Slider

" ഒരു പറങ്കിമാങ്ങയുടെ കഥ "

0
" ഒരു പറങ്കിമാങ്ങയുടെ കഥ "
കോഴിക്കോട് ജില്ലയിലെ പയ്യോളി മുൻസിപാലിറ്റിയുടെ പരിധിയിൽ വരുന്ന അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ ...... നാട്ടുകാർ അതിനെ ഖാദർ ഹാജി സ്കൂൾ എന്ന് ഓമനപേരിട്ട് വിളിക്കും,
ഇതാണ് കഥാപശ്ചാത്തലം,
ഏതാണ്ട് പത്തിരുപതെട്ട് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഡിസംബർ മാസം, രാവിലത്തെ ലോംഗ് ബെല്ലടിച്ച് ശിപായി ഓഫീസിലേക്ക് പോയി, കലപില കൂട്ടികൊണ്ട് ഉച്ചക്കഞ്ഞിയുടെ പാത്രത്തിൽ താളം പിടിച്ച് ടിയാനും സംഘവും ക്ലാസിൽ കയറിയിരുന്നു ,
സരള ടീച്ചർ ക്ലാസിലെത്തി ഹാജറെടുത്ത് ക്ലാസ്സ് തുടങ്ങി,
മലയാളം പദ്യം വളരേ മനോഹരമായി സരള ടീച്ചർ ചൊല്ലുകയാണ്,
അക്കാലത്ത് ടിയാന്റെ അമ്മ കഴിഞ്ഞാൽ ടിയാന് ഏറ്റവും ഇഷ്ടം ടീച്ചറെയാണ്,
ടീച്ചർ പദ്യം ചൊല്ലുന്നതിന്റെ ഇടയിലാണ് ടിയാൻ ആ കാഴ്ച കാണുന്നത്,
മൂപ്പര്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഒന്ന് കൂടി നോക്കി കണ്ട കാര്യം സത്യമെന്നുറപ്പിച്ചു, സത്യം തെന്നെ,
ക്ലാസ്സിന്റെ അര മതിലിനപ്പുറം മാതാമ്മേന്റെ പറങ്കിമാവിൻ തോട്ടമാണ്, സ്കൂളിന്റെ ഗ്രൗണ്ടും മാതാമ്മേന്റെ സ്ഥലവും ഒരു കമ്പിവേലി കൊണ്ട് വേർതിരിച്ചിരിക്കുന്നു,
സ്കൂളിന്റെ ഗ്രൗണ്ടിനോട് ചേർന്ന് നിൽക്കുന്ന മാതാമ്മേന്റെ പറങ്കിമാവുമ്മലതാ ചുവന്ന് ചൊങ്കീരി യായ ഒരു പറങ്കിമാങ്ങ, ഇത്രകാലവും ടിയാൻ അങ്ങനെ ഒരു മാങ്ങ അവിടെ കണ്ടിട്ടില്ല, നല്ല ചുവന്ന് തുടുത്ത് നിൽക്കുന്നു, ഉച്ചകഞ്ഞി കുടിക്കാൻ വേണ്ടി ഇല പറിക്കുമ്പോൾ എപ്പഴും നോക്കുന്നതാ...... എന്നാലും ഇത് എവിടെ ഒളിച്ചിരിക്കുവായിരുന്നു,
സംഗതി അപ്പോ തന്നെ അടുത്തിരിക്കുന്ന ആത്മ സുഹൃത്ത് നിസാറിന്റെ ശ്രദ്ധയിൽ പെടുത്തി,
അവൻ കണ്ണും തള്ളി ഇരിപ്പാണ്, അവന്റെ നോട്ടം കണ്ടാലറിയാം ടിയാന്റെ വായിൽ നിന്നും ഓടി തുടങ്ങിയ കപ്പൽ അവന്റെ വായേൽ ആണ് ക്രാഷ് ലാന്റ് ചെയ്തതെന്ന്,
സരള ടീച്ചർ പവിഴക്കൂട്ടിൽ
ഉറങ്ങിയ പുഴുവിനെ പൂമ്പാറ്റയാക്കി മാറ്റിയിട്ടും അവരുടെ കണ്ണുകൾ പറങ്കിമാങ്ങയുടെ മുകളിലായിരുന്നു,
അങ്ങനെ ഒന്നാമത്തെ പിരീഡ് കഴിഞ്ഞു, രണ്ടാമത്തെ പിരീട് കണക്കാണ് ....നാണു മാഷ് ചെത്തിമിനുക്കിയ പേരക്ക വടിയും താങ്ങി ക്ലാസിലെത്തി, അതിൽ നിന്നും പതിവ് തെറ്റിക്കാതെ ടിയാനും നിസ്സാറും കഷായം രണ്ട് പൊതി വീതം വാങ്ങി വെച്ചു,
ബോർഡിന് മുകളിൽ കണക്ക് ചെയ്യിക്കുന്ന ഒരു വിദ്യയുണ്ട്, അതിൽ പെട്ടാൽ തീർന്ന് കത്തിക്കൽ, പിന്നെ കഷായത്തിൽ ഒന്നും നിക്കൂല, കിടത്തി ചികിത്സ തന്നെ വേണ്ടി വരും എന്ന ബോധമുള്ളത് കൊണ്ട് പറയുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും നാണു മാഷിന്റെ അണ്ണാക്കിലേക്ക് നോക്കി എല്ലാം മനസ്സിലായി എന്ന മട്ടിൽ അങ്ങനിരുന്നു,
icu വിന്റെ പുറത്ത് രോഗിക്ക് കാവലിരിക്കുന്ന കൂട്ടിരിപ്പ് കാരന്റെ അവസ്ഥയാണ് കണക്ക് പിരീട് ,
ഏത് സമയവും അത് സംഭവിക്കാം..
ഈ പിരീട് കഴിഞ്ഞാൽ ഇൻട്രവെൽ ആണ്,
ഏറെ ന്നേരത്തെ കാത്തിരിപ്പിന് ശേഷം ഇന്റർവെൽ ആയതും ടിയാനും നിസ്സാറും വേഗം മാവിന്റെ ചുവട്ടിലേക്കോടി,
അവിടെ കണ്ട കാഴ്ച ഉള്ളിലൊരു തീമഴ പെയ്ത പോലായി അവർക്ക് -
കഴിഞ്ഞ രണ്ടു പിരീടിന്റെ കാത്തിരിപ്പിനെ, പ്രതീക്ഷകളെ, അതാ രണ്ട് കാക്കകൾ ചേർന്ന് കമ്പിവേലിക്കപ്പുറം നിലത്തിട്ട് ചന്നം പിന്നം കൊത്തിവലിക്കുന്നു, ടിയാന് ദേഷ്യവും അതിലേറെ സങ്കടവും വന്നു, നിസ്സാർ നിർവ്വികാരനായി അത് നോക്കി നിൽക്കുകയായിരുന്നു, ടിയാൻ ഗ്രൗണ്ടിലെ പൂഴിമണലിൽ കാക്കയെ എറിയാനുള്ള കല്ല് തപ്പി നടക്കുന്നതിനിടയിൽ ഇന്റർവെൽ കഴിഞ്ഞുള്ള ബെല്ലിന്റെ ശബ്ദം കേട്ടു, സങ്കടത്തോടെ തിരികെ ക്ലാസിലേക്ക് നടക്കുന്നതിനിടയിൽ ടിയാന്റെ തോളിൽ തട്ടി നിസ്സാർ പറഞ്ഞു " സാരമില്ലെ ടാ ..... നമ്മള് രാവിലെ വരുമ്പ ചായ കുടിച്ചില്ലെ ഉച്ചക്ക് ഇപ്പ കഞ്ഞീം കിട്ടും, അതിറ്റിങ്ങക്ക് വിശന്നിട്ടായിരിക്കും, അതവര് തിന്നോട്ടെ "
നിസ്സാറിന്റെ ആ വാക്കുകൾ ടിയാന്റെ പിന്നീടുള്ള ജീവിതത്തിലെ പല സന്ദർഭങ്ങളിലും ആശ്വാസത്തിന്റെ ഒരു ഊന്നുവടിയായിരുന്നു,
* * * ഹരി മേലടി * * *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo