നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 39


അധ്യായം - 39
വലിയേടത്ത് നിന്ന് രുദ്രയും കൂട്ടരും ക്ഷേത്രപടവുകള്‍ കയറി വരുന്നത് കല്‍വിളക്കിന് മുന്നില്‍ നിന്ന വേദവ്യാസ് കണ്ടു.
വധുവിന്റെ കൈപിടിച്ച് മുന്നില്‍ നിന്നും ആനയിക്കുന്നത് പവിത്രയാണ്.
വേദവ്യാസ് അത്ഭുതപ്പെട്ടു പോയി.
ഒരിക്കലും മാംഗല്യം അറ്റുപോയ ഒരു യുവതിക്ക് അതിന് അര്‍ഹതയില്ല.
കഴുത്തില്‍ താലിയുള്ള നിറമാംഗല്യത്തിന്റെ ഐശ്വര്യമുള്ള ഒരുവള്‍ക്കേ അതിനുള്ള അനുവാദം കിട്ടു.
പടവുകള്‍ കയറി അവര്‍ മുകളിലെത്തിയപ്പോഴാണ് പവിത്രയുടെ കഴുത്തിലെ മഞ്ഞചരടില്‍ കോര്‍ത്ത വലിയ താലിയില്‍ വേദവ്യാസിന്റെ കണ്ണുപതിഞ്ഞത്.
വിശ്വാസം വരാതെ അയാള്‍ ഒന്നുകൂടി നോക്കി
അവളുടെ സീമന്തരേഖയില്‍ സിന്ദൂരം.
രുദ്ര അവനെ നോക്കി ലജ്ജയോടെ മന്ദഹസിച്ചു
തന്റെ വധുവിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള മാനസികാവസ്ഥയല്ലായിരുന്നു വേദവ്യാസിന്
കണ്ണുകള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ദേവദത്തനെ തിരഞ്ഞു
ദുര്‍ഗയുടെ ഒപ്പമായിരുന്നു ദേവദത്തന്‍
അയാളുടെ ഒരു കൈയ്യില്‍ തൂങ്ങി ജാസ്മിനുമുണ്ട്.
ദേവദത്തന്‍ അടുത്തുവന്നു.
' ദേവാ..'
അപ്പോഴേക്കും കിഴക്കേടത്ത് അവിടേക്ക് വന്നു.
' ശുഭസ്യ ശീഘ്രം എന്നാണ്.. പക്ഷെ ജാതകവശാല്‍ ഒരുപാട് വിഘ്‌നങ്ങളുണ്ടായി. ഒടുവില്‍ ശിവപാര്‍വതിമാര്‍ ഒന്നിച്ചു അല്ലേ'
' വൈകിപ്പോയതെല്ലാം എന്റെയും കൂടി തെറ്റു കൊണ്ടായിരുന്നു .. അതു തിരുത്തി'
വേദവ്യാസ് കൗതുകത്തോടെ കേട്ടു നിന്നു.
ദേവദത്തന്‍ തിരിഞ്ഞ് പവിത്രയെ നോക്കി.
വധുവിന്റെ ആളുകള്‍ക്കൊപ്പം ഒരുവശത്തേക്ക് മാറി നില്‍ക്കുകയായിരുന്നു അവള്‍.
' ഇവിടെ വരൂ പവി'
ദേവദത്തന്‍ വിളിച്ചു
സങ്കോചത്തോടെ പവിത്ര അടുത്തു വന്നു
' നമസ്‌കരിക്കു.. അനുഗ്രഹം വാങ്ങു പവിത്ര'
ദേവദത്തനും പവിത്രയും ഒന്നിച്ചാണ് അയാളുടെ കാല്‍ക്കല്‍ തൊട്ടു വന്ദിച്ചത്.
' നന്നായി വരും.. നല്ല ദാമ്പത്യമാണ് കാണുന്നത്.. ദേവീകൃപ.. '
വാത്സല്യത്തോടെ കിഴക്കേടത്ത് അവരുടെ ശിരസില്‍ കൈവെച്ചു.
' മൂന്ന് കുട്ടികള്‍ക്ക് യോഗംണ്ട്. ആദ്യത്തേത് പുത്രന്‍. അച്ഛനേപോലെയും വലിയേടത്തിനെ പോലെയും വാഗ്മിയായിരിക്കും അവന്‍.
രണ്ടാമത് ഇരട്ടകുട്ട്യോള്‍.. അതും ലക്ഷ്മീദേവി പോലെ രണ്ടു പെണ്‍കുട്ടികള്‍'
പവിത്ര അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി
' സംശയം വേണ്ട... ശിരോ ചൈതന്യം പറയുന്നത് അങ്ങനെയാണ് '
പവിത്രയുടെ മിഴികള്‍ നാണത്താല്‍ കൂമ്പിപ്പോയി.
ദേവദത്തന്റെ മുഖത്തൊരു മന്ദഹാസം വിടര്‍ന്നു.
' ദത്തേട്ടാ'
വേദവ്യാസ് അയാളുടെ കൈപിടിച്ചു.
' ഒരു പ്രവചനം ഞാന്‍ നടത്തിയത് സത്യമാണ്. പക്ഷേ വധു പവിത്ര തന്നെയായിരിക്കുമെന്ന് എനിക്കുറപ്പില്ലായിരുന്നു'
' പാവം ജാസിനെ എല്ലാവരും തെറ്റിദ്ധരിച്ചു അല്ലേ.. പവിത്രയ്ക്ക് സ്വന്തം മനസിലേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ ഒരു അവസരം.. അതാണ് ജാസ് മന.പൂര്‍വം സൃഷ്ടിച്ചത്. പവിയ്ക്ക് മാത്രമല്ല.. എനിക്കും'
ദേവദത്തന്‍ ചിരിയോടെ പവിത്രയേയും വേദവ്യാസിനെയും നോക്കി
' എന്റെ തങ്കത്തിന്റെ കൂട്ടുകാരികള്‍ എനിക്കു തങ്കത്തേപോലെ തന്നെയാണ്. അതിതുവരെ മനസിലായില്ലേ നിങ്ങള്‍ക്ക്'
' എല്ലാം മുമ്പേ മുമ്പേ മനസിലാക്കിയാല്‍ പിന്നെ ദൈവമെന്തിന്.. ഞാനും ഒരു നിസാരന്‍.. ചില്ലറ പൊടിക്കൈകള്‍ അറിയാമെന്നു മാത്രം'
വേദവ്യാസ് തോല്‍വി സമ്മതിച്ചു.
കിഴക്കേടത്തിനോട് സംസാരിച്ചു കൊണ്ട് വലിയേടത്തും അവിടേക്ക് വന്നു.
വേദവ്യാസ് അദ്ദേഹത്തെ നമസ്‌കരിച്ചു.
' ഒരു കാലത്തെ ശത്രു കുടുംബങ്ങളായിരുന്നു നമ്മള്‍'
കിഴക്കേടത്ത് നിറഞ്ഞ മനസോടെ പറഞ്ഞു.
' നമ്മുടെ കുട്ടികളായി അതെല്ലാം ഇല്ലാതാക്കി'
' അങ്ങനെ പറയരുത് കിഴക്കേടം.. നേര്‍വിരുദ്ധാഗമന പൂജയ്ക്ക് അങ്ങ് വേദവ്യാസിനെ അയക്കാന്‍ കാണിച്ച മനസ്.. അതാണീ നന്മകള്‍ക്കെല്ലാം കാരണം.' വലിയേടത്തിന്റെ വാക്കുകളിലെ ആത്മാര്‍ഥത കിഴക്കേടത്തിനെ സ്വാധീനിച്ചു.
' മുഹൂര്‍ത്തമാകാറായി.. ചടങ്ങുകള്‍ തുടങ്ങാം'
കാര്‍മികന്‍ അറിയിച്ചു
വധുവും വരനും പരദേവകളെയും ദേവിയെയും വണങ്ങി. പ്രാര്‍ഥിച്ചു.
ചടങ്ങുകൾ ഓരോന്നും പരികര്‍മ്മിയുടെ നിര്‍ദ്ദേശം പോലെ വേദവ്യാസും രുദ്രയും അനുസരിച്ചു
മെറൂണ്‍ നിറമുള്ള പട്ടില്‍ ഒരു ദേവീ ശില്‍പം പോലെയുണ്ട് രുദ്രയെന്ന് വേദവ്യാസിന് തോന്നി.
നിറഞ്ഞ മനസോടെ വേദവ്യാസ് രുദ്രയുടെ കഴുത്തില്‍ താലികെട്ടി.
തുളസിമാല്യമണിയിച്ചു.
കൊട്ടും കുരവയുമുയര്‍ന്നു
ആ നിമിഷം പടവുകള്‍ക്കു താഴെ റോഡരികില്‍ നിന്ന കാട്ടുവൃക്ഷം വലിയൊരു ശബ്ദത്തോടെ കടപുഴകി വീണു.
വേദവ്യാസിന്റെ കാറിന് മീതേക്ക്.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ചിലര്‍ നിലവിളിച്ചു
' അവിടേക്ക് ശ്രദ്ധക്കേണ്ടതില്ല'
കിഴക്കേടത്ത് മണ്ഡപത്തിനടുത്തു നിന്ന് വിളിച്ചു പറഞ്ഞു.
' ഒരു കാര്‍ വരുത്താനാണോ കിഴക്കേടത്തിന് പ്രയാസം.. ചടങ്ങ് നടക്കട്ടെ'
വേദവ്യാസിന്റെ കൈ പിടിച്ച് രുദ്ര അഗ്നിപ്രദക്ഷിണം വെക്കുന്നത് നോക്കി ദുര്‍ഗ നിന്നു
അവളുടെ മുഖത്ത് വിയര്‍പ്പുചാലുകള്‍ ഒഴുകി.
അള്‍ക്കൂട്ടത്തിലൂടെ നൂണ്ടിറങ്ങി അവള്‍ ക്ഷേത്ര പടവുകളിറങ്ങി ഓടി.
മരം വീണു തകര്‍ന്ന കാറിന് ചുറ്റും ചിലരൊക്കെ കൂടി നില്‍പ്പുണ്ടായിരുന്നു.
' ഒന്നു മാറൂ പ്ലീസ്..'
ദുര്‍ഗ അവര്‍ക്കിടയിലൂടെ കാറിനടുത്തേക്ക് ചെന്നു.
' എനിക്കിതില്‍ നിന്നൊരു കൂട്ടം എടുക്കാനുണ്ട്.'
അമ്പരന്നു നോക്കിയ ബന്ധുക്കളോടായി ദുര്‍ഗ പറഞ്ഞു
പിന്നെ ധ്വനി നല്‍കിയ നിര്‍ദ്ദേശ പ്രകാരം ഏറെ കുറെ തകര്‍ന്ന കാറിന്റെ ഫ്രണ്ട് ഡോറിലൂടെ അകത്തേക്ക് കൈയ്യിട്ടു.
ഡാഷ് ബോര്‍ഡിന് മീതെ ഒരു പോറല്‍ പോലും പറ്റാതെ ആ മാന്ത്രിക ഗ്രന്ഥം ഇരിക്കുന്നത് അവള്‍ കണ്ടു.
ഉള്‍ത്തുടിപ്പോടെ ദുര്‍ഗ അതെടുത്തു.
കൈ പുറത്തേക്കെടുത്തതും കൈയ്യിലൊരു വഴുവഴുപ്പറിഞ്ഞു.
ചുറ്റും നിന്നവര്‍ നിലവിളിച്ചു.
പുസ്തകം പിടിച്ചിരുന്ന വലംകൈയ്യിലേക്ക് നോക്കിയ ദുര്‍ഗ ഞെട്ടിപ്പോയി.
കൈയ്യിലിരിക്കുന്നത് ഒരു മൂര്‍ഖന്‍ പാമ്പാണ്.
അത് ഫണം വിരിച്ചു.
ദുര്‍ഗ പരിഭ്രമിച്ചു പോയി.
പക്ഷെ മനസാന്നിധ്യം വിടാതെ അവള്‍ കണ്ണുകളടച്ചു.
' ഓം വിനയാ തനയേ വിശ്വ നാഗേശ്വരി ക്ലിം
നാഗയക്ഷി യക്ഷിണി സ്വാഹ നമ; '
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
കൈയ്യിലെ ചുറ്റഴിയുന്നത് ദുര്‍ഗ കണ്ടു
എവിടേക്കെന്നില്ലാതെ ആ നാഗം അപ്രത്യക്ഷമായി.
' എന്തെങ്കിലും പറ്റിയോ തങ്കക്കുട്ടീ'
ബന്ധുക്കളിലാരോ അവളുടെ കൈ പിടിച്ചു
' ആ മരത്തില്‍ നിന്നും കാറിനകത്ത് കയറിപ്പറ്റീതാണെന്ന് തോന്നുന്നു. ശിവ ശിവ.. ദംശനംണ്ടായാല്‍ ആകെ അപശകുനാവൂലോ'
' ദംശിച്ചിട്ടില്ല.. '
ദുര്‍ഗ വിളറ്ിയ മുഖത്തോടെ പറഞ്ഞു
' കുട്ടി എന്തിനേ ഇപ്പോ അതിനുള്ളില്‍ കൈയ്യിടാന്‍ പോയേ.. ഈ കല്യാണം തുടക്കം മുതല്‍ അപശ്രുതിയാ.. എന്താണുണ്ടാവ്വാ ഈശ്വരാ.. പൂര്‍വിക പ്രസാദം ഉണ്ടാവില്ല. അവരോടെന്നും ശത്രുത പുലര്‍ത്തിയ മനയല്ലേ കിഴക്കേടത്ത്'
ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കിടയിലൂടെ തലകുമ്പിട്ട് ദുര്‍ഗ തിരിച്ചു നടന്നു.
ആ ഗ്രന്ഥം എടുക്കാന്‍ കഴിയില്ലെന്ന് തീര്‍ച്ചയായി.
അതില്‍ തൊട്ടാല്‍ കാവല്‍ക്കാരനായ നാഗം ശൂന്യതയില്‍ നിന്നും പൊട്ടിവീഴും
ദംശനമേറ്റാല്‍ മരണമായിരിക്കും ഫലം
ഇപ്പോള്‍ തന്നെ നാഗമന്ത്രമാണ് തുണയ്‌ക്കെത്തിയത്.
വിയര്‍ത്ത മുഖവുമായി അവള്‍ പടവുകള്‍ കയറി വരുന്നത് ദേവദത്തന്‍ കണ്ടു.
' തങ്കം ഇതിനിടയ്ക്ക് എവിടേക്ക് പോയി'
ദേവദത്തന്‍ ശാസനയോടെ അവളെ നോക്കി
' ഞാന്‍ ആ കാറിനടുത്തേക്ക്..'
' ദുശകുനമാണ്.. വലിയേടത്ത് മനയിലും ദുര്‍ശക്തികള്‍ എത്തിയെന്നര്‍ഥം.. നീ സൂക്ഷിക്കണം' ദേവദത്തന്‍ ഉപദേശിച്ചു.
ദേവദത്തന്റെ നോട്ടത്തിനു മുന്നില്‍ ദുര്‍ഗ ചൂളാതെ പിടിച്ചു നിന്നു
ചെറിയൊരു ഭാവവ്യത്യാസം മതി തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്ന സിദ്ധിയാല്‍ ദത്തേട്ടന്‍ തന്റെ ഉള്ളു കണ്ടെത്താന്‍
' ദത്താ .. സദ്യ വിളമ്പി തുടങ്ങിക്കോളുട്ടോ'
ശ്രീധരന്‍ ഭട്ടതിരി അവിടേക്ക് വന്നു.
രക്ഷപെട്ടതു പോലെയാണ് ദുര്‍ഗയ്ക്ക് തോന്നിയത്.
' നീയിതെവിടെയായിരുന്നു തങ്കം.. എവിടെല്ലാം നോക്കി.. രുദ്രേട്ടീടെ കൂടെ സെല്‍ഫിയെടുക്കാന്‍ നിന്നെ മാത്രം കിട്ടിയില്ല.'
നേഹയും സ്വാതിയും ജാസ്മിനും പരിഭവത്തോടെ അടുത്തു വന്നു
' സെല്‍ഫി ഇനിയും എടുക്കാലോ'
ദുര്‍ഗ മന്ദഹസിക്കാന്‍ ശ്രമിച്ചു
' എന്താ പെണ്ണേ നിന്റെ മുഖത്തൊരു വൈക്ലബ്യം' ജാസ്മിന്‍ തിരക്കി
ദുര്‍ഗ ചിരിച്ചതേയുള്ളു
സദ്യ കഴിഞ്ഞപ്പോഴേക്കും പൂക്കള്‍ കൊണ്ട് അലങ്കരിച്ച പുതിയ ഇന്നോവ കാറെത്തി.
' വധൂവരന്‍മാര്‍ നാലുപേരും അതിലേക്ക് കയറിക്കോളു'
ശ്രീധരന്‍ ഭട്ടതിരി പറഞ്ഞു
വേദവ്യാസും രുദ്രയും ദേവദത്തനും പവിത്രയും അതില്‍ കടന്നിരുന്നു
വേദവ്യാസിന്റെ കൈയ്യില്‍ ആ ഗ്രന്ഥം ദുര്‍ഗ കണ്ടു.
' ഞങ്ങള്‍ക്കു കൂടി അതില്‍ ഇടമുണ്ടാകുമോ'
കിഴക്കേടം അടുത്തേക്ക് ചെന്നു.
' ഞാനും വലിയേടത്തും കൂടി ഇതില്‍ വരുന്നു'
' ഈ യാത്ര സഫലമാകണമെങ്കില്‍ ഞങ്ങള്‍ കൂടി ഇതിലുണ്ടാവണം'
കിഴക്കേടം അര്‍ഥഗര്‍ഭമായി ദുര്‍ഗയ്ക്ക് നേരെ നോക്കി ചിരിച്ചു
അവളുടെ ഉള്ളു കിടുങ്ങിപ്പോയി.
അവള്‍ക്കു മുന്നിലൂടെ അവര്‍ കയറിയ കാര്‍ ഒഴുകി കടന്നു പോയി.
............ .............. .....................
കൊണ്ടുപോകാനുള്ളതെല്ലാം പായ്ക്ക് ചെയ്തിട്ടുണ്ടെന്ന് പവിത്ര ഒന്നുകൂടി ഉറപ്പു വരുത്തി.
മൂന്ന് ട്രോളി ബാഗുകള്‍. ഒരു ഹാന്‍ഡ് ബാഗ്.
ഒന്നും വിട്ടുപോകാതെ എല്ലാംേ എടുത്തു വെച്ചിട്ടുണ്ട്.
അല്‍പ്പം കുനിഞ്ഞ് ഹാന്‍ഡ് ബാഗിന്റെ സിബ് അടയ്ക്കുമ്പോള്‍ മഞ്ഞചരടിനറ്റത്തെ താലി മൃദുവായി താടിത്തുമ്പിലുരസി.
ഒരു നിമിഷം പവിത്ര നിശ്ചലയായി നിന്നു പോയി
താന്‍ വീണ്ടും ഭര്‍തൃമതിയായിരിക്കുന്നു.
ഏകാന്ത ജീവിതത്തിന് തിരശീല വീണിരിക്കുന്നു.
സ്വപ്‌നം കണ്ട ജീവിതം തട്ടിത്തെറിപ്പിച്ചിട്ട് ഇത്രയും കാലം സ്‌നേഹത്തോടെ കാത്തിരുന്നൊരാളെ കൈവെള്ളയില്‍ വെച്ചു തന്നിരിക്കുകയാണ് പരദേവകള്‍.
എന്തിന് ദത്തേട്ടന്‍ തന്നെ സ്‌നേഹിച്ചു
ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പിച്ചവളെ കൈവിട്ടുകളയാതെ ജീവിതത്തിലേക്ക് ചേര്‍ത്തു.
പവിത്രയുടെ കണ്ണുകള്‍ നിറഞ്ഞു തൂവി.
ആര്‍ദ്രതയോടെ അവള്‍ ആ താലി ചുണ്ടോട് ചേര്‍ത്തു പിടിച്ചു ചുംബിച്ചു.
' പവീ' അപ്പോഴാണ് മുറിവാതില്‍ക്കല്‍ നിന്നും ദേവദത്തന്റെ ശബ്ദം കേട്ടത്.
പവിത്ര ഞെട്ടിപ്പോയി
വാതില്‍ക്കല്‍ ദേവദത്തന്‍ വന്നു നിന്നു
' എന്തായി... ഒരുക്കങ്ങളെല്ലാം കഴിഞ്ഞോ'
അയാള്‍ ഒരു നവവരന്റെ ആത്മഹര്‍ഷത്തോടെ തിരക്കി
' ഉം..' പവിത്ര മൂളി
' എങ്കില്‍ എന്റെ വസ്ത്രങ്ങള്‍ കൂടി ഒന്നെടുത്തു വെക്കാന്‍ സഹായിച്ചൂടേ.. ഇനി ഒന്നിനും സമയമില്ല'
ദേവദത്തന്‍ പറഞ്ഞു.
പവിത്ര നിശബ്ദയായി നിന്നു
' കിഴക്കേടത്തെ ചടങ്ങുകള്‍ കഴിഞ്ഞിട്ട് രുദ്രക്കുട്ടിയും വേദവ്യാസും എയര്‍പോര്‍ട്ടിലേക്ക് എത്താമെന്നാണ് പറഞ്ഞത്..അവള്‍ക്കൊപ്പം കിഴക്കേടത്തേക്ക് പോകാത്തതില്‍ എനിക്ക് സങ്കടംണ്ട്.. എന്നാലും സമയം കൂടി നോക്കണല്ലോ'
പവിത്ര മെല്ലെയൊന്ന് ചിരിച്ചു.
' അവിടുത്തെ ചടങ്ങു തീര്‍ന്നാലുടന്‍ വലിയമ്മാമ്മയും ചെറിയമ്മാമ്മയും തിരിച്ചു വരും..അപ്പോഴേക്കും പുറപ്പെടാന്‍ തയാറായിരിക്കണം നമ്മള്‍'
പവിത്ര തലയാട്ടി.
' എന്നാല്‍ വരൂ'
ദേവദത്തന്‍ ക്ഷണിച്ചു
അയാള്‍ക്കു പിന്നില്‍ ഗോവണി കയറുമ്പോള്‍ പവിത്രയുടെ കാലുകള്‍ വിറപൂണ്ടു.
ഈശ്വരാ ഇതൊക്കെ വെറും പാഴ്കിനാവുകളാണോ
അവളുടെ മനസ് കേണു.
ദേവദത്തന്‍ പറഞ്ഞത് ശരിയായിരുന്നു.
വസ്ത്രങ്ങളൊന്നും അടുക്കിവെച്ചിട്ടുണ്ടായിരുന്നില്ല
അതെല്ലാം വൃത്തിയായി മടക്കി പവിത്ര ബാഗുകളില്‍ ഒതുക്കി വെച്ചു
' ഇത്ര പെട്ടന്ന് തീര്‍ന്നോ'
ദേവദത്തന്‍ അവളുടെ തൊട്ടു മുന്നില്‍ വന്നു നിന്നു
ഒരു വിറയല്‍ പവിത്രയുടെ ഉള്ളിലൂടെ കടന്നു പോയി
ദേവദത്തന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി
' ഇനിയും എന്നോട് അകലം പാലിക്കാന്‍ തന്നെയാണോ തീരുമാനം'
ആര്‍ദ്രമായിരുന്നു ആ ചോദ്യം
അയാളുടെ നോട്ടം നേരിടാനാവാതെ പവിത്ര മിഴി താഴ്ത്തി
' ഈ മുഖത്തെ വിഷാദ ഭാവം മാറാത്തതെന്താണെന്ന് ഞാന്‍ പറയട്ടെ'
ദേവദത്തന്‍ അവളുടെ മുഖത്തേക്ക് നോക്കി
' വൈശാഖിനെയോര്‍ത്ത് നീറുന്നുണ്ടല്ലേ നീ ..വല്ലാതെ'
പവിത്രയുടെ മിഴികള്‍ നിറഞ്ഞു പോയി
' സാരമില്ലെടോ.. ഇത് ജീവിച്ചിരിക്കുന്നവരുടെ ലോകമല്ലേ.. ഇനിയും ജീവിതം ബാക്കി കിടപ്പില്ലേ നിനക്കും എനിക്കും.. ഇരുപത്തിയാറും മുപ്പത്തിയൊന്നും ഒന്നും ഒരു വയസാണോ.. അതെയോ പവീ '
പവിത്രയുടെ മുഖത്തൊരു മന്ദഹാസം തെളിഞ്ഞു.
ദേവദത്തന്‍ ചിരിയോടെ അവളുടെ ചുമലില്‍ കൈവെച്ചു.
' പിന്നെ.. കിഴക്കേടം പറഞ്ഞത് പോലെ നമ്മുടെ സത്പുത്രനും ഇരട്ട പൂമ്പാറ്റകളും.. നല്ലതൊക്കെ ചിന്തിച്ചു കൂടേ പെണ്ണേ നിനക്ക്'
പവിത്ര ഒരു തേങ്ങലില്‍ ഉലഞ്ഞു
ഒരു കിളിക്കുഞ്ഞിനെ പോലെ ദേവദത്തന്‍ അവളെ നെഞ്ചോടു ചേര്‍ത്തണച്ചു.
അവളുടെ നീണ്ടു മനോഹരമായ കഴുത്തിലേക്ക് വീണ് കിടന്ന മുടിയിഴകള്‍ ഒതുക്കി ദേവദത്തന്‍ അവിടെ മൃദുവായി ഒരുമ്മ വെച്ചു
പവിത്രയില്‍ ഒരു പിടച്ചിലുണ്ടായത് ദേവദത്തനറിഞ്ഞു.
അടുത്ത ചുംബനം അവളുടെ തുടുത്ത അധരങ്ങള്‍ക്കു മീതെ പതിഞ്ഞു
ഒരു നനുത്ത പൂവിതളില്‍ വന്നിരുന്ന ചിത്രശലഭത്തെ പോലെ മൃദുലമായൊരുമ്മ.
പിന്നെയത് അതി തീവ്രമായി ഗാഢമായി അവളുടെ അധരങ്ങളിലേക്കൊട്ടിച്ചേര്‍ന്നു.
നുകര്‍ന്ന് നുകര്‍ന്ന് ദീര്‍ഘമായ ആ ചുംബനത്തിന് ശേഷം ദേവദത്തന്‍ അവളുടെ രക്തത്തുടിപ്പുള്ള മുഖം കൈക്കുമ്പിളിലെടുത്തു.
' ഞാനിതുവരെ ഒരു പെണ്ണിനെയും അനുഭവിച്ചിട്ടില്ല'
അയാള്‍ കിതച്ചു.
അവളുടെ മുഖത്ത് വിയര്‍പ്പുമണികള്‍ മുത്തു പോലെ മിന്നുന്നത് അവന്‍ കണ്ടു.
' എന്റെ പ്രണയവും എന്റെ കാമവും എന്നും നീയായിരുന്നു പവി.. എന്റെ സിരകളില്‍ ഭ്രാന്തമായി നിറഞ്ഞ പ്രണയം..നിന്നോടുള്ള തീവ്രമായ അഭിനിവേശം.. നീയല്ലാതെ മറ്റൊരു പെണ്ണും എന്നെ മോഹിപ്പിച്ചിട്ടില്ല'
പവിത്ര കാതരമായി അവനെ നോക്കി. അവളുടെ മിഴികള്‍ പിടഞ്ഞു.
' സഹതാപം കൊണ്ടാണ് ഞാന്‍ നിന്നെ വേളി കഴിച്ചതെന്ന് നിനക്ക് തോന്നുന്നുണ്ടോ.. അല്ല.. എന്നിലെ പുരുഷന്.. എന്റെ പുരുഷത്വത്തിന് പൂര്‍ണത നല്‍കാന്‍ നീ വേണമായിരുന്നു എനിക്ക്..'
പവിത്ര സ്വയമറിയാതെ ആ നെഞ്ചിലേക്കു ചാഞ്ഞു.
ബലിഷ്ഠമായ കൈകള്‍ കൊണ്ട് ദേവദത്തന്‍ അവളെ തന്റെ പ്രാണനോളം ആഴത്തില്‍ ചേര്‍്ത്തു പിടിച്ചു
............. ................... ..........
വലിയേടത്തായിരുന്നു വേദവ്യാസിനും രുദ്രയ്ക്കും മണിയറ ഒരുക്കിയിരുന്നത്.
ആചാര പ്രകാരം വധുവിന്റെ വീട്ടിലായിരിക്കണം ആദ്യരാത്രി.
മുല്ലപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച തൂ വെണ്‍മ തുളുമ്പുന്ന കിടക്ക.
അരികില്‍ കസവുസാരിയുടുത്ത് മുല്ലപ്പൂ ചൂടി രുദ്ര ഇരുന്നു.
' നാണിക്കാനൊക്കെ നമുക്ക് സമയംണ്ടോന്നാണ് സംശയം'
വേദവ്യാസ് മൊബൈലെടുത്തു നോ്ക്കി
' പന്ത്രണ്ടര..യാത്ര ചെയ്ത് നട്ടെല്ലൊടിഞ്ഞു.. കിടന്നുറങ്ങിയാലോ'
രുദ്രയുടെ മുഖത്തൊരു ഭാവമാറ്റമുണ്ടായത് വേദവ്യാസ് ആസ്വദിച്ചു.
' വേളിയും എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയുമൊക്കെയായി നീയും ക്ഷീണിച്ചതല്ലേ.. കിടന്നോ'
രുദ്ര ആശങ്കയോടെ അവനെ നോക്കി
പരിചയവും പ്രണയവും ഉണ്ടായിരുന്നെങ്കിലും അയാള്‍ കാണ്‍കെ ആ കിടക്കയില്‍ കിടക്കാന്‍ അവളുടെ അഭിമാനം അനുവദിച്ചില്ല
ആദ്യരാത്രിയെ കുറിച്ച് മനസില്‍ സങ്കല്‍പിച്ച ഒരു വലിയ ചീട്ടുകൊട്ടാരം നിലംപൊത്തുന്നത് രുദ്ര അറിഞ്ഞു.
' ദത്തേട്ടനും പവിയേട്ടത്തിയും ഇപ്പോള്‍ പറക്കുകയായിരിക്കും. ദത്തേട്ടന്റെ ഭാഗ്യം.. അമേരിക്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ കഴിഞ്ഞല്ലോ'
രുദ്രയുടെ മുഖം വീര്‍ത്തു.
' തന്റെ നമ്പര്‍ വണ്‍ ശത്രുവായിരുന്നില്ലേ പവിയേട്ടത്തി.. അതു കൊണ്ടാണോ അവരുടെ കാര്യം പറഞ്ഞപ്പോള്‍ മുഖം കുത്തി വീര്‍പ്പിക്കുന്നത്. '
വേദവ്യാസ് ചിരിച്ചു
' പവിയേട്ടത്തി ഏട്ടനെ വേദനിപ്പിച്ചതിലേ എനിക്ക് ദേഷ്യംണ്ടായിരുന്നുള്ളു.. ഇപ്പോള്‍ അതുമാറി'
' ഉം.. താന്‍ കിടക്കുന്നില്ലേ'
' എന്നെ താന്‍ എന്നൊന്നും വിളിക്കണ്ട.. രുദ്ര .. അതാ പേര്'
' രുദ്രക്കുട്ടി എന്നായാലോ'
വേദവ്യാസിന്റെ ചിരി കണ്ടപ്പോള്‍ ്അവള്‍ക്ക് അരിശം വന്നു.
അയാള്‍ കിടന്നുറങ്ങിയിരുന്നെങ്കില്‍ കിടക്കയുടെ അരികത്തെങ്ങാനും കിടന്ന് തനിക്കും ഉറങ്ങാമായിരുന്നു.
' ഞാനൊരു ചിത്രം വരയ്ക്കാന്‍ പോകുന്നു.'
വേദവ്യാസ് പറഞ്ഞു.
' ചിത്രവും വരയ്ക്കുമോ' രുദ്ര ആകാംക്ഷയോടെ നോക്കി
' വരയ്ക്കും.. പക്ഷേ അതിന് കാന്‍വാസ് വേണം'
വേദവ്യാസ് എഴുന്നേറ്റ് അവള്‍ക്ക് പിന്നില്‍ ചെന്നിരുന്നു.
രുദ്ര വിഭ്രമത്തോടെ തിരിഞ്ഞു നോക്കി.
അതിന് മുന്‍പേ വേദവ്യാസ് അവളെ മുറുകെ ആലിംഗനം ചെയ്തിരുന്നു.
' എന്റെ കാന്‍വാസ്.. നീയാണ്.. രുദ്രക്കുട്ടി.. നിന്റെ ശരീരമാണ്'
അവന്‍ അവളുടെ കാതുകള്‍ക്കരികെ മന്ത്രിച്ചു.
' വരച്ചോട്ടെ ഞാന്‍..'
അതുവരെ അറിയാത്ത ഒരു വികാരം രുദ്രയെ ദുര്‍ബലയാക്കി.
വേദവ്യാസ് അവളെ കിടക്കയിലേക്ക് ചായ്ച്ചു കിടത്തി.
ഒരു രവിവര്‍മചിത്രം പോലെ മനോഹരമായ അവളിലേക്ക് വേദവ്യാസ് ചാഞ്ഞു വന്നു
' നിന്നില്‍ എന്നെയും എന്നില്‍ നിന്നെയും ഞാന്‍ വരച്ചു ചേര്‍ക്കുന്നു..ഏഴു നിറങ്ങള്‍ കൊണ്ട്.. മഴവില്ലു പോലെ'
അണിവയറിന് മീതെ കിടന്ന സാരിചുറ്റുകള്‍ വേദവ്യാസ് അനാവൃതമായി
അവളില്‍ നിന്നുണ്ടായ ദുര്‍ബലമായ പ്രതിരോധങ്ങളെ അവന്‍ കുസൃതിയോടെ തടഞ്ഞു,
പൊക്കിള്‍ചുഴിയ്ക്ക് മീതെ അവന്റെ ചുണ്ടുകള്‍ പതിഞ്ഞപ്പോള്‍ രുദ്രയുടെ കണ്ണുകള്‍ താമരയിതള്‍ പോലെ കൂമ്പി.
സ്വര്‍ണകസവു പുടവ വേദവ്യാസ് പതിയെ അഴിച്ചെടുത്തു. കരിനീല നിറമുള്ള ബ്ലൗസിനുള്ളിലെ ആകൃതിയൊത്ത നിധിയുടെ വശ്യത
വേദവ്യാസ് കണ്ടു.
അപ്പോള്‍ നേരിയ മയക്കത്തിലായിരുന്നു ദുര്‍ഗ.
ആരോ വിളിക്കുന്നതറിഞ്ഞാണ് അവള്‍ കണ്ണു തുറന്നത്. ദുര്‍ഗ ഒരു ഞെട്ടലോടെ കണ്ണു തുറന്നു
ധ്വനി
'ദുര്‍ഗാ നിനക്ക് ആ ഗ്രന്ഥമെടുക്കണ്ടേ'
അവള്‍ ചോദിച്ചു
അഴിഞ്ഞുലഞ്ഞ മുടിയുമായി ദുര്‍ഗ എഴുന്നേറ്റിരുന്നു.
' വേദവ്യാസ് അത് സൂക്ഷിച്ചിരിക്കുന്നത് പൂജാമുറിയിലാണ്. ഈ രാത്രി ഇനിയത് ദുര്‍ഗ തിരയില്ലെന്നോര്‍ത്താവാം.. സ്ത്രീപുരുഷ ബന്ധം നടക്കുന്ന മുറിയില്‍ വിശുദ്ധ ഗ്രന്ഥം സൂക്ഷിക്കാനാവില്ലല്ലോ വേദവ്യാസിന്'
ദുര്‍ഗയുടെ കണ്ണുകള്‍ തിളങ്ങി.
' ഇപ്പോള്‍ തന്നെ എടുക്കണം.. ഈ നിമിഷങ്ങളില്‍ വേദവ്യാസിന്റെ ഉപബോധമനസ് ആ ഗ്രന്ഥത്തിന് ചുറ്റുമുണ്ടായിരിക്കില്ല. ഇണചേരുന്ന സര്‍പ്പങ്ങളെ പോലെ ബോധാബോധങ്ങള്‍ മറന്ന് രുദ്രയും വേദവ്യാസും പരസ്പരമറിയുകയാണ്.. ഇതിലേറെ നല്ലൊരു മുഹൂര്‍ത്തം നിനക്കിനി കിട്ടില്ല. '
ദുര്‍ഗ മുഖം തിരിച്ച് ഉറങ്ങുന്ന കൂട്ടുകാരികളെ നോക്കി.
ധ്വനി കണ്‍വെട്ടത്തു നിന്നും മാഞ്ഞു.
ദുര്‍ഗ പതുക്കെ എഴുന്നേറ്റു.
വിളക്കുകള്‍ തെളിക്കാതെ തന്നെ പൂജാമുറി ലക്ഷ്യമാക്കി നീങ്ങി.
കെടാവിളക്കിന്റെ വെളിച്ചത്തില്‍ ചുവന്ന പട്ടുപൊതിഞ്ഞ് വേദവ്യാസ് ഒളിപ്പിച്ചു വെച്ച ഗ്രന്ഥം അവള്‍ കണ്ടു.
' പരദേവതമാരേ ക്ഷമിക്കണേ'
മനസുതൊട്ട് മാപ്പപേക്ഷിച്ചു ദുര്‍ഗ
എന്തിനോ കണ്ണുകള്‍ നിറഞ്ഞൊഴുകി.
' എന്റെ പ്രവൃത്തികള്‍ ആരെയും ദോഷകരമായി ബാധിക്കരുതേ .. അത് താങ്ങാന്‍ എനിക്കാവില്ല'
അവള്‍ ആ ഗ്രന്ഥവുമായി പൂജാമുറിയില്‍ നിന്നും ഇറങ്ങിയോടി.
മുറിയിലെത്തി വേഗത്തില്‍ അവള്‍ താളുകള്‍ മറച്ചു.
ഒടുവില്‍ കണ്ടു
അവള്‍ തേടിയ മന്ത്രം.
ദുര്‍ഗ കിതച്ചു.
നീണ്ടു പോയ മൈഥുനത്തിന്റെ ഒടുവില്‍ രുദ്രയുടെ മേനിയില്‍ തളര്‍ന്നു മയങ്ങുകയായിരുന്ന വേദവ്യാസ് ഞെട്ടിയുണര്‍ന്നു.
വസ്ത്രങ്ങള്‍ തപ്പിയെടുത്ത് ധരിച്ച് അവന്‍ വാതില്‍ തുറന്ന് ഗോവണിയ്ക്ക് നേരെ ഓടി.
ആ നിമിഷം ആരോ ആഞ്ഞു തള്ളിയതു പോലെ വേദവ്യാസ് ഗോവണിയിലേക്ക് ചെന്നു വീണു.
പിന്നെയൊരു അമര്‍ത്തിയ ഒരു നിലവിളിയോടെ അവന്‍ താഴേക്ക് തെറിച്ചു.
\
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot