നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സദാചാരം

Image may contain: 1 person, beard, closeup and outdoor_

___
മാധുരി.. ആ പേര് ഇപ്പോള്‍ അവളെ ആരും വിളിക്കാറില്ല. മധു, അല്ലെങ്കില്‍ ഹണി . അതാണിപ്പോള്‍ അവളുടെ വിളിപ്പേര്. ആ രാത്രി ആ വഴി അവള്‍ തിരിച്ചു വീട്ടിലേക്കുള്ള ഓട്ടത്തിലാണ്. പ്രായം നേരത്തെ എത്തിയ ശരീരത്തില്‍ ഇന്നൊരുത്തനെ മേയാന്‍ വിട്ടതിന്‍റെ കൂലിയും കയ്യില്‍ പിടിച്ചു പാഞ്ഞു പോവുകയാണ് അവള്‍.
രാവന്തിയോളം അലഞ്ഞിട്ടും ഏതെങ്കിലും ലോറിക്കാരോ, കാമുകിയോ അവിഹിതമോ കനിയാത്ത പയ്യന്മാരോ ആരും തടഞ്ഞില്ല. വന്നത് ഒരു കുടിയന്‍. അവന്‍റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് 150 രൂപയാണ്. അതെങ്ങില്‍ അത് എന്നോര്‍ത്ത് സമ്മതം പറഞ്ഞത് ഗതികെടുകൊണ്ടാണ്.
അതേസമയം മറ്റൊരിടത്ത്
യു.പി രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കപ്പെടുന്ന ആ രാത്രി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ സമ്മതിച്ച യുവ നേതാവിനുള്ള കാഴ്ച ദ്രവ്യങ്ങളുമായി പോലിസ് വാഹനത്തില്‍ ഹീരാ ലാല്‍ യാദവ് ഇരുളിന്‍റെ മറവില്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.
ദ്രവ്യങ്ങളില്‍ ഒന്നായ പണപ്പെട്ടി നേതാവിന്‍റെ നിര്‍ദേശാനുസരണം ഒരു പാന്‍ വില്‍പ്പനക്കാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇരുപതു വയസു പ്രായം വരുന്ന ചുണ്ട് ചുവപ്പിച്ച മറ്റൊരു കാഴ്ച ദ്രവ്യം ജീപ്പിന്‍റെ മുന്‍സീറ്റില്‍ തന്നെ ഉണ്ട്.
ഇത്തരം രാത്രിയാത്രകള്‍ക്കും പുറത്തറിയാന്‍ പാടില്ലാത്ത ഇടപാടുകള്‍ക്കും യാദവ് വിശ്വസ്തനാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാര്‍ക്കും ഗുണ്ടകള്‍ക്കും പ്രിയപ്പെട്ടവന്‍. ഈ ജീവിത രീതി കാരണം കഴിഞ്ഞമാസം കുട്ടികളെയും കൊണ്ട് പിണങ്ങി പോയ ഭാര്യയെ തിരിച്ചു വിളിക്കാന്‍ അയാള്‍ ഇതുവരെ മിനക്കെട്ടിട്ടില്ല.
തിരക്കൊഴിഞ്ഞ തെരുവില്‍ നിന്ന് ആ ഇത്തരം ഹോട്ടലിലേക്ക് ജീപ്പ് കയറി. ആരും കാണാതെ, പറഞ്ഞു വെച്ച മുറിയിലേക്ക് യാദവ് ആ ചരക്ക് എത്തിച്ചു. ശേഷം അയാള്‍ മെല്ല റോഡിലേക്ക് ഇറങ്ങി. അയാള്‍ക്ക് സുപരിചിതമായ വഴിയാണ്. അവിടത്തെ ഒരുവിധം വഴികള്‍ക്കും ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും അയാളെ അറിയാം.
മാധുരി ആ സമയത്ത് വീട്ടിലേക്കുള്ള ഓട്ടത്തിലായിരുന്നു.
ആ പാച്ചില്‍ അവസാനിച്ചത് യാദവിന്‍റെ മുന്നിലാണ്. കുടവയറുള്ള ചുവന്ന കണ്ണും വലിയ മീശയുമുള്ള യാദവിന്‍റെ മുന്നില്‍. അവള്‍ക്കും അയാളെ അറിയാം. അവള്‍ക്കും പേടിയാണ്. അവള്‍ നിന്ന് വിറച്ചു.
"നീ ഈ പണി നിര്‍ത്തിയില്ല അല്ലെ.? നിന്നെ പിടിച്ച് അകത്തിട്ടാലേ പഠിക്കൂ.. വന്നു ജീപ്പില്‍ കയറെടീ."
അയാളുടെ ഈ ഗര്‍ജനത്തില്‍ വെയിലേറ്റു കരിഞ്ഞിരുന്ന അവളുടെ മുഖം വിളറി വെളുത്തു. അവള്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല.
കുറച്ചു കഴിഞ്ഞു വിക്കി വിക്കി അവള്‍ പറഞ്ഞു. " സാബ്... എന്നെ പോകാന്‍ അനുവദികണം . വീട്ടില്‍ മോന്‍ ഉണ്ട്. അവന് അസുഖമാണ്. അവനുള്ള മരുന്ന് വാങ്ങി വീട്ടില്‍ എത്തണം. "
അവള്‍ പറഞ്ഞത് സത്യമാണ്. ഒരു വയറു നിറയ്ക്കാന്‍ ഉള്ള ഓട്ടത്തിനിടയില്‍ എപോഴോ വയറു വീര്‍ത്തു ചുങ്ങിയപ്പോള്‍ പുറത്തു വന്ന ജീവന്‍. അവള്‍ക്കു വേണ്ടെങ്കിലും അവളുടേതായ അവളുടേതായ ഒരേയൊരു ബന്ധു. അവനു തീരെ വയ്യ. അവനു മരുന്ന് വാങ്ങാനുo കുറച്ചു ബ്രെഡ്‌ വാങ്ങാനുമാണ് അവള്‍ ഇന്ന് പണിക്ക് ഇറങ്ങിയത്.
പിന്നെ അവള്‍ക്കും വല്ലതും കഴിക്കണം. നല്ല കടകളില്‍ കയറി ഒന്നും കഴിക്കാന്‍ അവള്‍ക്കു പറ്റില്ല. ആരെങ്ങിലും ആട്ടിയോടിക്കും. തെരുവിലെ ഉന്ത് വണ്ടി കടകളില്‍ ആരെങ്കിലും മനസലിവ് കാണിച്ചാല്‍ തിന്നാന്‍ എന്തെങ്ങിലും പൊതിഞ്ഞു കിട്ടും. അത് അവിടെ തിരക്കാണെങ്കില്‍ കിട്ടില്ല.. എന്നെങ്കിലും മറ്റു മനുഷ്യരെ പോലെ ഒരു പൊതു സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കണം എന്ന് അവള്‍ ആഗ്രഹിക്കാറുണ്ട്.
അവളുടെ മറുപടി യാദവിന് ബോധിച്ചില്ല. മരുന്ന് വാങ്ങാന്‍ എന്ന് പറഞ്ഞ സ്ഥിതിക്ക് കയ്യില്‍ കാശ് ഉണ്ടാവും. അയാള്‍ രൂക്ഷമായി നോക്കിക്കൊണ്ട്‌ ചോദിച്ചു "കയ്യില്‍ കാശ് എത്ര ഉണ്ടെണ്ടി ?"
അവള്‍ വിറച്ചു വിറച്ചു കാര്യം പറഞ്ഞു. അന്നത്തെ അവസ്ഥയും പറഞ്ഞു. അത് അയാളില്‍ ദേഷ്യം കൂട്ടിയെ ഉള്ളൂ. ഒരു ഇരയെ കിട്ടിയിട്ട് വെറുതെ വിടുന്നത് അയാളുടെ ശീലമല്ല. യുവ നേതാവിന് കൊതി തീരുന്നതുവരെ സമയവും ഉണ്ട്.
"നൂറ്റമ്പത് രൂപയോ.? അതുകൊണ്ട് എന്താവാന്‍ ?"
അയാള്‍ അവളെ ഒന്ന് അടിമുടി നോക്കി. വികാരം കൊള്ളാന്‍ മാത്രം ഒന്നും ഇല്ല.
"നീ വാ"... അയാള്‍ വിളിച്ചു. അവള്‍ക്കു അറിയാം വേറെ വഴിയില്ല എന്ന്. അവള്‍ അയാളെ അനുഗമിച്ചു.
വഴിയോരത്ത് ഇരുട്ടിന്‍റെ മറവില്‍ ഒരു ഒഴിഞ്ഞ കൈവണ്ടിയില്‍ അവളെ കമിഴ്ത്തിക്കിടത്തി
പോലിസ് വേഷത്തിനുള്ളില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന വികാരങ്ങളെ അയാള്‍ സ്വതന്ത്രമാക്കി. അവളുടെ മനസില്‍ മരുന്നുകടയും തെരുവ് കടക്കാരും കടയടച്ചു പോയിട്ടുണ്ടാവല്ലേ എന്ന ചിന്തയായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ സദാചാരത്തെ ഉധരിച്ചതും അതിന്‍റെ അംശങ്ങള്‍ അവളില്‍ നിക്ഷപിച്ചതും അവള്‍ അറിഞ്ഞില്ല.
കിതച്ചുകൊണ്ട് തന്‍റെ കുടവയര്‍ അധികാര മുദ്രയുള്ള ബെല്‍റ്റിന്‍റെ അതിര്‍വരമ്പുകളില്‍ അയാള്‍ ഒരുവിധം പിടിച്ചുകെട്ടി. വസ്ത്രം നേരെയാക്കി മധു റോഡിലേക്ക് ഇറങ്ങി. യാദവ്‌ അവളുടെ പിന്നാലെ ചെന്ന് അവളെ പിടിച്ചു.
"ആ കാശു താ.. "
"സാബ്, എന്‍റെ മകന് മരുന്ന് വാങ്ങാന്‍..." അവള്‍ കരഞ്ഞു പോയി.. യാദവിന് ഭാവമാറ്റമില്ല.
"ഈ പണിയെടുത്ത് ജീവിച്ചാല്‍ ഉള്ള ശിക്ഷ അറിയാമല്ലോ.. നിന്നെ പിടിച്ച് അകത്തിടണോ ?"
അവള്‍ കൈകൂപ്പി അപേക്ഷിച്ചു .. അയാള്‍ അത് ശ്രദ്ധിച്ചില്ല. അവളുടെ ബ്ലൗസില്‍ കയ്യിട്ടു അയാള്‍ ആ പണം പിടിച്ചെടുത്തു.
"കൊടിച്ചി പട്ടി പെറ്റ് കൂട്ടുന്ന പോലെ പെറ്റ് കൂട്ടിയിട്ടു ഇപ്പോള്‍ ദീനമാണെന്ന് പറഞ്ഞു മോങ്ങുന്നു. ചികിത്സിക്കാന്‍ ഒന്നും പോണ്ട. അത് ചത്തുപോയാല്‍ നിന്‍റെ യോഗമാണെന്ന് കൂട്ടിക്കോ." അയാള്‍ ഒരു ഉപദേശിയുടെ മട്ടില്‍ പറഞ്ഞു.
അവള്‍ കരഞ്ഞു കാലു പിടിച്ചു. അപ്പോള്‍ അയാളുടെ മൊബൈല്‍ അടിച്ചു. നേതാവാണ്‌. മടക്കയാത്രക്ക്‌ സമയമായി. അയാള്‍ മധുവിനെ തട്ടിമാറ്റി ഹോട്ടലിന് അകത്തേക്ക് നടന്നു. ഹോട്ടല്‍ സെക്യുരിടി അയാള്‍ക്ക്‌ സല്യൂട്ട് അടിച്ചു. എന്നിട്ട് മധുവിനെ എറിയാന്‍ ഒരു കല്ല്‌ പറക്കി എടുത്തു.
സദാചാരം മുറിപ്പെടാതിരിക്കാന്‍ അവള്‍ പെട്ടന്ന് അവിടെ നിന്നും എണീറ്റ്‌ നടന്നു.
അവള്‍ക്കു മുന്നിലും ചുറ്റിലും ഇരുട്ടായിരുന്നു.
© ഞാന്‍ അരുണ്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot