Slider

അതിജീവനം

0

അതിജീവനം
••••••••••••••••••••••••••••••••°°°°°°°
രാത്രി പന്ത്രണ്ടു മണിയോട് അടുത്തിട്ടുണ്ടാവും. റോഡ്‌ വിജനമാണ്. മഹേഷ്‌ കാറിന്റെ സ്പീഡ് കൂട്ടി. ടോണിയുടെ ബാച്ചിലർ പാർട്ടി ആയിരുന്നു ഇന്ന്. എല്ലാം കഴിഞ്ഞപ്പോൾ വൈകി. അല്ലെങ്കിലും നാളെ സൺ‌ഡേ അല്ലേ. വൈകിട്ടത്തെ റിസപ്ഷന് പോകുന്നുള്ളൂ. ഇന്ന് ഇത്തിരി ഓവറായി. ചെക്കിങ്ങ് ഉണ്ടായാൽ അകത്തായത് തന്നെ.
മഹേഷ്‌ മുഖം കൈകളാൽ തിരുമ്മി.വിജനമായ നഗരത്തിലെ പ്രാന്തപ്രദേശം. ഒരു വളവു തിരിഞ്ഞതും ഒരു രൂപം വാഹനത്തെ മറികടന്നു. ഇടിച്ചു എന്നാണ് തോന്നുന്നത്. മഹേഷ്‌ ബ്രേക്കിൽ കാലമർത്തി. അയാൾക്ക് ഉള്ളിൽ അല്പം ഭീതി തോന്നാതിരുന്നില്ല. അയാൾ കാറിനു വെളിയിൽ ഇറങ്ങി മുൻഭാഗത്തെ പോയി നോക്കി. ഒന്നും കാണാനില്ല. ശെടാ ഇനി തനിക്ക് തോന്നിയതാണോ അയാൾ സംശയിച്ചു. അസമയത്ത് ഡ്രൈവ് ചെയ്യുന്നവർ പ്രേതത്തെ കണ്ടതായി ഒക്കെ കഥകൾ കേൾക്കാറുണ്ട്. ആ എന്തെങ്കിലും ആവട്ടെ. മഹേഷ്‌ തിരിഞ്ഞ് കാറിൽ കയറാനൊരുങ്ങി. പെട്ടെന്ന് ഒരു ശബ്ദം ആരോ കിതക്കുന്നതുപോലെ...
റോഡിനോട് ചേർന്ന നിൽക്കുന്ന കാട്ടു ചെടികൾക്കുള്ളിൽ നിന്നാണ്. മഹേഷ്‌ നിന്നു അവിടേക്ക് നോക്കി അവിടെ ഒരു അവ്യക്ത രൂപം. അയാൾ തന്റെ മൊബൈൽ പ്രകാശിപ്പിച്ചു. അരണ്ട വെളിച്ചത്തിൽ അയാൾ കണ്ടു. ഒരു പെൺകുട്ടിയാണ്. പേടിച്ചരണ്ട് കൂനിയിരിക്കുന്നു. ചുരിദാർ ആണ് വേഷം. മഹേഷ്‌ എന്തോ ചോദിയ്ക്കാൻ വേണ്ടി വാ തുറന്നു. പെട്ടെന്ന് ഒരു ടോർച്ചിന്റെ പ്രകാശം. രണ്ടു മൂന്നാളുകൾ നടന്നു വരുന്നു. അവർ അടുത്തെത്തി.
" എന്താ ഏതാ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ? പുതിയതാണോ വണ്ടി? കേടായോ?
തുരുതുരെ ചോദ്യങ്ങൾ അസമയത്ത് ഒരുത്തനെ കണ്ടതിന്റെ ചൊറിച്ചിലാണ്. കുറെ സദാചാരക്കാർ. പുച്ചമാണ്‌ അവരോടു തനിക്ക്. അത്... മഹേഷ്‌ പെൺകുട്ടി ഇരുന്നിടത്തേക്ക് തിരിഞ്ഞു നോക്കി അവിടെ ആരുമില്ല .
"ആ വണ്ടി നിന്നുപോയി "
അയാൾ പറഞ്ഞു.
"ഞങ്ങള് സഹായിക്കണോ? വേണ്ട സ്റ്റാർട്ട്‌ ആയി. "
"ആ വേഗം പോവാൻ നോക്ക് ഈ സ്ഥലം ഇത്തിരി പിശകാ.. "
മഹേഷ്‌ കാറിൽ കയറി "
പോവാൻ വരട്ടെ നിക്ക്.."
. മൂവരും കാറിനടുത്തേക്ക് വന്നു .
"അതേ നിങ്ങളു ഒരു പെൺകുട്ടി ഈ വഴിയെങ്ങാൻ ഓടിപ്പോവുന്നതു കണ്ടോ?"
അവർ ചോദിച്ചു
"പെൺകുട്ടിയോ ഇല്ലല്ലോ എന്താ ?"
"ഏയ്‌ ഒന്നുമില്ല നിങ്ങളു വിട്ടോ . അല്ലെങ്കിൽ നില്ക്കു ബാക്ക് സീറ്റ്‌ ഒന്ന് നോക്കട്ടെ"
അവർ പറഞ്ഞു തിരിഞ്ഞു നോക്കിയ മഹേഷ്‌ ഞെട്ടിപ്പോയി ബാക്ക് സീറ്റിൽ ചുരുണ്ട് കൂടികിടക്കുന്നു അവൾ. കൈകൾ കൂപ്പി അവൾ പറയരുതെന്ന് ആംഗ്യം കാണിച്ചു. എന്ത് ചെയ്യണമെന്നു മഹേഷ്‌ ഒരു നിമിഷം ആലോചിച്ചു. അപ്പോഴേക്കും അതിലൊരാൾ പറഞ്ഞു
"ഡാാ ഇവിടെവരെ ഒന്നും വരാൻ ടൈം ആയിട്ടില്ല അവൾ ആ റബ്ബർതോട്ടത്തിൽ എങ്ങാനും ഒളിച്ചിരിക്കുന്നുണ്ടാവും നിങ്ങളു വാ "
അവർ നടന്നു നീങ്ങി. മഹേഷ്‌ പിന്നിലേക്കൊന്നു നോക്കിയിട്ട് കാർ സ്റ്റാർട്ട്‌ ചെയ്തു.കുറെ ദൂരം പോയി വീടിന്റെ ഗേറ്റ് കടക്കാൻ ആയപ്പോൾ അയാൾ വണ്ടി നിർത്തി.
"ഇറങ്ങ് ആ കാണുന്നതാ എന്റെ വീട്. ഞാൻ ഒറ്റക്ക് ആണ് താമസം. നിന്നെ പ്പോലെ ഒരുപാട് സാധനത്തിനെ കണ്ടിടുണ്ട്. ഇറങ്ങിപ്പോ "
അയാൾ പറഞ്ഞു. നിസ്സഹായതയോടെ അവൾ അയാളെ നോക്കി.
"വേഷം കെട്ടൊന്നും വേണ്ട ഇറങ്ങു"
. മഹേഷ്‌ സ്വരം കടുപ്പിച്ചു
"ഇന്ന് നിന്നപ്പോലൊരുത്തിയെ അനുഭവിക്കാനുള്ള മൂഡ്‌ എനിക്കില്ല ശല്യം ചെയ്യാതെ ഇറങ്ങിപ്പോടി "
മഹേഷ്‌ അലറി. ഒരക്ഷരം മിണ്ടാതെ അവൾ കാറിൽ നിന്നിറങ്ങി. റോഡിന്റെ അരികു ചേർന്ന് നിന്നു. മുഖം കുനിച്ചു നിൽക്കുന്ന അവളെ ഒന്നു നോക്കിയിട്ട് അവൻ കാർ മുന്നോട്ടെടുത്തു. ഗേറ്റ് കടക്കുന്നതിനു മുൻപ് അവൻ റിയർവ്യൂ മിററിലൂടെ നോക്കി. നെഞ്ചത്ത് കൈകൾ പിണച്ചു നിർവികാരയായി തലകുനിച്ചു നിൽക്കുകയാണവൾ. മനസ്സിൽ എവിടെയോ ഒരു ഉറുമ്പ്‌ കടിക്കുന്നതുപോലെ.. നാശം.. പെട്ടെന്ന് അമ്മയുടെ മുഖം മനസ്സിൽ വന്നു. ആപത്തിൽ പെട്ടത് ആരായാലും കയ്യൊഴിയരുത് മോനെ അമ്മ മനസ്സിൽ ഇരുന്നു മന്ത്രിക്കും പോലെ. മഹേഷ്‌ കാർ പിന്നോട്ടെടുത്തു. അവളുടെ അടുത്തു നിർത്തി
"കയറ്"
അവൾ മുഖം ഉയർത്തി പതിയെ നോക്കി
"കയറാനല്ലേ പറഞ്ഞത്."
പേടിച്ചിട്ടെന്നപോലെ അവൾ കയറി. വീടിന്റെ പോർച്ചിൽ കാർ നിന്നു. വാ മഹേഷ്‌ ഇറങ്ങി കൂടെ അവളും മഹേഷ്‌ വീട് തുറന്ന് അകത്തു കയറി. അവളോട്‌ പറഞ്ഞു.
"ഇന്നു ഒരു രാത്രി ഇവിടെ എവിടെയെങ്കിലും കിടന്നിട്ടു രാവിലെ എഴുന്നേറ്റു പൊക്കോണം കേട്ടല്ലോ. പെണ്ണെന്ന വര്ഗ്ഗത്തിനെയെ വിശ്വസിക്കാൻ കൊള്ളില"്ല.
മഹേഷ്‌ പോയി തന്റെ ബെഡിലേക്ക് വീണു.
മഹേഷ്‌ കണ്ണ് തുറന്നു മൊബൈൽ എടുത്തു നോക്കി. പത്തുമണി. കണ്ണും തിരുമ്മി അയാൾ പതിയെ എഴുനേറ്റു. ഹാളിലേക്ക് വന്നപ്പോഴാണ് കണ്ടത്. അവിടെ മുകളിലേക്കുള്ള സ്റ്റെയർ കേസിന്റെ പടിയിൽ ഇരിക്കുന്നു തലേന്ന് കൂടെ പോന്ന സാധനം.
"നീ ഇനിയും പോയില്ലേ "
അയാൾ ചോദിച്ചു. ദൈന്യതയോടെയുള്ള ഒരു നോട്ടം ആയിരുന്നു മറുപടി. മഹേഷിനു ഒട്ടും കരുണ തോന്നിയില്ല .
"ദേ പെണ്ണെ ഇത് എന്റെ വീടാണ് ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്. വേഗം പോവാൻ നോക്ക്. ഇന്നലെ ഒരു രാത്രി അഭയം തന്നതിൻറെ പേരിൽ ശിക്ഷിക്കരുത് മ്മം പോ.. "
അയാൾ പുറത്തേക്ക് കൈ ചൂണ്ടി. അവൾ പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു. മഹേഷിന്റെ നോട്ടം ചുവരിലെ അമ്മയുടെ മാലയിട്ട ചിത്രത്തിൽ പതിഞ്ഞു ആ കണ്ണുകൾ അരുതെന്നു വിലക്കുന്നതുപോലെ തോന്നി. അയാൾ പുറത്തേക്ക് പതിയെ നടന്നു അവൾ ഗേറ്റ് കടന്നുവോ എന്ന് നോക്കി. പെട്ടെന്നാണ് അയാൾ ആ കാഴ്ച കണ്ടത്. മുറ്റത്ത്‌ വീണു കിടക്കുകയാണ് ആ പെണ്ണ്. ബോധമില്ലാത്തതുപോലെയാണ് കിടപ്പ്. അവളെ വീട്ടിലേക്കു കൊണ്ടുവന്ന നിമിഷത്തെ ശപിച്ചു മഹേഷ്‌ പുറത്തേക്ക് ഇറങ്ങിചെന്നു. താങ്ങിയെടുത്തു ഹാളിലെ സെറ്റിയിൽ കൊണ്ടു ചെന്നു കിടത്തി.
അപ്പോഴാണ് മഹേഷ്‌ അവളെ ശ്രദ്ധിക്കുന്നതുതന്നെ. പ്രാണനായി സ്നേഹിച്ച ഒരുത്തി കരളും പറിച്ചോണ്ട് പോയപ്പോ തീരുമാനിച്ചതാ ഇനി ഒരുത്തിയേം വിശ്വസിക്കില്ലെന്നു. ഇളം വയലറ്റ് നിറമുള്ള പൂക്കളുള്ള ചുരിദാറാണ് വേഷം. മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ. ദൈന്യഭാവമാണ് മുഖത്തെങ്കിലും ശ്രീത്വമുണ്ട്. അയാൾ കുറച്ചു വെള്ളമെടുത്തു അവളുടെ മുഖത്ത് കുടഞ്ഞു. പതിയെ അവൾ കണ്ണ് തുറന്നു. മഹേഷിനെക്കണ്ട് ചാടിയെഴുനേൽക്കാൻ ശ്രമിച്ചെങ്കിലും അവൾക്കു കഴിഞ്ഞില്ല. അയാൾ പറഞ്ഞു
"വേണ്ട കിടന്നോളു കുറച്ചു കഴിഞ്ഞു എഴുന്നേറ്റാൽ മതി. "
മഹേഷ്‌ ഒരു സിഗരറ്റിനു മെല്ലെ തീ കൊളുത്തി. അകത്തേക്ക് എടുത്ത പുക സാവകാശം പുറത്തേക്ക് ഊതി വിട്ടുകൊണ്ട് അയാൾ മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നു ഒരു ഗ്ലാസ്‌ വെള്ളം പകർന്ന് അവൾക്കു നേരെ നീട്ടി. മെല്ലെ എഴുന്നേറ്റ് ഗ്ലാസ്‌ വാങ്ങി അവൾ വെള്ളം ഒറ്റവലിക്ക് കുടിച്ചു. അയാൾ ഒരു കസേര വലിച്ചിട്ട് അവളുടെ അടുത്തിരുന്നു.
"എന്താണ് പേര് ?"
മഹേഷ്‌ ചോദിച്ചു മറുപടി മൗനമായിരുന്നു. അയാൾ വീണ്ടുമാവർത്തിച്ചു
"പറയ്, നീ എങ്ങിനെ ഇന്നലെ ആ സമയത്ത് റോഡിൽ എത്തി ?ആരാണ് നീ ? സാവകാശം പറഞ്ഞാൽ മതി പക്ഷെ സത്യമായിരിക്കണം പറയ് ""
"അനു.. അനുപമ"
അവൾ പതിയെ ചുണ്ടനക്കി.
" ഉം എങ്ങിനെ അവിടെ എത്തി?
തലകുനിച്ചിരുന്ന അവളുടെ കണ്ണിൽ നിന്നും കണ്ണീർത്തുള്ളികൾ മുത്തുമണികൾ പോലെ മടിയിൽ വീണു ചിതറിക്കൊണ്ടിരുന്നു.
"പറയ് "
അയാളുടെ ചോദ്യം കേട്ട് അവൾ മുഖമുയർത്തി.
"നീ പേടിക്കേണ്ട പറയു "
മഹേഷ്‌ ആവശ്യപ്പെട്ടു. അവൾ പറയാൻ തുടങ്ങി "
പേരുകേട്ട നായർ കുടുംബം അച്ഛന്റെയും അമ്മയുടെയും വലിയ തറവാടുകൾ എങ്കിലും ഓർമ്മ വച്ച നാൾ മുതൽ അച്ഛനെ ഒരു മുഴുക്കുടിയനായി മാത്രമേ അവൾ കണ്ടിട്ടുള്ളു. രണ്ടു സഹോദരങ്ങൾ ചേച്ചിമാർ വിവാഹം കഴിഞ്ഞു. താൻ പത്തിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. പിന്നെ ഇങ്ങോട്ട് ദുരിതപർവ്വം. മുഴുക്കുടിയനായ ഭർത്താവിന്റെ അടുത്തുനിന്ന് സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങാൻ കഴിയാതിരുന്നത് കൊണ്ടാവും അമ്മ മറ്റൊരു ഭർത്താവിനെ കണ്ടെത്തിയത്. അതോടെ അമ്മ അമ്മയല്ലാതായി. അമ്മയുടെ ലോകം പുതിയ ഭർത്താവിലേക്ക് മാത്രമായി ചുരുങ്ങി. ചേച്ചിമാരും ഭർത്താക്കന്മാരും വീട്ടിലേക്കു വരാതായി.
പ്ലസ്‌ടുവിന് പഠിക്കുകയായിരുന്ന തനിക്ക് പഠനം നിർത്തേണ്ടി വന്നു. ആരും ഇല്ലാത്ത അവസ്ഥ. പുതിയ ഭർത്താവ് എന്ത് ചെയ്താലും ശെരി എന്ന അമ്മയുടെ നിലപാട് വീട്ടിലെ ജീവിതം ദുസ്സഹമാക്കി. അയാൾ ഒരു പിമ്പ് ആയിരുന്നു. പെൺവാണിഭം നടത്തുന്നവൻ. വീട്ടിൽ സ്ത്രീകളുടെ എണ്ണം കൂടി . ചോദിക്കുന്നവരോട് അമ്മാവന്റെ മകളാണ് കുഞ്ഞമ്മയുടെ മോളാണ് എന്നിങ്ങനെ, രാത്രിയുടെ മറവിൽ പുരുഷന്മാർ വീട്ടിൽ വന്നുപോയി. അമ്മ എന്നത് വെറുക്കുന്ന ഒരു രൂപമായി മാറിത്തുടങ്ങി. ഒടുവിൽ താനും വില്പ്പനച്ചരക്കാകുമെന്നു ഉറപ്പായി. വീട്ടിൽ ക്ഷണിച്ചുവരുത്തിയ ആളുകളിൽ നിന്ന് രക്ഷപ്പെട്ടോടിയതാ ഞാൻ.
" മരിക്കാനുള്ള പേടി കൊണ്ടല്ല ജീവിക്കാനുള്ള കൊതി കൊണ്ടാ ഞാൻ കാറിൽ...."
.ബാക്കി പറയാനാവാതെ അനുപമ പൊട്ടിക്കരഞ്ഞു. സ്വന്തം അമ്മ തന്നെ ച്ഛീീ.... മഹേഷിന്റെ മനസ്സിൽ വെറുപ്പ് നുരഞ്ഞു. അനുപമ പതിയെ എഴുനേറ്റു. എന്നിട്ട് പറഞ്ഞു
"പോകാനൊരിടമില്ലാ അതാണ്, അമ്മയുടെ പ്രവൃത്തി കൊണ്ട് സ്വന്തക്കാരാരും വീട്ടിൽ കയറ്റുന്നില്ല. എനിക്ക് ഒരു രാത്രി അഭയം തന്നതിനു നന്ദി, ശല്യമാവില്ല ഇവിടെ നിന്നിറങ്ങിയാലും മരിക്കില്ല നേടണം. എല്ലാ ക്‌ളാസ്സിലും ഒന്നാമതായി പഠിച്ചിരുന്ന കുട്ടിയാ ഞാൻ. ഞാൻ പഠിക്കും മാനം വിൽക്കാതെ ജീവിക്കണം എനിക്ക്. അതിനായി എന്റെ അന്ത്യശ്വാസം വരെയും ഞാൻ പൊരുതും. "
അനുപമ പറഞ്ഞു നിർത്തി. അസാധാരണമായ ആത്മവിശ്വാസത്തിന്റെ തിളക്കം അയാൾ അവളുടെ കണ്ണുകളിൽ കണ്ടു. ഒപ്പം അഭിമാനിയായ പെണ്ണിന്റെ കരളുറപ്പും. അനുപമ നടക്കാനൊരുങ്ങി.
"നില്ക്ക് "
മഹേഷ്‌ പറഞ്ഞു. "
ഏതായാലും ഇത്രയും ആയില്ലേ നീ ഇപ്പോൾ പോവേണ്ട "
അനുപമ ചോദ്യഭാവത്തിൽ അയാളെ നോക്കി.
"നിന്റെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി,നിന്റെയെന്നല്ല ഒരു പെണ്ണിന്റെയും മാനത്തിനു വില പറയുന്ന ചെറ്റയല്ല മഹേഷ്‌, സഹായം ചോദിച്ചും അല്ലാതെയും ഈ പടി കടന്നു കയറി വരുന്ന ഒരാളെയും വെറും കയ്യോടെ പറഞ്ഞയക്കാത്ത ഒരമ്മയുടെ മകനാണ് ഞാൻ. അതുകൊണ്ട് സ്വന്തം മകനെ നേർവഴിക്കു നടക്കാൻ മാത്രമേ ആ അമ്മ പഠിപ്പിച്ചിട്ടുള്ളൂ. നീ കേട്ടിട്ടുണ്ടോ എന്നറിയില്ല. "ബാലാമണിയമ്മ " അതാണ് എന്റെ അമ്മയുടെ പേര് "
മഹേഷ്‌ ചുവരിലെ മാലയിട്ട ചിത്രത്തിലേക്ക് വിരൽ ചൂണ്ടി. അനുപമ ആദരവോടെ നോക്കി. ഒരുപാട് കേട്ടിരിക്കുന്നു ആ അമ്മയെക്കുറിച്, അനാഥരും നിരാലംബരും ദുരിതമനുഭവിക്കുന്നവരുമായ ഒരുപാട് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അമ്മ. ആശ്രയ എന്ന അനാഥമന്ദിരത്തിന്റെ സ്ഥാപക, ദൈവമേ ഈ അമ്മയുടെ വീട്ടിലാണോ ഞാൻ വന്നു ചേർന്നത്‌ തന്നെ നോക്കി ആ അമ്മ പുഞ്ചിരി തൂകുന്നതുപോലെ അനുപമക്ക് തോന്നി.
"നീ ഇരിക്ക്, ഞാൻ റെഡി ആയിവരാം നമുക്ക് ഒരിടം വരെ പോവാം "
മഹേഷ്‌ പറഞ്ഞു. ഒരു വലിയ മൂന്നുനിലക്കെട്ടിടത്തിന്റെ മുൻപിൽ കാർ നിന്നു. മഹേഷും അനുപമയും കാറിൽ നിന്നിറങ്ങി. വരൂ മഹേഷ്‌ പറഞ്ഞു
അനുപമ അനുഗമിച്ചു. അവൾ ചുറ്റിനും നോക്കി. മുകളിൽ വലിയ ബോർഡ്‌ ആശ്രയ
"ഇതാര് മഹേഷോ "
ഓഫീസ് എന്നെഴുതിയ മുറിയിലിരുന്ന സ്ത്രീ ആഹ്ലാദപുരസ്സരം സ്വാഗതം ചെയ്തു. മഹേഷ്‌ ഇരുന്നു.
"ഹായ് ജാനുവാന്റി, "
മഹേഷ്‌ അനുപമയെ നോക്കി
" താൻ ഇരിക്കേടോ "
അനുപമ ഇരുന്നു.
"ജാനുവാന്റി ഇത് അനുപമ, നിങ്ങൾ തമ്മിൽ വിശദമായി പിന്നെ പരിചയപ്പെട്ടോളൂ ഇന്നലെ രാത്രി എനിക്ക് കിട്ടിയതാണിവളെ ഒരുപക്ഷേ ദൈവം എന്നെ ഇവളുടെ മുൻപിൽ എത്തിച്ചതാവും അനുപമ ഇനി ആശ്രയയിലാണ് ഞാൻ ജാനുവാന്റിയെ ഏൽപ്പിക്കുകയാണ് "
മഹേഷ്‌ പറഞ്ഞു നിർത്തി. എന്നിട്ട് തിരിഞ്ഞ് അനുപമയോടായി പറഞ്ഞു.
"നിനക്ക് ഇനി ഇവിടെ താമസിക്കാം. ആരും വരില്ല ഇവിടെ നിന്നെ പിടിക്കാൻ. നിനക്ക് സ്നേഹം തരാനും കൊടുക്കാനും ഇവിടെ എല്ലാവരും ഉണ്ട്. നിനക്ക് എത്രത്തോളം പഠിക്കണോ അത്രയും പഠിക്കാം. ഇത് ജാനുവാന്റി എന്ന ജാനകി ആശ്രയയുടെ ഇപ്പോഴത്തെ രക്ഷാധികാരി, എന്റെ അമ്മയുടെ പിന്ഗാമി. എന്റമ്മയെപ്പോലെ തന്നെ."
അനുപമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"വിഷമിക്കേണ്ട നീ ഇപ്പോൾ ഈ കുടുംബത്തിലെ ഒരംഗമാണ്. നിനക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഇവിടെ താമസിക്കാം. പഠിച്ചു സ്വയം ഒരു നിലയിലെത്താം. അന്ന് നിനക്ക് ഇവിടെ നിന്നും പോകണം എന്നു തോന്നിയാൽ പോകാം. ഞാനും ഉണ്ടാവും നിന്റെ തീരുമാനങ്ങളിൽ നിന്നോടൊപ്പം "
മഹേഷ്‌ പറഞ്ഞുനിർത്തി. എന്നിട്ട് എഴുന്നേറ്റു മുന്നോട്ടു നടന്നു. "
ആന്റി ഞാൻ പോയിട്ട് വരാം "
"ശരി മോനെ, "
ഇവളുടെ കാര്യം ഞാനേറ്റു. ജാനകി അനുപമയെ ചേർത്ത് പിടിച്ചു. നന്ദി നിറഞ്ഞ കണ്ണുകളാൽ അനുപമ മഹേഷ്‌ പോകുന്നത് നോക്കിനിന്നു. ഒരുവട്ടം അയാൾ തിരിഞ്ഞുനോക്കിയിരുന്നെങ്കിലെന്നു അവൾ അതിയായി ആഗ്രഹിച്ചു. ഈ സമയം മഹേഷിന്റെ മനസ്സിലും ഉണ്ടായി ഒന്ന് തിരിഞ്ഞുനോക്കാനുള്ള വെമ്പൽ. പെട്ടെന്ന് ചെവിയിൽ ഒരു ശബ്ദം
"തിരിഞ്ഞ് നോക്കാതെപൊക്കോണം, ഇപ്പോൾ അവളുടെ മനസ്സിൽ പഠിത്തം മാത്രം മതി സമയമാകുമ്പോൾ ഞാൻ പറയും മര്യാദക്ക് വണ്ടി വിട്ടോ "
അമ്മയുടെ ശബ്ദം മഹേഷ്‌ ചുറ്റിനും നോക്കി ആരുമില്ല. ആശ്രയയുടെ മുറ്റത്തു നിന്നു വണ്ടി തിരിക്കുമ്പോൾ മഹേഷ്‌ റിയർവ്യൂ മിററിലൂടെ കണ്ടു പുറകിൽ പുഞ്ചിരിച്ചു കൊണ്ട് കൈ വീശുന്ന അമ്മയുടെ മുഖം. അയാൾ തിരിഞ്ഞുനോക്കിയില്ല അമ്മ മാഞ്ഞുപോയാലോ, ഈറനണിഞ്ഞ കണ്ണുകളോടെ അയാളും പുഞ്ചിരിച്ചു.
അഞ്ജലി മേരി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo