നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പക


......
"എന്റെ മോളുടെ ജീവന് പകരം ഞാൻ ഇങ്ങൾക്കെന്താ ചെയ്യേണ്ടേ.. ഇങ്ങള് പറയി.."
അലി എന്ന ഗുണ്ട മുന്നിൽ വന്നു തൊഴുകയ്യോടെ പറഞ്ഞപ്പോൾ മനസ്സിൽ അണയാതെ കിടന്ന ആ പകയുടെ കനൽ ഒന്ന് ആളി കത്തിയത് പോലെ..
ഇതൊരു ചോദ്യമാണ്..
"നിനക്ക് എന്താണ് വേണ്ടത് "..?
എനിക്ക് വേണ്ടി എന്തും ചെയ്യാൻ ഒരാൾ..
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരാൾ. അലി എന്ന ഗുണ്ട..
ഒരു മാസം മുൻപാണ് അയാളെ കാണുന്നത്.
ഒരു നിമിത്തം പോലെ ജീവിതത്തിലേക്ക് കയറി വന്ന ഒരാൾ.. അയാളുടെ മകൾക്കു അപകടം പറ്റി ജീവൻ നഷ്ടപ്പെടാറായ ആ ദിവസം.. ദൈവമാണ് അന്ന് എന്നെ അവിടെ എത്തിച്ചതെന്ന് തോന്നി.. സമീറ എന്ന പത്തു വയസ്സുകാരിയെ ആശുപത്രിയിൽ എത്തിച്ചു അവൾക്ക് ചികിത്സക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തു.. എന്റെ രക്തമാണ് പിന്നെ അവളുടെ സിരകളിൽ ഓടിയത്.
അന്നയാളുടെ വേറെ ഒരു മുഖമാണ് കണ്ടത്.
കണ്ണു നിറഞ്ഞു തന്റെ മുന്നിൽ തൊഴുകയ്യോടെ..
അലിയെന്ന ഗുണ്ടയെ എനിക്ക് നന്നായി അറിയാം..
കൊല്ലാൻ ഒരു മടിയുമില്ലാത്ത ഒരാൾ.
മകളെ രക്ഷിച്ചതിനുള്ള നന്ദി..
എന്തും ചെയ്യാൻ അയാൾ തയ്യാറാണ്. അയാളുടെ ജീവിതത്തിൽ അയാൾക്ക്‌ ഏറ്റവും പ്രിയപ്പെട്ടത് മകൾ തന്നെയാണ്.
ആ മകൾ ഇന്നു ജീവിച്ചിരിക്കുന്നതിന്റെ കാരണം ഞാൻ മാത്രമാണ്.
എന്റെ ആവശ്യം...
എന്റെ മുന്നിൽ അപ്പോൾ തെളിഞ്ഞത് അയാളുടെ മുഖം ആയിരുന്നു. ദേവയ്യ.. കറുത്ത പിശാചിന്റെ മുഖം... എന്റെ ശത്രു.. വെട്ടി കൊല്ലണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്.. പക്ഷേ മോളുടെ മുഖം ഓർക്കും.. ഒരു സാധാരണ പെണ്ണിന്റെ കഴിവ് കേട്‌ ഓർത്തുപോകും..
പക്ഷേ ഇപ്പോൾ ഇങ്ങനെ ഒരു അവസരം.. ഇത് എനിക്കായി ദൈവം കൊണ്ടു വന്നു തന്നതാണ്. ദുർഗാ.. നിന്റെ സമയം വന്നിരിക്കുന്നു. ഒരു ഓർമ്മപ്പെടുത്തൽ..
വർഷങ്ങൾക്കു മുൻപ് കുടകിലെ കുട്ട എന്ന സ്ഥലത്തേക്ക് ദത്തന്റെ കൂടെ യാത്ര തിരിക്കുമ്പോൾ കാത്തിരിക്കുന്ന മനോഹരമായ കാഴ്ചകളെ കുറിച്ച് മാത്രമേ ഓർത്തിരുന്നുള്ളു. അന്ന് ദത്തന് കുടകിലെ ഫോറെസ്റ്റ് ഓഫീസിലേക്കായിരുന്നു മാറ്റം.. വയനാടിന്റെ അതിർത്തി... അത്രയും മനോഹരമായ ഒരു സ്ഥലം ഞാൻ ആദ്യമായിട്ടു തന്നെയാണ് കാണുന്നത്.. ചുറ്റും മലകളും
കാടുകളും കാപ്പി തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളുമായി കുടകിന്റെ മനോഹരമായ കാഴ്ച..
അവിടെ നിന്നാൽ ബ്രഹ്മഗിരി മലയുടെ ഭംഗി മുഴുവൻ കാണാം.
മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് കണ്ണുകൾ തുറന്നു വച്ചത്.
അവിടെ നാലു വീടുകൾക്കിടയിലെ ചെറിയ വീട്.
അതിരാവിലെ മഞ്ഞിനൊപ്പം തെളിയുന്ന കാപ്പി ചെടികളുടെ കാഴ്ച.. പിന്നിൽ ബ്രഹ്മഗിരി മലയുടെ പച്ചപ്പ്‌..
പക്ഷേ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് മനസ്സിലായി.. കാഴ്ചകൾ മങ്ങുകയാണ്..
ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പേടിപ്പിക്കുന്ന യാഥാർത്ഥ്യ ങ്ങളിലേക്കാണ് എന്നെ വലിച്ചു കൊണ്ടു പോയി നിർത്തുന്നത്. കുട്ട...
പെണ്ണിനും മദ്യത്തിനും ഒരു വിലയുമില്ലാത്ത ഒരു സ്ഥലം.
നീണ്ട തോക്കിൻ മുനയിൽ കാര്യങ്ങൾ സാധിപ്പിച്ചെടുക്കുന്ന കുടകന്മാരുടെ ലോകം.
വെറും അഞ്ചു രൂപയ്ക്കു വരെ ദേഹം വിൽക്കുന്ന വേശ്യകളെ വഴിയരികിൽ കാണാം.. കുടിച്ചു ബോധമില്ലാത്ത പെണ്ണുങ്ങൾ വഴിയിൽ കിടക്കുന്നതു ഞാൻ അന്നാണ് ആദ്യമായി കാണുന്നത്..
കാപ്പിതോട്ടത്തിനിടയിൽ കാണുന്ന ശവങ്ങൾ..
പെൺകുട്ടികളെ ചേർത്തു പിടിച്ചു അലറികരയുന്ന അമ്മമാർ..
കാട്ടിനുള്ളിൽ കഴിയുന്ന മൃഗങ്ങളേക്കാൾ ദുഷ്ടരായ മനുഷ്യരെ ഞാൻ കണ്ടു.
അന്ന് ബസ്സ് സ്റ്റോപ്പിനരികിൽ വച്ചു കണ്ട കാഴ്ച...
ബസ്സ് സ്റ്റോപ്പിനരികിലെ
ചെറിയ ഷെഡിൽ നിന്നും ഇറങ്ങി വന്ന ഒരു സ്ത്രീ..
കറുത്തു ചുരുണ്ട മുടി അവരുടെ മുഖത്തു ചിതറി കിടന്നു. ബ്ലൗസിന്റെ ഹുക്കുകൾ അഴിഞ്ഞു മാറിടം ദൃശ്യമായിരുന്നു.. നിലത്തു വീണിഴയുന്ന മുഷിഞ്ഞ സാരി.. പിന്നാലെ വന്ന കുടിച്ചു ബോധമില്ലാത്ത ഒരാൾ..
ആ സ്ത്രീ അയാളോട് കെഞ്ചുകയാണ്.. തന്റെ ശരീരത്തിന്റെ വില.
ഒടുവിൽ അവരെ തള്ളി മാറ്റി അയാൾ മുഷിഞ്ഞ ഒരു അഞ്ചു രൂപ നോട്ട് അവൾക്കുമേൽ എറിഞ്ഞു കൊടുത്തു..
അവളതു ആർത്തിയോടെ എടുത്തു.. തൊട്ടടുത്ത പെട്ടി കടയിൽ ആ അഞ്ചു രൂപ നോട്ട് കൊടുത്തു എന്തോ വാങ്ങി കഴിച്ചു.. ഒട്ടിയ വയറിലേക്ക് ചെല്ലുന്നത് അവളുടെ ശരീരത്തിന്റെ വിലയാണ്..
പിന്നെ കണ്ടത് ആ സ്ത്രീ അടുത്ത മദ്യഷാപ്പിൽ ആരോടോ കെഞ്ചി മദ്യം വാങ്ങി കഴിക്കുന്നത്‌. പ്ലാസ്റ്റിക് ഗ്ലാസ്സിലെ മദ്യം വായിലേക്ക് കമിഴ്ത്തി അവർ ആ റോഡരുകിൽ കിടന്നുറങ്ങി..
ഇതൊരു സ്ഥിരം കാഴ്ചയായിരുന്നു.
എനിക്ക് ഭയം തോന്നി.. അറപ്പു തോന്നി..
അവിടുന്ന് എത്രയും പെട്ടെന്ന് തിരിച്ചു പോകാനാണ് തോന്നിയത്.
അന്ന് ഞാൻ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലായിരുന്നു ദേവയ്യ എന്ന പോലീസുകാരൻ താമസിച്ചിരുന്നത്.. കുട്ടത്തെ പോലീസ് സ്റ്റേഷനിൽ ആയിരുന്നു അയാൾക്ക്‌ ജോലി.
അവിടെ എല്ലാവർക്കും അയാളെ ഭയമായിരുന്നു.
കണ്ടാൽ തന്നെ അറപ്പു തോന്നുന്ന രൂപം. മുന്നിൽ നിന്നാൽ കണ്ണുകളിൽ തെളിയുന്ന രാക്ഷസഭാവം..
അടുത്ത് വരുമ്പോൾ മദ്യത്തിന്റെ ഗന്ധം.
അയാളും ഭാര്യയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
ആ സ്ത്രീയെ കൂടാതെ പലരും അവിടെ വന്നു പോകുന്നത് ഞാൻ കണ്ടു.
ആ സ്ത്രീ ഇടയ്ക്കു വീട്ടിൽ വരും.. അവർക്കു മലയാളം അറിയാമായിരുന്നു. അവരോടു സംസാരിക്കുമായിരുന്നുവെങ്കിലും മനസ്സ് കൊണ്ടു എനിക്കെന്തോ ആ സ്ത്രീയെ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല. അവർ വന്നാൽ വെറുതെ ദേഹത്ത് കൈ കൊണ്ടു അമർത്തി പിടിക്കും. എനിക്കു വല്ലാതെ വെറുപ്പ്‌ തോന്നുമായിരുന്നു അത്.
ഒരു ദിവസം എന്തോ അവർ നിർബന്ധമായി അവരുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി.. അയാളും അവിടെ ഉണ്ടായിരുന്നു.. അയാളെ കാണുമ്പോൾ തന്നെ എനിക്കു വല്ലാത്തൊരു ഭയം തോന്നുമായിരുന്നു.. ചുവന്ന കണ്ണുകളും.. പിശാചിന്റെ മുഖവും.. ഇടത്തെ കൈയിലെ നീണ്ടു വളഞ്ഞ നഖവും...
ഭയമായിരുന്നു അയാളെ..
ആ സ്ത്രീ എനിക്കു ഒരു ചില്ലു ഗ്ലാസ്സിൽ എന്തോ കുടിക്കാൻ കൊണ്ടുവന്നു തന്നു. ചുണ്ടോടു ചേർത്തപ്പോൾ വല്ലാത്തൊരു ദുർഗന്ധം തോന്നി.. പെട്ടെന്ന് ആ ഗ്ലാസ്സ് കൈയിൽ നിന്നും വഴുതി താഴെ വീണുടഞ്ഞു. അത് മദ്യമായിരുന്നുവെന്നു എനിക്കു മനസ്സിലായി.
ആ സ്ത്രീയുടെ ഭാവം മാറി.. അവരെന്റെ കവിളിൽ അടിച്ചു.. വീഴാൻ പോയ എന്നെ അയാൾ ബലമായി പിടിച്ചു. ആ നിമിഷം ജീവിതം അവിടെ തീർന്നുവെന്നു തോന്നി..
ആ സ്ത്രീ അയാൾക്ക്‌ വേണ്ടി എന്നെ കൂട്ടി കൊണ്ടു വന്നതായിരുന്നു.
ഞാൻ അലറി കരഞ്ഞു. അയാളിൽ നിന്നും രക്ഷപെടാൻ നോക്കി.
താഴെ പിടഞ്ഞു വീണ എന്റെ കഴുത്തിൽ അയാൾ കാലുകൾ അമർത്തി പിടിച്ചു.. ഞാൻ വേദന കൊണ്ട് നിലവിളിച്ചു പോയി..
മുടിയിൽ കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു ആ മുഖം കഴുത്തിൽ അമരും മുൻപേ
മേശപ്പുറത്തു വെള്ളം നിറച്ചു വച്ചിരുന്ന ചില്ലു പാത്രമെടുത്തു അയാളെ അടിച്ചു.. പൊട്ടിയ ചില്ലു കഷണങ്ങളിൽ ചോര പടർന്നു.. രക്ഷപെട്ടു വീട്ടിലെത്തിയിട്ടും കിതപ്പ് മാറിയില്ല.. ഭയം കൊണ്ടു വിറച്ചു. അടച്ച വാതിലിൽ അയാൾ അടിക്കുന്നുണ്ട്.. വാതിൽ പൊളിഞ്ഞു വീണാൽ പിന്നെയും..
എന്തൊക്കെയോ ചീത്ത പറഞ്ഞു.. വാതിലിൽ ഉറക്കെ അടിച്ചിട്ട് അയാൾ തിരിച്ചു പോയി.
പൊട്ടിയ ചില്ലു കഷണങ്ങൾ കാലിൽ തറച്ച വേദന.. അതിലേറെ മനസ്സിൽ പടരുന്ന ഭയം..
ആ നിമിഷം മരിക്കാനാണ് തോന്നിയത്.. ദത്തൻ വരുമ്പോൾ പറഞ്ഞാൽ...
ഇല്ല.. നല്ല കാര്യങ്ങൾ ഒന്നും സംഭവിക്കില്ല.. അയാളോട് വഴക്കിനു പോയാൽ ഒരു പക്ഷേ ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല.. ജീവന് തന്നെ ആപത്താകും..
ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
കഴുത്തിലെ പാട്...കാലിലെ മുറിവ് എല്ലാം ദത്തനിൽ നിന്നും മറച്ചു പിടിച്ചു.. രാത്രിയിൽ തലയണയിൽ മുഖം അമർത്തി കരഞ്ഞു.
ആ സ്ത്രീ പിന്നെയും വന്നു..
അവര് ഭീഷണിപ്പെടുത്തുകയായിരുന്നു.. "ഈ കാര്യം നീ ആരോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. അയാൾക്ക്‌ മോഹം തോന്നിയാൽ അതെങ്ങനെയും നടത്തും. തടസ്സം നിന്നാൽ നിന്റെ ഭർത്താവിനു തന്നെയാവും ദോഷം.. അയാൾ നിന്റെ ഭർത്താവിനെ കൊല്ലും. "
ഞാൻ വല്ലാതെ ഭയന്നു പോയി.
കൺമുന്നിൽ തെളിഞ്ഞിരുന്ന മലയുടെയും കാടിന്റെയും ഭംഗിയെല്ലാം മാഞ്ഞു പോയിരുന്നു. ചുറ്റിലും ഇരുട്ട്..
ദത്തനോട് പറഞ്ഞു.. "ഇവിടുന്നു പോണം.. എനിക്കു ഈ സ്ഥലം അത്ര നന്നായി തോന്നുന്നില്ല.. "
"വന്നിട്ട് ഒരു മാസം പോലും ആയിട്ടില്ല.. അതിനു മുൻപ് എങ്ങനെ പോകാനാണ്.. "
ദത്തൻ പറഞ്ഞപ്പോൾ സത്യാവസ്ഥ പറയാമായിരുന്നു.
തോന്നിയില്ല.. പറഞ്ഞാൽ വഴക്കുണ്ടാക്കും. പിന്നെ ആ സ്ത്രീ പറഞ്ഞത് പോലെ ഇത് അയാളുടെ സ്ഥലമാണ്..
ആപത്തു മാത്രമേ വരൂ.
ഭയത്തിന്റെ നാളുകൾ..
ആ ചെറിയ വീടിനുള്ളിൽ നെഞ്ചിടിപ്പോടെയാണ് കഴിഞ്ഞത്.
അയാളുടെ കൺമുന്നിൽ പെടാതെ ഒഴിഞ്ഞു മാറുക അസാധ്യമായി തുടങ്ങി.
ശല്യം സഹിക്കാൻ വയ്യാതെ തളർന്നു പോയി തുടങ്ങിയിരുന്നു.
ഒരു ദിവസം അയാൾ ബലമായി പുറത്തെ വഴിയിൽ തടഞ്ഞു നിർത്തി പറഞ്ഞു.. "നിനക്കിനി ഇവിടുന്നു തിരിച്ചു പോകാൻ പറ്റില്ല..
നിന്റെ ഭർത്താവിനെ ഏതെങ്കിലും കേസിൽ പെടുത്തി അകത്തിടാൻ എനിക്ക് പറ്റും. പിന്നെ നീ ഇവിടുത്തെ തെരുവിൽ ഒരു വിലയുമില്ലാത്ത വേശ്യകളിൽ ഒന്നായി മാറും. "
അയാളുടെ കണ്ണുകളിലെ രാക്ഷസഭാവം.. ചെകുത്താനാണ് മുന്നിൽ.
കാടിനുള്ളിൽ പാമ്പിന്റെ വായിൽ അകപ്പെട്ട ഏതോ ഇരയുടെ കരച്ചിൽ..
അയാൾ നീണ്ടു കുർത്ത വിരൽ തുമ്പ് എന്റെ കൈത്തണ്ടയിൽ അമർത്തി.. ഞാൻ പിടഞ്ഞു കരഞ്ഞു.
എന്റെ ദേഹത്ത് വേറെ ഒരാളുടെ കൈ വീഴുക..
അപമാനം കൊണ്ടു വിറച്ചു. അയാളെ തള്ളി മാറ്റി ഓടിയിട്ടും പക ഉള്ളിൽ അങ്ങനെ എരിയുകയാണ്.. കൊല്ലണം.. അയാളെ..
മനസ്സ് പിറുപിറുത്തു കൊണ്ടിരുന്നു.
സമാധാനമില്ലാതെ സ്വസ്ഥതയില്ലാതെ കഴിച്ചു കൂട്ടിയ നാളുകൾ..
കാപ്പി തോട്ടത്തിൽ പണിക്ക് വന്നിരുന്ന മല്ലി എന്ന പതിമൂന്നു വയസ്സുള്ള ഒരു പെൺകുട്ടി.. അവൾ ഇടയ്ക്കു വീട്ടിലേക്ക് വരുമായിരുന്നു.. കറുപ്പിന് എത്ര മാത്രം ഭംഗിയുണ്ടെന്നു അവളെ കാണുമ്പോൾ തോന്നി പോകും..
ഒരിക്കൽ ഞാൻ കണ്ടത് ചോര ഒലിക്കുന്ന മുഖവും ശരീരവുമായി കരയാൻ പോലും ആകാതെ ഇടറിയ കാലടികളോടെ അയാളുടെ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന മല്ലിയെയാണ്..
എന്റെ നെഞ്ചൊന്നു പിടഞ്ഞു.. മല്ലിയെ അയാൾ നശിപ്പിച്ചിരിക്കുന്നു.
ആ കുട്ടിയെ പിന്നെ കണ്ടത് കാപ്പിതോട്ടത്തിനുള്ളിൽ മരിച്ച നിലയിലായിരുന്നു. എനിക്കു ആ മരവിച്ച മുഖം കാണാനുള്ള ശക്തി തോന്നിയില്ല.
അയാളോട് വല്ലാത്തൊരു പകയാണ് തോന്നിയത്.
എന്റെ ശരീരവും ഇത് പോലെ തണുത്തു മരവിച്ചു കാപ്പി തോട്ടത്തിനുള്ളിൽ.. അങ്ങനെയൊരു കാഴ്ച..
ഉള്ളൊന്നു നടുങ്ങി.
ദത്തനോട് വാശി പിടിച്ചു.. തിരിച്ചു പോണം.. വേറെ എവിടെയെങ്കിലും.. മാനസിക നില തെറ്റിയ പോലെ കരയാൻ തുടങ്ങിയപ്പോൾ ദത്തൻ പറഞ്ഞു.. "പോകാം.. നിനക്കു സമാധാനം ഇല്ലാതെ ഞാൻ ജോലിക്കു പോയിട്ട് കാര്യമില്ല.."
മഴ പെയ്തു തണുത്തു വിറച്ച ആ രാത്രി... അന്ന് ദത്തനുണ്ടായിരുന്നില്ല..വാതിലിൽ തട്ടിയത് രണ്ടു പോലീസുകാരായിരുന്നു.. വാതിൽ തുറക്കാതെ നിവൃത്തിയില്ലായിരുന്നു. വാതിൽ തുറന്നപ്പോൾ അവർക്കു മുന്നേ അകത്തേക്ക് കയറി വന്നത് അയാളായിരുന്നു..
ഭയത്തേക്കാൾ ഏറെ ഉള്ളിൽ തോന്നിയത് പകയായിരുന്നു.. വെറുപ്പായിരുന്നു.. ആ പെൺകുട്ടിയുടെ മുഖം മനസ്സിൽ അങ്ങനെ...
അടുത്ത് വന്നപ്പോൾ കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി അയാളുടെ കൈ തണ്ടയിൽ കുത്തിയിറക്കി.
പിന്നെ ആ കത്തിയുമായി പുറത്തെ ഇരുട്ടിലേക്ക്..മഴയിലേക്ക് ഓടുകയായിരുന്നു.. കാപ്പി തോട്ടത്തിനുള്ളിലെ ചെളിയിൽ എവിടെയോ കാൽ വഴുതി വീണിരുന്നു. അന്ന് അവിടെ ചെളിയിൽ അട്ട പൊതിഞ്ഞ ശരീരവുമായി കിടന്ന ഒരു രാത്രി മതി എനിക്കയാളുടെ മരണം ആഗ്രഹിക്കാൻ..
പിന്നെ അവിടുന്ന് പാതി ജീവനോടെ തണുത്തു വിറങ്ങലിച്ചു അട്ട പൊതിഞ്ഞ ശരീരവുമായി ദത്തന് മുന്നിൽ തളർന്നു വീണു.. എല്ലാം പറയേണ്ടി വന്നു.. ദേഷ്യവും സങ്കടവും കൊണ്ടു വിങ്ങിപൊട്ടി നിന്ന ദത്തന്റെ കാൽക്കൽ വീണു.. വേഗം എവിടെയെങ്കിലും പോയി രക്ഷപ്പെടണം.. ഇവിടെ അയാൾക്കെതിരെ പൊരുതി നിൽക്കാൻ പറ്റില്ല.. വെറുതെയാണ്.
പിന്നെ ചുണ്ണാമ്പ് കലക്കിയൊഴിച്ച ശരീരത്തിന്റെ നീറ്റൽ സഹിച്ചു അവിടുന്ന് യാത്രയായി..രാത്രിയിൽ ഒന്നും കൈയിൽ കരുതാതെ.. ഒളിച്ചോടുകയായിരുന്നു.. മടിക്കേരിയിലേക്ക്..
മനസ്സിൽ ആ പകയുടെ കനലും പേറി തന്നെയാണ് യാത്ര തിരിച്ചത്. അയാളെ കൊല്ലാമായിരുന്നു. എന്നെങ്കിലും തിരിച്ചു വരണം.. ഒരു കത്തിയെടുത്തു അയാളുടെ നെഞ്ചിൽ കുത്തിയിറക്കണം.
ആ ജീവൻ കിടന്നു പിടക്കുന്നതു കാണണം.. ഒഴുകിയിറങ്ങുന്ന ചോര
കണ്ടു മനസ്സിലെ പക അടങ്ങണം..
ഉള്ളിൽ ആ പക ബാക്കിയാണ്.. വർഷങ്ങൾ കഴിഞ്ഞിട്ടും.. ഒരിക്കലും തനിക്കു നേരിട്ട് ചെയ്യാൻ കഴിയാത്ത ഒരു കാര്യം..
ഇപ്പോൾ ഇങ്ങനെ ഒരു അവസരം വേറെ കിട്ടില്ല.
"അലിക്ക് ഒരാളെ കൊല്ലാൻ പറ്റോ.. എനിക്ക് വേണ്ടി..
വെട്ടി വെട്ടി നുറുക്കി കൊല്ലണം.. ദയ കാണിക്കരുത്. "
അലി ചിരിച്ചു..
അയാളുടെ മകളുടെ ജീവന് പകരം ഞാൻ ആവശ്യപ്പെട്ടതു തെറ്റോ ശരിയോ എന്ന് ആ നിമിഷം ആലോചിച്ചില്ല..
ഞാൻ അയാളോട് എല്ലാം പറഞ്ഞു.
ദേവയ്യ എന്ന പോലീസുകാരനെ അലിക്ക് കാണിച്ചു കൊടുത്തിട്ടു ഞാൻ കാത്തിരുന്നു .
അയാളുടെ മരണം ആഘോഷിക്കാൻ..
ഇന്നു ഞാൻ ആ കാഴ്ച കാണുകയാണ്..
വെട്ടി നുറുക്കിയ അയാളുടെ ശവം.
അയാളുടെ ദേഹത്ത് പതിഞ്ഞ ഓരോ വെട്ടും ഞാൻ ഉൾകണ്ണിൽ കണ്ടു..
ആ ചോര എന്റെ ദേഹത്ത് വീണൊഴുകുന്നുണ്ട്.. എന്റെ പക... എന്റെ ദേഹത്ത് പതിഞ്ഞ ആ കൈകൾ അലി വെട്ടി മാറ്റിയിരുന്നു.
ഒരാളുടെ മരണം.. സന്തോഷിക്കാൻ പാടില്ല.. ചിരിക്കാൻ പാടില്ല.. പക്ഷേ എനിക്ക് ഇവിടെ സന്തോഷിച്ചേ പറ്റു.. ചിരിക്കണം.. ഉറക്കെ ഉറക്കെ.. പൊട്ടി ചിരിക്കണം..
മരിച്ചത് എന്റെ ശത്രുവാണ്.. ഞാൻ കൊല്ലണമെന്ന് ആഗ്രഹിച്ച ആളാണ്..
കുടകിലെ കാപ്പി തോട്ടത്തിനുള്ളിൽ വെട്ടേറ്റു മരിച്ച ദേവയ്യ എന്ന പോലീസുകാരന്റെ ശവശരീരം ഞാൻ മുന്നിൽ കാണുന്നുണ്ട്..വെട്ടു കൊണ്ടു മരിച്ച നിലയിൽ കിടക്കുന്ന അയാളുടെ വാർത്ത വന്ന പത്രത്തിലെ ചിത്രം ഞാൻ പല തവണ നോക്കി.. കാലത്തിന്റെ ഓർമ്മപ്പെടുത്തൽ..
ദുർഗാ... നിന്റെ ശത്രു മരിച്ചിരിക്കുന്നു.
ആ ഫോട്ടോയിലേക്ക് നോക്കി ഞാൻ മനസ്സ് നിറഞ്ഞൊന്നു ചിരിക്കട്ടെ.
അലിയിലൂടെ ഒരിക്കലും പോലീസ് എന്നെ തേടി വരില്ലെന്ന് എനിക്കുറപ്പാണ്.. സമീറയെ ഞാൻ മോളെ പോലെ നോക്കും എന്ന് അലിക്കും അറിയാം..
അവളെന്റെ കൂടെയുണ്ട്.
അലി എന്നോട് ഒന്നേ ആവശ്യപ്പെട്ടുള്ളു. "മോളെ നോക്കണം. ഉമ്മയില്ല ഓൾക്ക്.. "
"മോളെ പോലെ തന്നെ നോക്കും.. "ഞാൻ ഉറപ്പു കൊടുത്തു.
ചെയ്തത് തെറ്റോ ശരിയോ.. ഞാൻ ആലോചിക്കുന്നില്ല.
അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തു തൊടുന്ന പുരുഷന്റെ കൈ വെട്ടണം. അതിനുള്ള മാർഗം തെറ്റോ ശരിയോ...?
ഉള്ളിലെ പക... അത് അടങ്ങും വരെ.. ഞാൻ ഇങ്ങനെയാണ്..ഇതെന്റെ മാത്രം ശരി...
Preetha sudhir

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot