കഥ, തിരക്കഥ,സംഭാഷണം,സംവിധാനം.....
ഹൃദയമിടിപ്പ് കൂടിവരുന്നു ...എങ്ങിനെ തുടങ്ങണം എന്നറിയില്ല ,വരും വരായ്കകളെ വകവെക്കാതെയുള്ള ഒരു എടുത്തുചാട്ടമാണോ ഇത് എന്ന് ഒരുവേള ചിന്തിച്ചുപോയി .... ഇതൊരു ജീവിതാഭിലാഷമാണ്, എന്നെങ്കിലും എൻ്റെ പ്രീയപ്പെട്ട സംവിധായിക അഞ്ജലീമാഡത്തിനെ കാണുക ,കഥപറയുക .....
ലിനി യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു ? അപരിചിതത്വം തൊട്ടുതീണ്ടാത്ത ആ ചോദ്യം എന്നിലെ നെഞ്ചിടിപ്പിനെയും അസ്വസ്ഥതയെയും തെല്ലുകുറച്ചുവോ?
ഒരാമുഖം എന്നരീതിയിൽ തുടങ്ങി, മാഡം വര്ഷങ്ങള്ക്കുമുന്പ് മനസ്സിൽ വിരിഞ്ഞ ഒരു കഥ ഈയിടെ എഴുതി, പ്രീയപ്പെട്ട കൂട്ടുകാരിയെ കാണിച്ചപ്പോൾ ,ഇതിൽ ഒരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്നും മഞ്ജു വാര്യരെ നായികയാക്കിയാൽ സൂപ്പർഹിറ്റാകുമെന്നും പറഞ്ഞപ്പോൾ ,കളിയാക്കിയതാണെന്നു നൂറുശതമാനം മനസ്സിലാക്കിയിട്ടും അതൊരു ലക്ഷ്യമായെടുത്തു അതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു ....ഒരു നിയോഗം പോലെ മഞ്ജു സിനിമയിലേയ്ക്ക് തിരികെയെത്തുകയും ചെയ്തു.
ഈ വിഷയം അഞ്ജലി മാഡത്തിന് മാത്രമേ ചെയ്യാൻ സാധിക്കൂ എന്നും എന്തു വിലകൊടുത്തും ഇവിടെവന്നു മാഡത്തിനെ കണ്ടേ തീരു എന്നും തീരുമാനിക്കുകയായിരുന്നു.... മാഡം കൈയൊഴിഞ്ഞാൽ ഈ ആഗ്രഹം തന്നെ കാറ്റിൽ പറത്തുമെന്നും......നിർവികാരമായിരുന്നു അപ്പോൾ അവരുടെ മുഖം... തിരക്കേറെയുണ്ട് ....പിന്നെ ഇത്രയും ദൂരെനിന്നും ഇതിനായി ഒരു യാത്ര ...അതാണിങ്ങനെ, ഇതിനായി സമയം കണ്ടെത്തിയതെന്നുള്ള അവരുടെ തുറന്നു പറച്ചിൽ.....
പതിയെ കഥ പറയാൻ തുടങ്ങി...ഈ കഥ തുടങ്ങുന്നത് എയർപോർട്ടിൽ കാത്തിരിക്കുന്ന നായികയിൽ നിന്നാണ് ......ഫ്ലാഷ്ബാക്ക് .....ഇന്റെർവെല്ലിനു ശേഷം ട്വിസ്റ്റ് .....
കഥ പറഞ്ഞു തീർന്നപ്പോഴും അഞ്ജലി മേനോൻെറ മുഖത്ത് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു ... ഒരു നിമിഷത്തെ നിശബ്തതയ്ക് ശേഷം തോളിൽ തട്ടി, ലിനി ഇത്രനാളും നിങ്ങൾ എവിടെയായിരുന്നു? മലയാളത്തിൽ നിങ്ങളെ പോലുള്ളവർ കഥപറയാൻ ധൈര്യമായി മുന്നോട്ടു വരണമെന്നും ഈ പ്രൊജക്റ്റ് ഞാൻ തന്നെ ചെയ്യുമെന്നും ഇങ്ങിനെ ഒരു കഥക്കായി ഞാൻ കാത്തിരിക്കുകയായിരുന്നെന്നും, മഞ്ജു അല്ലാതെ വേറൊരു നായികയെ ആലോചിക്കാനേ പറ്റില്ലെന്നും കേട്ടപ്പോൾ എനിക്ക് എൻ്റെ കാതുകളെ വിശ്വസിക്കാനായില്ല ....
ഇത്രയും ആയപ്പോൾ ഫോണിൽ സെറ്റുചെയ്തിരുന്ന അലാറം അടിച്ചു ....ജോലിയ്ക്കു പോയില്ലെങ്കിൽ കഞ്ഞികുടി മുട്ടും,ലോൺ മുടങ്ങും .... ...അപ്പോൾ ഷൂട്ടിംഗ്, പ്രൊഡക്ഷൻ, എഡിറ്റിംഗ് ,റിലീസ് ഒക്കെ നാളത്തെ സ്വപ്നത്തിലെത്തുമായിരിക്കും അല്ലേ....(എല്ലാവർക്കും ടെലിഫിലിം എടുക്കാമെങ്കിൽ എനിക്കൊരു സിനിമ സ്വപ്നം കാണാൻ പാടില്ലേ ....)
ലിനി ജോസ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക