Slider

സീമന്തിനിയുടെ ചപ്പാത്തിയും കറിയും

Image may contain: 1 person, eyeglasses and closeup
=============================
അതിരാവിലെ ഭാര്യ അടുക്കളയിൽ കയറിയാൽ ഞാനും എന്തെങ്കിലും സഹായം ചെയ്തു കൊടുക്കും... ഭാര്യ ചപ്പാത്തി ഉണ്ടാക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു: ഹോ... ഓഫിസിൽ സീമന്തിനികൊണ്ടുവരുന്ന ചപ്പാത്തിയും കറിയും.... എന്തു രുചിയാണ് !! ചപ്പാത്തി വളരെ മൃദുലവുമാണ്...
ഇത് കേട്ട മാത്രയിൽ ഭാര്യ ചപ്പാത്തിക്കോല് താഴെയിട്ടിട്ട് കരഞ്ഞുകൂവി പോയി കട്ടിലിൽ കിടന്നു..
ശേ.. ഞാൻ വെറുതെ പറഞ്ഞതാണ്.. പോട്ടെ .. വന്നു ചപ്പാത്തിയും കറിയുമൊക്കെ ഉണ്ടാക്കൂ...
ഭാര്യ പറഞ്ഞു: സീമന്തിനിയെ വിളിച്ചു ചപ്പാത്തി ഉണ്ടാക്കീരെ....
വാശി പിടിച്ചാൽ എൻഭാര്യ വാശിക്കാരത്തി തന്നെയാണ്... എനിക്ക് നല്ലവണ്ണം അറിയാം..
മകൾ പറഞ്ഞു: മമ്മീ ... വാട്ട് ഹാപ്പണ്ട് ടു യു ? ടേക്ക് ഇറ്റ് ഈസി...
ഭാര്യക്ക് അരിശം മൂത്തു: അച്ഛനും മോളും പോയി ചപ്പാത്തി ഉണ്ടാക്കു... വേണമെങ്കിൽ!!
ഞാൻ ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങി... ഉണ്ടാക്കിയ ചപ്പാത്തി എടുത്തു ഓരോന്നും നോക്കിയിട്ട് മോൾ ചിരിതുടങ്ങി... ഹായ് ... എന്തു ഭംഗി കാണാൻ... ചിലതിനു സമചതുരം, ചിലത് ത്രികോണം, ചിലത് അണ്ഡാകൃതി!!! ദേ.. ഈ ചപ്പാത്തി പപ്പയുടെ മുഖം പോലെ തന്നെയാണ്..!!
ഞാൻ പറഞ്ഞു: ആകൃതി എന്തായാലും കടിച്ചു മുറിച്ചു ചവച്ചു തിന്നാനുള്ളതല്ലേ...
ഇനി കറി വയ്ക്കണം... വെള്ളരിക്കയും മാങ്ങയും കൂടി തേങ്ങ അരച്ചുള്ള കറി.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറിയാണിത്... പക്ഷെ ഭാര്യ ഉണ്ടാക്കിയാൽ എന്തു രുചിയാണന്നോ... ഇന്ന് ഭാര്യയെ പിടിച്ചാൽ കിട്ടില്ലാ...
വെള്ളരിക്ക കഷണവും മാങ്ങയും പരുവത്തിന് വെന്തു.. അരപ്പ് ചേർക്കാൻ നേരം മകൾ ചെവിയിൽ ഓതി: പപ്പാ.. ഉപ്പു അല്പം ഇടണം... ഉപ്പു കൂടിപ്പോയാൽ പിന്നെ വെള്ളം ഒഴിക്കണം... അപ്പോൾ കറി പമ്പാ നദി ഒഴുകുന്നത് പോലെയാകും...
ഞാൻ ലേശം ഉപ്പിട്ട്... രുചിച്ചു നോക്കി... ഉപ്പില്ല...
പേടിച്ചു പേടിച്ചു അല്പം കൂടി ഇട്ടു... പാകത്തിന് ഉപ്പില്ലാ..
തിരിഞ്ഞു നോക്കുമ്പോൾ ഭാര്യ പിറകിൽ നിൽക്കുന്നു...
ഭാര്യ എന്നെ തട്ടിമാറ്റി.... ആ ആഘാതത്തിൽ കോഴിത്തൂവൽ പോലെ ഇരിക്കുന്ന ഞാൻ പ്രാഞ്ചിപ്പോയി.. .. എന്റെ പ്രാഞ്ചൽ കണ്ടു മോൾ ചിരിയും തുടങ്ങി...
ഭാര്യ പാകത്തിന് ഉപ്പുപൊടി എടുത്തു കറിയിൽ വിതറി.. എന്നിട്ട് പറഞ്ഞു: ഇനി അച്ഛനും മകളും ഒന്ന് രുചിച്ചു നോക്കൂ...
ഞാനും മകളും രുചിച്ചു നോക്കി... പാകത്തിന് ഉപ്പു... [ഇതാണ് ഭാര്യയുടെ കൈപ്പുണ്യം !!!]
ഭാര്യ പിന്നെ കറിയിൽ കടുകും വറുത്തു ഇട്ടു..
എന്നിട്ട് ഒരു ഇരുത്തി പറച്ചിലും... കുറച്ചു സീമന്തിനിക്കും കൂടി കൊണ്ട് കൊടുക്കൂ..
*********************
അന്ന് രാത്രി 8 മണി.
ഞാൻ മോന്തപുസ്തകമെന്ന ആറ്റിൽ മീനെ പിടിക്കാൻ തെറ്റാലിയുമായിട്ടിരിക്കുകയാണ്.. കാരി-കൂരി- കുറുവാ -പരലുകളൊക്കെ ചിരിച്ചു തുള്ളി നീന്തി തുടിച്ചു വരുന്നുണ്ട്.. കരിമീൻ പാഞ്ഞു വരുമ്പോൾ തെറ്റാനായിട്ടുള്ള പരുവത്തിലാണ് എന്റെ ഇരുപ്പ്... !
അപ്പോൾ ലാന്ഡ് ലൈനിൽ ഫോണ് അടി.. ഭാര്യ ഓടി ചെന്ന് ഫോണ് എടുത്തു: ഞാനും ചെന്നു.
ഭാര്യ: ഹലോ.. ആരാ...
ഞാൻ.. സാറിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന സീമാന്തിനിയാ..
സാറിനെ ഒന്ന് വിളിക്കാമോ?
ഭാര്യ: അതെന്താ എന്നോട് പറയാൻ മടിക്കുന്നത്..
"ഇന്നു സാറാണോ ചപ്പാത്തിയും, കറിയും ഒക്കെ ഉണ്ടാക്കിയത്..
എന്നാ രുചിയായിരുന്നു. സാറിന്റെ ചപ്പാത്തിയും കറിയും ഞാൻ കഴിച്ചു..
എന്റെ ചപ്പാത്തിയും കറിയും സാറും കഴിച്ചു.
ഭാര്യ: എടീ മൂധേവി... എന്നാൽ നീ ഇവിടെ വന്നു സാറിന്റെ കൂടെ ജീവിച്ചോ.. എന്താ..
പേടിച്ചു പോയ സീമന്തിനി ഫോണ് കട്ട് ചെയ്തു..
ഇതെല്ലാം കേട്ട് ഞാൻ നിൽക്കുകയാണ്:
ഭാര്യ എന്റെ നേരെ തിരിഞ്ഞു: ഓ.. ഒടനെ ചെന്നു സീമന്തിനിയോടു പറഞ്ഞു ഞാനാ ചപ്പാത്തിയും കറിയും ഉണ്ടാക്കിയതെന്ന്... സീമന്തിനിയുടെ മുന്നിൽ എന്നെ കൊച്ചാക്കി.. ഈ സീമന്തിനി ആരാ? വേണമെങ്കി സീമന്തിനിയുടെ കൂടെ പൊറുത്തൊ. ഞാ സീറ്റ് കാലിയാക്കി തന്നേക്കാം..
ഒരു സീമന്തിനിയും അവടെ ചപ്പാത്തിയും...അല്ല പിന്നെ...
ഞാൻ ഇഞ്ചി തിന്ന കുരങ്ങന്റെ മാതിരി ഇരുന്നു.. അല്ലാതെ എന്ത് ചെയ്യാനാ!
++++++++++++++++
എം. എം. ഡി.
03-10-2019
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo