നമുക്കൊരു യാത്ര പോയാലോ? ഒരു ആകാശയാത്ര. അങ്ങിനെയെങ്കിൽ നമുക്ക് അടുത്ത് കാണാമല്ലോ ആകാശിന്റെ യാത്രയും കൂടെ യാത്രികനേയും. ആകാശിന്റെ യാത്ര ആകാശത്തിലൂടെയാണെങ്കിലും എന്തോ ആകാശിന്റെ മട്ടും ഭാവവും കണ്ടിട്ട് എന്തോ ഒരു വല്ലായ്മ. ജീവിതത്തിലും മരണത്തിനും ഇടയിലൂടെയുള്ള ഒരു യാത്രയിലാണ് എന്നു തോന്നുന്നു. സുഖസുഷുപ്തിയുടെ ഇടയിലെപ്പോഴോ ഒരു നൈറ്റ്മെയർ കണ്ട് ഞെട്ടി എഴുനേറ്റ് ഉറക്കവും നഷ്ടപ്പെട്ട് പാതി വഴിയിൽ ജീവിതവും നഷ്ടപ്പെട്ട തോന്നലിള്ളൊരവസ്ഥ. പറന്നുയർന്നു പകുതിവഴിയിൽ ചിറകു തളർന്ന ആൺകിളി, മുട്ടവിരിഞ്ഞെങ്കിലും പറക്കമുറ്റാത്ത പൈതങ്ങൾ, പാതിയായ കൂടുനിർമാണം, കൂട്ടിലൊറ്റായ്ക്കായേക്കാവുന്ന തള്ളക്കിളിയുടെ മൗനനൊമ്പര വേദനപ്പാടുകൾ ഇവയെല്ലാമായിരിക്കും അവനെ ചൂഴ്ന്നു നിൽക്കുന്ന പ്രവാസദുഃഖങ്ങൾ എന്ന് നമുക്ക് വിലയിരുത്താം.
ആകാശിന്റെയാത്രയിലെ വിശേഷങ്ങളിലേയ്ക്ക് നമുക്കും കടന്നു ചെല്ലാം .
ആകാശ്മോനോൻ ആകാശയാത്രയിലാണ്. നീലാകാശത്തിൽ വെളുവെളുത്ത പഞ്ഞിക്കെട്ടുകൾക്കിടയിലൂടെ സുന്ദരമായ അരയന്നം പോലെ തെന്നി നീങ്ങുന്ന വിമാനം. സീറ്റിലിരുന്ന് സുന്ദരമായ പുറംകാഴ്ചകൾ കാണാനാവാതെ വേദന കൊണ്ട് പുളയുന്ന ശരീരത്തിൽ നിന്ന് പറന്നകന്ന് വെളുത്ത മേഘങ്ങൾക്കിടയിലേയ്ക്ക് പറന്നു പോകാൻ കൊതിക്കുന്ന ജീവനെ മുറുക്കെ പിടിച്ച് അവൻ സീറ്റിൽ നിന്നെഴുനേറ്റു. ലോഹഭിത്തിയിലൂടെ പുറത്തേയ്ക്ക് പറന്ന് ചെല്ലാൻ വെമ്പൽ കൂട്ടുന്ന ആത്മാവിനെ സ്വീകരിച്ച് കൊണ്ടുപോകാൻ വെള്ള മേഘശകലങ്ങൾ വിമാന ചിറകിനിടയിലൂടെ പറന്ന് വന്ന് ജാലക വാതിലിൽ നിന്നെത്തി നോക്കി മുട്ടി വിളിയ്ക്കുന്നു, വിട്ടു കൊടുക്കില്ല എന്ന ദൃഢനിശ്ചയത്തോടെ സീറ്റിൽ നിന്നെഴുന്നേറ്റ് അവൻ മുന്നോട്ടും പിന്നോട്ടും നടന്നു. മുന്നോട്ട് നടന്ന് വിമാനത്തിലെ ടോയ്ലറ്റിന്റെ മുന്നിലെത്തി ഒരു മാത്ര അവിടെ സംശയിച്ചു നിന്നു, സാധാരണയായി അവിടെ ഇരു വശങ്ങളിലും നല്ല ക്യൂ കാണാറുള്ളതാണ് പക്ഷെ വിമാനം പറന്നു പൊങ്ങിയ ഉടനെയായതിനാൽ രണ്ടു വാതിലുകളുടെ മുൻഭാഗവും ആളൊഴിഞ്ഞു കിടന്നു പക്ഷെ ആകാശിന് ടോയ്ലറ്റിന് അകത്തു കയറാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല. ശരീരം മുഴുവൻ പറഞ്ഞറിയിക്കാൻ ആവാത്ത വേദന. നിൽക്കാനും ഇരിയ്ക്കാനും ആവാത്ത അവസ്ഥ, നടക്കുമ്പോൾ ചെറിയൊരാശ്വാസം. വേദനയിൽ നിന്ന് രക്ഷപ്പെടാൻ പിന്നോട്ട് തിരിഞ്ഞു നടന്നു. അല്പം മുമ്പ് എഴുനേറ്റു പോയ സീറ്റും കടന്ന് പിന്നെയും പുറകിലേക്ക് നടന്നു. ഫസ്റ്റ്ക്ലാസ്സും സെക്കന്റ് ക്ലാസ്സും തമ്മിൽ വേർതിരിയ്ക്കുന്ന കർട്ടന്റെ അടുത്തെത്തിയൊരു നിമിഷം അവിടെയും നിന്നു. പിന്നീട് തിരിച്ചു നടന്നു രണ്ടാം വട്ടവും യാത്ര തുടർന്നപ്പോൾ സഹയാത്രികർ എന്തുപറ്റിയെന്ന് പുരികമുയർത്തി ചോദ്യശരങ്ങൾ എയ്തുവിടുന്നതു കണ്ടില്ലെന്ന് നടിച്ചു. അല്ലങ്കിൽ തന്നെ എന്തെങ്കിലും പറയാൻ പറ്റുന്ന മാനസികാവസ്ഥയിൽ അല്ലാ യിരുന്നല്ലോ , നടപ്പു വീണ്ടും തുടർന്നപ്പോൾ കാര്യം തിരക്കിയ എയർഹോസ്റ്റസിന്റെചോദ്യത്തിന് മറുപടി പറഞ്ഞതിനൊപ്പം കടിച്ചു പിടിച്ചിട്ടും കയറുപ്പൊട്ടിയ കണ്ണുനീർ തുള്ളികൾ നിലത്തുവീണു പൊട്ടിച്ചിതറി. കണ്ണീർപ്പുഞ്ചിരിയ്ക്കിടയിലൂടെ ആകാശ് പറഞ്ഞൊപ്പിച്ചു അവൻ അനുഭവിക്കുന്ന വേദനയുടെ രത്നച്ചുരുക്കം. ഭാഷയ്ക്കതീതമായി അവൻ അനുഭവിക്കുന്ന വേദനയുടെ ചൂടും ചൂരും തിരിച്ചറിഞ്ഞ എയർഹോസ്റ്റസ് സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ടുക്കൊണ്ട് ക്യാബിനിലെത്തി മൈക്കിലൂടെ കൂടെ യാത്ര ചെയ്യുന്ന ഡോക്ടേഴ്സിന്റെ സേവനം അഭ്യർത്ഥിച്ചു. എന്തു സഹായവും ചെയ്യാനായി മൂന്നു ലേഡി ഡോക്ടറുമാരും, മാറ്റാരു ഡോക്ടറും വളരെ പെട്ടെന്ന് അവരുടെ സന്നദ്ധത അറിയിച്ചു. എയർഹോസ്റ്റസ് ആകാശിനെ ഫസ്റ്റ് ക്ലാസ്സിലേക്ക് കൊണ്ടുചെന്നതും ഡോക്ടേഴ്സ് അരികിലെത്തി വിവരങ്ങൾ തിരക്കി.
ആകാശിന്റെ കൈകൾ കൈയിലെടുത്ത് എന്താണ് അസുഖമെന്ന് സ്നേഹമസൃണമായ സ്വരത്തിൽ ചോദിച്ച ഡോക്ടറിന്റെ കരുണ നിറഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ അവനു ലഭിച്ചത് വലിയൊരാശ്വാസത്തിന്റെ മഞ്ഞുമലയുള്ളിലേയ്ക്ക് കടന്നുവന്നൊരു സുഖശീതളിമ.
അസുഖം എന്താണെന്ന് അറിയില്ല സാർ, ശരീരം പൊട്ടിച്ചിതറി പോകുന്ന വേദനയാണ്. ഹോസ്പിറ്റലിൽ പോകാനായിട്ടാണ് നാട്ടിലേക്ക് പോകുന്നത്.
അവിടെ ഡോക്ടറെ കണ്ടില്ലായിരുന്നോ? എന്നിട്ട് എന്താണ് ഡോക്ടർ പറഞ്ഞത്.
ഡോക്ടർ പറഞ്ഞത് ഹെപ്പറ്റൈറ്റ്സിന്റെ ഏതോ വകഭേദമാണ് എന്നു സംശയം ഉണ്ട് അതിനാൽ ബ്ലഡ് കൾച്ചർ ചെയ്ത് നോക്കാനായി പറഞ്ഞു.
എന്നിട്ട് ബ്ലഡ് കൾച്ചർ ചെയ്ത് നോക്കിയോ ?
ഇല്ല അതിന് ചില പ്രശ്നങ്ങൾ ഉണ്ട്. ബദർ അൽ സമയിൽ ആണെങ്കിലും, മറ്റേത് നല്ല ഹോസ്പിറ്റലിൽ ആണെങ്കിലും ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട് ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള ഹെപ്പറ്റെസിന്റെ വകഭേദങ്ങൾ ഏതെങ്കിലും ആണെങ്കിൽ അവർ റിപ്പോർട്ട് ഗവൺമെന്റിലേക്ക് റഫർ ചെയ്യും. പിന്നീട് ഒരു മാസം ഗവൺമെന്റ് സൗജന്യചികിത്സ നൽകുകയും അതിനു ശേഷം വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്യും. പിന്നീട് ഒരിയ്ക്കലും വിസിറ്റ് വിസ പോലും തരാതിരിക്കുകയും ചെയ്യും. ഒറ്റയ്ക്ക് ഒരു സ്ഥാപനം നടത്തുന്ന തന്നെ പോലുള്ളവരെ അങ്ങിനെ വിസ കാൻസൽ ചെയ്ത് നാട്ടിലേയ്ക്ക് കയറ്റി വിടുമ്പോൾ , തറവാട് ഭാഗം വയ്ക്കുന്നതിന് മുമ്പ് തറവാടിനു വേണ്ടി എല്ലുമുറിയെ പണിയെടുത്ത ചില മൂത്ത മക്കളെ മുറ്റത്തു വീണു കിടക്കുന്ന ഒരു കരിയില പോലും എടുക്കാൻ സമ്മതിക്കാതെ പടിയടച്ച് പിണ്ഡം വയ്ക്കുന്നതിന് സമാനമായിരിക്കും. പുറത്താക്കിയിട്ട് പിന്നൊരു ഉപ്പു ചിരട്ടയ്ക്കായി പോലും തറവാട്ടിൽ കാലുകുത്താൻ ആവാത്ത അവസ്ഥയായിരിക്കും പിന്നീട് ഞങ്ങൾ. അതുകൊണ്ട് വിശദമായ ബ്ലഡ് ചെക്കിംഗിന് നിന്നില്ല. നാട്ടിൽ പോയി ചികിത്സിക്കാം എന്നോർത്ത് യാത്ര തിരിച്ചതാണ്. ഇന്നലെ യൂറിനും ബ്ലഡ്ഡും ടെസ്റ്റ് ചെയ്ത ചെറിയ ക്ലിനിക്കിലെ ഡോക്ടർ ഹെപ്പറ്റെറ്റിസ് എന്നെഴുതിയിട്ട് അതിന്റെ മുന്നിൽ ഒരു ക്വസ്റ്റിൻമാർക്കും ഇട്ടപ്പോൾ മുതൽ നല്ല ജീവൻ പോയി. അതിന്റെ കൂടെ ശരീരം പൊട്ടിപ്പിളരുന്ന വേദനയും. വേദനസംഹാരികൾ കൊണ്ട് വേദനയെ പിടിച്ചു നിർത്താൻ ആവുന്നില്ല.
ശരി എങ്കിൽ തല്ക്കാലം വേദന മാറാനുള്ള ഒരു മരുന്ന് തരാം. ഡോക്ടർ ബ്രീഫ്കെയ്സ് തുറന്ന് ഒരു ഗുളിക എടുത്ത് എയർ ഹോസ്റ്റസിനോട് അല്പം വെള്ളം ആവശ്യപ്പെട്ടു. കൊണ്ടുവന്ന അരഗ്ലാസ്സ് വെള്ളത്തിലേക്ക് കൈയ്യിലെടുത്ത ഗുളിക ഇട്ട നേരം നുരയും പതയും പതഞ്ഞു പൊങ്ങി. അതു കുടിച്ചു കഴിഞ്ഞ് മൂന്നാലു മിനിട്ടിനകം ആകാശിന്റെ മുഖത്തു നിന്നും വേദനയുടെ ലാഞ്ചനകൾ അരങ്ങൊഴിഞ്ഞ് പ്രസന്നചിത്തനായി.
ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട് ഡോക്ടർ.
ആകാശ് നിങ്ങളിൽ കാണുന്ന ലക്ഷണങ്ങൾ ഒന്നും ഹെപ്പറ്റൈറ്റ്സിന്റെ അല്ല, അതിന് ഇതു പോലുളള വേദന കാണില്ല.
പക്ഷെ ഡോക്ടർ ക്ലിനിക്കിലെ റിപ്പോർട്ടിൽ ബിലിറൂബിന്റെ അളവ് വളരെ കൂടുതൽ കാണിക്കുന്നുണ്ടല്ലോ? ആറോ ഏഴോ മില്ലിഗ്രാം വരെ ഉണ്ടെന്നാണ് തോന്നുന്നത്. അതറിഞ്ഞ് നാട്ടിൽ വിളിച്ചു പറഞ്ഞപ്പോഴാണ് നേഴ്സായ സഹോദരി പെട്ടെന്ന് നാട്ടിലെത്താൻ പറഞ്ഞത്.
അതേതായാലും നന്നായി പെട്ടെന്ന് നാട്ടിലേയ്ക്കുള്ള പോക്കും ഉടനെയുള്ള ചികിത്സയും . ടോട്ടൽ ബിലിറൂബിൻ ആണോ, ഡയറക്ട് ബിലിറൂബിൻ ആണോ എന്നത് റിപ്പോർട്ട് നോക്കിയാലേ അറിയാനാവൂ ടോട്ടൽ ബിലിറൂബിൻ കൂടുതൽ ആയാൽ ആണ് കുഴപ്പം എന്തെങ്കിലും കാരണം കൊണ്ട് ഡയറക്ട് ആയി കൂടിയാൽ അതുപോലെ തന്നേ കുറഞ്ഞു കൊള്ളും. ഇത്തരത്തിൽ ഉള്ള വേദനയും ലക്ഷണങ്ങളും കണ്ടിട്ട് സ്റ്റോൺ സംബന്ധമായതാണ് എന്നാണ് തോന്നുന്നത്. ഏതായാലും ഇപ്പോൾ വേദനക്ക് അല്പം ആശ്വാസമില്ലേ, അതുകൊണ്ട് അധികം പേടിയ്ക്കാനില്ല എന്നാണ് തോന്നുന്നത്.
അല്പമല്ല സാറേ നല്ല രീതിയിൽ ഉള്ള ആശ്വാസം ഉണ്ട്. ഒരു സംശയം ചോദിച്ചോട്ടെ അവിടെ നിന്ന് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഹെപ്പറ്റൈറ്റിസ് എന്നെഴുതി ക്വസ്റ്റിൻ മാർക്ക് ഇട്ടതെന്താണ് , ആർക്കാർ ഹെപ്പറ്റൈറ്റിസ് ABCD എന്നെല്ലാം പായുന്നത് അതിന്റെ തീവ്രത കൊണ്ടാണോ അങ്ങിനെയുള്ള തരം തിരിവ്, ഏറ്റവും കുറഞ്ഞത് A യും ഏറ്റവും കൂടിയത് D യും ആണോ ?
അത് ചോദിച്ചത് നന്നായി നാലഞ്ചുതരത്തിൽ ഉള്ള ഹെപ്പറ്റൈറ്റിസ് ആണ് പൊതുവായി കണക്കാക്കിയിട്ടുള്ളത്. അതിൽ തന്നെ ഹെപ്പറൈറ്റിസ് A യും Eയും വലിയ ഉപദ്രവകാരികൾ അല്ല സാധാരാണ മഞ്ഞപ്പിത്തത്തിന്റെ വക ഭേദങ്ങൾ എന്നു പറയാം. പക്ഷെ ഹെപ്പറ്റൈറ്റസ് ബി ഭയങ്കര അപകടകാരിയാണ്, കരൾ കാൻസറിന് വഴി കാട്ടിയാണ് , ക്രോണിക് ഹെപ്പറ്റൈറ്റിസ് ആയി മാറിയാൽ കരൾ കാൻസർ, സിറോസിസ് എന്നിവയ്ക്ക് വഴിവയ്ക്കും. ടോട്ടൽ ബിലിറൂബിൻ ഡയറക്ട് ബിലി റൂബിൻ പരിശോധനയിലൂടെയും , ലിവർ ഫംഗ്‌ഷൻ ടെസ്റ്റിലൂടെയും രോഗ നിർണ്ണയം നടത്താം. അതിനാവശ്യമുളള മരുന്നുകളുടെ ഉപയോഗത്തിലൂടെ അവയുടെ അളവ് കുറയ്ക്കുകയാണ് പിന്നീട് വേണ്ടത്.
അപ്പോൾ സാറെ ഹെപ്പറ്റെറ്റിസ് C യുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ?
ഹെപ്പറ്റെറ്റിസ് സി എന്നാൽ പതുങ്ങി ഇരുന്ന് ആക്രമിക്കുന്ന സ്വഭാവം ആണതിന്, അത്യന്തം അപകടകാരി. രോഗലക്ഷണങ്ങൾ തിരിച്ചറിയാതിരിക്കുക പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ക്രോണിക്ക് ഹെപ്പറ്റൈറ്റിസ് ആയി
തീരുകയായിരിക്കും അതിന്റെ രീതി.
തീരുകയായിരിക്കും അതിന്റെ രീതി.
അപ്പോൾ ഇനി ബാക്കിയുള്ളത് ഹെപ്പറ്റൈറ്റിസ് D അല്ലേ , അതെങ്ങിനെ താരതമ്യേന അപകടം കുറഞ്ഞതാണോ അതോ ഇതിനെയെല്ലാം കടത്തി വെട്ടുന്നതാണോ ?
അതിനെ പറ്റി പറയാനാണെങ്കിൽ ഇത്തിരി കൂടെ കടുപ്പക്കാരനാണ്. ഹെപ്പറ്റൈറ്റിസ് D എന്നാൽ ബിയുടെ പിൻഗാമിയും Cയുടെ ലക്ഷണങ്ങളോട് കൂടിയതുമായ കൊലയാളി.
ഒരു സംശയം കൂടെ ചോദിച്ചോട്ടെ ഡോക്ടറേ ഈ ബിലിറൂബിൻ എന്നു പറഞ്ഞാൽ എന്താണ് ?
ബിലിറൂബിൻ ഉണ്ടാകുന്നത് രക്തകോശങ്ങളിൽ നിന്നാണ്, ചുവന്ന രക്താണുക്കൾക്ക് 120 ദിവസത്തെ ആയുസ്സാണ് ഉള്ളത്. ഇവ പ്രായമായി നശിക്കുമ്പോൾ ആണ് ബിലിറൂബിൻ ഉണ്ടാകുന്നത് , ഈ ബിലിറുബിൻ കരൾ സംസ്കരിക്കപ്പെടുകയും ഒരു ഭാഗം പിത്തനീരിലൂടെ പിത്താശയത്തിലേയ്ക്കും ബാക്കിഭാഗം വൻകുടലിലൂടെ കടന്നു പുറത്തേയ്ക്ക് പോകുകയും ചെയ്യുന്നു.
സാധാരാണ രക്തത്തിൽ 0.3 മുതൽ 0.8 വരെ ബിലിറൂബിൻ ഉണ്ടാകുന്നു. ഒരു മില്ലിഗ്രാമിൽ കൂടുതൽ ആകുമ്പോൾ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ തുടങ്ങുകയുള്ളു. 3 മില്ലിഗ്രാമിൽ കൂടുമ്പോൾ മഞ്ഞപ്പിത്തം സ്ഥിതീകരിക്കുന്നു.
ഡോക്ടർ അപ്പോൾ 6 മില്ലിഗ്രാമിൽ കൂടുതൽ ബിലിറൂബിൻ ഉള്ള എന്റെ കരളിനെയെല്ലാം ഇപ്പോൾ മഞ്ഞപ്പിത്തം കൂടിയ രീതിയിൽ ബാധിച്ചിട്ടുണ്ടാകുമോ ?
ആകാശ് പേടിയ്ക്കണ്ട, നിങ്ങളുടെ കണ്ണുകളിലും, കൈവിരലുകളിൽ ഒന്നും മഞ്ഞ നിറമൊന്നും കാണാനില്ല. അതുകൊണ്ട് പേടിയ്ക്കാനുള്ള കാര്യങ്ങൾക്കൊന്നുമൊരു സാധ്യതയുമില്ല. ബിലിറൂബിൻ 6,7 മില്ലിഗ്രാം എന്നത് കൂട്ടിയ അളവാണ് പക്ഷ ഡയറക്ട് ബിലിറൂബിൻ ആണെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടും ആവാം. അത് ഉയർന്നതു പോലെ ഉടനെ തന്നേ താഴാനും സാദ്ധ്യതയുണ്ട്.
അതുകൊണ്ട് ആകാശ് ധൈര്യമായിരിക്ക്, ഒന്നും സംഭവിക്കില്ല. ശുഭയാത
ഡോക്ടറോട് നന്ദി പറഞ്ഞ് ആകാശ് മേനോൻ സീറ്റിലേയ്ക്ക് ചാരി കിടന്നു , പയ്യെ മിഴിയിണകൾ അടച്ചു. കുഞ്ഞുകുട്ടിയുടെ ശാന്തമായ ഉറക്കം പോലെ, നിശബ്ദമായ നീലജലാശത്തിലേക്ക് ഒരു ചെറിയ കല്ലിടുമ്പോൾ താഴ്ന്നു താഴ്ന്നു പോകുന്ന പ്രതീതിയിൽ ആകാശ് ഉറക്കത്തിലേയ്ക്ക് ഊർന്നിറങ്ങിപ്പോയി.
By PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക