Slider

#നുണ

0
(ഒരു ഓർമ്മക്കുറിപ്പ് )
#അമ്മ മരിച്ചിട്ട് ഇന്നേക്ക് മുപ്പത് വർഷമാകുന്നു... ലേബർ റൂമിൽ നിലച്ചതാണ്‌ ആ ഇരുപത്തഞ്ചുകാരിയുടെ ശബ്‌ദം.
ഞാൻ പിറന്നതോടെ അമ്മയും പോയി. പിന്നെയെല്ലാം എനിക്ക് അച്ഛനായിരുന്നു...അച്ഛന് ഞാനും.
ഒരു നാലുവയസ്സുക്കാരി പെണ്ണ് കൂട്ടുക്കാരുമൊത്തു കളിക്കുന്നതിനിടയിലാണ് അവർ എന്നോട് പറയുന്നത്
"ഞങ്ങൾക്കെല്ലാവർക്കും അമ്മയുണ്ട്... നിനക്കില്ലല്ലോ.... നിന്റെ അമ്മ മരിച്ചു പോയെന്നു "....
സത്യമാണോ അവർ പറഞ്ഞത് ???
അമ്മ മരിച്ചുവെന്ന് അച്ഛൻ ഇതുവരെ പറഞ്ഞിട്ടില്ല...
...മരിച്ചവർ തിരിച്ചു വരാതിരിക്കോ... ???
മനസ്സിൽ ഒരായിരം സംശയവും ചോദ്യവും വന്നു...
ആരോട് ചോദിക്കും ???
അച്ഛനോട് തന്നെ ചോദിക്കാം...
"എന്റെ അച്ഛൻ നുണ പറയാറില്ല... "
ഞാൻ തീരുമാനിച്ചു...
ഒരിക്കൽ അച്ഛന്റെ മടിയിൽ കിടക്കുമ്പോൾ ഞാൻ ചോദിച്ചു...
"അച്ഛാ... ന്റെ അമ്മ മരിച്ചു പോയോ ???"...
" ഇനി എന്നെ കാണാൻ വരില്ലേ ???..."
ഒരു നിമിഷം മൗനമായിരുന്നു...പിന്നെ ചിരിച്ച മുഖത്തോടെ അച്ഛൻ ചോദിച്ചു...
" അമ്മ മരിച്ചൂന്ന്‌ മോളോട് ആരാ പറഞ്ഞേ???
...കൂട്ടുക്കാര്... അവർ പറഞ്ഞല്ലോ അവർക്ക് അമ്മയുണ്ടെന്ന്...
എന്നെ മെല്ലെ ചേർത്ത് വെച്ച് അച്ഛൻ പറഞ്ഞു...
"അമ്മ ഇവിടെ തന്നെയുണ്ടല്ലോ... മോള് ജനിച്ചപ്പോ... മോള് അമ്മയുടെ കുട്ടിക്കാലമായി മാറി അത്രയേയുള്ളൂ... "
ലോകം കീഴടക്കിയ സന്തോഷമായിരുന്നു എന്റെ കൊച്ചു മനസ്സിൽ... പിന്നീട്... കൂട്ടുക്കാർക്കു മുന്നിൽ തലയുയർത്തി നിന്ന് പറയും...
" ഞാൻ പറഞ്ഞില്ലേ ന്റെ അച്ഛൻ നുണ പറയില്ലാന്നു... "
അങ്ങനെ...
കാലം ഇരുപത്തിയഞ്ചു വർഷങ്ങൾ കടന്നുപോയി.
ഞാൻ എന്റെ അമ്മയെ എന്നിൽ കണ്ടു... പറഞ്ഞറിയിക്കാനാവാത്ത നിമിഷം... മനസ്സിൽ ഒരുപാട് സന്തോഷം... ഒപ്പം ആ സന്തോഷം കാണാൻ അച്ഛൻ ഇല്ലെന്നുള്ള വിഷമവും...
ഇന്ന്...
എന്റെ മകൾ ചോദിക്കാറുണ്ട്...
"മുത്തശ്ശി എവിടെയെന്ന് ???..."
ഞാൻ പറയും... "മുത്തശ്ശിയുടെ കുട്ടിക്കാലമാണ് നീയെന്ന്...
ലോകം കീഴടക്കിയ സന്തോഷം ആ കൊച്ചു മനസ്സിൽ ഞാനും കണ്ടു...
പിന്നീടവൾ പറയും
"എനിക്കറിയാം... ന്റെ അമ്മ നുണ പറയില്ലാന്ന്... "
അതു കേട്ടാൽ അവൾ അറിയാതെയെന്റെ കണ്ണുകൾ നിറയും...
പണ്ട് ഞാനറിയാതെ എന്റെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞ പോലെ....
ആദർശ് കെ എസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo