"ഇൻഷുറൻസ് കമ്പനിയിൽ നിന്നും കിട്ടിയ പണത്തിൽ നിന്നും കുറച്ച് പണം എനിക്ക് തരണം ചേട്ടാ...എനിക്കും വേണ്ടേ ഒരു ജീവിതം?'
സുനിൽ എന്നോട് ചോദിച്ചു...ഞാൻ അവനെ അമ്പരപ്പോടെ നോക്കി..
"എന്റെ കൈയ്യിൽ ഒരു നയാപൈസ പോലും എടുക്കുവാനില്ല....'ഞാൻ അവനോട് പറഞ്ഞു...അവന്റെ മുഖം കോപം കൊണ്ട് നിറഞ്ഞു.
"എന്റെ അച്ഛന് കിട്ടിയ പണത്തിൽ എനിക്കും അവകാശമുണ്ട്" അവൻ പറഞ്ഞു.
"മോനെ....ആകെ കിട്ടിയത് അഞ്ചു ലക്ഷം രൂപ മാത്രം...നമ്മൾ ഒരു ചെറിയ വീട് വെച്ചില്ലേ? വീടിനു തന്നെ ഏഴു ലക്ഷം മുടക്കാണ്...രണ്ടുലക്ഷം ബാങ്കിൽ നിന്നും കടമാണ്" ഞാൻ പറഞ്ഞു...എന്റെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
"ഈ ഊപ്പ വീടിന് ഏഴു ലക്ഷം രൂപയോ?... 'അവൻ പരിഹാസം കലർന്ന ശബ്ദത്തിൽ എന്നോട് ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല....
അപകടത്തിൽ മരിച്ച ഞങ്ങളുടെ അച്ഛന്റെ ഇൻഷുറൻസ് തുക കിട്ടിയത് അച്ഛൻ മരിച്ചു ഇരുപതു വർഷങ്ങൾ കഴിഞ്ഞു മാത്രം!!!
ആ ഇരുപതു വർഷത്തെ എന്റെ അധ്വാനമാണ് വീട് വെച്ചിരിക്കുന്ന അഞ്ചു സെന്റ് സ്ഥലം...
കിട്ടിയ പണം കൊണ്ട് ഒരു ചെറിയ വീട് പണിയുവാൻ ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് എനിക്ക് മാത്രം അറിയാം....അവസാനം രണ്ടു ലക്ഷം രൂപ കടവും ആയി......അനുജൻ കുടുംബത്തിന് വരുത്തിവെച്ച കടത്തിന് പുറമെയാണ് ഈ കടം എന്നോർക്കണം!!!.
ഇൻഷുറൻസ് തുക എവിടെ എന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു..!!
എന്റെ അമ്മ പോലും ഞാൻ പറയുന്നത് വിശ്വസിക്കിന്നില്ല..!!!
"ചേട്ടൻ വെറുതെ തുറിച്ചു നോക്കിയിട്ട് കാര്യമില്ല...എനിക്കുടനെ പണം കിട്ടിയേ തീരൂ..."സുനിൽ വീണ്ടും പറഞ്ഞു.
ഞാൻ എന്റെ പോക്കറ്റിൽ കിടന്ന ലോട്ടറി ടിക്കറ്റ് വലിച്ചെടുത്തു...അത് സുനിലിന്റെ നേരെ നീട്ടി...
"ഇനി ഇതു മാത്രമേ എന്റെ കൈയ്യിൽ ഉള്ളൂ...ഇത് അടിച്ചാൽ നീ ആവശ്യത്തിന് എടുത്തോളൂ...ബാക്കി എനിക്ക് തന്നാൽ മതി"
അവൻ എന്നെ തുറിച്ചു നോക്കി...
"ചേട്ടൻ എന്താ എന്നെ കളിയാക്കുവാണോ?...ഹും ലോട്ടറി തന്ന് പറ്റിക്കുവാൻ നോക്കുന്നു"
അവൻ ലോട്ടറി തട്ടിക്കളഞ്ഞു....
നിലത്തു വീണ ലോട്ടറി എടുക്കുവാൻ ഞാൻ കൈനീട്ടിയെങ്കിലും...അത് എന്റെ കൈയ്യിൽ നിന്നും വഴുതി മാറിപ്പോയി..
അപ്പോഴാണ് സുനിലിന്റെ ഭാര്യ ഓടി വന്നത്....പറന്നു നടന്ന ലോട്ടറി അവൾ കൈവശപ്പെടുത്തി....
നേരം വൈകിയത് കൊണ്ട് ജോലി ചെയ്യുന്ന കടയിലേക്ക് ഞാൻ തിടുക്കത്തിൽ നടന്നു.
ലോട്ടറി കച്ചവടക്കാരൻ ഗോപാലൻ ഒരു ടിക്കറ്റ് എന്നെ നിർബന്ധിച്ചു പിടിപ്പിച്ചപ്പോൾ എനിക്ക് നിരസിക്കുവാൻ കഴിഞ്ഞില്ല..
"ഓണം ബംമ്പരാണ്....അടിച്ചാൽ പന്ത്രണ്ടു കോടി"ഗോപാലൻ വെറ്റില ക്കറയുള്ള പല്ലുകൾ പുറത്തു കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു...
ഒരു ലോട്ടറി അടിച്ചാൽ ചിലപ്പോൾ എന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയും...
ഗോപാലന്റെ കൈയ്യിൽ നിന്നും ലോട്ടറി വാങ്ങുമ്പോൾ എന്റെയുള്ളിൽ പ്രതീക്ഷയുടെ നാളങ്ങൾ വീണ്ടും തിരികൊളുത്തി.
കുറെ പണം കിട്ടുകയാണെങ്കിൽ അമ്മയ്ക്കും അനുജനും ആവശ്യത്തിന് കൊടുത്ത് ഇൻഷുറൻസ് 'തട്ടിയെടുത്തവൻ' എന്നുള്ള പേരുദോഷം മാറ്റമായിരുന്നു!!!
ഇൻഷുറൻസ് പണംകൊണ്ട് വീട് പണിയുവാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു.
സാരമില്ല അതടിച്ചെങ്കിലും അവർ രക്ഷപ്പെട്ടാൽ മതി!!!
എന്റെ അച്ഛൻ മരിക്കുമ്പോൾ എനിക്ക് പതിനാലു വയസ്സുമാത്രം... എന്റെ അനുജന് എട്ട് വയസ്സും...
'എനിക്കിനി ആരുണ്ട് എന്ന് പറഞ്ഞു അച്ഛന്റെ നിശ്ചലമായ ശരീരത്തു കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മയുടെ തോളിൽ ഞാൻ കൈവെച്ചു കൊണ്ട് പറഞ്ഞു.
"അമ്മക്കിനി ഞാനുണ്ട്" അമ്മ എന്നെ സൂക്ഷിച്ചു നോക്കി... പിന്നീട് എന്നെ കെട്ടിപിടിച്ചുകൊണ്ട് കരച്ചിൽ ഉച്ചത്തിലായി...
എന്റെ അനുജൻ എട്ടുവസ്സുകാരൻ അപ്പോഴും അവന്റെ കൂട്ടുകാരുടെ കൂടെ കളിയിലായിരുന്നു....
വാടകവീടും കുറെ കടവും അവശേഷിക്കുന്നു... എന്ത് ചെയ്യും? ഞാനും അമ്മയും തലപുകഞ്ഞ് ആലോചിച്ചു.
സാമാന്യം നല്ലവണ്ണം പഠിച്ചിരുന്ന എന്റെ പഠനം മുടങ്ങി... ഞാൻ ഒരു കടയിൽ ജോലിക്ക് പോകുവാൻ തുടങ്ങി.... അനുജൻ സുനിലിന്റെ പഠിത്തം മുടങ്ങാതെ ഞാൻ സൂക്ഷിച്ചു...
എന്റെ കഷ്ടപ്പാടുകൾ കണ്ട് അമ്മ പല പ്പോഴും കരച്ചിൽ തന്നെ.... എന്നാൽ അച്ഛന്റെ വിടവ് നികത്തുവാൻ ഞാൻ കഠിന പരിശ്രമം ചെയ്തുകൊണ്ടിരുന്നു....
അനുജന് കുറവുകളൊന്നും ഉണ്ടാകാതെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...അവന് ഇഷ്ടമുള്ളതെല്ലാം ഞാൻ വാങ്ങിച്ചു കൊടുത്തു.
അവന്റെയും അമ്മയുടെയും സന്തോഷം എന്റെയും സന്തോഷം എന്ന് ഞാൻ വിചാരിച്ചു....
അവനു നല്ലത് വരണമെന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചു.
എന്റെ ആദ്യ രാത്രിയിൽ എന്റെ ഭാര്യ ശോഭയോട് ഞാൻ പറഞ്ഞു.
"എന്റെ അമ്മയും അനുജനും ഒരു കുറവും ഉണ്ടാകാതെ നീ നോക്കണം...
ശോഭ ഒരു പാവമായിരുന്നു...അവളും അവരെ അകമഴിഞ്ഞ് സ്നേഹിച്ചു...
അനുജന്റെ ആവശ്യങ്ങൾ കൂടിക്കൂടി വന്നു....എന്റെ തുശ്ചമായ വരുമാനം കൊണ്ട് ഒന്നിനും തികയാതെയായി...
എന്റെ ശമ്പളത്തിനേക്കാൾ കടം ചോദിക്കുവാൻ തുടങ്ങിയപ്പോൾ കടയുടെ മുതലാളി എന്നോട് പറഞ്ഞു.
"രതീഷേ...നിന്റെ കഷ്ടപ്പാട് എനിക്കറിയാം...പക്ഷെ എനിക്കും ഇല്ലേ പരിമിതികൾ....നീ ഒരാൾ കഷ്ട്ടപ്പെട്ടാൽ മാത്രം കുടുംബം നോക്കുവാൻ സാധിക്കില്ല...നിന്റെ അനുജൻ സുനിൽ വീട്ടിൽ വെറുതെ നിൽക്കുകയല്ലേ? അവനും ഞാൻ എവിടെ ജോലി കൊടുക്കാം"
ഞാൻ മുതലാളിയെ തുറിച്ചു നോക്കി...അന്നാദ്യമായി എനിക്ക് അയാളോട് വെറുപ്പ് തോന്നി...
ബികോം പാസ്സായ സുന്ദരനും സുമുഖനും, നാളെ ഏതെങ്കിലും ബാങ്കിലെ മാനേജർ ചില്ലുകൂട്ടിലിരിക്കേണ്ട ജോലി ചെയ്യേണ്ട എന്റെ അനുജൻ ഫോട്ടോസ്റ്റാറ്റ് എടുത്തുകൊടുക്കുന്ന പണി ചെയ്യുന്നതെങ്ങിനെ?
"പണം എനിക്ക് വേണ്ട...."അയാൾ നീട്ടിയ പണം കൈയ്യിൽ മേടിക്കാതെ തന്നെ ഞാൻ ഇറങ്ങി നടന്നു....
ഞാൻ കുറെ പണം ബാങ്കിൽ നിന്നും ലോണെടുത്തു....
ഒരു ദിവസം രാത്രിൽ കിടക്കുമ്പോൾ ശോഭ എന്നോട് പറഞ്ഞൂ.
"ഞാൻ ചേട്ടനോട് ഒരു കാര്യം പറയണം എന്ന് വിചാരിക്കുകയായിരുന്നു....പക്ഷെ"
"എന്താണ്...?" ഞാൻ ആകാംഷയോടെ ചോദിച്ചു.
"ഇതറിഞ്ഞു കഴിയുമ്പോൾ ചേട്ടൻ സുനിലിനോട് വഴക്കുണ്ടാക്കരുത്"
അവൾ എന്നോട് അപേക്ഷിച്ചു...
"എന്താണെങ്കിലും നീ പറഞ്ഞു തുലക്ക്"എന്റെ അക്ഷമ വർദ്ധിച്ചു.
അവൾ എന്നോട് ചേർന്നിരുന്നു...
"സുനിലിന് പ്രായപൂർത്തിയായവിവരം ചേട്ടന് അറിഞ്ഞുകൂടേ? "
ഞാൻ അത്ഭുതത്തിൽ അവളെ നോക്കി. ഇവളെന്താണ് പറഞ്ഞു വരുന്നത്?
"അവനെ ഒരു വിവാഹം കഴിപ്പിക്കണം"
അവൾ പറഞ്ഞു.
"വിവാഹമോ? അവൻ കൊച്ചല്ലേ? മാത്രമല്ല അവനു ജോലി കിട്ടിയിട്ട് മാത്രം മതി കല്യാണം" ഞാൻ പറഞ്ഞു.
"ജോലി കിട്ടാനൊന്നും നോക്കേണ്ട...എന്റെ അമ്മാവന്റെ മകളെ അവന് നമ്മുക്ക് ആലോചിക്കാം" ശോഭ പറഞ്ഞു.
"ഏതാ...ആ പ്രീഡിഗ്രി തോറ്റ പെണ്ണോ?"
കുറച്ചു പുളിക്കും....അവന് ഒരു ജോലിയുള്ള പെണ്ണിനെ കിട്ടാൻ ഒരു വിഷമവും ഇല്ല....അല്ലാതെ എന്നോപ്പോലെ..."പറയുവാൻ വന്നത് ഞാൻ വിഴുങ്ങി..
കുറച്ചു പുളിക്കും....അവന് ഒരു ജോലിയുള്ള പെണ്ണിനെ കിട്ടാൻ ഒരു വിഷമവും ഇല്ല....അല്ലാതെ എന്നോപ്പോലെ..."പറയുവാൻ വന്നത് ഞാൻ വിഴുങ്ങി..
ശോഭയുടെ മുഖം ഒരു കൊട്ടയായി..തലമുടി വാരിക്കെട്ടിക്കൊണ്ടവൾ കട്ടിലിലേക്ക് ചെരിഞ്ഞു.
എനിക്ക് വിഷമമായി.....ഞാൻ അവളെ സോപ്പിടുവാൻ ചെന്നു.. അവൾ എന്നെ നോക്കി...
"ഞാൻ പറയുവാൻ കാര്യമുണ്ട്...അവന്റെ നോട്ടം കണ്ടാൽ ചിലപ്പോൾ എനിക്ക് പേടിയാവുന്നു"
അവൾ പറഞ്ഞു.
"ശോഭേ....നീ എന്താണ് പറയുന്നത്...അവൻ നമ്മുടെ മകനാണ്....നീ അതോർക്കണം"
ശോഭ പിന്നീട് ഒന്നും പറഞ്ഞില്ല..
ഒരു ദിവസം രാത്രിയിൽ ഞാൻ കടയിലെ പണികഴിഞ്ഞെത്തുമ്പോൾ അമ്മ കരഞ്ഞു കൊണ്ട് എന്റെയടുക്കൽ എത്തി..
ഞാൻ അന്താളിച്ചു ...
"മോനെ എല്ലാം പോയി...നമ്മുടെ സുനിൽ പിഴച്ചു പോയി"
അമ്മയുടെ കരച്ചിലിന്റെ ഒച്ച കൂടി..
"അമ്മ എന്താണ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല "
ഞാൻ പറഞ്ഞു.
അപ്പോഴേക്കും ശോഭ അങ്ങോട്ട് വന്നു.
"ഞാൻ പറഞ്ഞതല്ലേ.. അവനെ വിവാഹം കഴിപ്പിക്കണമെന്ന്.....ഇപ്പോൾ നിങ്ങൾക്ക് സമാധാനമായില്ലേ?" വീർത്ത മുഖത്തോടെ അവൾ ചോദിച്ചു.
"നിങ്ങളെന്താണ് പറയുന്നത് ? എനിക്കൊന്നും മനസ്സിലാകുന്നില്ല" ഞാൻ പറഞ്ഞു.
"എടാ അവൻ അവന്റെകൂടെ പഠിച്ച ഒരു പെണ്ണിനെ കൂട്ടികൊണ്ട് വന്നു" അമ്മ കരച്ചിൽ തുടരുകയാണ്...
"ഹോ ആശ്വാസമായി...ഇതാണോ കാര്യം...."ഞാൻ ചോദിച്ചു...
"അനുജൻ കോളനിയിൽ താമസിക്കുന്ന ഒരു പെണ്ണിനെ കൂട്ടിക്കൊണ്ട് വന്നിട്ട് നിനക്ക് കുറച്ചാലൊന്നും ഇല്ലേ? "
അമ്മ ചോദിച്ചു.
ഞാൻ ഒരു വിഡ്ഢിയെപ്പോലെ അമ്മയെ തുറിച്ചു നോക്കി...
"സ്വന്തം ജാതിയാണെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു.."അമ്മ മൂക്ക് പിഴിഞ്ഞ് കൊണ്ട് പറഞ്ഞു...
ഞാൻ എന്തു ചെയ്യും...? എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല..
കുനിഞ്ഞ രണ്ടു മുഖങ്ങൾ എന്റെ മുൻപിൽ പ്രത്യേക്ഷപ്പെട്ടു....
അവരോട് എനിക്കൊന്നും പറയുവാൻ തോന്നിയില്ല....
പിറ്റേ ദിവസം മുതൽ ഞാൻ കൂടുതൽ സമയം ജോലി ചെയ്യുവാൻ തുടങ്ങി !!!
"സാരമില്ല....അമ്മേ...അവൾക്ക് പഠിപ്പ് ഉണ്ടെല്ലോ?"ഞാൻ അമ്മയെ ആശ്വസിപ്പിച്ചു..
"ഒരു ജോലിയും ഇല്ലാത്ത അവൻ എങ്ങിനെ അവളെ തീറ്റിപ്പോറ്റും?"
അമ്മ ചോദിച്ചു.
"സാരമില്ല.....അവർ ഇവിടെയല്ലേ കഴിയുന്നത്...ഞാൻ നോക്കിക്കൊള്ളാം"ഞാൻ പറഞ്ഞു
രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പിന്നീട് ഞാൻ കൂടുതൽ പാടുപെട്ടു....
അപ്പോഴാണ് ആശ്വാസമായി അച്ഛന്റെ ഇൻഷുറൻസ് പണം കിട്ടിയത്...
വാടകവീട്ടിൽ നിന്നും മാറണമെന്ന് ഞാൻ തീരുമാനിച്ചു...
ഞാൻ ആ പണം കൊണ്ട് ഒരു കൊച്ചു വീട് വെച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇൻഷുറൻസ് തുകയെക്കുറിച്ചുള്ള സംശയങ്ങൾ അനുജനും അമ്മയ്ക്കും ഉണ്ടായതിൽ ഞാൻ അമ്പരന്നു.
"ഇത്രയും പണം നീ എന്തു ചെയ്തു? "അമ്മയും എന്നോട് ചോദിച്ചപ്പോൾ ഞാൻ തളർന്നു പോയി.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ശോഭയും പുതുപ്പെണ്ണുമായി ചെറിയ ചേർച്ചക്കുറവ് തുടങ്ങി....ദിവസങ്ങൾ ചെല്ലും തോറും അത് കൂടിക്കൂടി വന്നു..
ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ അടുക്കളയിൽ ഒരു അടുപ്പുകൂട്ടി സ്ഥാപിക്കപ്പെട്ടിരുന്നു.....
ദിവസങ്ങൾ കടന്നുപോയി...
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് പിന്നീട് മൂന്നാമതൊരു അടുപ്പ് കണ്ടപ്പോഴാണ്...അത് അമ്മയുടേതായിരുന്നു.!!!
സുനിലിന് ഒരു ജോലി കിട്ടുവാൻ ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു...
കടം പെരുകികഴിഞ്ഞപ്പോൾ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു
"നമ്മുടെ കിടപ്പാടം ജപ്തി ചെയ്യുമോ?'
അമ്മ എന്നോട് ചോദിച്ചു.
"അറിയില്ല"ഞാൻ മറുപടി പറഞ്ഞു.
"ദൈവമേ...ഈ വയസാൻ കാലത്ത് കടത്തിണ്ണയിൽ കിടക്കുവാനാണോ വിധി? "
അമ്മ പിറുപിറുത്തു. എന്റെ മനസ്സിലും ആശങ്കകൾ അടിഞ്ഞു കൂടി.
"ചേട്ടാ....ഞാൻ മൂലം ചേട്ടന് കടം കയറി...എനിക്ക് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ഈ കടം മുഴുവനും ഞാൻ വീട്ടുമായിരുന്നു.. "സുനിൽ പറഞ്ഞു.
"ഇനിയിപ്പോൾ നമ്മുടെ കടം വീടണമെങ്കിൽ എനിക്ക് ലോട്ടറി അടിക്കേണ്ടി വരും"ഞാൻ പറഞ്ഞു.
"ഇനിയിപ്പോൾ നമ്മുടെ കടം വീടണമെങ്കിൽ എനിക്ക് ലോട്ടറി അടിക്കേണ്ടി വരും"ഞാൻ പറഞ്ഞു.
"ചേട്ടൻ വിഷമിക്കാതിരിക്ക്...എല്ലാം ശരിയാകും"അവൻ എന്നെ ആശ്വസിപ്പിച്ചു.
അന്ന് വൈകുന്നേരം സുനിൽ മദ്യപിച്ചിട്ടാണ് വീട്ടിലെത്തിയത്!!!
"പാവം....ജപ്തി നടപടികൾ അവന്റെ മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കിയിട്ടുണ്ട്" ഞാൻ അമ്മയോട് പറഞ്ഞു.
പക്ഷെ മദ്യപിക്കുവാനുള്ള പണം അവന് എവിടെ നിന്നും കിട്ടി..
പക്ഷെ മദ്യപിക്കുവാനുള്ള പണം അവന് എവിടെ നിന്നും കിട്ടി..
അതിനുള്ള മറുപടി അവന്റെ ഭാര്യയുടെ ശൂന്യമായ കഴുത്ത് എനിക്ക് നൽകി....
പിന്നീടുള്ള പല ദിവസങ്ങളിലും സുനിൽ മദ്യപിച്ചിട്ടു വീട്ടിൽ വരുവാൻ തുടങ്ങി....
മദ്യപിക്കുവാനുള്ള പണം അവൻ കണ്ടെത്തിയ വഴി അവനെ വലിയ അപകടത്തിലാണ് എത്തിച്ചത്....
ചെറിയ തോതിൽ തുടങ്ങിയ ലഹരി മരുന്ന് കച്ചവടം വിപുലമാക്കുന്നതിനു മുൻപ് തന്നെ അവൻ പിടിക്കപ്പെട്ടു കഴിഞ്ഞിരുന്നു....
ജയിലിൽ നിന്നും അവനെ ഇറക്കിയപ്പോൾ വീണ്ടും എന്റെ കടം വർദ്ധിച്ചു.....
സുനിൽ പിന്നീട് പുറത്തേക്കിറങ്ങിയതേയില്ല..
ഹോട്ടലിൽ ഞാൻ പൊറോട്ട അടിച്ചുകൊണ്ടിരുന്നപ്പോൾ ലോട്ടറി ഗോപാലൻ ഓടി എന്റെ അടുക്കലെത്തി...
"രതീഷേ...ഞാൻ വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഇരുപതു ലക്ഷം അടിച്ചത്" ഗോപാലൻ കിതക്കുന്നുണ്ടായിരുന്നു...
എനിക്ക് ചിരി വന്നു...പാവം ഗോപാലൻ...ലോട്ടറി വിറ്റ് മനസിന്റെ സമനില തെറ്റിയിരിക്കുന്നു!!! ഞാൻ ഓർത്തു...ഗോപാലൻ തുടർന്നു.
"ദൈവമേ...ഞാൻ ആർക്കാണ് ആ ടിക്കറ്റ് വിറ്റത്? "
ഞാൻ ഒന്നും പറഞ്ഞില്ല.
"രതീഷേ...നിനക്ക് ഞാൻ തന്ന ടിക്കറ്റ് എവിടെയാ? "ഗോപാലൻ ചോദിച്ചു....
"എനിക്ക് തന്ന ടിക്കറ്റോ?...അത് സുനിലിന്റെ ഭാര്യയുടെ കൈയിലാണ് " ഞാൻ പറഞ്ഞു.
ഗോപാലൻ എന്നെ സൂക്ഷിച്ചു നോക്കി...പിന്നീട് അയാൾ എന്റെ വീട് ലക്ഷ്യമാക്കി ഓടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.....
വൈകുന്നേരം ഞാൻ വീട്ടിൽ ചെന്നപ്പോൾ ആകെ ബഹളം...പത്രക്കാർ ഉൾപ്പെടെ എല്ലാവരും ഉണ്ട്...
എന്നെകണ്ടപ്പോൾ ശോഭ ഓടി അടുത്തെത്തി....സന്തോഷത്തോടെ അവൾ പറഞ്ഞു..
"അവർക്ക് ലോട്ടറി അടിച്ചു...അൻപതു ലക്ഷം...", അവൾ വീണ്ടും അകത്തേക്കോടി....
എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി...അമ്പതു ലക്ഷം രൂപ ഈ വീട്ടിലേക്ക് വന്നുകയറിയിരിക്കുന്നു...അതും ഞാനെടുത്ത ലോട്ടറിക്ക്!!!
ഞാൻ മുട്ടുകുത്തി നിലത്തിരുന്നു. അവസാനം ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടിരിക്കുന്നു.!!!
ഇനി ആരും ഞങ്ങളുടെ വീട് ജപ്തി ചെയ്യുകയില്ല!!!
എന്റെ അനുജനെ കാണുവാനായി അകത്തേക്ക് ഞാൻ കയറി....
"മോന് നമ്മൾ രക്ഷപ്പെട്ടു....ഇനി ഒന്നും പേടിക്കുവാനില്ല...നിന്റെ ആഗ്രഹങ്ങളെല്ലാം ഈ ചേട്ടൻ നടത്തി തരും" അവനെ കണ്ടയുടനെ ഞാൻ പറഞ്ഞു....
അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല...
വല്ലാത്ത ഒരു ഗൗരവം അവന്റെ മുഖത്തു പ്രതിഫലിച്ചിരുന്നു...!!!
അവന്റെ ചുറ്റിനും കുറെ അപരിചിതർ!!!
അവന്റെ ഭാര്യ അവരെ പരിചരിക്കുന്നതിനായി ഓടി നടക്കുന്നു!!!
അമ്മ എന്നെ കണ്ടപ്പോൾ ചിരിച്ചെന്നു വരുത്തി...
"നിനക്കെന്താണ് ഒരു സന്തോഷമില്ലാത്തെ? "അമ്മ എന്നോട് ചോദിച്ചു.
ഞാൻ കൈകൾ കൂപ്പി പ്രാർത്ഥനയോടെ നിന്നു
"എല്ലാം ഈശ്വരന്റെ അനുഗ്രഹം എനിക്ക് സന്തോഷമായി അമ്മേ...ഇനിയെങ്കിലും നമ്മുടെ വീട് ജപ്തി ചെയ്യുകയില്ലല്ലോ? "ഞാൻ പറഞ്ഞു...
അമ്മ എന്നെ സൂക്ഷിച്ചു നോക്കി...
"നീയുണ്ടാക്കിയ കടം അവൻ വീട്ടുമോ? അമ്മ ചോദിച്ചു.
"ഞാനുണ്ടാക്കിയ കടമോ? അമ്മയെന്താണ് ഈ പറയുന്നത്? മാത്രമല്ല ഞാൻ എടുത്തു കൊടുത്ത ലോട്ടറി ക്കല്ലേ പ്രൈസ് അടിച്ചത്? "
അമ്മ എന്റെ അടുത്തേക്ക് വന്നു.
"നീ ആളു കൊള്ളാമെല്ലോ....അച്ഛന്റെ ഇൻഷുറൻസ് തുക കിട്ടിയപ്പോൾ അത് മുഴുവൻ നീ തട്ടിയെടുത്തു ...ഇപ്പോൾ ആ ചെറുക്കന് ലോട്ടറി അടിച്ചപ്പോൾ അതിന്റെ അവകാശവും നിനക്ക് വേണം അല്ലേ? "അമ്മ ചോദിച്ചു...
ഞാൻ ഞെട്ടലോടെ അമ്മയുടെ മുഖത്തേക്ക് നോക്കി...
"അമ്മേ...ആ ലോട്ടറി...ഞാൻ എടുത്തതാണ്....അവനെ സൂക്ഷിക്കുവാൻ ഏൽപ്പിച്ചു എന്ന് മാത്രം.."
ഞാൻ പറഞ്ഞു....
അമ്മ എന്നെ പുശ്ചത്തോടെ നോക്കി.
"കഷ്ടം....നീയും എന്റെ വയറ്റിൽ തന്നെ പിറന്നല്ലോ? "പിറുപിറുത്തു കൊണ്ട് അമ്മ നടന്നകന്നു....
വീട്ടിലെ ജനക്കൂട്ടം പെരുകിക്കൊണ്ടിരുന്നു...അച്ഛൻ മരിച്ചപ്പോൾ പോലും തിരിഞ്ഞു കയറി വരാത്ത ആളുകൾ പോലും നിറഞ്ഞ ചിരിയോടെ എന്റെ വീട്ടിലെത്തി!!!
ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ പതുക്കെ എന്റെ ജോലി സ്ഥലത്തേക്ക് നടന്നു..
വൈകുന്നേരം ജോലി കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സുനിലിന്റെ ഭാര്യ തിരക്കിട്ടു പാക്ക് ചെയ്യുന്നു!!!
"അവർ പുതിയ വാടക വീട്ടിലേക്ക് നാളെ താമസം മാറുകയാണ്"ശോഭ എന്നോട് പറഞ്ഞു...
"ഉം..."ഞാൻ വെറുതെ മൂളി...
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെയടുക്കൽ എത്തി...
"നാളെ സുനിൽ പുതിയ വീട്ടിലേക്കു താമസം മാറുകയാണ്......പതിനയ്യായിരം രൂപ വാടക.... ശരിക്കും ഒരു കൊട്ടാരമാണെന്നാണ് അവൻ പറഞ്ഞത്...അല്ല അവനെ പറഞ്ഞിട്ട് കാര്യമില്ല....ഇനി അവന് അവന്റെ സ്റ്റാറ്റസ് നോക്കാതെ പറ്റുമോ? "
ഞാൻ അമ്മയെ നോക്കി...അമ്മയുടെ കണ്ണുകൾ തിളങ്ങുന്നു!!!
എന്തായാലും സുനിൽ ബാങ്കിലെ കടം വീട്ടും എന്നുതന്നെ ഞാൻ കരുതി..
അന്നും അവൻ വീട്ടിൽ വന്നത് മദ്യപിച്ചിട്ടാണ്....കുറേപേർ ചേർന്നു താങ്ങിപ്പിടിച്ചാണ് അവനെ വീട്ടിൽ കൊണ്ടുവന്നത്.
ഞാൻ സാവധാനം അവന്റെയടുക്കൽ ചെന്നു....
"മോനെ...പണം സൂക്ഷിച്ചു ചിലവാക്കണം.....നമുക്ക് ബാങ്കിലെ കടങ്ങളെല്ലാം വീട്ടണം...."ഞാൻ അവനോട് പറഞ്ഞു..അവൻ പോക്കറ്റിൽ നിന്നും ആയിരം രൂപ എടുത്ത് എന്റെ നേരെ നീട്ടി..
"ഇതാ ചേട്ടന്റെ ലോട്ടറിയുടെ പണം.."അവൻ പറഞ്ഞു.....
"നീ ലോട്ടറി ബാങ്കിൽ ഏൽപ്പിച്ചോ? "
ഞാൻ ചോദിച്ചു.
ഞാൻ ചോദിച്ചു.
"അതെന്തിനാണ് ചേട്ടൻ അറിയുന്നത്? എടുത്തടിച്ചപോലെ അവൻ ചോദിച്ചു..
"അടിച്ച ലോട്ടറി എവിടെ? ഒന്ന് കാണട്ടെ"ഞാൻ പറഞ്ഞു.
അവൻ എന്നെ പരിഹാസത്തോടെ നോക്കി..
ഞാൻ ഒരു മണ്ടനല്ല ചേട്ടാ....നിങ്ങൾ എന്താണ് എന്നെപ്പറ്റി വിചാരിച്ചത്? ഈ ഒരു അവസരത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു....
അവൻ പറഞ്ഞു....
"ഏതായാലും ഈ വീട് ജപ്തിയാകും..അത് കാണുവാനുള്ള കരുത്ത് എനിക്കില്ല...ഞാൻ നാളെ സുനിലിന്റെ കൂടെ പോവുകയാണ്"
അമ്മ എന്നോട് പറഞ്ഞു....ഞാൻ അമ്പരപ്പോടെ അമ്മയെ നോക്കി...
കുറെ പണം കിട്ടുവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ എല്ലാവരും മാറിയിരിക്കുന്നു!!!
പിറ്റേദിവസം രാവിലെ തന്നെ നാട്ടുകാരുടെ അകമ്പടിയോടെ സുനിൽ ഭാര്യയോടൊപ്പം ബാങ്കിലേക്ക് യാത്രയായി...എന്റെ അമ്മയും അവരെ അനുഗമിച്ചു...
ശോഭക്ക് സങ്കടം സഹിക്കുവാൻ കഴിഞ്ഞില്ല...
"നിങ്ങൾ പൊന്നുപോലെ നോക്കിയ നിങ്ങളുടെ അനുജനും അമ്മയും കുറെ പണം കിട്ടിയപ്പോൾ നിങ്ങളെ ഉപേക്ഷിച്ചല്ലോ..." അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
"അത് സാരമില്ല....എനിക്കിപ്പോൾ ആശ്വാസമാണ് തോന്നുന്നത്...ഇനി ഞാൻ അവരുടെ കാര്യം ഓർത്തു വിഷമിക്കേണ്ട കാര്യമില്ലല്ലോ....അവർ സ്വന്തം കാര്യം നോക്കുവാൻ പഠിച്ചിരിക്കുന്നു....ഇനിയെങ്കിലും എനിക്ക് എന്റെ കാര്യം നോക്കണം"
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു...
അവർ എന്നെങ്കിലും തിരിച്ചു വരുമെന്ന് എനിക്കറിയാം...പക്ഷെ എന്തുകൊണ്ടോ ഞാൻ അത് ശോഭയോട് പറഞ്ഞില്ല.
അനിൽ കോനാട്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക