
തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു.
"ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്"
കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത് ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു. ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി. സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു.
വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോരം ഫ്ളാറ്റ്സ്" എന്ന ഗ്രൂപ്പിൽ നൂറോളം മെസെജുകൾ. അയാൾ ആദ്യത്തെ മെസേജ് വായിച്ചു.
"കാര്യങ്ങൾ നമ്മുടെ കൈ വിട്ട് പോയിരിക്കുന്നു. ഒരു ഫൈനിൽ ഒതുങ്ങും എന്നു തന്നെയാണ് പ്രതീക്ഷിച്ചത്. പക്ഷെ നമ്മുടെ ഫ്ലാറ്റ് പൊളിച്ചു കളയാൻ ഇപ്പോൾ കോടതി വിധിച്ചിരിക്കുന്നു.
ആയതിനാൽ......."
ആയതിനാൽ......."
തുടർന്ന് വായിക്കാൻ ശക്തി നഷ്ടപ്പെടുന്നത് പോലെ അയാൾക്ക് തോന്നി. കാഴ്ച മങ്ങുന്നു. തപ്പി തടഞ്ഞ് എഴുന്നേറ്റ് നിന്നപ്പോൾ നിൽക്കുന്നിടം ഒരു ചതുപ്പ് നിലമായി മാറുന്നത് അയാൾ അറിഞ്ഞു. ചതുപ്പിൽ അകപ്പെടാതെ പത്താം നിലയിലെ ആ ഫ്ലാറ്റിൽ നിന്നും പുറത്തു കടക്കാനായി ഒരു ശ്രമം നടത്തി. പക്ഷെ അടച്ചിട്ട വാതിലുകൾ ആ ശ്രമത്തെ ദയനീയമായി പരാജയപ്പെടുത്തി. ഒടുവിൽ ആ ചതുപ്പിലേക്ക് പതുക്കെ പതുക്കെ അയാളുടെ ശരീരം മുഴുവനായി ആണ്ടു പോയി. കായലിൽ നിന്നും അയാളെ തേടി വന്നൊരു കാറ്റ് ആ ഫ്ലാറ്റിന്റെ അടച്ചിട്ട ജനാലകളിൽ തട്ടി തിരിച്ച് പോയി. ആ കാറ്റുയർത്തിയ ശീൽക്കാരം അവിടമാകെ മുഴങ്ങുന്നുണ്ടായിരുന്നു.
✍ രാഹുൽ രാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക