്ത്‌ നിരത്തുന്നത്‌...
എന്റെ സുഹൃത്തുക്കളുടെ വീട്ടുകാർ തന്നെയാണ് കറ്റതല്ലുകയും മെതിക്കുകയും ചെയ്യുന്നത്‌. ഇതും എന്റെ ഓണ ഓർമ്മകളിൽ ഉണ്ട്‌.

മെതിയും അളവും എല്ലാം കഴിഞ്ഞ്‌
ഇവർ പോയതിനുശേഷം ഞാനും എന്റെ സഹോദരിയും അവരെപ്പോലെ വേഷമൊക്കെധരിച്ച്‌,
തലയിൽ തോർത്തൊക്കെ ചുറ്റി
അവിടെകിടക്കുന്ന വൈക്കോൽ കെട്ടി അവരെപോലെ തന്നെ തടിയിൽ അടിച്ചുകളിക്കുന്നതുമെല്ലാം ഓണത്തിന്റെ ഓർമ്മകളിൽതെളിയുന്നതാണ്.

ആ സമയത്ത്‌ വീടും പരിസരവുമെല്ലാം പുതുനെല്ലിന്റെയും വൈക്കോലിന്റേയുംമൊക്കെ പ്രത്യേകതരം ഗന്ധമാണ്.
തറയിൽ വീണുകിടക്കുന്ന മിച്ചം നെല്ലുകടത്തുവാനായി ഉറുമ്പുകളുടെ പടയോട്ടവും അതിന്റെ ആക്രമണങ്ങളുമെല്ലാം ഓണ ഓർമ്മകളിൽ മറക്കാൻ പറ്റില്ല.

ഞങ്ങൾ സഹോദരങ്ങൾ നാലുപേരാണ്...
ഈ നാലുപേർക്കും ഓണക്കോടി എടുത്തുതരുന്നത്‌ അച്ഛന്റെ ജേഷ്ടനാണ്..
അന്നൊക്കെ റെഡിമെയിഡു ഡ്രസ്സുകൾ അല്ലായിരുന്നു...
തുണിയെടുത്ത്‌ തയ്യൽക്കടയിൽ പോയി അളവെടുത്തു തയിക്കുന്ന രീതിയായിരുന്നു.
ഓണത്തിനു വളരെമുൻപ്‌ തന്നെ തുണിയെടുത്തുതൈക്കാൻ കൊടുത്താലെ ഓണത്തിനു കുപ്പായം കിട്ടു..
തയിച്ചുകിട്ടാൻ വേണ്ടി ക്ഷമയോടെ ഇരുന്ന നാളുകൾകൂടിയാണ് ഓണം.
ഓണമാകുമ്പോൾ വീടിനുപെയിന്റടികൾ ഞങ്ങൾ തന്നെ ചെയ്യും ഹെഡ്‌ മേസ്തിരി മൂത്ത ജേഷ്ഠനാണ്.
മൂത്തചേട്ടന്റെ കയ്യെത്തത്ത മേഖലകളില്ല.
ഞങ്ങളുടെ പശുത്തൊഴുത്ത്‌ അന്ന് ഓലമേഞ്ഞതായിരുന്നു.
വരുന്ന പണിക്കാരുടെകൂടെ ചേട്ടനും ഓലകൈമാറാൻ കൂടും.
മെടഞ്ഞ ഓല വരിഞ്ഞുകെട്ടുന്ന, വാട്ടിയ ഓലക്കാലുവിതരണം ചെയ്യാൻ ഞാനും കൂടിയിട്ടുണ്ട്‌.
അതുകഴിഞ്ഞാൽ വൈക്കോൽ തുറു ഇടീൽ മഹാമഹമാണ്.
പണിക്കാളുണ്ടെങ്കിലും ഞാനും മൂത്തജേഷ്ഠനും ആ പരിസരത്തുതന്നെ ചുറ്റിനിൽക്കും.
രണ്ടാമത്തെ ചേട്ടൻ പഠനത്തിൽ കേമനായതുകൊണ്ട്‌.
ആ പരിസരത്തേക്കുപോലും ചേട്ടനെ അച്ഛൻ അടുപ്പിക്കില്ല.
എന്നാൽ കള്ളപ്പണികളുടെ രായതന്ത്രങൾ ഹൃദ്യസ്ഥമാക്കിയ എന്നെപോലെയല്ലായിരുന്നു പുള്ളി.
എത്ര കഠിനമായപണികൾക്കുപോലും ചാടിവീഴും...
എന്നാൽ ഞാനാണേൽ അവിടെ എന്തേലും രായതന്ത്രം വീശിയെറിഞ്ഞ്‌ കാഴ്ചക്കാരനാകുകയും ചെയ്യും.

ഞങ്ങളുടെ നാട്ടിൽ കല്പക എന്ന ഒരു സംഘടനയുണ്ടായിരുന്നു.
തിരുവോണ ദിവസമാണ് അതിന്റെ വാർഷികാഘോഷം.(രണ്ടുദിവസമുണ്ട്‌)
ഉത്രാട ദിനം മുതൽ മൈക്കിൽകൂടി പാട്ടുകൾ കേട്ടുതുടങ്ങുന്നതോടുകൂടി ഞങ്ങളുടെ ഗ്രാമത്തിൽ ഉത്സവ പ്രതീതിയാകും.
തിരുവോണദിവസം രാവിലെ തുടങ്ങുന്ന കായികപരിപാടിമുതൽ ഉച്ചക്ക്‌ ബ്രേക്കിൽ അവസാനിക്കുന്ന പദ്യപാരായണം വരെ കല്പക നഗറിൽ തന്നെയുണ്ടാകും.
വിശപ്പുമൂത്ത്‌ വീട്ടിൽ ചെല്ലുമ്പോൾ ആരുടേയും കൈ സഹായമില്ലാതെ രണ്ടുകൂട്ടം പായസമുൾപ്പടെ അടിപൊളി സദ്യ അമ്മ തയ്യാറാക്കിയിട്ടുണ്ടാകും.

കേമമായി തട്ടി എന്റെചെറിയ മാവേലിവയറുതടകി വീണ്ടും ഓണാഘോഷ പരിപാടികൾക്കായി ഊളിയിടും...
നമ്മൾ ഉള്ള കാലത്തോളം നമ്മുടെ ഓർമ്മകൾക്ക്‌ മരണം ഇല്ലെല്ലോ..
ഓണക്കാല ഓർമ്മകൾ ഇതൊക്കെയാണങ്കിലും അമ്മയുണ്ടാക്കിത്തരുന്ന ചില പ്രത്യേക വിഭവങ്ങളിൽ ഞാനിന്നും വീണുപോകാറുണ്ട്‌..
എല്ലാവർക്കുമെന്റെ ആശംസകൾ...


*റാംജി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo