Slider

വ്യൂവിങ്..

0
Image may contain: 1 person, smiling, outdoor
എല്ലാം പെട്ടെന്നായിരുന്നു ...ആരേയും ഒന്നും അറിയിക്കുവാൻ സാധിച്ചില്ല, ദയവായി ക്ഷമിക്കണം. എന്നാലും എല്ലാവരെയും എന്റെ നഗരമായ ടോറോന്റോയിൽ ഈ ഹാളിൽ, ഒരുമിച്ച് ഇങ്ങനെ കാണാൻ സാധിച്ചതിനാൽ ഞാൻ ഇന്ന് ഏറെ സന്തോഷവതിയാണ്.
ആ വയലറ്റ് മന്ത്രകോടിയിൽ ഞാൻ ഏറെ സുന്ദരിയായിരിക്കുന്നു അല്ലേ? നോക്കൂ എത്ര ശാന്തസുന്ദരമാണ് ഇപ്പോൾ എൻറെ മുഖം? മുമ്പൊരിക്കലുമില്ലാത്ത പോലെ....
കഴിഞ്ഞ വെക്കേഷനു നാട്ടിൽ പോയപ്പോൾ ആ മന്ത്രകോടി ഇവിടേയ്ക്ക് എടുത്തിട്ടുവന്നത് എത്ര നന്നായി ... അല്ലെങ്കിൽ അടച്ചു പൂട്ടി ഇട്ടിരുന്ന വീട്ടിലെ സർവ്വസാധനങ്ങളും കവർന്ന ആ മഹാപ്രളയം ഇതും കൈക്കലാക്കിയാനെ ...
വിശാലമായ ആ ഹോളിന്റെ ഏറ്റവും മുന്നിൽ സ്ഥാപിച്ചിട്ടുള്ള ആ വലിയ സ്ക്രീനിൽ പ്രദർശനം തുടങ്ങിയ കഴിഞ്ഞിരിക്കുന്നു. അതെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് ചിത്രങ്ങൾ, മനോഹരമായ ആ ചിത്രങ്ങൾ...
നോക്കൂ... ആ വയലറ്റ് മന്ത്രകോടി എന്റെ ശിരസ്സിലൂടെ ഇട്ടു തരുന്ന വിവാഹ ചിത്രം. ഇപ്പോൾ നിങ്ങളുടെ കൂടെ ഞാനും ഒട്ടും ആർഭാടമില്ലാത്ത എന്റെ വിവാഹ ചടങ്ങുകളിൽ ഓർമകളിലൂടെ പങ്കുചേരുകയാണ്...
റവ. ഫാദർ അലോഷ്യസ് പുൽപ്പറമ്പിൽ പ്രാർത്ഥനാനിർഭരമായ ചടങ്ങിന് തുടക്കം കുറിച്ചു. പള്ളി കാര്യങ്ങളിലും പ്രാർത്ഥനയിലും വളരെ ഉത്സാഹവതിയായ സൈറ സ്റ്റീഫന്റെ അകാലത്തിലുള്ള വിടപറയൽ കത്തോലിക്കാസഭയുടെ ഒരു തീരാനഷ്ടമാണെ ന്നും പറയുകയുണ്ടായി. അങ്ങിനെയാണോ ആവോ?
മലയാളി സമാജത്തിലെ അംഗങ്ങളെല്ലാം മുന്നിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ടല്ലോ? സ്ക്രീനിൽ മാറി മാറി വരുന്ന എൻറെ ചിത്രങ്ങളിൽ നോക്കി വന്നവരെല്ലാം തന്നെ എന്തൊക്കെ കുശുകുശുക്കുന്നതും ഞാൻ കാണുന്നുണ്ട്.
ചിത്രങ്ങൾ മാറി മാറി വരുന്നു.. ഇന്ത്യ ഗേറ്റിനു മുന്നിൽ നിന്നുള്ള ആ ചിത്രത്തിൽ ഞാനെത്ര ചെറുപ്പമാണ്. ഇതാ താജ്‌ മഹൽ, ഇത്ര നല്ല ഒരു ചിത്രം ലഭിക്കുവാൻ എത്രമാത്രം കഷ്ടപ്പെട്ട് പോസുചെയ്‌തെതാണെന്നോ??
ഇറ്റലിയിലെ പിസാ ഗോപുരം... ഈഫൽ ടവറിന്റെ മുന്നിൽ ലീലാമ്മച്ചേച്ചിയുടെ
കൂടെ ഉള്ള ഫോട്ടോ കണ്ടതിനുശേഷം അവർ കരച്ചിലടക്കാൻ പാടുപെടുന്നത് കണ്ടിട്ട്, സത്യമായും എന്റെയും കണ്ണുനിറഞ്ഞു കേട്ടോ...
രണ്ടാമത്തെ നിരയിൽ ഇരിക്കുന്ന ലിസയ്ക്ക് ഇപ്പോഴും എന്നോട് കുശുമ്പ് മാറിയിട്ടില്ല എന്നു തോന്നുന്നു, ഓരോ ചിത്രങ്ങളും വരുമ്പോൾ അവളുടെ മുഖം ഉപ്പുമാങ്ങാ ചുളുങ്ങിയ പോലെ ആവുന്നത് ഞാൻ ശ്രദ്ധിക്കുന്നില്ലെന്നാണ് അവളുടെ വിചാരം..
ചില അച്ചായന്മാർ നാട്ടിൽ മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടുമോ ഇല്ലയോ എന്നുള്ള ചർച്ചയുടെ ഇടയിലും ചിത്രങ്ങൾ ശ്രദ്ധിച്ചു, നാടും കാടും കാണാൻ ചുറ്റിനടന്നു സമയവും പണവും ചിലവാക്കിയ എന്നെ നല്ല രീതിയിൽ വിമർശിക്കുന്നും ഉണ്ട്. ഡാം പൊട്ടിയില്ലെങ്കിലും എനിക്ക് ഏതായാലും ചിരി പൊട്ടി. ജീവിതക്കാൻ മറന്നുപോയ മണ്ടന്മാർ... ആർക്കോ വേണ്ടി സമ്പാദിക്കുന്നവർ...
പിന്നെയും ഇറങ്ങി ഒന്ന് ചുറ്റി നടന്നപ്പോൾ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകർ... മലയാളികളെ പോലെ അല്ല കേട്ടോ അവരുടെ മുഖത്ത് അല്പസ്വല്പം ദുഃഖഭാവം ഒക്കെയുണ്ട്..
അവരെപ്പോലെ തന്നെ ഇന്നലെ ഞാനും വായിച്ചിരുന്നു, ആ ഇമെയിൽ... നമ്മുടെയെല്ലാം പ്രീയങ്കരിയായ സഹപ്രവർത്തക സൈറാ സ്റ്റീഫൻ നമ്മെ വിട്ടു പോയ വിവരം ഖേദപൂർവ്വം അറിയിച്ചുകൊള്ളുന്നു. പത്തു വർഷത്തിൽ കൂടുതൽ ഉള്ള അവരുടെ സ്തുത്യർഹമായ സേവനത്തെ സ്ഥാപനം നന്ദിയോടെ ഓർക്കുന്നു. നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയായ സൈറയുടെ വിയോഗത്തിന്റെ ദുഃഖസൂചകമായി സ്ഥാപനത്തിനു മുൻപിലുള്ള ഉള്ള കൊടിമരത്തിലെ നാഷണൽ ഫ്ലാഗ് താഴ്ത്തി കെട്ടുന്നതാണെന്നും, നാളെ വൈകുന്നേരം 3 മണി മുതൽ ഫ്യൂണറൽ ഹാളിൽ വച്ച് നടക്കുന്ന വ്യൂവിങ്ങിലും ഫ്യൂണറൽ സർവീസിലും എല്ലാവരും പങ്കുചേരണം എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു എന്നും..
ഇത്ര സുന്ദരമായ ഒരു ഫോട്ടോ ആൽബം ഞാൻ തന്നെ ഉണ്ടാക്കിവച്ചത് എത്ര നന്നായി. ചടങ്ങിന് വരുന്നവർക്ക് ഈ ചിത്രങ്ങളിലൂടെ പല രാജ്യങ്ങളും അതിലെ കാഴ്ചകളും കണ്ടു മടങ്ങാം അല്ലെങ്കിൽ തന്നെ ഇതൊന്നും ഞാൻ ചെയ്തില്ലായിരുന്നെങ്കിൽ വല്ല അലമ്പ് ഫോട്ടോയിട്ട് കാണാൻ വരുന്നവരെ വെറുപ്പിച്ചാനെ എൻറെ കെട്ടിയോനും മോനും...
പറഞ്ഞപോലെ അവരെ കണ്ടില്ലല്ലോ?? ഹാ ഇവിടെയുണ്ട്.. എല്ലാവരുടെയും ആശ്വാസവചനങ്ങളും സാന്ത്വനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ...
മലയാളി അസോസിയേഷൻ പ്രസിഡൻറ് മൈക്ക് കയ്യിലെടുത്തു എന്നെ കുറിച്ച് സംസാരിക്കാൻ തുടങ്ങി.തുടർന്നു വന്ന സെക്രട്ടറിയുടെ വാക്കുകൾ കേട്ട് പലരുടെയും കവിളിൽ കൂടി ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചതും ഞാൻ കണ്ടു.. ഇത്രയൊക്കെ പൊക്കിപ്പറയാൻ ഞാനങ്ങേരോട് നേരിട്ട് മിണ്ടിയിട്ടുകൂടിയില്ലല്ലോ??
എൻറെ സഹപ്രവർത്തകരും രണ്ടുവാക്ക് സംസാരിച്ചു... അളന്നു മുറിച്ച വാക്കുകൾ. പാരവച്ചു എൻറെ കസേര തെറിപ്പിക്കാൻ ഏറെ ശ്രമിച്ച ഫിലിപ്പീൻസ്കാരി ജിനയും വളരെ വികാരഭരിതയായി, ഒരുമിച്ചുണ്ടായ അനുഭവങ്ങൾ പങ്കു വയ്ക്കുന്നുണ്ട്. ചിരിക്കണം എന്ന് തോന്നി ആദ്യം, പിന്നെ അവളുടെ വീർത്ത കവിളത്ത് രണ്ടു പൊട്ടിക്കണമെന്നും...
ഇപ്പോൾ അവിടെ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത് മാച്ചു പിച്ചു.. ലോകമഹാത്ഭുതങ്ങളിൽ ഒന്ന്.. കഴിഞ്ഞ വെക്കേഷനു പോയപ്പോൾ എടുത്തത്. ആഹാ എന്ത് സുന്ദരമായ സ്ഥലം ആണെന്നോ കാഴ്ചക്കാരുടെ കൂടെ ഞാനും ചേർന്നു ഓർമ്മകൾ പുതുക്കി കൊണ്ട്...
ലോകമഹാത്ഭുതങ്ങൾ എല്ലാം തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു ഇനി എന്ത്??
നാട്ടിൽ നിന്നും ആരും തന്നെ വരാനില്ലല്ലോ അല്ലെങ്കിൽ തന്നെ അതൊന്നും അത്ര പതിവുള്ളത് കാര്യങ്ങളും അല്ലല്ലോ...
അതാ ആ നീല സാരിയുടുത്ത് നിറയെ മുല്ലപ്പൂ ചൂടി വട്ടപ്പൊട്ട് തൊട്ട, ചേട്ടൻറെ മോളുടെ കല്യാണത്തിന് എടുത്ത ഫോട്ടോ കണ്ടു റഷ്യക്കാരി നിക്കോൾ അന്തം വിട്ടു നിൽക്കുന്നത് കണ്ടിട്ട് ആശ്ചര്യം തോന്നി...
അവസാനം വന്നുചേർന്നവർക്കെല്ലാം നന്ദിയേകി എൻറെ ഭർത്താവും മകനും മനോഹരമായ പല ജീവിത മുഹൂർത്തങ്ങളും പങ്കുവച്ചത് പലരുടെയും നയനങ്ങൾ വീണ്ടും ഈറനണിയിച്ചതും... എന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽ പടന്നപോലെ ... നേരത്തെ ആയിപോയോ ഈ കടന്നുപോകൽ?
കാണാതെ പോയ ചിത്രങ്ങൾ അല്ല കാണിക്കാതെ പോയ ആ ചിത്രങ്ങൾ അതിലായിരുന്നു ജീവിതം. അല്ലെങ്കിൽ തന്നെ ആർക്ക് കാണണം അതൊക്കെയും... വേദനയുടെ, നിരാശയുടെ കുറ്റപ്പെടുത്തലുകളുടെ തള്ളിപ്പറച്ചിലുകളുടെ മടുപ്പിക്കുന്ന കുടുംബചിത്രങ്ങൾ... ജീവിത യാഥാർഥ്യങ്ങളുടെ നേർക്ക് വച്ച കണ്ണാടി ബിംബങ്ങൾ...
എവിടെ എന്റെ പ്രീയങ്കരി ജിസ്... അവളെ കാണാതെ പോകുന്നതെങ്ങിനെ? അല്ല നായ്കുട്ടികൾക്ക് ഇവിടെ പ്രവേശനം ഇല്ലെന്ന് ഞാനോർത്തില്ലല്ലോ...
അവസാനം എന്റെ ശവമഞ്ചത്തിൽ മുകളിൽ കുന്നുകൂടിയ റോസാപ്പൂക്കൾ വകഞ്ഞുമാറ്റി, കാഴ്ചകൾ അവസാനിപ്പിച്ച് അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ ഞാൻ എത്ര വിസ്മയിച്ചെന്നോ?? ഇത്രയേറെ സ്നേഹം പ്രകടിപ്പിക്കാൻ ഇവർ ഈ നിമിഷംവരെ കാത്തിരിക്കുകയായിരുന്നോ??
( അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ മരണാനന്തര ചടങ്ങുകൾക്ക് മുൻപ് പൊതുദർശനത്തിന് വയ്ക്കുന്നതിനെയാണ് viewing എന്ന് വിളിക്കുന്നത്. നാട്ടിൽ നിന്നും വ്യത്യസ്തമായി ഏതെങ്കിലും ഫ്യൂണറൽ ഹാളിൽ വച്ചിട്ടായിരിക്കും ഈ ചടങ്ങ് നടത്തുക. മരണപ്പെട്ട വ്യക്തി ജീവിച്ചിരുന്നപ്പോൾ എടുത്ത ഫോട്ടോകളും മറ്റും അവിടെ പ്രദര്ശിപ്പിക്കുന്നതിലൂടെ ആ വ്യക്തിയെ കുറിച്ച് മറ്റുള്ളവർക്ക് കൂടുതൽ അറിയാൻ സാധിക്കുന്നു. )
Lini Jose
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo