നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശിമോനേ, നീ അറിയുന്നുവോ..?

Image may contain: Benny TJ, suit
ശിമോനേ,
സ്വന്തം ജീവനേക്കാൾ വലുതായി
മനുഷ്യർക്കു മറ്റൊന്നുമില്ലെന്ന വലിയ സത്യം നിന്നേക്കൊണ്ടു മൂന്നാംവട്ടവും ഗുരുവിനെ തള്ളിപ്പറയിപ്പിച്ചു.
"ഏഴല്ല എഴുപത്തിയേഴു തവണ"
ക്ഷമിക്കണമെന്ന്! നിന്നെ പഠിപ്പിച്ചവൻ നിന്നോടും ക്ഷമിക്കുമെന്നും നീ ചിന്തിച്ചിരിക്കും. എങ്കിലും,
നിന്നെയൊരിക്കലും തള്ളിക്കളയാതെ
നിന്റെ ഗുരു ഗലീലി തീരത്തുവെച്ചു നീയാകുന്ന പാറമേൽ അവന്റെ സഭയുടെ അസ്തിവാരം പണിതു.
"നമുക്കും അവനോടൊത്തു പോയി
മരിക്കാം"എന്നു പറഞ്ഞ നിന്റെവാക്കുകൾ
തലകീഴായ്ക്കിട,ന്നേറ്റുവാങ്ങിയ കുരിശ്ശുമരണത്തിലൂടെനീ പൂർത്തികരിച്ചു.
ഗുരുവിനോടുള്ള അചഞ്ചല വിശ്വാസം നിന്നെയും രക്തസാക്ഷിയാക്കി.
അങ്ങിനെയുള്ള നിന്റെ പാരമ്പര്യം പേറുന്നവർ എപ്പോഴാണ്
വെള്ളയടിച്ച കുഴിമാടങ്ങളായി മാറിയത്.?
പൗരോഹിത്യത്തിന്റെ അംശവടിയിൽ
എളിമയുടെ തിരുശേഷിപ്പിനു പകരം അധികാരത്തിന്റെ ആഢംബരം.
ശീമോനേ,
നിന്റെ രക്തസാക്ഷിത്വം അവരെയൊരിക്കലും
മനുഷ്യരെ പിടിക്കുന്നവരാക്കി മാറ്റിയില്ല.
ഗോൽഗോത്ഥയിൽ വീണ നിന്റെ ഗുരുവിന്റെ രക്തത്തുള്ളികളുടെ തുടർച്ച,
കാല്വരിയും പിന്നിട്ട് അൾത്താരകളിലെ
പാനപാത്രത്തിലെ മുന്തിരിച്ചാറായപ്പോൾ
പാനം ചെയ്യാൻ ചെമ്മരിയാടിന്റെ തോലണിഞ്ഞ ചെന്നായ്ക്കളും,
ദുഃഖത്തിന്റെ പാനപാത്രം കുടിക്കാൻ
വചനങ്ങളാൽ തടവിലാക്കപ്പെട്ട
ചെമ്മരിയാടിൻകൂട്ടം മാത്രം.
കഴുതപ്പുറത്തേറിയവന്റെ പ്രതിപുരുഷർ
അയ്യായിരംപേരുടെ അപ്പംകൊണ്ട്
സ്വന്തം വയറുകൾ നിറയ്ക്കുമ്പോൾ,
ഒൻപതാം മണിക്കൂറിലെ
"ഏലി, ഏലി,ല്മസബക്ഥാനി"യെന്ന
ഗുരുവിന്റെ നിലവിളിയിന്നും മുഴങ്ങുന്നത്
തിരുവസ്ത്രമണിഞ്ഞിട്ടും
ശിരസ്സിൽ മുൾക്കിരീടമണിയിക്കപ്പെട്ട
അവന്റെ മണവാട്ടികളിൽനിന്നുമല്ലോ?
ഇതു കണ്ടിട്ടെങ്കിലും ചമ്മട്ടിയുമായി
നിന്റെ ഗുരു വീണ്ടും വരുമോ ഈ വെള്ളയടിച്ച കുഴിമാടങ്ങളെ അടിച്ചു പുറത്താക്കി
അവിടം പ്രാർത്ഥനാലയമാക്കാൻ.?
ബെന്നി ടി.ജെ
04/09/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot