Slider

ആത്മാവിന്റെ കഷ്ണങ്ങൾ

0
ആത്മാവിന്റെ കഷ്ണങ്ങൾ
…………………………………
ഒരു സ്ഫടിക പാത്രം താഴെ വീണുടയുന്നതു പോലെ
ആത്മാവ് നൂറു കഷ്ണങ്ങളായി പിരിയുന്നു.
എന്റെ അനുവാദത്തിനു കാക്കാതെ
അവ ദിക്കുകളെ തേടി യാത്രയാവുന്നു.
പുലർകാലത്തിലെ ഒരു മഞ്ഞു തുള്ളിയുടെ
പുഞ്ചിരിയിൽ,
ചുംബിക്കാൻ തുടങ്ങുന്ന രണ്ടു ചുണ്ടുകൾക്കിടയിൽ,
അങ്ങനെ സുന്ദരമായ എല്ലാത്തിലും
അവ ഇടം കണ്ടു പിടിക്കാൻ തുടങ്ങുന്നു.
ബാക്കിയാവുന്ന കഷ്ണങ്ങൾ
അലസമായി വെറും നിലത്തു കിടക്കുന്നു.
തിരികെ സ്വീകരിക്കുമെന്ന്
അവ പ്രതീക്ഷിക്കുന്നുണ്ടാവും.
എത്ര കൂട്ടിച്ചേർത്താലും പൂർണ്ണമാവില്ലെന്നറിഞ്ഞു കൊണ്ട്
ഞാൻ അതിന് ഒരുങ്ങണമോ;
പിന്നെ മുറിഞ്ഞ വാലിനെ പുനർജീവിപ്പിക്കുന്ന
പല്ലിയെപ്പോലെ
മുറിഞ്ഞ ആത്മാവിലേയ്ക്ക്
പുതിയ ചിലത് തുന്നിച്ചേർക്കണമോ;
അതോ ആത്മാവില്ലാത്തവളായി
ജീവിച്ചു തീരണമോ!
പ്രകാശഗോളങ്ങളുടേയും തമോഗർത്തങ്ങളുടേയും
അതിർവരമ്പിൽ ഒരു ഇടമുണ്ടെങ്കിൽ
അവിടെ ഞാൻ എനിക്കായി ഒരു ഇരിപ്പിടം കണ്ടു പിടിക്കട്ടെ!
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്ക്
ഒളിച്ചിരിക്കുവാൻ ഇടങ്ങൾ കുറവാണത്രേ...
എനിക്ക് അത്ഭുതം തോന്നുന്നു.
ഹൃദയത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവൾ
ഇന്ന് ആത്മാവിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു...!!!

Resmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo