Slider

നിഴലായ്‌ മാത്രം. - Part 42

0

അധ്യായം - 42
ധ്വനി
കാറ്റിൽ അവളുടെ മുടിയിഴകൾ പാറി.
ചുണ്ടിൽ നനുത്ത മന്ദഹാസം തങ്ങി നിന്നു.
പൊന്നേത്ത് തെക്കേ മനയിലെ മുകൾനിലയിലെ ബെഡ് റൂമിലെ വലിയ പോർട്രെയ്റ്റ് പോലെ ..
അതേ വെളുത്ത ഗൗൺ അണിഞ്ഞ്
അതേ ഭാവം
അതേ വശ്യത
"പേടിച്ചുപോയോ"
അവരെ നോക്കി ധ്വനി ചോദിച്ചു.
തല ചുറ്റുന്നത് പോലെ തോന്നി നേഹയ്ക്ക്.
തോന്നലായിരുന്നില്ല
അടുത്ത നിമിഷം അവൾ ചാഞ്ഞ് നിലത്തേക്ക് വീണു.
ബോധം കെട്ടില്ലെങ്കിലും അതേ മാനസികാവസ്ഥയിലായിരുന്നു സ്വാതിയും ജാസ്മിനും
പൂക്കുല പോലെ അവരുടെ ദേഹം വിറച്ചു
പല്ലുകൾ കൂട്ടിയിടിച്ചു.
മുന്നിലിരിക്കുന്നത് മരിച്ചു പോയവളാണ്.
അവളുടെ ശവം തെക്കേത്തെ തൊടിയിൽ സംസ്കരിക്കുന്നതിന് സാക്ഷിയായവരാണ് തങ്ങൾ.
അവൾ ഒരു പ്രേതാത്മാവായി മുന്നിലിരിക്കുന്നു.
"നേഹ "
ധ്വനി കൈ നീട്ടി
ആ നിമിഷം നേഹ കണ്ണു ചിമ്മിത്തുറന്നു
ഒരു ഭയാനക സ്വപ്നത്തിൽ നിന്നുണർന്നത് പോലെ വിളറിപ്പോയിരുന്നു അവളുടെ മുഖം
ആരും സഹായിക്കാതെ തന്നെ അവൾ എഴുന്നേറ്റിരുന്നു.
"ധ്വനി "
മന്ദഹാസത്തോടെ ദുർഗ അവരെ നോക്കി
"ഇതാണ് ധ്വനി.. എന്റെ കൂട്ടുകാരി.. നിങ്ങളെ പോലെ എനിക്ക് പ്രിയപ്പെട്ടവൾ "
ജാസ്മിന്റെ മുഖത്ത് നിന്നും വിയർപ്പു ചാലുകൾ പിറവിയെടുത്തു.
"കൈയ്യിൽ കെട്ടിയിരിക്കുന്ന ഏലസുകൾ നഷ്ടപ്പടാതെ നോക്കുക. "
ദുർഗ പറഞ്ഞു.
ചലിക്കാനാവാതെ ഇരിക്കുകയായിരുന്നു ജാസ്മിനും നേഹയും സ്വാതിയും
" എനിക്ക് ഭ്രാന്താണെന്ന സംശയം മാറിയല്ലോ "
ദുർഗ നേർത്ത മന്ദഹാസത്തോടെ അവരെ നോക്കി.
" മതി .. ധ്വനി.. അവരാക്കെ ഭയന്നിട്ടുണ്ട്. നീ പോ.. പിന്നെ കാണാം "
ദുർഗ ധ്വനിയുടെ ചുമലിൽ കൈവെച്ചു.
ധ്വനി നീരാവി പോലെ അന്തരീക്ഷത്തിൽ അലിഞ്ഞത് കണ്ട് പെൺകുട്ടികൾ പരിഭ്രമിച്ചു.
"ദുർഗാ.." നേഹ വിതുമ്പലോടെ അവളെ നോക്കി
"ഒന്നും വേണ്ടിയിരുന്നില്ല. അല്ലേ മോളേ ".
"വേണം .. "കുറ്റബോധത്തിന്റെ സ്വരമായിരുന്നില്ല ദുർഗയുടേത്.
"നിങ്ങൾക്ക് അവളെ കാണിച്ചു തരണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.. കാരണം നിങ്ങൾ അറിയാത്തതായി എന്റെ ലൈഫിൽ ഒന്നുമുണ്ടായിരുന്നില്ല. ഒന്നും "
അവളുടെ മിഴികൾ നിറയുന്നത് വല്ലായ്മയോടെ അവർ കണ്ടു.
"എങ്കിലും തങ്കം.. ഈ മച്ചകത്ത് വെച്ച് ഒരു ദുഷ്കർമ്മം .. എവിടെ കൊണ്ടുപോയി തീർക്കും നമ്മൾ ഈ പാപമൊക്കെ ".
സ്വാതിയുടെ ചോദ്യം നേഹയേയും ജാസ്മിനെയും ഉലച്ചു.
" സംഭവിച്ചതെല്ലാം നല്ലതിന് "
ദുർഗ നിലവിളക്കണച്ചു.
"പ്രായശ്ചിത്ത കർമ്മങ്ങൾ ഉടൻ തുടങ്ങില്ലേ... അതോടെ ഇന്നേ വരെയുള്ള പാപങ്ങൾക്കെല്ലാം അറുതിയാകും... മനസുരുകി പ്രാർഥിക്കുന്നുണ്ട് ഞാൻ ".
ദുർഗ മുഖമുയർത്തി.
" പൊയ്ക്കോളൂ.. ദാ.. ഈ എള്ളും പൂവും കുളത്തിൽ ഒഴുക്കി കളയണം.
നാല് മുങ്ങിക്കയറണം.. കേട്ടോ ''.
" തങ്കം വരുന്നില്ലേ "
ജാസ്മിൻ അവളെ നോക്കി.
"ഇന്നത്തെ പാപകർമ്മത്തിന് ഇന്ന് തന്നെ ക്ഷമാപണം ചെയ്യണം... കുറേ വിധികളുണ്ട്... ഞാനതെല്ലാം കഴിഞ്ഞിട്ട് വരാം "
അവർ എഴുന്നേറ്റു.
മച്ചകത്തിന്റെ പുറത്തിറങ്ങിയപ്പോൾ വാതിൽ താനേ അടഞ്ഞു.
അവർച്ചറ്റുവരാന്തയിലൂടെ ചെല്ലുമ്പോൾ ഓട്ടുമണി ഞാത്തിയിട്ട തൂണ്ടിനരികെ ധ്വനിയെ കണ്ടു.
കാറ്റിൽ പറക്കുന്ന മുടിയിഴകൾ
ഒരു നിഴൽ ചിത്രം പോലെ അവൾ നിൽക്കുന്നു.
മൂന്നു പേരുടെയും കാൽമുട്ടുകൾ വിറച്ചു.
ധ്വനി അവരെ നോക്കി മന്ദഹസിച്ചു.
അന്നേരം അവളുടെ കോമ്പല്ലുകളിൽ നിന്നും രക്തം നിലത്തേക്കിറ്റു.
പെൺകുട്ടികൾ നടുക്കി വിറച്ചു.
നോക്കി നിൽക്കവേ ധ്വനി മാഞ്ഞുപോയി.
ദുർഗയില്ലാതെ കുളക്കടവിലേക്ക് ചെല്ലാൻ ഭയം തോന്നിയെങ്കിലും അവർ പെട്ടന്ന് മുങ്ങി നിവർന്നു.
" സംഭവിച്ചതൊന്നും സത്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല .. " പടവുകൾ കയറി വരുമ്പോൾ ജാസ്മിൻ പറഞ്ഞു.
" ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നുകയാ എനിക്ക് "
"പക്ഷേ എനിക്കതല്ല തോന്നുന്നത്.ഇന്നു വരെ തങ്കത്തെ വിശ്വസിക്കാൻ നമ്മൾ തയാറായില്ല. ഇപ്പോൾ ധ്വനി ഒരു ഭ്രാന്തു കഥയല്ല എന്ന് നമ്മൾക്കും ബോധ്യപ്പെട്ടു. നാളെ എന്തുണ്ടായാലും നമ്മുടെ ദൃഷ്ടിയിൽ കൂടി ധ്വനിയുണ്ട്. അതൊരാശ്വാസമല്ലേ "
നേഹ അവരെ നോക്കി.
"എനിക്കു വല്ലാത്ത ഭയം തോന്നുന്നു".
സ്വാതി ആധിയോടെ അവരെ നോക്കി.
മാപ്പു തരില്ലാന്ന് മനസു പറയുന്നു."
"ധ്വനിയെ എനിക്കത്ര വിശ്വാസമായിട്ടില്ല". എന്തോ ആലോചിച്ചു നടന്നു വന്ന ജാസ്മിൻ പറഞ്ഞു.
"ദുർഗയ്ക്ക് മുന്നിൽ മാത്രമേ അവൾക്ക് സാമ്യതയുള്ളൂ.. അവളോടല്ലാതെ ആരോടും അവൾക്ക് വിധേയത്വമില്ല. ദുർഗയോട് തന്നെ എത്ര നാൾ .. "
"ഓർക്കുമ്പോൾ പേടിയാകുന്നു."
സ്വാതിയുടെ ശബ്ദം വിറച്ചു.
അപ്പോൾ തന്റെ ചുമലിൽ ആരോകൈ വെച്ചതായി അവൾക്ക് തോന്നി.
സ്വാതി മുഖം ചെരിച്ചു നോക്കി.
നീണ്ട നഖങ്ങളുള്ള ഒരു കൈപ്പത്തി .
കൈപ്പത്തി മാത്രം.
" അയ്യോ.. ആ.. "സ്വാതി നടുങ്ങി നിലവിളിച്ചു.
അവളുടെ നിലവിളി വലിയേടത്താകെ പ്രതിധ്വനിച്ചു.
"എന്താ ഇവിടെ... കുട്ട്യോളേ എന്താ പറ്റിയേ "
കാര്യസ്ഥൻ കൃഷ്ണൻ ഓടിയെത്തി.
"എന്താ എന്താ " അവർക്കരികിലെത്തി
"ഒരു... ഒരു കൈ "
അവർ ഒന്നിച്ചാണ് നിലവിളിച്ചത്.
" തോന്നിയതാകുംന്നേ... ഭയക്കണ്ട ".
അയാൾ ചിരിച്ചു കൊണ്ട് നേഹയെ നോക്കി.
" പോയി മുറീലിരുന്നോളു ... തങ്കക്കുട്ടി എവിടെ.." ?
" മച്ചകത്താണ്.. "
സ്വാതി പറഞ്ഞു.
"ഈ നേരത്തോ .." അയാൾ ആശങ്കയോടെ നിന്നു.
....... ...... ......
ആശുപത്രിയിൽ നിന്നും വേദവ്യാസിനെ വലിയേടത്തേക്കാണ് കൊണ്ടു വന്നത്.
"ഇവിടെയാണെങ്കിൽ രുദ്രക്കുട്ടിക്ക് ഈ കുട്ടികളൊക്കെ ഒരു സഹായാകും.പിന്നെ ഒരാഴ്ചയ്ക്ക് മുമ്പ് ദത്തൻ കുട്ടനും വരില്ലേ "
വലിയേടത്ത് നിർബന്ധിച്ചു.
" ശരിയാണ്". കിഴക്കേടത്ത് സമ്മതിച്ചു.
"ഇന്നു മുതൽ പ്രായശ്ചിത്ത പൂജ തുടങ്ങണം. അതിലേക്ക് ഞാനും അവിടെ എത്തണംല്ലോ. അപ്പോൾ സൗകര്യം അതു തന്നെ "
രവി മേനോനും ഊർമിളയും അവരോടൊപ്പം വലിയേടത്തേക്ക് വന്നു.
താഴത്തെ നിലയിലെ ഒരു അറയാണ് താത്ക്കാലികമായി വേദവ്യാസിനു വേണ്ടി ഒഴിച്ചിട്ടത്.
കാറും കോളും നീങ്ങി പ്രകാശമാനമായിരുന്നു രുദ്രയുടെ മുഖം.
"എനിക്കെന്റെ വ്യാസേട്ടനെ ജീവനോടെ കിട്ടണന്നേ ഉണ്ടായിരുന്നുള്ളു.പരദേവകൾ എന്റെ പ്രാർഥന കേട്ടല്ലോ. അതു മതി"
രുദ്ര എല്ലാവർക്കു മുന്നിലും അവളുടെ മനസ് തുറന്നു കാട്ടി.
"പ്രണയം"
കട്ടിലിന്റെ ക്രാസി യിലേക്ക് ചാരിയിരുന്ന് കാൽ കിടക്കയിൽ നീട്ടിവെച്ച് വേദവ്യാസ് ചിരിച്ചു.
" കടുത്ത പ്രണയം.. അല്ലേ രവി മാമാ''.
"അതെയതെ.. ഹണിമൂൺ കാലമല്ലേ.. അതൊക്കെ ഉണ്ടാകും "രവി മേനോൻ ഉറക്കെ ചിരിച്ചു.
രുദ്രയുടെ കവിൾ ചുവന്നു.അവൾ ശാസനയോടെ അവനെ നോക്കി.
" എന്നെ നോക്കി കണ്ണുരുട്ടണ്ട .. എല്ലാവർക്കും മനസിലായി തന്നെ "
അതോടെ രുദ്ര ചമ്മലോടെ പുറത്തേക്ക് പോന്നു.
"ഇനിയിപ്പോ കാൽ ശരിയാകുന്നത് വരെ കിടപ്പു തന്നെ കിടപ്പ്.. ബോറടിക്കും അല്ലേ വ്യാസ് "
ഊർമിള അടുത്തുവന്ന് സഹതപിച്ചു.
" ഒരു ടി.വി കൊണ്ടുവന്ന് ഇവിടെ വെക്കാൻ പറയാം... തത്ക്കാലം ഹാളിലിരിക്കണത് കൊണ്ടു വെക്കട്ടെ .. വല്ലതും കണ്ടു കൊണ്ട് കിടക്കാലോ ''.
വലിയേടത്ത് ക്യഷ്ണനെ അന്വേഷിച്ച് പുറത്തേക്ക് പോയി.
അര മണിക്കൂറിനകം തന്നെ കൃഷ്ണൻ ആളെ വരുത്തി.
ടി.വി വേദവ്യാസിന് കാണാൻ കഴിയുന്നത് പോലെ വെച്ചു.
"എന്തായാലും ന്യൂസ് ഒന്നു കണ്ടു നോക്കാം അല്ലേ."
രവി മേനോൻ അത് പ്രവർത്തിപ്പിച്ചു.
കണ്ട് അവർ അത്ഭുതപ്പെട്ടു പോയി.
അമേരിക്കൻ ടൈം എന്ന പരിപാടിയായിരുന്നു അത്.
'പവിത്രയെയും ദേവദത്തനെയും പകലാമണ്ഡലം പാർവതി നമ്പ്യാരെയും ഉൾപ്പെടുത്തിയ ഇന്റർവ്യൂ .
"വേഗം വരൂ ... ദാ.. പവീം ദത്തനും ടിവീല് "
ഊർമിള ബഹളം കൂട്ടി.
എല്ലാവരും ഓടിയെത്തി
വലിയേടത്ത് ഒരു കസേര വലിച്ചിട്ടിരുന്നു
'അമേരിക്കന്‍ മലയാളി കള്‍ച്ചറല്‍ സൊസൈറ്റിയുടെ പുതുമുഖ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം നേടിയ മിസിസ് .കലാമണ്ഡലം
പവിത്രാ ദേവദത്തന് ഇപ്പോള്‍ എന്തു തോന്നുന്നു'
അവതാരകായായ പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് നിറചിരിയുമായി പവിത്ര ദേവദത്തനെ നോക്കുന്നു.
ടെലിവിഷന്‍ സ്‌ക്രീനില്‍ കൂടുതല്‍ മനോഹരിയായിരുന്നു അവള്‍.
' പറയു' എന്ന് ദേവദത്തന്‍ അവളെ ആംഗ്യം കാട്ടുന്നത് കണ്ടു.
' സന്തോഷം.. സത്യത്തില്‍ സീതാ രാമായണം എന്ന ഈ നൃത്തശില്‍പ്പത്തില്‍ ഞാന്‍ സഹ നര്‍ത്തകി മാത്രമാണ്. ഊര്‍മിള..പ്രധാന കഥാപാത്രം സീതയായിരുന്നു എന്നിട്ടും ഈ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതിന് എല്ലാവര്‍ക്കും നന്ദി.'
അവളുടെ മന്ദഹാസത്തോടെയുള്ള ശബ്ദം അവര്‍ കേട്ടു.
' ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക.. ഇന്ത്യയില്‍ അതൊരു നല്ല തുകയാണ്'
അവതാരകയുടെ കുസൃതിച്ചിരി.
' അതിനും നന്ദിമാത്രം..'
പവിത്ര കൈകൂപ്പുന്നത് അവര്‍ കണ്ടു.
കണ്ണുകള്‍ പ്രാര്‍ഥന പോലെ കൂമ്പിയടയുന്നു.
' ബോളിവുഡ് നായികമാരെ സുന്ദരിയായ നര്‍ത്തകി.. മിസ്റ്റര്‍ ദേവദത്തന്‍ ഭാര്യയെ നാളെ സിനിമയില്‍ പ്രതീക്ഷിക്കാമോ'
അവതാരക ദേവദത്തന് നേരെ തിരിയുന്നു.
' അവളുടെ ഇഷ്ടം.. അവളുടെ കരിയര്‍ അവള്‍ തീരുമാനിക്കട്ടെ'
ദേവദത്തന്റെ പുഞ്ചിരി സ്‌ക്രീനിലാകെ നിറഞ്ഞു.
പിന്നെ സീതാരാമായണത്തിലെ പവിത്രയുടെ ഊർമിള വേഷത്തിന്റെ രംഗങ്ങൾ.
അതു കഴിഞ്ഞും അവതാരക അവളെ നോക്കി
' പവിത്ര.. നാളെ വെള്ളിത്തിരയിലെ നായികയായി പ്രതീക്ഷിക്കാമോ'
ചോദ്യം അവള്‍ക്കു നേരെയായി.
' നര്‍ത്തകിയായി മാത്രം അറിയപ്പെടാനാണ് ഇഷ്ടം'
്അവളുടെ മറുപടി കേട്ടു.
' അപ്പോള്‍ അമേരിക്കയിലേക്ക് ഇടയ്ക്കിടെ പ്രതീക്ഷിക്കാം അല്ലേ.. സീതാ രാമായണത്തിന് പതിഞ്ചിലേറെ വേദികള്‍ ലഭിച്ചെന്നാണ് കേട്ടത്.. ഇനിയും നമ്മള്‍ തമ്മില്‍ നിരവധി മുഖാമുഖങ്ങള്‍ വേണ്ടിവരും.. താങ്ക്യൂ പവിത്ര ആന്‍ഡ് ദേവദത്തന്‍'
പവിത്രയുടെ വശ്യമായ മന്ദഹാസത്തോടെ ആ പ്രോഗ്രാം അവസാനിച്ചു.
വലിയേടത്ത് അപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുകയായിരുന്നു.
' അവള്‍ നന്നായി വരുമെന്ന് എനിക്കറിയായിരുന്നു.. കണ്ടോ ശ്രീധരാ.. സര്‍വം ഈശ്വരനിലര്‍പ്പിച്ച് അവള്‍ കഴിഞ്ഞതിന്റെ നന്മ'
അയാള്‍ അനിയനെ നോക്കി
കണ്ടതൊന്നും വിശ്വസിക്കാനാവാത്ത ഭാവമായിരുന്നു അയാളുടെ മുഖത്ത്.
' ദേവനിതൊന്നും അറിയിച്ചു കൂടിയില്ല'
വലിയേടത്ത് പരിഭവിച്ചു.
' എന്റെ ഫോണിലേക്ക് നാലുതവണ വിളിച്ചിട്ടുണ്ട്.. ഡിസ്ചാര്‍ജാകുന്ന തിരക്കില്‍ ശ്രദ്ധിച്ചില്ല'
വേദവ്യാസ് കുറ്റബോധത്തോടെ പറഞ്ഞു.
' എന്നെയും വിളിച്ചിട്ടുണ്ട് .. വ്യാസ് പറഞ്ഞത് പോലെ അന്നേരത്തെ തിരക്കില്‍ ശ്രദ്ധിച്ചില്ല' രവിമേനോനും പറഞ്ഞു.
' പവിയേട്ടത്തിയ്ക്ക് എന്തൊരു ക്യാമറാ ഫേസാണല്ലേ..അതിന് മുന്നില്‍ വരില്ല ഒരു സീതയും'
ജാസ്മിന്‍ അത്ഭുതത്തോടെ പറഞ്ഞു.
' ഭംഗിയില്ലാത്തതായി ആരുംല്യാ.. ഒന്നുമില്ല... ഈശ്വര സൃഷ്ടികളൊക്കെ സുന്ദരമാണ്'
ശ്രീധരന്‍ ഭട്ടതിരി പറഞ്ഞു.
' നിങ്ങളെ കാണാനെന്താ മോശം.. തങ്കത്തിനെ കണ്ടാല്‍ അവളുടെ അമ്മ ഭാഗിരഥിയെ പറിച്ചു വെച്ചത്‌പോലെ തന്നെ.. അവള്‍ മണ്‍മറഞ്ഞെങ്കിലും തങ്കത്തെ അടുത്തു കാണുമ്പോള്‍ അവളെ കണ്ടതു പോലെ തോന്നും.'
ദുര്‍ഗ അയാളെ നോക്കി ചിരിച്ചു.
മരിച്ചു പോയ സഹോദരിയെ കുറിച്ചോര്‍ത്തപ്പോള്‍ വലിയേടത്തിന്റെ കണ്ണുകളും ഈറനായി.
' ദത്തനെന്നു വരും'
രവിമേനോന്‍ വിഷയം മാറ്റി.
' കൃത്യം അഞ്ചാം ദിവസമെത്തും കുട്ടന്‍.. അതുവരെ പിടിപ്പത് ജോലിണ്ട് ഇവിടെ..'
വലിയേടത്ത് നിശ്വസിച്ചു.
' പ്രായശ്ചിത്ത പൂജയ്ക്ക് മുന്നോടിയായുള്ള എല്ലാ പൂജകളും ഇന്നു മുതല്‍ തുടങ്ങണം.. ദത്തന്‍ വരുന്ന അന്ന് തന്നെയാണ് പ്രായശ്ചിത്തപൂജയ്ക്ക് സമയം കുറിച്ചിരിക്കണത്.. അതോടെ എല്ലാം ശരിയാകുമെന്ന് എന്റെ മനസ് പറയണു'
' ഊണു കാലായച്ചാല്‍ എടുത്തോളു.. വിശപ്പായി'
വലിയേടത്ത് ദുര്‍ഗയെ നോക്കി.
' ഞാനൊരു മത്തങ്ങ എരിശേരീം രസവും കാളനും കൂടി പെട്ടന്നുണ്ടാക്കീട്ടുണ്ട്.. '
രുദ്ര അവിടേക്കു വന്നു.
' കുട്ടികള്‍ എന്തൊക്കെയോ ഉണ്ടാക്കി വെച്ചി്ട്ടുണ്ട്.. അതുംണ്ടാവും.. കൈകഴുകി വന്നോളു'
അവള്‍ പറഞ്ഞു.
രവിമേനോനും ഊര്‍മിളയും ചുറ്റുവരാന്തയിലേക്ക് ഇറങ്ങിച്ചെന്നു.
വേദവ്യാസ് തിരിഞ്ഞു നോക്കിയപ്പോൾ മുറിയിൽ ദുർഗ മാത്രം.
മേശപ്പുറത്ത് പുസ്തകങ്ങൾ അടുക്കി വെക്കുകയായിരുന്നു അവൾ
അയാളുടെ നോട്ടമേറ്റ് പൊടുന്നനെ അവളുടെ മുഖം മങ്ങി
" ചെയ്തതെല്ലാം അറിയാഞ്ഞിട്ടല്ല.. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് കരുതുന്നു. അതങ്ങനെ അല്ലാന്ന് വെച്ചാൽ കല്ലുമ്മേൽ കല്ല് ശേഷിക്കാതെ ഈ മന മുടിയും .. മനസിലാകുന്നുണ്ടോ തങ്കത്തിന് " .
ദുർഗയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ പുറത്തേക്കിറങ്ങിപ്പോന്നു.
"പരദേവകളേ .. ഒന്നും വരുത്തരുതേ " മനസ് പ്രാർഥനയിൽ അഭയം തേടി
"ഇല്ല .. ഒന്നുമുണ്ടാവില്ല.. ഒരുവൾക്ക് തുണനിന്നുവെന്നല്ലാതെ തെറ്റൊന്നും ചെയ്തിട്ടില്ല ദുർഗ "
അവൾ ആശ്വസിക്കാൻ ശ്രമിച്ചു.
അവൾ ഇറങ്ങി കൂട്ടുകാരികൾക്കൊപ്പമെത്തി
അവർക്കു മുന്നിലായിരുന്നു രവി മേനോനും ഊർമിളയും
തെക്കിനിയില്‍ ഇറയത്തോട് ചേര്‍ന്ന് കടുംചുവപ്പ് നിറമുള്ള തെച്ചിപ്പൂക്കളുടെ ഒരു കാട് തന്നെയുണ്ടായിരുന്നു.
ഊര്‍മിള അതിലൊരു കുല പൂവിനെ വാത്സല്യത്തോടെ തഴുകി
അപ്പോള്‍ ഒരു വലിയ മഞ്ഞ നിറമുള്ള ചിത്രശലഭം പറന്നു വന്ന് അവരുടെ ചുമലിലിരുന്നു.
' രവിയേട്ടാ'
ഊര്‍മിള കൗതുകത്തോടെ വിളിച്ചു.
ഊര്‍മിളയുടെ മൂക്കിന്‍ തുമ്പത്തും ചുണ്ടിലും കവിളിലും മാറിമാറി വന്നിരിക്കുകയാണ് അത്.
' ആഹാ.. ശലഭത്തിന് നിന്നെ വലിയ ഇഷ്ടായെന്ന് തോന്നണല്ലോ'
രവി മേനോൻ അത് പറഞ്ഞപ്പോഴേക്കും ശലഭം അയാൾക്ക് നേരെ പറന്നു.
വരാന്തയിലേക്ക് ഇറങ്ങി വന്ന ദുർഗയും നേഹയും സ്വാതിയും ജാസ്മിനും കണ്ടു.
വെളുത്ത ഫ്രോക്കണിഞ്ഞ് രവി മേനോന്റെ കവിൾമൃദുവായി പിച്ചിപ്പറിക്കുന്ന ധ്വനി. ചിത്രശലഭമായി അവളെ കാണുന്നുണ്ടെങ്കിലും അത് മകളാണെന്നറിയാതെ കൗതുകത്തോടെ അതിനെ പിടിക്കാൻ ശ്രമിക്കുന്ന ഊർമിളാൻറിയും രവിയങ്കിളും
" പാവം''
ദുർഗ അവളെ നോക്കി മന്ത്രിച്ചു.
" നമ്മെ പോലെ ഒരു പെൺകുട്ടിയായിരുന്നില്ലേ അവൾ... "
ദുർഗയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
നേഹയും ജാസ്മിനും സ്വാതിയും സഹതാപത്തോടെ നോക്കി നിന്നു.
ധ്വനി അവരെ കണ്ടു.
കരച്ചിൽ കലർന്ന ഒരു ചിരി അവളുടെ മുഖത്തുണ്ടായി.
അവൾ നടു മുറ്റത്തേക്കിറങ്ങി നടന്നു.
"ആ ശലഭം പോയി "
ഊർമിള ചിരിയോടെ രവി മേനോനെ നോക്കി.
" ശരിക്കും എനിക്ക് ധ്വനി മോളെ ഓർമ വന്നു. നമ്മുടെ കവിൾ പിച്ചിപ്പറിച്ച് ഓടിപ്പോകുന്ന അതേ ഒരു ഫീൽ.. "
രവി മേനോൻ ഒന്നും പറഞ്ഞില്ല.
അയാളും അതു തന്നെയായിരുന്നു ചിന്തിച്ചത്.
അവൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഈ കുട്ടികളെ പോലെ ഓടിപ്പാഞ്ഞു നടന്നേനെ.
തന്റെ കൈവിരലിൽ തൂങ്ങി ഒരുണ്ണി പിച്ചവെച്ചേനെ ഇപ്പോൾ.
ധ്വനിമോളുടെയും മഹേഷ് ബാലന്റയും കുഞ്ഞ്.
രവി മേനോൻ അതു ചിന്തിച്ചപ്പോഴേക്കും പടിപ്പുരയിൽ ഓട്ടു മണി മുഴങ്ങി.
" വിരുന്നുകാരുണ്ട് "
ഭക്ഷണം കഴിക്കാനെഴുന്നേറ്റു വരികയായിരുന്ന വലിയേടത്ത് ആകാംക്ഷയോടെ പടിപ്പുരയ്ക്ക് നേരെ നോക്കി.
" മഹേഷ് ബാലൻ"
അപ്പോഴേക്കും രവി മേനോൻ അവനെ കണ്ടു.
പടിപ്പുര കടന്ന് നടന്നു വരികയാണ് അവൻ.
" ഞാനിപ്പോ മഹിയെക്കുറിച്ച് ചിന്തിച്ചതേയുള്ളു".
അതിശയത്തോടെ അയാൾ പറഞ്ഞു.
"തങ്കം.. ഈ വരണത് ആരാണെന്ന് നോക്കൂ "
ഊർമിള തിരിഞ്ഞു നോക്കി വിളിച്ചു.
അവർക്കു പുറകെ വരികയായിരുന്ന ദുർഗയും സ്വാതിയും ജാസ്മിനും നേഹയും അവനെ കണ്ടു.
മുഖം നിറയെ പുഞ്ചിരിയുമായി മഹേഷ് അടുത്തേക്ക് വന്നു.
"നൂറായുസാണ് തനിക്ക് .. ഇപ്പോഴങ്ങ് ഓർത്തതേയുള്ളു"
രവി മേനോൻ ഹസ്തദാനത്തിന് കൈ നീട്ടി.
" ഒരു സെമിനാറിൽ പങ്കെടുക്കാൻ വേണ്ടി ഹൈദരാബാദിലായിരുന്നു. തങ്കം പറഞ്ഞ് വ്യാസേട്ടന്റെ വിവരമെല്ലാം അറിഞ്ഞു. അവരുടെ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം പുലർച്ചെയാണ് പുറപ്പെട്ടത്. തങ്കം വിളിച്ചത് നേരം പുലർന്നിട്ട് ...പിന്നെ പെട്ടു ... എനിക്കിവിടെ എത്താഞ്ഞിട്ട് ഒരു സമാധാനവും ഉണ്ടായിരുന്നില്ല"
രവി മേനോന്റെ കരം പിടിച്ചു കൊണ്ട് മഹേഷ് ബാലൻ പറഞ്ഞു.
പിന്നെ അവൻ വലിയേടത്തിന്റെ കാലടിയിൽ തൊട്ടു നമസ്ക്കരിച്ചു.
"നന്നായി വരും മോനേ "
വലിയേടത്ത് അവന്റെ ശിരസിൽ കൈവെച്ചു.
" കയറി വരൂ.. വ്യാസിനെ കണ്ടില്ലല്ലോ .. തങ്കം മഹിയെ കൊണ്ടുചെന്ന് കാണിക്കൂ"
അയാൾ ദുർഗയോട് കല്പിച്ചു.
ദുർഗ ആകെ പൂത്തുലഞ്ഞ് അവനെ നോക്കി
"വാ മഹിയേട്ടാ " അവൾ വിളിച്ചു.
ഷൂസ് ഊരി മുറ്റത്ത് വെച്ച് കിണ്ടിയിലെ വെള്ളം കൊണ്ട് പാദങ്ങൾ കഴുകി മഹേഷ് ബാലൻ അവൾക്കൊപ്പം ചെന്നു.
"മഹിയേട്ടാ " സ്വാതി ഓടി വന്ന് ജ്യേഷ്ഠനെ കെട്ടിപ്പിടിച്ചു.
മഹേഷ് ബാലൻ വാത്സല്യത്തോടെ അവളുടെ കവിളിലൊന്നു തൊട്ടു.
"ഏട്ടൻ വ്യാസേട്ടനെ ചെന്നു കാണട്ടെ.. പുറത്ത് കാറിൽ സ്വീറ്റ്സും ചോക്കലേറ്റ് മൊക്കെയുണ്ട്.ചെന്നെടുത്തോട്ടോ". അവൻ പറഞ്ഞു.
അപ്പോഴേക്കും നേഹയും ജാസ്മിനും പടിപ്പുരയ്ക്ക് നേരെ ഓടിക്കഴിഞ്ഞു.
" നിൽക്ക് ഞാനും വരുന്നു". സ്വാതിയും അവർക്ക് പിന്നാലെ ഓടി.
"കുറുമ്പ് മാറീട്ടില്ലാ."വലിയേടത്ത് വാത്സല്യത്തോടെ ചിരിച്ചു.
"എന്നാൽ പിന്നെ ഞങ്ങൾ ഊണു കഴിക്കട്ടെ.. തങ്കവും മഹിയും ഒന്നിച്ചിരുന്നോളു ''
വലിയേടത്ത് പറഞ്ഞു.
" ശരി" ദുർഗ ലോകം വെട്ടിപ്പിടിച്ച സന്തോഷത്തിലായിരുന്നു.
അവർ വേദവ്യാസിന്റെ റൂമിലേക്ക് ചെന്നു.
"മഹി ''അവനെ കണ്ട് വേദവ്യാസ് അത്ഭുതത്തോടെ വിളിച്ചു.
"വ്യാസേട്ടാ "മഹേഷ് ബാലൻ ചെന്ന് വേദവ്യാസിന്റെ കൈ പിടിച്ചു.
"ഓടിയെത്താൻ കഴിയാത്തതിൽ ക്ഷമിക്കണം ഞാൻ ഇവിടുണ്ടായിരുന്നില്ല"
" ഹൈദരാബാദിൽ സെമിനാർ അല്ലേ.. തങ്കം പറഞ്ഞിരുന്നു താനിവിടെ ഇല്ലെന്ന് .ഉണ്ടെങ്കിൽ താൻ പറന്നിവിടെ എത്തുമെന്ന് എനിക്കറിയാലോ."
വേദവ്യാസ് സൗഹൃദത്തോടെ ചിരിച്ചു.
"ഇരിക്ക് മഹി.. ഗോവണിയിൽ നിന്നൊന്നു വഴുതി വീണു.അത്രയുണ്ടായിട്ടുള്ളു".
" അതുമതിയല്ലോ പലതും സംഭവിക്കാൻ .ഇനിയെങ്കിലും ശ്രദ്ധിക്കുക " മഹേഷ് അൽപ്പം ശാസനയോടെണ് പറഞ്ഞത് .
" എല്ലാവരുടെയും പ്രാർഥനയില്ലേ കൂടെ.. എനിക്കൊന്നും വരില്ല "
വേദവ്യാസ് സമാധാനിപ്പിച്ചു.
" അറിഞ്ഞോ പവിയേട്ടത്തി അമേരിക്ക കീഴടക്കി "വേദവ്യാസ് തന്ത്രപൂർവം വിഷയം മാറ്റി.
പിന്നെ സംസാരം അതേക്കുറിച്ചായി.
മഹേഷ് ബാലൻ വേദവ്യാസിന്റ ചികിത്സാ രേഖകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചു.
" ശരിക്കും പുനർജന്മം"
വിസ്മയത്തോടെ അവൻ പറഞ്ഞു.
"ഒരിക്കലും രക്ഷപെടാൻ സാധ്യതയില്ലായിരുന്നു .. ഇനി പേടിക്കണ്ട.. എല്ലാം ശുഭം".
ഊണു കഴിഞ്ഞ് വലിയേടത്തും രവി മേനോനുമെല്ലാം തിരിച്ചെത്തി.
"എന്നാലിനി നിൽക്കുന്നില്ല. ഞാനും ഉമയും ഇറങ്ങുന്നു."
രവി മേനോൻ യാത്ര പറഞ്ഞു.
" ജ്വല്ലറിയിൽ നിന്ന് ഇതിപ്പോ നൂറാം തവണയാ വിളിക്കുന്നത്. ഇടംവലം തിരിയാൻ കഴിയണ്ടേ ". അയാൾ പരിഭവം പറഞ്ഞു.
"ബിസിനസൊക്കെ നിർത്തി സ്വസ്ഥമായിട്ട് ഇരുന്നു കൂടെ രവീ..ആർക്കു വേണ്ടിയാ സമ്പാദിക്കുന്നത് "
വലിയേടത്ത് അയാളെ ശാസിച്ചു.
"എന്റെ നാല് പെൺമക്കൾക്ക് വേണ്ടി.. ഒന്നല്ലേ പോയുള്ളു... ഇപ്പോ എനിക്ക് മക്കൾ നാലാണ്. എന്റെ തങ്കക്കുട്ടിയും സ്വാതി മോളും നേഹ മോളും ജാസും.. എന്റെ സ്വത്തും സമ്പാദ്യവുമൊക്കെ അവർക്കുള്ളതാ".
കേട്ടു നിന്ന പെൺകുട്ടികളുടെ കണ്ണുകൾ ഈറനായി.
രവി മേനോൻ വേദവ്യാസിനോടും യാത്ര പറഞ്ഞു.
"ഇനി വൈകണ്ട .. തങ്കം നിങ്ങൾ ഊണുകഴിച്ചോളു. എന്നിട്ട് മഹിയെ നമ്മുടെ മനയൊക്കെ ഒന്നു കാണിക്കൂ.. നിങ്ങൾ ടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഇനി വൈകില്ല"
അയാൾ പറഞ്ഞു.
ദുർഗയ്ക്ക് ലജ്ജ തോന്നി.
മഹേഷ് ബാലന് വിളമ്പിക്കൊടുത്തത് ദുർഗയാണ്. അവളും അടുത്തിരുന്നു കഴിച്ചു.
ഭക്ഷണം കഴിഞ്ഞ് രണ്ടു പേരും നടക്കാനിറങ്ങി. വലിയേടത്തെ വെയിൽ നാളങ്ങൾ വീണു കിടക്കുന്ന ഇടനാഴിയിലൂടെ രണ്ടു പേരും കൈകോർത്തു പിടിച്ചു നടന്നു.
ഇടയ്ക്ക് ശരീരങ്ങൾ അറിഞ്ഞും അറിയാതെയും കൂട്ടിമുട്ടി
" എക്സ്ക്യൂസ് മീ .. ഞങ്ങൾ കൂടി വന്നോട്ടെ ".
ജാസ്മിനും നേഹയും സ്വാതിയും പുറകേയെത്തി.
" വന്നാൽ ഇഞ്ചക്ഷൻ തന്നു മയക്കി കിടത്തും ഞാൻ "
മഹേഷ് ബാലൻ തിരിഞ്ഞു നിന്നു.
"യ്യോ ".നേഹ ഭയന്നത് പോലെ ഭാവിച്ചു.
"എന്നാൽ നമുക്ക് പോകണ്ട നേഹാ. അവര് സൗകര്യം പോലെ കെട്ടിപ്പിടിക്കുകയോ കിസ് അടിക്കുകയോ ചെയ്തോട്ടെ'
ജാസ്മിൻ പരിഹസിച്ചു.
ദുർഗയുടെ മുഖം ചുവന്നു.
"പോടീ.." ദുർഗ തിരിഞ്ഞു നിന്ന് പറഞ്ഞു.
"ഓ.. ദേ.. പോയി" .കൂട്ടുകാരികൾ സ്ഥലം വിട്ടു.
മഹേഷ് ബാലൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് നടന്നു .
"ഹണിമൂണിന് നമുക്ക് വേറെവിടെയും പോകണ്ട ".
ഇടയ്ക്ക് മഹേഷ് ബാലൻ പറഞ്ഞു.
അതെന്താ എന്ന മട്ടിൽ ദുർഗ നോക്കി.
"വലിയേടത്തേക്ക് തന്നെ വരാം.. ഇത് മുഴുവൻ ചുറ്റിനടന്ന് കാണാൻ തന്നെ ഒരു മാസം എടുക്കും"
"അയ്യട... എനിക്ക് മലേഷ്യയിൽ പോകണം... അവിടെ വെച്ച് ഞാൻ നിനക്ക്".. ദുർഗ മന്ദഹസിച്ചു.
"നീയെനിക്ക് ..." മഹേഷ് ബാലൻ പ്രണയപൂർവം അവളെ നോക്കി.
"ഞാൻ.... എന്റെ പ്രേമം തരും".
" അവിടെ വെച്ചു വേണ്ട ... എനിക്കിവിടെ വെച്ച് വേണം ... ഇവിടെ വെച്ച് ''.
മഹേഷ് ബാലൻ അവളോടടുത്തു.
ദുർഗ പിന്നോക്കം നീങ്ങി.
അവൾ പിന്നോട്ട് നടന്ന് ചെന്നു നിന്നത് വടക്കിനിയിലെ നൃത്തപ്പുരയിലാണ്.
പണ്ട് അകത്തമ്മമാർ അവിടെ നൃത്തം പരിശീലിക്കുകയും നൃത്ത മത്സരങ്ങൾ നടത്തുകയും ചെയ്തിരുന്നത്രേ.
അങ്ങനെ തുറക്കാറില്ലാത്ത വടക്കിനിയുടെ വാതിൽ താനേ തുറന്നത് അവർ ശ്രദ്ധിച്ചില്ല.
" തങ്കം.. "
അതിന്റെ ഭിത്തിയിലേക്ക് ചെന്നു തട്ടി പതിഞ്ഞു നിന്ന ദുർഗയുടെ അടുത്തേക്ക് മഹേഷ് ബാലൻ ചെന്നു.
"വേണ്ടാട്ടോ.. മഹിയേട്ടാ "
ദുർഗ വിലക്കിയപ്പോഴേക്കും മഹേഷ് ബാലൻ അവളെ തന്നോട് ചേർത്തണച്ചു.
അവളുടെ ചുവന്ന അധരങ്ങളിൽ മഹേഷ് ബാലൻ ആർത്തിയോടെ ചുംബിച്ചു
ദുർഗ ആകെ തളർന്നവളെപ്പോലെ അവന്റെ നെഞ്ചിലേക്ക് കുഴഞ്ഞ് കിടന്നു.
അപ്പോൾ പിന്നിൽ വാതിലടയുന്ന ശബ്ദം അവർ കേട്ടു .
ആരോ ഓടാമ്പൽ വലിച്ചിടുന്ന ശബ്ദം.
" അയ്യോ ആരാദ്"
ദുർഗ മഹേഷ് ബാലനെ തള്ളി മാറ്റി വാതിലിന് നേർക്കോടി
"ജാസ്.. നേഹ .. സ്വാതീ''
ദുർഗ വാതിലിൽ തുരുതുരെ ഇടിച്ചു
"ജാസ്.. വാതിൽ തുറക്ക് പ്ലീസ് "
അവൾ കരയാൻ ഭാവിച്ചു.
" ജാസ്മിൻ ..നേഹ... സ്വാതിമോളേ "
മഹേഷ് ബാലനും തട്ടിവിളിച്ചു
അപ്പോൾ മുറിക്കകത്തെ ഇരുണ്ട അന്തരീക്ഷത്തിൽ നിന്നും ഒരു കൂറ്റൻ കടവാവലിന്റെ ചിറകടി ശബ്ദം കേട്ടു .
ദുർഗ ഉറക്കെ നിലവിളിച്ചു.
............ ........ ..........

പൂജാമുറിയിൽ നിവർത്തി വെച്ച പലകമേൽ കവാടികൾ ഉരുണ്ടു.
ധ്യാനത്തിൽ നിന്നെന്ന പോലെ കിഴക്കേടത്ത് കുഞ്ഞിക്കുട്ടൻ ഭട്ടതിരി കണ്ണുകൾ തുറന്നു.
പിന്നെ മുന്നിലെ ചെമ്പോട്ടുരുളിയിലെ തെളിനീരിൽ നിവർത്തിയിട്ട വെറ്റിലയിലേക്ക് നോക്കി.
അയാൾ നടുങ്ങിപ്പോയി.
"രക്തം ... കടും നിണം"
അയാൾ ആധിയോടെ മന്ത്രിച്ചു.
പിന്നെ കവിടികൾ വാരി സഞ്ചിയിലിട്ടു.
പലക മടക്കി വെച്ചു.
ഉരുളിയിൽ നിന്നും വെറ്റിലയെടുത്ത് നാലും കൂട്ടി വായിലിട്ട് ചവച്ചരച്ചു പുറത്തേക്ക് വന്നു.
ചുറ്റു വരാന്തയിൽ വലിയേടത്തും വീൽചെയറിൽ വേദവ്യാസും കാത്തു നിൽപ്പുണ്ടായിരുന്നു. വേദവ്യാസിനരികെ കസേരയിൽ മഹേഷ് ബാലൻ.
അതിനിപ്പുറത്ത് രുദ്രയുടെ പിന്നിലായി നിൽക്കുന്ന പെൺകുട്ടികളുടെ അരികിലായിരുന്നു ദുർഗ
അവളുടെ മുഖത്തെ പ്രകാശം വറ്റിയിരുന്നു.
രക്തമയമില്ലാതെ വിളറിയ മുഖം.
കിഴക്കേടത്ത് ഒരു മഹാമേരുവിനെ പോലെ അവർക്കരികിലേക്ക് ചെന്നു.
"വെറ്റിലയിൽ കാണുന്നത് കടും നിണം .. ഫലം ആപത്ത്.. എന്നാലും അത് അവഗണിക്കാണ്ടെ ഇക്കാര്യത്തിലൊരു തീരുമാനം ണ്ടാവില്ല."
അയാൾ വലിയേടത്തെ നോക്കി.
വേദവ്യാസ് അർഥഗർഭമായി തലയാട്ടി.
" ഉപദ്രവം തുടങ്ങാനുള്ള ഒരുക്കത്തിലാണെന്ന് വെച്ചോളു.. മിത്രമായാലും ശത്രുവായാലും അതിൽ രണ്ടു വേഷം കെട്ടീച്ചാലും ഫലം ദോഷം തന്നെ... "
മഹേഷ് ബാലൻ ഒന്നും മനസിലാകാതെ അയാളെ നോക്കിയിരുന്നു.
"ഇനിയിപ്പോ വരുന്നിടത്ത് വെച്ച് കാണണതേ പരീക്ഷിക്കാനാവു... വരട്ടെ... ഞാനും വലിയേടത്തും വ്യാസും ദത്തനും സഹായത്തിന് ശ്രീധരനും ണ്ട്.. മറുപക്ഷത്ത് അവൾ ഒറ്റ ... എന്നാലും നിസാരാക്കണ്ട''
കിഴക്കേടത്ത് വലിയേടത്ത് പത്മനാഭൻ ഭട്ടതിരിയെ നോക്കി.
" കുട്ട്യോൾടെ വിവാഹം നടത്തണം എത്രയും പെട്ടന്ന് ''.
അയാൾ പറഞ്ഞു.
" ഇന്ന് നർത്തകി പുരയിൽ കുടുക്കി ... കേൾക്കാനും രക്ഷപെടുത്താനും ആളുണ്ടായത് കൊണ്ട് കുട്ടികൾ രക്ഷപെട്ടു... അതില്ലാത്തിടത്താണെങ്കിലോ ''.
കിഴക്കേടത്ത് ചവച്ച വെറ്റില കോളാമ്പിയിലേക്ക് തുപ്പി.
''മഹീടെ കാര്യത്തിൽ തത്ക്കാലം ഭയക്കേണ്ടന്നേയുള്ളു.. പക്ഷേ തങ്കത്തിന്റെ കാര്യം... അത് വിവാഹം നടന്നാലും ഇല്ലെങ്കിലും കുഴപ്പത്തിലാണ്.. അവളെ രക്ഷിക്കാനുള്ള മാർഗം എളുപ്പല്ല... ഒരു പരീക്ഷണമായേ കരുതാവൂ ഈ വിവാഹം പോലും."
"എന്റെ തങ്കക്കുട്ടി."
വലിയേടത്ത് ഒന്നു വിങ്ങി.
" പിന്നോട്ടിനി നടക്കാനാവില്ലല്ലോ അച്ഛാ.. കാര്യങ്ങൾ മുന്നോട്ട് തന്നെ പോകട്ടെ... വിവാഹം നടക്കട്ടെ .. വേദവ്യാസിന് ജീവനുണ്ടെങ്കിൽ ഞാനവരെ സംരക്ഷിക്കും''.
വേദവ്യാസിന്റെ ശബ്ദമുയർന്നു.
ആ നിമിഷം ആരോ വീശിയൊഴിച്ചത് പോലെ ഒരു കുടം രക്തം അവർക്കു മീതെ വന്നു വീണു.
മഹേഷ് ബാലനൊഴികെ മറ്റെല്ലാവരും അതു കണ്ടു.
രക്തത്തിന്റെ രൂക്ഷഗന്ധം
പെൺകുട്ടികൾ ഉറക്കെ നിലവിളിച്ചു.
ദുർഗയും.
..... ......... തുടരും ....
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo