Slider

ഉമ്മറും ഗൾഫിലെ അലക്കുകല്ലും

0
Image may contain: Muhammad Ali Ch, smiling, closeup
--------------------
ഇക്കാക്ക ശരിയാക്കിയ വിസിറ്റ് വിസയിൽ ഉമ്മർ ആദ്യമായി ദുബായിലേക്ക് പോകാൻ തയ്യാറായി.
പഠിപ്പ് കഴിഞ്ഞ് തൊഴിലന്വേഷിച്ചും, തേരാപാരാ നടന്നും കുറച്ച് നാൾ നാട്ടിൽ തന്നെ കഴിച്ചുകൂട്ടുമ്പോൾ കോളേജിൽ ഒരേ കാലം പഠിച്ച , ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന ബൈജുവിന്റെ 'സൈഡായി' നിന്ന് ഗൾഫിലേക്കുള്ള ചില വിമാന ടിക്കറ്റുകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വിറ്റ് കൊടുത്ത്, ബൈജുവിൽ നിന്നും ഉമ്മർ കമ്മീഷൻ പറ്റാറുണ്ടായിരുന്നു.
പ്രത്യേകം പറയേണ്ടതില്ലല്ലോ , ബൈജുവിൽ നിന്നുമാണ് ഉമ്മർ ദുബായിലേക്കുള്ള ടിക്കറ്റ് തരപ്പെടുത്തിയത്. അടുത്ത ചങ്ങായി ആയത് കൊണ്ടാവും അവൻ 'ഒന്നാന്തരം പാര' തന്നെ ഉമ്മറിനിട്ട് പണിതു.
നാട്ടിൽ നിന്നും ഏറ്റവും അടുത്തുള്ള കരിപ്പൂർ എയർപോർട്ടിൽ നിന്നും യാത്ര ചെയ്യുന്നതിനേക്കാൾ ചെറിയ കുറവ് വിമാനക്കൂലിയിലുണ്ടെങ്കിലും ബൈജുവിന് കമ്മീഷൻ കൂടുതൽ കിട്ടുന്ന തിരുവനന്തപുരം - ദോഹ - ദുബായ് റൂട്ടിലുള്ള ടിക്കറ്റാണ് ഉമ്മറിന് ഏർപ്പാടാക്കിക്കൊടുത്തത്.
ആദ്യമായി വിമാനത്തിൽ കേറുന്നതാലോചിച്ചുള്ള ത്രില്ലിൽ ദുബായിക്ക് പുറമെ ഫ്രീ ആയി ദോഹയും കൂടി കാണാലോ, എന്ന് ഉമ്മർ സന്തോഷം കൊള്ളുകയും ചെയ്തു.
അളിയനെയും , ഒരു ചങ്ങായിയെയും കൂട്ടി കണ്ണൂരിൽ നിന്നും രാത്രി മുഴുവൻ ട്രെയിനിൽ സഞ്ചരിച്ചു തിരുവനന്തപുരം റെയിവേ സ്റ്റേഷനിൽ ഇറങ്ങി, ടാക്സി കാറിൽ എയർപോർട്ടിലെത്തിയ ഉമ്മർ, ബോർഡിങ് പാസ്സ് കിട്ടിയതിന് ശേഷം, കാലപ്പഴക്കം കൊണ്ട് പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ പ്രദർശിപ്പിക്കേണ്ടുന്ന കോലത്തിലുള്ള തന്റെ പേഴ്സിൽ 60 രൂപ മാത്രം കരുതി, ബാക്കിയുള്ള കുറച്ച് രൂപ അളിയനെ ഏൽപ്പിച്ചു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്തിലേക്ക് നടക്കവേ, 'എസ്. സത്യപാലൻ' എന്ന് പേരുള്ള പോലീസുകാരൻ ഉമ്മറിനെ വീണ്ടുമൊരു ദേഹ പരിശോധന നടത്തി , ഉമ്മറിന്റെ പാന്റിന്റെ പിറക് വശത്തെ കീശയിൽ കയ്യിട്ട്, നരച്ച, കറുത്ത പഴ്സ് തുറന്നു നോക്കി പരിശോധിക്കവേ കണ്ട 50 രൂപ സത്യപാലൻ പോലീസ് എടുത്തു തന്റെ 'പോലീസ് പോക്കറ്റിലാക്കി' അപ്പോൾ ഉമ്മർ ചോദിച്ചു...
"അതെന്തിനാ സാറേ ആ 50 രൂപ എടുത്തെ ?",
"ഓഹ് അതൊരു കമ്പനിക്കിരിക്കട്ടെ"
സത്യപാലൻ 'സാറിന്റെ' മറുപടി...
"ങ്ഹേ", ഉമ്മർ മനസ്സിൽ പറഞ്ഞു..
"ഇവിടെയും ഇല നക്കി ......
ചിറി നക്കി ............ ?
"ഞാനോ പെങ്ങളുടെ സ്സ്വർണ്ണം പണയം വെച്ച കാശ് കൊണ്ടാ യാത്രക്കുള്ള ടിക്കറ്റ് വാങ്ങിയത് , അതിൽ നിന്നും കയ്യിൽ കരുതിയ അമ്പത് രൂപ ഈയാളും പൊക്കാനോ ?", ഉമ്മർ ചിന്തിച്ചു.
ഉമ്മർ ആ പോലീസിനോട് പറഞ്ഞു,
“സാറേ, എന്റെ കയ്യിൽ ഇതല്ലാതെ വേറെ കാശൊന്നുമില്ല, അതിങ്ങ് താ",
പോലീസുകാരൻ ഇത്തവണ അല്പം ദേഷ്യത്തിൽ പറഞ്ഞു..
"നിനക്കെന്തിനാടോ ഇനി ഇന്ത്യൻ രൂപ ? നീ ഗൾഫിലേക്കല്ലേ പോകുന്നത് , ഇനി അവിടത്തെ കാശല്ലേ നിനക്ക് വേണ്ടത് , വേഗം ചെല്ല് , വിമാനത്തിൽ കേറാനുള്ള സമയമായി ",
'സത്യം പാലിക്കുന്ന' പോലീസുകാരൻ സത്യപാലൻ തന്നെ ഈയാൾ..
ഇനി ഈയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന്മനസ്സിലാക്കിയ ഉമ്മർ വേഗം നടന്നു വിമാനത്തിൽ കയറി. ഗൾഫിൽ നിന്നും ജോലിയില്ലാതെ തിരിച്ചെത്തിയാൽ ആ അൻപത് രൂപ മാത്രമേ തനിക്ക് 'കൂട്ടുണ്ടാവുകയുള്ളൂ' എന്ന് 'സഹൃദയനായ ആ പോലീസുകാരന്' എങ്ങനെ മനസ്സിലാക്കിക്കൊടുക്കും ?
വിമാനം ദോഹയിൽ ലാൻഡ് ചെയ്തു..
ദുബായിലേക്കുള്ള വിമാനത്തിന് ഇനിയും അഞ്ചു മണിക്കൂറിന് മുകളിലെടുക്കുമെന്നതിനാൽ, വിമാനക്കമ്പനി യാത്രക്കാർക്ക് വിശ്രമിക്കാൻ, രണ്ടു പേർക്ക് ഒരു മുറി എന്ന അനുപാതത്തിൽ മുറി ഏർപ്പാടാക്കിയിരുന്നു.
എന്തായാലും മുഷിഞ്ഞ വസ്ത്രമൊക്കെ അലക്കി, നല്ല വസ്ത്രം ധരിച്ച് ദുബൈയിലേക്ക് പോകാലോ എന്നാലോചിച്ചു, കുളിമുറിയിൽ കയറി ക്ളോസെറ്റിനടുത്ത് കണ്ട അലക്ക് കല്ല് പോലെ തോന്നിയ സാധനത്തിൽ (ബിഡെറ്റ് - ഉമ്മറിന് അതെന്താണെന്ന് അറിയില്ലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ ) മുഷിഞ്ഞ വസ്ത്രമെല്ലാം നല്ലോണം സോപ്പിട്ട് കുത്തിയലക്കി ‘മൊഞ്ചാക്കി’ റൂമിൽ ഉണക്കാനുമിട്ടു.
വിമാനം ദുബായിൽ ലാൻഡ് ചെയ്തു ..
വിമാനമിറങ്ങി അളിയന്റെ സഹോദരന്റെ റൂമിലെത്തി , ടോയ്‌ലെറ്റിൽ പോയപ്പോൾ , വാഷിങ് മെഷീൻ കൂടാതെ ദോഹയിലെ മുറിയിൽ കണ്ട ആ 'ചെറിയ അലക്കു കല്ല്' അവിടെയും കണ്ടു. "ഷർട്ടിന്റെ കോളർ ഒക്കെ നല്ല വൃത്തിയാക്കണമെങ്കിൽ ഒന്ന് 'കുത്തിത്തിരുമ്പിയാലേ" ശരിയാവുകയുള്ളൂ" എന്ന് മനസ്സിൽ കരുതി, വാഷിങ് മെഷീന് പുറമെ ആ കല്ല് കൂടി ടോയ്‌ലെറ്റിൽ കണ്ടതിനാൽ സംശയം തോന്നിയ ഉമ്മർ
മുറിയിലുണ്ടായിരുന്ന ഒരാളോട് ചോദിച്ചു.
"ടോയ്‌ലെറ്റിൽ ഈ 'കല്ലെന്തിനാണ്' ഇക്ക ?
അതെന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ഉമ്മറിന് ശബ്ദം താഴ്ത്തി , കുലുങ്ങിചിരിച്ചു കൊണ്ട് പറഞ്ഞു കൊടുത്തു ..
കാര്യം മനസ്സിലാക്കിയപ്പോളാണ് താൻ വസ്ത്രം അലക്കിയത് ഇമ്മാതിരി 'സാധനത്തിലാണല്ലോ' എന്നോർത്ത് ഉമ്മറിന് ഓക്കാനം വന്നത് . വേഗം ആ വസ്ത്രങ്ങളെല്ലാം എടുത്ത് വാഷിങ് മെഷീനിൽ ഇട്ട് ഒന്ന് കൂടി അലക്കി സമാധാനപ്പെട്ടു.
“പറ്റിയ അമളി ആരോടും പറയാതിരിക്കണം” എന്ന് ഉമ്മർ മനസ്സിൽ ദൃഢപ്രതിജ്ഞയെടുത്തു.
ഇത് വായിച്ചവരും ഉമ്മറിന്റെ ഈ കാര്യം ആരോടും പറയരുത് കേട്ടോ..
- മുഹമ്മദ്‌ അലി മാങ്കടവ്
03/09/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo