അധ്യായം- 43
പരസ്പരം കാണാന്‍ കഴിയാത്ത കട്ടികൂടിയ ഇരുട്ടില്‍ പറന്നു വന്ന കടവാവല്‍ ദുര്‍ഗയുടെ ചുമലില്‍ വന്നിടിച്ചു.
അതിന്റെ നഖം കൊണ്ട് തോളിലെ മാംസമുരഞ്ഞു.
വല്ലാത്ത നീറല്‍
അതിനേക്കാള്‍ നൂറിരട്ടിയായിരുന്നു ഭയം.
ഇരുട്ടില്‍ മഹേഷ് ബാലനില്‍ നിന്നുള്ള പിടി വിട്ടു പോയി.
' മഹിയേട്ടാ..' ദുര്‍ഗ ഉറക്കെ നിലവിളിച്ചു.
' തങ്കം മോളേ..'
മഹേഷ് ബാലന്‍ അവളെ വട്ടം പിടിച്ചു നെഞ്ചോടു ചേര്‍ത്തു.
അപ്പോള്‍ പെട്ടന്ന് നര്‍ത്തകിപ്പുരയിലെ വൈദ്യുത ബള്‍ബുകള്‍ പ്രകാശിച്ചു.
അതാര് തെളിച്ചു
ഞെട്ടിപ്പോയി മഹേഷ് ബാലന്‍
ഭീതിയോടെ അവന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി.
താന്‍ ചാരി നില്‍ക്കുന്നത് സ്വിച്ച് ബോര്‍ഡിന് മീതെയാണ്.
അവന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പുമണികള്‍ പൊടിഞ്ഞ് ദുര്‍ഗയുടെ ശിരസിലേക്ക് വീണു.
' മഹിയേട്ടാ... എനിക്ക് പേടിയാവണു'
ദുര്‍ഗ വിങ്ങി.
' ഇല്ല മോളെ.. ഒന്നുമില്ല.. അവരുടെ തമാശ.. നില്‍ക്ക് ഞാന്‍ തുറക്കാന്‍ പറയാം'
' സ്വാതീ' മഹേഷ് ബാലന്‍ അല്‍പ്പം കോപത്തോടെയാണ് വാതിലില്‍ ആഞ്ഞു തട്ടിയത്.
' സ്വാതീ എടീ വാതില്‍ തുറക്കാന്‍'
അതില്‍ അനിയത്തിയോടുള്ള കോപവും കൂടി കലര്‍ന്നു.
സ്വാതിയോ നേഹയോ ജാസ്മിനോ അല്ല വാതില്‍ കൊളുത്തിട്ടതെന്ന് ദുര്‍ഗയ്ക്ക് മനസിലായി.
എന്തിനായിരിക്കും ധ്വനി തന്നെ ഭയപ്പെടുത്തുന്നത്.
അവളുടെ തമാശയോ അതോ..
ഈ മുറിക്കുള്ളിലിട്ട് അവള്‍ തന്നെ കൊല്ലുമോ
ഭയം അവളുടെ കാല്‍പ്പാദങ്ങളില്‍ നിന്നും അരിച്ച് ശിരസിലേക്കെത്തി.
ഭിത്തിില്‍ ചാരി നിന്ന് അവള്‍ മുഖം പൊത്തിപ്പിടിച്ച് തേങ്ങി.
' മോളേ കരയല്ലേ'
മഹേഷ് അവളെ ചേര്‍ത്തു പിടിച്ചു.
പിന്നെ പിടിവിട്ട് പിന്നോട്ടാഞ്ഞു നിന്ന് വാതിലില്‍ ആഞ്ഞു ചവുട്ടി.അതിന്റെ ശബ്ദം മനയാകെ പ്രതിധ്വനിക്കുന്നുണ്ടെന്ന് ദുര്‍ഗയ്ക്ക് തോന്നി.
്അവള്‍ ഞെട്ടി കണ്ണു തുറന്നു.
നര്‍ത്തകിപ്പുരയുടെ മച്ചിനോട് ചേര്‍ന്നുള്ള അഴിയില്‍ ഒരു കടവാവല്‍ തന്നെ ഉറ്റു നോക്കിയിരിക്കുന്നത് ദുര്‍ഗ കണ്ടു.
അതിന്റെ നോട്ടം അവളെ കീറിമുറിച്ചു
ഉരുണ്ട കണ്ണുകളില്‍ നിന്നും ഒരു അഗ്നിജ്വാല പാഞ്ഞുവന്ന് അവളുടെ മുഖത്തു തട്ടി
ദുര്‍ഗ അറിയാതെ കണ്‍ചിമ്മി.
കടവാവലിന്റെ കണ്ണുകളില്‍ നിന്നും രക്തം പൊടിഞ്ഞു. ഓരോരോ തുള്ളികളായി അത് നിലത്തേക്ക് വീണുകൊണ്ടിരുന്നു.
ദുര്‍ഗ ചലിക്കാനും ശബ്ദിക്കാനുമാകാതെ തരിച്ചു നിന്നു
അടുത്ത നിമിഷം അത് ഒരു ചാട്ടുളി പോലെ അവളുടെ കണ്ണുകള്‍ കൊത്തിപ്പറിക്കാനായി പറന്നു വന്നു.
' ആ...ഹ്..' ദുര്‍ഗ മുഖംപൊത്തിപ്പിടിച്ച് ഉറക്കെ നിലവിളിച്ചു.
' തങ്കം.. മോളേ .. തങ്കം..' വാതിലില്‍ ആരൊക്കെയോ ഇടിക്കുന്നു.
' ദുര്‍ഗാ.. മഹിയേട്ടാ.. എന്താ പറ്റിയേ .. വാതില്‍ തുറക്ക്'
ജാസ്മിന്റെയും നേഹയുടേയും ശബ്ദം.
' മാറി നില്‍ക്ക്'
വലിയമ്മാമ്മ പറയുന്നു.
മന്ത്രം ചൊല്ലിയിട്ടാവാം വാതില്‍ മലര്‍ക്കെ തുറന്നു.
അപ്പോള്‍ അന്തരീക്ഷത്തില്‍ നിന്നും കൂര്‍ത്ത നഖങ്ങളുള്ള ഒരു കൈപ്പത്തി പറന്നു വന്ന് ദുര്‍ഗയുടെ കഴുത്തില്‍ പിടിമുറുക്കുക്കി.
അതിന്റെ പിടുത്തം മുറുകി വന്നു
ദുര്‍ഗയ്ക്ക് ശ്വാസംമുട്ടി
കണ്ണുകള്‍ തുറിച്ചു
നാവ് പുറത്തേക്ക് നീണ്ടു.
' തങ്കം'
മഹേഷ് ബാലന്‍ ്‌വളുടെ കവിളില്‍ പതുക്കെ തല്ലി
' എന്തു പറ്റിയെടാ നിനക്ക്'
അവന്റെ കണ്ണുനീരടര്‍ന്ന് അവളുടെ കവിളില്‍ വീണു
ആ തണുത്ത സ്പര്‍ശത്തില്‍ ഞെട്ടി ദുര്‍ഗ കണ്ണു തുറന്നു
മുമ്പില്‍ ഒരു വിതുമ്പലില്‍ കോടിപ്പോകുന്ന മഹേഷ്ബാലന്റെ ചുണ്ടുകള്‍ അവ്യക്തമായി കണ്ടു.
വെള്ള പെയിന്റടിച്ച ചുമരുകള്‍
പച്ച നിറമുള്ള കര്‍ട്ടന്‍
ആശുപത്രി.
' ആഹ.. കണ്ണു തുറന്നല്ലോ' ചെറുപ്പക്കാരിയായ സിസ്റ്റര്‍ അടുത്തേക്കു വന്നു.
' എല്ലാവരേയും പേടിപ്പിച്ചു കൊണ്ട് തലകറങ്ങി വീണല്ലേ..'
അവര്‍ ദുര്‍ഗയുടെ കൈയ്യില്‍ ഘടിപ്പിച്ചിരുന്ന കാനുല ഇളക്കി മാറ്റി.
' മൂന്ന് കുപ്പി ഗ്ലൂക്കോസ് കയറ്റിയിട്ടും.. ഒന്നും അറിഞ്ഞില്ലല്ലേ.. എന്തേ ഇത്ര ക്ഷീണം.. ഭക്ഷണമൊന്നും കഴിക്കണില്ലേ'
നഴ്‌സ് ശാസിച്ചു.
ദുര്‍ഗയുടെ കാഴ്ച തെളിഞ്ഞു.
വലിയമ്മാമ്മയും കിഴക്കേടത്തും എല്ലാവരോടും സംസാരിക്കുന്നതിന് സാക്ഷിയായി നിന്നത് അവള്‍ക്കോര്‍മ്മ വന്നു.
തലയിലേക്ക് ഒരു തരിപ്പും ഇരുട്ടും കുറേ മിന്നലുകളും കടന്നു വന്നതേ ഓര്‍മ്മയുള്ളു.
' പേടിക്കണ്ട.. വൈഫിനൊന്നും പറ്റീട്ടില്ലാട്ടോ... നല്ല ഭക്ഷണം കഴിക്കണം.. മനസ് ഫ്രഷായിട്ടിരിക്കണം. അേ്രത വേണ്ടു'
മഹേഷിന്റെ പിരിമുറുക്കം കണ്ടാവാം അവള്‍ ആശ്വസിപ്പിച്ചു കൊണ്ട് പുറത്തേക്ക് പോയി
അല്‍പ് സമയത്തിനകം വലിയേടത്ത് അവിടേക്ക് കടന്നു വന്നു.
' തങ്കം ' അയാള്‍ അവളുടെ നെറുകില്‍ കൈപ്പടം വെച്ചു.
' വലിയമ്മാമ്മയെ എന്തിനിങ്ങനെ പരീക്ഷിക്കണു കുട്ടീ'
അയാള്‍ വിങ്ങി
ദുര്‍ഗയുടെ മിഴികള്‍ നിറഞ്ഞു.
വലിയമ്മാമ്മയുടെ കൈയ്യില്‍ മുറുകെ പിടിച്ചു കിടന്ന് അവള്‍ വിങ്ങി
' മനശാന്തി കിട്ടാന്‍ പഞ്ചമന്ത്രം ഉരുക്കഴിക്കു കുട്ടീ.. മനസ് പൂര്‍ണമായും ഈശ്വരനിലര്‍പ്പിക്യാ'
അയാള്‍ കണ്ണുകളടച്ചു മന്ത്രം ചൊല്ലിക്കൊടുത്തു
'ഓം രേവന്തായ നമ.
ഓം മഹാശാസ്രത നമ.
ഓം ഭൂഷണ പ്രിയായെ നമ.
ഓം ഘോഷവതേ നമ.
ഓം ദിവ്യ നൃത്തായ നമ.'
മൗനമായി അവളുടെ അധരങ്ങള്‍ അതേറ്റു ചൊല്ലി.
ഡോക്ടര്‍ അമ്മിണിക്കുട്ടി അവിടേക്ക് വന്നു
' ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കൊക്കെ ഇത് വരാറുള്ളതാ.. ഈ തലചുറ്റല്' അവര്‍ വാത്സല്യത്തോടെ ദുര്‍ഗയെ പരിശോധിച്ചു
' ഭക്ഷണം കഴിക്കില്ല. ആവശ്യല്ലാത്ത സ്‌ട്രെസും....സ്ലിംബ്യൂട്ടിയാകണതല്ലേ ഫാഷന്‍..അല്ലേ ദുര്‍ഗാ ഭാഗീരഥി'
ദുര്‍ഗ വെറുതേ ഒന്നു മന്ദഹസിച്ചു
'എന്തായാലും കുഴപ്പമൊന്നുമില്ല.. ഞാന്‍ വിറ്റമിന്‍ ഗുളികയ്‌ക്കെഴുതീട്ടുണ്ട്. അതു മതി തത്ക്കാലം.. പൊയ്‌ക്കോളൂട്ടോ'
അവര്‍ ആശ്വസിപ്പിച്ചു
ദുര്‍ഗയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് കേട്ടതോടെ അയാള്‍ക്ക് സമാധാനമായി.
'നമുക്ക് വേഗം പോകാം മഹീ'
അയാള്‍ മഹേഷ്ബാലനെ നോക്കി
'അവിടെ ആ പെണ്‍കുട്ട്യോളും രുദ്രക്കുട്ടീം വ്യാസും കിഴക്കേടത്തുമൊക്കെ വല്ലാണ്ട് ഭയന്നിരിക്യാ... വൈകണ്ട..'
മഹേഷ് ബാലന്‍ അവളെ താങ്ങിപ്പിടിച്ചാണ് പുറത്തേക്ക് കൊണ്ടു വന്നത്.
മഹേഷ് ബാലനാണ് കാറോടിച്ചത്.
അവന്റെ അരികില്‍ ദുര്‍ഗ
വലിയേടത്ത് പിന്‍സീറ്റിലും കയറി.
വലിയേടത്ത് എത്തുന്നത് വരെ ആരുമൊന്നും സംസാരിച്ചില്ല.
വലിയേടത്ത് പറഞ്ഞതു പോലെ തന്നെ വേവലാതിയോടെ ഇരിക്കുകയായിരുന്നു വലിയേടത്ത് മനയില്‍ എല്ലാവരും.
' രുദ്രക്കുട്ടീ തങ്കത്തെ കൊണ്ടുപോയി കിടത്തിക്കോളൂ.. അവള്‍ക്കിത്തിരി സ്വസ്ഥത കിട്ടട്ടെ.. തത്ക്കാലം ഇപ്പോ ആരും ശല്യം ചെയ്യണ്ടാട്ടോ'
അയാള്‍ പെണ്‍കുട്ടികളുടെ മുഖത്തേക്ക് നോ്ക്കി പറഞ്ഞു.
അവര്‍ തലയാട്ടി.
' അച്ഛന്‍ പൂജകള്‍്ക്ക് തുടക്കമിട്ടു.. നിലവറേലാണ്..കൂടെ ശ്രീധര ചെറിയച്ഛനുംണ്ട്'
വീല്‍ചെയറില്‍ വന്ന വേദവ്യാസ് അറിയിച്ചു.
' വ്യാസാ.. കിഴക്കേടം പറഞ്ഞതാണ് ശരി.. തങ്കത്തിന്റെ വിവാഹം കഴിയണം.. വേഗം'
വലിയേടത്ത് പറഞ്ഞു.
വേദവ്യാസിന്റെ മുഖത്ത് ആശങ്കയായിരുന്നു
' അത് കൂടുതല്‍ പ്രശ്‌നാവില്ലേ'
അവന്‍ ചോദിച്ചു
'അല്ലെങ്കില്‍ പിന്നെ ഒരു മാര്‍ഗമേയുള്ളു'
വലിയേടത്തിന്റെ നെറ്റിത്തടം വിയര്‍ത്തു.
' എന്തു മാര്‍ഗം' മഹേഷ്ബാലന്‍ ചോദിച്ചു.
' അത് ഞാന്‍ മഹേഷിനോട് സംസാരിക്കാം'
അയാള്‍ മഹേഷ് ബാലന്റെ അടുത്തക്ക് ചെന്നു
ചു്റ്റു വരാന്തയില്‍ നിന്ന് ആരോടോ മൊബൈലില്‍ സംസാരിക്കുകയായിരുന്നു മഹേഷ് ബാലന്‍.
വലിയേടത്തെ കണ്ട് അവന്‍ കാള്‍ കട്ടു ചെയ്തു
' കഴിഞ്ഞോ സംഭാഷണം.'
അാള്‍ തിരക്കി
' വീട്ടില്‍ നിന്ന് അമ്മയാണ് ... എന്താ ചെല്ലാന്‍ വൈകുന്നതെന്ന് ചോദിച്ചു'
അവന്‍ പറഞ്ഞു.
' പോകാം.. പക്ഷേ ഒരു നിമിഷം'
വലിയടത്ത് ഒന്നു നിശ്വസിച്ചു
മഹേഷിന്റെ ഹൃദയം തകര്‍ക്കുന്ന കാര്യമാണ് ചോദിക്കാനുള്ളത്.
പരദേവകളേ ധൈര്യം തരണേ
അയാള്‍ ശകത്ി സംഭരിച്ചു
' എന്തേ ചോദിക്കാനുള്ളത്' മഹേഷ് ബാലന്‍ ആ ഭാവം കണ്ട് അമ്പരന്നു
' എനിക്കു മാപ്പ് തരണം ' അയാള്‍ മുരടനക്കി
' തങ്കത്തിനെ മറക്കാന്‍ കഴിയുമോ തനിക്ക്..'
അയാളുടെ ശബ്ദമിടറിപ്പോയി
' കഴിയുമെങ്കില്‍ അവളുടെ ആയുസിന് അതാണ് നല്ലത്... ഇല്ലെങ്കില്‍ ഒരുപക്ഷേ'
അയാള്‍ തേങ്ങിപ്പോയി
' അങ്ങെന്താണ് പറയുന്നത്.'
മഹേഷ് ബാലന്‍ ഞെട്ടിത്തരിച്ചു പോയി.
' ഇത്രയും സംഭവങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നി്‌ല്ലേ.. ഒന്നിലും ഒരു നിഗൂഢതയും തോന്നുന്നില്ലേ തനിക്ക്'
വലിയേടത്ത് മറുചോദ്യമെയ്തു
മഹേഷ്ബാലന്‍ സ്തബ്ധനായി നിന്നു
അവന്റെ മനസിനെ ഇത്രനേരം അലട്ടിക്കൊണ്ടിരുന്നത് ആ ചോദ്യമാണ്.
ആ മന പോലെ നിഗൂഢമാണ് കഴിഞ്ഞു പോയ മണിക്കൂറുകളെന്ന് അവന്‍ ചിന്തിച്ചതേയുള്ളു.
താനറിയാത്ത എന്തൊക്കെയോ സംഭവങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ടെന്നും അവന്‍ സംശയിച്ചിരുന്നു.
' താന്‍ ഇത്രയെങ്കിലും ഒന്നറിഞ്ഞു വെക്കണം... താനും ദുര്‍ഗയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാത്ത ഒരാളുണ്ട്.. നിങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. അതിന് മുമ്പേ അവള്‍
തങ്കത്തെ കൊന്നു കളയാനും മതി'
' അവളോ.. ആര്'
മഹേഷ്ബാലന്‍ ഞെട്ടി്ത്തരിച്ചു നോക്കി.
' ധ്വനി'
വലിയേടത്തിന്റെ ശബ്ദം അവന്റെ ചെവിയില്‍ വന്നമര്‍ന്നു
ചെവി ചൂളംകുത്തിപ്പോയി.
അനങ്ങാന്‍ വയ്യാതെ അയാള്‍ നോക്കി നിന്നു.
' ധ്വനിയോ'
തെല്ല് പരിഹാസംകൂടിയുണ്ടായിരുന്നു മഹേഷിന്റെ ആ ചോദ്യത്തില്‍.
' അതെ.. മഹിയെ മറക്കാന്‍ എന്റെ കുട്ടിക്ക് കഴിഞ്ഞാല്‍ ഒരു പക്ഷേ അവള്‍ രക്ഷപെട്ടേക്കും. ഒരു പൂജയിലൂടെ ഒരിക്കലും ദോഷം വരാത്തവിധം എല്ലാം പരിഹരിക്കാനും കഴിയും.. പക്ഷേ നിങ്ങളുടെ വിവാഹം കുഴപ്പമാണ്. ഒരു പരീക്ഷണത്തിന് ധൈര്യം വരുന്നില്ല വലിയമ്മാമ്മയ്ക്ക്... എന്റെ തങ്കം'
വലിയേടത്ത് കരയുന്നത് ആദ്യമായി കാണുകയായിരുന്നു മഹേഷബാലന്‍.
ഒന്നും മനസിലാവാതെ അവന്‍ നോക്കി നിന്നു.
' ഒടുവില്‍ എന്നെയും ദുര്‍ഗയേയും തമ്മില്‍ വേര്‍പിരിക്കാനുള്ള ശ്രമമാണോ ഇത്'
മഹേഷ്ബാലന്റെ സ്വരം കടുത്തു
ഒരേറ്റു മുട്ടലിന്റെ ഭാവം അവന്റെ മുഖത്ത് കണ്ടു.
വലിയേടത്ത് അവന്റെ തോളില്‍ തട്ടി.
' എല്ലാം കേട്ടിട്ട് വേണം മഹേഷ് തീരുമാനമെടുക്കാന്‍.. അത് എന്നേക്കാള്‍ നന്നായി വേദവ്യാസ് പറഞ്ഞു തരും'
കാറ്റുപിടിച്ച വൃക്ഷം പോലെ മഹേഷ്ബാലന്‍ നിന്നു.
' ചെല്ല് .. വ്യാസിന്റെ അടുത്തേക്ക് ചെല്ല്..അവന്‍ പറഞ്ഞു തരും. എല്ലാം'
അയാള്‍ ഗദ്ഗദമടക്കി പറഞ്ഞു.
ഭൂമിയില്‍ വേരുറച്ചു പോയ പാദങ്ങള്‍ പറിച്ചെടുത്ത് മഹേഷ്ബാലന്‍ ഒരു കൊടുങ്കാറ്റ് പോലെ വേദവ്യാസിന്റെ റൂമിന് നേര്‍ക്ക് കുതിച്ചു.
........ .......... .........
ദുര്‍ഗ കണ്ണുകളടച്ച് കിടന്നു
തലവേദനിക്കുന്നുണ്ടെങ്കില്‍ മാറട്ടെ എന്നു കരുതി രുദ്ര അവളുടെ നെറ്റിയില്‍ വെള്ളക്ക അരച്ച് പുരട്ടിയിരുന്നു. അതിന് മീതെ നനച്ച് തുണി കൂടി ഇട്ടിരുന്നു.
' സമയമെത്രയായി'
അരികില്‍ ആളനക്കമറിഞ്ഞ് അവള്‍ ചോദിച്ചു
' സന്ധ്യ കഴിഞ്ഞു.. എട്ടുമണിയാകുന്നു'
അടുത്തു നിന്നു കേട്ടത് വലിയേടത്തിന്റെ ശബ്ദമായിരുന്നു.
ദുര്‍ഗ പതിയെ കണ്ണുകള്‍ തുറന്നു.
' എഴുന്നേല്‍ക്കണ്ടാട്ടോ .. കിടന്നോ'
അയാള്‍ അവള്‍ക്കരികില്‍ കസേര വലിച്ചിട്ടിരുന്നു.
' ഇപ്പോ എങ്ങനെണ്ട്.. തലകറക്കം മാറിയോ'
' എനിക്കൊന്നൂല്യ'
ദുര്‍ഗ പരിഭവം നിറഞ്ഞ കണ്ണുകളുമായി നോക്കി.
' എന്നെ വെറുതേ പിടിച്ച് ഇവിടെ കിടത്തിയിരിക്കുകയാ'
' വിശ്രമിച്ചിട്ടു മതി എന്തും'
വലിയേടത്ത് ശാസിച്ചു.
അയാള്‍ അവളുടെ കണ്‍പോളകള്‍ വിടര്‍ത്തി പരിശോധിച്ചു
' രക്തമയം കുറവ്.. തീരെ ആരോഗ്യല്ലാണ്ടായല്ലോ കുട്ടീ നിനക്ക്'
അയാളൊന്നു നിശ്വസിച്ചു
' നാളെ കേശുവൈദ്യരോട് ഇത്രടം വരാന്‍ പറയണം.. ചോരയും നീരുമൊക്കെ വന്ന് തുടുത്ത് നല്ല ചൊകചൊകാന്ന് ഇരിക്കാന്‍ പറ്റിയ മരുന്നുണ്ട് അയാള്‍ടെ അടുത്ത്'
വലിയേടത്ത് വാത്സല്യത്തോടെ അവളെ നോക്കി
ദുര്‍ഗ മന്ദഹസിച്ചു.
' മഹിയേട്ടന്‍ പോയോ വലിയമ്മാമ്മേ'
അവള്‍ മടിച്ചു മടിച്ച് തിരക്കി
വലിയേടത്തിന്റെ മിുഖം മങ്ങി
' പോയിട്ടില്യാ..വ്യാസിനോട് സംസാരിക്ക്യാണ്. തങ്കത്തിനെ കണ്ടിട്ടേ പോകൂ.. സമാധാനമായി കിടന്നോട്ടോ'
വലിയേടത്ത് അവളുടെ മെലിഞ്ഞ കൈത്തണ്ടയില്‍ തഴുകി.
' ഭാഗീരഥിയില്ലാതെ നിങ്ങള് മൂന്ന് മക്കളെ വളര്‍ത്തിയെടുക്കാന്‍ പെട്ട പാട് എനിക്കേ അറിഞ്ഞൂടൂ.. കുട്ടനെ കൊണ്ട് ഒരു പ്രശ്നോംണ്ടായിരുന്നില്ല..രുദ്രയും തങ്കവും തമ്മിലായിരുന്നു വഴക്ക്.. എന്തായിരുന്നു കുറുമ്പ് നിന്റെ.. കണ്ണുതെറ്റിയാല്‍ പോയി കുളത്തില്‍ ചാടും. ഒരിക്കെ ദത്തന്‍കുട്ടന്‍ നോക്കുമ്പോ മുങ്ങിപ്പൊങ്ങി താണു പോവാ.. അവിടന്ന് എടുത്തു കൊണ്ട് ഓടുമ്പോ ഒരു ചെറിയ ശ്വാസം മാത്രംണ്ട്.. രണ്ടുമിനിറ്റ് താമസിച്ചെങ്കില്‍ കിട്ടില്യാ.. എന്നിട്ടോ നാലു ദിവസം കഴിഞ്ഞപ്പോ വീണ്ടും നീ ചെന്നു ചാടി.. കുളത്തില്'
അയാള്‍ ഓര്‍മയില്‍ മന്ദഹസിച്ചു.
' ഇപ്പോളും അതേ കുറുമ്പ് തന്നെ.. വളര്‍ത്തുഗുണം .. അല്ലാതെന്താ.. പുന്നാരം കൂടിപ്പോയീന്ന് ദത്തന്‍ പറയുന്നത് വെറുതെയല്ല'
ദുര്‍ഗ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.
പ്രായമായെങ്കിലും യുവത്വത്തിന്റെ കരുത്തായിരുന്നു വലിയമ്മാമ്മയ്ക്ക്
പക്ഷേ ഇപ്പോള്‍ ആകെ തകര്‍ന്നൊരു മനുഷ്യനെ പോലെ പരിക്ഷീണനായിരിക്കുന്നു.
കണ്ണുകള്‍ നിറയുന്നു
സഹോദരിയുടെ മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച സാധു മനുഷ്യന്‍.
സ്വന്തമായി ഒരു ജീവിതം പോലും കണ്ടെത്താന്‍ അദ്ദേഹം മെനക്കെട്ടില്ല.
വലിയമ്മാമ്മയ്ക്ക് എന്നും ജീവന്‍ താനും രുദ്രേച്ചിയും ദത്തേട്ടനുമായിരുന്നു.
എന്നിട്ടും തന്റെ കുറുമ്പുകള്‍ക്കു മുന്നില്‍ പാടേ അടിതെറ്റിയിരിക്കുന്നു
സിദ്ധികള്‍ വരെ കുറേക്കാലത്തേക്ക് നഷ്ടമായി.
പരദേവകള്‍ കോപിച്ചു.
ഈശ്വരാ.
ദുര്‍ഗ തന്റെ വലംകൈ നീക്കി അയാളുടെ ഇടതുകൈത്തണ്ടയില്‍ പിടിച്ചു.
വലിയേടത്ത് വാത്സല്യത്തോടെ നോക്കി
' എന്നോട് ദേഷ്യംല്ലേ വലിയമ്മാമ്മയ്ക്ക്.. എന്നെ വെറുത്തൂടേ.. ഉപേക്ഷിച്ചൂടേ..ഒന്നു വഴക്കെങ്കിലും പറഞ്ഞൂടേ'
ദുര്‍ഗയുടെ വാക്കുകളിടറി.വിങ്ങി വിതുമ്പി ഒരു ചെറിയ കുട്ടിയേ പോലെ കരയുകയായിരുന്നു അവള്‍.
' സാരല്യാ.. ജാതകത്തില്‍ കുറിച്ചിരിക്കണ വിധിയാണ്.. അത് തടുക്കാന്‍ നോക്കി.. സാധിച്ചില്യ.. പ്രകൃതി നിയമം.. അതിന്റെ മോക്ഷത്തിന് തങ്കം വേണായിരുന്നു.. അലിഖിതമെങ്കിലും നിയതമായ വിധി.. '
വലിയേടത്ത് അവളെ നോക്കി.
' ഒരു തെറ്റിന് തങ്കം ഉരുകി തീരണില്ലേ.. ഈ ജന്മം മുഴുവന്‍ തീര്‍ത്താലും തീരാത്ത കുറ്റബോധമില്ലേ എന്റെ കുട്ടീടെ ഉള്ളില്... അത്രയ്ക്കുണ്ടോ വലിയമ്മാമ്മേടെ നീരസം'
അയാള്‍ അവളുടെ വിരലുകള്‍ക്ക് മീതെ തലോടി.
' ഇനിയും നീറാനാണ് മോളെ നിന്റെ വിധി.. ഉമിത്തീയില്‍ വീണതു പോലെ നീറി നീറി എന്റെ കുട്ടി'
അയാള്‍ കണ്ണുതുടച്ചു.
' എല്ലാത്തിനും ചില പരിഹാരങ്ങള്‍ ആലോചിക്കായ്കയില്ല.. മഹേഷിനോട് ഞാനത് പറഞ്ഞിട്ടുണ്ട്.. രണ്ടുപേരും ചേര്‍ന്നൊരു തീരുമാനം എടുക്കണം'
ദുര്‍ഗയുടെ മുഖത്ത് ആപത്ശങ്ക പ്രകടമായി.
' എന്തേ വലിയമ്മാമ്മേ'
അവള്‍ ഇടറിക്കൊണ്ട് ചോദിച്ചു.
അവള്‍ ഇടറിക്കൊണ്ട് ചോദിച്ചു.
' മഹി വരും.. അവന്‍ പറയട്ടെ' അയാളുടെ ശബ്ദം താണു.
' പിന്നെ തങ്കം..പ്രേതാത്മാക്കളെ വിശ്വസിക്കരുത്.. അതിനോട് സഹതാപമരുത്.. ഒരു ആത്മാവും മനുഷ്യനെ മനസിലാക്കില്ലാ.. അത് നന്ദീം ദയേം കരുണേം നിഷ്‌കളങ്കതേം കാട്ടില്ല'
അയാള്‍് അവളുടെ കൈപ്പത്തിയില്‍ മുറുകെ പിടിച്ചു.
' മംനസിലായില്ല് അല്ലേ.. ആ വികാരങ്ങളൊക്കെ മനുഷ്യ സ്വഭാവമാണ് തങ്കം...പ്രേതാത്മാവിന് ഒന്നേ അറിയൂ.. ഭീകരത.. സര്‍വനാശം..സ്വന്തം താത്പര്യത്തിനായി എല്ലാം നശിപ്പിക്കുക, അതിനായി അവറ്റകള്‍ സ്‌നേഹം നടിക്കും. പ്രതികാരത്തിന് നമ്മുടെ സഹായം തേടും. പക്ഷേ ആ നന്ദിയും കടപ്പാടും ഒരിക്കലും അവറ്റകള്‍ക്കുണ്ടാവില്ല.. ഭൂമിയില്‍ അലയുന്നത്ര കാലവും പൈശാചികതയാകും ഉള്ളില്‍... സ്‌നേഹം കൊണ്ട് അതിനെ അടക്കി നിര്‍ത്താന്‍ സാധിക്കില്ല. മന്ത്രവാദികള്‍ തന്നെ തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് പൂജാദി കര്‍മ്മങ്ങള്‍ ചെയ്ത് മാന്ത്രിക വടിയില്‍ ബന്ധിച്ച് ദണ്ഡന മുറകളുപയോഗിച്ച് വരുതിക്ക് നിര്‍ത്തിയിട്ടല്ലേ അവറ്റകളെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്തുന്നത്'
അയാള്‍ എഴുന്നേറ്റു.
വലിയമ്മാമ്മയുടെ വാക്കുകള്‍ ഭീതിയോടെ കേട്ടു കിടക്കുകയായിരുന്നു ദുര്‍ഗ.
തന്റെ സ്‌നേഹവും കരുതലും സൗഹൃദവും നന്ദിയോടെയും സ്‌നേഹത്തോടെയും ധ്വനി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു തന്റെ ധാരണ. എന്നാല്‍ വലിയമ്മാമ്മ പറയുന്നതാണ് ശരി. അവള്‍ക്ക് ഇഷ്ടമല്ലാത്ത എല്ലായിടത്തു നിന്നും തന്നെ ആക്രമിക്കാന്‍ അവള്‍ മടി കാണിച്ചിട്ടില്ല.
' ഉറങ്ങും മുമ്പ് മരുന്നു കഴിക്കാന്‍ മറക്കണ്ടാട്ടോ'
അയാള്‍ പുറത്തേക്ക് നടന്നു.
അപ്പോള്‍ തന്റെ നെറ്റിയില്‍ ആരോ മൃദുവായി തൊടുന്നത് ദുര്‍ഗയറിഞ്ഞു.
കണ്ണു തുറന്നപ്പോള്‍ കിടക്കയോരത്ത് ഇരിക്കുകയാണ് ധ്വനി.
' എല്ലാം ഞാന്‍ കേട്ടു.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ദുര്‍ഗാ'
ധ്വനി അവളുടെ കവിളില്‍ ചുംബിച്ചു.
' മഹിയേട്ടനെ നീ വിവാഹ ചെയ്യണം. എന്തൊക്കെ സംഭവിച്ചാലും'
ധ്വനിയുടെ മന്ത്രണം അവള്‍ കേട്ടു
ദുര്‍ഗ അത്ഭുതത്തോടെ അവളെ നോക്കി.
ധ്വനിയെ സംബന്ധിച്ച് താന്‍ കരുതിയതെല്ലാം തെറ്റായിരുന്നോ എന്ന് അവള്‍ സംശയിച്ചു.
' മഹിയേട്ടനും ഞാനും ഒന്നിച്ചു ജീവിക്കാനാണ് നീ ആഗ്രഹിക്കുന്നെങ്കില്‍ എന്തിനാണ് നീയെന്നെ വേദനിപ്പിക്കുന്നത്' ദുര്‍ഗ ദേഷ്യപ്പെട്ടു.
' നര്‍ത്തകിപ്പുരയില്‍ നീയെന്തിനാണ് ഞങ്ങളെ കുരുക്കിയിട്ടത്.'
' വെറുതേ' ധ്വനി ചിരിച്ചു.
' നിന്നെയൊന്ന് ഭയപ്പെടുത്താന്‍ മാത്രം.'
ധ്വനി പൊട്ടിച്ചിരിച്ചു.
അവളെ വിശ്വസിക്കാന്‍ വയ്യാതെ ദുര്‍ഗ തുറിച്ചു നോക്കി.
' ദേഹം ചുട്ടുപൊള്ളുന്നു'
ധ്വനി അസഹ്യതയോടെ എഴുന്നേറ്റു,
' ഞാന്‍ പോകുന്നു ദുര്‍ഗ... മറക്കണ്ട.. നിങ്ങള്‍ ഒരുമിക്കണം. അതാണെന്റെ ആഗ്രഹം'
നൊടിയിടയില്‍ അവള്‍ മാഞ്ഞു.
ഒന്നും മനസിലാകാതെ ദുര്‍ഗ കിടന്നു.
അപ്പോൾ തന്റെ കവിളിലെന്തോ വഴുവഴുപ്പുള്ള വസ്തു പുരണ്ടിട്ടുണ്ടെന്ന് ദുർഗക്ക് തോന്നി.
കൈത്തലം കൊണ്ട് കവിൾ തുടച്ച ദുർഗ ഞെട്ടിപ്പോയി
രക്തം.
ധ്വനി ചുംബിച്ച കവിൾ
ദുർഗയ്ക്ക് മനംപുരട്ടി
അപ്പോൾ തന്റെ കവിളിലെന്തോ വഴുവഴുപ്പുള്ള വസ്തു പുരണ്ടിട്ടുണ്ടെന്ന് ദുർഗക്ക് തോന്നി.
കൈത്തലം കൊണ്ട് കവിൾ തുടച്ച ദുർഗ ഞെട്ടിപ്പോയി
രക്തം.
ധ്വനി ചുംബിച്ച കവിൾ
ദുർഗയ്ക്ക് മനംപുരട്ടി
............... ....................... .......................
കാറ്റില്‍ ജനാലവിരികള്‍ ഇളകിക്കൊണ്ടിരുന്നു.
അതിന്‍മേല്‍ പറ്റിച്ചേര്‍ന്നു പാറുന്ന ഒരു മഞ്ഞപ്പൂമ്പാറ്റയെ നോക്കി കിടക്കുകയായിരുന്നു ദുര്‍ഗ.
' തങ്കം' മഹേഷ്ബാലന്റെ വിളിയാണ് അവളെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്
' മഹിയേട്ടാ' അവനെ കണ്ടതും അവളുടെ മുഖത്ത് ഒരു വിളറിയ ചിരിയുണ്ടായി.
പക്ഷേ പഴയ ശാന്തമായ ഭാവമല്ല മഹേഷ് ബാലന്റെ മുഖത്ത് അവള്‍ കണ്ടത്.
കാറും കോളും തിങ്ങി ഇപ്പോള്‍ പെയ്തു പോയേക്കാവുന്ന ഭാവം.
കടുത്ത ആത്മസംഘര്‍ഷം അനുഭവിക്കുന്നവന്റെ പിരിമുറുക്കം.
ദുര്‍ഗ പതിയെ കിടക്കയില്‍ തന്നെ എഴുന്നേറ്റിരുന്നു.
കാലുകള്‍ മടക്കി വെച്ച് കാല്‍മുട്ടില്‍ മുഖം അര്‍പ്പിച്ച് അവള്‍ അവനെ നോക്കി.
ആ ഇരുപ്പില്‍ അവള്‍ കൊത്തിവെച്ച ശില്‍പമാണെന്ന് തോന്നി.
മഹേഷ് ബാലന്‍ ചെന്ന് അവളുടെ അടുത്ത് കിടക്കയിലിരുന്നു.
' തങ്കം' അവന്‍ അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് ആര്‍ദ്രതയോടെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് വിളിച്ചു
' ഉം' കാതരമായി ദുര്‍ഗ വിളികേട്ടു.
' യാത്ര പറയാന്‍ വന്നതാണ് മോളേ ഞാന്‍'
മഹേഷ്ബാലന്റെ ശബ്ദമിടറി.
ദുര്‍ഗ നിഷ്‌കളങ്കമായി മുഖമിളക്കി.
കൈക്കുമ്പിളിലെ ചന്ദ്രബിംബം പോലെ തെളിഞ്ഞ മുഖത്തേക്ക് മഹേഷ്ബാലന്‍ അവസാന കാഴ്ച എന്നതു പോലെ ഉറ്റു നോക്കി.
' യാത്ര എന്നു വെച്ചാല്‍.. വലിയേടത്തു നിന്നല്ല.. നമ്മുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകുകയാണ്.. നിന്നെ ഉപേക്ഷിച്ച്'
അവന്റെ കണ്ണുകള്‍ നിറയുന്നത് അവള്‍ കണ്ടു
' മഹിയേട്ടനെനന്താ പറഞ്ഞേ'
ദുര്‍ഗ ഞെട്ടിപ്പോയി.
ആന്തലോടെ അവള്‍ അവനെ നോക്കി.
' വ്യാസേട്ടന്‍ എല്ലാം എന്നോട് പറഞ്ഞു.'
അവന്റെ സ്വരമിടറി
' ഒരു ഡോക്ടറാണ് ഞാന്‍... ആരു പറയുന്നത് വിശ്വസിക്കണം വിശ്വസിക്കരുത് എന്നെനിക്കറിയില്ല.
കേട്ടതും പഠിച്ചതും അറിഞ്ഞതുമെല്ലാം മറ്റൊന്ന്.. പക്ഷേ അനുഭവങ്ങള്‍ മറ്റൊന്ന്'
അവന്‍ ദുര്‍ഗയുടെ നെറുകയില്‍ തലോടി.
' തീരാവേദനയുണ്ട് മനസില്‍.. പക്ഷേ മോളേ.. നിലവിളക്കു കൊളുത്തിവെച്ചതുപോലെയുള്ള ഈ മുഖം ഇതെനിക്ക് കാണണം.. എന്റെ മരണം വരെ.. ദൂരെ നിന്നെങ്കിലും'
മഹേഷ് ബാലന്‍ കരയുകയായിരുന്നു.
ദുര്‍ഗ ഒന്നും മനസിലാകാതെ സ്തബ്ധയായിരുന്നു.
' സ്‌നേഹിക്കാന്‍ ആരും ആരുടെയും സ്വന്തമാകണമെന്നില്ലല്ലോ.. ഒരുവള്‍ മരിച്ചു പോയ വേദന ഞാനെങ്ങനെയോ സഹിച്ചു. അവള്‍ കാരണം അവളേക്കാള്‍ ഞാന്‍ സ്‌നേഹിച്ച എന്റെ തങ്കത്തെ എനിക്ക് നഷ്ടപ്പെട്ടു കൂടാ'
' മഹിയേട്ടാ'
പൊട്ടിത്തകര്‍ന്ന് ദുര്‍ഗ വിളിച്ചു.
കടയറ്റ ഒരു ഒറ്റ മരം പോലെ അവള്‍ അയാളുടെ നെഞ്ചിലേക്ക് ഉറക്കെകരഞ്ഞു കൊണ്ട് ചാരി.
പിന്നെ തന്റെ പ്രാണന്‍ പറിഞ്ഞു പോകുന്നത് പോലെ അവനെ ഇറുക്കിപ്പിടിച്ചു
' ആ താലി.. അതെനിക്കു വേണം മഹിയേട്ടാ.. അവളെന്നെ കൊന്നോട്ടെ.. എന്നാലും മഹിയേട്ടന്റെ പെണ്ണായിട്ട് വേണം എനിക്ക് മരിക്കാന്‍..'
അതു കേള്‍ക്കാന്‍ നില്‍ക്കാതെ മഹേഷ് ബാലന്‍ അവളെ തന്നില്‍ നിന്നും വേര്‍പെടുത്തി.
വാതില്‍ക്കല്‍ നിലവിളി കേട്ടെത്തിയ ജാസ്മിനെയും സ്വാതിയേയും നേഹയേയും രുദ്രയേയുമൊക്കെ അവന്‍ കണ്ടു
അവര്‍ക്കിടയിലൂടെ മഹേഷ് ബാലന്‍ ഇറങ്ങി പുറത്തേക്ക് നടന്നു.
' മഹിയേട്ടാ' വലിയൊരു കരച്ചിലോടെ ദുര്‍ഗ ചാടിയെഴുന്നേറ്റ് അവന്റെ പുറകേയോടി.
പക്ഷേ കാലുകള്‍ക്ക് പഴയ വേഗത കിട്ടിയില്ല.
എല്ലാവരെയും തട്ടിമാറ്റി അവള്‍ ചുറ്റു വരാന്തയിലെത്തിയപ്പോഴേക്കും മഹേഷ്ബാലന്‍ പടിപ്പുര കടന്നിരുന്നു.
' മഹിയേട്ടാ' ഒരു തേങ്ങലോടെ ദുര്‍ഗ ചുറ്റുവരാന്തയുടെ ഉരുളന്‍ തൂണില്‍ പിടിച്ചു നിന്നു.
വലിയമ്മാമ്മ പറഞ്ഞതും ധ്വനി പറഞ്ഞതും ഇതേ കുറിച്ചാണ്.
ഈ വേദന സഹിക്കണമെന്ന് വലിയമ്മാമ്മയും മഹിയേട്ടനെ വിവാഹം കഴിക്കണമെന്ന് ധ്വനിയും പറഞ്ഞു.
രണ്ടുപേര്‍ക്കും അതിന് അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരിക്കാം.
എന്നാല്‍ തനിക്കൊന്നേ അറിയേണ്ടൂ.
മഹിയേട്ടനെ തനിക്ക് നഷ്ടപ്പെടുമോ എന്ന്.
ആ സ്‌നേഹം നഷ്ടമായാല്‍ ആ താലി നഷ്ടമായാല്‍ പിന്നെ വലിയേടത്തെ ദുര്‍ഗാ ഭാഗീരഥിയ്ക്ക് ഒരു ജീവിതം വേണ്ട.
ജീവനും.
' മഹിയേട്ടാ.. പോകരുത്..'
പടിപ്പുരയിലെ മാഞ്ഞു പോകുന്ന നിഴലിനെ നോക്കി ഉറക്കെ നിലവിളിച്ചു കൊണ്ട് അവള്‍ കെഞ്ചി
പിന്നെ ഉള്ളിലെ എല്ലാ വേദനയും തീരാനെന്ന പോലെ ആ നിമിഷം മരിച്ചു വീഴാനെന്ന പോലെ അവള്‍ ഉരുളന്‍ തൂണില്‍ തുരു തുരെ തന്റെ ശിരസ് ആഞ്ഞാഞ്ഞിടിച്ചു.
' തങ്കം..' ആരൊക്കെയോ ഓടിയടുക്കുന്നത് അവളറിഞ്ഞു.
ശിരസ് പൊട്ടി ചോരച്ചാല്‍ ആ തൂണിനെ ചുവപ്പിക്കുന്നത് അവള്‍ കണ്ടു
ചോരച്ചാലുകള്‍ നിലത്തേക്ക് ഒഴുകി.
' തങ്കം എന്റെ പൊന്നുമോളേ..'
വലിയമ്മാമ്മയുടെ നിലവിളി അവള്‍ കേട്ടു.
ദുര്‍ഗ നിലത്തു വീണ് പിടഞ്ഞു.
..... ......... തുടരും ....
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക