Slider

ആന വരുന്നേ...

0

ആന വരുന്നേ...
ഇതു വെറുമൊരു സാങ്കൽപിക കഥയല്ല. തികച്ചും സത്യമാണ്. അതു കൊണ്ടു തന്നെ പറയട്ടെ ഈ കഥയിലെ നായിക ഈ ഞാൻ തന്നെയാണ്...
കുറച്ച് വർഷങ്ങൾക്കു മുൻപ് ...
വിവാഹം കഴിഞ്ഞു പത്തിരുപത് ദിവസങ്ങൾക്കു ശേഷം ഏട്ടൻ ഗൾഫിലേക്കു മടങ്ങി. കോളേജും വീടും തമ്മിലുള്ള ദൂരം കൂടുതലായതു കൊണ്ട് ആ വർഷത്തെ പഠനം താൽക്കാലികമായി നിർത്തിവെച്ചിട്ട് ഞാൻ ഏട്ടന്റെ വീട്ടിലേക്കു പോയി അവിടുത്തെ അമ്മക്കു കുറച്ചു പ്രായമുണ്ടേ..
ആ സമയത്താണ് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ (നാലമ്പല ദർശനത്തിനു പ്രസിദ്ധിയുള്ള ക്ഷേത്രം) അച്ഛനും അമ്മയും ഉത്സവത്തിനു പോകുന്നുണ്ട് നീ വരുന്നുണ്ടെങ്കിൽ വാ ....
വിളി കേട്ടപാതി കേൾക്കാത്ത പാതി ഞാൻ യാത്രാനുമതിയും ചോദിച്ച് എന്റെ വീട്ടിലേക്ക് തിരിച്ചു...
അവിടെ ഗംഭീര ആന പൂരമാണേ...
ഞങ്ങളീ തൃശ്ശൂരുകാർക്ക് ആനയോടുള്ള പ്രേമം ഇത്തിരി കൂടുതലാണെന്ന് എല്ലാവർക്കും അറിയാലോ..
ആനയെന്നു പറഞ്ഞാ എനിക്കും ജീവനാണ്..
എത്ര ആനയാ.... ഞാൻ കൺകുളിർക്കെ താളോം മേളവുമൊക്കെ ആസ്വദിച്ചങ്ങനെ അവരുടെ കൂടെ നിൽക്കാണ്.
പെട്ടന്നാരോ പറഞ്ഞു ... "ആനയിടഞ്ഞു.... "
ഈശ്വരാ ഏതു ദൈവത്തെ വിളിക്കും...?
വേറെ വല്ല ജാതിയായിരുന്നെങ്കിൽ ഒരു ദൈവത്തെ വിളിച്ചാ മതിയായിരുന്നു ഇതിപ്പോ മുപ്പത്തെട്ടുമുക്കോടി ദേവതകളുണ്ടെന്നാ കേട്ടിരിക്കുന്നത് ചിലപ്പോ അതിൽ കൂടുതലും ഒരാളെ വിളിച്ചാൽ ഒരാൾക്ക് വിഷമമായാലോ...
ശങ്കിച്ചു നിൽക്കാൻ സമയമില്ല ജീവൻ വേണേൽ ഓടണം..
''എല്ലാവരും ഓടിക്കോ... ''
ആളുകളൊക്കെ പരക്കം പായുന്നു . ചിലർ വാവിട്ടു കരയുന്നു...
ഞാൻ ഭയങ്കര ധൈര്യശായിയാണെന്നു ഇപ്പോ നിങ്ങൾക്കു തോന്നുന്നുണ്ടോ...?
അതു വെറുതെയാണ് ഞാനും ഓടുകയാണേ...
എന്റെ മനസ്സിൽ ആന എന്നെ ചവിട്ടി കൊന്നിരുന്നു.
പാവം ഏട്ടൻ ഒരു 'വിധവനായി 'പോയല്ലോ .....
ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതേ ഉള്ളൂ... ഒന്നു മര്യാദയ്ക്ക് സംസാരിക്കാൻ പോലും സമയം കിട്ടിയിട്ടില്ല.. ഭാര്യയെ ആന ചവിട്ടി കൊന്നുവെന്നു പറയാൻ മോശക്കേടുണ്ടാവില്ലേ ... ഓടുമ്പോഴും ഇങ്ങനെയൊക്കെചിന്തിക്കാൻ പറ്റ്വോ .... ആവോ.... ഞാനിതൊക്കെ തന്നെയാണ് ചിന്തിക്കുന്നത്...
പെട്ടന്ന് മുൻപിലുള്ളവരെല്ലാം നിന്നു. ഇനി മുൻപോട്ടു പോകാൻ പറ്റില്ല .ഈ വാതിലിനപ്പുറം ശ്രീകോവിലാണ് അവിടെ ഉച്ചനേദ്യമായതുകൊണ്ട് എല്ലാവരേയും പുറത്താക്കി വാതിൽ അടച്ചിട്ടിരിക്കുന്നു. പ്രാണനു വേണ്ടി വാതിൽ തുറക്കണമെന്ന് ആളുകൾ കരഞ്ഞു പറയുന്നുണ്ട് പക്ഷേ ദേവസ്വക്കാർ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല..
ആനയ്ക്കു മദമിളകി എന്നു കേട്ടതല്ലാതെ കണ്ടിട്ടില്ല.. അപ്പോഴാണ് ആനയുടെ വരവ്...
എന്റെമ്മോ... കൊമ്പുകുലുക്കി അലറി പാഞ്ഞു ഞങ്ങളുടെ നേർക്ക് ഓടി വരുകയാണ്..
ആന ഓടുമ്പോൾ ഭൂമി കുലുങ്ങുന്ന പോലെ..
പേടിച്ചിട്ട് ഹൃദയം വായിൽ കൂടി ചാടി ഓടുമെന്ന് നർമ്മ രൂപേണ വായിച്ചറിവേ ഉള്ളൂ . എന്റെ ഹൃദയം എപ്പഴേ ഇറങ്ങി ഓടി..
തീർന്നു... ഇനി മുന്നോട്ടൊരടി പോവാൻ പറ്റില്ല ആനയാണെങ്കിൽ അടുത്തെത്താറായി അതിനിടയിൽ ആരെയോ ആന തുമ്പിക്കൈ കൊണ്ട് എടുത്തറിഞ്ഞത് നടുക്കത്തോടെ ഞങ്ങളെല്ലാവരും നോക്കി കണ്ടു.
കൂത്തമ്പലം കഴിഞ്ഞാൽ അതു ഞങ്ങളുടെ അടുത്തെത്തും.. കൂത്തമ്പലത്തിനുള്ളിലും ഒരു പാടാളുകൾ ഭയന്നു വിറച്ചിരിക്കുന്നുണ്ട്. ആന കൂത്തമ്പലത്തിന്റെ ഒരു ഭാഗത്ത് ഇടിക്കാൻ തുടങ്ങി
ആളുകൾ ഉറക്കെനിലവിളിക്കുകയാണ്.
ആരെക്കെയോ വലിയ ശബ്ദങ്ങളുണ്ടാക്കിയപ്പോൾ ഞങ്ങളുടെ നേർക്കു തിരിഞ്ഞ ആന പെട്ടന്ന് ആ ശബ്ദത്തിന്റെ വഴി ഓടുന്നത് ഞങ്ങൾ കണ്ടു.
അൽപം ആശ്വാസം തോന്നി പക്ഷേ വിറയൽ മാറുന്നില്ല. വേഗം നടക്ക് വേറെ വഴി പുറത്തേക്ക് കടക്കാമെന്ന് അച്ഛൻ പറഞ്ഞു.
പക്ഷേ കാലും കൈയ്യും വിറച്ചിട്ട് നടക്കാൻ പോലും പറ്റണില്ല.
ഉത്സവം കാണാൻ തോന്നിയ നേരത്തെ ഞാൻ മനസ്സിൽ ശപിച്ചു കൊണ്ടിരുന്നു.
ഒരു കണക്കിന് അമ്പലക്കുളം വരെയെത്തി. അപ്പോ ആരോ പറയാ..
'' ദേ ആന ഈ വഴി വരുന്നുണ്ട്.''
'ഇനി ഓടാൻ വയ്യ .. തൊണ്ട വരണ്ടു പൊട്ടാറായി.
ആന വന്നാ അച്ഛാ ഞാനീ കുളത്തിൽ ചാടുട്ടോ നിങ്ങൾ എന്നെ നോക്കണ്ട പോയി രക്ഷപ്പെട്ടോ ...'
ഭാഗ്യത്തിന് ആന ആ വഴി വന്നില്ല.
ആന ഓടിപ്പിച്ച ക്ഷീണം ഒന്നു മാറ്റാൻ അച്ഛൻ അമ്മയേയും എന്നേയും കൊണ്ട് ഒരു ഹോട്ടലിൽ കയറി
എന്താ മോൾക്ക് വേണ്ടേ... ?
എന്തൊക്കെയോ വേണമെന്നുണ്ട് പക്ഷേ പറയാൻ ശബ്ദം പുറത്തേക്കു വരുന്നില്ല. അതു മനസിലാക്കി അച്ഛൻ എനിക്കേറ്റവും ഇഷ്ടപ്പെട്ട മസാല ദോശ പറഞ്ഞു.
വെയിറ്റർ കൊണ്ടു വെച്ച വെള്ളം ആർത്തിയോടെ
മോന്തി കുടിച്ചു. മസാല ദോശ കഴിക്കാനായി കൈയ്യെടുത്തപ്പോഴോ .. ആലില പോലെ വിറക്കുകയാണ് ഒരു വിധേന ഒരു കഷണം വായിൽ എടുത്തു വെച്ചു.
എന്താ മോളെ കരയുന്നേ പച്ചമുളക് കടിച്ചോ.. ?
ഇല്ലെന്ന് ഞാൻ ആംഗ്യ ഭാഷയിൽ മറുപടി നൽകി.
ഇനി ഭക്ഷണം പോയിട്ട് വെള്ളമിറക്കാൻ പോലും പറ്റില്ലെന്നാ കുറച്ചു മുൻപുവരെ കരുതിയിരുന്നത്.
ആയുസ്സിന്റെ ബലം കൊണ്ട് എങ്ങനെയൊക്കെയോ അന്നതിൽ നിന്നും രക്ഷപ്പെട്ടു.
വീട്ടിൽ തിരിച്ചെത്തി അമ്മയോട് (അമ്മായി അമ്മ) കാര്യങ്ങൾ പറഞ്ഞപ്പോ ആകെ ചിരി പൂരം . അമ്മയ്ക്ക് ആന ഓടി ചെന്നു കേട്ടപ്പോ ചിരി അടക്കാനാവുന്നില്ല. കൂടെയുള്ളവരും ചിരി. കൂട്ട ചിരി.. ചിരിച്ചു ചിരിച്ച് അവർക്കു വയറു വേദന.... എനിക്കാണെങ്കിൽ സങ്കടായി പുതുപെണ്ണല്ലേ എന്തെങ്കിലും പറഞ്ഞു പോയാ ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ... പാവം ഞാൻ ഒന്നും മിണ്ടിയില്ല.
മൂന്നു പേരെ ആന കൊല്ലുകയും ഒരുപാടു പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ സംഭവം ഇപ്പഴും എന്നിൽ പേടിയോടെ കിടക്കുന്നുണ്ട്.
ഉത്സവങ്ങൾക്കു പോവുമ്പോ ഇടയ്ക്കിപ്പോഴും ആ സംഭവം പറഞ്ഞ് ഏട്ടൻ എന്നെ കളിയാക്കും. ദേ ഇന്നാളു കൂടി മക്കളോട് പറയാ..
''ഉത്സവത്തിനു ആനയുണ്ടെങ്കിൽ അമ്മേടെ പൊടിപോലും അവിടെയുണ്ടാവില്ലാന്ന്....''
ഇതിലും ഭേദം അവിടെയിട്ട് ആന ചതച്ചരച്ചാ മതിയായിരുന്നെന്നും ഞാൻ അപ്പോഴാക്കെ തിരിച്ചു പറയാറുണ്ട്.
ഇനിയിപ്പോ എന്തു പറഞ്ഞിട്ടും എന്താ കാര്യം.. അല്ലേ...

Anupriya Shibu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo