Slider

ടൊയിലറ്റ് ഏക് പ്രേം കഹാനീ

0

ടൊയിലറ്റ് ഏക് പ്രേം കഹാനീ
എഴുത്തിന്റെ ലോകത്തിൽ എനിക്ക് പ്രചോദനമായ, എന്നെ ഇതിലേക്ക് നയിച്ച, വേണ്ട പ്രോത്സാഹനവും, മാർഗ്ഗ നിർദ്ദേശങ്ങളും നല്കുന്ന, എന്റെ ആത്മ ഗുരു, "ഗണു "എന്ന് ഞാനും, നിങ്ങളും വിളിക്കുന്ന "ഗണേഷ് ജി ബിക്ക് " ഈ ഏകലവ്യൻ ഇത്തവണത്തെ കഥ സമർപ്പിക്കുന്നു.
ടൊയിലറ്റ് ഏക് പ്രേം കഹാനിക്ക് ഒരു ആമുഖം കൂടിപറഞ്ഞ് കൊണ്ട് ,കഥ ആരംഭിക്കാം, കഴിഞ്ഞ എന്റെ രണ്ട് കഥകളും, എന്റെ കുട്ടിക്കാല സംഭവങ്ങളെ ആസ്പദമാക്കിയായതിനാൽ, എന്റെ "മാതുല" എന്നോട് അവൾ കൂടി ജീവിക്കുന്ന ഈ കാലഘട്ടത്തിലെ ഒരു കഥ എഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഈ കഥയുടെ പിറവി. ഈ കഥക്ക് എന്ത് കൊണ്ട് ഈ പേര് വന്നൂ എന്ന് വായനക്കൊടുവിൽ നിങ്ങൾക്ക് മനസ്സിലാകുമെന്നതിനാൽ കൂടുതൽ പറഞ്ഞ് ഞാൻ സസ്പെൻസ് പൊളിക്കുന്നില്ല.
ഔദ്യോഗിക ജീവിതത്തിന്റെ ആരംഭത്തിൽ, എന്റെ ജോലി സ്ഥലം ,വീട്ടിൽ നിന്നും കുറെ ദൂരെ ആയതിനാൽ ശരാശരി ഒരു മലയാളി "ബാച്ച്ല റേ "പോലെ സമാന സ്ഥിതിക്കാരായ അഞ്ചാറ് സഹ "പുംഗവൻമാരെയും " കൂട്ടി ഒരു വീട് വാടകക്കെടുത്ത് താമസിക്കാൻ ഈയുള്ളവനും തീരുമാനിച്ചു.
അങ്ങനെ മെക്കാനിക്കൽ എഞ്ചിനിയറെങ്കിലും ,സ്വന്തമായ് ഒരു വാച്ചിന് കീ കൊടുക്കാൻ പോലുമറിയാത്ത രഞ്ചിഷും, നാടൊട്ടുക്കും കറങ്ങി ഡോക്ടർമാർക്ക് ഇംഗ്ലീഷ് ഗുളികകളും, ദൈവത്തിന്റെ മാലാഖ മാർക്ക് " പഞ്ചാര ഗുളികകളും " നൽകുന്ന, മെഡിക്കൽ റപ്പായ പ്രസാദ് നമ്പൂതിരിയും, (ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ ഈ കക്ഷിക്ക് പേരിന്റെ കൂടെ നമ്പൂതിരി എന്ന് കൂട്ടി ചേർത്തത് ആ കുലത്തിന് പേര് ദോഷം വരുത്താൻ വേണ്ടി മാത്രമായിരിക്കും ) പ്രായത്തിൽ ഞങ്ങളേക്കാൾ അല്പം മുതിർന്ന "ലാസ റെളേപ്പാന്ന് " ഞങ്ങൾ വിളിക്കുന്ന, സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ നാസർ ഭായിയും,ബാങ്ക് ഉദ്യോഗത്തിന് കോച്ചാൻ വന്ന അഞ്ചല് കാരൻ രഞ്ചുവും,പിന്നെ ഞാനും ചേർന്ന് ഒരു വീടിന് വേണ്ടി അന്വേഷണം ആരംഭിച്ചു.
നിലവിൽ വിവിധ ഏർപ്പാടുകളിൽ താമസിക്കുന്ന, ഞാനൊഴികെയുള്ള മറ്റ് കക്ഷികൾക്ക്, ഇപ്പോഴുള്ള ലക്ഷ്വറി സിറ്റു വേഷൻസിലുള്ള ,തൃപ്തിക്കുറവായിരുന്നു ഇത്തരത്തിലുള്ള കൂടിച്ചേരലിനും വീടന്വേഷണത്തിനും ഇടവരുത്തിയത്.
അങ്ങനെ ഞങ്ങൾ അന്നാട്ടിലെ ആസ്ഥാന ബ്രോക്കറായ ഭരതണ്ണനെ ഒരു വാടക വീടിനായി സമീപിച്ചു.
വീടിനെ കുറിച്ചുള്ള സൗന്ദര്യ സങ്കൽപങ്ങൾ'അവിവാഹിതനായ ഏതൊരു യുവകോമളന്റെയും ഭാര്യാ സങ്കൽപ്പങ്ങൾ പോലെ വർണ്ണ മനോഹരവും ,മോഹനവുമായിരുന്നു.
ദാസന്റെയും, വിജയന്റെയും സങ്കൽപ്പം പോലെ മുറ്റത്ത് പുന്തോട്ടം ,കായലിനഭിമുഖം, ഇരുനില വീട് ,ടി.വി, ഫ്രിഡ്ജ്, എസി, വി.സി ആർ ( ചെറിയൊരു മാറ്റം ഡയലോഗിൽ വരുത്തി ഡി.വി.ഡി എന്നാക്കി )ഒക്കെ വേണമെന്ന് ഞങ്ങൾ " അണ്ണനോട് "പറഞ്ഞെങ്കിലും ,ഞങ്ങളുടെ " ബഡ്ജറ്റ് കേട്ടപ്പോൾ ". അണ്ണന്റെ വായിൽ നിന്നും വീണ പദങ്ങൾ മലയാള ശബ്ദതാരാവലിയിൽ ഇല്ലാത്തതിനാൽ സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരം ഞാൻ കത്രിക വെച്ച് മുറിച്ച് നീക്കിയിരിക്കുന്നു .
പക്ഷെ "അവിവാഹിതരെന്ന " ഒറ്റ കുറവ് കൊണ്ട്, ചൊവ്വാ ദോഷം മൂലം വിവാഹ കമ്പോളത്തിൽ, ആലോചനകൾ ഒന്നൊന്നായി മുടങ്ങുന്ന പെൺ കുട്ടിയുടേതിന് സമമായി ഞങ്ങളുടെ സ്ഥിതി .
അവസാനം ഭരതണ്ണൻ ഞങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന ആഡംബരത്തിന്റെ അവസാന വാക്കായ "ലക് ഷൂറിയസ് വില്ല" ഞങ്ങൾക്ക് വേണ്ടി കണ്ടെത്തി .
മുറ്റത്തെ പൂന്തോട്ടത്തിന് പകരം കൂട്ടി ഇട്ടിരിക്കുന്ന എരുമച്ചാണകം , മുൻ വാതിലിന് മുൻപിൽ തലങ്ങനെയും വിലങ്ങനെയും കെട്ടിയിരിക്കുന്ന കയറിന്റെ അഴകൾ, പൊട്ടിയ ഓടിനിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം തീർത്ത നൂതന രീതിയിലുള്ള ദീപാലങ്കാരങ്ങൾ.ചില്ലുടഞ്ഞ ജാലക വാതിൽകൂടി ഒഴുകി എത്തുന്ന എയർ കണ്ടീഷൻ കുളിര്, സ്വയം പ്രവർത്തിപ്പിക്കേണ്ട "കൈതാൻ ഫാൻ", കൊതുകുകൾ സംഘം ചേർന്ന് അവതരിപ്പിക്കുന്ന ഡോൾബി ഡിജിറ്റൽ ഗാനമേള ഇവയൊക്കെ ചേർന്ന് ആഡംബര പൂർണ്ണമായ ഒരു ഭവനം " എരുമാലയം"
നാട്ടിലെ പോത്ത് വ്യാപാരിയായ " ബെല്ലാരി മൂസാഹൈദ്രാസിന്റെ " "ബിസിനസ്സ് ട്രാൻസാക്ഷന് " വേണ്ടിയുള്ള എരുമയെ കെട്ടുന്ന സ്ഥലമായിരുന്നു അത്. അങ്ങനെയാണ് ആ വീട്ടു പേര് എരുമകളുടെ ഭവനം എന്നർത്ഥം വരുന്ന "എരുമാലയം" എന്നായി മാറിയത് ,എരുമകളെ അവിടുനിന്നും മാറ്റി " അഞ്ച് പോത്തു കളെ താമസിപ്പിച്ചാൽ ,ചാണകം വഴി ലഭിക്കുന്നവരുമാനം മുടങ്ങുമെങ്കിലും ,വാടക വഴി കിട്ടുന്നത് മെച്ചപ്പെടും എന്ന ഭരതണ്ണന്റെ ഐഡിയയുടെ ഫലമായാണ് ഞങ്ങൾക്ക് ഈ വീട് എങ്കിലും ലഭിച്ചത്. ഇത്ര കാലം എരുമയെ സഹിച്ച അയൽക്കാർ, മറ്റ് മുറു മുറുപ്പ് കൾ കൂടാതെ കല്യാണം കഴിയാത്ത അഞ്ച് " പോത്ത് കന്യകൻ " മാരെ സഹിക്കാനും തയ്യാറായി.
ഐഡിയാ "ക്ക് "പ്രതിഭലമായി ഭരതണ്ണന് ഒരു മാസത്തേ വാടകയും നല്കി ,ആ ഭവനത്തിലേക്ക് കാലെടുത്ത് കുത്തുമ്പോൾ "വിധിച്ചതെ ലഭിക്കൂ, "എന്ന ജീവിത തത്വം, ഞങ്ങൾ അഞ്ച് പോത്തുകളുടേയും, കാതിൽ ഓതിയ വേദമായി മാറി.ഞങ്ങളുടെ സങ്കൽപ്പങ്ങളിലെ ഭാവി വധു പിന്നെയും അഭിഷേക് ബച്ചനെ ഡിവോർസ് ചെയ്ത് തങ്ങളുടെ അടുക്കലേക്ക് വരുന്ന ഐശ്വര്യാ റായി ഒക്കെ തന്നെ ആയിരുന്നു.
അങ്ങനെ മൂത്ത കാരണവരായ ലാസ റെളേപ്പന്റെ നേതൃത്വത്തിൽ "കട്ടൻ ചായ കാച്ചി " ഹൗസ് വാമിംഗ് നടത്തി ഞങ്ങൾ താമസമാരംഭിച്ചു. അത്യാവശ്യം ഹൗസ് കീപ്പിംഗും ,കുക്കിംഗും, ഞാനും എളേപ്പനും നടത്തിയപ്പോൾ. കൂട്ടത്തിൽ ജൂനിയറായ "ബാങ്ക് കോച്ചൻ "ഞങ്ങൾക്ക് നിത്യ തലവേദനയായി.
രാവിലെ അവൻ പുറത്ത് പോയ വഴി അറിയണമെങ്കിൽ ,അവന്റെ അടയാഭരണങ്ങൾ ചിതറിക്കിടക്കുന്നത് നോക്കിയാൽ മതിയായിരുന്നു. ആഴ്ചയിൽ ഒരു തവണ നടത്തുന്ന അടിച്ച് നനക്ക് ശേഷം അവന്റെ വിവിധ "വർണ്ണ ജെട്ടികൾ "മുൻ വാതിലിന് മുൻപിലെ അഴയിൽ വിരിക്കുന്നത് പാലാ "ജൂബിലി പെരുന്നാളിന് "വഴി നീളെ തൂക്കുന്ന തോരണം പോലെ എനിക്ക് തോന്നി .എങ്കിലും മികച്ച വായനക്കാരനായ അദ്ദേഹത്തിന്റെ ശുഷ്കാന്തിയാൽ ഞങ്ങളുടെ ബാത്റൂം കുറഞ്ഞ കാലം കൊണ്ട് ഒരു തകർപ്പൻ ഗ്രന്ഥാലയമായി മാറി. "മാ "യിൽ തുടങ്ങുന്ന അനേകം പ്രസിദ്ധീകരണങ്ങളും മുത്തു ചിപ്പി ,ക്രൈം തുടങ്ങിയ മാസികകളും വെന്റിലേറ്ററിന്റെ അഴികളിലും ഫ്ലഷ് ടാങ്കിന്റെ മുകളിലും നിരന്നു .കുറ്റം പറയരുതല്ലോ മറ്റ് പുസ്തക പ്രേമികൾക്കും ഇവ മികച്ച വായനാനുഭവം ഒരുക്കി.
രാവിലെ ബാഗും തൂക്കി ഇറങ്ങുന്ന രഞ്ചീഷ്, 'ബോസി"ന്റെ തെറി കേട്ട് മടുത്ത് വൈകുന്നേരം കുഞ്ചി ഒടിഞ്ഞ് വന്ന് ആർക്കും ശല്യമില്ലാതെ നിത്യം കിടന്നുറങ്ങി.പ്രസാദ് തിരുമനസ്സ് പതിവ് തെണ്ടലും കഴിഞ്ഞ് വന്ന് ആഷ്ട്രേയിൽ ഹോമകുണ്ഠമൊരുക്കി വിൽസും, ഗോൾഡും ഹവിസായി അർപ്പിച്ചു.
കൂട്ടത്തിൽ ഗായകനായ തിരുമേനിയുടെ ഗംഗേ ...............എന്ന പാട്ടു കേട്ട് അയൽ വീട്ടിലെ "ഖദീ ജുമ്മാ "ഇതിലും ഭേദം അവറ്റകളായിരുന്നു ,കാറലിന് ഇത്രേം നീളം വരൂല്ലാര്ന്ന് ." എന്ന് എരുമകളെ ഉദ്ദേശിച്ച് മതിലിനപ്പുറത്ത് നിന്ന് ഉറക്കെ പറഞ്ഞു.
അങ്ങനെ കൊതുകിന് രക്ത ദാനം ചെയ്തും, ഹൈദ്രോസിക്കാക്ക് വാടക കൊടുത്തും, ഞങ്ങളേം കൊണ്ട് കാലം അഞ്ചാറ് മാസം പാരഗൺ ഓഫീസ് ഹവായ് ചപ്പൽ ഇട്ട് നടന്നു പോയി.
മാസാദ്യം ശമ്പള ദിവസങ്ങളിൽ ചെറുതായി ഉണ്ടാകുന്ന " സുര പാന ഗാനമല്ലാതെ " മറ്റ് വലിയ ശല്യങ്ങളൊന്നും നാട്ടാർക്ക് ഉണ്ടാക്കാതെ എരുമാലയം ചുരുങ്ങിയ കാലം കൊണ്ട് ഒരു പോത്താലയമായി മാറി.
അങ്ങനെ ഒരു ദിവസം പതിവ് സുര പാനത്തിനിടെ നമ്പൂതിരി വക ഒരു അരുളപ്പാടുണ്ടായി.........നമുക്കൊരു തീർത്ഥാടനം നടത്തണം ഗോവ, കോവളം ,കന്യാകുമാരി മുതലായ " ദേവീ സാന്നിധ്യം " കൂടുതലുള്ള ബീച്ചുകളിൽ ദർശനം നടത്തണം.....ഗോവക്ക് പോകാൻ സാമ്പത്തികം അനുവദിക്കാത്തതിനാലും, കോവളത്ത് ഞങ്ങളിൽ പലരും മുൻപ് ദർശനം നടത്തിയിട്ടുള്ളതിനാലും, കന്യാകുമാരിക്ക് തീർത്ഥാടനം നടത്താൻ കൂടിയാലോചനകൾക്ക് ശേഷം ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെ ഞങ്ങൾ അഞ്ച് പേർ അടുത്ത പൊതു അവധി ദിവസം.തേനീച്ചാ ,പൊൻമാൻ എന്നീ ദ്രാവകങ്ങൾ ബാഗിൽ നിറച്ച് ആഘോഷം ( സെലിബ്രേഷൻ റം) നടത്താൻ തീരുമാനിച്ചു.ദർശന സമയത്ത് ധരിക്കാനുള്ള കളസ കൗ പീനങ്ങളാൽ അമൃത കുംഭങ്ങളെ ആവരണം ചെയ്ത് ,(പോലീസ് ചെക്കിംഗ് ഒഴിവാക്കാൻ ) ഏഴിന്റെ വെള്ളോം (7up) വറുത്ത കപ്പലണ്ടിയും, തൊടാൻ അച്ചാറും സൈഡിൽ വച്ച് തിരുമേനിയുടെ "വാഗൺ ആർ "കാറിൽ യാത്ര ആരംഭിച്ചു.
തുടക്കത്തിൽ തന്നെ മദ്യം കൈ കൊണ്ട് തൊടില്ല എന്ന് ശപഥം ചെയ്ത് ഞാൻ വാഹനത്തിന്റെ സാരഥ്യം ഏറ്റെടുത്തു.
ഡബിൾ ബെൽ മുഴങ്ങിയപ്പോൾ തുടങ്ങിയ "ആഘോഷം " (C .B)പകുതി വഴിയായപ്പോഴേക്കും തീർന്നു.പിന്നീട് തരം പോലെ തേനിച്ചയും, പൊൻമാനും ,വറുത്ത കപ്പലണ്ടിയും, അച്ചാറും കാലിയായി ക്കൊണ്ടെ ഇരുന്നു, അങ്ങനെ കന്യാകുമാരിയിൽ എത്തും പോഴേക്കും ,പൊന്മാന്റെ പപ്പും, പൂടയും മാത്രം ബാഗിൽ അവശേഷിച്ചു .
യാത്രയിൽ ഉടനീളം ,തേനീച്ചയും' പൊന്മാനും ഉർവ്വശിയും, രംഭയുമായി "കണ്ണ് തുറക്കണം സ്വാമി കൈയ്യേ പിടിക്കണം സ്വാമി "എന്ന തമിഴ് ഗാനം പാടിനൃത്തം വച്ചെങ്കിലും "എന്റെ മനസ്സിലെ ദുർവ്വാസാവിന്റെ തപസ് ഇളകിയില്ല".
അങ്ങനെ ഏകദേശം മൂന്ന് മണിയോടെ കന്യാകുമാരിയിൽ എത്തിയ ഞങ്ങൾ ഉച്ചഭക്ഷണം പോലും കഴിക്കാതെ കുളിച്ച് തൊഴാനിറങ്ങി, എനിക്ക് സാമാന്യം നന്നായി വിശക്കുന്നുണ്ടായിരുന്നെങ്കിലും ,ദർശനം കൊണ്ട് സിദ്ധിച്ച ഭക്തിലഹരിയിൽ സ്വയം അലിഞ്ഞില്ലാതായതിനാൽ വിശപ്പ് അനുഭവപ്പെട്ടില്ല.
അപ്പോഴാണ് "ഇടിത്തീ "പോലെ ആ വാർത്ത വന്നത് ,തമിഴ്നാട് കേരളാ അതിർത്തിയിൽ സംഘർഷം പൊട്ടി പുറപ്പെട്ട തിനാൽ അവിടെല്ലാം ഹർത്താൽ പ്രഖ്യാപിക്കപെട്ടു.
അങ്ങനെ ആറാട്ട് കഴിഞ്ഞ് ദേവിമാർ മടങ്ങി ഭക്തരും വീട്ടിലേക്ക് പോയി തുടങ്ങി.
പിന്നെയും കുറെ നേരം കൂടി നടന്ന,
നീരാട്ടും, അർമാദവും കഴിഞ്ഞ് വിശന്ന് തളർന്ന ,ഞങ്ങളുടെ പിന്നീടുള്ള യാത്ര എന്തെങ്കിലും കഴിക്കാൻ കിട്ടുന്ന ഇടം തേടി ആയിരുന്നു. ഹർത്താൽ മൂലം ഹോട്ട ലെല്ലാം അടച്ചിരുന്നു' സംഘർഷത്തിൽ ഭയന്ന് ടൗണിലെല്ലാം ഒരീച്ച പോലുമില്ല.
ഹതാശരായി ഞങ്ങൾ അങ്ങനെ നടക്കുമ്പോൾ കുറച്ചകലെയായി പെട്രോൾ മാക്ലിന്റെ വെളിച്ചത്തിൽ ഒരു തട്ടുകട ദൃശ്യമായി, യുറേക്കാ എന്നലറി വിളിച്ച് കൊണ്ട് നഗ്നരല്ലെങ്കിലും ഞങ്ങൾ ഓടി, പാത്രങ്ങളെല്ലാം എടുത്ത് വച്ച് എത്രയും വേഗം കടയടച്ച് മുങ്ങാനുള്ള തത്ര പാടിലായിരുന്നു കടക്കാരൻ.
കഴിക്കാനെന്തുണ്ട് എന്ന ആവേശഭരിതമായ ഞങ്ങളുടെ ചോദ്യത്തിന് .കടക്കാരൻ ചീനി (മരച്ചിനി ) മാത്രമെ ഉള്ളൂ. കറി "കുഴി മുയൽ ഫ്രൈ " ഉണ്ടോ എന്ന് നോക്കട്ടെ എന്നും പറഞ്ഞു.
അങ്ങനെ കിട്ടിയ മരച്ചീനിയും, കുഴി മുയലിറച്ചിയും ആവേശത്തോടെ ഞങ്ങൾ വെട്ടി വിഴുങ്ങി.പ്രസാദ് നമ്പൂതിരി രണ്ട് പ്ലേറ്റ് തിടുക്കത്തിൽ കാലിയാക്കി പേര് ദോഷം കാത്ത് രക്ഷിച്ചു. മോശം പറയരുതല്ലോ സൂപ്പർ ടേസ്റ്റായിരുന്നു.
ന്യൂസിലാൻഡ് വൈറ്റ് ,സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ് ,അങ്ങനെ വിവിധ മുയലുകൾ എനിക്കറിയാമെങ്കിലും, കുഴിമുയൽ ആദ്യം കേൾക്കുന്നതായിരുന്നു.എന്നാൽ നാരങ്ങാവെള്ളത്തിന് ബോഞ്ചി വെള്ളം എന്ന് തിരുവനന്തപുരത്ത് പറയുമ്പോലെ, ഇത് മേൽ പറഞ്ഞ പോലുള്ള ഏതെങ്കിലും ഇനം മുയലിന്റെ ഇറച്ചിയാവും എന്ന് കരുതി ഞാൻ വീട്ടിൽ കൊണ്ട് പോയി പാകം ചെയ്യാൻ ,അയാളോട് ജീവനുള്ള ഒരെണ്ണം ഉണ്ടെങ്കിൽ തരാൻ പറഞ്ഞു.
കുറെ വില പേശലിനൊടുവിൽ ഇരുനൂറ്റമ്പത് രൂപക്ക് ബിസിനസ് ഡീൽ ഉറപ്പിച്ച അയാൾ ഓടയിൽ നിന്നും ഒരു എലിപ്പെട്ടി പുറത്തെടുത്തു. കുറിയ വാലും തടിച്ച ദേഹവുമുള്ള ഉഗ്രനൊരു പെരുച്ചാഴി.ഓടയിലെ വെള്ളത്തിൽ കുതിർന്ന നിലയിൽ എന്നെ നോക്കി ചിരിച്ചു കാട്ടി. കുഴി മുയലിന്റെ പേരിൽ തട്ടിയ ' ഇറച്ചി അതേപോലെ " കുടലടക്കം "വെളിയിൽ വന്ന അനുഭവമായിരുന്നു പിന്നീട് എനിക്കുണ്ടായത്.
മറ്റ് പുംഗവൻ മാർ തേനീച്ച കുത്തേറ്റ് അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നതിനാൽ ഈ പുകിലൊന്നും അറിഞ്ഞില്ല. ഒരു വിധത്തിൽ അവരെയും കൊണ്ടോടുമ്പോൾ സാർ നൂറ്റൻപതിന് തരാം എന്ന് പറഞ്ഞ് പിന്നിൽ നിന്നും അയാൾ വിളിക്കുന്നുണ്ടായിരുന്നു.
പിന്നിട്ടുള്ള യാത്രയിൽ മദ്യം കഴിച്ച് ബോധം പോയത് അവർക്കെങ്കിലും,വാള് വെച്ചത് മുഴുവൻ ഞാനായിരുന്നു.
കുറെ ദിവസത്തേക്ക് എന്റെ അവസ്ഥ ഉള്ളടക്കം സിനിമയിൽ കുതിര വിഴുങ്ങിയ ജഗതിയുടേതിന് സമമായി .ഭക്ഷണ സാധനം കാണുമ്പോൾ വയറിൽ പെരുച്ചാഴി വാലിട്ടിളക്കുന്നു.
സഹികെട്ട് നമ്പൂതിരിയോട് ഞാൻ കാര്യം പറഞ്ഞു. ഇതിലൊക്കെ എന്ത് എന്ന ഭാവത്തിൽ ,ടിയാൻ ഒരു ഐഡിയാ പറഞ്ഞു. "നീ നന്നായി ഒന്ന് വയറിളക്ക് അപ്പോൾ ഈ തോന്നലെല്ലാം മാറും".അങ്ങനെ പ്രസാദിൽ നിന്നും " പ്രസാദമായി "പർഗറ്റിവ് ഇനത്തിൽ പെട്ട (വയറിളക്കാനുള്ള ) ഗുളിക ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഞാൻ വാങ്ങി കഴിച്ചു.പ്രഭാതത്തിൽ വിഘ്നഭംഗം ഇല്ലാത്തതിനാൽ പതിവിലും സുന്ദരനായി അന്ന് ഞാൻ ഓഫിസിൽ പോയി.
ഓഫീസിൽ ചെന്ന് അൽപ്പസമയം കഴിഞ്ഞപ്പോൾ വയറിനുള്ളിൽ ഒരു തിരയിള്ളം. ചില പൊട്ടലും ചീറ്റലും. മന്ദഗതിയിൽ അലയടിച്ച് തുടങ്ങിയ തിര, പതിയെ ശക്തി പ്രാപിച്ച്, " ഓഖീ " കൊടുങ്കാറ്റിൽ പെട്ട് വീശിയടിച്ചപ്പോൾ ഞാൻ ബാത്റൂം ലക്ഷ്യമാക്കി പാഞ്ഞു.
തിരുമനസിന്റെ മരുന്ന് പ്രയോഗം " ഡോസ് " കൂടിയതിനാലോ എന്റെ ശരീരത്തിന് പറ്റാത്തതിനാലോ പിന്നീട് രണ്ട് മൂന്നാഴ്ചത്തേക്ക് ഞാനും ടൊയ് ലറ്റും ,കഥയുടെ പേര് അന്വർത്ഥ മാക്കും വിധം ഇണ പിരിയാത്ത കാമുകീ കാമുകൻ മാരായി. എന്തായാലും അതോട് കൂടി വയറ്റിൽ നിന്നും എലി മാത്രമല്ല കുടിച്ച മുലപ്പാല് പോലും പുറത്ത് പോയി.
കഥ പൂർത്തിയാക്കി പേന മടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ CBSE ക്കാരൻ LKG മോൻ ,ടീച്ചർ പറഞ്ഞു കൊടുത്ത പുതിയ സെന്റൻസ് ഉറക്കെ പറഞ്ഞു പഠിക്കുകയായിരുന്നു. Teacher "May I go to toilet "
വാൽക്കഷണം
ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ സ്വയം ചികിത്സിച്ച് കുഴപ്പത്തിലാകരുത് 

Arun V Sajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo