Slider

ചുമതല

0

മനു ബസ്സിറങ്ങി നേരെ അടുത്തു കണ്ട പെട്ടികടയിലേക്ക് നടന്നു.
''ചേട്ടാ ഈ ബഷീറിന്റെ വീട്''
''ആരാ ഓന്റെ അടുത്തുന്ന് ആണോ''
''അതെ''
''കുറച്ച് മുന്നോട്ട് നടന്നാൽ ഒരു മണ്ണിട്ട വഴികാണാം ആ വഴി നേരെ പോകുന്നത് അവന്റെ വീട്ടിലോട്ടാ''
''ശരി താങ്ക്സ് ചേട്ടാ''
''പിന്നെ'' അയാളുടെ ചോദ്യത്തിന് കാത്തു നിൽക്കാതെ മനു നടന്നു.
ബഷീറ് പറഞ്ഞത് പോലെ തന്നെ മനോഹരമായ ഒരു കൊച്ചു ഗ്രാമം എപ്പോഴും അവന് തന്റെ ഗ്രാമത്തെ കുറിച്ച് പറയാനേ നേരമുള്ളൂ.
മണ്ണിട്ട ഇടവഴിയും കടന്ന് ഓടുമേഞ്ഞ ഒരു ചെറിയ വീടിന്റെ മുറ്റത്തേക്ക് കടന്നു. പുറത്തെങ്ങും ആരെയും കാണുന്നില്ല.
''ആരൂല്ല്യേ ഇവിടെ''
വാതിലിന്റെ മറവിൽ നിന്നും ഒരു കൊച്ചു പെൺകുട്ടി പുറത്തേക്ക് വന്നു. അവനവളെ നോക്കി നക്ഷത്രക്കണ്ണുള്ള മാലാഖ ബഷീറിന്റെ കുഞ്ഞിപാത്തു.
''കുഞ്ഞിപാത്തൂ മാമനെ അറിയോ''
അവൾ അതിശയത്തോടെ അവനെ നോക്കി നിന്നു. അവളുടെ വാപ്പച്ചി വിളിക്കുന്ന വിളി വേറൊരു ആളിൽ നിന്ന് കേട്ടത് കൊണ്ടാകാം അവളുടെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു''ഉമ്മീ'' ഉള്ളിലേക്ക് നോക്കി അവൾ വിളിച്ചു.
അയൽപക്കത്തെ വീട്ടിൽ നിന്നും ആരൊക്കെയോ അങ്ങോട്ട് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
''ആരാ പാത്തൂ അവിടെ'' വീടിനുള്ളിൽ നിന്നും ഒരു ചോദ്യം കേട്ടു.
വാതിലിന് മറവിൽ നിന്നും ഒരു മുഖം പുറത്തേക്കെത്തി നോക്കി.
''ഞാൻ മനു ബഷീറിന്റെ അടുത്തു നിന്നാണ്''
അവർ പുറത്തേക്ക് വന്നു ബഷീർ പറഞ്ഞ രാജകുമാരിയല്ല അവൾ കരഞ്ഞ് വീർത്ത കണ്ണുകൾ കരുവാളിച്ച പാടുകൾ ആ വെളുത്ത മുഖത്ത് എടുത്തു കാട്ടുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞു
''ഇക്കാക്ക് സുഖല്ലേ'' അവൾ ചോദിച്ചു
''സുഖാണ്'' മനു തുടർന്നു ''കൂടുതൽ സമയം നിൽക്കുന്നില്ല വേറെ രണ്ടിടത്തു കൂടി പോകാനുണ്ട്'' മനു പറഞ്ഞ് നിർത്തി''ശരിക്കും അന്ന് എന്താണ് സംഭവിച്ചത്''
മനു ചോദിച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞു.
പാത്തുന് ചെറിയ പനിയുണ്ടായിരുന്നു ഡോക്ടറെ കാണിച്ച് വരുമ്പോൾ വൈകി മോൾക്ക് കുറച്ച് പൊടിയരി കഞ്ഞിയും ഉണ്ടാക്കി കൊടുത്ത് ഞാൻ കിടന്നു. പിന്നീട് ബഹളം കേട്ട് ആയിരുന്നു ഞാനുണർന്നത്. വാതില് തുറക്കടി എന്ന് ആരോ ആക്രോശിക്കുന്നുണ്ടായിരുന്നു. ഞാൻ വാതിൽ തുറന്നു നാട്ടിലെ കുറേ പേരുണ്ടായിരുന്നു മുറ്റത്ത്.
ഒരു പരിചയവുമില്ലാത്ത ഒരാളും. ഇതെത്രകാലമായടി തുടങ്ങീട്ട് എന്നും പറഞ്ഞ് ആരോ എന്റെ കവിളത്തടിച്ചു. എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞിട്ടും ആരും ഒന്നും മനസ്സിലാക്കിയില്ല. ആരോ ഇക്കാക്ക് വിളിക്കുന്നുണ്ടായിരുന്നു. നേരം വെളുക്കുന്നത് വരെ എനിക്ക് എന്താ സംഭവിച്ചത് എന്ന് പോലും അറിയില്ലായിരുന്നു. നേരം വെളുത്ത് അടുത്ത വീട്ടിലെ ചേച്ചി പറയുമ്പോഴാണ് എല്ലാം മനസ്സിലാകുന്നത്. രാത്രി വീടിന്റെ വാതിലിന് മുൻപിൽ നിൽക്കുമ്പോഴാണ് അയാളെ നാട്ടിലുള്ളവർ പിടികൂടുന്നതെന്നും. ഞാൻ വിളിച്ചിട്ടാണ് അയാൾ വന്നത് എന്ന് പറഞ്ഞു എന്നുംഎനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആരും തയ്യാറായില്ല.
അവളുടെ കണ്ണുകൾ നിറഞ്ഞു.
പിറ്റേ ദിവസം തന്നെ ഞാൻ ഇക്കാക്ക് വിളിച്ചിരുന്നു''
എല്ലാ കാര്യവും ഞാൻ ഇക്കാട് പറഞ്ഞു. മറുപടിയൊന്നും പറയാതെ ഇക്ക ഫോൺ കട്ട് ചെയ്തു. ഇക്കയും എന്നെ തെറ്റിദ്ധരിച്ചു എന്ന് മനസ്സിലായപ്പോൾ ഞാനാകെ തകർന്ന് പോയി.
അവളുടെ ശബ്ദം ഇടറി.
''ഹേയ് ഇങ്ങള് ബഷീറിനെ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്. അവന്റെ കിനാവുകളിലും വർത്താനങ്ങളിലുമൊക്കെ എന്നും നിങ്ങളും പാത്തുവുമായിരുന്നു അവൻ ജീവിക്കുന്നത് പോലും നിങ്ങൾക്ക് വേണ്ടിയാണ. അവൻ കുറച്ചാളുകളുടെ വാക്കുകൾ കേട്ട് നിങ്ങളെ തെറ്റിദ്ധരിക്കും എന്ന് തോന്നുന്നുണ്ടോ?
മനു ചോദിച്ചു
കണ്ണീര് നിറഞ്ഞ കണ്ണുകളോടെ അവൾ മനുവിനെ നോക്കി.
''എനിക്ക് നാട്ടിൽ വരാനുള്ള പെട്ടി പാക്ക് ചെയ്യുമ്പോഴാണ് ബഷീറിന് നാട്ടിൽ നിന്ന് ഫോൺ വന്നത്. അഞ്ച് വർഷമായി ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ അവന്റെ മുഖത്തോ ശബ്ദത്തിലോ ഒരു ചെറിയമാറ്റം വന്നാൽ എനിക്കറിയാം'' മനു ഒന്ന് നിർത്തിയിട്ട് തുടർന്നു ''അങ്ങിനെയാണ് ഞാൻ അവനോട് ചോദിച്ചത് അവൻ കാര്യങ്ങളെല്ലാം പറഞ്ഞു'' രാത്രി ഉറങ്ങിയിട്ടില്ല ഞങ്ങൾ എന്താണ് നിന്റെ ഉള്ളിൽ എന്ന് ചോദിച്ച അവനെന്നോട് പറഞ്ഞത് ''പ്രവാസിയുടെ കഷ്ടപാടറിയുന്ന ഒരു ഭാര്യയും അവനെ ചതിക്കില്ല എന്നാണ് ഇങ്ങള് അവനെ ചതിക്കില്ല ഒരു നോട്ടം കൊണ്ട് പോലും ചീത്തയാകില്ല എന്ന് അവന് നല്ല ഉറച്ച വിശ്വാസമുണ്ട്
അതു കൊണ്ട് തന്നെയാണ് എന്നോട് ഇവിടെ വരണം എന്നും ഇങ്ങളുടേയും മകളുടേയും പാസ്പോർട്ട് കോപ്പി അങ്ങോട്ട് കൊടുത്തയക്കണം എന്നും പറഞ്ഞത് നാളെ ഒരാൾ അങ്ങോട്ട് പോകുന്നുണ്ട്''
''ഞാൻ ഇറങ്ങുകയാണ് പിന്നെ നാളെ രാവിലെ റെഡിയായി നിന്നോണം ഈ കരച്ചിലൊക്കെ മാറ്റി സന്തോഷത്തോടെ ഇനി ഇങ്ങളെ ഇവിടെ നിർത്തണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. വിസ്സ പെട്ടന്ന് ശരിയാകും അത് വരെ എന്റെ വീട്ടിൽ താമസിക്കാം''
''ഞാൻ കുടിക്കാനെന്തേലും എടുക്കാം'' എന്ന് പറഞ്ഞ് അകത്തേക്ക് നടക്കാനൊരുങ്ങിയ ആസിയാട് അവൻ പറഞ്ഞു
''ഇപ്പോഴൊന്നും വേണ്ട സമയമുണ്ടല്ലോ അവിടെ വന്നാൽ കുടിക്കാൻ മാത്രമല്ല കഴിക്കാനും തരേണ്ടി വരും ഞങ്ങളുടെ ചീഫ് കുക്ക് ബഷീറാണേ അവൻ പോയാൽ ഞാൻ പട്ടിണിയാകും''
ആസിയാടെ മുഖത്ത് ഒരു ചിരി വിടർന്നു
''എനിക്കിനി ധൈര്യമായി പോകാം നിന്റെ ഭാര്യയുടെ പുഞ്ചിരികണ്ടാണ് ഞാനിറങ്ങിയതെന്ന് അവനോട് പറയാം'' കുഞ്ഞിപാത്തുവിനെ എടുത്തുയർത്തി നെറുകിലൊരു ഉമ്മ കൊടുത്തുകൊണ്ട് ''ഉപ്പച്ചീടെ അടുത്ത് പോകാൻ തയ്യാറായിക്കോട്ടാ'' എന്നും പറഞ്ഞ് മനു തിരിച്ചു നടന്നു സുഹൃത്തക്കൾ ഏൽപ്പിച്ച അടുത്ത ചുമതല നിർവ്വഹിക്കാനായി!!
-സിറാജ് നെല്ലിക്കുന്ന്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo