നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവളും അമ്മയും.. പിന്നെ പാവം ഞാനും

Written by: Ammu Santhosh, Nallezhuth
"എന്നാലും ഈ പെണ്ണുങ്ങളുടെ മനസ്സ് സമ്മതിക്കണം ..ചുമ്മാതല്ല ദൈവങ്ങൾ പോലും പറഞ്ഞിട്ടുള്ളത് പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്ന് "കൂട്ടുകാരൻ സനൽ പറഞ്ഞപ്പോൾ ഞാൻ തലയാട്ടിയതേ ഉള്ളു സത്യത്തി ൽ പത്രത്തിലെ ഓരോ വാർത്തകൾ കാണുമ്പോൾ വിശ്വസ്സിക്കാൻ പറ്റുന്നില്ല ..ഇതൊക്കെ എന്താണ് എന്ന ചിന്തയാ..ആരെയാ വിശ്വസിക്കുക ?അമ്മയെയോ ?ഭാര്യയെയോ ?സ്വന്തം മക്കൾ പോലും കൊല്ലുന്ന കാലം ..ആ ഒരു അസ്വസ്ഥതയോടെയാണ് വീട്ടിൽ കയറി ചെല്ലുന്നത്.പടിക്കൽ വെച്ച് തന്നെ കേട്ടു അമ്മയുടെ ശബ്ദം
"നീ എന്തിനടി കൊച്ചിനെ തല്ലിയത്?എന്നോടുള്ള ദേഷ്യം തീർക്കാനല്ലേ കൊച്ചിനെ തല്ലിയത് ?
"പിന്നെ അമ്മയോടുള്ള ദേഷ്യത്തെ തീർക്കാൻ ഞാൻ എന്റെ കൊച്ചിനെ തല്ലുന്നത് എന്തിനാ ? അവൻ ചെയ്തത് 'അമ്മ കണ്ടതല്ലേ? ടിവിയുടെ റിമോട് എറിഞ്ഞു ഉടച്ചത്?ഇതിപ്പോ എത്രാമത്തെയാ ?:
"കൊച്ചുങ്ങൾ അങ്ങനെയാ ...അതെങ്ങനെയാ വലിയ ടീച്ചറമ്മയല്ലേ തല്ലിയല്ലേ ശീലമുള്ളൂ ?"
"അക്ഷരം അറിയാത്തവരോട് പറഞ്ഞിട്ടെന്താ ?"അവൾ പിറുപിറുക്കുന്നു
"ആർക്കാടി അക്ഷരം അറിയാതെ ? ആർക്കാണ് എന്ന് ?"
"എന്റെ അമ്മെ ഒന്ന് നിർത്തുന്നുണ്ടോ ?വഴിയേ കൂടെ പോകുന്നവർ കേൾക്കുമല്ലോ ?"
"ഞാൻ ഇടക്ക് കയറി
"നിന്റെ ഭാര്യയോട് പറയെടാ നിർത്താൻ ..അവൾപറഞ്ഞത് കേട്ടോ നീ..എനിക്ക് വിദ്യാഭ്യാസമില്ലന്നു ?"
"എന്റെ ജാനകി നിയെങ്കിലും ഒന്ന് മിണ്ടാതിരുന്നാലെന്താ ?"
"മിണ്ടിയില്ലെങ്കിൽ വായിൽ കോലിട്ട് കുത്തി മിണ്ടിക്കും ..അല്ല പിന്നെ ..കൊച്ചുങ്ങളെ തല്ലാൻ വയ്യ. വഴക്കു പറയാൻ വയ്യ. ഈ 'അമ്മ ചേട്ടനെ തല്ലിയിട്ടില്ല ?"
"അതിപ്പോ ..കോച്ചിലെ എങ്ങാണ്ട് .."
"ആ ഉണ്ട്. അമ്മൂമ്മ ആകുമ്പോൾ സെന്റിമെന്റ്സ് ആയി. സങ്കടം ആയി. ഈ അമ്മൂമ്മമാർ കാരണമാ പിള്ളേർ വഷളാകുന്നെ "
"അതേടി നിന്റെ മക്കളെ ഞാൻ വഷളാക്കുവാ ഞാൻ ഇത് കേൾക്കണം എന്റെ മോള് നൂറു വട്ടം വിളിച്ചിട്ട് പോകാതെ ഇവിടെ നിൽക്കുന്നതിന് കിട്ടിയ ശിക്ഷയാ "
"ഓ പിന്നെ അവിടെ പോയാൽ ഒരാഴ്ചക്കകം ഇങ് പോരും എന്നിട്ടാ .."
"എന്റെ ജാനകി നീ മിണ്ടാതെ "
"എന്റെ പൊന്നുമോനെ ഇവൾക്കെന്നെ കണ്ണെടുത്താൽ കണ്ടു കൂടാ ..ഓരോ വാർത്തകൾ കാണുമ്പോൾ പേടിയാവുക. വിഷം കൊടുക്കുന്നു കൊല്ലുന്നു "
"പിന്നെ എനിക്ക് വട്ടല്ലേ വിഷം തന്നേച്ചു ജയിലിൽ പോയി കിടക്കാൻ ..."
അറിയാതെ കൈ പൊങ്ങി പോയി. ജാനകിയുടെ മുഖത്തു എന്റെ കൈ വീണു
"ശബ്ദിക്കാതേടി...മര്യാദയ്ക്ക് സംസാരിക്ക് "ഞാൻ അലറി
'അമ്മ നടുങ്ങി എന്നെ ഒന്ന് നോക്കി.
ജാനകി കണ്ണ് നിറഞ്ഞു അങ്ങനെ നിൽക്കുന്നത് കണ്ടു ഞാൻ മുറിയിലേക്ക് പോരുന്നു
ഞാൻ എന്താ ചെയ്തേ ഈശ്വര ?അവളെ തല്ലി..എന്തിനായിരുന്നു? ...അതിനു മാത്രം അവളെന്താ പറഞ്ഞെ? ..മനസ്സിൽ എന്തൊക്കെയോ കയറിക്കൂടി ..ഏതോ ഒരു പെണ്ണ് എവിടെയോ എന്തോ ചെയ്തത് മനസ്സിൽ ഒരു കരടായി കിടന്നു ..ഇത് വരെ അവൾ ചെയ്തതെല്ലാം ഒരു നിമിഷം കൊണ്ട് മറന്നു ...
കഴിക്കാനിരിക്കുമ്പോളും ആ മുഖത്ത് നോക്കാൻ കഴിയുന്നില്ല
"'അമ്മ എവിടെ ?"
"കിടന്നു "അവൾ മെല്ലെ പറഞ്ഞു ഞാൻ ചോറിൽ വിരലിട്ടിളക്കി വെറുതെ ഇരുന്നു
"കഴിച്ചോ നന്ദേട്ടാ ഞാൻ അതിൽ വിഷമൊന്നും ചേർത്തിട്ടില്ല "അവൾ ശാന്തമായി പറഞ്ഞടുക്കളയിലേക്കു പോയി.
ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് നോക്കി 'അമ്മ കിടക്കുന്നു
"നീ എന്തിനാ അവളെ തല്ലിയത് ?"
"അവൾ അമ്മയോട് ...?"ഞാൻ പാതിയിൽ നിർത്തി
"അതിനു ?ഞങ്ങൾ പെണ്ണുങ്ങള് പലതും പറയും ..അതിനിടയിൽ നീ എന്തിനാ കയറിയത് ?
"അറിയില്ലമ്മേ ഉള്ളിലെന്തോ ..ഒരു വല്ലായ്മ "
"എടാ മോനെ അവൾ ഈ വീടിനു വേണ്ടി ചെയ്യുന്നതിന്റെ ഒരു അംശം പോലും ഞാനും നീയും ചെയ്യുന്നില്ല. ...ഉണർന്നാൽ ഉറങ്ങും വരെ ...ഒരു യന്ത്രം പോലെ ...മടുപ്പില്ലതെ മടിയില്ലാതെ ...പാവം ...നല്ല പനിയുണ്ടായിരുന്നു രാവിലെ..ആശുപത്രിയിൽ പോകാത്തതിന് ഞാൻ വഴക്കു പറഞ്ഞതിൽ തുടങ്ങിയതാ വഴക്കു ...നീ വന്നപ്പോൾ കേട്ടത് അവസാനഭാഗമാ "
ഞാൻ മൗനമായിരുന്നു
"അവളോട് മാപ്പു പറയണം കേട്ടോ "
'ഉം "
"അവളുടെ വർത്തമാനം കേൾക്കാനാ ഞാൻ വെറുതെ ഓരോന്ന് പറയുന്നേ..
പാവമാ അവള് "അമ്മ ദീർഘനിശ്വാസത്തോടെ പറഞ്ഞു
മുറിയിൽ വന്നപ്പോൾ അവൾ കിടന്നു കഴിഞ്ഞു
ആ നെറ്റിയിൽ കൈ വെച്ച് നോക്കി
ചൂടുണ്ട്
"ഗുളിക തരട്ടെ ?"
'വേണ്ട '
"എന്റെ പൊന്നു എന്നോട് ക്ഷമിക്ക്. വേണെങ്കിൽ തിരിച്ചടിച്ചോ "
"വേണ്ട "
"എനിക്ക് എന്തോ ഒരു ഭ്രാന്ത് തോന്നിയതാ ഇപ്പൊ ഓരോ വാർത്തകൾ കാണുമ്പോളും കേൾക്കുമ്പോളും മനസ്സ് ദുഷിച്ചു പോവാ ..നാശം പിടിക്കാൻ "
അവൾ എഴുന്നേറ്റിരുന്നു
"പണ്ടും ഇതൊക്കെ നടന്നിട്ടുണ്ട് നന്ദേട്ടാ പുരുഷന്മാർ ഇതിലും വലുത് ചെയ്തിട്ടുണ്ട് ...പിശാചുക്കൾ എല്ലായിടവും ഉണ്ട് ..എല്ലാ പെണ്ണും ഒരു പോലെയല്ല. ഭർത്താവിനെയും കുടുംബത്തെയും ദൈവമായി കരുതുന്നവരും ഉണ്ട് നന്ദേട്ടാ "
ഞാൻ അവളെ നെഞ്ചോട് ചേർത്തണച്ചു
"എന്റെ മുത്തല്ലേ ? എന്നോട് ക്ഷമിക്ക്. നൊന്തോ ?"
"പിന്നില്ലാതെ? "
ഞാൻ ആ കവിളിൽ തലോടി
"ഇനി ചെയ്യില്ല ട്ടോ സോറി "
"ആ ചെയ്താൽ നോക്കിക്കോ എനിക്കുമറിയാം നല്ല ആട്ടിൻ സൂപ്പ് ഉണ്ടാക്കാൻ "അവൾ കുസൃതിയിൽ പറഞ്ഞു
""നീ വിഷം തന്നാലും ഞാൻ അമൃത് പോലെ കഴിക്കും ..പോരെ? "ഞാൻ ചിരിച്ചു
"ഹും പിന്നേ "അവൾ ചിണുങ്ങി
".സത്യമാണെടി. അത്രക്കിഷ്ടാണ്..അത്ര ജീവനാ നീ "
"എന്നിട്ടാണോ തല്ലിയെ?"അവൾ മുഖം കൂർപ്പിച്ചു
"തിരിച്ചു തല്ലിക്കൊ "ഞാൻ ആ കൈ എടുത്തു മുഖത്ത് ചേർത്ത് വെച്ച് നോക്കി ...അവളുട കണ്ണ് നിറയുന്നുണ്ട് ...
അവളുടെ കണ്ണീരിലേക്കു ഞാൻ മുഖമണച്ചു.
പ്രഭാതം
"'അമ്മ അല്ലെങ്കിൽ എന്തുവാ കാണുന്നെ ?ഈ വീട്ടിൽ തന്നെയാണോ 'അമ്മ ജീവിക്കുന്നെ? എന്ത് ചോദിച്ചാലും കണ്ടില്ല കണ്ടില്ല "
"പിന്നെ നിന്റെ മൊബൈൽ ഞാൻ അല്ലിയോ സൂക്ഷിക്കുന്നെ? വെച്ചിടത്തു നോക്കെടി "
"അമ്മയല്ലേ ചേച്ചിയെ വിളിക്കാൻ വാങ്ങിച്ചതു ?"
തുടങ്ങി രണ്ടെണ്ണവും ..ഇതുങ്ങളെ കൊണ്ട് ഞാൻ തോറ്റു
"എടി ഞാൻ ഇറങ്ങുവാ..."ഞാൻ ബൈക്കിന്റെ കീ എടുത്തു
"എടാ അവളെ കൂടെ കൊണ്ട് പോടാ ..അല്ലെങ്കിൽ കൊച്ചു ബസ്‌സ്റ്റോപ് വരെ നടക്കണ്ടേ?
"അയ്യടാ എന്തൊരു സ്ളേഗം അമ്മയ്ക്ക്" ഞാൻ മനസ്സിൽ ഓർത്തു
...
"അത് വേണ്ട അമ്മെ. എനിക്ക് അടുത്ത വണ്ടിക്കു പോയാൽ മതി ,,കാലിൽ ഇച്ചിരി കൂടെ കുഴമ്പിട്ട് തന്നിട്ട് പോകാം ..പിന്നെ അനങ്ങാതിരുന്നോണം ..ചോറ് പാത്രത്തിൽ എടുത്തു വെച്ചിട്ടുണ്ട് കേട്ടോ" "അവൾ .അമ്മയോട് .
ഇവർക്ക് രണ്ടിനും വട്ടാണോ ?
ഇവരെ ശ്രദ്ധിക്കാതിരിക്കുന്നതാണ് എനിക്ക് നല്ലത്
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി അവൾ അമ്മയോട് എന്തോ പറഞ്ഞു ചിരിക്കുന്നു 'അമ്മ അവളുടെ നീളൻ തലമുടി പിന്നി കൊടുക്കുന്നു ..എന്റെ കണ്ണ് നിറഞ്ഞു. അതെന്തിനാണെന്നു എനിക്ക് ശരിക്കറിയില്ല ..ദൈവത്തിനോടുള്ള എന്റെ നന്ദിയാവും ചിലപ്പോൾ ...എങ്കിലും ഞാൻ ഒന്നുറപ്പിച്ചിരുന്നു ഇനിയൊരിക്കലും എന്ത് പ്രകോപനം ഉണ്ടായാലും ഞാൻ എന്റെ ജാനകിയെ അടിക്കില്ല എന്ന് ...കാരണം ഭർത്താവ് ഭാര്യയെ അടിക്കുന്നത് കെട്ടിയിട്ട് പട്ടിയെ തല്ലും പോലെ ആണ് ..തിരിച്ചു അടിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ അത് ? ...ചെയ്യില്ല ഒരിക്കലും.

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot