Slider

വിഷകന്യക

0
‍‍‍‍‍‍‍
..‍‍‍‍‍‍‍‍‍‍‍‍‍‍ശേഖരേട്ടൻ ഇതുവരെ ഡ്യൂട്ടിക്കെത്തിയില്ലല്ലോ..? !
ഹെഡ്ക്ലർക് സുമലത ആരോടെന്നില്ലാതെ പറയുന്നതുകേട്ടാണ് ഞാൻ അങ്ങോട്ട് ശ്രദ്ധിച്ചത്. ജോലിക്കിടെ കിട്ടിയ ഇടവേളയിൽ പത്രപാരായണത്തിലായിരുന്നു ഞാൻ . ഓഫീസിൽ നല്ല തിരക്കുള്ള ഒരു തിങ്കളാഴ്ചയായിരുന്നു അത്.
ഞാൻ സീനിയർ സൂപ്രണ്ട് എന്നെഴുതിയ ശേഖരേട്ടന്റെ ചെയറിലേക്ക് നോക്കി.
ജോലിക്കാര്യത്തിലും സമയത്തിലും വളരെ കണിശത പുലർത്തിയിരുന്ന ശേഖരേട്ടന്റെ മേശയിൽ ഫയലുകൾ ആരാലും നോക്കാനില്ലാതെ കെട്ടിക്കിടക്കുന്നു .
ഞാനപ്പോൾ വായിച്ചുകൊണ്ടിരുന്നത് ചുങ്കത്തറ ദുരൂഹമരണങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട്‌ ആയിരുന്നു.
പത്രത്തിലെ മുൻപേജിൽ കുറ്റാരോപിതയായ ലില്ലി മാത്യു വശ്യമായി എന്നെ നോക്കി പുഞ്ചിരിച്ചു .അതിസുന്ദരിയായിരുന്നു അവർ
സൗന്ദര്യവും ക്രിമിനൽ ബുദ്ധിയും ഒത്തുചേർന്നാൽ ആർക്കാണ് തടുക്കാൻ കഴിയുക !
ഓഫീസിലെ ഫോൺ റിങ് ചെയ്തു. കാൾ അറ്റൻഡ് ചെയ്ത സുമലതയുടെ മുഖം വിളറുന്നത് ഞാൻ കണ്ടു. നെറ്റിയിലെ വിയർപ്പ് അവർ കൈലേസുകൊണ്ട് തുടച്ചു.
..ശേഖരേട്ടൻ സിറ്റി ഹോസ്പിറ്റലിൽ ഐ.സി.യുവിൽ അഡ്മിറ്റ്‌ ആണ്...ഇന്നലെ രാത്രി റൂമിൽ കുഴഞ്ഞുവീണത്രെ.
ഫോൺ താഴെ വെച്ച് തളർച്ചയോടെ സുമലത പറഞ്ഞു.
ഇന്നലെ രാത്രി ..? !
അളകനന്ദ ശേഖരേട്ടനെ കാണാൻ പോയ ദിവസമായിരുന്നല്ലോ ഇന്നലെ.? ഞാനാണല്ലോ അവരെ കൊണ്ടു വിട്ടത്..?
----------------------------------
ഇന്നലെ..
..‍‍‍‍‍‍‍‍‍‍‍വിനോദ് ... നീയെന്നെ ഒരിടം വരെ കൊണ്ടു വിടുമോ..?
സുഹൃത്തുക്കളുടെ കൂടെ പ്രഭാതനടത്തത്തിനിറങ്ങിയപ്പോഴായിരുന്നു അളകനന്ദയുടെ ഫോൺ.
അവധിദിവസം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുക എന്ന എന്റെ പ്ലാൻ തകർന്നെങ്കിലും എവിടെയെന്നു ചോദിച്ചില്ല. സമ്മതം മൂളി.
ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ആണ് . ഒരു മേലുദ്യോഗസ്ഥയെക്കാളുപരി വളരെ മാനസിക അടുപ്പമുള്ള ഒരാൾ.
ഞായറാഴ്ചത്തെ പതിവ് കട്ടയിടൽ മദ്യപാനവും കവിത തീയേറ്ററിലെ മാറ്റിനി ഷോയ്ക്കും ഉണ്ടാവില്ല എന്നറിയിച്ച് , വിഷണ്ണരായി നിൽക്കുന്ന ചങാതികളുടെ ഇടയിൽ നിന്നും ഒരുവിധം തടിയൂരി വീട്ടിലേക്ക് നടക്കുമ്പോൾ അളകനന്ദയെ ഓർത്തു.
വളരെ ചെറുപ്പത്തിലേ സെർവിസിൽ കയറിയത് കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ഉയർന്ന പോസ്റ്റിൽ എത്തിയിരുന്നു അവർ. അതുകൊണ്ട് തന്നെ സമപ്രായക്കാരായ സഹപ്രവർത്തകർക്ക് ഒരുതരം ഈഗോ അവരോട് തോന്നിയിരുന്നു.
അളകനന്ദ ഒറ്റക്ക് താമസിച്ചിരുന്ന കോട്ടേഴ്‌സിന്റെ പുറത്ത് നന്ത്യാർ വട്ടങ്ങൾ പൂത്തുനിന്നു . പുറത്ത് ചെറിയ മഴ തുടങ്ങി.മഴ നനയാതെ ഒരുകൈകൊണ്ട് സാരിത്തലപ്പിൽ തല മൂടി അവർ കാറിൽ കയറി. ചന്ദനത്തിന്റെ വാസനയുള്ള ബോഡി പെർഫ്യൂമിന്റെ ഗന്ധം കാറിൽ പരന്നു.
അളകനന്ദക്ക് സ്ഥലം മാറ്റമാണ് ദൂരേക്ക്..
....ഇവിടം വിടുന്നതിനു മുൻപ് എനിക്കൊരാളെ കാണണം.. യാത്ര ചോദിക്കണം..
അളകനന്ദ കാറിൽ കയറിയപാടെ പറഞ്ഞു
ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം നേരിടേണ്ടി വന്നിട്ടുള്ള സ്ത്രീ. . ഭർത്താവ് കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ മരണപ്പെട്ടിരുന്നു. പലരും പുനർവിവാഹത്തിന് നിർബന്ധിച്ചെങ്കിലും അവർ ഒഴിഞ്ഞു മാറുകയായിരുന്നത്രെ.
ഒറ്റപ്പെടലിന്റെ തുരുത്തിലായിരുന്നു ഏറിയ പങ്കും അവർ .ദിനവും സമയത്തിന് മുന്നേ ഓഫീസിലെത്തിയും , ജോലിസമയം കഴിഞ്ഞ് പുറത്തിറങ്ങിയും അവർ ജീവിതം തള്ളിനീക്കി.
സ്വന്തക്കാരെന്നു പറയാൻ ആരുമില്ല.. പറയത്തക്ക ബന്ധുക്കൾ ആരുമില്ല.
പിന്നെയാരാണ്..? !
.. എല്ലാവരോടും യാത്ര ചോദിച്ചു.. പക്ഷെ.. ഒരാളോട്..
അവർ അർധോക്തിയിൽ നിർത്തി..
അവർ ഉദ്ദേശിച്ചത് ശേഖരേട്ടനെയാണ്...
ശേഖരേട്ടൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് ആണ്.വിഭാര്യൻ.. ജീവിതസാഹചര്യങ്ങൾ കൊണ്ടാവാം വളരെ പരുക്കൻ സ്വഭാവമായിരുന്നു അദ്ദേഹത്തിന് ഓഫീസിലും.
അളകനന്ദയും ശേഖരേട്ടനും തമ്മിലുള്ള ഈഗോ ക്ലാഷ് ഓഫീസിൽ പാട്ടാണ്.. ഒരു ദിവസം ഫയൽ സംബന്ധമായ കാര്യത്തിന് അവർ ശേഖരേട്ടന്റെ മുന്നിൽ കരഞ്ഞത് ഇപ്പോഴും ഓർമ്മയിലുണ്ട്.
ആ സംഭവത്തിന്‌ ശേഷം അവർ തമ്മിൽ സംസാരിക്കുന്നത് കണ്ടിട്ടില്ല.
..ഇന്ന് ഞായറാഴ്ച.. നാളെ ഞാൻ പോകും. മറ്റന്നാൾ എനിക്ക് പുതിയ സ്ഥലത്തു ജോയിൻ ചെയ്യേണ്ടേ വിനോദെ..
...ശേഖരേട്ടന്റെ വീട് ടൗണിലല്ലേ.. ഒന്നവിടെവരെ പോയി യാത്ര ചോദിച്ചേക്കാം മനുഷ്യന്റെ കാര്യല്ലേ...ഇനി കാണാൻ പറ്റിയില്ലെങ്കിലോ..?
അവർ പുറത്തെ മഴയിലേക്ക് കണ്ണുനട്ടു. കറുത്ത മേഘങ്ങൾ നഗരത്തിന് മീതെ ഒരു കംബളം പോലെ നിരന്നു നിന്നു.
..പക്ഷെ ഒന്നോർത്താൽ അയാളോട് മിണ്ടാൻ തോന്നില്ല..
അവർ ഒരുവേള നിശബ്ദയായി.
... എന്നെ എപ്പോഴും ഓരോ കാര്യത്തിലും കുറ്റം കണ്ടെത്തി ശകാരിക്കുക. ഫയൽ വലിച്ചെറിയുക.. എനിക്കിവിടം അത്രമേൽ മടുത്തു.. അതാ ട്രാൻസ്ഫെറിന് കൊടുത്തത്...
അവർ സാരിത്തുമ്പു കൊണ്ട് കണ്ണ് തുടച്ചു.
....നീയറിയോ അയാൾ എനിക്ക് ലിഫ്റ്റ് തന്ന ആ രാത്രി അയാൾ എന്താണ് ചെയ്തതെന്ന് ..?
...അയാളുടെ ക്വാർട്ടേഴ്സിന്റെ മുൻപിലാണ് വണ്ടി നിർത്തിയത് .അയാളുടെ ഉദ്ദേശം വേറെയായിരുന്നു. മുഖമടച്ചു ഒരാട്ട് കൊടുത്ത് ഞാൻ ഇറങ്ങിപ്പോന്നു . അതിന് ശേഷമാണ് വിനോദെ ഇങ്ങനെ....
അവർ ഒരു തേങ്ങലോടെ മുഖം കുനിച്ചു.
എനിക്കോർമ്മയുണ്ട് ആ ദിവസം. ഒരുരാത്രി എന്റെ വണ്ടി കേടായി വഴിയിൽ കിടന്നപ്പോൾ അതുവഴി വന്ന ശേഖരേട്ടനാണ് അളകനന്ദക്ക് ലിഫ്റ്റ് കൊടുത്തത്.
..ഒറ്റക്ക് ജീവിക്കുന്ന പെണ്ണ് എപ്പോഴും മറ്റുള്ളവർക്ക് പെട്ടെന്ന് വഴങ്ങുന്നവളെന്ന ധാരണയാണ്...
അവരുടെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു.
..പക്ഷെ പെണ്ണുങ്ങൾ പുരുഷന്മാരുടെ കളിപ്പാട്ടങ്ങളല്ല എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും .
മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകി.അവർ കണ്ണുകൾ മുറുകെയടച്ചു.
അളകനന്ദ ചിലപ്പോൾ തീർത്തും വ്യത്യസ്തയായ വേറൊരാളായി എനിക്ക് തോന്നാറുണ്ട്. അപ്പോൾ എന്റെ മുന്നിൽ നിന്നത് തികച്ചും മറ്റൊരാളായിരുന്നു.
പക്ഷെ അപമാനിക്കാൻ ശ്രമിച്ചയാളുടെ വീട്ടിൽ അവർ യാത്ര ചോദിക്കാൻ പോകുന്നത് എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി.
ശേഖരേട്ടന്റെ വീട്ടിന്റെ മുന്നിൽ കാർ നിന്നു.
വണ്ടിയിറങ്ങി കയ്യിൽ പേരക്കാ ജൂസും. ചോക്ലറ്റ്സ്‌മായി അവർ ശേഖരേട്ടന്റെ വീട്ടിലേക്ക് നടന്നു.
...വിനോദ് ഇവിടെയിരുന്നോ.. ഞാനിപ്പോ വന്നേക്കാം..
അവർ മെല്ലെ നടന്നുപോകുന്നത് നോക്കി ഞാനിരുന്നു.
ഭർത്താവ് നഷ്ടപ്പെട്ട അളകനന്ദ .. ഭാര്യയില്ലാത്ത ശേഖരേട്ടൻ..ഒരു മുറിയിൽ.. പിണക്കങ്ങളൊക്കെ ഒരു നോട്ടത്തിൽ തീരാം..
ഞാൻ അടഞ്ഞു കിടക്കുന്ന ജനാലവാതിൽക്കലേക്ക് കണ്ണെറിഞ്ഞു.
നിമിഷങ്ങൾ കടന്നുപോയി. മഴ നിന്നു. ഇലകളിൽ നിന്നും ഇറ്റുവീഴുന്ന മഴത്തുള്ളികളിൽ ഞാൻ ശ്രദ്ധയൂന്നി.
കുറച്ച് കഴിഞ്ഞപ്പോൾ അളകനന്ദ പുറത്തേക്കു തിടുക്കത്തിൽ വന്നു കാറിൽ കയറി. എന്റെ ടിപ്പിക്കൽ മലയാളി ബുദ്ധി അവരുടെ ചെറിയ കണ്ണുകളിൽ പ്രേമപാരവശ്യത്തിന്റെ തിളക്കം തിരഞ്ഞുകൊണ്ടിരുന്നു
തിരിച്ചുള്ള യാത്രയിൽ അവർ മൗനിയായിരുന്നു. കണ്ണാടിയിൽ കൂടി ഞാനവരെ ശ്രദ്ധിച്ചു. പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുകയാണവർ. ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരി ഉണ്ട്‌. പെട്ടെന്നവരുടെ നോട്ടം എന്റെ നേർക്ക് നീണ്ടു. ഞാൻ പൊടുന്നനെ നോട്ടം മാറ്റി.
..ഇന്ന് പോയത് നന്നായി വിനോദെ.. പിണക്കം മനസ്സിൽ വെച്ചു പോയിരുന്നെങ്കിൽ മോശമായേനെ..
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.
തിരിച്ചുള്ള യാത്രയിൽ അളകനന്ദ അവരുടെ പുതിയ ജോലിസ്ഥലം
ഇടുക്കിജില്ലയിലാണെന്ന് പറഞ്ഞു .
..ഏകാന്തജീവിതത്തിനു ഇതിലും നല്ല സ്ഥലം വേറെയില്ല വിനോദെ.. സമയം കിട്ടുമ്പോൾ അങ്ങോട്ടൊക്കെ വരണം..
ക്വാർട്ടേഴ്സിലെ നന്ത്യാർവട്ടച്ചെടിയുടെ മുന്നിൽ കാർ നിർത്തി. അതിൽ വെളുത്ത പൂക്കൾ വിടർന്നു നിൽക്കുന്നു.
..പോട്ടെ വിനോദെ.. ഇനിയും കാണാം..
കയ്യിലിരുന്ന ബാഗിൽ നിന്നും പേരക്ക ജൂസും മിട്ടായിയും പുറത്തെടുത്തു നീട്ടിക്കൊണ്ട് അവർ പറഞ്ഞു.
----------------------------------
ഞാൻ കാറിൽ ഇന്നലെ മറന്നുവെച്ച പേരക്കാ ജൂസിലേക്കും മിട്ടായിലേക്കും സംശയത്തോടെ നോക്കി
സിറ്റി ഹോസ്പിറ്റലിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ.
ശേഖരേട്ടന്റെ വീട്ടിലേക്ക് ഇന്നലെ അളകനന്ദ പോയപ്പോഴും പേരക്ക ജൂസാണ് കൊണ്ടുപോയത്.
പത്രത്തിലെ മുൻപേജിലെ വാർത്ത ഒരിക്കൽ കൂടി എന്റെ മനസ്സിൽക്കൂടി ഓടിമറയാൻ തുടങ്ങി . ഭക്ഷണത്തിൽ വിഷം കലർത്തുകയാണത്രെ പെൺകൊലയാളികൾ തിരഞ്ഞെടുക്കുന്ന ആദ്യത്തെ തന്ത്രം. കല്യാണം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ നടന്ന അളകനന്ദയുടെ ഭർത്താവിന്റെ മരണം സംശയിക്കപ്പെടേണ്ടതാണെന്നെനിക്കു തോന്നി. സിരകളിൽ ഒരുതരം ഭയപ്പെടുത്തുന്ന തണുപ്പ് എനിക്കനുഭവപ്പെട്ടു . വണ്ടിയിലെ എ.സിയിലും ഞാൻ വിയർക്കാൻ തുടങ്ങി.
മനസ്സിൽ കൂടി പല ചിന്തകളും കടന്ന് പോകാൻ തുടങ്ങി..
കാറിനു തീരെ സ്പീഡ് പോരെന്നു തോന്നി.
നല്ല ട്രാഫിക് ഉണ്ട്‌. തിരക്കുള്ള മണിക്കൂറുകൾ ആണ്. .
----------------------------------
ഐ സി യൂ വിന്റെ പുറത്ത് സാമാന്യം നല്ല ജനത്തിരക്കുണ്ട്. കാക്കി യൂണിഫോമിലുള്ള ഒന്നുരണ്ട് പോലീസുകാർ അവിടെയുണ്ട്.
ഞാൻ ആൾക്കൂട്ടത്തിനിടയിൽ പരിചയമുള്ള മുഖം തിരഞ്ഞു.
ആരെയും കണ്ടില്ല
അവസാനം ഡോക്ടറെ നേരിൽ കണ്ടു .
..സുയിസൈഡൽ അറ്റംപ്റ്റ് ആണ്.. മുൻപും ഇയാൾ ശ്രമിച്ചിട്ടുണ്ട്.. മാനസികമായി അത്ര നല്ല സ്ഥിതിയിലായിരുന്നില്ല ശേഖരൻ...
ഡോക്ടർ പറഞ്ഞു.
..പുറത്ത് പോലീസുകാരും സ്റ്റേറ്റ്മെന്റ് എടുക്കാൻ കാത്തുനിൽക്കുന്നുണ്ട്..
..ഇപ്പോഴും സ്ഥിതി ക്രിട്ടിക്കൽ ആണ്.. ഒന്നും പറയാറായിട്ടില്ല.
അയാൾ ചെവിയിലെ സ്തെതസ്കോപ്പ് ഊരിവെച്ചു പോലീസുകാരോട് അകത്തേക്ക് വരാൻ പറഞ്ഞു.
എനിക്കവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കുറച്ചുനേരം കൂടി അവിടെ കാത്തുനിന്ന് ഞാൻ പുറത്തേക്കിറങ്ങി.
സംഘർഷഭരിതമായിരുന്ന മനസ്സിൽ അളകനന്ദ വശ്യമായി ചിരിച്ചുകൊണ്ട് സയനൈഡ് കലർത്തിയ പേരക്ക ജൂസ് നീട്ടുന്നു. ഞെട്ടി തലകുടഞ്ഞ ഞാൻ സ്ഥലകാലബോധം വീണ്ടെടുത്ത് വണ്ടിയിലെ ദിനപത്രം ചുരുട്ടി പുറത്തേക്കെറിഞ്ഞു.
അല്ലെങ്കിലും ചില വാർത്തകൾ അങ്ങനെയാണ്.നമ്മുടെ ബോധമണ്ഡലത്തെ അത് വല്ലാതെ സ്വാധീനിച്ചേക്കാം.അളകനന്ദയെക്കുറിച്ചുള്ള എന്റെ ധാരണകൾ തെറ്റായിരുന്നു.
ഓടയിലെ ചെളിയിൽ ലില്ലി മാത്യു വിശ്രമം കൊള്ളുന്നത് കണ്ടുകൊണ്ട് ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.
മടക്കയാത്രയിൽ ഞാൻ ഒരു ചെറു ചിരിയോടെ വണ്ടിയിലെ ഡാഷ്ബോർഡിൽ ഇന്നലെ മറന്നുവെച്ച ആ പേരക്കജൂസ്‌ കൈയ്യിലെടുത്ത് ഒരുകവിൾ വായിലേക്ക് കമഴ്ത്തി..
....പൊള്ളുന്ന എരിവായിരുന്നു അതിന്.. !!
അന്നനാളത്തെ എരിയിച്ചുകൊണ്ട് ഒരു തീപ്പന്തം കണക്കെ അത് താഴോട്ട് നീങ്ങുന്നത് ഞാനറിഞ്ഞു...
മുന്നിലെ കാഴ്ചകൾ മങ്ങിത്തുടങ്ങുന്ന ആ നിമിഷത്തിൽ ഞാൻ ഒരു സംഭവം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു
..മൂന്നുമാസങ്ങൾക്കു മുൻപൊരു രാത്രിയിൽ അളകനന്ദയെ വഴിയിലിറക്കി വിട്ടതും മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ശേഖരേട്ടൻ അത് വഴി വന്ന് അവർക്ക് ലിഫ്റ്റ് കൊടുത്തതും..
എന്റെ ലക്ഷ്യം വ്യക്തമായിരുന്നു. ജീവിതത്തിൽ ആരുമില്ലാത്ത ശേഖരേട്ടന് അളകനന്ദയുമായി ബന്ധം സ്ഥാപിക്കാൻ അവസരമൊരുക്കുക.. അവരെ ഒന്നിപ്പിക്കുക.
..പക്ഷെ ശേഖരേട്ടൻ അത് നല്ല രീതിയിലല്ല കൈകാര്യം ചെയ്തത്..
..നമ്മൾ കണക്കുകൂട്ടിയതുപോലെയായിരിക്കില്ല ചില മനുഷ്യരും അവരുടെ പ്രവൃത്തികളും .....
അവസാനിച്ചു
ശ്രീ
12/10/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo