Slider

ഞാനും എൻ്റെ പ്രണയവും.....

0

ഞാനും എൻ്റെ പ്രണയവും.....
ഇന്ന് ഞാനും എൻ്റെ ഭർത്താവുമായി ഒരു മുട്ടൻ വഴക്കുനടന്നു.....
നീയെന്തിനാ ഇത്ര വാശിപിടിക്കുന്നത്? അല്ലെങ്കിലും, ഒരാവശ്യമില്ലാത്ത കാര്യമാണെങ്കിലും ഞാൻ ചെയ്യുന്നതിനെതിര്‌ പറയുക നിന്റെ സ്വഭാവമാണല്ലോ ? തുടങ്ങി സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാൻ വേണ്ടി എല്ലാ ഭർത്താക്കന്മാരും പ്രയോഗിക്കുന്ന വാക്ക്ശരങ്ങൾ പുള്ളിക്കാരൻ തൊടുത്തുവിട്ടുകൊണ്ടേയിരുന്നു . അങ്ങേരെപോലെ കാര്യം കേട്ടുകഴിയുമ്പോൾ നിങ്ങൾക്കും ഒരുപക്ഷേ തോന്നുമായിരിക്കും ഇത്രയേയുള്ളോ, ഇതാണോ വലിയ സംഭവം എന്നൊക്കെ.....
കാര്യം ഒരു മരം മുറിക്കലാണ്, ഒരു പ്രണയം മുറിച്ചുമാറ്റപെടുന്നതിന്റെ വേദന അതനുഭവിച്ചവർക്ക് അറിയൂ...... എന്തോ മരം അത് അനാവശ്യമായി എവിടെ മുറിച്ചുമാറ്റപ്പെട്ടാലും എനിക്കെന്തോ ഒരിത് ചെറുപ്പം മുതലുണ്ട്. കുഞ്ഞുനാളിൽ വീടിൻ്റെ കിഴക്കുവശത്തുണ്ടായിരുന്ന മാവ് അമ്മായി അവകാശം പറഞ്ഞുവന്നു വെട്ടികൊണ്ടുപോയപ്പോഴും, തെക്കേമുറ്റത്തുണ്ടായിരുന്ന മൂവാണ്ടൻ മാവ്, മാങ്ങാ വീണു ഓടുപൊട്ടുന്നു എന്ന കാരണത്താലും മുറിക്കപ്പെട്ടപ്പോഴും മുറിഞ്ഞത് എൻ്റെ ഹൃദയം തന്നെയാണെന്ന് ആരും അറിഞ്ഞില്ല. അന്ന് കരഞ്ഞ കണ്ണീരിനു കണക്കില്ല. ചില്ലകൾ വെട്ടിമാറ്റി, അളന്നു മുറിച്ച മാവിൻ തടികൾ കണ്ടപ്പോൾ കൈകാലുകൾ വെട്ടിമാറ്റിയ കബന്ധങ്ങൾ പോലെയാണെനിക്ക് തോന്നിയത്, അതെല്ലാം കയറ്റിക്കൊണ്ടുപോയ ആ ലോറിയാവട്ടെ ഒരു ശവവണ്ടിപോലെയും. ആ കാഴ്ചയുടെ വിങ്ങൽ എന്തോ ഇപ്പോഴും അവിടെയുണ്ട്. ഒരു മരം വെട്ടിയതിനു കരഞ്ഞ കുട്ടിയെന്നു പറഞ്ഞു എല്ലാവരും എന്നെ കളിയാക്കിയിരുന്നതും ഞാൻ ഓർക്കുന്നു.......
പക്ഷേ ഇപ്പോൾ എൻ്റെ ഈ പ്രിയപ്പെട്ട മരത്തെ മുറിച്ചു മാറ്റണം എന്നാണ് എൻ്റെ ഭർത്താവിന്റെ തീരുമാനം. ഈ വീട് വാങ്ങാൻ വേണ്ടി കാണാൻ വന്നപ്പോൾ തന്നെ എന്നെ ആകര്ഷിച്ചതാണ് മുന്പുവശത്തെ പടർന്നു പന്തലിച്ച ചെറിമരവും,പുറകുവശത്തെ പേരറിയാത്ത നിറയെ ചില്ലകളുള്ള ഈ മരവും. അതിന്റെ സമൃദ്ധമായ ചില്ലകൾ ഞങ്ങളുടെ ലിവിങ് റൂമിന്റെ ജാലകത്തോട് മുട്ടിനിന്നു.
അവധി ദിവസങ്ങളിൽ ജാലകത്തിലൂടെ ആ മരത്തെനോക്കിയിരിക്കുന്നത് എൻ്റെ ഒരു വിനോദമായിത്തീർന്നു. ശിശിരകാലത്തിൽ ഇലകൾ പൊഴിച്ചു നഗ്നമായ അതിന്റെ മാറിലൂടെ അണ്ണാറക്കണ്ണമാർ വികൃതികാട്ടി ഇക്കിളിയിടുന്നതും, പിന്നെ മഞ്ഞു കാലം അതിനെ വെള്ളപുതപ്പിക്കുന്നതും, വസന്തത്തിൽ ചില്ലകൾപോലും കാണാത്തവിധം ഇളംറോസ് നിറമുള്ള പൂക്കളാൽ ഉന്മത്തമാകുന്നതും, പിന്നെ പൂക്കൾ കൊഴിച്ചു പച്ചപ്പട്ടുടുത്ത മരത്തെ കാറ്റ് നൃത്തം പഠിപ്പിക്കുന്നതും, പറവകൾ അഭയം തേടുന്നതും അങ്ങിനെയങ്ങിനെ .... ...
മരം ഓരോകാലത്തും അതിന്റെ വശ്യതകാട്ടി എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. ഞാനോ തുറന്നിട്ട ജാലകത്തിലൂടെ അതിനെ പ്രണയിച്ചു കൊണ്ടേയിരുന്നു . അതിന്റെ ഒരില കൊഴിയുന്നതുപോലും എന്നെ വേദനിപ്പിക്കുമായിരുന്നു, അങ്ങിനെയുള്ള എനിക്ക് അതിന്റെ ചില്ലകൾ മുറിക്കുന്നത് ആലോചിക്കാൻ പോലുമായിരുന്നില്ല
ജനലിനോട് മുട്ടി നിൽക്കുന്ന ചില്ലയിലോടെ അണ്ണന്മാർ അകത്തുകേറും എന്നുള്ളതാണ് പുള്ളിക്കാരന്റെ വാദം, അണ്ണാറക്കണ്ണന്മാരെ കപ്പലണ്ടിയിട്ടുകൊടുത്തു പ്രലോഭിപ്പിച്ചു അകത്തുകയറ്റി എൻ്റെ ശിങ്കിടികളാക്കിയതാണെന്നറിഞ്ഞാൽ വെട്ടിമാറ്റുന്നതിന്റെ തലതന്നെയാവും ...
എൻ്റെ ഈ പ്രണയത്തെ ഞാൻ എങ്ങിനെ പറഞ്ഞു മനസിലാക്കും, അല്ലെങ്കിലും ഞാനിതൊക്കെ പറഞ്ഞാൽ എനിക്ക് വട്ടായെന്നേ പുള്ളിക്കാരൻ പറയൂ. ക്ഷമ നശിച്ച ഞാൻ പിന്നെയും വാദിച്ചു കൊണ്ടിരുന്നു. ആ മരം തന്റെ തലേലൊന്നുമല്ലല്ലോ? വേറെന്തൊക്കെയുണ്ട് , മരത്തെ വെറുതേവിടൂ ....
പക്ഷേ..... ഇന്ന് ജോലികഴിഞ്ഞു വന്നപ്പോൾ കണ്ട കാഴ്ച എൻ്റെ ഹൃദയത്തെ കീറി മുറിക്കുന്നതായിരുന്നു ,മരം അതിന്റെ ചില്ലകൾ അറുത്തു, തല വെട്ടിമാറ്റി......
അതെ പ്രണയം അത് മനുഷ്യനോടായാലും മരത്തിനോടായാലും വെട്ടിമാറ്റുമ്പോഴുള്ള വേദന, അതനുഭവിച്ചവർക്കേ അറിയൂ ........
Lini Jose
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo