നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യ.

Image may contain: 1 person
രചന: ജിഷസുരേഷ്. ❦
ഞാൻ കണ്ണാടിയിൽ നോക്കി.......
മുഖമൊക്കെ ആകെ ഡ്രൈയായിരിക്കുന്നു. അവിടവിടെയായി നര വീണ മുടിയിഴകൾ തലപൊക്കി നിൽക്കുന്നുമുണ്ട്.
മനോഹരമായി വെട്ടി ഷെയ്പ്പാക്കി നെയിൽപോളിഷിട്ട് സുന്ദരമാക്കിയിരുന്ന കൈവിരലുകൾ ഇപ്പോൾ പരുക്കനിട്ട സിമന്റ് തറ പോലെയായിരിക്കുന്നു. വയസ്സ് മുപ്പത്തെട്ടായപ്പോഴേക്കും താനെങ്ങനെ ഇത്രമാറിപ്പോയി. ശരീരത്തെ ഇത്ര കെയർലസ്സായി കരുതാൻ മാത്രം തനിക്കെന്തു പറ്റി.
ഏറെക്കാലമായി അക്കാര്യങ്ങളിലൊന്നും ഞാൻ ശ്രദ്ധ പതിപ്പിക്കാറില്ലായിരുന്നു.
ഭർത്താവ്, കുട്ടികൾ, കുടുംബം, ജോലി........ ഇതിൽ നട്ടം തിരിയുകയായിരുന്നു.
പഠനം കഴിഞ്ഞയുടൻ ജോലിയായി. പിന്നെ കല്യാണം. അതും താനൊട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ചുറ്റുപാടിലേക്ക്.
അവിടെ ഭർത്താവിന്റെ വീട്ടിൽ നിറയെ ആളുകളായിരുന്നു. ഒരു വലിയ കൂട്ടുകുടുംബം പോലെ. എന്നാൽ അത്ര വലിയ ഒത്തൊരുമയൊന്നും അവിടെ യുണ്ടായിരുന്നുമില്ല താനും.
ഭർത്താവ് ബാങ്ക്മാനേജർ, യാതൊരു റൊമാൻസും കാണിക്കാതെ എപ്പോഴും തലക്കനത്തോടെ മാത്രം പെറുമാറിയിരുന്നവൻ.
തനിക്കും ജോലിയുണ്ടല്ലോ... വില്ലേജിൽ തരക്കേടില്ലാത്തൊരു തസ്തികയാണ് തന്റേതും. എപ്പോഴും ടെൻഷനുണ്ടാക്കുന്ന ജോലിയാണ്. എന്നിട്ടും താനതും വീടുമായൊരിക്കലും കൂട്ടിക്കലർത്താറില്ല.
ജോലി കഴിഞ്ഞെത്തിയാലും ആളെപ്പോഴും ഫോണിലോ, ലാപ്പ്ടോപ്പിലോ നോക്കിക്കൊണ്ടിങ്ങനെയിരിക്കും. ഇടക്ക് വല്ലപ്പോഴും കാണിച്ചിരുന്ന സൗഹൃദങ്ങളിലൂടെ വരുണും, പാർത്ഥനും തന്റെ ജീവിതത്തിലേക്കു കടന്നു വന്നതോടെ തന്റെ ജീവിതം പിന്നെയവരെ ചുറ്റിപ്പറ്റിയായി.
അമ്മയായാലങ്ങനെയാണല്ലോ.ഭാഗ്യവശാൽ അദ്ദേഹത്തിനും കുട്ടികളോട് വളരെ സ്നേഹമായിരുന്നു.
അവരെ ഏറെ നേരം കൊഞ്ചിക്കുവാനും, ശ്രദ്ധിക്കുവാനും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.
കുട്ടികൾ അവരുടെ ശൈശവാവസ്ഥ മറി കടന്ന് കൗമാരത്തിലെത്തിയപ്പോഴാണ് തന്റെ ജീവിതവും നിറമറ്റപോലായത്. അവരവരുടെ ലോകത്തേക്ക് ഒതുങ്ങിക്കൂടി.
അദ്ദേഹവും ജോലിയുടെ ഉത്തരവാദിത്വങ്ങളുടെ പട്ടിക നിരത്തി ഒഴിഞ്ഞുമാറി.
ജീവിതം തീർത്തും ശൂന്യമായതുപോലെ.
ഇതിനിടെ വീടൊന്നു തട്ടിക്കൂട്ടി തറവാട്ടിൽ നിന്നും മാറിയിരുന്നു.
എല്ലാം ചെയ്തിട്ടും ഒന്നും ചെയ്യാത്ത പോലെ.
കിടപ്പുപോലും എന്നോ വേറിട്ടാക്കിയിരുന്നു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാവുകളിൽ കണ്ണീർ വീണ് കിടക്കയൊത്തിരി നനഞ്ഞിരുന്നു.
അന്നേരം അച്ഛനേയും, അമ്മയേയും ഓർത്തങ്ങനെ കിടക്കും.
എത്ര ശ്രദ്ധയോടെയാണ് തന്റെയച്ഛനുമമ്മയും പരസ്പരം മനസ്സിലാക്കി ജീവിച്ചിരുന്നത്.
അവരുടെ അരുമയായി വാനമ്പാടിയെപ്പോലെ ജീവിച്ചിരുന്ന താനിപ്പോൾ വെറുമൊരു ഭിക്ഷുകിയെപ്പോലെ ഒരിറ്റു സ്നേഹത്തിനു കൊതിച്ചു നടക്കുന്നു.
എവിടെയാണ് പിഴച്ചത്. തനിക്കു വേണ്ടുവോളം സൗന്ദര്യമുണ്ടായിരുന്നല്ലോ...
മനോഹരമായ മുഖവും ശരീരവുമായിരുന്നു തനിക്ക്......
മനസ്സിനും വേണ്ടത്ര ഓജസ്സുമുണ്ടായിരുന്നു.....
അത്യാവശ്യം നന്നായി കുടുംബവും ജോലിയും കൊണ്ടുപൊയ്ക്കൊണ്ടിരുന്ന വീട്ടമ്മയായിരുന്നല്ലോ താനും.
തറവാട്ടിൽ നിന്നിരുന്ന കാലത്തോളം ആ വീടിനു വേണ്ടി അഹോരാത്രം പണിയെടുത്തിട്ടുമുണ്ട്.... അവരെ പരിചരിച്ചിട്ടുമുണ്ട്.
എന്നിട്ടും...
ഇന്നുതന്നെ ഭർത്താവിന്റെ ഗെറ്റുഗതർ പാർട്ടിക്ക് സംഭവിച്ചതെന്തായിരുന്നു.
എവിടേക്കും കൊണ്ടുപോകുക പതിവില്ല. ഇന്നുപക്ഷേ അതിനു ക്ഷണിച്ചപ്പോൾ അടക്കാനാവാത്ത സന്തോഷമായിരുന്നു.
മക്കളില്ലെന്നു പറഞ്ഞൊഴിഞ്ഞു. അവർക്കിതിലൊന്നും താൽപര്യമില്ല.
അദ്ദേഹത്തിന്റെ ക്ലാസ്മേറ്റ്സ്, അവരുടെ ഭാര്യമാർ.... എല്ലാവരുമുണ്ട്.
എല്ലാവരുമെന്ത് ഫ്രണ്ട്ലിയായിട്ടായിരുന്നു. വളരെക്കാലത്തിനുശേഷം മനസ്സു നിറയുകയായിരുന്നു.
തന്റെയരികിൽ നിൽക്കുകപോലും ചെയ്യാതെ അദ്ദേഹം ആ ഗാങ്ങിനൊപ്പം കുടിച്ചു, കളിച്ചു തിമർക്കുന്നത് കണ്ടപ്പോൾ ഉള്ളിലല്പം വിഷമമൊക്കെ വരുന്നുണ്ടായിരുന്നു. അതിനിടെ അദ്ദേഹം അടുത്തു നിൽക്കുന്ന തന്റെ സഹപാഠിയായിരുന്നൊരു സ്ത്രീയോട് തന്നെപ്പറ്റി പറഞ്ഞതു കേട്ടപ്പോൾ നെഞ്ചിലൊരു വല്ലാത്ത സങ്കടം മൊട്ടിട്ടു.
ഓ അവള് കൂട്ടത്തിലൊന്നും കൂടില്ലെന്നേ.. തനി കണ്ട്രിയാ..... കണ്ടില്ലേ കെഴവിയെപ്പോലെ ഡ്രസ്സ് ചെയ്ത് നിൽക്കുന്നത്.
താനാകെ വല്ലാതായി നിൽക്കയാണ്. ശരിയാണ് താനൊരു കേരളാ സാരിയാണുടുത്തിരുന്നത്. അതിന് യാതൊരു കുഴപ്പവുമില്ലായിരുന്നു താനും. അത്യാവശ്യം മേയ്ക്കപ്പിൽ തന്നെയായിരുന്നു താനും വന്നിരുന്നത്...
മടക്കത്തിൽ മനസ്സ് മ്ലാനമായിരുന്നു..
തിരികെ വീട്ടിലെത്തി കണ്ണാടിയിൽ നോക്കി നിൽക്കെ കണ്ണുകൾ വീണ്ടും വീണ്ടും തോരാൻ തുടങ്ങി.....
ജീവിതം ജീവിച്ചു തീർക്കുന്നതിനിടെ പല വീട്ടമ്മമാരും സ്വന്തം ശരീരംപോലും ശ്രദ്ധിക്കാൻ ശ്രമിക്കാറില്ല.
ഭർത്താവ്, കുടുംബം, കുട്ടികൾ എന്നീ അച്ചുതണ്ടിൽക്കിടന്ന് നട്ടം തിരിയുകയാവും
പലരും.
അവസാനം പലരും കരിവേപ്പിലപോലെ വലിച്ചറിയപ്പെടാം.
സൗന്ദര്യബോധമില്ലാത്തവൾ, ഒന്നിനും കൊള്ളാത്തവൾ എന്നിങ്ങനെ ഓമനപ്പേരുകളാവവൾ സമ്പുഷ്ടയുമായിരിക്കാം ..
ഒന്നേ പറയാനുള്ളൂ... എല്ലാവരേയും സംരക്ഷിക്കുന്ന, സ്നേഹിക്കുന്ന കൂട്ടത്തിൽ സ്വയം സംരക്ഷിക്കാനും സ്നേഹിക്കാനും കൂടി പഠിക്കേണ്ടതുണ്ട് നാം... വെറുമൊരു കറിവേപ്പിലയാവാതിരിക്കാൻ വേണ്ടിയെങ്കിലും.....
ജിഷസുരേഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot