നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ അഘോരി


---------------------------
പടിഞ്ഞാറൻ ചക്രവാളത്തിൽ പകലിന്റെ ചിതയിൽനിന്ന് തെറിച്ച തീപ്പൊരി കെട്ടടങ്ങവേ ഒരു പിടി ഓർമ്മകളുമായി എങ്ങോട്ടെന്നില്ലാതെ നടക്കുകയായിരുന്നു ഞാൻ.
വാരാണസി; അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്, വടക്ക് വരണയും തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളുന്ന മഹേശ്വര വാസസ്ഥാനം.
ഞാനിവിടെ ആദ്യം വന്നത് രണ്ടു വർഷം മുൻപാണ്. അന്നത്തെ ആ യാത്രയാണ് വീണ്ടും എന്നെ ഇവിടെയെത്തിച്ചത്.
===========================
ഒരു കൗതുകത്തിനുവേണ്ടിയാണ് അന്നാദ്യമായി അവിടെയെത്തിയത്.
നദീതീരത്തു കൂടെ കുറച്ചു നടന്നപ്പോൾ ഒരു കാഴ്ച കണ്ടു ഞാൻ പതിയെ നിന്നു. മുന്നിൽ ശവസംസ്കാര ചടങ്ങുകൾ നടക്കുകയാണ്. തൊട്ടടുത്ത് അഗ്നി ഭക്ഷിക്കാത്ത ശരീരഭാഗങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിടുന്നുമുണ്ട്.
മുഴുവൻ കത്തിക്കാൻ സമയമില്ലാത്തത് കൊണ്ടാണോയെ ന്നറിയില്ല, എന്തായാലും അങ്ങനെ ഒഴുക്കി വിട്ട് അടുത്തതിന് സ്ഥലമൊരുക്കുന്നുന്നത് കണ്ടു കൊണ്ട് ഞാൻ മണലിലിരുന്നു
വായുവിൽ അലകൾ തീർത്തുകൊണ്ടു അഘോര മന്ത്രം എന്റെ ചെവികളിൽ മുഴങ്ങിക്കേട്ടു.
ഇരുട്ടിനു കനം കൂടി വരുന്നു. മാംസം കത്തിയെരിയുന്ന ഗന്ധം കാറ്റിൽ ചുറ്റും നിറഞ്ഞിരിക്കുന്നു. ഞാൻ പതിയെ മണലിലേക്ക് കിടന്നു; കണ്ണുകളടച്ചു.
അധികനേരം ആയിട്ടുണ്ടാവില്ല, ഒരു മണികുലുക്കം കേട്ട് ഞാൻ കണ്ണു തുറന്നു.
ഒരു സന്യാസി; എന്നെത്തന്നെ നോക്കി എന്റെ തലയ്ക്കു നേരെ നിൽക്കുന്നു, ശരീരമാസകലം ചുടലഭസ്മം പൂശിയിട്ടിട്ടുണ്ട്. ജഡപിടിച്ച മുടി മുകളിലേക്ക് കെട്ടിവെച്ചിട്ടുണ്ട്. കൈയിലെ ശൂലത്തിന്റെ മുകളിൽ ഒരു ചെറിയ മണിയുണ്ട്. അതിൽ നിന്നാണ് ശബ്ദം വരുന്നത്.
ഞാൻ എഴുന്നേറ്റിരുന്നു. അയാൾ എന്നെ തീക്ഷ്ണമായി നോക്കി. പിന്നെ നടന്നകന്നു. ഇത്തരം കാഴ്ചകൾക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുള്ളത് കൊണ്ട്. പ്രത്യേകിച്ചൊന്നും തോന്നിയില്ല
ഞാൻ വീണ്ടും കിടന്നു. അല്പം കഴിഞ്ഞപ്പോൾ വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു മൃതദേഹം എന്റെ അരികിലായി കിടത്തി. നദിക്കരയിലെ പടവുകളിലാണ് ദഹിപ്പിക്കാറുള്ളത്. കൂടെയുള്ള രണ്ടുമൂന്നു പേർ അതിന്റെ കാര്യത്തിനായി അങ്ങോട്ടേക്ക് പോകുന്നത് കണ്ടു.
മണൽപ്പരപ്പിൽ കണ്ണുകളടച്ചു കിടക്കുമ്പോളാണ് ഉടലിനെ ഉന്മാദവസ്ഥയിലേക്ക് കൊണ്ടുപോകുന്ന ഒരു ഗന്ധം നാസാരന്ധ്ര ത്തിലുടെ അനുവാദമെടുക്കാതെ അകത്തേക്ക് പോയത് . വീണ്ടും എഴുന്നേറ്റിരുന്നപ്പോൾ ആദ്യം കണ്ടത് വെളുത്ത പുകയാണ്. എനിക്ക് ചുറ്റും അത് വ്യാപിച്ചിട്ടുണ്ട്. കാഴ്ച വ്യക്തമായി വരുന്നു. തൊട്ടുമുന്നിൽ ആരോ ഇരിപ്പുണ്ട്.
കൈകൊണ്ടു മുഖം തുടച്ചു ഞാൻ സൂക്ഷിച്ചു നോക്കി. ഒരു പെൺകുട്ടി. അവൾ, ചമ്രം പടഞ്ഞിരിക്കുന്ന രീതിയിൽ ഒരു കാൽ അല്പം മുകളിലേക്ക് നിവർത്തി അതിൽ കൈവച്ചാണ് ഇരിക്കുന്നത് . സ്‌മോക്കിങ് പൈപ്പുണ്ട് കൈയിൽ. അതിൽ നിന്നാണ് പുകയുയയരുന്നത്. നോർത്ത് ഇന്ത്യൻ സ്റ്റൈൽ വേഷമാണിട്ടിരിക്കുന്നത് .
നോട്ടം എന്നിലേക്ക് തന്നെ.
"കോൻ.. ഹെ "
അവൾ കേട്ടതായി ഭാവിച്ചില്ല. നോട്ടം അങ്ങനെ തന്നെ തുടർന്നു. ഞാൻ മണലിൽ നിന്നും ചെരുപ്പ് എടുത്ത് തട്ടി, കാലിലിട്ട ശേഷം എഴുന്നേറ്റു. പോകാനെന്ന ഭാവേനെ നിന്നശേഷം അവളെ ഒന്നുകൂടി നോക്കി
അവൾ എന്നെത്തന്നെ നോക്കുകയാണ്. ഒരു വല്ലാത്ത ആകർഷണം, ഞാൻ ഇരുന്ന സ്ഥലത്തേക്ക് തന്നെ വീണ്ടുമിരുന്നു.
"മല്ലു.. " അവളുടെ ചുണ്ടിൽ വാക്കുകൾ വിരിഞ്ഞു
"യാ.."
"തോന്നി... മലയാളി ആണെന്ന് " അവളുടെ മലയാളം സത്യത്തിൽ ഞെട്ടലാണുണ്ടാക്കിയത്.
"നിങ്ങൾ മലയാളി!?" ഞാൻ വിശ്വാസം വരാതെ അവളെ നോക്കി.
"Ya.. നിങ്ങൾ പ്രൈവറ്റ് കാര്യങ്ങൾ ചോദിക്കില്ലന്ന് വിശ്വസിക്കുന്നു "
വായമൂടിക്കെട്ടിയത് പോലെ ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു.
"പേരെങ്കിലും... "
"നയന "
"ഇത് കഞ്ചാവ് അല്ലേ... "ഒരു സംസാരം തുടങ്ങാൻ ഞാൻ ശ്രമിച്ചു.
"ഭാംഗ്..ആണ് " അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
"രണ്ടും ഒന്ന് തന്നെ " ഞാൻ പുഞ്ചിരിച്ചു.
അവൾ ഒരാവർത്തി കൂടി വലിച്ച ശേഷം എന്നെ നോക്കി.
"എല്ലാം അറിയാമെന്ന ധാരണ കാഴ്ച മറക്കുന്ന മതിലാണ് "
"മനസ്സിലായില്ല "
അവൾ എന്റെ കണ്ണുകളിലേക്കു നോക്കി.
"ഭാംഗ്..എന്താണെന്ന് അറിയാമോ?
കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും അരച്ച്, പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ലതു പോലെ കലക്കിയതാണ് ഭാംഗ്"
"ഉം.. "ഞാൻ വലിയ താല്പര്യം ഇല്ലാത്ത പോലെ മൂളി.
സംസാരം മറ്റൊരു ദിശയിലേക്ക് മാറ്റാനുറച്ച് ഞാൻ പറഞ്ഞു:
"ഒരു വർഷം പതിനൊന്നു മാസം ജോലി ഒരു മാസം യാത്ര അതാണ് രീതി. ഇത്തവണ ഇവിടെയാണ്.
സത്യത്തിൽ എനിക്ക് ഇവിടം തീരെ ഇഷ്ടം ആയില്ല.. ഇനി ഞാൻ ഇങ്ങോട്ട് വരില്ല "
ഞാൻ പറഞ്ഞത് കേട്ട് അവൾ പുഞ്ചിരിച്ചു, പിന്നെ പുക ഉള്ളിലേക്ക് വലിച്ചു കൊണ്ട് പറഞ്ഞു:
"ഒന്നും നിങ്ങളുടെ ഇഷ്ടം അനുസരിച്ചല്ല നടക്കുന്നത്, ഒരിക്കൽ കൂടി നിങ്ങൾ വരും "
"മരിച്ചിട്ടാണോ... അങ്ങനെയും ഉണ്ടാവില്ല "
"അല്ല... അല്ലാതെ തന്നെ "
ഞാനവളെ തറപ്പിച്ചു നോക്കി, പിന്നെ പുച്ഛം കലർന്ന ചിരി സമ്മാനിച്ചു.
"ആരാണ് അഘോരി എന്നറിയാമോ " പെട്ടന്നായിരുന്നു അവളുടെ ചോദ്യം.
"താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്നവർ "
"ഇവരല്ല യഥാർത്ഥ അഘോരികൾ, വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങളാണ് അതൊക്കെ, യഥാർത്ഥ അഘോരികൾ മഞ്ഞവസ്ത്രങ്ങൾ ധരിച്ച് രുദ്രക്ഷമാലകൾ കഴുത്തിലണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്നവരാണ് "
ഞാൻ വിശ്വാസം വരാതെ അവളെ നോക്കി.
"അതേ അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം.ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ ചെയ്യില്ല. "
അവൾ അല്പ നേരം മൗനം പൂണ്ടു.
"ഈ കൂട്ടരേ പെട്ടന്ന് കണ്ടത്തുക എളുപ്പമല്ല. കാശിയിലും, ഉത്തരകാശിയിലും ഒൻപതു ശക്തിപീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത്."
അവൾ വളരെ ശാന്തമായി എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് പറഞ്ഞത്
"സ്ത്രീ കൾ ഉണ്ടാകുമോ ", നിഷ്കളങ്കമായി ഞാൻ ചോദിച്ചു.
"..സ്ത്രീ കൾ... ", അവൾ ചിരിച്ചു... "അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിപ്തമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നതാണ് ഇവരുടെ രീതി."
"കൊള്ളാലോ.. അപ്പോൾ ഈ കാണുന്ന കള്ള സന്യാസിമാരൊക്കെ എങ്ങനെ? "
" കള്ള സന്യാസിമാർ എന്നല്ല.. അതായത് അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്നവർ "
"എന്തോ എനിക്കെന്തോ വിശ്വാസം ഇല്ല... ലോകം മുന്നോട്ട് പോകും തോറും പിന്നോട്ട് നടക്കുന്നവരായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ.. ആളെ പറ്റിക്കാൻ അമാനുഷിക കഥകളും . കഷ്ടം "
അവൾ ചിരിച്ചു.
"സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കം "
"കഷ്ടം.. ഇന്നത്തെ കാലത്തും ഇതൊക്കെ വിശ്വസിക്കാൻ ചിലർ.. ഞാൻ കേട്ടതെല്ലാം അവരുടെ വൈകാരികാശ്ലേഷണങ്ങളെപ്പറ്റിയാണ്. ആ കൗതുകമാണ് ഇവിടെ എത്തിച്ചതെന്നും പറയാം "
"സ്പർശ സംഭോഗങ്ങളില്ലാതെ തന്നെ പരമമായ ആനന്ദത്തിലെത്താൻ കഴിയുന്നവരാണ് അഘോരികൾ."
"ആണോ ഇതൊക്കെ സത്യം ആണോ "
"സത്യം, പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹികമൈഥുനസമയമാണു. നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌ . താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. പക്ഷെ ഇതൊന്നും അധികമാർക്കും അറിയില്ല. അഘോരി സന്യാസി സമൂഹത്തിൽപ്പെടാത്ത ആർക്കുമവിടെ പ്രവേശനമുണ്ടാവില്ല "
അതുകൂടി കേട്ടപ്പോൾ എനിക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിരിച്ചു; പൊട്ടിപ്പോട്ടിച്ചിരിച്ചു.
അവൾ മെല്ലെയെഴുന്നേറ്റു. എന്നെയൊന്ന് നോക്കിയശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു. അപ്പോഴാണ് എന്റെ പരിഹാസം അല്പം അതിരുകടന്നതായി എനിക്ക് തോന്നിയത്
"ഹെ നില്ക്കു,"ഞാനുറക്കെ വിളിച്ചു. പക്ഷെ അവൾ ഇരുളിൽ മറഞ്ഞിരുന്നു.
=====================================
.കഴിഞ്ഞ കാര്യങ്ങളെല്ലാം ഒരു വട്ടം കൂടി ഓർത്ത് ഞാൻ മണലിലങ്ങനെ കിടന്നു.
അൽപനേരം കഴിഞ്ഞ് എഴുന്നേറ്റിരുന്ന് ഐ പാഡ് എടുത്തു. സേവ് ചെയ്തിരുന്ന കുംഭമേളയുടെ ന്യൂസ്‌ ക്ലിപ്പ് ഓപ്പൺ ചെയ്തു..
അതിൽ ഒരു അഘോരി സന്യാസിനീ ഉണ്ടായിരുന്നു. ഒരിടത്ത് പോസ് ചെയ്ത ശേഷം ആ ഭാഗം മാത്രം സൂം ചെയ്തു. അന്നു ഞാൻ കണ്ട ആ പെൺകുട്ടി, നയന.
വാർത്ത കണ്ടപ്പോൾ തന്നെ എനിക്കെങ്ങനെ ആൾക്കൂട്ടത്തിൽ നിന്ന് അവളെ മനസ്സിലായി?
അറിയില്ല. എന്നെയും അവളെയും ബന്ധിപ്പിക്കുന്ന എന്തോ ഒന്നുണ്ട്.
ഞാൻ ഐ പാഡ് ബാഗിൽ വെച്ച് മണലിലേക്ക് വീണ്ടും കിടന്നു. കണ്ണുകൾ അടച്ചു. കുറച്ചു കഴിഞ്ഞിരിക്കണം. ഞാൻ അറിഞ്ഞു വീണ്ടും ആ ഗന്ധം. കണ്ണ് തുറന്നപ്പോൾ തൊട്ട് മുന്നിൽ അവൾ.
എന്റെയുള്ളിലുണ്ടായ വികാരം അത്ഭുതമാണോ ഭയമാണോ എന്നറിയില്ല.
അവൾ മഞ്ഞ വസ്ത്രമായിരുന്നു അണിഞ്ഞിരുന്നത്. മുടിയെല്ലാം ചെമ്പിച്ചിരുന്നു.
"ഞാൻ പറഞ്ഞില്ലേ നീ ഒരിക്കൽ കൂടി വരുമെന്ന് " അവൾ വശ്യമായി മന്ദഹസിച്ചു.
ഞാൻ മറുപടി പറഞ്ഞില്ല.
"എന്താണ് വരവിന്റെ ഉദ്ദേശം " അവൾ ചോദിച്ചു.
"ഒന്നുമില്ല.. ഒരു ന്യൂസ്‌ കണ്ടപ്പോൾ ഇയാളുടെ മുഖം കണ്ടു. അപ്പോൾ തോന്നി ഇയാളെ കാണണമെന്ന്.. കാണുമെന്നു പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല.. ഏതായാലും സന്തോഷമായി."
അവൾ എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.
"നിങ്ങൾ ഇപ്പോൾ അഘോരി സന്യാസിനി അല്ലേ "
"ഉം "
"എനിക്കൊരാഗ്രഹം ഉണ്ട് സാധിച്ചു തരുമോ. തരുമെന്ന് വാക്ക് തരികയാണെങ്കിൽ മാത്രം ആഗ്രഹം പറയാം "
"സാധിച്ചു തരാം.. അതോടൊപ്പം എനിക്കും ഒരാഗ്രഹം ഉണ്ട് ഇയാളുടെ ആഗ്രഹം പൂർത്തിയായാൽ എന്റെ ആഗ്രഹം സാധിച്ചു തരേണ്ടി വരും "
"ഉം " ഞാൻ തലയാട്ടി
"എനിക്ക് ഈ പൗർണ്ണമിയിലെ മദനോത്സവം കാണണം " ഞാൻ ആഗ്രഹം തുറന്നു പറഞ്ഞു
'ഉം "
അവൾ എന്റെ ചെവിയുടെ അടുത്തേക്ക് ചുണ്ട് ചേർത്ത് എന്തൊക്കയോ മന്ത്രം ചൊല്ലി.. അവസാനം അത് നടക്കുന്ന സ്ഥലവും ആരും കാണാതെ ഇരിക്കേണ്ട സ്ഥലവും പറഞ്ഞു തന്നു.
അതിനുശേഷം അവൾ ഇരുളിൽ മറഞ്ഞു
അങ്ങനെ പൗർണമി വന്നെത്തി.. അവൾ പറഞ്ഞ സ്ഥലത്ത് ഞാൻ സ്ഥാനം പിടിച്ചു. എട്ട് മണി കഴിഞ്ഞപ്പോൾ തന്നെ ആനന്ദോൽസവത്തിനുതുടക്കമായി. എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ സേവിക്കാൻ തുടങ്ങി..
മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങി മറ്റുള്ളവരേറ്റുചൊല്ലുവാൻ തുടങ്ങിയകുതോടെ മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ളവായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കുന്ന പോലെ..പെട്ടെന്ന് നഗാരിവാദ്യം ആരംഭിച്ചു. കിന്നരവീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ. കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമായി. ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിച്ചു കൊണ്ടേയിരുന്നു. ഇണയോടുചേർന്നും ഇണയില്ലാതെയും നൃത്തം വയ്ക്കുന്ന നിരവധിയാളുകൾ.
ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരു സംഘം തന്നെയുണ്ട്.
വാദ്യഘോഷങ്ങൾ അതിന്റെ പാരമ്യതയിൽ എത്തിച്ചേർന്നു. ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ.
പന്ത്രണ്ട്മണി കഴിഞ്ഞിരിക്കുന്നു.
ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറി കൂടുതൽ ദീപ്തമായി . ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിയതുപോലെ. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറുഉച്ചത്തിലാവുമ്പോൾ നഗാരിവാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരുന്നുണ്ട്.
ചാമുണ്ഡാദേവിയുടെ വലിയവിഗ്രഹത്തിനു മുന്നിൽ കത്തിജ്ജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുന്നു. വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലാണ്.
അഘോരിസ്ത്രീകൾ ഉന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അരക്കെട്ടു വട്ടത്തിൽ ചലിപ്പിപ്പിക്കാൻ തുടങ്ങി. ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നു..
എന്റെ കണ്ണുകൾ ഒരാളിൽ മാത്രമായിരുന്നു. അവളിൽ! അവൾ തനിച്ചാണ് നൃത്തം ചെയ്യുന്നത്. എല്ലാവരും തളർന്നു കഴിഞ്ഞു നിലത്ത് വീണിട്ടും അവൾ മാത്രം ആനന്ദത്തിന്റെ പാരമ്യതയിലാണ്.
പെട്ടെന്ന് അവൾ അനങ്ങാതെ നിന്നു. എനിക്ക് നേരെ ഒരു നോട്ടമെറിഞ്ഞു; ഇരുളിൽ മറഞ്ഞു.
ഞാൻ അവിടെ നിന്നും എഴുന്നേറ്റു താമസസ്ഥലം ലക്ഷ്യമാക്കി നടന്നു. സത്യത്തിൽ ഞാൻ മറ്റൊരു ലോകത്തിലായിരുന്നു. കണ്ട കാഴ്ചകൾ എന്നെ അങ്ങനെയാക്കി. അതാണ് സത്യം.
പെട്ടെന്ന് ഇരുളിൽ നിന്നും ആരോ എൻ്റെ മുന്നിലേക്ക് വന്നു. അവൾ, അഘോരി.
അവൾ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. എൻ്റെ മനസ്സിൽ സംശയങ്ങൾ പലതായി.
ഇവളെന്താണ് എന്നിൽ നിന്നും ആഗ്രഹിക്കുന്നത്.?
ഇനി അതാവുമോ?
"എന്റെ ആഗ്രഹം നിങ്ങൾ നിറവേറ്റിത്തന്നു. ഇനി പറയു... എന്താണ് വേണ്ടത്?.", ഒരു ജേതാവിനെപ്പോലെ ഞാൻ ചോദിച്ചു.
"വരൂ, പറയാം "
അവൾ, എനിക്ക് മുന്നിൽ നടന്നു..
ഞങ്ങൾ ചെന്നത് ഒരു വലിയ ഗുഹയിലേക്കാണ്. അവിടെ.ഒരു വലിയ ചാമുണ്ഡാദേവിയുടെ വിഗ്രഹം നില്പുണ്ട് . അവൾ കൈകൂപ്പി തൊഴുതു.
"എന്താണ് ആഗ്രഹം...പറയു."ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"പ്രാർത്ഥിക്കു "അവൾ പറഞ്ഞു.
ഞാൻ കൈകൂപ്പി
"നരബലി, ദേവിക്ക് ഇഷ്ടമാണ്. അതിനാൽ നിങ്ങൾ ഇന്ന് ഇപ്പോൾ ഇവിടെ...."
ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി.
ചിന്തിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. അപ്പോഴേക്കും അവളുടെ കയ്യിലെ ഖഡ്ഗം വായുവിലൂടെ എന്റെ നേരെ നേർക്കടുക്കുന്നതു മാത്രം കണ്ടു .
അവസാനിച്ചു.
----------------
സഞ്ജു കാലിക്കറ്റ്, നല്ലെഴുത്ത് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot