വധുവിനെ കാൺമാനില്ല
*************************
*************************
രാവിലെ അമ്മയുടെ ഫോൺ വന്നിട്ടാണ് ഉണർന്നത്. ആഴ്ചയിൽ ഒരു ദിവസം കിട്ടുന്ന അവധിദിനത്തിൽ കിടന്ന് ഉറങ്ങാൻ സമ്മതിക്കാത്തതിന് അമ്മയോട് പരിഭവം പറഞ്ഞാണ് സംസാരം തുടങ്ങിയത്. അത് കേട്ട് അമ്മ പറഞ്ഞു നിനക്ക് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തി അത് പറയാനാണ് വിളിച്ചത്. പക്ഷെ നിനക്ക് ഉറങ്ങണമല്ലോ.. ഞാൻ പിന്നെ വിളിക്കാം. അമ്മ ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്തു. അത് കേട്ടതും മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. ഞാൻ ഉടനെ തിരിച്ചു വിളിച്ചു....
പഠിക്കാൻ പോകുന്ന സമയത്ത് പെൺകുട്ടികളുടെ പുറകെ നടക്കുന്നതിലും നല്ലത് പഠിച്ച് വലിയ നിലയിൽ എത്തി ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കണം എന്നാണ് കരുതിയത്. കോഴ്സ് കഴിഞ്ഞുടനെ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി. അടുത്ത വർഷം വിദേശത്ത് ട്രാൻസ്ഫർ വിത്ത് പ്രൊമോഷൻ. എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. പക്ഷേ മനസ്സിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. വയസ്സ് മുപ്പത്തിരണ്ട് ആയി. വർഷങ്ങളായി അന്വേഷണം തുടങ്ങിയിട്ട്. പല പെൺകുട്ടികളേയും ഇഷ്ടപ്പെട്ടെങ്കിലും ജാതകം ഒരു വില്ലനായി കുറുകെ നിന്നു. അവസാനം വിവാഹ കമ്പോളത്തിൽ മാർക്ക് ഇടിഞ്ഞു. പണ്ട് മാസത്തിൽ അഞ്ചാറു ആലോചനകൾ വന്നത് ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ ആയി ചുരുങ്ങി. അങ്ങനെയിരിക്കുമ്പോഴാണ്. അമ്മ ഒരു സന്തോഷ വാർത്തയുമായി വിളിച്ചത്. അത് ഞാനായിട്ട് നശിപ്പിച്ചു....
അങ്ങനെ അമ്മയെ വിളിച്ചിട്ട് ഡീറ്റയില്സ് തിരക്കി. അമ്മ പറഞ്ഞു ഒരു ബ്രോക്കർ കൊണ്ട് വന്ന ആലോചനയാണ്. ജാതകങ്ങൾ തമ്മിൽ നല്ല ചേർച്ച ഉണ്ട്. അതുകൊണ്ട് വീട്ടുകാരുമായി സംസാരിച്ചു. അവർക്ക് സമ്മതമാണ്. അപ്പോൾ ഞാൻ പറഞ്ഞു ഫോട്ടോ കണ്ടിട്ട് പറയാം എന്ന്. അമ്മ അയച്ചു തരാം എന്ന് പറഞ്ഞു. അങ്ങനെ അതിനായുള്ള കാത്തിരിപ്പ് ആയിരുന്നു.
അടുത്ത ദിവസം ഫോട്ടോ അയച്ചു തന്നു. നല്ല ശാലീന സുന്ദരിയായ കുട്ടി. ഞാൻ ആഗ്രഹിച്ചതിനേക്കാൾ സുന്ദരി ആയിരുന്നു അവൾ. അതുകാരണം വേറെ ഒന്നും ആലോചിച്ചില്ല അമ്മയെ വിളിച്ചു പറഞ്ഞു ഇത് ഉറപ്പിച്ചോളു എന്ന്. പക്ഷേ അമ്മ പറഞ്ഞു നീ വന്ന് അവളെ കണ്ടിട്ട് ഉറപ്പിക്കാം. ഞാൻ പറഞ്ഞു അതൊന്നും വേണ്ടാ ഞാൻ നാട്ടിൽ വരുമ്പോഴേക്കും വേറെ ആരെങ്കിലും ആയിട്ട് കല്യാണം ഉറപ്പിക്കും അതുകൊണ്ട് ഇപ്പോൾ തന്നെ ഓക്കെ പറഞ്ഞോളു എന്ന്.
അങ്ങനെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. കല്യാണം തീയതി നിശ്ചയിച്ചു. ആകെ ഒരു മാസമേ ലീവ് ഉള്ളൂ. പിന്നെ ഒരു വർഷം കാത്തിരിക്കണം അടുത്ത ലീവിനായിട്ട്. മാനേജറുടെ കാല് പിടിച്ച് പത്ത് ദിവസം കൂടി നീട്ടി തന്നു. നാട്ടിലേക്ക് പുറപ്പെടും മുൻപ് ഓഫീസിൽ കൂടെ ജോലി ചെയ്യുന്നവർക്കും ഗൾഫിൽ ഉള്ള കൂട്ടുകാർക്കും.. എന്തിന് അവരുടെ നാട്ടിലുള്ള ബന്ധുക്കൾക്ക് വരേയും ക്ഷണക്കത്ത് കൊടുത്തു. എനിക്ക് പെണ്ണ് കിട്ടില്ലെന്ന് പറഞ്ഞു കളിയാക്കിയവരുടെ മുൻപിൽ കത്ത് എടുത്തു വീശിക്കാട്ടി ഞാൻ നടന്നു. പോരാത്തതിന് കല്യാണം കഴിഞ്ഞു തിരിച്ചു വരുമ്പോൾ നടത്താനായി വലിയ ഒരു പാർട്ടിയും ഹോട്ടലിൽ ബുക്ക് ചെയ്തു. അങ്ങനെ കല്യാണത്തിന് ഇരുപത് ദിവസം മുമ്പ് നാട്ടിലെത്തി. എത്തിയ ഉടൻ അമ്മയോട് പറഞ്ഞു നമ്മുക്ക് ഇന്ന് തന്നെ പെണ്ണിനെ കാണാൻ പോയാലോ.... അമ്മ പറഞ്ഞു അതൊന്നും ശരിയാകില്ല... അവർ എന്ത് വിചാരിക്കും.. എൻ്റെ മനസ്സിൽ എയർപോർട്ടിൽ നിന്നും നേരിട്ട് അവളുടെ വീട്ടിൽ പോകണമെന്നായിരുന്നു.
അങ്ങനെ അടുത്ത ദിവസം ഞാനും കുറച്ചു ബന്ധുക്കളും രണ്ടാം റൗണ്ട് പെണ്ണ് കാണലിനായി പോയി. വണ്ടിയിൽ ഇരുന്നു അമ്മാവൻ കളിയാക്കുന്നുണ്ടായിരുന്നു. ആദ്യമായിട്ടാണ് കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരു പെണ്ണുകാണൽ. അതു കേട്ട് എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു. എടോ കിളവാ എന്റെ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ എന്നിട്ട് ഇതിനുള്ള മറുപടി പറയാം എന്ന് മനസ്സിൽ പറഞ്ഞു.
അങ്ങനെ പെൺകുട്ടിയുടെ വീട്ടിൽ എത്തി. ഞങ്ങളെ കാത്ത് പെൺകുട്ടി ഒഴികെ ബാക്കി എല്ലാവരും ഉണ്ടായിരുന്നു. അവൾ കോളേജിൽ നിന്നും വന്നില്ല. ഉടനെ വരും എന്ന് പറഞ്ഞു. ഞാൻ വീണ്ടും കാത്തിരിപ്പ് തുടർന്നു. എൻ്റെ ബന്ധുക്കളും അവളുടെ ബന്ധുക്കളും കല്യാണ ഒരുക്കങ്ങളെ കുറച്ചുള്ള ഗംഭീര ചർച്ച ആയിരുന്നു. മീൻചന്തയിൽ വായിനോക്കി നിൽക്കുന്ന പൂച്ചയെ പോലെ അവളുടെ വരവും കാത്ത് ഞാൻ വഴിയിലേക്ക് നോക്കി നിന്നു. കുറേ കഴിഞ്ഞു അവൾ വന്നു. ഫോട്ടോയിൽ കാണുന്നതിലും സുന്ദരി ആയിരുന്നു അവൾ. അവളുടെ അച്ഛൻ ഞങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാൻ പറഞ്ഞു. അതുകേട്ട് ചാടി എഴുന്നേറ്റതും എൻ്റെ അമ്മാവൻ ആയ പെരട്ട കിളവൻ പറഞ്ഞു. ഇനി എന്ത് സംസാരിക്കാനാണ്. എല്ലാം നമ്മൾ ഉറപ്പിച്ചതല്ലേ ഇനി കല്യാണം കഴിഞ്ഞിട്ട് സംസാരിക്കാം എന്ന്. അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചു.
അതുകഴിഞ്ഞ് നേരെ വീട്ടിൽ വന്നു. അവളോട് സംസാരിക്കാനായി അവളുടെ അച്ഛനെ വിളിച്ചു നമ്പർ ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു. അതിനെന്താ മോനെ നിനക്ക് എപ്പോൾ വേണമെങ്കിലും ഈ നമ്പറിൽ വിളിക്കാലോ എന്ന്. അങ്ങനെ ആ പ്രതീക്ഷയും പോയി. അല്ലെങ്കിലും ഈ എല്ലുപൊടി കേസുകൾക്ക് നമ്മൾ യുവജനങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ കഴിവില്ലല്ലോ.. ആ ഞാൻ കരുതി ഇനി കുറച്ച് ദിവസങ്ങൾ കൂടി ക്ഷമിച്ചാൽ മതിയല്ലോ... അങ്ങനെ അവളുടെ അച്ഛൻ അവൾക്ക് ഫോൺ കൊടുത്തു. അവളോട് ആദ്യമായി സംസാരിച്ചു. അതൊരു ഇൻറർവ്യൂ പോലെ ആയിരുന്നു. ഞാൻ ചോദിക്കും അവൾ ഉത്തരം പറയും. ആകെ ബോറൻ ഏർപ്പാട്. ഞാൻ കരുതി അവളുടെ അച്ഛൻ നിൽക്കുന്നതിനാൽ നാണം ആയിരിക്കും അതാണ് ഒന്നും സംസാരിക്കാത്തത് എന്ന്....
പിന്നീടുള്ള ദിവസങ്ങളിൽ ഏതോ ഒരു സ്വപ്ന ലോകത്തായിരുന്നു. ഏത് കപ്പിൾസിനെ കണ്ടാലും ഞാൻ കല്യാണം കഴിച്ചിട്ട് അവളുമായി നടക്കുന്ന കാര്യങ്ങൾ ഓർത്തു പുഞ്ചിരിച്ചു നടക്കും. ചില കൂട്ടുകാർ എനിക്ക് വട്ടാണെന്ന് പറഞ്ഞു കളിയാക്കി തുടങ്ങി... അങ്ങനെ നാട്ടിലുള്ള ബന്ധുക്കളുടേയും കൂട്ടുകാരുടേയും വീടുകളിൽ പോയി കല്യാണം വിളി തുടർന്നു.
അങ്ങനെ കല്യാണ തലേന്ന് വന്നു. വീട്ടിൽ ബന്ധുക്കളും നാട്ട്കാരും കൂട്ട്കാരും എല്ലാവരും ചേർന്ന് പാർട്ടിയും ബഹളവും ആകെ ഒരു ആഘോഷമായിരുന്നു. ദിവസം വളരെ പെട്ടെന്ന് കടന്നു പോയി... അവസാനം അമ്മ വന്നു പോയി കിടന്നുറങ്ങ് നാളെ രാവിലെ പോകണ്ടേ എന്ന് പറഞ്ഞപ്പോഴാണ് റൂമിൽ പോയത്...
കല്യാണതലേന്ന് ഒരാൾക്കും സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ലെന്ന് കേട്ടിട്ടുണ്ട്. എനിക്കും കഴിഞ്ഞില്ല. താലി കെട്ടലും ആഘോഷങ്ങളും എല്ലാം ഓർത്തപ്പോൾ ഉറക്കം വന്നില്ല. മനസ്സിൽ മൊത്തം അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. അവളെ ഒന്ന് വിളിച്ചാലോ എന്ന് കരുതി പക്ഷേ അവളുടെ അച്ഛൻ്റെ മുഖം ഓർത്തപ്പോൾ വിളിക്കാൻ തോന്നിയില്ല. ഞാൻ വാച്ചിൽ നോക്കി സൂചി വളരെ പതുക്കെയാണ് അനങ്ങുന്നത്. ഓരോ മിനിറ്റിനും വർഷങ്ങളുടെ ദൈർഘ്യം ഉള്ളത് പോലെ തോന്നി. കുറച്ചു സമയം കണ്ണടച്ച് കിടന്നു. എന്നിട്ടും രക്ഷയില്ല. കുറച്ചു സമയം വീടിനു പുറത്ത് ഇറങ്ങി നടന്നു. വീണ്ടും റൂമിൽ വന്നു. എന്നിട്ട് വാച്ചിൽ നോക്കി. സമയം ഒരു മണി ആയിട്ടുള്ളൂ. അങ്ങനെ ആകെ കഷ്ടപ്പെട്ട് നേരം വെളുപ്പിച്ചു.
അങ്ങനെ ഞാനും ബന്ധുക്കളും നേരെ കല്യാണമണ്ഡപത്തിലേക്ക് യാത്രയായി. എല്ലാവരും കൂടി എന്നെ പിടിച്ചു മണ്ഡപത്തിൽ ഇരുത്തി. ഞാൻ മുന്നിലേക്ക് നോക്കി.. ആയിരക്കണക്കിന് ആളുകൾ എൻ്റെ മുൻപിൽ ഇരിക്കുന്നു. എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുകയാണ്.. എനിക്ക് അപ്പോൾ ടെൻഷൻ കൂടി ഞാൻ അമ്മയോട് പറഞ്ഞു... വേഗം പെണ്ണിനെ വിളിക്ക്. എനിക്ക് ഇവിടുന്ന് ഒന്ന് രക്ഷപെടണം. അപ്പോൾ അമ്മ പറഞ്ഞു ഒന്ന് അടങ്ങി ഇരിക്ക് ഇവിടെ ഓരോന്നിനും അതിന്റെതായ മൂഹൂർത്തം ഉണ്ട് അതിനനുസരിച്ചേ ഓരോ കാര്യങ്ങൾ നടക്കു.. അതുകേട്ട് ഞാൻ മിണ്ടാതെ അവിടെ ഇരുന്നു. എന്നിട്ട് മുന്നോട്ടു നോക്കിയതും ആളുകൾ അപ്പോഴും എന്നെ തന്നെ നോക്കിയിരിക്കുന്നു. ഞാൻ വേഗം കണ്ണടച്ച് ഇരുന്നു...
അപ്പോഴാണ് ഒരാൾ വിളിച്ച് അലറുന്ന ശബ്ദം കേട്ട്.. ആദ്യം എന്താണെന്ന് മനസ്സിലാകാത്തത് കാരണം ഞാൻ കണ്ണ് തുറന്നു നോക്കി. അയാൾ വീണ്ടും വിളിച്ചു കൂവുന്നുണ്ടായിരുന്നു..
...വധുവിനെ കാണാനില്ല...
...വധുവിനെ കാണാനില്ല...
ആരുടെയോ കൂടെ ഒളിച്ചോടി പോയി.
അത് കേട്ടതും ഞാനാകെ ഷോക്ക് ആയിപ്പോയി. ഞാൻ അവളുടെ അച്ഛനേയും അമ്മയേയും നോക്കി. അവരുടെ മുഖത്ത് ഒരു നിസ്സഹായ ഭാവമായിരുന്നു. എല്ലാവരുടേയും മുന്നിൽ വലിയ ഒരു തെറ്റ് ചെയ്ത കുറ്റവാളികളെ പോലെ ഒന്നും പറയാനാവാതെ അവർ തലകുനിച്ചു നിന്നു.. എൻ്റെ ബന്ധുക്കളും നാട്ടുകാരും വായിൽ വരുന്നതെല്ലാം വിളിച്ച് അവരെ അധിക്ഷേപിച്ച് കൊണ്ടിരുന്നു... ഞാൻ വേഗം മുന്നിലേക്ക് നോക്കി... എല്ലാ ആളുകളും വളരെ സഹതാപത്തോടെ എന്നെ നോക്കി കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇതിനിടെ ചിലരൊക്കെ എന്നെ കളിയാക്കി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ കരുതി ഇവിടുന്ന് പെട്ടെന്നങ്ങ് മരിച്ചു പോയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു എന്ന്... പോറ്റി എന്നെ സൂക്ഷിച്ചു ഒന്ന് നോക്കി അപ്പോഴേ എനിക്ക് മനസ്സിലായി എന്ത് കാണാൻ ഇവിടെ ഇരിക്കുന്നത് എഴുന്നേറ്റ് പൊയ്ക്കുടെ എന്നാണ് അദ്ദേഹം വിചാരിക്കുന്നത് എന്ന്. ഞാൻ മണ്ഡപത്തിൽ നിന്നും എഴുന്നേറ്റു. താലിയിലും മാലയിലും പൂവിലും ഒക്കെ നോക്കി. പല സിനിമയിലും അവസാനം കല്യാണ ദിവസം പ്രേമിച്ചനായകൻ്റെ കൂടെ നായിക പോകുമ്പോൾ ഞാനും കൈയടിച്ചിട്ടുണ്ട് പക്ഷെ അത് കണ്ട് ഇരിക്കുന്ന വരൻ്റെ അവസ്ഥ എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്...
കല്യാണം നടക്കില്ല എന്ന് അറിഞ്ഞതും പലരും നേരെ സദ്യ കഴിക്കാൻ കയറി. അതു കാരണം കുറച്ചു ആളുകളുടെ മുഖത്ത് നോക്കിയാൽ മതിയായിരുന്നു. അവളുടെ അച്ഛനും അമ്മയും എന്നോട് മാപ്പ് പറഞ്ഞു. അവൾക്ക് ഒരു പ്രണയ ബന്ധം ഉണ്ടായിരുന്നു പക്ഷേ അവൾ അവരോട് ഇങ്ങനെ ഒരു ചതി കാണിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്ന്. അതിനിടക്ക് അവളുടെ വശം പറയാനും ആളുകൾ ഉണ്ടായിരുന്നു. എന്ത് പറഞ്ഞ് അവളെ ന്യായികരിച്ചാലും കല്യാണദിവസം വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത് അവളുടെ തെറ്റല്ലേ. അവൾക്ക് വേറെ ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ കല്യാണം ഉറപ്പിച്ചുടനെ പോകാമായിരുന്നല്ലോ. ഇപ്പോൾ ഞാൻ എല്ലാവരുടേയും മുന്നിൽ ഒരു കോമാളിയായി.
ഞാൻ നേരെ വീട്ടിലേക്ക് പോയി. നേരെ റൂമിൽ കയറി. ഏതോ ഒരു അലവലാതി കൂട്ട്കാരൻ റൂം മുഴുവൻ പൂവ് കൊണ്ട് അലങ്കരിച്ചിരിക്കുകയായിരുന്നു. അത് കണ്ടതും എൻ്റെ വിഷമം ഇരട്ടിച്ചു. എല്ലാം വലിച്ചു പറിച്ച് കളഞ്ഞിട്ട്. കട്ടിലിൽ കിടന്നു. ഇത്രയും ദിവസം ഹൃദയത്തിൽ കൊണ്ട് നടന്ന പെണ്ണ് പെട്ടെന്ന് മറ്റൊരുത്തൻ്റെ കൂടെ പോയത് ഓർക്കുന്തോറും വിഷമം കൂടി കൂടി വന്നു. എല്ലാം മറക്കാൻ കൂട്ടുകാരുമായി ഒരു യാത്ര പോയി.
യാത്ര കഴിഞ്ഞ് തിരിച്ചു വന്നു. പക്ഷേ വീണ്ടും വിധി വേട്ടയാടി കൊണ്ടിരുന്നു. എല്ലാം മറന്ന് നാട്ടിലേക്ക് ഇറങ്ങിയതും നാട്ടുകാർ സഹതാപവാക്കുകളുമായി ശ്വാസം മുട്ടിക്കാൻ തുടങ്ങി. ചിലർക്ക് പുച്ഛവും ആയിരുന്നു. വഴിയിൽ പോകുന്ന പലരും എന്നെ നോക്കി ചിരിക്കാനും തുടങ്ങി. ചില തലതെറിച്ചതൊക്കെ ചേട്ടന്റെ കല്യാണത്തിൻ്റെ അന്നല്ലേ പെണ്ണ് മുങ്ങിയത് എന്ന് ചോദിച്ചു കളിയാക്കുകയും ചെയ്തു. അതൊന്നും സഹിക്കാൻ വയ്യാതെ നേരെ വിദേശത്ത് തിരിച്ചു പോയി..
ഓഫീസ് ചെന്നതും എല്ലാവർക്കും ഞാനൊരു വിഷയമായി സംസാരിക്കാൻ. എന്തിന് മറ്റുള്ള രാജ്യക്കാർ വരെ ഇത് ചോദിച്ചു കളിയാക്കി. അതിനിടക്ക് ഇതൊന്നും അറിയാതെ വന്ന മാനേജർ എല്ലാവരുടേയും മുന്നിൽ വച്ച്. കല്യാണത്തിന് ആശംസകളും പറഞ്ഞു പാർട്ടി ഉടനെ നടത്തണമെന്നും പറഞ്ഞു. ഇതു കേട്ടതും കൂടെ വർക്ക് ചെയ്യുന്നവരെല്ലാം ചിരിച്ചു തകർത്തു. അങ്ങനെ നാട്ടിലും ജോലി സ്ഥലത്തും ഒരു കോമാളിയായി. ഞാൻ നടന്നു.
അങ്ങനെ പയ്യെ പയ്യെ ഞാനും മറ്റുള്ളവരും എല്ലാം മറന്നു തുടങ്ങി. ജീവിതം വീണ്ടും പഴയത് പോലെയായി...
അങ്ങനെയിരിക്കെ ഒരു അവധി ദിവസം രാവിലെ ഫോൺ വിളി കേട്ട് ഉണർന്നു. അമ്മയായിരുന്നു.. അമ്മ പറഞ്ഞു ബ്രോക്കർ ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്. ജാതകം ചേരും വീട്ട്കാർക്ക് സമ്മതമാണെന്ന്..
ഞാൻ ഒന്നും ആലോചിച്ചില്ല അമ്മയോട് പറഞ്ഞു..
""" പെട്ടെന്ന് അവളുടെ ഫോട്ടോ എനിക്ക് അയച്ച് താ......"""
-----------------------------------------------------
NB: inspired by a recent event....
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം...
------------------------------------------------------
©MUCHESH
""" പെട്ടെന്ന് അവളുടെ ഫോട്ടോ എനിക്ക് അയച്ച് താ......"""
-----------------------------------------------------
NB: inspired by a recent event....
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം...
------------------------------------------------------
©MUCHESH

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക