നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശ്രാവന്തി(കഥ)

പശ്ചിമ കൊച്ചിയിൽ സോങ്ങ് ഓഫ് ദ കെയ്റോ അപ്പാർട്ട്മെന്റിൽ ഞാൻ ട്യൂഷനെടുത്തു കൊണ്ടിരുന്ന ചെറിയ ഹാളിലേക്ക് ശ്രാവന്തി പെട്ടെന്ന് കയറി വന്നപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി.
ശ്രാവന്തി എന്റെ പ്ലസ് ടു ക്ലാസുകളിലെ ഏറ്റവും മിടുക്കിയായ ഒരു വിദ്യാർഥിനിയാണ്. ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാക്കാത്ത കുട്ടി. എന്തെങ്കിലും ഒരു കാരണം ഇല്ലാതെ അങ്ങനെ ക്ലാസ്സിൽ ഇടിച്ചു കയറി വരാൻ സാധ്യതയില്ലാത്ത ഒരു കുട്ടി.
"ശ്രാവന്തി, ഐ ആം ഇൻ ക്ലാസ്. കുഡ് യു പ്ലീസ് സിറ്റ് ഔട്ട്സൈഡ് ഫോർ എ വൈൽ?"
"സോറി സർ... ദ്‌ മാറ്റർ ഈസ് വെരി അർജന്റ്‌. അതാ പ്ലീസ്‌ "
എന്റെ അസ്വസ്ഥത വളരെയധികം വർദ്ധിച്ചു.. പത്തിലധികം കുട്ടികൾ ഉള്ള പ്ലസ് ടു ബാച്ചിൽ, പുറകിൽ നിന്ന് രണ്ടാമത്തെ ബെഞ്ചിൽ ചുമരിനോട് ചേർന്നുള്ള സീറ്റിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കുന്ന ശ്രാവന്തിയുടെ പരിസരത്ത് കുറച്ചു ദിവസങ്ങളായി താൻ കൂടുതൽ സമയം ചിലവഴിച്ചത് അവളുടെ മുഖത്തു നിന്നും കണ്ണുകളിൽ നിന്നും വായിച്ചെടുക്കാൻ ഞാൻ വൃഥാ ശ്രമിച്ചു.
"പ്ലീസ് സർ... ഒന്ന് എന്റെ കൂടെ വരണം.”
ശ്രാവന്തി പിന്നെയും കരയും പോലെ പറഞ്ഞു. പരിഭ്രമം ആ കുട്ടിയുടെ മുഖത്ത് വളരെ വ്യക്തമായി കാണാമായിരുന്നു.
ഞാൻ ചോദിച്ചു.
"ശ്രാവന്തി, വാട്ട് ഹാപ്പെൻഡ്? താൻ കാര്യം പറ"
പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് അവൾ ഓടി എന്റെ തൊട്ടു മുൻപിലേക്ക് വന്നു നിന്നു.
"സർ, പ്ലീസ് കം. ഐ ആം ഇൻ എ സീരിയസ് പ്രോബ്ലം.”
"പ്രോബ്ലമോ? ഐ ഡിഡ് ന്റ് ഗെറ്റ് യു.."
"സംസാരിച്ചു നിൽക്കാൻ സമയമില്ല സർ. വീട്ടിലാണ്. വേഗം വരണം പ്ലീസ്.”
അകാരണമായി ആ കുട്ടി ഒന്നും പറയില്ല എന്ന് അറിയാവുന്ന ഞാൻ വേഗം തന്നെ തിരിച്ചു ക്ലാസിലേക്ക് പോയി ക്ലാസ്സ് അവസാനിപ്പിച്ച് കുട്ടികളെ യാത്രയാക്കി. പിന്നെ അതേ ഡ്രസ്സിൽ ശ്രാവന്തിയുടെ വീട്ടിലേക്ക് പോയി.
പോകും വഴി ശ്രാവന്തിയുടെ സ്കൂട്ടറിന് പുറകിൽ ഇരുന്നുകൊണ്ട് ഞാൻ അവളോട് ചോദിച്ചു.
"എന്താ മോളെ പ്രശ്നം? വാട്ട് ഈസ് ദ മാറ്റർ? ഇത്രയും സീരിയസ് ആയ എന്ത് വിഷയമാണ്?"
അവൾ സ്കൂട്ടർ നേരെ ഓടിക്കാൻ കഷ്ടപ്പെട്ടു കൊണ്ട് എന്നോട് സംസാരിക്കാൻ ശ്രമിച്ചു.. ശബ്ദം തൊണ്ടയിൽ കുടുങ്ങി, സംസാരിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
"സർ.... ഐ ഡോണ്ട് നോ വെദർ യു വിൽ ബിലീവ്. മേ ബി യു കാണ്ട് ബിലീവ്.”
"അത് പോട്ടെ കുട്ടീ , കാര്യം പറ"
"സർ... ഞാൻ... ഞാൻ എന്റെ അമ്മയെ കൊന്നു!"
"വാട്ട്‌!"
"യെസ് സർ.. ഞാൻ അവരെ കൊന്നു.”
"ബട്ട്‌ വൈ?" സത്യമായിട്ടും സ്കൂട്ടറിന്റെ പുറകിൽ നിന്ന് ചാടാനുള്ള പ്രേരണ എനിക്ക് അടക്കാൻ വളരെ കഷ്ടപ്പെടേണ്ടി വന്നു.
"പറയാം സർ, പക്ഷേ, സർ അമ്മയുടെ ബോഡി കണ്ടാലേ ഒരുപക്ഷേ എനിക്കത് മനസ്സിലാക്കിത്തരാൻ പറ്റൂ.”
അവളുടെ ഗദ്ഗദവും തൊണ്ടയിടറലും കേട്ടപ്പോൾ കൂടുതൽ ഒന്നും എനിക്ക് ചോദിക്കാൻ സാധിച്ചില്ല. എങ്കിലും ഞെട്ടൽ അടക്കാൻ പറ്റാത്ത കാരണം ഞാൻ ചോദിച്ചു.
"എന്നിട്ട് ബോഡി വീട്ടിൽ തന്നെയാണോ ഉള്ളത്?"
എന്റെ ചോദ്യത്തിന് ശ്രാവന്തി ഒരുത്തരവും പറഞ്ഞില്ല. ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് അവൾ വണ്ടി ഓടിച്ചു.
ആകെ ഭയന്ന് വിറച്ച് പുറകെ ഇരുന്ന ഞാൻ ഒരു ധൈര്യത്തിനെന്നോണം ശ്രാവന്തിയുടെ ഇടുപ്പിൽ കൈ പിടിച്ചു. അത്രയും ടെൻഷൻ ഉള്ള സാഹചര്യം ആയിരുന്നിട്ടു കൂടി അവളുടെ ശരീരത്തിന്റെ ചൂടും മൃദുത്വവും അല്പമായി പുറകിൽ കിട്ടിക്കൊണ്ടിരുന്ന വിയർപ്പിന്റെ ഗന്ധവും എന്നെ വികാരം കൊള്ളിച്ചു കൊണ്ടിരുന്നു.
ശ്രാവന്തിയുടെ വീട്ടിൽ അവളുടെ അമ്മ മാത്രമേയുള്ളൂ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതാണ്. ശ്രാവന്തിയെ വളർത്തിയതും വലുതാക്കിയതുമെല്ലാം അമ്മയാണ്. എൽഐസി ഏജൻസിയും അല്പം തയ്യലുമെല്ലാമായി അവർ വളരെ നല്ല രീതിയിൽ ആ കുടുംബം നോക്കുന്നു.. അവരുടെ ആഗ്രഹം പോലെ തന്നെ ശ്രാവന്തി നല്ല രീതിയിൽ പഠിക്കുകയും നല്ല മാർക്ക് വാങ്ങുകയും ഒരുപാട് അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
ആ അമ്മയെയാണ് അവൾ കൊന്നെന്ന് പറയുന്നത്.
കൈയും കാലും വിറച്ചിട്ടും, താൻ പെടാൻ പോകുകയാണെന്ന് മനസ്സ് അലമുറയിട്ട് പറഞ്ഞിട്ടും എന്തിനാണ് ഞാൻ ഈ പ്രശ്നത്തിൽ ഇടപെടുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
വീടിന്റെ ഗേറ്റ് കടന്ന ഉടനെ ശ്രാവന്തി വണ്ടി ഗേറ്റിനു സമീപത്ത് നിർത്തി. എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് എന്നോട് ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.
"സർ.... എനിക്കാരൂല്ല... സർ അകത്തേക്ക് പോയി നോക്ക്.. എന്റെ അമ്മ... ഞാൻ പാവം എന്റെ അമ്മയെ കൊന്നു സർ.”
ഞാൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ച അവളുടെ കൈകൾ വിടുവിച്ച് എന്റെ കൈകൾ കൊണ്ട് അവളുടെ കൈകൾ മുറുകെപ്പിടിച്ചു. വലതു കൈ കൊണ്ട് കൈകളിൽ ആശ്വസിപ്പിക്കും പോലെ തട്ടി.
പിന്നെ, അവളെ അവിടെ നിർത്തി വീട്ടിലേക്ക് നീങ്ങി.
മുൻവാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. ഒരു കൊലപാതകം ചെയ്തിട്ട് ഈ കുട്ടി ഇത്രയും കെയർലെസ് ആയിട്ടാണോ പുറത്തേക്ക് ഓടി വന്നത് എന്ന് എന്റെ അദ്ധ്യാപക മനസ്സ് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു.
സ്വീകരണ മുറി എപ്പോഴത്തെയും പോലെ വൃത്തിയായി കിടന്നിരുന്നു. കർട്ടനുകൾ നന്നായി അലക്കി ഇസ്തിരിയിട്ട്‌ സൂക്ഷിച്ചിരുന്നു. സെറ്റിയുടെ മധ്യത്തിലായി കിടന്നിരുന്ന ചൂരൽ കൊണ്ടുള്ള ടീപോയിയിൽ ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രം നന്നായി മടക്കി വെച്ചിരിക്കുന്നു.
ഞാൻ ഹാളിലേക്ക് കടന്നു. എവിടെയാണ് നോക്കണ്ടത് എന്ന് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. ഡൈനിംഗ് ടേബിളിന്റെ അടിയിലും വാതിലിനു മറവിലും എല്ലാം ഞാൻ നോക്കി. എവിടെയും ബോഡി കണ്ടില്ല.
അടുത്തതായി ഞാൻ തൊട്ടടുത്ത് കണ്ട മുറിയിലേക്ക് കടന്നു. കണ്ണിൽ കുത്തിയാൽ അറിയാത്തത്ര ഇരുട്ട്. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ടോർച്ച് ഓണാക്കി ഞാൻ മുന്നോട്ട് നടക്കാനാഞ്ഞു.
പെട്ടെന്ന് എന്തോ എന്റെ ശരീരം തട്ടി മറിഞ്ഞ് വീണു. അത് താഴെ വീണ ശബ്ദം കേട്ട് എന്റെ ശ്വാസം നിലച്ചു പോയി. ടോർച്ചിന്റെ വെളിച്ചം അതിലേക്ക് പായിച്ച ഞാൻ ഒന്നുകൂടി ഞെട്ടി. ഒരു വലിയ കമ്പി ആയിരുന്നു അത്. ഒരു വശത്ത് കൂർത്ത മുനയോട് കൂടിയ അതിന്റെ മറ്റെയറ്റം പരന്നതായിരുന്നു. കൂർത്ത അറ്റത്ത് എന്തോ കൊഴുത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കണ്ട് ഞാൻ വെളിച്ചം അങ്ങോട്ട് കാണിച്ചു. ചോരയായിരുന്നു അത്.
പുറകോട്ട് മലച്ചു പോയ ഞാൻ വീണ്ടും വെളിച്ചം മുറിയുടെ മറ്റു ഭാഗങ്ങളിലേക്ക് കാണിച്ചു. മുറിയുടെ നടുക്ക് ആകെ ഉലഞ്ഞു കിടന്നിരുന്ന വിരിയും തലയിണയുമായി കിടന്ന കട്ടിലിനരികിൽ സ്വർണ വളകളിട്ട ഒരു കൈയുടെ ഭാഗം ഞാൻ കണ്ടു.
പതിയെ നടന്ന് ബോഡിയ്ക്കരികിലെത്തിയ ഞാൻ വീണ്ടും ഞെട്ടി.
നെഞ്ചിനും വയറിനും നടുക്കായി രൂപപ്പെട്ടിരിക്കുന്ന ഒരു വലിയ ദ്വാരത്തിൽ നിന്നും രക്തം വാർന്ന് മുറിയിൽ തളം കെട്ടി നിൽക്കുന്നു. കണ്ണുകൾ തുറന്നു തന്നെ കിടക്കുകയാണ്. വസ്ത്രം അഴിഞ്ഞുലഞ്ഞിരിക്കുന്നു.
ഇനിയെന്ത് ചെയ്യാനാണ് ഈ കുട്ടി പ്ലാൻ ചെയ്തിരിക്കുന്നത്? പോലീസിൽ അറിയിക്കുന്നുണ്ടോ? ആരും അറിയാതെ കുഴി വെട്ടി മൂടാൻ ആണോ?
തുറിച്ചു നിൽക്കുന്ന കണ്ണുകളുടെ നോട്ടം നേരിടാനാകാതെ ഞാൻ കൈകൾ കൊണ്ട് മൃതദേഹത്തിന്റെ കണ്ണുകൾ മൂടി. ശ്രാവന്തിയെ വിളിക്കാനായി എഴുന്നേറ്റു. വാതിലിന് പുറത്ത് നിന്നും വളരെ തീവ്രമായി മുറിയിലേക്ക് കടന്നു വന്ന വെളിച്ചത്തിന് നേരെ ശരീരം തിരിഞ്ഞപ്പൊഴേക്കും വല്ലാത്തൊരു വേദന എന്റെ വയറിന് മുകളിലായി അനുഭവപ്പെട്ടു. എന്തായിരിക്കും അത് എന്ന് ആലോചിച്ച് കൈ കൊണ്ട് ഒന്ന് തൊട്ടു നോക്കാൻ സാധിക്കും മുൻപ് പുറമെ നിന്നുമുള്ള വെളിച്ചത്തെ മൂടിക്കൊണ്ട് കണ്ണിൽ ഇരുട്ട് പരന്നു.. കണ്ണിലെ പ്രകാശം മൂടും മുൻപ് ഒരു പ്രാവശ്യം കൂടി ശ്രാവന്തിയുടെ കൈയിലിരുന്ന കമ്പി ഒരിക്കൽ കൂടി എന്റെ വയറിൽ തുളഞ്ഞു കയറി.
ഒരു ഞെരക്കത്തോടെ പുറകോട്ട് മറിഞ്ഞ് വീഴും മുൻപ് ഞാൻ അവളോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
"എന്തിന്... നീ.."
വീണു കിടക്കുന്ന എന്റെ രണ്ടു കാലുകളിലും പിടിച്ച് വലിച്ച് അവൾ എന്നെ അമ്മയുടെ ശരീരത്തിന് മുകളിൽ ക്രോസ് ആയി കിടത്തി.
പിന്നെ താഴേക്ക് തൂങ്ങി നിൽക്കുന്ന എന്റെ തലയുടെ സമീപത്തായി മുട്ടുകുത്തിയിരുന്ന് എന്നോട് പറഞ്ഞു.
"അമ്മയെ കൊന്നതിന് ഒരു കാരണം വേണ്ടെ സർ.”
ഇരുട്ട് പൂർണമായും എന്റെ കണ്ണുകളെ മൂടുന്നതിന് മുമ്പായി ഞാൻ ഒരു കാഴ്ച കൂടി കണ്ടു.
അതേ ഇരുമ്പുകമ്പി വാതിലിനടുത്ത്, വീഴാൻ പാകത്തിനു ചാരി വെച്ച ശേഷം ശ്രാവന്തി ഫോണിൽ ആരെയോ വിളിക്കുന്നു. ശബ്ദത്തിൽ അതേ പരിഭ്രമം.
"സർ... പ്ലീസ്... പ്ലീസ് ഹെല്പ്. ഞാൻ ഒരു പ്രശ്നത്തിലാണ്.”
പിന്നെ ഞാൻ ഒന്നും കണ്ടില്ല.
------
രാജീവ് പണിക്കർ (പണിക്കത്തി)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot