Slider

നൊമ്പരം

0
നൊമ്പരം
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് വഴി കിട്ടേണ്ട പൈസ വാങ്ങാനാണ് ഞാൻ പോസ്‌റ്റോഫീസിലേക്കു ചെന്നത് ...പുറത്തു വെയിറ്റ് ചെയ്യാനുള്ള ക്ഷമ ഇല്ലാത്തതാണോ അതോ പോസ്‌റ്റോഫീസിൽ പോയിട്ട് കുറച്ചുനാളായതുകൊണ്ടു അവിടുത്തെ രീതികളൊക്കെ മറന്നുപോയതാണോ എന്നുമറിയില്ല ...ഞാൻ ധൃതിയിൽ അകത്തേക്ക് കടന്നു ....എന്റെ ഈ കടന്നുകയറ്റം അവിടുത്തെ ഉദ്യോഗസ്ഥക്കു അത്ര പിടിച്ചില്ല ...എന്റെ മുഖത്ത് നോക്കാതെ തന്നെ പുറത്തു പോയി നില്ക്കാൻ പറഞ്ഞു ...കുറച്ചു താമസമുണ്ട്, വിളിക്കാമെന്ന് .............
കുറച്ചു ഈര്ഷ്യയോടും അമ്പരപ്പോടും കൂടി, ഞാൻ പുറത്തു കടന്നു ....
പുറത്തു ഒരു ബെഞ്ചും ഡെസ്കും ...ഡെസ്കിൽ മുഴുവൻ പശയും ഒരു പശകുപ്പിയും, ബെഞ്ചിൽ രണ്ടു മുത്തശ്ശിമാർ ഇരിക്കുന്നു ...കുറച്ചു സ്ഥലം എനിക്കും ലഭിച്ചു..... ഞാനും അവരോടൊപ്പം ഇരുന്നു
എന്റെ അടുത്തിരിക്കുന്ന മുത്തശ്ശിയെ ഞാൻ ഒന്ന് ശ്രദ്ധിച്ചു ....ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു .....
മുറ്റത്തു കിടക്കുന്ന ഓട്ടോയിലിരിക്കുന്ന ഡ്രൈവർ ഈ കാഴ്ച കണ്ടിട്ടു "കരയാതെ അമ്മെ" എന്നു പറയുന്നതും കേൾക്കാം .....
ഈ രംഗം എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി ...ഞാൻ മുത്തശ്ശിയുടെ തോളിൽ കൈവച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു ...കൂടെ ഇരിക്കുന്ന മുത്തശ്ശി നിർവികാരയായി ഒരു കാഴ്ചക്കാരിയെ പോലെ ........
എന്റെ സ്വാന്ത്വനിപ്പിക്കൽ മുത്തശ്ശിയെ കൂടുതൽ വേദനിപ്പിച്ചോ എന്നറിയില്ല ...എന്റെ തോളിലേക്കവർ ചാഞ്ഞു...... എന്നിട്ടവർ പറഞ്ഞ വാക്കുകൾ........
ഇതെന്റ നാടാണ് മോളെ , ഇവിടുന്നു രണ്ടു വീടപ്പുറമാണ് എന്റെ വീട് , എന്റെ കെട്ട്യോനോടും മക്കളോടുമൊപ്പം ഞാൻ ജീവിച്ച വീട് ...ഇപ്പോൾ എന്റെ മകനും കുടുംബവും അവിടെ താമസിക്കുന്നു ....ഞാൻ വൃദ്ധസദനത്തിലും ....പെൻഷൻ വാങ്ങാൻ വന്നതാണ് ഇവിടെ ......
എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല സ്വന്തം വീടിനരികെ ......ഒരന്യയെ പോലെ .....ഒന്ന് കടന്നു ചെല്ലാൻ പോലുമാകാതെ ...............
ആ കണ്ണുകളിലേക്ക് ഞാൻ നോക്കി ...ആ കണ്ണുകളിലൂടെ എനിക്ക് കാണാം ആ ഓർമ്മകൾ ......
വിവാഹം കഴിഞ്ഞു സന്തോഷത്തോടെ കടന്നുവന്നത് , മക്കളോടൊപ്പം ജീവിച്ചത് ...ഭർത്താവിനോടൊപ്പം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞത് , വേദനകളും സന്തോഷങ്ങളും പങ്കു വച്ചതു ....ഇന്നും അവർ ആഗ്രഹിക്കുന്നത് ആ ഓർമകളിൽ നിറഞ്ഞു അവിടെ ജീവിക്കാനല്ലേ ..........
ആ വീടിന്റെ ഐശ്വര്യമായി മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി നിറഞ്ഞ പ്രാർത്ഥനയോടെ അവിടെ ആയിരിക്കേണ്ട ഈ മുത്തശ്ശി തീരാത്ത വേദനയോടെ വൃദ്ധ സദനത്തിൽ ....സ്വന്തം മക്കൾക്ക് നന്മ വരണമേ എന്ന് മാത്രമാവും ഇപ്പോഴും അമ്മയുടെ പ്രാർത്ഥന .....
ആ മക്കൾ അറിയുന്നോ ............
അമ്മയെ മറന്നുള്ള ഈ ഓട്ടം ............. ......... എല്ലാം വെട്ടിപ്പിടിക്കാൻ എത്ര വ്യഗ്രതയോടെ ഓടിയാലും ഈ അമ്മയുടെ കണ്ണീരിനു മുൻപിൽ എല്ലാ നേട്ടങ്ങളും കരിഞ്ഞു പോകുമെന്ന് ............
മക്കളോടൊപ്പം വാർധക്യ കാലം വരെ ജീവിക്കാൻ സാധിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ആ മുത്തശ്ശി എന്നെ ഓർമിപ്പിച്ചു .....
ബീന ബോണിഫേസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo