Slider

ഒരു ടിക് ടോക് വൈറൽ

0
Image may contain: Rahul Raj, outdoor
സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്.
"എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല"
"എന്താ... ??"
"ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ"
മഹേഷ് ബൈക്ക് നിർത്തി.
"എന്താടാ? "
"ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ"
"അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?"
" എന്നാലും.."
" അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ. അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം.." ആ ഒരു പാട്ടില്ലെ അത് മിക്സ് ആക്കി ഒരു വീഡിയോ ഉണ്ടാക്കി നമ്മൾ ടിക് ടോക്കിൽ ഇടുന്നു. ഭർത്താവിന്റെ ബർത്ത് ഡേക്ക് സർപ്രൈസ് ആയി വന്ന് ഭാര്യ കേക്ക് കൊടുക്കുന്ന വീഡിയോ വൈറൽ ആയത് കണ്ടില്ലേ. അത് പോലെ ഇതും വൈറൽ ആകും"
"ഐഡിയ ഇസ് ഗുഡ് പക്ഷെ...."
"ഒരു പക്ഷേയുമില്ല നീ ആ കേക്ക്‌ താഴെ പോകാണ്ട് പിടിച്ചോ"
അങ്ങനെ മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നൊരു ഗീതോപദേശം കൂടെ കൂട്ടി ചേർത്ത് മഹേഷ് തന്റെ 'രഥം' സ്റ്റാർട്ട് ചെയ്തു.
അൽപ സമയം സഞ്ചരിച്ച ശേഷം വലിയ ഒരു വീടിന്റെ ഗേറ്റിന് മുൻപിൽ വണ്ടി നിർത്തി.
"വണ്ടി നമുക്ക് ഇവിടെ നിർത്താം. ഇല്ലെങ്കിൽ ഉരുൾപൊട്ടി വരുന്നതാണെന്ന് വിചാരിച്ച് വീട്ടുകാർ പേടിക്കും."
"നീ കുറെ നേരായി എന്റെ വണ്ടീനെ കുറ്റം പറയുന്നു. വേണ്ട ട്ടാ.."
അവർ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി.
"മഹേഷേ,മണി 12 കഴിഞ്ഞു. ഞാൻ അവനെ വിളിക്കട്ടെ? "
"ആ വിളിക്ക്"
അശ്വിൻ മൊബൈൽ എടുത്ത് അഭിയുടെ നമ്പർ ഡയൽ ചെയ്തു.
"ഹലോ"
"ഹലോ.. ഡാ അഭീ നീ വീടിന്റെ വാതിൽ തുറന്നു പുറത്തോട്ട് വന്നേ. നമ്മൾ നിന്റെ വീടിന്റെ മുറ്റത്ത് നിൽപ്പുണ്ട്"
"ആണോ.. ഓക്കെ" ഫോൺ കട്ട്. നല്ല ഉറക്കത്തിലായിരുന്ന അഭി ഫോൺ കട്ട് ചെയ്തു.
ആ സമയത്ത്‌ മുറ്റത്തിരുന്ന ബക്കറ്റിൽ വെള്ളം നിറക്കുകയായിരുന്നു മഹേഷ്.
"ഡാ മഹേഷേ നീ എന്താ ഈ ചെയ്യുന്നേ?"
"ഇപ്പൊ വൈറൽ ആകാൻ കോമഡിയാ ബെസ്റ്റ്. അതിനുള്ള ഒരു പൊടി ടെക്നിക്കാ. പിന്നെ കഴിഞ്ഞ തവണ എന്റെ ബർത്ത് ഡേ ക്ക് ഹോസ്റ്റലിൽ വെച്ച് എന്റെ തലയിൽ വേസ്റ്റ് ബാസ്കറ്റ് കമഴ്ത്തിയവനാ ഇവൻ. ഇത് മഹേഷിന്റെ സ്നേഹത്തിൽ ചാലിച്ച ഒരു പ്രതികാരം. നീ ക്യാമറ ഓൺ ചെയ്യ്"
ഇത്രയും പറഞ്ഞ് അവൻ വെള്ളം നിറച്ച ബക്കറ്റുമായി വാതിലിന് സൈഡിലേക്ക് നിന്നു.
സമയം അല്പം കഴിഞ്ഞിട്ടും ആരും വരുന്ന ലക്ഷണമില്ല.
"നീ ആ കോളിംഗ് ബെൽ അടിക്ക്. എന്റെ കൈ കഴക്കുന്നു"
ട്രണീം........ കോളിംഗ് ബെൽ മുഴങ്ങി
അഭിയുടെ റൂമിൽ ലൈറ്റ് തെളിഞ്ഞു.
"ഡാ അവൻ വരുന്നുണ്ട്"
"ഞാൻ റെഡി. ക്യാമറ സ്റ്റാർട്ട് .. ആക്ഷൻ.."
വാതിൽ തുറന്നതും മഹേഷ് വെള്ളം ഒഴിച്ചു.
"ഹാപ്പീ.. ബ ...... ർ ......... ത്ത് ............... ഡേ"
"പണി പാളി... അഭീന്റച്ഛൻ...."
വെള്ളത്തിൽ കുളിച്ച് നിക്കുന്ന അഭിയുടെ അച്ഛനെ കണ്ട് അവർ യൂണിവേഴ്സിറ്റി റിസൾട്ട് കണ്ടിട്ടെന്ന പോലെ തരിച്ച് നിന്നു.
ദേഷ്യം കൊണ്ടാണോ തണുപ്പ് കൊണ്ടാണോ എന്നറിയില്ല അയാൾ വിറക്കുന്നുണ്ടായിരുന്നു
"നിനക്കൊക്കെ ഭ്രാന്താണോടാ..." അയാൾ അലറി.
"അത്.. ഞങ്ങൾ അഭിയുടെ ബർത്ത് ഡേ ആഘോഷിക്കാൻ.. ദേ ഞാൻ മാത്രമല്ല അശ്വിനും ഉണ്ട്"
അപ്പോഴാണ് ഉറക്കച്ചടവോടെ അഭി അങ്ങോട്ട് വന്നത്. തന്റെ കൂട്ടുകാരെയും വെള്ളത്തിൽ കുളിച്ച് നിൽക്കുന്ന അച്ഛനെയും കണ്ട് അഭി ഞെട്ടി.
"ഡാ അഭീ ഞങ്ങൾ നിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ.. ദേ കേക്ക് ഒക്കെ ഉണ്ട്. അശ്വിനെ ആ കേക്ക് കാണിച്ച് കൊടുക്കെടാ"
"എന്റെ ബർത്ത് ഡേയോ.. അത് കഴിഞ്ഞിട്ട് മാസം രണ്ടായി"
"ഏഹ്... എന്നിട്ട് ഫേസ്‌ബുക്കിൽ കണ്ടല്ലോ ഇന്നാണെന്ന്"
"ഓഹ്... അത് അന്ന് ഹോസ്റ്റലിൽ നിന്നപ്പോ നിങ്ങളൊക്കെ പണി തരാതിരിക്കാൻ ഞാൻ ഡേറ്റ് മാറ്റിയതാ"
മഹേഷ് അഭിയെ ചേർത്ത് പിടിച്ച് പറഞ്ഞു
"നീ ഇനി ഫേസ്‌ബുക്കിൽ പ്രൊഫൈൽ പിക്ച്ചർ പോലും മാറ്റി പോകരുത്. കേട്ടോടാ..
.
അശ്വിനേ.. എസ്കേപ്പ് ബ്രോ..."
വന്നതിലും വേഗത്തിൽ മഹേഷ് തന്റെ ബുള്ളറ്റ് തിരിച്ച് ഓടിച്ചു. അതിന്റെ പുറകിലത്തെ സീറ്റിലിരുന്ന് അശ്വിൻ നാളെ വൈറലാകാനുള്ള ഒരു വീഡിയോക്ക് ടിക് ടോക്കിൽ പാട്ട് മിക്സ് ചെയ്യുകയായിരുന്നു.
"അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ ഗുലുമാൽ !!"
- Rahul Raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo