ഫ്ലാറ്റിൽ വന്ന ശേഷമാണു കാറ്റ് എന്താണെന്ന് അനുഭവപ്പെട്ടു തുടങ്ങിയത്. കാറ്റെന്നു വെച്ചാൽ എന്റമ്മേ,ഒടുക്കത്തെ കാറ്റ്, ഫ്രണ്ട് റൂം ബാൽക്കണി വഴിയും ,ബെഡ്‌റൂം ബാൽക്കണി ,ജന്നൽ എന്നിവ വഴിയുമെല്ലാം കാറ്റിങ്ങനെ അടിച്ചു കയറുകയാണ്, ഒരു സാധനം വെക്കാൻ പറ്റില്ല ,തട്ടി താഴെയിടും. അഥവാ ബാൽക്കണി വല്ലതും വല്ല വിധവും ഉന്തിത്തള്ളി അടച്ചാലോ,പഴയ ആകാശവാണി റേഡിയോയിൽ കൊടുങ്കാറ്റിന്റെ ശബ്ദം കേൾപ്പിക്കുന്ന പോലെ ഒരു ശബ്ദത്തിൽ ,ഉള്ള ഗ്യാപ്പിൽ കൂടി കാറ്റ് അലറിക്കൊണ്ടിരിക്കും.തുറന്നു കൊടുക്കുന്നത് വരെ
'അമ്മ ഇവിടെ വന്നു നിൽക്കാത്തതു നന്നായി എന്ന് എനിക്ക് തോന്നിയത് ആ കാറ്റ് കണ്ടപ്പോഴാണ് .അമ്മയുടെ ഏകദേശം അതെ സൈസിൽ ഉള്ള ,ഉണങ്ങിയ കൊഞ്ച് പോലെ ഇരിക്കുന്ന എട്ടാം നിലയിലെ മഞ്ജു ചേച്ചി, ഉച്ചക്ക് ബെഡ് ഷീറ്റ് വിരിക്കാൻ ബാൽക്കണിയിൽ പോയതാണ്.അടുത്ത ഓർമ്മ പാരച്യൂട്ടിൽ പറക്കുന്നതാണ് .,എട്ടിലെ ബാൽക്കണിയിൽ നിന്നും രണ്ടാം നിലയിൽ മാത്രമുള്ള ടെറസിൽ വായും നോക്കി നിന്ന ഒരു അമ്മാവന്റെ മുന്നിലേക്ക് പറന്നു വന്നിറങ്ങിയ ചേച്ചി, ഒന്നും സംഭവിക്കാത്തത് പോലെ , എന്നാൽ ശരി പിന്നെ കാണാം ട്ടോ എന്നും പറഞ്ഞ് ബെഡ്ഷീറ്റും മടക്കി ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയപ്പോൾ ആ അമ്മാവൻ ബോധം പോയി നിലത്തു വീണു,ബോധം വന്നപ്പോൾ വീടും മാറി
അത് കൊണ്ട് തന്നെ ഞാൻ അമ്മയോട് പറഞ്ഞു, 'അമ്മ ഇവിടെ വന്നു നിൽക്കുമ്പോൾ ഒരു കാരണവശാലും ബാൽക്കണിയിൽ പോകരുത്, കാലിൽ റോളർ സ്‌കെയ്‌റ്റ് ചക്രങ്ങൾ കെട്ടിയിരിക്കണം,അതാവുമ്പോൾ കസേരയിൽ നിന്നും എണീറ്റാൽ ഏതു മുറിയിലേക്കോ ഒഴുകി പോകാം.നടക്കേണ്ട ആവശ്യമേ ഇല്ല.
എന്റെ ഫ്ളാറ്റിലെ മാത്രം അവസ്ഥ അല്ല,പതിനെട്ടാം നില വരെയുള്ള സകല ഫ്ലാറ്റുകളിൽ നിന്നും പല പല വസ്തുക്കൾ പറന്നു താഴെ വീണു കൊണ്ടിരിക്കും,നനച്ചിട്ട തുണികൾ,ബുക്കുകൾ,ചില അമ്മച്ചിമാർ.അങ്ങനെ വിവിധ തരം സ്ഥാവര ജംഗമ വസ്തുക്കൾ.
ഫ്ലാറ്റിന്റെ മതിലിനകത്താണെങ്കിൽ അടയാളം പറഞ്ഞാൽ സെക്യൂരിറ്റി സാധനം തിരിച്ചു തരും,പുറത്തു പോയാൽ അവർ എടുക്കില്ല,അതിർത്തി കടന്ന് ഒന്നും ചെയ്യില്ലത്രേ, ഞാൻ ചോദിച്ചു,ഇത് ഇൻഡോ പാക്ക് അതിർത്തിയൊന്നുമല്ലല്ലോ,ഒന്ന് എടുത്തു വെച്ച് കൂടെ? അത് ബുദ്ധിമുട്ടാണ് സാർ.റോഡിൽ പോയാൽ പിന്നെ അത് പബ്ലിക്ക് പ്രോപ്പർട്ടി ആണ്
രണ്ടു ദിവസം കഴിഞ്ഞാലും ആള് അന്വേഷിച്ചു വരാത്ത സാധനങ്ങൾ കൂട്ടി ഇട്ട് ലേലം വിളിക്കാറാണ് പതിവ്, ജോലിക്കു വന്ന ബംഗാളികൾ ഒക്കെ പല സ്‌കൂളുകളിലെയും യൂണിഫോം ഫ്രോക്ക് ഒക്കെ ലേലത്തിൽ വാങ്ങി ഇട്ടു കൊണ്ട് പോകുന്നത് കാണാം
ഫ്ളാറ്റിലെ തുണി നനക്കാൻ ഇടുമ്പോൾ നല്ലോണം ക്ലിപ്പ് ഇടണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, കാരണം ആദ്യ കാലത്തു ഒരിക്കൽ നനച്ചിട്ട ശ്യാമയുടെ ഒരു സാരി പറന്നു പോയി റോഡിലൂടെ പോയ ഒരു ഓട്ടോയുടെ മുകളിൽ വീണു,ആകാശം ഇടിഞ്ഞു വീണു എന്ന് കരുതിയ ഡ്രൈവർ, പടച്ചോനെ,ഇങ്ങള് കാത്തോ..ളീളീളീളീ എന്ന നിലവിളിയോടെ അടുത്തുള്ള വീടിനകത്തേക്ക് വണ്ടി ഓടിച്ചു കയറ്റി
ഇതാരുടെ സാരി ? ആരുടേന്ന് പറയാൻ, എന്നൊക്കെ ആട്ടോക്കാരനും വീടിന്റെ ഉടമസ്ഥനും സാരിയുമായി താഴെ റോഡിൽ നിന്ന് അലറിയപ്പോൾ ഏഴാം നിലയിൽ നിന്ന് ശ്യാമ നിഷ്ക്കളങ്കയായി കണ്ണുകൾ തുറന്നടച്ചു പറഞ്ഞു ,അറിയില്ല,ആരുടെ ആണോ എന്തോ, നല്ല സാരി. അതിനു ശേഷമാണ് ക്ലിപ്പ് ഇട്ട് തുടങ്ങിയത്
ഇതിപ്പോ പറയാൻ കാര്യം വേറൊന്നുമല്ല , ഇന്നലെ പുറത്തു നിന്ന് വന്ന പാടെ ഞാൻ ശ്യാമയോട് ചോദിച്ചു, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു ബോക്‌സർ ഇല്ലേ? ചുവപ്പും കറുപ്പും ചെക്ക് ,അതെവിടെ?
മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്ന ശ്യാമ പറഞ്ഞു, അത് നനച്ചിട്ടല്ലോ, ബാൽക്കണിയിൽ കാണും, എന്താ
ഉറപ്പുണ്ടോ?
ഉണ്ടല്ലോ, അവിടെ ഞാനല്ലേ നനച്ചിട്ടത്
എന്നാൽ അവിടെ ഇല്ല,
ഉണ്ടെന്നേ
ക്ലിപ്പ് ഇട്ടില്ല അല്ലെ
ഇട്ടു
ഇല്ല
നിങ്ങൾക്കെങ്ങനെ അറിയാം? ജ്യോത്സ്യം അറിയാമോ ?
അതിന് ജ്യോത്സ്യം അറിയണ്ട,ഇപ്പൊ ഞാൻ കാറിൽ ഇങ്ങോട്ടു വന്നപ്പോൾ എന്റെ ആ ബോക്‌സർ തലയിൽ തൊപ്പി പോലെ വെച്ച് ഒരു അമ്മച്ചി സ്‌കൂട്ടറിൽ പാഞ്ഞ് പോകുന്നത് കണ്ടു ,മര്യാദക്ക് ഇപ്പൊ അത് പോലെ വേറൊരെണ്ണം വാങ്ങിച്ചു തന്നില്ലെങ്കിൽ ഇനി ഞാനും നീയുമായി യാതൊരു ബന്ധവുമില്ല.പറഞ്ഞാൽ കേൾക്കാത്ത അഹങ്കാരീ
അജോയ് കുമാർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക