Showing posts with label Horror. Show all posts
Showing posts with label Horror. Show all posts

അഞ്ചാം പാതിരാ (ബെഡ് റൂം)



രാത്രി സമയം ...
ജിതിൻ്റേയും അരുണിമയുടേയും വീടിൻ്റെ ബെഡ് റൂം .
അവർ ഉറങ്ങി കിടക്കുകയാണ് ,സമയം രാത്രി 2 മണി .
അവർ രണ്ടും ഭാര്യ ഭർത്താക്കന്മാരാണെന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലാലൊ ,എന്നാലും പറയുന്നു ഒരു ദുർബല നിമിഷത്തിൽ അവർ ഭാര്യ ഭർത്താക്കന്മാരായ് .
അങ്ങനെ കിടക്കുന്നതിനിടയിൽ അരുണിമ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റിട്ട് ,ജിതിനെ കുലുക്കി വിളിച്ച് എഴുന്നേപ്പിച്ചിട്ട് പറഞ്ഞു .
"പുകയുടെ മണം" .
"എന്ത് പുക "....! ,ജിതിൻ ദേഷ്യത്തിൽ ചോദിച്ചു .
"ഏട്ടാ .. പ്രേതം ,വരുമ്പോഴുള്ള പുകയുടെ മണം... അവൾ വാചാലയായ്" .
" അതേ ... പ്രേതത്തിൻ്റെ മുന്നിൽ ചൂട്ട് കത്തിച്ചു നടക്കുന്ന നിൻ്റെ അച്ഛൻ്റെ പുകയാ .. അത് " ,ഉറക്കം കളഞ്ഞതിലുള്ള ദേഷ്യത്തിൽ ജിതിൻ പറഞ്ഞു ...
അതിനു മറുപടി പറയാതെ അരുണിമ ഒരു നോട്ടം നോക്കി ..
ആ നോട്ടം കണ്ട് ജിതിൻ മനസ്സിൽ പറഞ്ഞു .
" ഒരു മറുത ഉള്ളപ്പോൾ വേറൊരു പ്രേതം ഈ കോമ്പൗണ്ടിൽ കേറില്ല" .
" എണീക്ക് മനുഷ്യ ,, നമുക്ക് ഒന്നു നോക്കാം " .
അരുണിമ ഓർഡർ ഇട്ടു.
പക്ഷെ ജിതിൻ എഴുന്നേറ്റില്ല ...
"എവിടെ പുക " ..
ജിതിൻ ദേഷ്യം കൊണ്ട് രൂക്ഷമായ് അവളെ നോക്കി ...
എന്നിട്ട് വീണ്ടും പറഞ്ഞു ..
" വേണേൽ നീ പോയ് നോക്ക് ".
അരുണിമ ചെറിയ പേടിയോടെ റൂമിൽ നിന്ന് പുറത്തേക്ക് പോയ്.
എല്ലാടിത്തും നോക്കിയ ശേഷം തനിക്ക് തോന്നിയതാണ് എന്ന് മനസ്സിലാക്കി,
എന്നിട്ട് ജിതിൻ കൂടെ വരാത്തതിലുള്ള നീരസത്തിൽ തിരിച്ചു വന്നു കിടന്നു .
ഉള്ളിലെ ദേഷ്യം അടക്കി ജിതിൻ വീണ്ടും ഉറങ്ങാൻ കിടന്നു ..
കൂടെ അരുണിമയും .
അങ്ങനെ അവർ വീണ്ടും ഉറങ്ങുന്നതിനിടയിൽ ,, രാത്രി അഞ്ചാം പാതിരയിലേക്ക് കടക്കുന്ന സമയം ...
" ജിതിൻ ചാടി എഴുന്നേറ്റു പറഞ്ഞു " .
" എടി .... പുകയുടെ ... മണം "
പക്ഷെ ... അരുണിമ എഴുന്നേറ്റില്ല ...
"എടീ എഴുന്നേക്ക് .....
ജിതിൻ വീണ്ടും പറഞ്ഞു ...
പക്ഷെ അരുണിമ എഴുന്നേറ്റില്ല ,, ഒടുവിൽ ജിതിൻ എഴുന്നേറ്റ് പുക മണം തപ്പി പോയ്....
കുറച്ച് കഴിഞ്ഞ് തിരിച്ചു വന്നു കിടക്കുന്നതിനിടയിൽ ജിതിൻ ഉറങ്ങുന്ന അവളോട് ചോദിച്ചു .
"നീയാണൊ അടുപ്പിൽ തീ ഇട്ടത് " .
കിടക്കുന്നിടത്ത് കിടന്ന് കണ്ണടച്ചു കൊണ്ട് അരുണിമ പറഞ്ഞു .
''അതെ ... നിങ്ങള് എഴുന്നേറ്റ് പോയ് ഒന്നു തപ്പി വരാൻ വേണ്ടി ചെയ്തതാ ...." ,ഞാൻ വിളിച്ചപ്പോ വന്നില്ലല്ലൊ ..." ?!
ജിതിൻ മിണ്ടിയില്ല ...
കാരണം ... അഞ്ചാം പാതിരയിൽ നിന്ന്
മണി ചിത്രതാഴിലേക്ക് കടന്ന് അവളെ ഒരു നാഗവല്ലിയാക്കി മാറ്റാൻ അവൻ ആഗ്രഹിച്ചിരുന്നില്ല .
------------------------

ഡോ റോഷിൻ 

ശ്രാവന്തി(കഥ)

പശ്ചിമ കൊച്ചിയിൽ സോങ്ങ് ഓഫ് ദ കെയ്റോ അപ്പാർട്ട്മെന്റിൽ ഞാൻ ട്യൂഷനെടുത്തു കൊണ്ടിരുന്ന ചെറിയ ഹാളിലേക്ക് ശ്രാവന്തി പെട്ടെന്ന് കയറി വന്നപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി.
ശ്രാവന്തി എന്റെ പ്ലസ് ടു ക്ലാസുകളിലെ ഏറ്റവും മിടുക്കിയായ ഒരു വിദ്യാർഥിനിയാണ്. ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാക്കാത്ത കുട്ടി. എന്തെങ്കിലും ഒരു കാരണം ഇല്ലാതെ അങ്ങനെ ക്ലാസ്സിൽ ഇടിച്ചു കയറി വരാൻ സാധ്യതയില്ലാത്ത ഒരു കുട്ടി.
"ശ്രാവന്തി, ഐ ആം ഇൻ ക്ലാസ്. കുഡ് യു പ്ലീസ് സിറ്റ് ഔട്ട്സൈഡ് ഫോർ എ വൈൽ?"
"സോറി സർ... ദ്‌ മാറ്റർ ഈസ് വെരി അർജന്റ്‌. അതാ പ്ലീസ്‌ "
എന്റെ അസ്വസ്ഥത വളരെയധികം വർദ്ധിച്ചു.. പത്തിലധികം കുട്ടികൾ ഉള്ള പ്ലസ് ടു ബാച്ചിൽ, പുറകിൽ നിന്ന് രണ്ടാമത്തെ ബെഞ്ചിൽ ചുമരിനോട് ചേർന്നുള്ള സീറ്റിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കുന്ന ശ്രാവന്തിയുടെ പരിസരത്ത് കുറച്ചു ദിവസങ്ങളായി താൻ കൂടുതൽ സമയം ചിലവഴിച്ചത് അവളുടെ മുഖത്തു നിന്നും കണ്ണുകളിൽ നിന്നും വായിച്ചെടുക്കാൻ ഞാൻ വൃഥാ ശ്രമിച്ചു.
"പ്ലീസ് സർ... ഒന്ന് എന്റെ കൂടെ വരണം.”
ശ്രാവന്തി പിന്നെയും കരയും പോലെ പറഞ്ഞു. പരിഭ്രമം ആ കുട്ടിയുടെ മുഖത്ത് വളരെ വ്യക്തമായി കാണാമായിരുന്നു.
ഞാൻ ചോദിച്ചു.
"ശ്രാവന്തി, വാട്ട് ഹാപ്പെൻഡ്? താൻ കാര്യം പറ"
പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് അവൾ ഓടി എന്റെ തൊട്ടു മുൻപിലേക്ക് വന്നു നിന്നു.
"സർ, പ്ലീസ് കം. ഐ ആം ഇൻ എ സീരിയസ് പ്രോബ്ലം.”
"പ്രോബ്ലമോ? ഐ ഡിഡ് ന്റ് ഗെറ്റ് യു.."
"സംസാരിച്ചു നിൽക്കാൻ സമയമില്ല സർ. വീട്ടിലാണ്. വേഗം വരണം പ്ലീസ്.”
അകാരണമായി ആ കുട്ടി ഒന്നും പറയില്ല എന്ന് അറിയാവുന്ന ഞാൻ വേഗം തന്നെ തിരിച്ചു ക്ലാസിലേക്ക് പോയി ക്ലാസ്സ് അവസാനിപ്പിച്ച് കുട്ടികളെ യാത്രയാക്കി. പിന്നെ അതേ ഡ്രസ്സിൽ ശ്രാവന്തിയുടെ വീട്ടിലേക്ക് പോയി.
പോകും വഴി ശ്രാവന്തിയുടെ സ്കൂട്ടറിന് പുറകിൽ ഇരുന്നുകൊണ്ട് ഞാൻ അവളോട് ചോദിച്ചു.
"എന്താ മോളെ പ്രശ്നം? വാട്ട് ഈസ് ദ മാറ്റർ? ഇത്രയും സീരിയസ് ആയ എന്ത് വിഷയമാണ്?"
അവൾ സ്കൂട്ടർ നേരെ ഓടിക്കാൻ കഷ്ടപ്പെട്ടു കൊണ്ട് എന്നോട് സംസാരിക്കാൻ ശ്രമിച്ചു.. ശബ്ദം തൊണ്ടയിൽ കുടുങ്ങി, സംസാരിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
"സർ.... ഐ ഡോണ്ട് നോ വെദർ യു വിൽ ബിലീവ്. മേ ബി യു കാണ്ട് ബിലീവ്.”
"അത് പോട്ടെ കുട്ടീ , കാര്യം പറ"
"സർ... ഞാൻ... ഞാൻ എന്റെ അമ്മയെ കൊന്നു!"
"വാട്ട്‌!"
"യെസ് സർ.. ഞാൻ അവരെ കൊന്നു.”
"ബട്ട്‌ വൈ?" സത്യമായിട്ടും സ്കൂട്ടറിന്റെ പുറകിൽ നിന്ന് ചാടാനുള്ള പ്രേരണ എനിക്ക് അടക്കാൻ വളരെ കഷ്ടപ്പെടേണ്ടി വന്നു.
"പറയാം സർ, പക്ഷേ, സർ അമ്മയുടെ ബോഡി കണ്ടാലേ ഒരുപക്ഷേ എനിക്കത് മനസ്സിലാക്കിത്തരാൻ പറ്റൂ.”
അവളുടെ ഗദ്ഗദവും തൊണ്ടയിടറലും കേട്ടപ്പോൾ കൂടുതൽ ഒന്നും എനിക്ക് ചോദിക്കാൻ സാധിച്ചില്ല. എങ്കിലും ഞെട്ടൽ അടക്കാൻ പറ്റാത്ത കാരണം ഞാൻ ചോദിച്ചു.
"എന്നിട്ട് ബോഡി വീട്ടിൽ തന്നെയാണോ ഉള്ളത്?"
എന്റെ ചോദ്യത്തിന് ശ്രാവന്തി ഒരുത്തരവും പറഞ്ഞില്ല. ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് അവൾ വണ്ടി ഓടിച്ചു.
ആകെ ഭയന്ന് വിറച്ച് പുറകെ ഇരുന്ന ഞാൻ ഒരു ധൈര്യത്തിനെന്നോണം ശ്രാവന്തിയുടെ ഇടുപ്പിൽ കൈ പിടിച്ചു. അത്രയും ടെൻഷൻ ഉള്ള സാഹചര്യം ആയിരുന്നിട്ടു കൂടി അവളുടെ ശരീരത്തിന്റെ ചൂടും മൃദുത്വവും അല്പമായി പുറകിൽ കിട്ടിക്കൊണ്ടിരുന്ന വിയർപ്പിന്റെ ഗന്ധവും എന്നെ വികാരം കൊള്ളിച്ചു കൊണ്ടിരുന്നു.
ശ്രാവന്തിയുടെ വീട്ടിൽ അവളുടെ അമ്മ മാത്രമേയുള്ളൂ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതാണ്. ശ്രാവന്തിയെ വളർത്തിയതും വലുതാക്കിയതുമെല്ലാം അമ്മയാണ്. എൽഐസി ഏജൻസിയും അല്പം തയ്യലുമെല്ലാമായി അവർ വളരെ നല്ല രീതിയിൽ ആ കുടുംബം നോക്കുന്നു.. അവരുടെ ആഗ്രഹം പോലെ തന്നെ ശ്രാവന്തി നല്ല രീതിയിൽ പഠിക്കുകയും നല്ല മാർക്ക് വാങ്ങുകയും ഒരുപാട് അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
ആ അമ്മയെയാണ് അവൾ കൊന്നെന്ന് പറയുന്നത്.
കൈയും കാലും വിറച്ചിട്ടും, താൻ പെടാൻ പോകുകയാണെന്ന് മനസ്സ് അലമുറയിട്ട് പറഞ്ഞിട്ടും എന്തിനാണ് ഞാൻ ഈ പ്രശ്നത്തിൽ ഇടപെടുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
വീടിന്റെ ഗേറ്റ് കടന്ന ഉടനെ ശ്രാവന്തി വണ്ടി ഗേറ്റിനു സമീപത്ത് നിർത്തി. എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് എന്നോട് ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.
"സർ.... എനിക്കാരൂല്ല... സർ അകത്തേക്ക് പോയി നോക്ക്.. എന്റെ അമ്മ... ഞാൻ പാവം എന്റെ അമ്മയെ കൊന്നു സർ.”
ഞാൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ച അവളുടെ കൈകൾ വിടുവിച്ച് എന്റെ കൈകൾ കൊണ്ട് അവളുടെ കൈകൾ മുറുകെപ്പിടിച്ചു. വലതു കൈ കൊണ്ട് കൈകളിൽ ആശ്വസിപ്പിക്കും പോലെ തട്ടി.
പിന്നെ, അവളെ അവിടെ നിർത്തി വീട്ടിലേക്ക് നീങ്ങി.
മുൻവാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. ഒരു കൊലപാതകം ചെയ്തിട്ട് ഈ കുട്ടി ഇത്രയും കെയർലെസ് ആയിട്ടാണോ പുറത്തേക്ക് ഓടി വന്നത് എന്ന് എന്റെ അദ്ധ്യാപക മനസ്സ് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു.
സ്വീകരണ മുറി എപ്പോഴത്തെയും പോലെ വൃത്തിയായി കിടന്നിരുന്നു. കർട്ടനുകൾ നന്നായി അലക്കി ഇസ്തിരിയിട്ട്‌ സൂക്ഷിച്ചിരുന്നു. സെറ്റിയുടെ മധ്യത്തിലായി കിടന്നിരുന്ന ചൂരൽ കൊണ്ടുള്ള ടീപോയിയിൽ ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രം നന്നായി മടക്കി വെച്ചിരിക്കുന്നു.
ഞാൻ ഹാളിലേക്ക് കടന്നു. എവിടെയാണ് നോക്കണ്ടത് എന്ന് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. ഡൈനിംഗ് ടേബിളിന്റെ അടിയിലും വാതിലിനു മറവിലും എല്ലാം ഞാൻ നോക്കി. എവിടെയും ബോഡി കണ്ടില്ല.
അടുത്തതായി ഞാൻ തൊട്ടടുത്ത് കണ്ട മുറിയിലേക്ക് കടന്നു. കണ്ണിൽ കുത്തിയാൽ അറിയാത്തത്ര ഇരുട്ട്. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ടോർച്ച് ഓണാക്കി ഞാൻ മുന്നോട്ട് നടക്കാനാഞ്ഞു.
പെട്ടെന്ന് എന്തോ എന്റെ ശരീരം തട്ടി മറിഞ്ഞ് വീണു. അത് താഴെ വീണ ശബ്ദം കേട്ട് എന്റെ ശ്വാസം നിലച്ചു പോയി. ടോർച്ചിന്റെ വെളിച്ചം അതിലേക്ക് പായിച്ച ഞാൻ ഒന്നുകൂടി ഞെട്ടി. ഒരു വലിയ കമ്പി ആയിരുന്നു അത്. ഒരു വശത്ത് കൂർത്ത മുനയോട് കൂടിയ അതിന്റെ മറ്റെയറ്റം പരന്നതായിരുന്നു. കൂർത്ത അറ്റത്ത് എന്തോ കൊഴുത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കണ്ട് ഞാൻ വെളിച്ചം അങ്ങോട്ട് കാണിച്ചു. ചോരയായിരുന്നു അത്.
പുറകോട്ട് മലച്ചു പോയ ഞാൻ വീണ്ടും വെളിച്ചം മുറിയുടെ മറ്റു ഭാഗങ്ങളിലേക്ക് കാണിച്ചു. മുറിയുടെ നടുക്ക് ആകെ ഉലഞ്ഞു കിടന്നിരുന്ന വിരിയും തലയിണയുമായി കിടന്ന കട്ടിലിനരികിൽ സ്വർണ വളകളിട്ട ഒരു കൈയുടെ ഭാഗം ഞാൻ കണ്ടു.
പതിയെ നടന്ന് ബോഡിയ്ക്കരികിലെത്തിയ ഞാൻ വീണ്ടും ഞെട്ടി.
നെഞ്ചിനും വയറിനും നടുക്കായി രൂപപ്പെട്ടിരിക്കുന്ന ഒരു വലിയ ദ്വാരത്തിൽ നിന്നും രക്തം വാർന്ന് മുറിയിൽ തളം കെട്ടി നിൽക്കുന്നു. കണ്ണുകൾ തുറന്നു തന്നെ കിടക്കുകയാണ്. വസ്ത്രം അഴിഞ്ഞുലഞ്ഞിരിക്കുന്നു.
ഇനിയെന്ത് ചെയ്യാനാണ് ഈ കുട്ടി പ്ലാൻ ചെയ്തിരിക്കുന്നത്? പോലീസിൽ അറിയിക്കുന്നുണ്ടോ? ആരും അറിയാതെ കുഴി വെട്ടി മൂടാൻ ആണോ?
തുറിച്ചു നിൽക്കുന്ന കണ്ണുകളുടെ നോട്ടം നേരിടാനാകാതെ ഞാൻ കൈകൾ കൊണ്ട് മൃതദേഹത്തിന്റെ കണ്ണുകൾ മൂടി. ശ്രാവന്തിയെ വിളിക്കാനായി എഴുന്നേറ്റു. വാതിലിന് പുറത്ത് നിന്നും വളരെ തീവ്രമായി മുറിയിലേക്ക് കടന്നു വന്ന വെളിച്ചത്തിന് നേരെ ശരീരം തിരിഞ്ഞപ്പൊഴേക്കും വല്ലാത്തൊരു വേദന എന്റെ വയറിന് മുകളിലായി അനുഭവപ്പെട്ടു. എന്തായിരിക്കും അത് എന്ന് ആലോചിച്ച് കൈ കൊണ്ട് ഒന്ന് തൊട്ടു നോക്കാൻ സാധിക്കും മുൻപ് പുറമെ നിന്നുമുള്ള വെളിച്ചത്തെ മൂടിക്കൊണ്ട് കണ്ണിൽ ഇരുട്ട് പരന്നു.. കണ്ണിലെ പ്രകാശം മൂടും മുൻപ് ഒരു പ്രാവശ്യം കൂടി ശ്രാവന്തിയുടെ കൈയിലിരുന്ന കമ്പി ഒരിക്കൽ കൂടി എന്റെ വയറിൽ തുളഞ്ഞു കയറി.
ഒരു ഞെരക്കത്തോടെ പുറകോട്ട് മറിഞ്ഞ് വീഴും മുൻപ് ഞാൻ അവളോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
"എന്തിന്... നീ.."
വീണു കിടക്കുന്ന എന്റെ രണ്ടു കാലുകളിലും പിടിച്ച് വലിച്ച് അവൾ എന്നെ അമ്മയുടെ ശരീരത്തിന് മുകളിൽ ക്രോസ് ആയി കിടത്തി.
പിന്നെ താഴേക്ക് തൂങ്ങി നിൽക്കുന്ന എന്റെ തലയുടെ സമീപത്തായി മുട്ടുകുത്തിയിരുന്ന് എന്നോട് പറഞ്ഞു.
"അമ്മയെ കൊന്നതിന് ഒരു കാരണം വേണ്ടെ സർ.”
ഇരുട്ട് പൂർണമായും എന്റെ കണ്ണുകളെ മൂടുന്നതിന് മുമ്പായി ഞാൻ ഒരു കാഴ്ച കൂടി കണ്ടു.
അതേ ഇരുമ്പുകമ്പി വാതിലിനടുത്ത്, വീഴാൻ പാകത്തിനു ചാരി വെച്ച ശേഷം ശ്രാവന്തി ഫോണിൽ ആരെയോ വിളിക്കുന്നു. ശബ്ദത്തിൽ അതേ പരിഭ്രമം.
"സർ... പ്ലീസ്... പ്ലീസ് ഹെല്പ്. ഞാൻ ഒരു പ്രശ്നത്തിലാണ്.”
പിന്നെ ഞാൻ ഒന്നും കണ്ടില്ല.
------
രാജീവ് പണിക്കർ (പണിക്കത്തി)

രക്ത രക്ഷസ്സ് ( കഥ )

Image may contain: 1 person, closeup

കലാനിലയം അവതരിപ്പിച്ച വളരെ പ്രശസ്തമായ നാടകം " രക്ത രക്ഷസ് " കണ്ടു മടങ്ങുകയായിരുന്നു വിജയനും കുടുബവും നാടകം കാണാൻ വിജയൻ നിർബന്ധിച്ച് അവരെ കൂട്ടിക്കൊണ്ട് പോയതാണ് ആദ്യമൊന്നും അവർക്ക് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല കാരണം വർഷങ്ങൾ പഴക്കമുള്ള നാടകമല്ലെ കൂടാതെ ഇന്നത്തെ കാലത്ത് നാടകത്തിനോടൊന്നും ആർക്കും പഴയ പോലെ കാണാൻ ആൾക്കാർ ഏതു നാടകത്തിനായാലും ഉണ്ടാകാറുമില്ല അതും ഒരു കാരണമായി അവർ പറഞ്ഞു
പക്ഷെ വിജയന് അങ്ങനെയല്ല കുഞ്ഞുന്നാളിൽ അച്ഛൻ രാഘവനിൽ നിന്ന് പകർന്ന് കിട്ടിയതാണ് ഈ നാടകക്കമ്പം , അച്ഛന്റെ കൈ പിടിച്ച് ആദ്യമായി പോയിക്കണ്ട നാടകം അതാണ് രക്ത രക്ഷസ്സ്
അന്ന് നാടകം കളിക്കുന്ന സ്ഥലത്ത് കിലോമീറ്ററുകളോളം നടന്നാണ് പോവുക വഴിയാണെങ്കിൽ ഇന്നത്തെ പോലെ അത്ര സൗകര്യവും ഇല്ല
നാടകം കണ്ട് തിരിച്ച് വരുന്നവർ പേടിച്ചു കൊണ്ടായിരിക്കും നടക്കുന്നത് ഏതെങ്കിലും ഒന്നൊ രണ്ടൊ പേരുടെ കൈയ്യിൽ മാത്രമായിരിക്കും നല്ല ടോർച്ച് ലൈറ്റുകൾ ഉണ്ടാവുക , ചിലർ തേങ്ങോല കൊണ്ട് ചൂട്ട് കത്തിച്ച് കഥ പറഞ്ഞു നടക്കും അങ്ങനെയുള്ള പഴയ ഓർമ്മകൾ പങ്കു വെച്ചാണ് വിജയൻ വീണ്ടും രക്ത രക്ഷസ്സ് കാണാൻ അവരെയും കൂട്ടി പോയത്
രാത്രി നേരത്തെ ഭഷണമെല്ലാം കഴിച്ച് ഓട്ടോയിലാണ് പോയത് ഓട്ടോയിൽ കയറാൻ ഒരുങ്ങവെ പേടിയൊന്നും ഇല്ലല്ലൊ മോളെ ? വിജയൻ വീണ്ടും തന്റെ മകളായ മിനി മോളോട് ചോദിച്ചു അവൾ ഇല്ലച്ഛാ ഞാൻ അന്നൊരു പ്രേതകഥ പറയുന്ന സിനിമ ടീവീല് വന്നപ്പൊ കണ്ടിരുന്നു എന്ന് മറുപടിയും പറഞ്ഞു
വിജയന് മൂന്ന് മക്കളാണുള്ളത് രണ്ണാണും ഇളയ കുട്ടിയായ മിനിയും , മിനിക്ക് ഏഴ് വയസ്സ് പ്രായം അച്ഛന്റെയൊപ്പം നാടകം കാണാൻ അവൾക്കു മാത്രമെ ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടായുള്ളൂ ...
നാടകം കഴിഞ്ഞു മടങ്ങാൻ നേരം അവരെ കൊണ്ടിറക്കിയ വാടക പിടിച്ചു വന്ന ഓട്ടൊ കാണാനില്ല , വിജയൻ അവിടെ റോഡരികിൽ പാർക്ക് ചെയ്ത ഭാഗത്ത് എല്ലായിടത്തും തിരഞ്ഞു അവിടെ എങ്ങും ഇല്ല ..‌ !!
ഇനിയെന്തു ചെയ്യും ? നാടകം കാണാൻ വന്നവർ ഒന്നൊന്നായി മടങ്ങിക്കഴിഞ്ഞു മറ്റൊരു വണ്ടി എളുപ്പത്തിൽ കിട്ടാൻ സാധ്യതയുള്ള സ്ഥലവും അല്ല , വിജയനും മൂത്ത മകൻ രാഹുലും കൂടി വേറൊരു വണ്ടി കിട്ടാനുള്ള വഴി തേടി ഇത്തിരി ദൂരെയുള്ള ഭാഗത്തേക്ക് നടന്നു
ആ സമയത്ത് ഭാര്യയെയും മിനി മോളെയും രണ്ടാമത്തെ കുട്ടി രാഗേഷിനെയും ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞാണ് പോയത്
ഓട്ടോക്കാരന്റെ നമ്പർ നിന്റെ അച്ഛന് വാങ്ങി വെക്കാത്തതാ ഇതിനെല്ലാം കാരണം മകൻ രാഗേഷിനോടായ് രാഗിണി പറഞ്ഞു
അത് കേട്ടപ്പോൾ രാഗേഷ് പറഞ്ഞു അത് അമ്മേ അച്ഛന്റെ ധാരണ കണ്ടു പരിചയമുള്ള ആളല്ലെ അതുകൊണ്ട് പറഞ്ഞത് പോലെ കാത്തിരിക്കുമെന്നാ അയാൾ ചതിക്കുമെന്ന് അച്ഛന് അറിയൊ ?
എല്ലാവരും പോയിക്കഴിഞ്ഞു വണ്ടി അന്വേഷിച്ചു പോയ വിജയനെയും രാഹുലിനെയും കാണുന്നുമില്ല , അതുവരെ നാടകം കണ്ടിട്ട് പേടിക്കാതെ പിടിച്ചു നിന്ന മിനിക്കുട്ടിയുടെ ഉള്ളിൽ ചുറ്റും പേടിപ്പെടുത്തുന്ന എന്തൊക്കെയൊ നടക്കുന്നതായി തോന്നാൻ തുടങ്ങി
കാറ്റിന്റെ ഇലയനക്കങ്ങളിൽ അവൾ കാതോർത്തു ....ഇത് അതു തന്നെ രക്ത രക്ഷസ്സ് വരുമ്പോഴുള്ള അതേ ശബ്ദം , ദൂരെ റോഡിലൂടെ പോകുന്ന ലോറിയുടെ ഹോറൺ അവൾക്ക് രാക്ഷസന്റെ അട്ടഹാസമായി തോന്നി ... പെടുന്നനെയായിരുന്നു ഉറക്കെയുള്ള ആ വിളി അമ്മേ ... പെട്ടെന്നായതിനാൽ രാഗിണിയും രാഗേഷും ആദ്യം പകച്ചു പോയി
എന്താ മോളെ , എന്താ ഉണ്ടായെ , പേടിച്ചതാണൊ ?
മോള് പേടിക്കാതെ അവരിപ്പൊ വരും വന്നയുടൻ വീട്ടിലോട്ട് പോകാല്ലൊ പിന്നെന്തിനാ പേടിക്കുന്നെ ..
അപ്പോഴേക്കും വിജയനും രാഹുലും വേറെ വണ്ടി റെഡിയാക്കി തിരിച്ച് വന്നു , വാ ...
വേഗം വണ്ടിയിൽ കയറൂ... എന്ന് പറഞ്ഞ് വിജയൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ തന്നെ അവരെ അകത്തേക്ക് വിളിച്ചു അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങി
എങ്കിലും ആ നേരത്തും മിനിക്കുട്ടി എന്തൊക്കെയൊ പിച്ചും പേയും പറയുന്നത് അവർ കേട്ടു
വീട്ടിലെത്തിയ ഉടൻ അവർ അവളെ സമാധാനിപ്പിച്ചു ബാക്കിയുണ്ടായിരുന്ന കഞ്ഞിയും വെള്ളവുമെല്ലാം കുടിക്കാൻ കൊടുത്ത് കഴിഞ്ഞപ്പോൾ മിനിക്കുട്ടി സാധാരണ പോലെ ആയി
രാത്രി വളരെ വൈകി ഇനി ഉറങ്ങാമെന്ന് കരുതി ലൈറ്റെല്ലാം ഓഫാക്കി അവർ കിടക്കാൻ ഒരുങ്ങി ഇരുൾ നിറഞ്ഞ നേരത്ത് അതാ വീണ്ടും ഒരു ശബ്ദം അടുക്കളയിൽ നിന്നായിരുന്നു അത് പാത്രമൊ പാത്രത്തിന്റെ മൂടിയൊ ആയിരുന്നു അത്
പക്ഷെ അതിൽ മിനിക്കുട്ടിക്ക് പ്രേതത്തിന്റെ സ്വരമായാണ് തോന്നിയത് ആദ്യത്തെ പോലെ ഉറക്കെ അല്ലെങ്കിലും അല്പം ശബ്ദം താഴ്ത്തി ഇടറിയ സ്വരത്തിൽ പിന്നെയും അമ്മേ ... എന്ന് വിളിച്ചു അതു കേട്ടതും വിജയനും രാഗിണിയും ഒരേ സ്വരത്തിൽ എന്താ മോളെയെന്ന് തിരിച്ച് ചോദിച്ചു
അപ്പോൾ മിനിക്കുട്ടി വിങ്ങിക്കൊണ്ട് പറഞ്ഞു ആ രാക്ഷസൻ ഇവിടെയുണ്ട് അല്ലെ ... ഞാൻ അടുക്കളയിൽ നിന്ന് അയാളുടെ ശബ്ദം കേട്ടു രക്ത രക്ഷസ്സ് അതിപ്പൊ നമ്മുടെ മുറിയിൽ വരും , അമ്മേ ... വാതിലടക്കമ്മെ വാതിലടക്ക്
അതും കൂടി ആയപ്പോൾ രാഗിണി ജയേട്ടാ ... നമ്മുടെ മോള് ദേ നോക്കിയെ ജയേട്ടാ .‌‌.. ഈശ്വരാ ... ഞാനിത് എങ്ങനെ സഹിക്കും രാഗിണി പൊട്ടിക്കരയാൻ തുടങ്ങി വിജയൻ അതൊന്നും കേൾക്കാൻ നിൽക്കാതെ ഒന്നൂല്ല മോളെ എന്ന് പറഞ്ഞ് മുറിയിലെ ലൈറ്റ് ഓണാക്കി അവളുടെ തലയിൽ തലോടിക്കൊണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു
അപ്പോഴും മിനിക്കുട്ടി പലതും പിറുപിറുക്കുയുണ്ടായി , എല്ലാം കൊണ്ടും എന്ത് ചെയ്യണമെന്ന് അറിയാതെ നേരം പുലരും വരെ അവർ പരസ്പരം നനഞ്ഞ മിഴികളുമായ് മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നേരം വെളുപ്പിച്ചു ...
പേടിയും ഉറക്കമൊഴിഞ്ഞ ക്ഷീണവും എല്ലാം ആയപ്പോഴേക്കും മിനിക്കുട്ടി തളർന്നുറങ്ങി മകൾ ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ വിജയൻ രാഗിണിയോടായ് പറഞ്ഞു നീ അതും ഇതും പറഞ്ഞ് വെപ്രാളപ്പെട്ട് വിഷമിക്കാതെ , ഇപ്പോൾ അവൾ ഉറങ്ങി ‌‌‌... നന്നായി ഉറങ്ങട്ടെ ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്ക് എല്ലാം ശരിയാകും നമ്മുടെ മോൾക്ക് ഒന്നും സംഭവിക്കില്ല
എന്തെങ്കിലും എന്റെ മോൾക്ക് പറ്റിയാൽ എനിക്കത് താങ്ങാനാവില്ല ജയേട്ടാ ... അല്ലേലും നിങ്ങളാ എല്ലാറ്റിനും കാരണം , നിങ്ങളോട് നാടകം കാണാൻ വരുന്നില്ലാന്ന് പറഞ്ഞതല്ലെ എന്നിട്ടും നിർബന്ധിച്ച് കൂട്ടി പോയി എന്നിട്ടൊ എന്നേം മക്കളെയും ആ നട്ടപ്പാതിരാക്ക് വണ്ടി കാണുന്നില്ല എന്ന് പറഞ്ഞ് അവിടെ നിർത്തി അതാ കാരണം ... രാഗിണി പറഞ്ഞു
നിർത്തുന്നുണ്ടൊ നീ ... ഞാൻ അറിഞ്ഞു കൊണ്ട് നിങ്ങളെ അവിടെ നിർത്തിയതാണൊ ?
നേരം പുലർന്നിട്ടും നടന്നതൊന്നും അറിയാതെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു രാഹുലും രാഗേഷും ഇരുവരും വഴക്ക് കൂടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്
എന്താ .... എന്താ ഉണ്ടായെ ? അവർ മറുപടിയൊന്നും പറഞ്ഞില്ല രണ്ടു പേരും മൗനം പൂണ്ടു , അല്പ നേരം കഴിഞ്ഞ് വിജയൻ രാഗിണിയോടായ് പതുക്കെ പറഞ്ഞു ഒച്ച വെച്ചും കരഞ്ഞും ഇതൊന്നും ഇനിയാരെയും അറിയിക്കേണ്ട ന്റെ മോള് ഉറങ്ങി എണീക്കുമ്പോഴേക്ക് എല്ലാം ശരിയാകും നീ നോക്കിക്കൊ
വിജയന്റെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം അതിനാൽ മിനി മോൾ ഉറങ്ങുന്നതും നോക്കി രണ്ടാളും അവളുടെ അരികിൽ നിന്ന് മാറാതെ ഇരുന്നു അപ്പോഴാണ് മിനിക്കുട്ടി പതിവില്ലാതെ ഉറക്കിൽ മ്ം ... മ്ം.‌‌‌.. എന്ന് അസ്വസ്ഥമായി മൂളുന്നത് ശ്രദ്ധയിൽ പെട്ടത് അപ്പോൾ വിജയന് മനസ്സിലായി മകളെ ഭയം നന്നാനന്നായി ബാധിച്ചിട്ടുണ്ടെന്ന് എങ്കിലും പതറാതെ മിനി മോൾ ഉറങ്ങി എണീക്കുന്നത് വരെ കാത്തിരുന്നു
മൂന്നു നാല് മണിക്കൂർ കഴിഞ്ഞു മിനുക്കുട്ടി ഉണർന്നു , ഉണർന്നു കഴിഞ്ഞ അവൾ വീണ്ടും സാധാരണ പോലെയായി കണ്ടത് വിജയനും രാഗിണിക്കും തെല്ലൊന്നുമല്ല ആശ്വാസം പകർന്നത് പക്ഷെ അത് അല്പ നേരം മാത്രമേ അങ്ങനെ കണ്ടുള്ളൂ
പിന്നീട് അങ്ങോട്ട് മിനിക്കുട്ടി മുതിർന്നവരെ പോലെ സംസാരിക്കാൻ തുടങ്ങി , നാടകത്തിലെ ഡയലോഗുകൾ കാണാപാഠം പടിച്ച് അതിലേക്കാൾ ഉയർന്ന ശബ്ദത്തിൽ ഉരുവിടുന്നു
ഇടയ്ക്കിടെ അമ്മയെയും അച്ഛനെയും പോലും തിരിച്ചറിയാത്ത വിധം പെരുമാറുന്നു
ഏട്ടൻ രാഹുലിനെ നോക്കി നീയാണല്ലെ രാക്ഷസൻ എന്ന് പറഞ്ഞ് അട്ടഹസിക്കുന്നു
വിടില്ല ..... നിന്നെ ഞാൻ വിടില്ല എന്ന് പറഞ്ഞു ആക്രോശിക്കുന്നു
എല്ലാം കണ്ട് ആ വീട് ശോക മൂകമായ് മാറി , ഇനി തന്റെ മോളെ പഴയ നിലയിൽ കൊണ്ടു വരാൻ ആകുമൊ എന്ന് ചിന്തിച്ച വിജയൻ നിറ കണ്ണുകളോടെ മിനി മോളെ വാരിപ്പുണർന്ന് കൈയ്യിലെടുത്ത് നെറ്റിയിൽ ചുംബനം നൽകി
ആരോടും ഒന്നും പറയാൻ നിൽക്കാതെ
വിജയൻ മിനി മോളെയും കൂട്ടി വേഗം ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി
കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ഭാഗ്യം കൊണ്ട് ഇപ്പോൾ നിങ്ങളുടെ കുട്ടിക്ക് ഒന്നും സംഭവിച്ചില്ല ഇടയ്ക്കിടെ നോർമൽ ആവുന്നത് പ്രതീക്ഷക്ക് വക നൽകുന്നു മൂന്ന് ദിവസം ഞാൻ തരുന്ന ഗുളികയും മരുന്നും കൊടുത്തു നോക്കുക
കുറച്ചു ദിവസം വരെ മോളെ പതിവിലും കൂടുതൽ ശ്രദ്ധയോടെ നോക്കണം , ഭയപ്പെടുത്തുന്നത് കാണാനൊ വലിയ ശബ്ദം കേൾക്കാനൊ ഇടവരരുത്
പേടിക്കാനൊന്നുമില്ല മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഇവിടെ വരണം വേറെ ഗുളിക തരാം ആവശ്യം വന്നെങ്കിൽ ഇവിടെ കിടത്തി ചികിത്സിക്കേണ്ടി വരും
അങ്ങനെ മിനി മോളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി ആ സമയത്ത് രാഗിണി തന്റെ കുട്ടിക്ക് ഒന്നും വരുത്തല്ലെ ദൈവമേ ... എന്ന പ്രാർത്ഥനയിലായിരുന്നു
ഭാഗ്യത്തിന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മിനിക്കുട്ടി സാധാരണ നിലയിലായി
അതിനു ശേഷം വിജയൻ ബന്ധുക്കളോടും കൂട്ടുകാരോടുമായ് ശക്തമായി പറയും പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഭയപ്പെടുത്തുന്ന ഹൊറർ സിനിമകളും നാടകങ്ങളുമൊന്നും കാണിക്കരുതെന്ന് .
സിദ്ദീഖ് വേലിക്കോത്ത്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo