സുഖസായാഹ്നങ്ങളലെ സുന്ദരമായ ചാറ്റിംഗിനിടയിൽ സുരേഷിന്റെ മലയാള എഴുത്തിന് മംഗ്ലീഷിലുള്ള എന്റെ മറുപടികൾ. അവന്റെ മണി മണിയായ മലയാളം വാചകങ്ങൾക്ക്, കൊള്ളാം എന്ന് മനസ്സിൽ ആഗ്രഹിച്ച് എഴുതുമ്പോൾ അവനു കിട്ടുന്നത് കൊല്ലാം എന്ന മറുപടി.
മലയാള ഭാഷയെ ആണോ അതോ എന്നെ ആണോ നീ കൊല്ലാം എന്നു പറയുന്നത്?
നിന്നോട് എത്ര പ്രാവശ്യം ആയി പറയുന്നു മലയാളത്തിൽ എഴുതാൻ, അവനു ദേഷ്യം വന്നു തുടങ്ങി.
നിന്നോട് എത്ര പ്രാവശ്യം ആയി പറയുന്നു മലയാളത്തിൽ എഴുതാൻ, അവനു ദേഷ്യം വന്നു തുടങ്ങി.
മംഗ്ലീഷിൽ എഴുതുമ്പോൾ വിരൽ എടുക്കാതെ സ്വൈപ്പ് ചെയ്തെഴുതാം. മലയാളം കീബോർഡിൽ സ്വൈപ്പ് നടക്കില്ല. ഓരോ അക്ഷരവും കുത്തി കുത്തി ഒരു വരി എഴുതുമ്പോഴേക്കും നീ അഞ്ചാറു വരി ഇങ്ങോട്ട് അയച്ചു കഴിഞ്ഞിരിക്കും.
എടാ മൊബൈൽ സ്ക്രീനിൽ വിരലുകൊണ്ട് ഞാൻ എഴുതുന്ന പോലെ എഴുതെടാ, വളരെ ഈസിയല്ലെ.
എന്റെ ഫോൺ അത്ര അത്യന്താധുനികം ഒന്നുമല്ല പോരാത്തതിന് ഫോർ ജി പോലുമല്ല.
എടാ അതിന് ഫോർ ജിയും പുതിയ ടൈപ്പ് മൊബൈൽ ഒന്നും വേണ്ട. നീ പ്ലേ സ്റ്റോറിൽ ചെന്ന് ഞാനീ സ്ക്രീൻ ഷോട്ട് ആയി അയയ്ക്കുന്ന രണ്ട് ആപ്പ് ഡൗൺലോഡ് ചെയ്യ് .ഗൂഗിൾ ജീ ബോർഡും ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ടും എന്നിട്ട് സെറ്റിംഗ്സിൽ ചെന്ന് കീബോർഡ് ചേഞ്ച് ചെയ്ത് സെക്കന്റ് ഓപ്ഷൻ ആയി മലയാളവും കൊടുക്ക് അതിനെല്ലാം കൂടെ ആകെ അഞ്ചു മിനിട്ട് മതിയെടാ, നിനക്കിതൊന്നും അറിയില്ലായിരുന്നോ?
ശരിയാണ് എനിക്കറിയില്ലായിരുന്നു. അറിവില്ലായമ ഒരു പാപം അല്ല. പക്ഷെ ശ്രമിക്കാതെ ഇരിക്കുന്നത് പാപം തന്നെയാണ്.
അവൻ പറഞ്ഞ പോലെ അഞ്ചു മിനിട്ട് കൊണ്ട് എല്ലാം ശരിയായി. മൊബൈൽ സ്ക്രീനിൽ വിരലുകൊണ്ട് മംഗ്ലീഷ് അല്ലാതെ മലയാളം എഴുതിയപ്പോൾ മനസ്സിൽ എന്തൊരു കുളിർമ്മ. കടൽക്കരയിൽ കടലമ്മ കള്ളി എന്നെഴുതിയിട്ട് തിര വന്നു മാച്ചുകളയുന്നതും കാത്തു നിൽക്കുന്ന ഒരു കുട്ടി ആയി എത്ര പെട്ടെന്ന് ആണ് മനസ്സ് മാറിയത്.
പ്രവാസ ജീവിതത്തിനും മുമ്പുള്ള വിജയദശമി നാളിൽ അമ്പലമുറ്റത്തെ മണലിൽ വിരലുകൊണ്ട് ഹരിശ്രീ ഗണപതയെ നമ: എന്നെഴുതിയതിനു ശേഷം ആദ്യമായാണ് ഇങ്ങിനെ ഒരെഴുത്ത്.
സന്താഷത്തോടെ ആദ്യ വരി സുരേഷിനു തന്നെ ഹരിശ്രീ കുറിച്ചു.
ഒത്തിരി സന്തോഷം
നന്ദി
ഇഷ്ടം.
നന്ദി
ഇഷ്ടം.
കാത്തു നിന്ന പോലെ അവന്റെ മറുപടി.
എടാ നമ്മൾ തമ്മിൽ നന്ദി ഒക്കെ പറയേണ്ട ആവശ്യം ഉണ്ടോ.
നല്ല കാര്യങ്ങൾക്ക് നന്ദി പറഞ്ഞാൽ നന്മയേ വരൂ.
മോനേ ദിനേശാ എങ്കിൽ ആശാന് ദക്ഷിണയും കൂടെ പോരട്ടെ.
ആശാനെ കുറിച്ച് പറഞ്ഞപ്പോൾ കൃഷ്ണനാശാൻ എന്ന വല്യാശാനെ ഓർത്തു പോയി. ആശാന്റെ ശുഷ്കിച്ച വിരലുകളുടെ സ്നേഹ സ്പർശനങ്ങൾ മൂർദ്ധാവിൽ ഒരു തണുത്ത മഞ്ഞുതുള്ളിയായ് പതിച്ച തോന്നൽ.ആ ഓർമ്മകളുടെ അകമ്പടിയായ് രാധു ചേച്ചി, രമ ചേച്ചി, ഓമനക്കുട്ടൻ ചേട്ടൻ എല്ലാവരും തെളിഞ്ഞു തെളിഞ്ഞു വരുന്നു. സന്തോഷ് ബ്രഹ്മി കഴിക്കുന്നുണ്ടോ നിന്റെ ഓർമ്മകളുടെ നക്ഷത്ര തിളക്കത്തിന് എന്ന് രാച്ചി ഇന്നലേം കൂടെ ചോദിച്ചത് ഓർത്തു ചിരിച്ചു.
ശരിയാണ് ഇതിപ്പോൾ എഴുതിയില്ലെങ്കിൽ പിന്നെ എപ്പോൾ എഴുതാനാണ്. ഉരുകി തീരുന്ന മെഴുതിരി ജീവിതം.
ഇംഗ്ലീഷിലെ എൽ ഷേപ്പിൽ ഉള്ള ഓലമേഞ്ഞ ആശാൻ കളരി. പഞ്ചാര മണലിൽ കുട്ടികൾക്ക് ഇരിയ്ക്കാനുള്ള നീളമുള്ള ആഞ്ഞിലി പ്പലകകൾ രണ്ടു സൈഡിലും നിരത്തി ഇട്ടിരിക്കുന്നു. വയസ്സായ ആശാന് ഇരിക്കാനുള്ള ഒരു ചാരുകസേര. ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന വേറെയൊന്നും അവിടെ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല.
പളപളാ മിന്നുന്ന യൂണിഫോം, ഷൂ, ടൈ, വർണ്ണകുടകൾ, പല വിധ ഭക്ഷണം നിറച്ച പല കാർട്ടൂൺ കഥാപാത്രങ്ങൾ നിറഞ്ഞ ലഞ്ചു ബോക്സ്, കനം തൂങ്ങുന്ന പുസ്തകസഞ്ചികളോ ഒന്നുമില്ലായിരുന്നു ഞങ്ങളുടെ കൈയ്യിൽ ഒരേ ഒരു ഓല മാത്രം .
ഉണങ്ങിയ പനയോലകളിൽ ആശാൻ നാരായം കൊണ്ട് കോറി ഇടുന്ന അക്ഷരങ്ങളെ പച്ചിലമഷി തുണിയിൽ മുക്കി തുടച്ചെടുക്കുമ്പോൾ തെളിഞ്ഞു തെളിഞ്ഞു വരുന്ന ഹരിശ്രീ ഗണപതയെ, അ,ആ,ഇ,ഈ പിന്നീടങ്ങോട്ട് ക,കാ,കി,കീ ഒടുവിൽ ഒടുവിൽ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും പഠിച്ച് പഠിച്ച് വായനപഠിത്ത മെന്ന പരീക്ഷ.
മനസ്സിൽ സന്തോഷങ്ങൾ മാത്രം നിറച്ച കളരി ഓർമ്മകൾ. മണ്ണിൽ കളിച്ച് മണ്ണിനെ സ്നേഹിച്ച് മദിച്ചു നടന്ന ബാല്യം.
രാധുച്ചേച്ചി അന്ന് കൈ പിടിച്ച്, വിരലുകൾ കൊണ്ട് മണ്ണിൽ എഴുതി പഠിപ്പിച്ച അക്ഷരങ്ങൾ ഇന്ന് മൊബൈൽ സ്ക്രീനിലേക്ക് വിരലുകൾ കൊണ്ട് എഴുതുമ്പോൾ കാലം മുന്നോട്ടും പിന്നോട്ടും ഓടി കൊണ്ടേയിരിക്കുന്നു.
ചില ദിവസങ്ങളിൽ ആശാൻ നേരിട്ട് വന്ന് എഴുതിയ്ക്കുമ്പോൾ ആശാനോടുള്ള പേടിയിൽ അക്ഷരങ്ങൾ തെറ്റുമ്പോൾ വിരലിൽ ഒരമർത്തൽ അല്ലെങ്കിൽ ഒരു ചെറിയ പിച്ച് അതെല്ലാം ആയിരുന്നു ശിക്ഷാവിധികൾ. ണ്ട യും ഞ്ഞ യും ക്ഷ യും എല്ലാം എഴുതുമ്പോൾ ആശാനെ ഇന്നും ഓർക്കും. അക്ഷരം പകർന്നു തന്ന ആശാനോട് അകലെ ഇരുന്ന് ഓർമ്മകളിലൂടെ ഉള്ള ഒരു അശ്രു പ്രണാമം.
വിജയദശമി കാലം ഞങ്ങളുടെ ഉത്തവകാലമായിരുന്നു. ഒന്നും പഠിക്കണ്ട എപ്പോഴും കളി. കളരിയിൽ രാവിലേയും വൈകിട്ടും പൂജ, പൂജയ്ക്ക് ശേഷം അവിലും മലരും ശർക്കരയും തേങ്ങയും പഴവും കൽക്കണ്ടവും ഉണക്കമുന്തിരിയും ചേർത്ത പ്രസാദം കഴിക്കാം. ആ ദിനങ്ങൾ, ചന്ദനവും കളഭവും ചന്ദനത്തിരിയും കർപ്പൂരവും എല്ലാം കൂടി ചേർന്ന സൗരഭം ഇപ്പാഴും ചുറ്റും തങ്ങി നിൽക്കുന്നു.
ഉച്ചഭക്ഷണവും കഴിഞ്ഞുള്ള ക്ലാസ്സുകളിൽ ഞങ്ങളിൽ ചിലർ ഇരുന്ന് ഉറക്കം തൂങ്ങുമ്പോൾ അന്നുറങ്ങാത്ത വിരുതന്മാർ ആശാനോട് ചെന്ന്പറയും.
ആശാനേ ദേ അവന്മാർ അവിടെ ഇരുന്ന് കൊപ്രാ തൂക്കണ് , എഴുതണില്ല.
അതു കേൾക്കുമ്പോൾ ആശാൻ പയ്യെപ്പയ്യെ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റ് കളരിയുടെ മൂലയിൽ ഇരിക്കുന്ന ചളുങ്ങിയ പുട്ടുകുടത്തിൽ കുടിയ്ക്കാൻ വച്ചിരിക്കുന്ന വെള്ളം എടുത്തു കൊണ്ടുവന്ന് ഉറങ്ങുന്ന കുട്ടികളുടെ മുഖത്ത് തളിക്കുമ്പോൾ ചിലർ ഞെട്ടി എഴുന്നേറ്റ് പൊട്ടി ചിരിക്കും, ചിലർ കരയും മറ്റു ചിലർ ദേഷ്യത്തോടെ ആശാനെ നോക്കുന്നത് എല്ലാം കൺമുന്നിൽ ഇന്നലത്തെ പോലെ തെളിയുന്നു.
എടാ നീ ദക്ഷിണയുടെ കാര്യം ഒന്നും പറഞ്ഞില്ല, സുരേഷിന്റെ മെസേജ് ട്യൂൺ ഓർമയിൽ നിന്നുണർത്തി.
പച്ചമലയാളത്തിൽ പത്തെണ്ണം എഴുതട്ടെ
കട്ടി ഉള്ളതു വല്ലതുമാണോ നീ ഉദ്ദേശിച്ചത്? മോനേ ദിനേശാ
അല്ലെടാ അക്ഷരം അഗ്നി ആണെങ്കിലും
അതിനേക്കാൾ നല്ലത്
ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ചന്ദനസുഗന്ധ സമീരണനായ് പറന്നിറങ്ങുന്നവ ആകട്ടെ നമ്മുടെ വാക്കുകൾ. മനസ്സുകളിൽ മുറിവേൽപ്പിക്കുന്നവ ആകാതിരിക്കട്ടെ മറിച്ച് മനസ്സിനേറ്റ മുറിവുകളിൻ മേലുള്ള
സ്നേഹ ലേപനമാകട്ടെ നന്മയുടെ വാക്കുകൾ. മഴവിൽ നിറവാർന്ന സൗഹൃദം കാലാതീതമാകട്ടെ.
അതിനേക്കാൾ നല്ലത്
ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ചന്ദനസുഗന്ധ സമീരണനായ് പറന്നിറങ്ങുന്നവ ആകട്ടെ നമ്മുടെ വാക്കുകൾ. മനസ്സുകളിൽ മുറിവേൽപ്പിക്കുന്നവ ആകാതിരിക്കട്ടെ മറിച്ച് മനസ്സിനേറ്റ മുറിവുകളിൻ മേലുള്ള
സ്നേഹ ലേപനമാകട്ടെ നന്മയുടെ വാക്കുകൾ. മഴവിൽ നിറവാർന്ന സൗഹൃദം കാലാതീതമാകട്ടെ.
BY: PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക