ഇലകൾക്കിടയിലൂടിറ്റു വെളിച്ചം
മുറ്റത്തൊരു കളം വട്ടത്തിൽ മെഴുകി
ഇത്തിരിയിതളുകൾ നീട്ടി ചിരിച്ചു
തൊടിയിൽ മുക്കുറ്റി പൂ വിളിച്ചു
ഓണം വന്നേ....
കോടിയുടുത്തില്ല, കോലം വരച്ചില്ല
പാടെ തളർന്ന പടുമരമായ്, ജീവനാകെ
വേണ്ടുന്നതേ കൈകുടന്നയിലൊരുപിടിയരി
അതും, ഒറ്റ,ക്കെന്തോണം,
എന്ന് നെടുവീർപ്പിടേ
വെന്തുടഞ്ഞുകുഴഞ്ഞു പോയ്
ഇത്തിരി കണ്ണീരും കാന്താരിയും ചാലി-
ച്ചച്ചെറു ക്ഷീണം തീർക്കും നേരം
ഉണ്ണികൾ ഇല്ലാത്ത വീട്ടിൽ
ഓർമകൾ
ഇലവിരിച്ചോണ മണം പരത്തി
നാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാൽ
പഴംപാട്ടു മൂളി കാറ്റ് താളത്തിലാട്ടി വിട്ടു
ഉപ്പേരിക്കു,പ്പ് പാകം നോക്കാൻ
കുശലം പറഞ്ഞെത്തിയെപ്പോഴോ കാക്കകൾ കൂട്ടുകാർ
ഉച്ച വെയിൽ ചാഞ്ഞുറങ്ങുന്നേരം
പതിവില്ലാതെത്തി നോക്കി ചാറ്റൽമഴ
വന്നെത്രേ ഓണം, പടി വരെ
മാവേലി തമ്പുരാനെന്റെ
വിരുന്നുണ്ണുവാൻ
ഒരു ചിരി കണ്ണിൽ കൊളുത്തി
തിരിയിട്ട്
കരുതട്ടെ ഞാനും ഒരിത്തിരി പായസം
അത്രമേൽ നിന്നെ സ്നേഹിക്കയാലോ
ജീവനേ
അസ്തമിക്കുമ്പോഴും
ഓർമ്മകൾക്കിത്ര മധുരം?!
Sangita Kirosh
(സംഗീത കിരോഷ്)
വളരെ നല്ല എഴുത്ത്
ReplyDeleter
Deleteഓർമ്മ ഒരു തേങ്ങലാകുന്നു, ചിലപ്പോൾ നമുക്ക്. കവിത നന്നായി.
ReplyDelete