Slider

ആരോ നിയന്ത്രിക്കുന്ന പാവകൾ (കഥ)

0


പല്ലവിക്ക് ഒരു പ്രത്യേക സൗന്ദര്യമായിരുന്നു... മഷി എഴുതാത്ത തിളങ്ങുന്ന എന്നാൽ ദുഃഖഛവിയുള്ള നീണ്ട കണ്ണുകളും, ബ്രൗൺ നിറമുള്ള നിശ്ചയദാർഢ്യമാർന്ന ചെറിയ ചുണ്ടുകളും, ഒരു മുഖക്കുരു വിന്റെ പാടു പോലുമില്ലാത്ത ഗോതമ്പിന്റെ നിറമാർന്ന തിളങ്ങുന്ന കവിളുകളും, നീണ്ട മാസികയും, ഇടതൂർന്നു നീണ്ട മുടിയും, മെലിഞ്ഞുരുണ്ട ദേഹപ്രകൃതിയും അവൾക്ക് അസാമാന്യമായ ഭംഗിയേകി. ആഭരണങ്ങളോടോ വസ്ത്രങ്ങളോടോ അവൾക്കു യാതൊരു താല്പര്യവുമില്ലായിരുന്നു. കഴുത്തിൽ വളരെ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു നേർത്ത സ്വർണ ചെയിൻ താലി കോർത്തിട്ടിട്ടുണ്ട്. കാതിൽ ഒരു ഞെട്ടിൽ മൂന്നു കുഞ്ഞു റോസാപ്പൂക്കൾ ചേർത്തു വച്ച ഒരു സ്വർണ കമ്മലും. കൈയിലും നേർത്തു നീണ്ട വിരലിലും ആഭരണങ്ങൾ ഒന്നുമില്ലാത്തതു അവൾക്കു കൂടുതൽ ഭംഗി നൽകി... വളരെ ലൈറ്റ് നിറങ്ങളിൽ എംബ്രോയിഡറി ചെയ്ത സാരികളാണ് എപ്പോഴും ധരിക്കാറുള്ളത്... ബ്ലൗസിൽ മാത്രം ഒരു പ്രത്യേകതയുണ്ടായിരുന്നു.പല നിറമുള്ള ചെറിയ പൂക്കൾ എംബ്രോയിഡറി ചെയ്ത ബ്ലൗസുകൾ അവൾക്കു വളരെ ഇഷ്ടമായിരുന്നു. അത് അവൾക്കു ഒരു പ്രത്യേക ഭംഗി നൽകി.

പക്ഷെ അവൾ അതീവ ദുഃഖിതയായിരുന്നു... അവളെ വെറുക്കുന്ന മകളായിരുന്നു അവളുടെ ഏറ്റവും വലിയ ദുഃഖം. പിന്നെ മനസ്സുകൊണ്ട് അവളെ തീർത്തും ഉപേക്ഷിച്ച ഒരു ഭർത്താവും ..

വിവരം വച്ചതു മുതൽ ശ്രേയക്കു അമ്മയോട് ദേഷ്യവും അസൂയയുമായിരുന്നു... അവൾക്കു അമ്മയുടെ ഭംഗിയോ നിറമോ കിട്ടിയിരുന്നില്ല. . ആ അമ്മയുടെ മകളാണെന്ന്‌ തന്നെ തോന്നില്ല... ഒരു പ്രത്യേകതകളുമില്ലാത്ത ഒരു സാധാരണ രൂപം.. അവളുടെ കൂട്ടുകാരികൾ പല്ലവിയെ കണ്ടു "തന്റെ അമ്മക്കെന്തു ഭംഗിയാണെടോ " എന്ന് പറയുമ്പോൾ അവൾക്ക് അമ്മയോടുള്ള വെറുപ്പ് കൂടുകയാണ് ചെയ്തത് ... പതിനേഴ്‌ പതിനെട്ടു വയസ്സായപ്പോൾ മുതൽ അവൾ അമ്മയോട് ഒട്ടും സംസാരിക്കാതെയായി...

മകൾ കുഞ്ഞായിരുന്നപ്പോൾ വളരെ സന്തോഷമുള്ള ജീവിതമായിരുന്നു അവരുടേത്...രണ്ടുപേർക്കും ഒരേ ഓഫീസിൽ ആയിരുന്നു ജോലി. അവർ ഒന്നിച്ചു ബജാജ് സ്കൂട്ടറിൽ മോളെയും മുൻപിൽ നിർത്തി എല്ലാ സ്ഥലത്തും വെയിലായാലും മഴ ആയാലും പോകുമായിരുന്നു..

അവൾ ഡിപ്പാർട്മെന്റൽ പരീക്ഷകൾ എഴുതി പ്രൊമോഷൻ കിട്ടി അയാളെക്കാളും ഉയർന്ന തസ്തികയിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. . അയാൾ എത്ര ശ്രമിച്ചിട്ടും ഒരു പരീക്ഷയിലും ജയിക്കാൻ പറ്റിയില്ല എന്നതും ഒരു കാരണമായി.

ജോലിത്തിരക്ക് കാരണം അവൾ താമസിച്ചു വരാൻ തുടങ്ങിയപ്പോൾ അയാൾ അസ്വസ്ഥനായി... അവൾക്കു അയാളെയും കുഞ്ഞിനേയും ശ്രദ്ധിക്കാൻ സമയമില്ലെന്നു കുറ്റപ്പെടുത്തി. .

ഓരോ പുതിയ പ്രൊമോഷനിലും സ്ഥലം മാറ്റവുമുണ്ടായി...മോളെ ജോലിക്കാരിയെ ഏല്പിച്ചു അവൾക്കു പോകേണ്ടി വന്നു...വലിയ ലോൺ എടുത്തു വച്ച വീടും വാങ്ങിയ മറ്റു ഗൃഹോപകരണങ്ങളും അവളുടെ മാത്രം സാമ്പത്തിക ബാധ്യതയായിരുന്നതിനാൽ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലുമാവില്ലായിരുന്നു... പണ്ടത്തെപ്പോലെ ഒരേ ജോലിയിൽ രണ്ടുപേരും കഴിഞ്ഞാൽ മതിയായിരുന്നു എന്നവൾക്കു പലപ്പോഴും തോന്നി.

ഭർത്താവും മകളും തന്നിൽ
നിന്നും അകന്നു പോകുന്നത് അവൾക്കു നിസ്സഹായായി നോക്കി നിൽക്കാനേ പറ്റിയുള്ളൂ.. എന്താണ് താൻ ചെയ്ത തെറ്റെന്നു അവൾ കണ്ണീരോടെ അവരോടു ചോദിച്ചു... വെറുപ്പോടെ അവളെ നോക്കുക മാത്രമായിരുന്നു ഭർത്താവിന്റെ പ്രതികരണം.. ശ്രേയ പക്ഷെ " എന്തെന്നറിയില്ല എനിക്ക് നിങ്ങളെ വെറുപ്പാണ് " എന്നുറക്കെ പറഞ്ഞു കൊണ്ട് മുറിയിൽ ഓടിപ്പോയി കതകു ആഞ്ഞടച്ചു....

അടഞ്ഞു പോയ അവരുടെ മനസ്സിന്റെ വാതിൽ എങ്ങനെ തുറക്കണമെന്ന് പല്ലവിക്ക് ഒരു രൂപവുമില്ലായിരുന്നു. അവൾ എപ്പോഴും മിതമായേ സംസാരിച്ചിരുന്നുള്ളു... സ്നേഹം വാക്കിലൂടെ പ്രകടിപ്പിക്കാൻ ഒരിക്കലും അവൾക്കാവില്ലായിരുന്നു... അതൊക്കെയാവും തന്റെ പോരായ്മകൾ എന്നവൾക്കു തോന്നി...
പല്ലവി എല്ലാ വാരാന്ത്യങ്ങളിലും എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും വീട്ടിലെത്തും.. ഒരാഴ്ചക്കുള്ള കറികളും പ്രാതലിനുള്ള മാവും എല്ലാം റെഡി ആക്കും. മോൾക്ക് വേണ്ട സ്നാക്ക്സ് ഒക്കെ ഉണ്ടാക്കി വയ്ക്കും... അവളുണ്ടെങ്കിലും ഭർത്താവും മോളും മുറി പൂട്ടി ഉള്ളിലിരിക്കും. അവരുടെ അടച്ചിട്ട മുറിയുടെ മുന്നിൽ ചെന്നു വെറുതെ നിൽക്കുമ്പോൾ അവളുടെ മനസ്സ് വേദന കൊണ്ട് പിടയും.. ആഹാരം റെഡി ആയാൽ അവർ അത് പാത്രത്തിലെടുത്തു സ്വന്തം മുറികളിൽ പോയി കതവ് പൂട്ടും.

ശ്രേയ പഠിക്കാൻ മിടുക്കിയായിരുന്നു... അവൾ ഡൽഹിയിൽ ജെ എൻ യു വിൽ ബി എ ഹോണേഴ്സ് പഠിക്കാൻ ചേർന്നു എന്ന് ഒരു മെസ്സേജിലൂടെയാണ് അമ്മയെ അറിയിച്ചത്.

വളരെ നാളുകൾക്കു ശേഷം പല്ലവിക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി... പക്ഷെ ഒരു ആഴ്ചയായി അവൾ വല്ലാത്ത സംഘർഷത്തിലായിരുന്നു... അവൾക്കു ബ്രെസ്ട് കാൻസർ ആണെന്ന് ബിയോപ്സിയിൽ അറിഞ്ഞ ഷോക്കിലായിരുന്നു അവൾ. അതീവ ദുഃഖത്തോടെയാണ് അവൾ വീട്ടിലേക്കു വന്നത്..

അവൾ ഡോർ ബെൽ അടിച്ചപ്പോൾ ഒരു പരിചയമില്ലാത്ത സ്ത്രീയാണ് കതകു തുറന്നത് . അവർ അവളെക്കണ്ടു പരിഭ്രമിച്ചു അകത്തു പോയി.

അവൾ വീട്ടിനുള്ളിൽ പോകാതെ സ്വീകരണമുറിയിൽ തന്നെ ഇരുന്നു. അല്പം കഴിഞ്ഞു അയാൾ വന്നു. അവൾക്കെതിരെയുള്ള സെറ്റിയിൽ ഇരുന്നു. എന്ത് പറയണമെന്ന് അയാൾ ആലോചിക്കുന്നത് പോലെ തോന്നി. പിന്നെ അയാൾ മെല്ലെ പറഞ്ഞു... "അമ്പിളി എന്റെ നാട്ടിലെയാണ്‌.. ഞങ്ങൾ തമ്മിൽ പണ്ട് ഇഷ്ടമായിരുന്നു. ഇപ്പോഴും അവൾ വിവാഹം കഴിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ ഞാൻ അവളെ രണ്ടു ദിവസങ്ങൾക്കു മുൻപ് ഇവിടെ കൂട്ടിക്കൊണ്ടു വന്നു...
നിന്റെ കൂടെ ഇങ്ങനെ ഒരു ജീവിതം എനിക്ക് മടുത്തു.. മതിയായി... "

അയാൾക്ക്‌ മറ്റാരുമായോ അടുപ്പമുണ്ടെന്ന് പല്ലവിക്ക് വളരെ നേരത്തെ സംശയം ഉണ്ടായിരുന്നു. പല വാരാന്ത്യങ്ങളിലും വീട്ടിൽ വരുമ്പോൾ അവിടെ മറ്റാരോ ഉണ്ടായിരുന്നതായി തോന്നാറുമുണ്ടായിരുന്നു... പക്ഷെ അത് വിശ്വസിക്കാൻ അവളുടെ മനസ്സ് കൂട്ടാക്കിയില്ല...

അവൾക്കു എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല... കാലിനടിയിലെ ഭൂമി വഴുതിപ്പോകുന്നത് പോലെ തോന്നി... അവൾ കണ്ണടച്ചു അനങ്ങാൻ പോലുമാകാതെ കുറേ നേരം ഇരുന്നു...

" നിനക്ക് എന്ത് വേണമെന്ന് വച്ചാൽ എടുത്തോളൂ... " അയാളുടെ വാക്കുകൾ കേട്ട് അവൾ നടുങ്ങി. ... ഇറങ്ങിപ്പോകാൻ പറയുകയാണ്.

ആ വീട്ടിൽ അയാളും ആ സ്ത്രീയുമല്ലാതെ ബാക്കിയെല്ലാം അവളുടേതായിരുന്നു... അവൾ ലോൺ എടുത്തു വച്ച പ്രിയപ്പെട്ട വീടാണ്...ലോൺ ഇതുവരെ അടച്ചു തീർന്നിട്ടില്ല.. പ്ലാനും മറ്റു കാര്യങ്ങളുമെല്ലാം അവളുടേതായിരുന്നു.... മുറ്റത്തെ ചെടികളും മരങ്ങളും എല്ലാം അവൾ വച്ചതാണ്... വീട്ടിലെ എല്ലാ ഗൃഹോപകരണങ്ങളും അവൾ വാങ്ങിച്ചതായിരുന്നു.. അസ്വാരസ്യവും അസഹിഷ്ണുതയുമേ എന്ത് വാങ്ങിക്കുമ്പോഴും അയാൾ കാണിക്കാറുണ്ടായിരുന്നുള്ളു... നിന്റെ കാശിന്റെ ഹുങ്ക് എന്നാണ് പറയാറ്.. .. കുറച്ചു സമയം കണ്ണടച്ചിരുന്നിട്ടു അവൾ ടാക്സിക്ക് ബുക്ക് ചെയ്തു... എന്നിട്ടു അവൾ കൊണ്ട് വന്ന ബാഗുമായി എണീറ്റു പുറത്തു വന്നു.

ഓഫീസിനടുത്തുള്ള ഹോസ്റ്റലിൽ അവൾ ഒരു സ്യൂട് എടുത്തു... ഒരാഴ്ച്ച ലീവെടുത്തു അവൾ മുറിയിൽ തന്നെ കഴിഞ്ഞു... അതിനിടെ ആശുപത്രിയിൽ പോയി ട്രീറ്റ്മെന്റ് തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ചെയ്തു...

ആത്മഹത്യയെക്കുറിച്ചു അവൾ ഒരുപാടു ചിന്തിച്ചു...പെരുമ്പടവത്തിന്റെ അഭയത്തിലെ രാജലക്ഷ്മി ടീച്ചറിനെപ്പോലെ ഒരു മരണം..പക്ഷെ ആധ്യാത്മിക പുസ്തകങ്ങൾ ഒരുപാടു വായിച്ചു ഹൃദിസ്ഥമാക്കിയിട്ടുള്ളത് കൊണ്ട് ആ ചിന്ത മനസ്സിൽ നിന്നും ഉപേക്ഷിച്ചു... ജീവിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

ഇപ്പോൾ ഒരു ആരോരുമില്ലാത്ത ചേച്ചിയുമൊത്തു ഒരു ഭംഗിയുള്ള അപ്പാർട്മെന്റിലാണ് അവൾ താമസിക്കുന്നത്... ചികിത്സക്കായി കാൻസർ ഹോസ്പിറ്റലിൽ പോയപ്പോൾ കണ്ടുമുട്ടിയ ചേച്ചിയാണ്... ഭർത്താവിനെയും കൊണ്ട് ചികിൽസിക്കാൻ നട്ടം തിരിയുന്ന അവരെക്കുറിച്ചു ഡോക്ടറാണ് അവളോട് പറഞ്ഞത്... അവൾ അവരെ സാമ്പത്തികമായി സഹായിച്ചു കൊണ്ടിരുന്നു.. പക്ഷെ അവരുടെ ഭർത്താവ് മരിച്ചു... അവർക്കു പോകാൻ ഒരിടമോ മറ്റു വരുമാനമോ ഇല്ലായിരുന്നു... പല്ലവി അവരെ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു. ഇതുവരെ അനുഭവിക്കാത്ത സ്നേഹവും പരിചരണവും അവരിൽ നിന്നും കിട്ടുന്നത് പല്ലവിക്ക് വല്ലാത്ത ആശ്വാസം പകർന്നു...

ഒരു വർഷത്തെ കടുത്ത ട്രീട്മെന്റിൽ പല്ലവി
രോഗ വിമുക്തയായി.... തലമുടിയൊക്കെ പോയി ശോഷിച്ചു പോയെങ്കിലും അവളുടെ നിശ്ചയദാർഢ്യമുള്ള മുഖം അവൾക്കൊരു പ്രത്യേക ഭംഗി നൽകി... അവളുടെ പ്രസന്നതയും ശുഭാപ്തി വിശ്വാസവും ഈശ്വര വിശ്വാസവും പലർക്കും പ്രചോദനമായി... അവൾ എല്ലാ ഞായറാഴ്ച്ചകളിലും അപ്പാർട്മെന്റിൽ അസുഖം എങ്ങനെ നമ്മളെ കീഴ്പ്പെടുത്താതെ നോക്കാം എന്ന ചർച്ച നയിച്ചു. കടുത്ത അസുഖങ്ങളിൽ തളർന്നു പോയവരെ തന്നോട് ചേർത്തു നിർത്തി, സാന്ത്വനപ്പെടുത്തി.. വീട്ടിൽ ചെറിയ കുട്ടികൾക്ക് ഗീതയും നാരായണീയവും ക്ലാസ്സെടുത്തു...പലപ്പോഴും കുട്ടികളുടെ കൂടെ അവരുടെ അമ്മമാരും അമ്മുമ്മമാരും അത് കേൾക്കാൻ എത്തി...

ആരോഗ്യമുള്ള ഒരു ശരീരവും സ്വച്ഛന്ദമായ മനസ്സുമുണ്ടെങ്കിൽ സന്തോഷമായിട്ട് ജീവിക്കാം എന്നവർ തിരിച്ചറിഞ്ഞു... സ്നേഹം കിട്ടുന്നതും കൊടുക്കുന്നതും സന്തോഷമാണ്. ...അത് പക്ഷെ സ്വാർത്ഥതയില്ലാതെയുമാവാമെന്നു ബോധ്യമായി... അപ്പാർട്മെന്റിൽ വരുന്ന കുട്ടികളെ അവർ സ്നേഹിച്ചു.. അവർക്കു കഴിക്കാൻ പലതും ഉണ്ടാക്കി വച്ചു കാത്തിരുന്നു... അവർ കൊണ്ടുവരുന്ന ചെറിയ സമ്മാനങ്ങൾ അവരുടെ സ്നേഹമാണെന്ന് മനസ്സിലാക്കി.

അവർ തനിയെ താമസം തുടങ്ങിയിട്ട് പതിനാലു വർഷമായി... ജോലിയിൽ നിന്നും വിരമിച്ചിട്ടു ഇപ്പോൾ ഒരു വർഷമേ ആയിട്ടുള്ളു. .. അവരുടെ മനസ്സ് യാതൊരു ആഗ്രഹങ്ങളുമില്ലാതെ സ്വച്ഛന്ദമായിരുന്നു... മോളെയും കുഞ്ഞുങ്ങളെയും കുറിച്ചുള്ള ഓർമ മാത്രം മനസ്സിൽ ഒരു വിങ്ങലായി വന്നു പോകും.

മനസ്സു കൊണ്ട് അവർ മകളെ വിളിച്ചു കൊണ്ടിരുന്നു... എന്നെങ്കിലും അവൾ അവരുടെ വിളി കേട്ടു വരുമെന്ന് അവർ വിശ്വാസിച്ചു... അവൾ അച്ഛനെ കാണാൻ വന്നിട്ടുണ്ടാവുമോ എന്നും അവർക്കറിയില്ലായിരുന്നു....മകൾ JNU യിൽത്തന്നെ മാസ്റ്റേർസു ചെയ്തതും പിന്നെ അവിടെയുള്ള സഹപാഠിയെ വിവാഹം കഴിച്ചതും എല്ലാം മെസ്സേജിലൂടെയാണ്‌ പല്ലവി അറിഞ്ഞത് . വെറുതെ അവളെ വിഷമിപ്പിക്കേണ്ടെന്നു കരുതി സ്വന്തം കാര്യങ്ങളൊന്നും പല്ലവി അവളെ അറിയിച്ചില്ല..
ഒടുവിൽ ഒരു ദിവസം അത് സംഭവിച്ചു.... അവർ കടൽക്കരയിൽ നടക്കാൻ പോയിട്ട് വീടിനാവശ്യമായ സാധനങ്ങളും വാങ്ങി തിരിച്ചു വന്നപ്പോൾ അവിടെ മോളും കുടുംബവും ഉണ്ടായിരുന്നു... അവളെയും ഭർത്താവിനെയും സുന്ദരികളായ രണ്ടു പെൺമക്കളെയും കണ്ടപ്പോൾ പല്ലവി ഒന്നും പറയാനാവാതെ നിന്നു... പണ്ടേ വാക്കുകൾ കൊണ്ട് ഒന്നും പ്രകടിപ്പിക്കാൻ തനിക്കറിയില്ലല്ലോ എന്ന് പല്ലവി ഓർത്തു.. .."രണ്ടുപേരും ശെരിക്കും അമ്മയെപ്പോലെയാണ് കാണാൻ, അല്ലേ " ശ്രേയ ഭർത്താവിനോട് ചോദിച്ചു.. അയാൾ ചിരിച്ചുകൊണ്ട് സമ്മതിച്ചു.
പിന്നീട് ഒറ്റയ്ക്ക് അമ്മയോടൊപ്പം ഇരുന്നപ്പോൾ ശ്രേയ പറഞ്ഞു പതിമൂന്നു വയസ്സേ ആയിട്ടുള്ളെങ്കിലും രണ്ടു പേരും അവൾ പറയുന്നതൊന്നും അനുസരിക്കാറേയില്ല എന്ന്. കൂട്ടുകാരോടൊപ്പം ചുറ്റി നടന്നിട്ടു രാത്രിയൊക്കെയാണ് വീട്ടിൽ വരുന്നത്... അവരെക്കുറിച്ചോർത്തു വല്ലാത്ത പേടി തോന്നുന്നു... അമ്മയെ ഞാൻ എത്ര വേദനിപ്പിച്ചു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത് ... അമ്മയെക്കാണണമെന്നു വളരെ നാളായി വിചാരിക്കുന്നു... നമ്മുടെ വീട്ടിലും ഞാൻ ഒരിക്കലും വന്നില്ല... ഒരു തരം വെറുപ്പായിരുന്നു വീടിനെക്കുറിച്ചു ആലോചിക്കുമ്പോൾ... അച്ഛൻ അമ്മയില്ലാത്തപ്പോൾ വീട്ടിൽ
ഈ സ്ത്രീയെ കൂട്ടിക്കൊണ്ടു വരുമായിരുന്നു...അമ്മയെ ക്കുറിച്ചും അച്ഛൻ എപ്പോഴും മോശമായി സംസാരിക്കുമായിരുന്നു.. അമ്മയോടൊപ്പം ഞാൻ അച്ഛനെയും വെറുത്തു തുടങ്ങി. അതാണ് ഡൽഹിയിൽ പഠിക്കാൻ അവസരം കിട്ടിയപ്പോൾ ഓടിപ്പോയത്. നിവിൻ വളരെ സ്നേഹമുള്ള ആളാണ്... അതാണ് ഒരു സമാധാനം...
നമ്മുടെ വീട്ടിൽ പോയപ്പോൾ അവിടെ അച്ഛനും രണ്ടു മക്കളും ആ സ്ത്രീയും അപരിചിതരോടെന്ന പോലെ ഞങ്ങളോട് പെരുമാറി... അപ്പോൾ തന്നെ അമ്മയെ അന്വേഷിച്ചു ഇറങ്ങുകയായിരുന്നു... ഇവിടെ വന്നപ്പോൾ ഇവിടത്തെ ആന്റി അമ്മയുടെ അസുഖവും എല്ലാ വിവരങ്ങളും പറഞ്ഞു... ഐ ആം റിയലി പ്രൗഡ് ഓഫ്‌ യൂ അമ്മാ.. " അവൾ അമ്മയുടെ കൈ അമർത്തിപ്പിടിച്ചു.
കണ്ണു നിറഞ്ഞെങ്കിലും ഒരു ചെറു ചിരിയോടെ പല്ലവി മകളിൽ വന്ന മാറ്റം നോക്കിയിരുന്നു..

കുട്ടികൾ ബോറടിക്കുന്നുവെന്നു പറഞ്ഞു മൊബൈലും നോക്കി ഇരുന്നു... അടുത്ത ദിവസത്തേക്കാണ് ടിക്കറ്റെങ്കിലും ശ്രേയക്ക് അമ്മയോടൊപ്പം രണ്ടു ദിവസമെങ്കിലും നിൽക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു .. മക്കൾ
നാളെത്തന്നെ പോകണമെന്ന് വാശി പിടിച്ചു... അവരുടെ നിർബന്ധത്തിനു മുന്നിൽ അവൾ നിസ്സഹായതയോടെ ഇരിക്കുന്നത് കണ്ടു പല്ലവിക്ക് വിഷമം തോന്നി...

നമുക്ക് സംഭവിക്കുന്ന പല കാര്യങ്ങളിലും നമുക്ക് ഒരു നിയന്ത്രണവുമില്ലെന്ന് പല്ലവിക്ക് വളരെ മുൻപേ മനസ്സിലായിട്ടുണ്ടായിരുന്നു.. . ആരോ നിയന്ത്രിക്കുന്ന കുറേ പാവകൾ മാത്രമാണ് നാം... സ്വന്തം വിചാരങ്ങളെയും മനസ്സിനെയും ഏതവസ്ഥയിലും നിയന്ത്രിക്കാനായാൽ ഒരു വിധം വിജയിക്കാം ഈ കളിയിൽ..അതിനു ഒരുപാടു പരിശ്രമം ആവശ്യമാണ്... നീണ്ട മെഡിറ്റേഷനും യോഗയും നല്ല ബുക്കുകൾ വായിക്കുകയും അങ്ങനെ പലതും.. അല്ലെങ്കിൽ ഗീതയിൽ പറഞ്ഞിരിക്കുന്ന പോലെ മനസ്സ് കാറ്റിലാടുന്ന പതാക പോലെയായിരിക്കും എപ്പോഴും.

വളരെ വർഷങ്ങളുടെ പരിശ്രമത്താലാർജിച്ച
ശാന്തമായ മനസ്സോടെ പല്ലവി കുട്ടികൾക്ക് ഇഷ്ടമുള്ള പലഹാരമുണ്ടാക്കാൻ ചേച്ചിയോടൊപ്പം അടുക്കളയിലേക്ക് നടന്നു.

~~~~~~~~~

Girija Vijayan

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo