Slider

യാത്ര

0

യാത്രകൾ എനിക്കിഷ്ടമാണ്. ആവേശവും .കഴിഞ്ഞവർഷം എട്ട് യൂറോപ്യൻ രാജ്യങ്ങളും, ഭൂട്ടാൻ, തായ് ലൻറ് ,ദുബായ് എന്നിവ സന്ദർശിച്ചിരുന്നു. ഡൽഹി, ആഗ്രാ, ജയ്പൂർ എന്നിങ്ങനെ ഭാരതത്തിനുള്ളിലും . യാത്രകൾ പകർന്ന അനുഭൂതിയിൽഅന്ന് കരുതി ഈ വർഷം അതിൽക്കൂടുതലാകാമെന്ന്. പക്ഷേ കൊറോണ എല്ലാം മാറ്റിവയ്പിച്ചു.

കേരളത്തിനകത്തു കുറച്ച് ചെറിയ യാത്രകൾ.

യാത്രയ്ക്കായി കൊതിക്കുന്ന മനസ്സ് തന്നെയാകും നിങ്ങൾക്കും അല്ലേ.?

ഇതൊരു യാത്രയുടെ കഥയാണ്.ഒരോർമ്മയും.

വായിക്കൂ.....
അല്ലാ; എന്നോടൊപ്പം ഒരു കൊച്ചു യാത്ര.

മാംഗോ മെഡോസിന്റെ മധുരം തേടിയ കഥ, ഒപ്പം
.......................................... ............................. ..
പുട്ടിന്റെയും.

......................

2019 ന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. കോട്ടയം ജില്ലയിലെകടുത്തുരുത്തി ആയാംകുടിയിലെ മാംഗോ മെഡോസ് എന്റെ മുന്നിലെ വാർത്തകളിലൂടെ ഇതിനകം പലവട്ടം മിന്നി മാഞ്ഞു.ചെടികളും കൃഷിയും ഒരേ പോലെ ഇഷ്ടമായതുകൊണ്ടാകാം അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന പുതിയ ആശയത്തോട് ഒരിഷ്ടം തോന്നിയത്.നെറ്റിൽ പരതി വിശദ വിവരങ്ങൾക്കായി തിരഞ്ഞു .പോയിക്കാണുവാൻ ആഗ്രഹിച്ചുവെങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് യാത്ര മാറ്റി വയ്ക്കേണ്ടി വന്നു. പക്ഷേ ഇന്ന് അവിചാരിതമായി അതു സംഭവിച്ചു. മാംഗോ മെഡോസിലേയ്ക്ക് ഒരു യാത്ര.

ഇന്ന്‌ എന്റെ അടുക്കളയക്ക് ബന്ദ്. രാവിലെ കുളി, ജപം തുടങ്ങിയവയ്ക്കു ശേഷം രക്തത്തിലെ പഞ്ചസാര ഒന്നു പരിശോധിക്കാൻ തീരുമാനിച്ചതിനാൽ പ്രാതൽ ഉണ്ടാക്കൽ വേണ്ടെന്നു വച്ചു..സാമ്പിൾ കൊടുത്ത ശേഷം മറ്റെങ്ങും ശാഖകളില്ലാത്ത ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഒരു പൂരി മസാല. ഉള്ളിവില ഉയർന്നു തന്നെയാണെന്നു രാവിലെപത്രം വായിയ്ക്കാതെ തന്നെ മനസ്സിലായി, മസാല രുചിച്ചപ്പോൾ. പക്ഷേ, ഭവനങ്ങളിൽ നിന്നു പോലും പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ട സവാളയെത്തിരഞ്ഞ എന്റെ വി ഢിത്തമോർത്ത് വീണ്ടും പാത്രത്തിൽ നോക്കവേ, മസാലയിൽ മുങ്ങിക്കുളിച്ച കുഞ്ഞു സവാള കഷണങ്ങളുടെ മുഖത്തു കണ്ടത് തെല്ലു പുച്ഛമോ ,പരിഹാസമോ?, "അപ്പോൾ -കാണാതിരുന്നാൽ എന്നെ അന്വേഷിക്കും അല്ലേ?"എന്ന ചോദ്യമോ?നാവിലെ രുചി മുകുളങ്ങൾ നല്ല പാചകക്കാരിയാണ് ഞാനെന്ന് മറ്റാരും പറയാതെ തന്നെ എന്നെ ബോദ്ധ്യപ്പെടുത്തിയ അനർഘ നിമിഷം. പക്ഷേ, കൂടെയിരുന്ന് നെയ്റോസ്റ്റ് രുചിക്കുന്ന മോഹന് എന്റെ മനസ്സു വായിയ്ക്കാനായില്ല; സ്വന്തം വിജയത്തിൽസന്തോഷിച്ച്ഉയർത്തിവയ്ക്കാൻ എന്റെ ചുരീദാറിന് കോളർ ഇല്ലാത്തതിനാൽ വിജയാഘോഷംകാണാൻ കഴിയാത്തതുകൊണ്ട്.പുറത്തിറങ്ങി കാറിൽ കയറവേ, വെറുതേ മോഹനോട്തിരക്കി ഞാൻ " രാവിലെയെന്താ പരിപാടി?''നമുക്ക് മാംഗോ മെഡോസിലേക്ക് വിട്ടാലോ?" - മോഹൻ ."യെസ്, അപ്രൂവ്ഡ് '' - എന്റെ മറുപടി.
രാവിലെ മാത്രം എന്നു കരുതിയ അടുക്കള ബന്ദ് ഉച്ച സമയത്തേക്ക് കൂട്ടി നീട്ടിക്കൊണ്ട് കാർ തിരിച്ചത് കടുത്തുരുത്തിയിലേയ്ക്ക്. യാത്രയിലുടനീളം മനസ്സിൽപനിനീർ തളിച്ചു കൊണ്ട് ഓർമ്മകൾ ഓടിയെത്തി - നീണ്ട മൂന്നു വർഷം പതിനൊന്നു മാസക്കാലം കോട്ടയം ജില്ലയിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ,ജില്ലാ മെഡിക്കൽ ഓഫീസർ എന്നീ പദവികളിലുള്ള കാര്യനിർവ്വഹണത്തിനായി നിത്യവും വീട്ടിൽ നിന്നും കോട്ടയത്തേക്കും തിരിച്ചും നടത്തിയ ട്രെയിൻ, ബസ്സ് യാത്രകൾ .
കടുത്തുരുത്തി ചിരപരിചിതമെങ്കിലും ആയാംകുടി അപരിചിതം തന്നെ. അല്ലെങ്കിലും വഴി പഠിക്കുന്നതിൽ വിദഗ്ദ്ധയല്ലാത്ത ഞാൻ പലവട്ടം കടന്നു പോന്ന വഴികളാണെങ്കിലും ഇന്നും വഴിയറിയാത്ത എന്നെ അന്ന് തെറ്റുകൂടാതെ ലക്ഷ്യസ്ഥാനത്ത് സമയത്തിനെത്തിച്ചു തന്നത് എന്റെ ഔദ്യോഗികവാഹനത്തിലെ സാരഥിയുടെ നൈപുണ്യം ഒന്നുകൊണ്ടു മാത്രം. പിന്നെയിപ്പോൾ തെറ്റാതെവഴി പറഞ്ഞു തരാൻ ഗൂഗിൾ മാമൻ കൂടെയുള്ള തിനാൽ മാമനോട്ചോദിച്ചു ചോദിച്ച് രാവിലെപത്ത് പതിനഞ്ചിന് ആയാംകുടിയിലെത്തി. വഴിയിൽസമീപത്ത് കണ്ട ഒരു കടയിൽ കയറിയപ്പോൾ ഞങ്ങളുടെ ലക്ഷ്യമറിഞ്ഞ കടക്കാരൻ" കൂടെ കുട്ടികളുണ്ടോ ? അവർക്കേ ഇഷ്ടപ്പെടൂ, എല്ലാം ഒരു പറ്റിപ്പീരാണെന്നേ " "ബഹുജനം പലവിധം:, നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നമുക്കല്ലേ അറിയൂ." എന്ന് തമ്മിൽപറഞ്ഞു കൊണ്ട് ഞങ്ങളുടെ വണ്ടി വീണ്ടും മുന്നോട്ട്, മാംഗോ മെഡോസ് എന്ന ബോർഡിനെ പിൻതുടർന്ന്. ഒടുവിൽ അങ്ങനെയെത്തി ലക്ഷ്യസ്ഥാനത്ത്.

ചെത്തിത്തേയ്ക്കാത്ത ,വെട്ടുകല്ലുകൊണ്ടുണ്ടാക്കിയ,പഴമ തോന്നിയ്ക്കുന്ന വലിയ പടിപ്പുര. വലിയ ഇരുമ്പു ഗേറ്റിൽ നാലു മാങ്ങകൾ. ഇതാണ് നമ്മെ ആദ്യം സ്വാഗതം ചെയ്യുക. വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്ത് നമുക്ക് മുൻപേ എത്തിച്ചേർന്ന ഒത്തിരി വാഹനങ്ങൾ .ടിക്കറ്റ് കൗണ്ടറിലേക്കുള്ള നടപ്പു വഴിയിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു ലിഖിതം .'ഇത് ലോകത്തിലെ ആദ്യത്തെ അഗ്രിക്കൾച്ചറൽ തീം പാർക്കാണ്. വാട്ടർ തീം പാർക്കാണ് ഉദ്ദേശിച്ചുവന്നതെങ്കിൽ നിങ്ങൾ തിരിച്ചു പോകുന്നതാണ് ഉത്തമം. മാംഗോ മെഡോസ് കാർഷിക വൃത്തിയേയും, പരിസ്ഥിതിയേയും, സാഹിത്യത്തേയുംആയുർവ്വേദത്തേയും സംസ്കാരത്തെയും തീം ആക്കിയിട്ടുള്ള പാർക്ക് ആണ് .. സംവിധായൻ..'
ഞായറാഴ്ചയായതിനാൽ പതിവു പ്രവൃത്തി ദിനങ്ങളിൽ350 രൂപ ടിക്കറ്റിനുള്ളതിൽ നിന്നും വ്യത്യസ്തമായി 400 രൂപയാണ് ഒരാൾക്ക് പ്രവേശന ഫീസ്. ഉച്ചഭക്ഷണത്തിന്റെ സമയം കൂടി ചോദിച്ചു രേഖപ്പെടുത്തി വച്ചു അവിടത്തെ ജീവനക്കാരി.ടിക്കറ്റ് എടുത്ത എല്ലാവരേയും ഒരുമിച്ചിരുത്തി നിർദ്ദേശങൾ നൽകുന്ന മറ്റൊരു ജീവനക്കാരി - അത്യാവശ്യം അറിയേണ്ടുന്ന കാര്യങ്ങൾ പരിചയപ്പെടുത്തി. രാവിലെ - പത്തുമുതൽ വൈകിട്ടു അഞ്ചു വരെയാണ് പ്രവൃർത്തിസമയം. ആഹാരം കുടിവെള്ളം എന്നിവ കൂടെ കൊണ്ടു ചെല്ലാൻ അനുവദിയ്ക്കില്ല. സ്വന്തം സാ ധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കുക. മദ്യപാനവും പുകവലിയും പാടില്ല,. സ്വന്തം വാഹനത്തിലോ റിസപ്ഷനിലോ ലഗേജ് സൂക്ഷിയ്ക്കുക.
നാൽപ്പത് ഏക്കറിൽ സ്ഥിതി ചെയ്യുന്ന തീം പാർക്ക് നടന്നു കാണുകയോ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വണ്ടിയിൽ പോയിക്കാണുകയോ ആ വാം.ഡബിൾ ഡക്കർ ബസ്സ് എന്നു തോന്നിപ്പിക്കുന്ന ബസ്സും, തായ്ലാന്റിലെ ഓട്ടോറിക്ഷയുടെ സ്മരണയുണർത്തുന്ന വാഹനവും നിരനിരയായി പാർക്ക് ചെയ്തിട്ടുണ്ട്. ഒരു മണിക്കൂർ സമയത്തേക്ക് എല്ലാം പരിചയപ്പെടുത്തിത്തരാൻ ഗൈഡുണ്ട്. ഓരോ കൂട്ടം സന്ദർശകരേയും കൊണ്ടു നടക്കാൻ പ്രത്യേകം പ്രത്യേകം ഗൈഡുകൾ. ഞങ്ങളുടെ സന്ദർശക കൂട്ടത്തിന് അനുവദിച്ചു തന്ന ഗൈഡുമായി കാൽനടയാത്ര തെരഞ്ഞെടുത്തു ഞങ്ങൾ.ഭൂരിഭാഗം മരങ്ങളിലും വഴിയരികിലുമായി അവയുടെ വിവിധ പേരുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രത്യേകതകളോ, ഉപയോഗമോ ഒന്നും കണ്ടില്ല, അങ്ങിങ്ങു സ്ഥാപിച്ച ചില ബോർഡുകൾ ഒഴികെ.അവർ പറഞ്ഞു തരുമ്പോഴാണ് നമ്മൾ മിക്ക കാര്യങ്ങളുമറിയുക. ദേവതാരുവും നീലക്കൊടുവേലിയും ഊദ് മരവും ത്രിഫലയും കറയിൽ നിന്ന്കായം ഉല്പാദിപ്പിക്കുന്ന മരവും തടിക്കകത്ത് വെള്ളം സൂക്ഷിച്ചു വയ്ക്കുന്ന ,തടിയിൽ നിന്നുംമുറിച്ച് ഒരു കഷണം അടർത്തിമാറ്റി വെള്ളം കുടിച്ച ശേഷം മുറിച്ചുമാറ്റിയ മരക്കഷണവും മണ്ണും ചേർത്ത് മുറിപ്പാട് അടച്ചു വച്ചാൽ വീണ്ടും പഴയപോലെ വളരുന്നമരവും പുകയിലയും , ഒലീവും മുന്തിരിയുംഎന്നു വേണ്ട നാം കണ്ടതും കാണാത്തതുമായ എണ്ണമറ്റ മരങ്ങൾ.. നൂറ്റി എഴുപതിലേറെ ഫല വൃക്ഷങ്ങൾ .ഗൈഡ് വിവിധ ഭാഗങ്ങളേയും സൗകര്യങ്ങളേയുംപരിചയപ്പെടുത്തിപ്പോയ ശേഷം ഞങ്ങൾ വിശദമായി നടന്നു കാണാൻ തുടങ്ങി.
തുടക്കം നന്നായാൽ ഒടുക്കം നന്നായി എന്നാണല്ലോ ചൊല്ല്.തുടക്കം വ്യൂ പോയിന്റിൽ നിന്നാകട്ടെ! ഗോവണി കയറിആറു നിലകൾക്കു മുകളിലെത്തി ചുറ്റും നോക്കി. മുൻപ് ഭൂട്ടാനിലെ ടൈഗേഴ്സ് നെസ്റ്റിലേക്ക് എത്താൻ ഭൂ നിരപ്പിൽ നിന്ന് മൂവായിരത്തിലധികം ഉയരത്തിലേയ്ക്ക് 5 കിലോമീറ്റർ അങ്ങോട്ടും, താഴേയ്ക്ക് അഞ്ചു കിലോമീറ്ററും ചുരുക്കം മണിക്കൂറിനുള്ളിൽനടന്ന ഞങ്ങൾക്ക് ഈ കയറ്റം വെറും പുഷ്പം പോലെ മാത്രം. പക്ഷേ ലഭ്യമായത്,കണ്ണെത്താ ദൂരത്തോളം സുന്ദര ദൂരക്കാഴ്ച പകർന്നു തരുന്ന അസുലഭ മുഹൂർത്തം. പക്ഷേ കൂടുതൽ ഉയരത്തിൽ കയറുന്നതിന്റെ ബുദ്ധിമുട്ടോർത്താകാം ഞങ്ങളുടെ കാലടികളെ പിൻതുടരാൻ ആരും തന്നെ ഇല്ലാതെ പോയത്.തിരിച്ചിറങ്ങി എല്ലാം കണ്ടു നടക്കട്ടെ!
മീനൂട്ട് കണ്ടിട്ടാകാം തുടക്കം. വലിയ ഒരു തടാകത്തിന്റെ മദ്ധ്യത്തിലേക്കെത്തുന്ന വെളുത്ത കൈവരികളുള്ള ഒരു പാലത്തിലൂടെയാണ് പ്രവേശനം. നാണയനിർമ്മിതിയ്ക്കു ശേഷം ശേഷിച്ച, ഷീറ്റ് ഉപയോഗിച്ചാണ് നടപ്പാത: 64 തരം മത്സ്യങ്ങളുള്ളതിൽ ആവോലി മാത്രമാണ് നമ്മൾ കൊടുക്കുന്ന ഭക്ഷണം കഴിക്കാനെത്തിയുളളു. എന്റെ മൂന്നു കൈപ്പത്തികൾ ചേർത്തുവച്ച വീതിയുമതിലേറെ നീളവുമുള്ള വലിയ മത്സ്യങ്ങൾ ഭക്ഷണം താഴെ വീഴുന്ന മാത്രയിൽ കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും മത്സരിച്ച് തീറ്റയകത്താക്കുന്നതും കാണേണ്ട കാഴ്ച തന്നെ. വലിയവന്മാരുടെ കോലാഹലത്തിൽ പങ്കു ചേരേണ്ടെന്നു കരുതിയാകാം ചെറിയ കുടുംബാംഗങ്ങൾ ഒന്നിനെയും കാണാതെ പോയത്.കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്നകുതൂഹലമുണർത്തുന്ന കാഴ്ച. പക്ഷേഅവയെ പാചകത്തിന് ഉപയോഗിയ്ക്കുമെന്നു കേട്ടപ്പോൾ ഒരു ഹൃദയവേദന. നാലുപെഡൽ ബോട്ടുകൾ സഞ്ചാരയോഗ്യമായുള്ളതിൽ രണ്ടു പേർക്കു കയറാവുന്ന ഒരെണ്ണത്തിൽ കയറി യാത്ര ചെയ്യുമ്പോൾ വശങ്ങളിലെ വെള്ളത്തിൽ നേരത്തേ കണ്ട മത്സ്യക്കൂട്ടത്തിന്റെ അകമ്പടി. ചൂണ്ടയിടാൻ സൗകര്യമൊരുക്കിയിടത്ത് ആളുകൾ ഏറെയുണ്ടെങ്കിലും പണ്ടൊരിക്കൽ മാലിപ്പുറം ഫിഷ് ഫാമിൽ ആശ തീർക്കാൻ ചൂണ്ടയിട്ടതും ചൂണ്ടക്കൊളുത്തിൽ കുടുങ്ങിപ്പിടഞ്ഞ മത്സ്യത്തെക്കണ്ടു ദു:ഖിതയായതുമോർമ്മ വന്നപ്പോൾ ഞാനും മോഹനും വീണ്ടും ഒരു പരീക്ഷണത്തിനു മുതിർന്നില്ല. പലപ്പോഴും കാഴ്ചയിൽ കൗതുകമുണർത്തിയിരുന്ന കുട്ടവഞ്ചിയിൽ കയറാൻ അവസരം കൈവന്നപ്പോൾ തെല്ലും മടിച്ചില്ല ആശ പൂർത്തീകരിയ്ക്കാൻ .പക്ഷേ രണ്ടു കുട്ടവള്ളവും യാത്രയിലായതിനാൽ കാത്തുനിന്നു സമയം കളയാതെ മാംഗോ വിലാസം ടീ ഷോപ്പ് എന്ന പഴയ ചായക്കടയിലെ മരബഞ്ചിലിരുന്ന് പഴയകാല ഓർമ്മകളുടെ അനുഭൂതിനുകർന്നു, ചൂടു കട്ടൻ കാപ്പിയ്ക്കും പരിപ്പുവടയ്ക്കുമൊപ്പം.കൽക്കരി ചൂടുപകരുന്ന സമോവറിൽ നിന്നു ബഹിർഗ്ഗമിക്കുന്ന ആവിയുടെ പശ്ചാത്തലത്തിൽ, കൈകൾ ഉയരെ ഉയർത്തി ചായ നീട്ടിയടിയ്ക്കുന്ന മെലിഞ്ഞു നീണ്ട ചായക്കടക്കാരന്റെ വീരപരിവേഷത്തിന് സന്ദർശകരുടെ കടാക്ഷത്തിന്റെ ലൈക്കുകൾ അനവധി. നല്ലകടുപ്പവും ചൂടും മധുരവും പാകത്തിനു ചേർന്ന കട്ടൻ കാപ്പി പരിപ്പുവടയ്ക്കു അനുയോജ്യനായ പങ്കാളി തന്നെ. പഴയ റേഡിയോയും മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ പോസ്റ്ററും എല്ലാം നമ്മെ പഴയ കാലത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോകും തീർച്ച; കംമ്പ്യൂട്ടറിൽ ബില്ലടിയ്ക്കുന്ന പെൺകുട്ടിയൊഴികെ ! വീണ്ടും തലപൊക്കിയ മോഹവുമായികുട്ടവഞ്ചി തേടിയിറങ്ങി. ചരിയുമോ, മുങ്ങുമോ എന്നെല്ലാം കരുതി കാൽ എടുത്തു വച്ചു കുട്ട വഞ്ചിയിലേക്ക് കയറുമ്പോൾ ചെറിയ പേടി തോന്നിയെങ്കിലും വിശാലമായ ജലാശയത്തിൽ മെയ്ക്കരുത്തിന്റെ പ്രതീകമായ ജയനെപ്പോലെ നെഞ്ചുവിരിച്ചു കിടക്കുന്ന കുട്ടവഞ്ചിയ്ക്ക് ഞാൻ കയറിയിട്ടും തെല്ലും ഭാവഭേദമില്ല. നിർദ്ദേശാനുസരണം ലൈഫ് ജാക്കറ്റണിഞ്ഞ് തുഴയുമേന്തി മുന്നോട്ടു നീങ്ങുമ്പോൾ ഓർത്തു, ശാന്തമായ ജലപ്പരപ്പിലെ ഈ യാത്ര, മുൻപ് ഭൂട്ടാനിലെ സാഹസികത നിറഞ്ഞറാഫ്റ്റിങ്ങുമായി താരതമ്യപ്പെടുത്താനേ വയ്യ! സുരക്ഷിതമെങ്കിലും കാലും നീട്ടിയിരുന്ന് തുഴയുമ്പോൾ തോളറ്റത്തോളം നമ്മുടെഉയരം കുട്ടയ്ക്കകത്തായതിനാൽ തുഴചലിപ്പിയ്ക്കാൻ ലേശം ബുദ്ധിമുട്ടില്ലാതില്ല. എന്നാലും അതിൽ ഇരുന്ന് നീലാകാശം പ്രതിഫലിക്കുന്ന വെള്ളത്തിലൂടെയുള്ള യാത്ര ഒരു സ്വപ്നയാത്ര തന്നെ;സ്വപ്ന സാഫല്യവും.മഴുവെറിഞ്ഞ് നമ്മുടെ സ്വന്തംകേരളത്തിന് ജന്മമേകിയ പരശുരാമന്റെ ശ്യാമവർണ്ണമാർന്ന കൂറ്റൻ പ്രതിമയുടെ മുന്നിലെ കൃത്രിമപാലവും ആമ്പൽ വിടർന്ന ജലസ്രോതസ്സും കണ്ണിനിമ്പമായി. മാംഗോ മെഡോസിന്റെ ഉടമയായ ഡയറക്റ്ററുടെ ഔദ്യോഗിക കാര്യങ്ങൾക്കു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിർമ്മിതിയും ഒരു കാടിന്റെ അന്തരീക്ഷത്തിന് യോജിച്ചതു തന്നെ, ചാരവർണ്ണമാർന്ന പാറക്കല്ലുകൾ മേൽക്കൂ മേൽകൂട്ടി വച്ച് ഉണ്ടാക്കിയെടുത്ത പോലെ. ഏതായാലും ഇതിന്റെ ഉടമ അഭിനന്ദനാർഹൻ തന്നെ . ജലത്തിന്റെ ഉറവ വറ്റിത്തുടങ്ങുന്ന, അന്തരീക്ഷത്തിലെ പ്രാണവായുവും ഊർദ്ധശ്വാസം വലിയ്ക്കുന്ന ഇക്കാലത്ത്, ഭൂമിയിൽ നിന്നും പ്രകൃതിയിൽ നിന്നുമകന്ന് ഇൻറർനെറ്റിന്റെ വലക്കണ്ണികളിൽ കുരുങ്ങി പരസ്പരം സംസാരിയ്ക്കാൻ മറന്നു പോകുന്ന, ചിരിയ്ക്കുന്നുണ്ടെന്നു മറ്റുള്ളവരെ അറിയിയ്ക്കാൻ സ്മൈലികളെ കൂട്ടുപിടിക്കുന്ന പുതു തലമുറയെ, ഭാവിയ്ക്കു വേണ്ടി പ്രാണവായുവും നീർത്തുള്ളിയും കരുതി വയ്ക്കാൻ ഓർമ്മപ്പെടുത്തുന്ന കുര്യൻ എന്ന വ്യക്തിയുടെ വലിയ മനസ്സിലെ പുതുമ നിറഞ്ഞ ആശയത്തിന് നിറഞ്ഞ കയ്യടി .

മിക്കവാറും മാംഗോ മെഡോസ് സന്ദർശിക്കുന്നവരുടെ ഫോട്ടോയിലെ സ്ഥിരം അഭിനേതാക്കളാണ് പരസ്പരം പുണർന്ന് ചുറ്റിലുമുള്ളലോകം തന്നെ മറന്ന് നിൽക്കുന്ന കമിതാക്കളുടെ ശില്പം. ഒരു ഉണങ്ങിയ മരത്തിന്റെ ഭാഗമെന്നു തോന്നിക്കും വിധം ഉണങ്ങിയ വേരുകൾക്കും ശിഖരങ്ങൾക്കും മദ്ധ്യേയുള്ള പ്രേമബദ്ധരായ രണ്ടു പേരുടെ ശിൽപം, ശിൽപ ചാതുര്യത്തിന്റെ ഉത്തമ നിദർശനം തന്നെ, പ്രത്യേകിച്ചും അതിന്റെ സ്ഥാനം കൃഷി ആധാരമാക്കിയ പാർക്കിലാകുമ്പോൾ.യുവതലമുറയ്ക്കു യോജിച്ച പേരും,പ്രണയിയ്ക്കാൻ ഒരിടം, വാലൻടൈൻസ് കോർണർ.രംഗം അവിസ്മരണീയമാക്കാൻ ഞങ്ങൾ രണ്ടു പേരേയും ഒറ്റഫ്രെയിമിലാക്കി ഫോട്ടോയെടുത്തു തന്നു ,അടുത്തു തന്നെ സർവ്വീസ് നടത്തുന്ന ആഡംബര പൂർണ്ണമായ കെട്ടുവളളത്തിലെ ജീവനക്കാരൻ .ചുവന്ന കുഷ്യനുകൾ മോടി കൂട്ടിയ കസേരകളും ദിവാൻ കോട്ടുമെല്ലാം ചേർന്ന് യന്ത്രവൽകൃത കെട്ടുവള്ളത്തിന് ഒരു ആഡംബര ബോട്ടിന്റെ പരിവേഷം. കൂട്ടിന് മധുര സംഗീതം.മറ്റു പത്തു പതിനഞ്ചു യാത്രക്കാരോടൊപ്പം അരമണിക്കൂർ നീണ്ട ജലയാത്ര അതുവരെ ഞാൻ നടത്തിയ ക്രൂയിസ് യാത്രകളിൽ നിന്ന് തികച്ചും വിഭിന്നം. ഇരുവശത്തും ആമ്പൽ പൂക്കളും മൊട്ടുകളും പകർന്നേകുന്ന ഭംഗി, പച്ച വിരിച്ച നെൽ പാടങ്ങളുടെ ചാരുത .തൊപ്പിയുടെ മേലേകുട ഘടിപ്പിച്ച് വരമ്പത്തു നിന്ന് പുല്ലറുക്കുന്ന ഒരു കൃഷീവലൻ.ഇടയ്ക്കിടെ കൂട്ടത്തോടെ പച്ചപ്പട്ടു ചാർത്തിയ പാടത്തു നിന്ന് പറന്നു പൊങ്ങുന്ന വെളുത്ത കൊറ്റിക്കൂട്ടം, പ്രിയദർശൻ സിനിമയിലെ പാട്ടുസീൻ പോലെ! അമരത്തു നിന്ന് ചിത്രങ്ങളിലെപ്പോലെ കഴുക്കോലൂന്നി വള്ളത്തിന്റെഗതിവിഗതികൾ നിയന്ത്രിയ്ക്കുന്ന ജീവനക്കാരൻ തിരിച്ചുപോരും മുൻപ് പ്രിയതമനായ ചന്ദ്രന്റെ വേർപാടിൽ വിരഹാർദ്രയായി കൂമ്പിത്തുടങ്ങിയ ആമ്പൽ മൊട്ടുകൾ പറിച്ചു തന്നു, യാത്രയുടെഓർമ്മയ്ക്കായി .രാവിലെയാണ് ബോട്ട് യാത്രയെങ്കിൽ ആമ്പൽ പൂക്കൾ കൊണ്ട് വർണ്ണ പരവതാനി നിവർത്തി എതിരേൽക്കുമായിരുന്നു പ്രകൃതി.മീനിനായി ഒറ്റക്കാലിൽ തപസ്സു ചെയ്യുന്ന കൊറ്റിയപ്പൂപ്പന്റെ ധ്യാനനിമഗ്നതയേയും തോല്പിയ്ക്കു മാറ്ശ്രദ്ധാലുക്കളായ, ചൂണ്ടയിടുന്ന സന്ദർശകരുടെ മുഖത്ത് നിരാശയുടെ വാട്ടം, ചൂണ്ടപൊക്കിയ നേരം ഒഴിഞ്ഞ ചൂണ്ട ക്കൊളുത്തുകാണവേ .പക്ഷേ, നിരാശയെ സന്തോഷമോ മറ്റു വികാര മോ ആയിമാറ്റിമറിക്കാൻ സന്ദർശകരുടെ ആവശ്യാനുസരണം മുരളീഗാനമുതിർത്തുന്ന ജീൻസ് ധാരിയുടെ പക്കലുള്ള ഓടക്കുഴൽ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്ന സന്ദർശകന്റെ മുഖത്ത് ഇനി ഈ കല എനിയ്ക്ക് സ്വന്തം എന്ന നിശ്ചയദാർഢ്യം. തിരിഞ്ഞു നോക്കുമ്പോൾ മോഹന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരി പറയാതെ പറഞ്ഞു "ഇതു ഞാൻ എത്ര കണ്ടതാണ് " ശരിയാണ്.വീട്ടിൽ ശേഖരിച്ചു വച്ചിട്ടുള്ള, പല സ്ഥലത്തു നിന്നും വാങ്ങിയ, വല്ലപ്പോഴും മാത്രം സ്പർശന സുഖം നുകരുന്ന ഓടക്കുഴലുകൾ അതിനു നേർസാക്ഷ്യം ചൊല്ലും.
ചെടികളും കൃഷികളും കണ്ടു നടക്കുന്നതിനിടെ ഒരിടത്ത് കൂർക്കയുടെ വിളവെടുപ്പും വീണ്ടും നടാനുള്ള നടീൽ വസ്തു ശേഖരണവും. പച്ച,വെള്ള കാന്താരിമുളകു കൊടികളുടെ ചുണ്ടിൽ ചെഞ്ചോരത്തുടുപ്പ്.ക്യാരറ്റും, കടുകും കോളീഫ്ലവറും ക്യാബേജും വെയിലിലും തലയാട്ടി നിന്നു. കലപ്പയേന്തി ഉച്ചയ്ക്ക് കഴിയ്ക്കാനുളള ഭക്ഷണപ്പാത്രവും ഏന്തി നിൽക്കുന്ന കർഷകന്റെ വലിയശില്പം കണ്ടു മറന്ന കാഴ്ചകളിലേതുപോലെ തന്നെ. കളിമൺപാത്ര നിർമ്മാണ ശാലയിൽ അഞ്ചു മണിയ്ക്കു തിരികെ യാത്രയാകുമ്പോൾ ഒപ്പം കൂട്ടാൻ സ്വന്തം പേരെഴുതിയ പാത്രത്തിന്റെ നിർമ്മിതി സ്വന്തം കൈ കൊണ്ട് എന്ന നിശ്ചയദാർഢ്യവുമായി മൺപുരണ്ട കൈകളുമായി ഒരു സന്ദർശകൻ തീവ്രയത്നത്തിലാണ്. നിവർത്തി വച്ച കൈയുടെ രൂപത്തിൽഡയറക്ടേഴ്സ് പാം എന്ന ശിൽപ്പത്തിനുള്ളിൽ തല ഉയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ, മരങ്ങൾക്ക് സംരക്ഷണയേകാൻ മനുഷ്യകരങ്ങൾക്കേ കഴിയൂ എന്ന സന്ദേശം വിളിച്ചോതി.
ടിക്കറ്റ് എടുക്കുന്ന നേരത്തു തന്നെ ഉച്ചഭക്ഷണത്തിന് സന്ദർശകരുടെ താൽപ്പര്യാർത്ഥം അനുവദിച്ചു തരുന്ന സമയം നോക്കി തന്നെ ഭക്ഷണം കഴിക്കാനെത്തേണ്ടതുണ്ട്, തിരക്കൊഴിവാക്കാൻ .തവിട്ടാൽ, പേരാൽ, കല്ലാൽ, അരയാൽ എന്നിങ്ങനെ നാലു പേരുകളിലുള്ള ഭക്ഷണശാലകളിലെ ഭക്ഷണവും വിലയും പ്രദർശിപ്പിച്ച ബോർഡിൽ നിന്ന് ,എ സി യുടെ കുളിർമ്മയില്ലാത്ത തവിട്ടാൽ തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് നോൺ വെജ് വിഭവങ്ങളുടെ ലഭ്യതക്കുറവു തന്നെ. നാമമാത്രമായി അത്തരം വിഭവങ്ങൾ ഉണ്ടെങ്കിലും അവയുടെ ഗന്ധരഹിതമായ അന്തരീക്ഷത്തിൽ തൈരും തൈരുമുളകും കൂട്ടി ഒരു ഉച്ചയുണ് .ലിഫ്റ്റുണ്ടെങ്കിലും മുകളിലേക്കും താഴേയ്ക്കും കോണിപ്പടികൾ തെരഞ്ഞെടുക്കാൻ അതുവരെ നടന്ന നടത്തമൊന്നും ഞങ്ങളെ വിലക്കിയില്ല. നിത്യാഭ്യാസി ആനയെ എടുക്കും എന്ന് പറഞ്ഞത് ഞങ്ങളെ രണ്ടു പേരേയും കൂടി ചേർത്തായിരിക്കാം. ലഭ്യതയനുസരിച്ച് ഷാപ്പിലെ കറികൾ കിട്ടുമെന്ന ബോർഡിനും ഞങ്ങളെ അൽപ്പം പോലും പ്രലോഭിപ്പിക്കാനായില്ല, അവിടെ കപ്പയും കാച്ചിലും ചേമ്പും കൂട്ടിനുണ്ടെങ്കിലും.

എക്സികൂട്ടീവ് കോട്ടേജ് അടക്കം,
പല തരത്തിലുള്ള കോട്ടേജുകളും പിന്നിട്ട് നടക്കുമ്പോൾ പ്രൈവറ്റ്, പബ്ലിക് നീന്തൽകുളങ്ങളിൽ പകൽക്കുളിയുടെ തിരയിളക്കം.കോട്ടേജിനകത്തിരുന്ന് മീൻ ചൂണ്ടയിടുന്നതാണത്രേ ഒരുക്കി വച്ച കോട്ടേജുകളുടെ ഹൈലൈറ്റ്. പാതി കടിച്ച ,വിലക്കപ്പെട്ട പ്രലോഭനക്കനിയെ പ്രിയതമനു നീട്ടുന്ന നാണം മറയ്ക്കാത്ത ആദം -ഹവ്വ കപ്പിളിന്റെ വെൺശിൽപ്പം ,കഥകളിൽ നിന്ന് മണ്ണിലേക്കിറങ്ങി വന്ന പോലെ.ഹവ്വയുടെ കണ്ണുകളിൽ, മുഖഭാവങ്ങളിൽ ഒരു മാത്ര ശ്രദ്ധിച്ചു നോക്കി, അവിടെ സ്ത്രീ സഹജമായ ലാസ്യമോ? നിശ്ചയദാർഢ്യമോ?
നക്ഷത്ര വനം പലയിടത്തും നേരത്തേ കണ്ടതിനാൽ കൗതുകം തോന്നിയില്ലെങ്കിലും സംസ്ഥാനങ്ങൾ വേർതിരിച്ചു നിർമ്മിച്ച ഭാരതത്തിന്റെ ഭൂപടം പോലുള്ള നിർമ്മിതിയിൽ ഓരോ സംസ്ഥാനത്തിനകത്തും അതാത് സംസ്ഥാന വൃക്ഷങ്ങൾ വളർത്തിയിരിക്കുന്ന ഐഡിയ സൂപ്പർ!
ടൈൽ പാകിയ നടപ്പാതകളിലൂടെ തിരിച്ചറിയുന്നതും അതിലേറെ തിരിച്ചറിയാത്തതുമായ ഓരോരോ ചെടികളുടെയും വൃക്ഷങ്ങളുടേയും പേരു വായിച്ചു മുന്നോട്ടു പോയിപ്പോയി എത്തിച്ചേർന്നതാകട്ടെ കുഞ്ഞുങ്ങളുടെ സ്വന്തം കുട്ടൂസന്റെയും ഡാകിനിയമ്മൂമ്മയുടെയും മുന്നിൽ. പക്ഷേ അതിനേക്കാൾ അത്ഭുതമായി തോന്നിയത് ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ ശില്പമെന്നു ഗൈഡ് വിശേഷിപ്പിച്ച കൂറ്റൻ നിർമ്മിതിയാണ്, നിവർത്തി വച്ച പേജിലെ ഓരോ വാചകവും അക്ഷരക്കൂട്ടവുമടക്കം !
തേയിലച്ചെടികൾ നട്ടുവളർത്തിയ ചെറിയ കുന്നിന്റെ മുകളിലായി വളഞ്ഞുപുളഞ്ഞു പോകുന്ന ഗോവണി കയറി മുകളിലെത്തിയാൽ ഒരു മാത്ര വിശ്രമിയ്ക്കാം കോൺക്രീറ്റിൽ തീർത്ത ഏറുമാടത്തിൽ.
വീണ്ടും ഇറങ്ങി നടക്കുമ്പോൾ ടിക്കറ്റിനൊപ്പം ലഭ്യമായ അര മണിക്കൂർ നീളുന്ന സൈക്കിൾ യാത്ര ആസ്വദിച്ചു പറന്നു നടക്കുന്നവർ ഞങ്ങളെ പിന്നിട്ടു. എന്നെ പിന്നിലിരുത്തി സൈക്കിൾ ചവിട്ടിപ്പോകാം എന്ന മോഹന്റെ മോഹം വിഫലമാക്കി നടക്കുമ്പോൾ ചിൽറൻസ് പാർക്കിലെ വണ്ടികൾ പോലെ പെഡൽ ചവിട്ടിപ്പോകാൻ കഴിയുന്ന ഗോ കാർട്ടിനെ മുന്നോട്ടു നീക്കാൻ പെടാപ്പാടു് പെടുന്നവർ അരികെ. ഒരു നിമിഷം അവരിൽ നിന്നു വണ്ടി വാങ്ങി പെഡെൽ ചവിട്ടാനൊരുങ്ങുമ്പോൾ വണ്ടിയുടെ മുഖത്തും ഒരു പുച്ഛച്ചിരി- 'മത്സരം എന്നോടോ 'എന്ന മട്ടിൽ.
കുട്ടികൾ ആർത്തുല്ലസിച്ചു കളിക്കുന്ന റൈഡുകൾ പിന്നിട്ട് നടക്കുമ്പോൾ അതാ ഷൂട്ടിംഗ് വേദി. ഫീസ് തിരക്കുമ്പോൾ മൂന്നെണ്ണം ഫ്രീയായി ടിക്കറ്റിൽ ഉൾപ്പെട്ടതാണത്രേ. ദൂരെ ഭിത്തിയിൽ പതിപ്പിച്ചവർണ്ണ ബലൂൺ തകർക്കുകയാണ് ലക്ഷ്യം. ഷൂട്ടിംഗ് പ്രക്രിയ മോഹനിൽ നിന്നും അഭ്യസിച്ച്, ശത്രുക്കളെ ഭക്ഷണമാക്കി മുതലക്കുഞ്ഞുങ്ങളെ വളർത്തി, എല്ലാവരേയും തോക്കിൻ മുനയിൽ നി റുത്തുന്ന ജോസ് പ്രകാശിനെ മനസ്സിൽ ധ്യാനിച്ചു കാഞ്ചി വലിച്ചതും മൂന്നെണ്ണത്തിൽ രണ്ടു ബലൂണിന്റെ കാറ്റു പോയി.ഗുരുവിനെ കടത്തിവെട്ടുന്ന ശിഷ്യയോ? മോഹന്റെ കമന്റിന്റെ അലയൊലികൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുവോ?

പക്ഷിയെ കാണുന്നുവോ എന്നദ്രോണാചാര്യരുടെ ചോദ്യത്തിന് പക്ഷിയെയല്ല; പക്ഷിയുടെ കണ്ണുകളാണ് കണ്ടത് എന്ന് പറഞ്ഞ് ശരമെയ്ത അർജ്ജുനന്റെ വില്ലാളിയായ പിൻഗാമിയാകാനുള്ള എന്റെ വിഫല ശ്രമം കണ്ട് ചുറ്റിലുമുള്ള കാണികൾകരഞ്ഞു കണ്ടില്ലാ; എല്ലാവരും അമ്പെയ്ത്തിന്റെ തിരക്കിലാണിവിടെ.
നാടൻ പാട്ടിന്റെയും ഞാറ്റു പാട്ടിന്റെയും ഈണം തുളുമ്പുന്ന അന്തരീക്ഷത്തിൽ ചക്രം ചവിട്ടി പാടത്തേക്ക് വെള്ളം തിരിക്കുമ്പോൾ ബഹുമാനാർത്ഥം പാദരക്ഷകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം പാലിച്ചു ചക്രം ചവിട്ടി നോക്കി അതിന്റെയും രസം നുകർന്നു.
മുൻ വിദേശയാത്രകളിൽ നമുക്ക് ചുറ്റും എന്തിനേറെ വഴിയരികിൽ പോലും വർണ്ണസഞ്ചയം തീർക്കുന്ന പൂക്കളുടെ നിര കണ്ടു ശീലിച്ച കണ്ണുകൾക്ക് നിരാശ മാത്രം - ഒറ്റയും തെറ്റയുമായി അപൂർവ്വം കണ്ട ചില നാടൻ പൂക്കൾ ഒഴികെ !
പ്രവേശന വേളയിൽ ഉച്ചഭക്ഷണത്തിന് ഓർഡർ നൽകിയ ഒരു മണി വരെ കാണാനുള്ള വക ഉണ്ടാകുമോ എന്നു സംശയിച്ചത് വെറും സംശയം മാത്രമാണെന്നു കാണിച്ചു തന്നു, സമയം മൂന്നരയെന്ന് പറഞ്ഞ വാച്ചിൻ സൂചികൾ .ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്താലേ വീട്ടിലെത്തു എന്നതിനാൽ നാലു മണിക്ക് യാത്ര തിരിയ്ക്കണമെന്ന് മോഹൻ, കണ്ടു തീർന്നില്ലെങ്കിലും. ഓട്ടപ്രദക്ഷിണത്തിന്നവസാനം രാവിലെ കുടിച്ച കാപ്പിയുടെ രുചി വീണ്ടുമറിയാൻ ചായക്കടയിലെ ചേട്ടനെ തിരഞ്ഞപ്പോൾ അവിടെ നാലു മണിച്ചായയുടെ തിരക്ക്; ഒരുത്സവം പോലെ.കണ്ടു മതിയാകാഞ്ഞിട്ടും സമയപരിമിതികൊണ്ട് കാഴ്ച്ച മതിയാക്കി തിരിച്ചിറങ്ങുമ്പോൾ ഫീഡ്ബാക്കിനു വേണ്ടി സംസാരവുമായി പ്രസന്നവതിയായ ജീവനക്കാരി അരികിൽ. ബൈ ബൈ പറഞ്ഞ്പടിയിറങ്ങുമ്പോൾ കണ്ടൂ പച്ചക്കറികളുടെ വിൽപ്പന,ചീരയും ചുരയ്ക്കയുമടക്കം. വീട്ടിൽ എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ടകൂർക്ക ബാലൻസിരിപ്പുണ്ടെങ്കിലും എന്റെ കൺമുന്നിൽ വച്ചുവിളവെടുത്ത കൂർക്കയെ കൂടെ കൂട്ടാതിരിക്കുന്നതെങ്ങനെ? പ്രവേശന ദ്വാരത്തിനടുത്തായി നിർമ്മിച്ച കൂറ്റൻ ആലിലയുടെ ശില്പത്തിനു മുന്നിൽ കടന്നു ചെല്ലുന്നേരം ഇതു കണ്ടില്ലല്ലോ എന്ന് ഒരു നിമിഷം ഓർത്ത് നിന്ന്, ഇനിയും കാണാത്ത കാഴ്ചകൾ കാണാൻ കണ്ണകൾ പരതുമ്പോൾ മുന്നിൽ സംവിധായകന്റെ മുന്നറിയിപ്പ്..'ഇത് ലോകത്തിലെ ആദ്യത്തെ അഗ്രിക്കൾച്ചറൽ തീം പാർക്കാണ്.വാട്ടർ തീം പാർക്കാണ് ഉദ്ദേശിച്ചുവന്നതെങ്കിൽ നിങ്ങൾ തിരിച്ചു പോകുന്നതാണ് ഉത്തമം. മാംഗോ മെഡോസ് കാർഷിക വൃത്തിയേയും, പരിസ്ഥിതിയേയും, സാഹിത്യത്തേയുംആയുർവ്വേദത്തേയും സംസ്കാരത്തെയും തീം ആക്കിയിട്ടുള്ള പാർക്ക് ആണ് .. സംവിധായൻ..'

അതേ, സത്യമാണിത് ഞാനാദ്യമായിക്കണ്ട കാർഷിക വൃത്തിയേയും, പരിസ്ഥിതിയേയും, സാഹിത്യത്തേയുംആയുർവ്വേദത്തേയും സംസ്കാരത്തെയും തീം ആക്കിയിട്ടുള്ള അഗ്രിക്കൾച്ചറൽ തീം പാർക്ക്.
തിരിച്ചുള്ള യാത്രയിൽ വാട്ട്സാപ്പിൽ മെഡിക്കൽ കോളേജിലെ എന്റെ ക്ലാസ് മേറ്റ്സ് ഗ്രൂപ്പിൽ പുട്ടുപുരാണം. പലരുടേയും നാവിൽ വെള്ളമൂറിപ്പിച്ച പുട്ടും ഉപദംശങ്ങളും'. വീട്ടിലെത്തി പതിവ് കുളി, പ്രാർത്ഥന, ആകാശത്തെ നക്ഷത്രക്കുരുന്നിനോട് കിന്നാരം ഓതിക്കൊണ്ടുള്ള ടെറസ്സിലെ പതിവു നടത്തം എല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണത്തിന്നായി പകൽ ബന്ദാചരിച്ച അടുക്കള വാതിൽ തുറന്നു.പതിവുപോലെ പഴങ്ങളിലും സാലഡിലുമൊതുക്കാം അത്താഴം എന്ന് കരുതുമ്പോൾ, രാവിലെ നടത്തത്തിനു മുൻപ് ചോറു വയ്ക്കാൻ കുതിർന്നു വച്ച പുഴുക്കലരിയുടെ പിൻ വിളി. മാംഗോ മെഡോസിന്റെ ഹരിതാഭ പോലെ കുതിർന്നു വലുപ്പം വച്ച ചെറുപയർ കൺമുന്നിൽ.വാട്ട് സാപ്പ്ഗ്രൂപ്പിലെ പുട്ട് പ്രേമം എന്നെയും പിടികൂടിയോ? രാത്രി പതിവില്ലാത്ത പോലെ കുതിർത്തിയ അരി മിക്സിയിലിട്ടു പൊടിച്ചു പുട്ടുണ്ടാക്കി, ചെറുപയറും പഴവും പ്ലേറ്റിൽ വിളമ്പി ,കൂട്ടുകാർക്ക് വാട്ട്സാപ്പ് വഴി പങ്കുവച്ചു കഴിഞ്ഞ് അത്താഴം കഴിയ്ക്കാനിരിക്കുമ്പോൾ ഓർത്തു, ഈ ഞായർ മാംഗോ മെഡോസിന്റെ മാത്രമല്ല; ഈ പുട്ടിന്റെയും കൂടിയാണ്.

ഡോ.വീനസ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo