ഏതാനും വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലേക്ക് പോകാനുള്ള തീരുമാനമെടുത്തു അവധിയൊക്കെ ശരിയാക്കി... അങ്ങിനെ ഒരാശ്വാസമായെങ്കിലും മനസ്സിൽ എന്തോ ഒരിത് ....ഒരു തോന്നൽ ...എൻ്റെ വരവ് കാത്തിരിക്കുന്ന ഒന്നും തന്നെ അവിടെയില്ലല്ലോ എന്ന് ....
ഞാൻ എപ്പോഴേ ഒരു വിരുന്നുകാരിയായിരിക്കുന്നു. ചിലപ്പോൾ അതിനും അപ്പുറം ഞാൻ വിസ്മൃതിയിലായിരിക്കുന്നു ..... ഒരുപക്ഷേ മരണപെട്ടു പോയ പോലെ.....
ഇടപ്പള്ളി ഇപ്പോഴത്തെ ഇടപ്പള്ളിയിട്ടില്ലാത്ത കാലം....മെട്രോ ആ നാടിൻറെ മാറിലൂടെ ഓടുന്നതിനൊക്കെ മുൻപുള്ള, ലുലുമാൾ അതിൻ്റെ നെഞ്ചിൽ സ്ഥാനം പിടിക്കുന്നതിനു മുൻപുള്ള , വലിയ മുറ്റങ്ങളെ തമ്മിൽ വേർതിരിക്കാൻ മതിലുകളും ഗേറ്റുകളും വരുന്നതിനു മുൻപുള്ള അയല്പക്കകാർ അപരിചിതരാകാത്ത ....... ഒരു കാൽനൂറ്റാണ്ടുമുൻപത്തെ കാലം....
മനസ്സ് ഒന്നൂളിയിട്ട് പൊങ്ങിയത് ആ വീടിൻ്റെ വരാന്തയിലായിരുന്നു, പറമ്പുകൾ തമ്മിൽ വേർതിരിക്കാൻ മരങ്ങളാൽ സമൃദ്ധമായ അതിരുകൾ മാത്രം ... മാവും തെങ്ങും ആഞ്ഞിലിയും ഒക്കെ ആർത്തു നിൽക്കുന്ന ആ പുരയിടത്തിൻ്റെ ഒത്ത നടുവിലെ ആ പഴയ തറവാട് വീടിൻ്റെ മുറ്റത്തേയ്ക് ....
ചെത്തിയും ചെമ്പരത്തിയും കനകാംബരവും പാരിജാതകവും വർണങ്ങൾ വാരിവിതറിയിരുന്ന ആ മുറ്റത്തേയ്ക് ....
ചെത്തിയും ചെമ്പരത്തിയും കനകാംബരവും പാരിജാതകവും വർണങ്ങൾ വാരിവിതറിയിരുന്ന ആ മുറ്റത്തേയ്ക് ....
കൂട്ടുകാർ വൃന്ദാവനമെന്നും , ചില കുരുത്തം കെട്ട ചെക്കന്മാർ മൃഗശാലയെന്നും ഓമനപ്പേരിട്ട് വിളിച്ചിരുന്ന ആ വീട്ടിലേയ്ക് ...ഒരു പത്തുവയസ്സുകാരിയായി വീണ്ടും .....
കുറ്റിക്കാട്ടിൽ പ്രസവിക്കുന്ന പട്ടികുഞ്ഞുങ്ങളെ കണ്ണുതുറക്കുന്നതിനും മുൻപേ സ്വന്തമാക്കുന്ന കുറുമ്പികുട്ടിയായും ...തട്ടിൻ പുറത്തു പ്രസവിക്കാൻ പോകുന്ന കറുമ്പി പൂച്ചയ്ക്ക് എത്രകുഞ്ഞുങ്ങൾ ഉണ്ടാകുമെന്നോർത് ആകാംഷയോടെ കാത്തിരുന്ന ......ചായ്പ്പിൽ അടവെച്ചിരുന്ന മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരുന്നതിനായി ദിവസ്സങ്ങളെണ്ണി കാത്തിരുന്ന .....പറമ്പിൽ മാറ്റിക്കെട്ടാൻ കൊണ്ടുപോകുന്ന ആട്ടിന്കുട്ടികളുടെ കൂടെ ഓടിക്കളിക്കുന്ന ....അനുസരണയില്ലാത്ത അമ്മത്താറാവിടുന്ന മുട്ടകളെ ചെളിയിൽ നിന്നും കണ്ടെടുക്കാൻ സഹായിക്കുന്ന ...
പിന്നെ അമ്മയില്ലാത്ത സമയം നോക്കി അയലത്തെ വീട്ടിൽ നിന്നും മൈലാഞ്ചി പറിച്ചു കറിക്ക് അരയ്ക്കുന്ന അമ്മിക്കല്ലിൽ അരച്ച് കൂട്ടുകാരുടെ കൂടെ കൈകളിൽ ചിത്രങ്ങൾ വരയ്ക്കുന്ന .....
വൈകുന്നേരങ്ങളിൽ കൂട്ടുകാരോട് കൂടെ ചെമ്പരത്തിത്താളിയുണ്ടാക്കി കുളിച്ചിരുന്നു കിണറ്റിൻ കരയും .....ജൂൺമാസത്തെ മഴയും ....കടലാസ് വഞ്ചികളും, അതുചെന്ന് വെള്ളം ഒഴുകിപോകാനുള്ള ഓവടഞ്ഞു വെള്ളം പൊങ്ങുമ്പോൾ കിട്ടുന്ന വഴക്കും .....
മഷിക്കായുടെ നീലയും കുംകുമ കായുടെ ചുമപ്പും പൂപ്പരതിയുടെ മഞ്ഞക്കറയും കൊണ്ട് ചുവര്ചിത്രങ്ങൾ വരച്ചിരുന്ന.....
ഒരു കൗമാരക്കാരിയുടെ എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തിയ ഇടം ....എൻ്റെ എല്ലാ കള്ളത്തരങ്ങള്കും മൂകസാക്ഷിയായ....
മനസ്സ് ഓരോമുറികളിലൂടെയും കയറിയിറങ്ങി .....സ്ഥിരമായിരുന്നു പഠിക്കാറുള്ള ആ വരാന്ത....അരമതിൽ.....ഒരു കസേരയിട്ട് അവിടെയിരിക്കണം .... ആ പൂന്തോട്ടത്തിലൂടെ നടക്കണം .... ചെമ്പരത്തിത്താളിയുണ്ടാക്കി കുളിക്കണം .....
കൂട്ടുകാരുടെ കൂടെ കള്ളനും പോലീസും കളിക്കണം.....കളിവീടുണ്ടാക്കണം കഞ്ഞീം കറീം വെക്കണം ..പിന്നെ ..... ആ കളികൂട്ടുകാരനോട് അന്ന്പറയാൻ മടിച്ച മനസ്സിന്റെ ആഗ്രഹങ്ങൾ തുറന്ന് പറയണം .....
പക്ഷേ .....പക്ഷേ ......എല്ലാം എല്ലാം എൻ്റെ ഒരു ഭ്രാന്താകാം ഒരിക്കലും തിരിച്ചു കിട്ടില്ലന്നറിഞ്ഞിട്ടും ആഗ്രഹിക്കുന്ന മനസ്സിൻെറ ഒരു ദുരാഗ്രഹമാകാം.....
linijose
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക