Slider

കഥയല്ലിത് ജീവിതം ..

0
കഥയല്ലിത് ജീവിതം ..
രാവിലെ തേങ്ങാ ചിരവാനിരുന്ന എന്റെ മനസ് അങ്ങ് മൈസൂർ വരെ ഒന്ന് പോയി വന്നു..എന്റെ തലയിൽ മൊത്തം ചിന്തകളും ഉദിക്കുന്നതു ഈ സമയത്താണ്...
കുറച്ചു ദിവസമായി ഒരു ഗ്രൂപ്പിലെ കുട്ടി എന്നോട് “മനസിനെ കുറിച്ചൊരു കഥയെഴുതു ചേച്ചി” എന്ന് പറയാൻ തുടങ്ങിയിട്ട്..
“മനസ്” മനസ്സിലിട്ടു മനസിലാക്കാൻ നോക്കിയിട്ടു മനസിലേക്ക് ഒന്നും വരുന്നില്ല. പെട്ടെന്നാണ് “കുതിര” എന്ന പേരിൽ ഞാനൊരു കഥ എഴുതിയെവിടെയോ വെച്ച കാര്യം ഓര്മ വന്നത്. അതിനെ ഒന്ന് പൊടി തട്ടി യെടുക്കാം എന്ന് വിചാരിച്ചു.
അങ്ങിനെ പൊടി തട്ടി കഥയിലൂടെ മനസിങ്ങിനെ സഞ്ചരിച്ചിരിക്കുമ്പോഴാണ് ഈ കഥാപാത്രങ്ങളെ നല്ല പരിചയമുണ്ടല്ലോ എന്നോർമ്മ വന്നതും മനസ് മൈസൂർക്കു പോയതും ..
മൈസൂറിലെ തെരേസിയൻ കോളേജിലാണ് ഞാൻ പ്രീഡിഗ്രി പഠിച്ചിരുന്നത്. അവിടെ എന്നെ സൂവോളജി പഠിപ്പിച്ചിരുന്ന ഒരു മാഷ് ഉണ്ടായിരുന്നു (എല്ലാവരും മനസിനെ പിടിച്ചു കെട്ടിയിട്ടോ ... മനസ് വേണ്ടാത്തത് വായിക്കേണ്ട...ഞാൻ ആ ടൈപ്പ് അല്ല )
ഫഹദ് ഫാസിലിനെ പോലെ കഷണ്ടിയുള്ള, എണ്ണ കറുമ്പനായ ഒരു സുന്ദരൻ. സത്യത്തിൽ സാറിന്റെ പേര് ഞാൻ ഓർക്കുന്നില്ല . സാറിന്റെ ഭാര്യ ഗീത. സാറുമായി ഒരു ചേർച്ചയുമില്ലാത്ത രൂപം. വിളറി വെളുത്തു, വയർ വീർത്ത ഗീത മിസ്സിന്റെ മുഖം ഓര്മവന്നപ്പോൾ, ഒന്ന് കൂടെ ഓർമയിൽ സ്പൂൺ ഇട്ടിളക്കിയപ്പോഴാണ് അവർ അന്ന് രണ്ടാമത് ഗർഭിണിയായിരുന്നകാര്യം ഓര്മ വന്നത്....
മൂന്നാമത്തെ കഥ പാത്രം ഞങ്ങളുടെ എല്ലാം സഹതാപം പിടിച്ചു പറ്റിയ, കൂർഗിന്റെ സൗന്ദര്യം മുഴുവൻ
മുഖത്തൊപ്പിയെടുത്ത പ്രേമ മിസ്.
ഇവർ ഒരു ത്രികോണ പ്രേമ കഥയിലെ കഥാപാത്രങ്ങളാണ് . കാലങ്ങളായി ആ കോളേജിൽ ഇവരെ കുറിച്ചുള്ള കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് വിദ്യാർത്ഥിനികൾ കൈമാറുന്നു. അങ്ങിനെ കൈമാറി കിട്ടിയ അറിവ് ഇപ്പോൾ ഞാനും പങ്കു വെക്കുന്നു
മൂന്നു പേരും ഒന്നിച്ചു പഠിച്ചിരുന്നവരാണ് . എല്ലാവര്ക്കും ഒരു 38 - 42 വയസിനിടയിൽ പ്രായം. പ്രേമ മിസ്സിനെ സാറിനോട് പ്രേമം. സാറിന് ഗീത മിസ്സിനോടും. അവർ വിവാഹിതരായി. പ്രേമ മിസ് ഇപ്പോഴും അവിവാഹിത...വിധി വൈപര്യത്യം കൊണ്ടാവാം ഒന്നിച്ചു ജോലി ചെയ്യുന്നതു അതും ഒരേ ഡിപ്പാർട്മെന്റിലും.. അതെ മൂന്നുപേരും സൂവോളജി പഠിപ്പിക്കുന്നു
സ്റ്റാഫ് റൂമിലൂടെ പാസ് ചെയ്യുന്ന ഞങ്ങൾ മിക്കവാറും കരളലിയിക്കുന്ന ഒരു കാഴ്ചകാണാറുണ്ട്. ഗർഭിണിയായ ഭാര്യയെ ഊട്ടുന്ന സാർ .. അത് കാണാത്ത ഭാവത്തിൽ, എന്നാൽ എല്ലാം കണ്ടും കേട്ടുമിരിക്കുന്ന പ്രേമ
മിസ്. എന്തിനാണ്ഇതെല്ലാം കാണാനും കേൾക്കാനും ഈ സ്ത്രീ ഇവിടെ തന്നെ കുറ്റിയടിച്ചു നിൽക്കുന്നതെന്ന് ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്.
പ്രേമ മിസ് അന്ന് ഒരു ഫിയറ്റ് കാറോടിച്ചാണ് വരുന്നത്. സാറും ഭാര്യയും ഒരു സ്കൂട്ടറും ഉന്തി തള്ളി വരുന്നത് കാണാം . നന്നായി പഠിപ്പിക്കുന്ന സാറിനോട് ഞങ്ങൾക്കെലാം വളരെ സ്നേഹമായിരുന്നു. അത് കൊണ്ട് തന്നെ സാറിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് അനോന്യം ഞങ്ങൾ ചോദിക്കുമായിരുന്നു. ഗീത മിസ് ആണേൽ ഇപ്പോൾ മരിച്ചു പോയാൽ അത്രയും നല്ലതു എന്ന മുഖഭാവത്തോടെയാണ് എപ്പോഴും നടപ്പു. ഒരു സന്തോഷവുമില്ലാത്ത മുഖം.
നല്ല പ്രസരിപ്പും ചുറുചുറുക്കുമുള്ള സാറിന് എപ്പോഴെങ്കിലും ഭാര്യയോട് ഒരു മടുപ്പു തോന്നില്ലേ ? പ്രത്യേകിച്ചും ഒന്നിലും തോൽക്കാതെ തല ഉയർത്തിപ്പിടിച്ചു സാറിനെ സ്നേഹിച്ചിരുന്ന സ്ത്രീ കണ്മുന്നിൽ ജീവിച്ചിരിക്കുമ്പോൾ...
എന്തായിരിക്കും ആ രണ്ടു പെണ്ണുങ്ങളുടെ മനസ്സിൽ ? ഒരിക്കലും ഒരു വിജയിയുടെ ഭാവം ഗീത മിസ്സിന്റെ മുഖത്ത് ഞാൻ കണ്ടിട്ടില്ല.ഒരിക്കലും ഒരു നിരാശ ഭംഗം പ്രേമ മിസ്സിന്റെ മുഖത്തും. പക്ഷെ ഇവർ മൂന്നുപേരും തമ്മിൽ സംസാരിക്കാറില്ലായിരുന്നു എന്നുള്ളതാണ് അതിലെ ഏറ്റവും വലിയ കല്ല് കടി.... .... സ്വന്തം മനസിനെ മറച്ചു വെച്ച് മുഖം മൂടിയണിഞ്ഞു മുന്നോട്ടു പോവാൻ കഴിയാത്തതു കൊണ്ട് മാത്രമല്ലേ അവർ സംസാരിക്കാത്തതു ?
മറ്റൊരാളുടെ മനസ് വായിക്കാൻ കഴിയാത്തതു കൊണ്ട് കുഴപ്പങ്ങളില്ലാതെ മാത്രം മുന്നോട്ട് പോവുന്ന ബന്ധങ്ങൾ..
എന്നെങ്കിലും ഏതെങ്കിലും തരത്തിൽ അകത്തുള്ളത് പുറത്തേക്കു വരുമ്പോൾ തകർന്നു പോവുന്ന ബന്ധങ്ങൾ..
ഒന്നിലും പിടികൊടുക്കാതെ മനസ് ജൈത്രയാത്ര തുടരുന്നു.. ഇങ്ങു കൊച്ചിയിലെ ചിരവയിൽ നിന്നും അങ്ങ് മൈസൂരിലെ കോളേജിലേക്ക്....
അതെ, മനസൊരു പട്ടമാണ് . ചരട് പൊട്ടിയാൽ മാനത്തു പാറിക്കളിക്കുന്ന പട്ടം!!

Sanee
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo