Slider

പണിക്കത്തി അഥവാ പണിക്കരുടെ കത്തി

0
Image may contain: 1 person, beard and sunglasses

ഒന്നുരണ്ട് മാവിൻതൈയും ചാമ്പത്തൈയും പേരയും പിന്നെ പല നിറങ്ങളിലുള്ള റോസും ചെമ്പരത്തിയും പടർന്നു കയറുന്ന മുല്ലവള്ളിയും യൂഫോർബിയായും ഒക്കെ, നാളെ മുതൽ വീട് ഒരു ഉദ്യാനമാക്കി മാറ്റിയിട്ടേ ഇനി കാര്യമുള്ളൂ എന്ന മട്ടിൽ കാശ് ഒരു പ്രശ്‌നമല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് നഴ്‌സറിയിൽ നിന്നും പെറുക്കി പെറുക്കി കാറിന്റെ ഡിക്കിയിൽ കയറ്റി വയ്‌ക്കുകയായിരുന്നു ശ്രീമതി.
ഒരു സഹായവും ചെയ്യാതെ ചെടി വാങ്ങാൻ വന്ന മറ്റുള്ളവരെ വായിൽ നോക്കി നിൽക്കുകയായിരുന്ന ഞാൻ നിറയെ ചെളി പിടിച്ച വലിയ ഇലകളുള്ള ഒരു ചെടിയും ചുമന്ന് വരുന്ന കണ്ടപ്പോഴേ അവളുടെ ഹാലിളകി.
ഇത് ഞാൻ വാങ്ങിച്ചതല്ലാലോ..
അല്ല. ഇത് ഞാൻ എടുത്തതാ..
ഇതെന്തു ചെടിയാ? പൂവാ കായാ?
കായയുണ്ടാകും പൂവുണ്ടാകുമോ എന്നറിയാൻ മേലാ..
എന്നതാ വെല?
നൂറ്റിയിരുപതു രൂപ.
ഹോ..നൂറ്റിയിരുപതു രൂപയോ..ഇതെന്നാ ചെടിയാ?
ഇത് ചെടിയല്ല. മരമാകും. മാങ്കോസ്‌റ്റീൻ.
മാങ്കോസ്‌റ്റീനോ? മാങ്ങയാണോ?
അല്ല. ഒരു കറുത്ത പഴമാ..പൊളിച്ച് ഉള്ളീന്നു പൾപ്പെടുത്ത് കഴിക്കാം. നല്ല മധുരമുള്ള പഴമാ..
എന്നതാ വളം?
അറിയാൻ മേലാ..
നല്ല വിളവുള്ളതാണോ?
അറിയാൻ മേലാ..
ഹോ..പിന്നെ എന്തു കുന്തമാ...ഇതെവിടെ നടാനാ?
നമ്മുടെ മുറ്റത്ത്..വലതു വശത്ത്.
മുറ്റത്തോ? അവിടെങ്ങനെ നടും? നമ്മൾ ടൈലിടാൻ പോവല്ലേ?
ഇല്ല. മുറ്റം ടൈലിടാതെ കിടക്കും. മുറ്റത്ത് എന്നും മുറ്റമടിക്കുന്ന ചൂലിന്റെ പാടുകൾ കിടക്കും.. നനുത്ത മണ്ണുണ്ടാകും.
ഉവ്വ.. ആരു മുറ്റമടിക്കും...മണ്ണും ചളിയും കുഴഞ്ഞു മറിയും. ടൈലിടണം.
എടീ മധുര സുരഭില നിലാവെളിച്ചമേ.....മഴവെള്ളം മണ്ണിലേക്കിറങ്ങണം..മുറ്റത്ത് വലതു വശത്ത് ഈ മാങ്കോസ്‌റ്റീൻ അങ്ങനെ വളർന്ന് പന്തലിച്ച് നിൽക്കും...
എന്നിട്ട്?
ഒരു ചാരുകസേര അതിനു ചോട്ടിൽ കൊണ്ടു ചെന്നിടണം..ഇരിയ്‌ക്കണ്ട..വെറുതെ കൊണ്ടിട്ടാൽ മതി.
ഒരു കാര്യം പറഞ്ഞാൽ മുഷിയുമോ
ലവലേശം മുഷിയില്ല. കാച്ച്
എന്നാലേ ഭവാനെപ്പോലുള്ളവർ കല്യാണം കഴിച്ച് വീടും കുടിയും ഭാര്യയും മക്കളുമായി കഴിയാതെ കാട്ടിൽ വല്ല ഗുഹയിലും തുണിയൊന്നുമില്ലാതെ അനങ്ങാതിരുന്ന് തപസ്സു ചെയ്യുകയായിരുന്നു നല്ലത്.
തിന്നാനും കുടിയ്‌ക്കാനും പുറം മാന്തിത്തരാനും നീയുണ്ടെങ്കിൽ ഏതു ഗുഹയിലും ഞാൻ താമസിച്ച് ഘോരഘോരം തപസ്സു ചെയ്യാം..
ചവിട്ടു വേണോ?
വേണ്ട. മാങ്കോസ്‌റ്റീൻ മതി.
എന്നാ വണ്ടിയെടുക്ക്..
സ്‌റ്റൈൽ....
റബ്ബുൽ ആലമീനായ തമ്പുരാനേ ഞങ്ങടെ ബേപ്പൂർ സുൽത്താനോട് ചരമദിനം മറന്നു പോയതിന് ഈ ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം ഭാഗത്ത് ചെറ്യേ ഒരു പണിക്കത്തിയുമായിരിക്കുന്ന ഈ പണിക്കരുടെ സോറി ഒന്നു പറഞ്ഞ് കൊടുക്കണേ...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
#panikkathy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo