"വേണുവേട്ടനും ശാരദയ്ക്കും ഒന്നും തോന്നരുത്. കാര്യം ശെരിയാ, വിമലും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നമ്മളെല്ലാവരും ചേർന്ന് ഉറപ്പിച്ചത് തന്നെയാ. പക്ഷെ കല്യാണത്തിന് ഇനിയും എട്ടുമാസം ബാക്കി നിൽപ്പുണ്ട്. അതിനു മുൻപ് വിമലിന്റെ അളിയന്റെ വീട്ടിലെ കല്യാണത്തിന് ലക്ഷ്മിയെ നിങ്ങൾ കൊണ്ടുപോകുന്നതിനോടും, മൂന്നാലുദിവസം അവളവിടെ വന്നു താമസിക്കുന്നതിനോടുമൊന്നും എനിക്ക് യോചിപ്പില്ല... യോചിപ്പില്ല എന്നല്ല അതു ശെരിയാകില്ല. "
ലക്ഷ്മിയുടെ അച്ഛനങ്ങനെ അറുത്തുമുറിച്ചു പറഞ്ഞതും വിമലും, ലക്ഷ്മിയുമടക്കം അവിടെ കൂടിയിരുന്ന സകലരുടേയും മുഖം വാടി. വിമലിന്റെ സഹോദരി വേണിയുടെ ഭർത്താവിന്റെ അനിയന്റെ കല്യാണത്തിനു ക്ഷണിക്കാൻ ലക്ഷ്മിയുടെ വീട്ടിൽ എത്തിയതായിരുന്നു വിമലും, അച്ഛനുമമ്മയും, വേണിയും, ഭർത്താവുമെല്ലാം ചേർന്ന്. വിവാഹത്തിന് രണ്ടുദിവസം മുൻപേ അവർ പോകുന്നതിനോടൊപ്പം ലക്ഷ്മിയേയും കൊണ്ടുപോകണം എന്ന ആവശ്യമാണ് ലക്ഷ്മിയുടെ അച്ഛൻ ശേഖരൻ നിഷേധിച്ചത്...
"വളയിടലും കഴിഞ്ഞു. കല്യാണത്തിന് ഡേറ്റും എടുത്തു.പിന്നെന്താ അങ്കിൾ ലച്ചു ഇവർക്കൊപ്പം രണ്ടുദിവസം അവിടെ വന്നു നിന്നാൽ? അന്യവീടൊന്നും അല്ലല്ലോ. എന്റെ വീടല്ലേ. പിന്നെന്താ. ഇവർക്കും ഫ്രീയായി ഒന്നു സംസാരിക്കാനും പറ്റും, ഞങ്ങളുടെയൊക്കെയൊരു നോട്ടവുമുണ്ടാകും " വേണി ശേഖരനെ സമ്മതിപ്പിക്കാൻ ഒരു ശ്രമം നടത്തി.
"എല്ലാം ശെരിയാ. പക്ഷെ ലച്ചുവിന്റെ കഴുത്തിൽ വിമലിന്റെ താലി വീണിട്ടില്ലല്ലോ മോളെ. പിന്നെ മോളുടെ വീട്ടിൽ വരാനും നിൽക്കാനുമൊക്കെ ധാരാളം സമയമുണ്ട് ഇവർക്ക്. ഇപ്പോൾ ഇത് ശെരിയാവില്ല. പിന്നെ ഇവര് തമ്മിൽ സ്ഥിരം ഫോണിൽ സംസാരിക്കാറുണ്ട്. അത്യാവശ്യം പുറത്തൊക്കെ വെച്ചു കാണാറുമുണ്ട്. തല്ക്കാലം അതുമതി. പിന്നെ കല്യാണത്തിന് ഞങ്ങൾ ലെച്ചുവിനെയും കൂട്ടി നേരത്തെ എത്തിക്കോളാം." ശേഖരൻ പറഞ്ഞു.
ഇനി നിർബന്ധിച്ചിട്ടു കാര്യമില്ല എന്നു മനസ്സിലായപ്പോൾ കല്യാണവും ക്ഷണിച്ച് എല്ലാവരും യാത്ര പറഞ്ഞിറങ്ങി. ലച്ചുവിന്റേയും, വിമലിന്റേയും മുഖത്തു നിരാശ പ്രകടമായിരുന്നു. അവര് പോയതും, ആഗ്രഹിച്ചത് നടക്കാതെ പോയ അരിശം അച്ഛനോടുമമ്മയോടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു തീർത്തശേഷം ലച്ചു റൂമിൽ കയറി കതകടച്ചു.
"നിങ്ങളിങ്ങനെ അറുത്തുമുറിച്ച പോലെ പറയണ്ടായിരുന്നു. എന്തായാലും നാളെ അവളുടെ കുടുംബമല്ലേ അത്. അപ്പോൾ അവരിങ്ങനെയൊരു ആവശ്യം പറയുമ്പോൾ.. ഒന്നൂടെ ആലോചിച്ചിട്ട് മതിയായിരുന്നു. നിങ്ങള് പറഞ്ഞത് ആർക്കും പിടിച്ച മട്ടില്ല.. പിന്നെ ലച്ചുവും, വിമലും ഒറ്റയ്ക്കല്ലല്ലോ പോകുന്നത്. ഒപ്പം വേണുവേട്ടനും, ശാരദേടത്തിയുമടക്കം എല്ലാവരുമുണ്ടല്ലോ. അവര് ശ്രദ്ധിക്കുമായിരുന്നല്ലോ." ലക്ഷ്മിയുടെ അമ്മ രമ ഭർത്താവിനോടായി പറഞ്ഞു.
"രമേ, വിമൽ നമ്മുടെ മോളുടെ ഭർത്താവ് ആകാൻ പോകുന്ന ആളാ പക്ഷെ ഭർത്താവായിട്ടില്ല. അതിനിനിയും മാസങ്ങൾ ബാക്കിയാ... വിവാഹപ്പന്തലിൽ വെച്ചുവരെ വിവാഹം മുടങ്ങുന്ന എത്രയോ സംഭവങ്ങളുണ്ട്. അത്യാവശ്യം പുറത്തു വെച്ചു കാണുന്നതിനും, സംസാരിക്കുന്നതിനുമൊക്കെ നമ്മൾ രണ്ടാൾക്കും അനുവാദം കൊടുത്തിട്ടുണ്ട്. ഇതുപക്ഷേ നാലഞ്ചു ദിവസത്തെ കാര്യമാ. എത്ര അടുത്താലും മനുഷ്യന്റെ ഉള്ളൊന്നും ആർക്കും അറിയാൻ പറ്റില്ല. നീ ദിവസവും വാർത്തയിലും മറ്റും കാണുന്നതല്ലേ. വിവാഹം ഉറപ്പിച്ചു പീഡനവും, ബ്ലാക്ക് മെയിലിങും, ആത്മഹത്യയും. നമ്മുടെ മോള് എല്ലാ തിരിച്ചറിവുമുള്ള കുട്ടിയാ. എങ്കിലും നമ്മൾ അച്ഛനമ്മമാർക്കൊരു കടമയുണ്ട്. ചിലതൊക്കെ നിയന്ത്രിക്കേണ്ടത് നമ്മളാ. ഇപ്പോൾ ലച്ചൂനും എന്നോട് ഇഷ്ടക്കേടുണ്ടാകും പക്ഷെ അവളുടെ നല്ലതിനാ അച്ഛൻ പറഞ്ഞതെന്ന് പിന്നീടവൾക്കു മനസ്സിലായിക്കൊള്ളും." ശേഖരൻ ഭാര്യയോടായി പറഞ്ഞു.
"നിങ്ങള് പറയുമ്പോഴാ ഓർക്കുന്നത്, ഇന്നും ന്യൂസിലുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതും, ഗർഭിണി ആയപ്പോ അബോർഷൻ ചെയ്യിച്ചതും, അവസാനം അവൻ ഉപേക്ഷിച്ചപ്പോൾ ആ കുട്ടി ആത്മഹത്യ ചെയ്തതും.. അതും വീട്ടുകാരൊക്ക ചേർന്ന് വിവാഹം ഉറപ്പിച്ച ശേഷം.. അതിനേക്കാൾ അത്ഭുതം തോന്നിയത് മോന്റെ എല്ലാ കൊള്ളരുതായ്മയും അറിഞ്ഞുവെച്ചുകൊണ്ടു മോനെ സപ്പോർട്ട് ചെയ്യുന്ന അവന്റെ അമ്മയുടെ ഫോൺ സംഭാഷണം കേട്ടപ്പൊഴാ. അവന്റെ അമ്മ ആ പെൺകുട്ടിയോട് പറയുവാ 'മോളെല്ലാം മറന്നു കള... എന്നിട്ട് വേറെ വിവാഹം കഴിക്ക്. നിങ്ങൾക്കിടയിൽ സംഭവിച്ചത് വേറാരും അറിയില്ലെന്ന്' സ്വന്തം മോൾക്കാണ് അങ്ങനൊരു ഗതി വന്നതെങ്കിൽ അവരങ്ങനെ പറയുമായിരുന്നോ? " നെടുവീർപ്പോടെ രമ പറഞ്ഞു.
"നീ പറഞ്ഞ ന്യൂസ് ഞാനും കണ്ടിരുന്നു. ഞാൻ പറഞ്ഞിട്ട് ആ കൊച്ച് ആത്മഹത്യ ചെയ്യുക ആയിരുന്നില്ല വേണ്ടത്. കേസ് കൊടുത്ത് എല്ലാത്തിനേയും കുടുക്കണമായിരുന്നു. എല്ലാവരും ചേർന്നുള്ള ചതിയാണ് അതെന്ന് ആ ഫോൺ റെക്കോർഡിങൊക്കെ കേട്ടാൽ അറിയാം.ഇപ്പോ ആർക്കു പോയി, ആ കൊച്ചിന്റെ അച്ഛനും, അമ്മയ്ക്കും, കുടുംബക്കാർക്കും.. കേസും, കൂട്ടവും ഒതുങ്ങുമ്പോ അവൻ വേറെ കെട്ടും.. അതാണ് ലോകം.. ഓരോന്നു കേൾക്കുമ്പോ നമ്മള് വിചാരിക്കും നമ്മുടെ വീട്ടിൽ അങ്ങനൊന്നും സംഭവിക്കില്ല എന്ന്. പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനൊക്കെ എവിടേയും സംഭവിക്കാം. ആ പേടികൊണ്ടാ ഞാൻ എതിർത്തത്. വിവാഹത്തിന് മുൻപ് ചെക്കനും, പെണ്ണും തമ്മിൽ കാണുന്നതിനും, മിണ്ടുന്നതിനുമൊന്നും ഞാൻ എതിരല്ല അതൊക്കെ ആവശ്യവുമാണ് പക്ഷെ എവിടെയാണ് അതിർവരമ്പുകൾ വേണ്ടതെന്ന ബോധ്യം എല്ലാവർക്കും വേണം. സ്നേഹവും, വിശ്വാസവുമൊക്കെ ജീവിതത്തിൽ അത്യാവശ്യമാണ് പക്ഷെ അതിനൊപ്പം സ്വയം സംരക്ഷിക്കാനും പഠിക്കണം.. മക്കളെ നമ്മളത് പഠിപ്പിക്കുകയും, ഓർമിപ്പിക്കുകയും വേണം. " അത്രയും പറഞ്ഞു ശേഖരൻ നോക്കുന്നത് വാതിൽക്കൽ കണ്ണുനിറച്ചു നിൽക്കുന്ന ലച്ചുവിന്റെ മുഖത്തേക്കാണ്.
"സോറി അച്ഛാ..പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. അച്ഛനെന്നെ വിശ്വാസം ഇല്ല എന്നു പോലും ഞാൻ കരുതി.. ഇപ്പോൾ അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ എനിക്കും മനസ്സിലാകുന്നുണ്ട്, എത്ര സ്വയം സംരക്ഷിച്ചാലും വീണുപോയേക്കാവുന്ന ചില ചതികുഴികളെ കുറിച്ച്.." ലച്ചു കണ്ണുനീരോടെ പറഞ്ഞു.
"വിമൽ അങ്ങനെ ആണെന്നല്ല കെട്ടോ മോളെ അച്ഛൻ പറഞ്ഞത്.. " ശേഖരൻ മകളോടായി പറഞ്ഞു.
"മനസ്സിലായി അച്ഛാ.. " അച്ഛനെ മനസ്സിലാക്കാതെ പോയതിൽ ഒരിക്കൽ കൂടി ക്ഷമയും പറഞ്ഞു ലച്ചു മുറിയിലേക്ക് പോയപ്പോൾ ശേഖരനും, രമയും പരസ്പരം നോക്കി പുഞ്ചിരിച്ചു...
"നിന്റെ അച്ഛൻ എന്താ മുണ്ടക്കൽ ശേഖരന് പഠിക്കാണോ ലച്ചു. അങ്ങോരൊന്നു സമ്മതിച്ചിരുന്നെങ്കിൽ നാലഞ്ചു ദിവസം നമുക്ക് അടിച്ച് പൊളിക്കാമായിരുന്നു." വിമൽ ഫോണിലൂടെ അരിശപ്പെട്ടു .
"അടിച്ചുപൊളിക്കാനൊക്കെ ഇനിയും സമയം ഒരുപാട് ഉണ്ടല്ലോ വിമൽ, ദേ പിന്നെ എന്റെ അച്ഛനെ കുറ്റം പറഞ്ഞാലുണ്ടല്ലോ നീ വിവരമറിയും." എന്നും പറഞ്ഞു ഫോൺ വെക്കുമ്പോഴും ലച്ചുവിന്റെ മനസ്സാകെ നിറഞ്ഞു നിന്നത് അച്ഛന്റെ വാക്കുകളായിരുന്നു. "സ്നേഹത്തിനും, വിശ്വാസത്തിനുമൊക്കെയൊപ്പം സ്വയം സംരക്ഷിക്കാനും പഠിക്കണം " എന്ന വാക്കിന്റെ അർത്ഥങ്ങൾ ആഴത്തിൽ അവളിലേക്ക് പതിയുകയായിരുന്നു.
Aswathy Joy Arakkal....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക