Slider

മകൾക്ക്.....

0
മകൾക്ക്.....
അമ്മൂ..... അമ്മൂ.... എത്ര നേരായിട്ടു വിളിക്കണതാ
ഈ കുട്ടിയവിടെ എന്തെടുക്കാ...
മോളേ അമ്മൂ...
അതു ശരി നീയിവിടെ ഇരുട്ടത്തേയ്ക്കും
നോക്കി കൊണ്ടിരിക്കാ..
ഞാൻ വിളിക്കണതൊന്നും കേട്ടില്ലേ....
അതല്ല ചിറ്റേ ആരോ നിലവിളിക്കുന്ന പോലെ ....
ആദ്യം തോന്നിയതായിരിക്കും എന്നു വിചാരിച്ചു . പക്ഷേ പിന്നേയും പിന്നേയും ആ ശബ്ദം ചിരിക്കുന്നു, കരയുന്നു, ഇടക്കെപ്പോഴോ അലറി വിളിക്കുന്നതും കേട്ടു.
ഓ.. അതാണോ അതാ ഭ്രാന്തൻ വേലുവാണ് . ഇന്നു വാവല്ലേ അതു കൊണ്ടിന്നൽപം കൂടുതലായിരിക്കും. പാവം...
ഇതിടക്കിവിടെ പതിവാ...
ഭ്രാന്തൻ വേലുവോ അതാരാ ചിറ്റേ..?
അതൊക്കെ ഒരു കഥയാ അമ്മൂ.. അതൊക്കെ പിന്നെയാവട്ടെ നീ വാ..
വന്നു വല്ലതും കഴിക്കാൻ നോക്ക്
'പറ ചിറ്റേ... എനിക്കയ്യാളെ പറ്റി അറിയണം '
അമ്മു ചെറിയ കുട്ടികളെ പോലെ കൊഞ്ചി ചോദിച്ചു
ശ്ശൊ ഈ കുട്ടീടെ ഒരു കാര്യം. ഇത്ര വലുതായിട്ടും കുട്ടിക്കളി മാറീട്ടില്ല..
എന്റെ പൊന്നു ചിറ്റേല്ലേ... പ്ലീസ്....
നിനക്കു അത്ര നിർബന്ധമാണെങ്കിൽ പറയാം അമ്മൂ...
"ഒരു പാവായിരുന്നു വേലു. ഭാര്യയും ഒരു മകളുമടങ്ങിയ കൊച്ചു കുടുംബം. അവരുടെ ലോകം തന്നെ ആ മോളായിരുന്നു.
വേലു എവിടെ പോയാലും വാലു പോലെ അവളുമുണ്ടാകും. കുഞ്ഞിഉടുപ്പിട്ട് കുസൃതികാട്ടി തുള്ളിച്ചാടി നടക്കുന്ന ഒരു സുന്ദരിക്കുട്ടി. കിലുകിലാന്നുള്ള അവളുടെ ചിരിയും കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനവും കേൾക്കാൻ തന്നെ ഒരു രസായിരുന്നു.
വൈകുന്നേരങ്ങളിൽ അച്ഛൻ കൊണ്ടുവരുന്ന മിഠായി പൊതിക്കായി ഉറങ്ങാതെ അമ്മയോടൊപ്പം അവളും കാത്തിരുന്നു. അച്ഛന്റെ നിഴൽ കാണുമ്പോഴേക്കും അവളോടി ചെല്ലും . കെട്ടിപ്പിടിച്ചു മുത്തം കൊടുക്കും.പിന്നെ അച്ഛന്റെ തോളിലിരുന്ന് മിഠായി പൊതി തുറന്ന് ആദ്യം അച്ഛന് പിന്നെ അമ്മക്ക്.
കുളിച്ച് , വസ്ത്രം മാറി അത്താഴം കഴിക്കാനിരിക്കുമ്പോൾ തൂണിനു പിറകിൽ ഒളികണ്ണിട്ടു അവളവിടെ നിൽക്കുന്നുണ്ടാകും എന്തിനാണെന്നോ
ആദ്യത്തെ ഉരുള അച്ഛന്റെ പാറു മോൾക്ക് . അതു കിട്ടിയില്ലെങ്കിൽ അവളു പിണങ്ങും. പിണങ്ങുന്നതു പോയിട്ട് അവളുടെ കുഞ്ഞു മുഖമൊന്നു വാടുന്നതു പോലും ചിന്തിക്കാനവർക്കുകഴിയില്ലായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം.. അവരുടെ സന്തോഷത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ട്
ഏതൊക്കെയോ രാഷ്ട്രീയ പാർട്ടികൾ തമ്മിലടിച്ചുള്ള കലാപം.. എങ്ങും തീവെപ്പും കൊള്ളയും അതിനിടയിൽ കൂടി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം..
നാടും നാട്ടുകാരും മരവിച്ചു പോയ നിമിഷങ്ങൾ ...
ജോലിക്കു പോയ വേലു ഭയപ്പാടോടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നു. പാത്രങ്ങളും മറ്റും ചിതറി കിടക്കുന്നു. അവന്റെ ആധികൂടി വന്നു മോളേയും ഭാര്യയേയും അന്വേഷിച്ചു നടന്ന അവൻ കണ്ടത് പിന്നാമ്പുറത്ത് പിച്ചിച്ചീന്തപ്പെട്ട് അവസാനശ്വാസത്തിനായി പിടക്കുന്ന ഭാര്യയേയും ജീവൻ വിട്ടകന്ന മോളേയുമാണ്.
ആ കുഞ്ഞിന്റെ ശരീരമെടുത്ത് അലറി കരഞ്ഞ വേലുവിന്റെ മുഖം മനസ്സീന്നു മായുന്നില്ല.. "
ഇത്തിരിയില്ലാത്ത ആ കുഞ്ഞിനോടു പോലും കാടത്തം കാട്ടിയ പേ പിടിച്ച നായ്ക്കൾ...
'മതി ചിറ്റേ ഇനി എനിക്കൊന്നും കേൾക്കണ്ട..'
അമ്മുന്നറിയാമോ വേലുവിന്റെ പാറു ജീവിച്ചിരുന്നെങ്കിൽ ഇന്ന് അവൾക്ക് നിന്റെ പ്രായമായിരുന്നേനേ.. പാവം അതിന് അത്ര ആയുസ്സേ ദൈവം വിധിച്ചിരുന്നുള്ളൂ...
അത്താഴമുണ്ണാനവൾക്കു തോന്നിയില്ല കിടന്നിട്ടു ഉറങ്ങാനും പറ്റുന്നില്ല മനസ്സുനിറയെ ആ കുടുംബത്തെ പറ്റിയുള്ള ചിന്തകളായിരുന്നു. പുറത്ത് വലിയൊരു മഴ പെയ്തു തോർന്നു. പാതിരാത്രിയുടെ നിശബ്ദ്ധതയെ കീറി മുറിച്ചു കൊണ്ട് അപ്പോഴും വേലുവിന്റെ അലർച്ച കേൾക്കാമായിരുന്നു. അയ്യാളെ ഒന്നു കാണമെന്നവളുടെ ഉള്ളിൽ ആരൊക്കെയോ പറയുന്നതായി അവൾക്കു തോന്നി.
ചിറ്റ വന്നു വിളിച്ചപ്പോഴാണ് നേരം പുലർന്നിരിക്കുന്നുവെന്ന് അമ്മുവിന് മനസ്സിലായത്. ഉറക്കക്ഷീണം മാറാത്ത തൂങ്ങിയ കണ്ണുകൾ പെട്ടന്ന് വിടർത്തി അമ്മു പറഞ്ഞു
'ചിറ്റേ എനിക്കയ്യാളെ ഒന്നു കാണണം'
ആരെ...?
ചിറ്റ ഇന്നലെ പറഞ്ഞില്ലേ...
ആരെ ആ ഭ്രാന്തനേയോ....?
നിനക്കു വേറെ ഒരു പണിയുമില്ലേ അമ്മൂ, സ്വബോധമുള്ളപ്പോൾ അയ്യാളൊരു പാവമായിരുന്നു പക്ഷേ ഇപ്പോ അയ്യാൾക്കു ഭ്രാന്താണ്. ഏതുനേരത്താ സ്വഭാവം മാറാന്നു പറയാൻ പറ്റില്ല . നീ എവിടേക്കും പോവണ്ട നിന്റെ അമ്മയും അച്ഛനും നിന്നെ ഇവിടെ നിർത്തിയിട്ടു പോയത് ആ ഭ്രാന്തന് കൊല്ലാനല്ല..
സഹതാപം കൊണ്ടങ്ങോട്ടു ചെന്നാ അതാപത്താവും.
പ്ലീസ് ചിറ്റേ.. അകലെ നിന്നു കണ്ടാ മതി. ഭ്രാന്തായത് അയ്യാളുടെ കുറ്റമാണോ അതും ഒരു മനുഷ്യനല്ലേ
പിന്നെ ഞാനും ഒരു സൈക്യാട്രിസ്റ്റ് അല്ലേ.. ഇതു പോലെ എത്ര പേരെ കാണുന്നതാ..
നിന്നോടു തർക്കിക്കാൻ ഞാനില്ല പോവണ്ടാന്നു പറഞ്ഞാ വേണ്ട.
പോകാതിരിക്കാൻ അമ്മുവിന് കഴിഞ്ഞില്ല ആരുമറിയാതെ പോകണം. അയ്യാളെ കാണണം. അവളുടെ മനസ്സ് പിന്നേയും അതു തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ആരുമറിയാതെ അയ്യാളെ കാണാൻ അവൾ പോയി .
മുഷിഞ്ഞ വസ്ത്രങ്ങൾ ,നീണ്ട ജഡ കെട്ടിയ മുടി, കുഴിഞ്ഞ കണ്ണുകൾ,എല്ലുന്തിയ ശരീരം, ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായപോലെ, ചങ്ങലയിട്ട കാലുകളിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്. അവിടെയവിടെയായി രൂപപ്പെട്ട വ്രണങ്ങൾ പൊട്ടിയൊലിക്കുന്നു. വെയിലേറു കൊള്ളാത്ത പാതി പൊളിഞ്ഞ വീടിന്റെ ഒരു മൂലയിൽ അയ്യാൾ ചുരുണ്ടു കൂടി കിടക്കുകയാണ്.
അമ്മുവിനെ കണ്ടതും അയ്യാൾ ചാടിയെണീറ്റു.കയ്യിൽ കിട്ടിയ വടിയെടുത്ത് അവൾക്കു നേരെ പാഞ്ഞടുത്തു. അവൾ വേഗം ഒഴിഞ്ഞുമാറിയതുകൊണ്ട് അടി ദേഹത്ത് വീണില്ല.
പിന്നെ അവിടെ നിൽക്കുന്നതത്ര പന്തിയല്ലെന്ന് തോന്നി അവൾ മടങ്ങി. വേലു തന്റെ പഴയ സ്ഥാനത്തു തന്നെ വീണ്ടും ചുരുണ്ടു.
വീട്ടിലെത്തിയിട്ടും അമ്മുവിന്റെ ചിന്തകൾ വേലുവിനെ പറ്റി തന്നെയായിരുന്നു.
അവൾ വീണ്ടും വീണ്ടുഅയ്യാളെ കാണാൻ ചെന്നു. പല പല ദിവസങ്ങൾ കടന്നു പോയി. ഇപ്പോ തലയുയർത്തി നോക്കുകയല്ലാതെ തല്ലാനോടി വരുന്നില്ല.
അമ്മു മനസ്സിലെന്തൊക്കെയോ കണക്കു കൂട്ടിയാണ് ഇപ്രാവിശ്യം ചെന്നത് കൂടെ മൂന്നാലാളേയും കൂട്ടി . കൈയ്യിലൊരു പൊതിചോറും കരുതിയിട്ടുണ്ട്.
കുറെ പേരെ ഒരുമിച്ചു കണ്ടതുകൊണ്ടാകണം വേലു നിലവിളിച്ചു കൊണ്ട് അവർക്കു നേരെ പാഞ്ഞടുത്തു. എല്ലാവരും ചേർന്ന് അയ്യാളെ പിടിച്ചു. കൈകൾ കെട്ടി , മുടി വെട്ടി, കുളിപ്പിച്ചു വൃത്തിയാക്കി നല്ല വസ്ത്രങ്ങൾ ഉടുപ്പിച്ചു . മുറിവിൽ മരുന്നു വെച്ചു.
തലയൊന്നു തണുത്തതു കൊണ്ടോ എന്തോ അയ്യാളിപ്പോൾ ശാന്തനാണ്.
എല്ലാവരേയും പറഞ്ഞു വിട്ട് അമ്മു അയ്യാളുടെ കൈയ്യിലേക്ക് ആ പൊതിച്ചോറ് കൊടുത്തു. ആദ്യം വാങ്ങിയില്ല പിന്നെ വാങ്ങി പൊതി തുറന്ന് ഒരുരുള ഉരുട്ടി ഇലയുടെ അറ്റത്തു വെച്ചു. പിന്നെ രണ്ടു കൈകൾ കൊണ്ടും ആക്രാന്തത്തോടെ വാരിവലിച്ചു തിന്നുകയാണ്.
വായനിറച്ചിട്ടു കഴിക്കുന്നതിനിടയിൽ വേലു അമ്മുവിനെ ഇടക്കിടെ നോക്കുന്നുണ്ട്. പിന്നെ പല്ലിളിച്ചുകാട്ടി കൊണ്ട് വാരി തിന്നും.
ദിവസങ്ങൾക്കു ശേഷമായിരിക്കും ആഹാരം കാണുന്നത് വല്ലപ്പോഴും ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണമായിരുന്നു ഇതുവരെയുള്ള ജീവൻ നിലനിർത്തിയത് .വേലു കഴിക്കുന്നതും നോക്കി അമ്മു ദൂരെ മാറിയിരിക്കുകയായിരുന്നു.
വേലുവിനെ അമ്മു ജോലി ചെയ്യുന്ന മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
പിന്നേയും പല പല ആഴ്ചകൾ , മാസങ്ങൾ....
വേലുവിന്റെ മാനസിക നില മെച്ചപ്പെട്ടു തുടങ്ങിയിരിക്കുന്നു.
അമ്മുവിനെ പ്രതീക്ഷിച്ച് അയ്യാൾ നിൽക്കുന്ന സ്ഥിതി വരെയായി . ഭക്ഷണം മാത്രം അമ്മു കൊടുത്താലേ കഴിക്കുമെന്ന വാശി മാത്രമേ ഇപ്പോഴുള്ളൂ.
അമ്മു എന്നും കൊടുക്കുന്ന പൊതിച്ചോറിൽ നിന്നും പതിവുപോലെ ഒരുരുള അന്നും മാറ്റിവെച്ചു. പിന്നെ എന്തോ ഓർത്തിരിക്കുന്ന പോലെ തോന്നി . വീണ്ടും ഉരുട്ടിവെച്ച ഉരുളയെടുത്തു വേലു നെഞ്ചോടു ചേർത്തു വിതുമ്പി ആ ഉരുളയിലേക്കും അമ്മുവിന്റെ മുഖത്തേക്കും അയ്യാൾ മാറി മാറി നോക്കി. പിന്നെയത് അവളുടെ നേർക്ക് നീട്ടി
കാലം തട്ടിയെടുത്ത ഒരച്ഛന്റെ സ്നേഹം വീണ്ടും അവൾക്കു മുമ്പിൽ ....
മോളിതു കഴിക്കോ...?
അയ്യാൾ യാചിക്കുന്നതായവൾക്കു തോന്നി.
അമ്മു വാങ്ങിക്കില്ലെന്നു തോന്നി വേലു കൈകൾ പിൻവലിക്കാനൊരുങ്ങിയപ്പോൾ അമ്മു വേഗം ആ കൈകളിൽ പിടിച്ചു
വേലു മകൾക്കായ് എന്നും കൊടുത്തിരുന്ന ഒരുരുള ചോറ് ...
പുഞ്ചിരിച്ചു കൊണ്ട് അമ്മു അതു വാങ്ങി കഴിക്കമ്പോൾ അയ്യാളുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു . പാവം...
മനസ്സിലാരൊക്കെയോ പറഞ്ഞു തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയ സന്തോഷത്തിനുപരി മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ മുഖത്തെ സന്തോഷമായിരുന്നു അവളുടെ ഉള്ളിൽ നിറയെ.
വിധി ചില നേരങ്ങൾ കാട്ടുന്ന ക്രൂരത എത്ര വലുതാണ്. അതുൾക്കൊള്ളാൻ കഴിയാത്തവർ കടുത്ത മാനസ്സിക സംഘർഷങ്ങളിലേക്കും ചിലപ്പോൾ മരണത്തിലേക്കും നടന്നു പോകുന്നു..
കാലം മായ്ക്കാത്ത മുറിവുകളില്ല എങ്കിലും ആ അച്ഛന്റ മനസ്സിനേറ്റ മുറിവുണങ്ങാൻ ആ ഒരുജന്മം മുഴുവൻ വേണ്ടി വന്നു.
മാനസ്സിക വിഭ്രാന്തിക്ക് ശമനം വന്നപ്പോൾ എന്നോ നഷ്ടപ്പെട്ട മകളോടുള്ള സ്നേഹം മകളായി കണ്ടു കൊണ്ട് അമ്മുവിന് നൽകുമ്പോൾ ഇനിയൊരിക്കലും തിരിച്ചു വരാൻ കഴിയാത്ത കാലയവനികക്കുള്ളിലേയ്ക്കുള്ള അയ്യാളുടെ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു....

Anupriya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo