Slider

തണലൊരുക്കിയ ചിരികൾ

0

ആകെ നട്ടം തിരിഞ്ഞു നിൽക്കുന്ന നേരത്താണ് അച്ഛനൊന്നും ഉണ്ടാക്കി വെച്ചില്ലല്ലോ എന്നു വരെ തോന്നിപ്പോയത്...
ഒന്നും സമ്പാദിച്ചു വെക്കാതെയാണ് തന്തയങ്ങു പോയത് ഇപ്പോൾ എല്ലാം എന്റെ തലയിലുമായി...
ഈ പിറു പിറുക്കൽ കേട്ടാണവൾ വന്നു പറഞ്ഞത്
'''അച്ഛനെ പറഞ്ഞിട്ടിനി കാര്യമെന്താ എന്ന്.... ആ നേരത്താണ് അവളുടെ കൈകളിൽ കിടക്കുന്ന വളയിലെന്റെ കണ്ണുകൾ മിന്നിയത്...
ഞാൻ അവളോട് പറഞ്ഞു '' 'ആ വളയിങ്ങു ഊരി തന്നേടി ഒന്നു പണയം വെച്ച് തത്കാലമൊന്നു പിടിച്ചു നിൽക്കട്ടെ '' എന്ന്
ഇത് കേട്ടതും അവൾ പറഞ്ഞു
''' അയ്യെടാ ആ പൂതി മനസ്സിൽ വെച്ചാ മതി എന്ന്...
''ആകെ മൊത്തം കുടുങ്ങിയുള്ള നിൽപ്പാണ് നീ ഇങ്ങനെ ഒന്നും പറയരുത് എന്ന് ഞാൻ പറയുമ്പോൾ...
ചാഞ്ചാടുന്ന മനസ്സുമായി അതെല്ലാം അവൾ ഊരി തരും അന്നേരം ഒരുപാട് ഉപാധികൾ അവൾ വെക്കും...
എന്നാലും അവസാനം പറയുമവൾ എനിക്കിത് കെട്ടി നടക്കാൻ ആഗ്രഹമൊന്നുമില്ല
നിങ്ങളുടെ തളർച്ചയിൽ ഇതു കൊണ്ടൊരു ആശ്വാസം കിട്ടുമ്പോഴാണ് എനിക്കൊരു വിലയുണ്ടെന്നു ഞാൻ അറിയുന്നത് എന്ന്..ഇത് കേൾക്കുമ്പോൾ വേണ്ട എന്ന് വരെ തോന്നിപ്പോകും....
'''എന്നു തീരും നിങ്ങളുടെ ഈ പ്രശ്നങ്ങൾ എന്നവൾ ചോദിക്കുമ്പോൾ ഞാൻ അവളോട് പറയാറുണ്ട് '' 'തീരും നമ്മുടെ സമയം തെളിയുമ്പോൾ എന്ന്... അതവൾ ഒരു ചിരിയോടെ തള്ളിക്കളയും
കാര്യം ഉള്ളത് കൊണ്ട് ഓണം പോലെ എന്നു പറയുന്നത് പോലെയാണ് കാര്യങ്ങൾ പോയിരുന്നത് വീടൊന്നു പുതുക്കി പണിയാൻ ഒരു ലോണെടുത്തു അന്നു മുതൽ എങ്ങനെ കൂട്ടിയാലും കൂടുന്നില്ല കയ്യിൽ വരുന്ന പൈസയൊന്നും...
ഇന്നാണ് ഓർമ്മയിൽ വന്നത് അച്ഛനിത് പോലെ പണത്തിന്റെ ബുദ്ധിമുട്ട് വരുമ്പോൾ രാത്രിയിൽ വരാന്തയിലിരുന്നു ആകാശത്തേക്ക് ഏറെ നേരം നോക്കി ഇരിക്കുന്നതും
അന്നേരം അമ്മ വാതിലിനരികിൽ നിന്ന് ഒരു നെടുവീര്‍പ്പോടെ അതു തന്നെ നോക്കി നിൽക്കുന്നതും ...
ഇന്നാണ് ഞാനും ഇങ്ങനെ ആകാശം നോക്കി ഇരുന്നത്
ഇന്നാണ് അതിന്റെ രഹസ്യം ഞാനറിഞ്ഞത് ഇത്തിരി ആശ്വാസം മനസ്സിലേക്കോടി വരും ആ നേരമെന്ന്...
വലതു കാൽ വെച്ച് വന്നവളുടെ സ്വപ്നങ്ങൾ കൂടി എന്നിലാണെന്നറിഞ്ഞ നിമിഷം എന്റെ ചിന്തകൾ മാറാൻ തുടങ്ങിയിരുന്നു എന്നിൽ ഞാനറിയാതെ ഭാരങ്ങൾ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു എല്ലാം സന്തോഷത്തോടെ തന്നെ ഞാൻ വരവേൽക്കാൻ തുടങ്ങി...
തളർന്നിട്ടുണ്ട് പല വട്ടം എന്റെ തളർച്ചയിൽ എനിക്ക് ധൈര്യം പകര്‍ന്നത് പാതിയിൽ കൂടെ വന്നവളായിരുന്നു
എന്നാൽ എന്റെ അവസ്ഥകൾ കണ്ട് എന്നേക്കാൾ നന്നായി കരുതൽ നടത്തിയിരുന്നത് അവളായിരുന്നു അതുകൊണ്ടാണ് അനാവശ്യ ചെലവുകൾ കണ്ടെത്തി അതെല്ലാമവൾ ഒഴിവാക്കിയത്..
മാത്രവുമല്ല എന്നെ ഉപദേശത്തിന്റെ കെട്ടുകളിട്ട് വരിഞ്ഞു മുറുക്കിയിരുന്നവൾ...
ശകാരങ്ങൾ ദേഷ്യത്തോടെ കണ്ടിരുന്ന ഞാനന്നുമുതൽ അവളുടെ ശകാരങ്ങളുടെ കാരണം തേടി പോകാറുണ്ട് അതെല്ലാം ഇനി മുതൽ ഒന്നു തിരുത്തി തുടങ്ങണം എന്ന തീരുമാനം ഞാൻ അറിയാതെ എന്നിൽ തുടങ്ങിയിരുന്നു..
അമ്മയുടെ നിറങ്ങൾ അവളിൽ ഞാൻ കണ്ടു തുടങ്ങിയ നിമിഷങ്ങളായിരുന്നത്..
മാറ്റങ്ങളെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയ നാളുകളിൽ എന്നോട് അവൾ പറഞ്ഞു '' ''നമ്മുടെ അച്ഛനമ്മമാരെ സമ്മതിക്കണം ഇതിനേക്കാളേറെ അവർ കഷ്ടപെട്ടു കാണില്ലേ... എന്ന്
ഞാൻ പറഞ്ഞവളോട് '' ''അന്നറിയാൻ വൈകിയതെല്ലാം ഇന്നാണ് ഞാൻ അറിയുന്നതും മനസ്സിലാക്കുന്നതും എന്ന്..
ദിവസങ്ങൾ തള്ളിയകലുന്തോറും ഞാൻ അറിഞ്ഞിരുന്നില്ല കുടുംബനാഥനിലേക്കുള്ള സഞ്ചാരമാണിതെല്ലാമെന്ന്
ഞാൻ അറിയുന്നില്ല എന്നേയുള്ളൂ കാരണം
എന്റെ ചിരികളിലാണ് അവൾ മനസ്സ് നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്.... എന്റെ മുഖം വിടരുമ്പോളാണ് അവൾ ഉള്ളു നിറഞ്ഞു പുഞ്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്...
അന്നുമുതലാണ് ഞാൻ ആ മാറ്റം അറിഞ്ഞത് ഞാൻ ഒരു കുടുംബത്തിന്റെ കരുത്തായി മാറിയിരിക്കുന്നു എന്ന്...
അച്ഛന്റെ ചിരിയുടെ രഹസ്യം ഇന്നാണെനിക്ക് പിടി കിട്ടിയത്....
ഞാൻ ചിരിച്ചാലേ വീട്ടിലുള്ളവർ ചിരിക്കൂ എന്ന നേരുള്ളൊരു രഹസ്യം....
തണലൊരുക്കി പോയ അച്ഛനെ ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നത്....
അതുവരെയുള്ള എന്റെ തോന്നലുകൾക്ക് ഞാൻ മനസ്സു കൊണ്ട് മാപ്പു പറഞ്ഞു തുടങ്ങി... ഏറെ ഇഷ്ടത്തോടെ അച്ഛനെ ഞാനോർത്തു...
ഒന്നും സമ്പാദിച്ചു വെച്ചിട്ടില്ലെങ്കിലും കണ്ടു പഠിക്കാൻ അച്ഛനിൽ ഒരു പാടു സമ്പാദ്യം ഉണ്ടെന്ന് '' തിരിച്ചറിഞ്ഞ നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
ഒരു വെളിച്ചം എന്നിലൂടെ കടന്നു പോകുമ്പോൾ ഒരു പുതിയ കരുത്തെന്നിൽ വന്നു ചേർന്നിരുന്നു...
ഓരോ വീട്ടിലും കാണും ഇതു പോലെ തണലൊരുക്കിയ ചിരികൾ...
അവർക്കായ്
സ്നേഹപൂര്‍വ്വം
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo