നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രാഞ്ചി ടെണ്ടുൽക്കർ

Image may contain: Saji M Mathews, smiling, selfie and closeup
"അമ്മച്ചി... എനിക്ക് അച്ഛനാകണം "
അടുപ്പിലൂതി കൊണ്ടിരുന്ന അമ്മച്ചിയത് കേട്ട് കാണില്ല, പ്രാഞ്ചി കുറച്ചുകൂടി ശബ്ദമുയർത്തി വീണ്ടും പറഞ്ഞു,
"അമ്മച്ചീ... എനിക്കച്ഛനാകണം"
ഇപ്രാവശ്യം തിരിഞ്ഞു നോക്കി..
"നിനെക്കെന്താകണമെന്നാ?"
"അച്ഛൻ"
അടുപ്പിൻ ചുവട്ടിൽ കിടന്ന ഒരു വിറകെടുത്ത് പ്രാഞ്ചിയെ തിരിച്ചു നിർത്തി ചന്തിക്കിട്ടൊരെണ്ണം വീക്കിയിട്ടാണ് അടുത്ത ചോദ്യം വന്നത്.
"ഏഴാം ക്ലാസ്സിൽ പഠിക്കണ നിനക്കിപ്പോഴേ പെണ്ണുകെട്ടി കൊച്ചിന്റെ അച്ഛനാകണമോടാ കുരുത്തം കെട്ടവനെ?"
അതുവരെ സഹിച്ചു കൊണ്ടിരുന്ന വേദനയുടെ കൂടെ അമ്മച്ചിയുടെ തല്ലും കൂടിയായപ്പോൾ പ്രാഞ്ചിയുടെ സർവ്വ നിയന്ത്രണവും വിട്ടുപോയി. ഒരൊറ്റ പൊട്ടിക്കരച്ചിലായിരുന്നു പിന്നെ.
"ദേ നിങ്ങള് വല്ലോം കേക്കുന്നുണ്ടോ...മുട്ടേന്ന് വിരിയുന്നതിന് മുൻപ് ഇവിടൊരുത്തന് പെണ്ണ് കെട്ടി കൊച്ചിന്റച്ഛനാകണമെന്ന് "
മുറ്റത്തു തെങ്ങിന്റെ ചോടെടുത്തുകൊണ്ടിരുന്ന അപ്പച്ചൻ തലയിൽ കിടന്ന തോർത്തെടുത്ത് വിയർപ്പ് തുടച്ചിട്ട് വരാന്തയിൽ വന്നിരുന്നു. പ്രാഞ്ചിയെ അരികിലേക്ക് വിളിച്ചു.
"എന്താടാ പ്രാഞ്ചി ?"
വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് പ്രാഞ്ചി തന്റെ ആഗ്രഹം അപ്പച്ചന്റെ അടുത്ത് പറഞ്ഞു
"എനിക്ക് ഒരച്ഛനാകണം"
"എങ്ങിനെ"
"സെമിനാരിയിൽ പോയി പഠിച്ചിട്ട് "
"ഓ പള്ളീലച്ചൻ... ഇത് പറഞ്ഞതിന് നീയെന്തിനാടി ചെക്കനെ പിടിച്ചടിച്ചത്"..
"അയ്യോ മോന് പള്ളീലച്ചനാകണമെന്നാണോ പറഞ്ഞത്.. പാവം ഞാൻ കാര്യമറിയാതെ അവനെപ്പിടിച്ചടിച്ചു.. ആട്ടെ മോനെന്താ പെട്ടെന്നിങ്ങനെയൊരു ദൈവ വിളിയുണ്ടായത്."

അമ്മച്ചി പ്രാഞ്ചിയെ ചേർത്ത് പിടിച്ചു.. അപ്പോഴാണ് അവന്റെ മുഖം ശ്രദ്ധിച്ചത്, ആകെപ്പാടെ ഒരു വല്ലായ്ക.. കണ്ണൊക്കെ ചുവന്ന് കലങ്ങിയിരിക്കുന്നു.
ഒരുപാട് നിർബന്ധിച്ചപ്പോ പ്രാഞ്ചി അവന്റെ ജീവിതം തന്നെ തകിടംമറിച്ച ആ സംഭവം അവരുടെ മുൻപിൽ വിതുമ്പി കരഞ്ഞുകൊണ്ടവതരിപ്പിച്ചു..
*****************************************************
വീടിനു പുറകിലുള്ള വയലിൽ വേനലവധിക്ക് ക്രിക്കറ്റ് കളിക്കാറുണ്ട്.
പ്രാഞ്ചി റബ്ബർ പന്ത് കൊണ്ട് കളിക്കുന്ന B ടീമിലാണ്. ഇന്നത്തെ കളി കോർക്ക് ബോൾ കൊണ്ട് കളിക്കുന്ന ചേട്ടന്മാരുടെ A ടീമിന്റേതായിരുന്നു.
പ്രാഞ്ചി വെറുതെ കളികാണാൻ പോയിരുന്നതായിരുന്നു.
വയലരികിലെ തോട്ടിലൂടെ ഒഴുകി വന്ന കൊട്ടത്തേങ്ങ കലുങ്കിൽ ഇടിച്ചു പൊട്ടിച്ച്, തേങ്ങാകഷണങ്ങൾ എണ്ണയാട്ടുന്ന ചക്കിലേക്കെന്ന പോലെ വായിൽ തിരുകികയറ്റികൊണ്ടിരുന്ന ഫ്രാൻസിസ് എന്ന നമ്മുടെ പ്രാഞ്ചിയെ - A ടീം ക്യാപ്റ്റൻ ബാബു അടുത്തേക്ക് വിളിച്ചൊട്ടൊരു ചോദ്യം
"ഡാ പ്രാഞ്ചിയെ, നീ ഞങ്ങടെ ടീമിൽ കളിക്കണ്ട്രാ .... ഒരാള് കുറവുണ്ട്"
വായിലവശേഷിച്ച തേങ്ങാപീര ഒറ്റമടക്കിന് വിഴുങ്ങിയിട്ട് പ്രാഞ്ചി മൂന്ന് വട്ടം തലയാട്ടി സമ്മതിച്ചു.
A ടീമിലെ ചേട്ടന്മാരുടെ കൂടെ കളിക്കാന്നു പറഞ്ഞാൽ ചില്ലറ കാര്യാ ?.
"നീ ബോളറാ ബാറ്റ്‌സ്മാനാ ?"
ബാബു ചോദിച്ചപ്പോ പ്രാഞ്ചി ഒന്നാലോചിച്ചു- ഈ കോർക്ക് ബോള് നമ്മളെത്ര മുക്കി എറിഞ്ഞാലും പിച്ചിനപ്പുറത്തെത്തുമെന്ന് ഉറപ്പില്ല, അതുകൊണ്ട് റിസ്‌ക്കെടുക്കണ്ട.
"ബാറ്റ്സ്മാൻ "
"ശരി എങ്കിൽ അടുത്തതായി ബാറ്റിങ്ങിന് ഇറങ്ങിക്കോ, ലാസ്റ്റ് വിക്കറ്റാ. നീ ചുമ്മാ തട്ടി നിന്നാ മതി. അപ്പുറത്ത് നമ്മുടെ വർക്കിയാ ബാറ്റ് ചെയ്യണേ, അവന് സ്ട്രൈക്ക് കൊടുത്താ മതി അവൻ കളിച്ചോളും"

ഒറ്റക്കാലിൽ പാഡും ഒരു കയ്യിൽ ഗ്ലൗസും ധരിച്ച് നമ്മുടെ പ്രാഞ്ചി ഗ്രൗണ്ടിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ ദേ പുറകിൽ നിന്നൊരു വിളി.
"ഡാ പ്രാഞ്ചി ഇതുംകൂടി വെച്ചിട്ട് പോടാ " നോക്കുമ്പോ ബാബുചേട്ടൻ കുറച്ചു മുൻപ് ഔട്ടായ ബാറ്റ്സ്മാന്റെ പാന്റിനുള്ളിൽ കൈയ്യിട്ട് ഒരു വെളുത്ത സാധനം പുറത്തെടുത്തു.
"ഇതെന്നതാ ബാബുവേട്ടാ " പ്രാഞ്ചി ഇങ്ങനൊരു സാധനം ഇതിന് മുൻപ് കണ്ടിട്ടില്ല.
"ഇതാണ് AP- അബ്‌ഡോമിൻ പാഡ്- മലയാളത്തിൽ അ....പാഡ് എന്നും പറയും , കോർക്ക് ബോളുകൊണ്ടാണ് മോനേ കളി. കയ്യോ കാലോ ഒടിഞ്ഞാ പ്ലാസ്റ്ററെങ്കിലും ഇടാം, മർമ്മത്തിൽ കൊണ്ടാലോ - ? പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ"

പറഞ്ഞു തീരും മുൻപ് ബാബു പ്രാഞ്ചിയുടെ പാന്റിനുള്ളിൽ AP തിരുകി വെച്ചു, എന്നിട്ടവനെ നോക്കി ആക്കിയൊരു ചിരിയും - "എന്നുവെച്ച് ഈ കുഞ്ഞു തക്കാളിപ്പെട്ടിക്ക് ഇത്രേം വെല്യ ഗോദറേജ് പൂട്ടിന്റെയൊന്നും ആവശ്യമില്ലാട്ടോഡാ"

ആദ്യത്തെ ഒന്ന് രണ്ട് ബോള് വല്ല്യ പ്രശ്നമൊന്നുമുണ്ടാക്കാതെ പ്രാഞ്ചിയെ കടന്നുപോയി. മൂന്നാമത്തതൊരു ഫുൾടോസ്സായിരുന്നു. സാക്ഷാൽ സച്ചിനെന്ന ദൈവത്തെ മനസ്സിൽ ധ്യാനിച്ച് പ്രാഞ്ചി ബാറ്റെടുത്ത് ആഞ്ഞൊരു വീശുവീശി.
"പ്ലക്ക്" രണ്ടുകോഴിമുട്ട ഒരുമിച്ച് പൊട്ടിയ ശബ്ദം.
കണ്ണിൽ ഇരുട്ടുകയറുന്നത് പോലെ.. അല്ല മഞ്ഞ.
ചുറ്റുമുള്ളതെല്ലാം മഞ്ഞ, ആകാശവും ഭൂമിയും ചുറ്റും നിൽക്കുന്ന കളിക്കാരുമെല്ലാം മഞ്ഞ നിറം വന്നു മൂടി.
വെട്ടിയിട്ട വാഴപോലെ നമ്മുടെ പ്രാഞ്ചിയതാ കിടക്കുന്നു ഗ്രൗണ്ടിൽ.
ബോധം വരുമ്പോൾ വയലിറമ്പിലെ ഒരു മരച്ചുവട്ടിൽ കിടത്തിയേക്കുവാ .
ആരൊ, തോട്ടിലെ വെള്ളമെടുത്ത് മുഖത്ത് തളിക്കുന്നുണ്ട്.
"എന്നാലുമെന്റെ ബാബു.. നീയല്ലാതാരെങ്കിലും ചൈനാഷോപ്പിൽ പോയി AP വാങ്ങുമോ, എന്നിട്ടതും വെച്ച് ഈ കൊച്ചു ചെറുക്കനെ കളിക്കാനിറക്കി അവന്റെ ഭാവി തുലച്ചില്ലേടാ മഹാപാപി" കളിക്കാരിലാരോ ബാബുവിനെ ശകാരിക്കുന്നത് പ്രാഞ്ചി കേട്ടു
"പിന്നെ പത്തു രൂപയ്ക്ക് AP നിന്റമ്മാവൻ കൊണ്ടുവന്നു തരുമോടാ" ബാബു തിരിച്ചും തർക്കിക്കുന്നുണ്ട്.
വല്ലാതെ വേദനിച്ചപ്പോൾ പ്രാഞ്ചി പാന്റിനുള്ളിൽ കയ്യിട്ട് ബോള് കൊണ്ടിടത്ത് തടവി. പൊടിഞ്ഞ കുറച്ചു പ്ലാസ്റ്റിക് കഷണങ്ങൾ കയ്യിൽ തടഞ്ഞു. അത് ബാബുവേട്ടൻ സ്നേഹത്തോടെ വെച്ച് തന്ന AP ആയിരുന്നു.
ജീവിതത്തിൽ പല നല്ലകാര്യങ്ങൾക്കും ഉപകാരമാവേണ്ട ഒരു അവയവം തകർന്ന് തരിപ്പണമായിരിക്കുന്നു . ആ നഗ്ന സത്യം മെല്ലെ ഉൾക്കൊണ്ട പ്രാഞ്ചിക്ക് തോന്നി ഇനി ഒരു ദൈവദാസനാകാനേ എന്നെക്കൊണ്ടാകൂ. സെമിനാരിയിൽ ചേർന്ന് പള്ളീലച്ചനാകാം.. വേറൊന്നും ഇനിയീ ജന്മത്തിൽ ആശിച്ചിട്ട് കാര്യമില്ല.
"ഇനിയുള്ള ജീവിതം ഈ ദാസൻ അങ്ങേക്കായി അർപ്പിക്കുന്നു കർത്താവെ" അവൻ വീട്ടിലേക്ക് ഏന്തി വലിഞ്ഞു നടന്നു.
*******************************************
"അതേ നിങ്ങളിങ്ങനെ അന്തം വിട്ടിരിക്കാണ്ട് ചെക്കനെക്കൊണ്ടുപോയി വല്ല ഡോക്ടറെയും കാണിക്ക്. നീര് വന്നു വീങ്ങിയിരിക്കുകയാ" മകന്റെ കദനകഥ കേട്ടന്തംവിട്ടിരുന്ന വർക്കിച്ചൻ ഭാര്യയുടെ ഇടപെടലിൽ ജാഗരൂഗനായി. ഗ്രാമത്തിലെ ഒരേയൊരാശുപത്രിലേക്ക് പ്രാഞ്ചിയേയുമെടുത്ത് അപ്പോൾ തന്നെ ഓടി.

ഏറുകൊണ്ട് ചളുങ്ങിയ ശരീരഭാഗം നിരീക്ഷിച്ച ഡോക്ടർ മൂക്കത്ത് വിരൽ വെച്ചപ്പോൾ പ്രാഞ്ചി മുകളിൽ തൂക്കിയിരുന്ന കർത്താവിന്റെ ഫോട്ടോയിലേക്ക് നോക്കി നെടുവീർപ്പിട്ടു.
"എന്നോടിത് വേണമായിരുന്നോ, എങ്കിലും എല്ലാമവിടത്തെ തിരുവിഷ്ടം പോലെ"

ഒടുവിൽ ഡോക്ടർ രണ്ട് ഇൻഞ്ചക്ഷന് എഴുതിക്കൊടുത്തു.
ഒന്ന് വേദനകുറയാനും, മറ്റേത് നീര് വറ്റാനും.
ബോള്കൊണ്ട വേദന മുൻപിൽ, അമ്മച്ചിയുടെ അടികൊണ്ട വേദന പിന്നിൽ. അതിന്റെ കൂടെ ഇനി രണ്ടിഞ്ചക്ഷൻ. എല്ലാം സഹിക്കാൻ പ്രാഞ്ചിയുടെ ജീവിതം പിന്നെയും ബാക്കി. ഇൻജെക്ഷൻ എടുക്കാൻ നേരം സിസ്റ്ററിന്റെ ചെവിയിൽ പറഞ്ഞു
" സിസ്റ്ററെ ആ വേദന കുറയാനുള്ള ഇഞ്ചക്ഷൻ മാത്രം എടുത്താൽ മതീട്ടോ"
" അതെന്താടാ?"
"നീര് കുറയാനുള്ള ഇഞ്ചക്ഷൻ എടുത്ത് ഇനിയെങ്ങാൻ വളർച്ച മുരടിച്ചു പോയാലോ?"
സിസ്റ്റർ അവന്റെ ചന്തിയിൽ രണ്ടു കുത്തു കൂടുതൽ കുത്തി അവിടെനിന്നെഴുന്നേലിപ്പിച്ചു വിട്ടു.
വീട്ടിലേക്ക് അപ്പച്ചന്റെ കൂടെ നടക്കുമ്പോൾ എതിരെ പ്രാഞ്ചിയുടെ സഹപാഠിയായ പക്രു എന്ന ഭാസ്കരനും അവന്റച്ഛൻ കണാരനും വരുന്നുണ്ട്.
"എങ്ങട്ടാ കണാരാ ചെക്കനേം കൂട്ടി?" വർക്കിച്ചൻ ചോദിച്ചു.
"ഏതാണ്ട് കണ്ട് പേടിച്ചതാണെന്നാ തോന്നണേ, ഇന്നുച്ച മുതൽ ഇവൻ സന്യസിക്കാൻ പോകണംന്ന് പറഞ്ഞ് കരച്ചിലോട് കരച്ചില്.. ചെറിയ പനികോളുമുണ്ട്‌. ഒന്ന് ഡോക്ടറെ കാണിക്കാൻ പോകുവാ"
പ്രാഞ്ചി പക്രുവിനെ സൂക്ഷിച്ചു നോക്കി - ആളൊന്ന് കരുവാളിച്ചിട്ടുണ്ട്, മുടിയെല്ലാം എഴുന്നേറ്റു നിൽക്കുന്നു.
അവനടുത്തുപോയി പക്രുവിന്റെ ചെവിയിൽ ചോദിച്ചു - "ക്രിക്കറ്റ് ബോള് കൊണ്ടോ ?"
അവൻ വിതുമ്പി
"ഇല്ല"
"പിന്നെ"
"എനിക്ക് സന്യസിക്കണം"
"ഹാ, നീ കാര്യം പറ ഞാനാരോടും പറയില്ല"
"ഒന്ന് മുള്ളി"
"അതിന് നീയെന്തിനാ സന്യസിക്കണേ ?"
"മാവിന്റെ മോളിൽ കേറിപ്പഴാ മുള്ളാൻ മുട്ടിയേ .താഴെക്കൂടി കറണ്ട് കമ്പി പോണത് ഞാൻ കണ്ടില്ല
....എനിക്ക് സന്യസിക്കണം "


By Saji M Mathews ...
11/101/19

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot