Slider

എന്നാലും എന്റെ സഹോ.

0
ഗൾഫു ജീവിതത്തിലെ വിരസത മാറ്റാനായി മുഖ പുസ്തകത്തിലെ എഴുത്തുഗ്രൂപ്പുകളിൽ ഓരോ സൃഷ്ടികൾ ഞാൻ വായിച്ച് നോക്കുമ്പോഴാണ് അവന്റെ ആ കൊച്ചു കഥ കാണുന്നത് ... വായിച്ച് നോക്കി കൊള്ളാം....പക്ഷെ ബാക്കി ഭാഗം എവിടെ... ചോദിച്ചു കളയാം.... ഞാൻ കരുതി...
ഐഡി തപ്പിയെടുത്തു നോക്കിയപ്പോൾ ദാ അവിടെയും കിടക്കുന്നു ആ കഥ... പ്രതീക്ഷയോടെ ഞാൻ അതും നോക്കി കഥയുടെ ബാക്കി ഇവിടെയുണ്ടെങ്കിലോ.. രണ്ടാം വട്ടം ചുമ്മാ വായിച്ചു... അതിന്റെ ചോട്ടിലും ശുഭം...
അതെന്നാ മര്യാദ കേടാ... എഴുത്തുകാരായാ ശകലം ഉത്തരവാദിത്വം വേണ്ടായോ... ഒരു കഥ പകുതി എഴുതി വച്ചിട്ട് ബാക്കി കഥ വായനക്കാർ ഊഹിച്ചെടുക്കണോ? അന്യായം തന്നെ... പണ്ടേ അന്യായം കണ്ടാ പ്രതികരിക്കുന്ന സ്വഭാവം എനിക്ക് ഉള്ളത് കൊണ്ട് ചോദിച്ച് കളയാന്നു വച്ചു...
അങ്ങേരുടെ സ്വന്തം വാളിൽ സ്വന്തം പോസ്റ്റിൽ ചെന്നു ഒരു ചോദ്യം വച്ചു കാച്ചി...
"ഇതിന്റെ ബാക്കിയെവിടെ."??
രണ്ടു സെക്കന്റ് കഴിഞ്ഞപ്പോ മറുപടി "പറഞ്ഞ് തന്നാ ബാക്കി എഴുതാന്ന് " .... പിന്നേ ഞാൻ പറഞ്ഞു കൊടുത്തിട്ടാണല്ലോ ആദ്യ ഭാഗം അങ്ങേര് എഴുതിയത്...
തന്നെത്താൻ എഴുതിയാ മതിയെന്ന് ഒരു കമന്റുമിട്ട് ഞാൻ സ്ഥലം കാലിയാക്കി ... എന്തായാലും പിറ്റേന്ന് കഥയുടെ ബാക്കി വന്നു... ആദ്യത്തേതിലും മികച്ചത് ... അതിന്റെ വെടിക്കെട്ടും ആഘോഷോം ആ വാളിൽ വീണ്ടും കണ്ടു...
പിന്നെയും കണ്ടു അയാടെ തന്നെ ഒരു കോമഡി കൃതി ... പ്രണയം... അങ്ങനെ എനിക്കും തോന്നി ഒന്നെഴുതണം എന്ന്.... വായിക്കാൻ മടിയില്ലെങ്കിലും പൊതുവേ എഴുതാൻ മടിയാണ്... എന്നാലും വേണ്ടിയില്ല നമ്മുടെ കഥാ നായകന്റെ സഹായം തേടുക തന്നെ ....
പക്ഷെ എങ്ങനെ? അങ്ങനെ ആലോചനയ്ക്കൊടുവിൽ ഇൻബോക്സിൽ നുഴഞ്ഞ് കയറാന്ന് വിചാരിച്ചു ... നമ്മുടെ സ്വതസിദ്ധമായ ശൈലിയിൽ ഒരു "കൂയ് " കൊടുത്തു.... പിന്നെ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ മറുപടി നോക്കി ഇരിപ്പായി ....
അതിനിടെ അങ്ങേരുടെ ഐഡി മൊത്തം അരിച്ചു പെറുക്കി.... ഒന്നും കിട്ടിയില്ല... എല്ലാം പൂട്ടിക്കെട്ടി ഉത്തരത്തിൽ വച്ചിരിക്കുന്നു...
സാരല്യ വരുമ്പോ ചോദിക്കാം ....
അര മണിക്കുർ കാത്തിരിപ്പിനൊടുവിൽ അതാ വന്നു...
ഒരൊറ്റ ചോദ്യം
" എന്താണ് സഹോ"
" സഹോ" ആ വിളി കേട്ടപ്പോ തന്നെ ഞാൻ കട്ടപ്പനയിലെ ഋതിക് റോഷനാണോന്ന് ഞാനും സംശയിച്ചു...
എന്തുമാവട്ടെ.... പരിചയപ്പെട്ടു കളയാം.... ഉദ്ദേശം തല്ക്കാലം പറയണ്ട... എഴുത്തു കാരനല്ലേ... എഴുതുന്ന വിധം ചോദിച്ചിട്ട് അയാളേക്കാൾ നന്നായി എഴുതിയാ പിന്നെ ഞാനയാളുടെ സൃഷ്ടി മോഷ്ടിച്ചതാണെന്ന് പറഞ്ഞാലോ... അത് വേണ്ട... പയ്യെ തിന്നാൽ പനയും തിന്നാന്നാണല്ലോ?
അതോണ്ട് പതുക്കെ അതിലേക്ക് കടക്കാം. പേരും നാളും വയസുമൊക്കെ ചോദിച്ചു ... എന്നെ പോലെ നമ്മുടെ നായകനും വിവാഹിതനും പോലിസുകാരനുമാണ് ... കാക്കിക്കുള്ളിലെ സാഹിത്യകാരൻ .... അങ്ങനെ പരിചയപ്പെട്ട് പരിചയപ്പെട്ട് സഹോ എന്നായി രണ്ടു പേരും വിളി...
ഒരു കൃതി എഴുതണം എന്ന ദുരാഗ്രഹത്തിലാണ് എഴുതാൻ കുഴിമടിച്ചിയായ ഞാൻ ഇത്രയൊക്കെ എഴുതി ചോദിച്ചത്
അവസാനം എഴുതി ചോദിച്ച് മടുത്തപ്പോൾ ഞാൻ ഓർത്തു നമ്പർ കിട്ടിയാ വിളിക്കാല്ലോന്ന്.... ഞാനൊരു പെണ്ണായ കൊണ്ട് നമ്പർ തന്നാലോ ( ചിലപ്പോ ബിരിയാണി കിട്ടിയാലോ) ... ഞാൻ പെണ്ണാണ് എന്ന തെളിവിന് എന്റെ സ്വീറ്റ് വോയിസ് (മധുര ശബ്ദം) കൂടി ഞാനയച്ചു കൊടുത്തു...
അതൊരു നന്ദി പ്രകാശനമായിരുന്നു ... കാരണം കഥാ നായകൻ അല്ല "സഹോ" വളരെ മാന്യമായും ബഹുമാനത്തോടു കൂടിയാണ് എന്നോട് പെരുമാറിയത്...
പിറ്റേന്ന് ഞാൻ നട്ടുച്ചയ്ക്ക് കണ്ണും തിരുമ്മി എഴുന്നേറ്റ് വന്നപ്പോൾ ദാ വന്നിരിക്കുന്നു സഹോയുടെ ശുഭദിനം.... ആ ദിനം തീരാറായെങ്കിലും ഞാനും പറഞ്ഞു ഒരു ശുഭദിനം.... ഇന്ന് നമ്പർ ചോദിക്കണം ഞാൻ ഉറപ്പിച്ചു....
സഹോ എന്നോട് പറഞ്ഞു " സഹോ തന്റെ ശബ്ദം നല്ലതാ .... താൻ പാട്ടു പാടുമോ ...ഒരു പാട്ടു പാടാമോ എന്ന് " ... ചോദ്യം കേട്ട് ഞാൻ ഞെട്ടി.... കാരണം നുമ്മ ഡെയ് ലി കുളിമുറിയിൽ പാടിയിട്ട് അവിടുത്തെ പല്ലിയും എട്ടു കാലിയും താമസം മാറ്റി പോയത് നുമ്മക്കേ അറിയു...
എന്തായാലും പിണക്കണ്ട..." ഞാൻ പറഞ്ഞു "സോറി സഹോ.... എനിക്ക് പനിയാണ് ....അതു മാറിയിട്ട് പാടാം..." ഞാൻ ഒരു നമ്പരിട്ടതാ.... നമ്പര് കിട്ടണ്ടേ...
എഴുത്ത്
കാരിയാവണ്ടേ...
അങ്ങനെ രണ്ടും കല്പിച്ചു ചോദിച്ചു. സഹോ ആ നമ്പരൊന്ന് തരാമോ? ഒന്നു വിളിക്കാനാ....
അതിന് മറുപടിക്ക് കാത്തുനിൽക്കേണ്ടി വന്നില്ല ... കിട്ടി .... ഉടനെ ... നമ്പരല്ല.... മറുപടി
" ഇല്ല തരില്ല..."
ഞാൻ ചമ്മിയോ? ഏയ് ഇല്ല ....മുഖം വളിച്ചു... എന്നാലും തോറ്റു കൊടുക്കാൻ പാടുണ്ടോ? പെണ്ണല്ലേ... ഉണ്ണിയാർച്ചയുടെ വർഗം ..... ഇങ്ങോട്ട് നമ്പർ തന്നില്ലേ വേണ്ട .... അങ്ങോട് നമ്പർ കൊടുക്കാം .....
ഞാൻ കൊടുത്തു നമ്പർ.. എന്നിട്ട് പറഞ്ഞു .... സഹോ .... സഹോയ്ക്ക് എന്നെ വിളിക്കണം എന്നു തോന്നിയാൽ ഒരു മിസ്ഡ് കോൾ .... ഞാൻ വിളിക്കാം
...
ആ നമ്പർ കൊടുത്താലെങ്കിലും നമ്പർ തരുമെന്ന് കരുതി... പക്ഷെ ഫലം തഥൈവ.... അതോ എന്റെ നമ്പരാണോന്നറിയാൻ അതിൽ വിളിച്ചു നോക്കിയോ എന്തോ?
അറിയില്ല ... വിളിച്ചെങ്കിൽ മലയാളി ചായകടയിലെ പൊറോട്ട അടിക്കുന്ന ചേട്ടനെ കിട്ടിക്കാണും... എന്നു പൊറോട്ട വാങ്ങാൻ ചെന്നാലും പൊറോട്ട പൊതിഞ്ഞ പേപ്പറിലും എന്തിന് പൊറോട്ടയിൽ വരെ നമ്പർ എഴുതി തരും..... 'അത് ഇങ്ങനെ പ്രയോജനപ്പെട്ടു....
ഒരു പെണ്ണായ ഞാൻ നമ്പർ ചോദിച്ചിട്ട് തരുന്നില്ല പോലും... എന്റെ അഭിമാനത്തിനേറ്റ ക്ഷതം.... വിട്ടുകൊടുക്കാൻ പാടുണ്ടോ? അറ്റ കൈക്ക് ഞാൻ ചോദിച്ചു " "എന്നാലും സഹോ ... താനെവിടുത്തെ പോലിസ് കാരനാ.... തന്നെയാരാ പോലീസിൽ എടുത്തത് '' '' ഒരു പെണ്ണായ എന്റെ യ ത്രയും ധൈര്യം പോലും തനിക്കില്ലേ .... അതോ ആണിന്റെ വേഷം കെട്ടിയ പെണ്ണാണോ? ഒരു നമ്പർ തരാൻ കൂടി പേടി..."
ചോദ്യം ചെന്നതും .... ദാ വരുന്ന ഒരു വോയിസ് .... പുരുഷ ഗാംഭീര്യ ശബ്ദത്തിൽ....
"പെണ്ണു നിന്റെ .... എന്നെ കൊണ്ട് ഒന്നും പറയിക്കരുത് "
പുറകേ ഒരു മെസേജും കൂടീ ...." ഇനി നിന്നെ എന്റെ ഇൻബോക്സിന്റ പരിസരത്ത് കണ്ടാൽ മുട്ടു കാല് തല്ലിയൊടിച്ച് ഇവിടെയിടും " എന്നും:
സഹോ ഒരു പോലിസ് കാരനായതു കൊണ്ടും ചിലപ്പോ ഇൻബോക്സ് വഴി മുട്ടു കാല് തല്ലിയൊടിച്ചാലോ എന്ന പേടി കൊണ്ടും ..... ഇപ്പോ മാനഹാനി മാത്രമേ വന്നുള്ളൂ.... ഇനി അംഗഭംഗം കൂടി വേണ്ട എന്ന ചിന്തയാൽ എന്റെ എഴുതണമെന്ന മോഹം ഒടിച്ചു മടക്കി കുപ്പിയിലാക്കി മുട്ടുമടക്കി ഞാൻ തിരിച്ചു പോന്നു.....
ഒരു എഴുത്തുകാരിയാവണം എന്ന മോഹം ഉപേക്ഷിച്ച് ....
വാൽകഷണം: ഈ മായാലോകത്ത് പെണ്ണാണെന്ന് കാണുമ്പോൾ പറ്റിക്കാതെ മുതലെടുക്കാതെ മാന്യമായി പെരുമാറുന്ന "സഹോ"യെ പോലെ നല്ല മനസുള്ളവരും ഉണ്ട്....
ചിത്ര ദീപ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo