Ladies Day out...... ഒരു ആലപ്പുഴ യാത്ര .....
ലിനീ നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ..... എവിടേക്കെങ്കിലും..... ഒന്നും ഒട്ടും പ്ലാൻ ചെയ്യാതെ, ഒരു യാത്ര..... എന്റെ മനസ്സ് വായിച്ച പോലെ ഒരു ചോദ്യം.... ഞാൻ എപ്പോഴേ റെഡി.....
ലിനീ നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ..... എവിടേക്കെങ്കിലും..... ഒന്നും ഒട്ടും പ്ലാൻ ചെയ്യാതെ, ഒരു യാത്ര..... എന്റെ മനസ്സ് വായിച്ച പോലെ ഒരു ചോദ്യം.... ഞാൻ എപ്പോഴേ റെഡി.....
കുറച്ചു ധൈര്യവും കുറച്ചും കൂടെ തന്റേടവും മൂന്നാലു ഭാഷകൾ അറിയാമെന്നുള്ള അഹങ്കാരവും ഡ്രൈവിംഗ് ലൈസൻസും ഒരു പൊടിക്ക് ചില്ലറയും ഉണ്ടെന്നുള്ളതാണ് ഈ സാഹസത്തിനുള്ള മുതൽ കൂട്ട്.....
( അതി ) രാവിലെ ആറുമണിക്ക് തന്നെ എഴുന്നേറ്റു റെഡിയായി, അരമണിക്കൂറിനുള്ളിൽ എറണാകുളത്തിന്റെ ഹൃദയഭാഗത്തു നിന്നും പുറപ്പെട്ടു.... നല്ല മഴ, കാലാവസ്ഥ ഞങ്ങളുടെ ഉത്സാഹത്തെ തല്ലി കെടുത്തുമോ......ഒരാശങ്ക.....ആന്റി മഴയത്തു ബീച് കണ്ടിട്ടുണ്ടോ ???? ഇല്ല, അതൊരു സംഭവം തന്നെ ആയിരിക്കും അല്ലേ? എന്നാൽ നമുക്ക് വിടാം... ആ കാഴ്ചകൾക്കായി ഞാൻ എന്റെ കണ്ണിനെ തൈയ്യാറാക്കി നിർത്തി.... അങ്ങിനെ ഞങ്ങളുടെ ചുമന്ന Etios Liva സുന്ദരികളായ രണ്ടു തരുണീമണികളെയും കൊണ്ട് NH ലൂടെ അന്ധകാരനഴി കടപ്പുറത്തേക്ക് ചീറി പാഞ്ഞു പോയി.........
ഏകദേശം ഏഴുമണിയോടടുത്തു കടപ്പുറത്തുള്ള ഒരു ചെറിയ ചായകടയുടെ മുൻപിൽ കാർ പാർക്ക് ചെയ്തു പുറത്തിറങ്ങാൻ തുടങ്ങിയപ്പോഴേക്കും പിണങ്ങി നിന്നിരുന്ന മഴ ഞങ്ങളെ സ്വീകരിക്കാൻ ആർത്തലച്ചു വന്നു.... ചായക്കടയിലെ നാട്ടുകാരായ ചേട്ടന്മാർ സംശയകണ്ണുകളോടെ ഏന്തിവലിഞ്ഞു നോക്കുന്നത് ആസ്വദിച്ചു കാറിൽ തന്നെ.....മഴയുടെ വിവിധ ഭാവങ്ങൾ..... ചന്നം പിന്നം വന്ന മഴ സംഹാര രുദ്രയായി... പിന്നെ സൗമ്യയ്.... മെല്ലെ ഞങ്ങളുടെ പ്രതീക്ഷകൾക്കു മുൻപിൽ അടിയറവു പറഞ്ഞു തിരകൾക്കപ്പുറത്തേക്ക് മറഞ്ഞു.........
ചുറ്റുമുള്ള ആകാംഷയുടെ കണ്ണുകളെ അവഗണിച്ചു ഏകാന്തമായ കടപ്പുറത്തേക്ക് രണ്ടു പെണ്ണുങ്ങൾ.......കൂട്ടത്തോടെ പോകുന്ന കടൽകാക്കകൾ,തീരത്തണയുന്ന ചെറുവഞ്ചികൾ, പ്രതീക്ഷയോടെ വലയെറിയുന്ന മുക്കുവൻമാർ, ശുദ്ധമായ കാറ്റ്, ചെറുമഴത്തുള്ളികൾ, ഇളം വെയിൽ, ഒട്ടുംബഹളങ്ങളില്ലാത്ത കടൽ അതിന്റെ ശാന്ത ഭാവം കാണിച്ചു ഞങ്ങളെ വിസ്മയിപ്പിച്ചു.... എന്ത്യേഇത്രയും നാൾ ഞാനീ കാഴ്ചക്കായി വന്നില്ല.... മനസ്സ് ഒരപ്പൂപ്പൻതാടിപോലെ....... ഭാരങ്ങളൊന്നായി എന്നിൽനിന്നും പറന്നകലുന്ന പോലെ.... യാത്ര അതിന്റെ വശ്യത കാണിച്ചു ഞങ്ങളെ മോഹിപ്പിച്ചു തുടങ്ങിയിരിക്കുന്നു, കൂടെ ക്യാമറ കണ്ണുകൾ തുറക്കുകയും അടയുകയും..........
ലിനീ തട്ടടിക്കണോ അതോ... പ്രഭാത ഭക്ഷണം നമുക്കിത്തിരി ഹെവി ആക്കാം... പിന്നെ മഴയും കാറ്റും വയറിനകത്തു മറ്റൊന്നു അഴിച്ചുവിട്ടിരുന്നു, വിശപ്പും മൂത്രാശങ്കയും. രണ്ടിനും പറ്റിയൊരിടം തേടണം....
ട്രാവൻകൂർ ഹെറിറ്റേജ് വഴിയിൽ ഞങ്ങളെ കാത്തിരുന്ന പോലെ... ഗതകാല സ്മരണകൾ ആവാഹിച്ചു, കണ്ണുകളെ മോഹിപ്പിച്ചു വീണ്ടും... ഒരു ഭക്ഷണശാല എന്നതിൽ കവിഞ്ഞു ഒരിക്കൽ വരുന്നവർക്ക് ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന നിമിഷങ്ങൾ സമ്മാനിക്കാൻ തയ്യാറായി.... നടു മുറ്റവും,അമ്പലവും, കൽവിളക്കും കൽഭരണികളും, ചുണ്ടൻ വള്ളങ്ങളും, കൈവണ്ടികളും, കൂടെ ചൂടൻ ചായയും മസാല ദോശയും. ക്യാമറ കണ്ണുകൾക്ക് വീണ്ടും പ്രലോഭനം.... പ്രണയിക്കാൻ പറ്റിയ അന്തരീക്ഷം......
കുമരകം അതാണ് അടുത്ത ലക്ഷ്യം.... വഴിയറിയാൻ GPS നെ ആശ്രയിക്കാം എന്ന പൊതു തീരുമാനത്തിലെത്തി Etios വീണ്ടും ഉരുണ്ടു തുടങ്ങി......ഒരേ തൂവൽ പക്ഷികളെ പോലെ....ചിന്തയിലും സംസാരത്തിലും......
സംസാരത്തിനിടയിൽ GPS നെ അനുസരിക്കാൻ പലപ്പോഴും പറ്റിയില്ല...... വഴി തെറ്റി, അതേ ഒന്നൊന്നതരം വഴി തെറ്റൽ.... ഈ GPS ഒക്കെ എന്നാ കണ്ടു പിടിച്ചത്, അല്ലേലും ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല ..... ദാസാ.... നമുക്ക് ചോയിച്ചു ചോയിച്ചു പോകാം....... നല്ല നാട്ടുകാർ..നല്ല മനസ്സുള്ളവർ.....
വഴി തെറ്റിയാൽ എന്താ, വഴിയിൽ ഞങ്ങളെ കാത്തു വിസ്മയ കാഴ്ച്ചകൾ നിര നിരയായി...... ചെന്നുപെട്ടത് ചേർത്തല കൂട്ടുവേലി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുന്നിൽആയിരുന്നു. വഴിയിൽ ഒരു കുറ്റിയിൽ കണ്ണനും കൃഷ്ണനും, രണ്ടു സുന്ദരന്മാരായ പരുന്തുകൾ...... രൗദ്രതയോ ക്രൂരതയോ ഇല്ലേയില്ല, അതൊക്കെ നിങ്ങൾക്കല്ലേ എന്ന ഭാവം.... രാജകീയ പ്രൗഢിയിൽ മാന്യതയുടെ നിറകുടം എന്ന കണക്കു..... ഈ രംഭയും മേനകയും എന്തു ചെയ്താലും ഞങ്ങളുടെ വികാരങ്ങളെ ഇളക്കുവാൻ സാധിക്കില്ല എന്ന ഉറച്ച മനസോടെ....... വീണ്ടും ക്യാമറ കണ്ണുകൾ പരുന്തുകളുടെ പശ്ചാത്തലത്തിൽ...........
.
പരുന്തുകളുടെ ഉടമസ്ഥൻ ജ്യോതിഷ് ചേട്ടന്റെ കൊച്ചു കടയിൽ നിന്നും ജീരക സോഡയും കുടിച്ചു കുറച്ചു പരുന്ത് ചരിത്രവും കേട്ടു നന്ദി പറഞ്ഞു കൊണ്ട് Liva വീണ്ടും ചലിച്ചു തുടങ്ങി.....
.
പരുന്തുകളുടെ ഉടമസ്ഥൻ ജ്യോതിഷ് ചേട്ടന്റെ കൊച്ചു കടയിൽ നിന്നും ജീരക സോഡയും കുടിച്ചു കുറച്ചു പരുന്ത് ചരിത്രവും കേട്ടു നന്ദി പറഞ്ഞു കൊണ്ട് Liva വീണ്ടും ചലിച്ചു തുടങ്ങി.....
പുരാതനമായ അമ്പലങ്ങളും പള്ളികളും മസ്ജിദുകളും .....താറാവിന് കൂട്ടങ്ങൾ....ചകിരി പിരിക്കുന്ന ഇടങ്ങൾ ....ആലപ്പുഴയുടെ എളിമയുള്ള കാഴ്ചകൾ .....കൊച്ചിയുടെ ചടുലതയിൽ നിന്നും കാഴ്ചകൾ മാറിയപ്പോൾ ഹൃദയത്തിനും മനസ്സിനും വിവരിക്കാൻ സാധിക്കാത്തത്ര കുളിർമ ....
അങ്ങിനെ ഞങ്ങൾ കുമാരകത്തെത്തി ...ഒരു ഇളനീർ ഷെയ്ക്കും കുടിച്ചു വിശപ്പടക്കി ...പക്ഷി സങ്കേതം ...ബോട്ടിംഗ് ....ഒരു ചെറു ബോട്ടിൽ അങ്ങിനെ കുമരകം കായലിന്റെ ഓളങ്ങളിൽ ഞങ്ങളും .... കാഴ്ചയുടെ വസന്തം വീണ്ടും ....ക്യാമറയ്ക്കു പിന്നിൽ നില്ക്കാൻ ഇഷ്ടപ്പെടുന്ന ഞാനും എന്ത് കോപ്രായം കാണിക്കാനും മനസ്സുള്ള കൂട്ടുകാരിയും ....ഈ പെണ്ണുങ്ങൾ വള്ളോം വഞ്ചിയും കണ്ടിട്ടില്ലേ എന്ന് ചുറ്റുമുള്ളവരെ കൊണ്ട് പറയിപ്പിക്കും വിധം .... കൊച്ചു കുട്ടികളെ പോലെ ...പ്രായത്തെ നോക്കാതെ ...എത്രയോനാൽ മോഹിച്ച നിമിഷങ്ങൾ .....
ഉച്ച ഭക്ഷണം കപ്പയും മീനും ....കള്ളുണ്ടോ എന്ന് ചോദിച്ചു, വെറുതെ കൂട്ടത്തിൽ ചിരിച്ചും വീണ്ടും......കാക്കാത്തുരുത്തു തേടി.... .നെൽപ്പാടങ്ങളേയും തെങ്ങിൻതലപ്പുകളേയും . കായലോളങ്ങളെയും പിന്നോട്ടാക്കി .....അസ്തമയത്തിനു മുൻപ് തുരുത്തിലെത്താൻ ....വായിനോട്ടവും ...കുട്ടികാലത്തെ കുറുമ്പുകളും പങ്കുവെച്ചു രണ്ടു പെണ്ണുങ്ങൾ .....
5 മണി, ഒരു ചെറുതോണി ഞങ്ങൾക്കായി കടവിൽ കാത്തുകിടക്കുന്നുണ്ടായിരുന്നു ... എല്ലാവര്ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം, ഒറ്റക്കാണോ ഈ സന്ധ്യയ്യ്ക്കു ? ചേട്ടൻമാർ എവിടെ ? അകത്തേക്ക് പോകേണ്ട... എന്നിങ്ങനെ സ്നേഹത്തോടെയുള്ള അന്വേഷണങ്ങളും ഉപദേശങ്ങളും....ചെറുതോണിയിലിരുന്നപ്പോൾ പല സിനിമാഗാനങ്ങളും രംഗങ്ങളും ഓർമവന്നു ...സ്വയം നായികയായി സങ്കല്പിച്ചു അല്പസമയം ക്യാമറയ്ക്കു മുൻപിൽ .....
കാക്കാത്തുരുത്ത് ,ആധുനീകതയുടെ മാറിൽ ചവിട്ടി നിൽക്കുന്നു എന്നവകാശപ്പെടുന്ന നമ്മൾ കാണേണ്ട ഇടം......കുട്ടികാലത്തെപ്പോഴോ കണ്ടിട്ടുള്ള ഓലവേലികളും, കൊച്ചുവീടുകളും , ആർഭാടം തൊട്ടു തീണ്ടാത്ത ജീവിതങ്ങളും ....വഴികാണിക്കാൻ പാറുത്തള്ള കൂടെക്കൂടി ,ചോദിക്കാതെതന്നെ ......
അങ്ങിനെ UN ന്റെ പട്ടികയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നായ കാക്കാത്തുരുത്തിലെ അവിസ്മരണീയമായ അസ്തമനവും കണ്ട്......നഗരത്തിന്റെ തിരക്കിലേക്ക് ...ആകാശചുംബികളായ ഫ്ളാറ്റിലെ ചെറുകൂട്ടിലേയ്ക് പറന്നിറങ്ങിയ പറവകളായി .......
Lini Jose

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക