Slider

രാമനും അമ്മയും

0
Image may contain: 1 person, selfie and closeup

മനസ്സിൻറ താളം തെറ്റിയവരെക്കുറിച്ച് അമ്മു എഴുതിയ പോസ്സ് വായിക്കുമ്പം രാമനായിരുന്നു കണ്ണിലും മനസ്സിലും. പറയത്തക്ക ബന്ധുക്കളാരും ഇല്ലാത്ത അമ്മയും മകനും എന്നതിലുപരി കൂട്ടുകാരേപ്പോലെ കഴിഞ്ഞവർ.
അമ്മക്ക് അടുത്തുളള ഒന്നുരണ്ടു വീട്ടിലെ പുറംപണിയും, രാമൻ കവലയിലുളള ചായക്കടയിലെ സഹായിയും. സ്കൂളിലേക്കു പോകുമ്പോഴും തിരികെ വരുമ്പോഴും ഇവരെ മിക്കവാറും കാണാറുണ്ടായിരുന്നു. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. രാമന് ചെറുപ്പം മുതലേ ഇരുട്ടിനെ പേടിയാണെന്നും, വാഹനങളോട് വല്ലാത്ത ഇഷ്ടമാണെന്നും അടുത്ത വീട്ടിലെ കൂട്ടുകാരനാണ് പറഞ്ഞത്.
പിന്നീട് കുറേക്കാലത്തക്ക് അവരെക്കുറിച്ച് ഒരറിവും ഒണ്ടാരുന്നില്ല. അവിടെക്കണ്ടു ഇവിടെക്കണ്ടു എന്നൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഒരു ദിവസം സന്ധ്യാ സമയത്ത് "ഇന്നാള് വന്നവരൊക്കെ പോയോ, ഒരു തീപ്പെട്ടി എടുക്കാനൊണ്ടോ" എന്നൊക്കെ ചോദിച്ചു വന്ന ആളെക്കണ്ട് ആദ്യം മനസ്സിലായില്ല. തലമുടിയില്ലാത്ത, മുഷിഞ്ഞ മുണ്ടുമാത്രം ഉടുത്ത്, കൈകൾ പിണച്ചുകെട്ടി, കാലുകൾ കൊണ്ട് മണ്ണിൽ നീളത്തിൽ വരച്ചു കൊണ്ടു നിൽക്കുന്നത് രാമനാണെന്ന് കുറേസമയത്തിന് ശേഷമാണ് മനസ്സിലായത്. ഇരുട്ടിനെ ഭയമായിരുന്ന രാമൻ ഇരുട്ടിത്തുടങിയ വഴിയിലൂടെ നടന്നു മറഞ്ഞു.
വീടിനടുത്തുളള അമ്പലത്തിൽ അയ്യപ്പപൂജക്ക് പോയി തിരികെ വന്ന രാമനെ അരൊക്കെയോ ഇരുട്ടിൽ പതുങിയിരുന്ന് പേടിപ്പിച്ചതാണ് ആ മനസ്സിൻറ താളം തെറ്റാൻ കാരണമായതെന്നാണ് അറിയാൻ കഴിഞ്ഞത്. പിറ്റേ ദിവസം കൂട്ടുകാരുമായി സ്കൂളിൽ നിന്ന് വരും വഴി ആരൊക്കെയോ രാമനെ ഉപദ്രവിക്കുന്നത് കണ്ടു. അരുതേന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും പേടിച്ചിട്ട് മിണ്ടാൻ കഴിഞ്ഞില്ല. അടി കൊണ്ടിട്ടും ചിരിക്കാനല്ലാതെ ആ പാവത്തിന് ഒന്നും കഴിഞ്ഞില്ല. അതുവഴി സൈക്കിളിൽ വന്ന വർക്കിമാപ്ലയാണ് അവരിൽ നിന്നും അയാളെ രക്ഷിച്ചത്. അവശനായി താഴെ വീഴുമ്പോഴും അയാൾ ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയും നടന്നുമായി എത്തിയ ആ അമ്മ മകനെ മടിയിൽ കിടത്തി. "എൻറ കുഞ്ഞേ എന്താപറ്റിയേ നിനക്ക്" എന്ന് ചോദിച്ച് ശബ്ദമില്ലാതെ കരയുന്ന ആ അമ്മയുടെ മുഖം ഇന്നും വേദനയോടെ ഓർക്കുന്നു.
പണിക്കുപോകുമ്പോ രാമനെ മുറിയിൽ പൂട്ടിയിട്ടിട്ടാണ് അമ്മ പോകാറ്. വളരെയേറെ ശ്രദ്ധിക്കുമെങ്കിലും ഇടക്ക് ഒന്ന് നോട്ടം മാറുന്ന നേരത്താണ് ഇതുപോലെ രാമൻറ ഇറങിപ്പോക്ക്. ആരേയും ഉപദ്രവിക്കാറില്ലെങ്കിലും, വണ്ടികളോട് പ്രിയമുളള രാമൻ, ആരേലും "രാമാ, ഗിയറൊന്ന് മാറിയേ" എന്നു പറഞ്ഞാൽ ഉടൻ തൻറ നഗ്നത പ്രദർശിപ്പിക്കുമായിരുന്നു. ബോധമുണ്ടെന്ന് പറയുന്ന ആളുകൾ സുബോധമില്ലാത്ത ഒരു സാധുവിനെക്കൊണ്ട് ചെയ്യിക്കുന്ന പ്രവൃത്തി. എത്ര നീചമാണിത്. ഇതിൻറ പേരിലായിരുന്നു ആ മനുഷ്യൻ ഏറ്റവും കൂടുതൽ ഉപദ്രവം അനുഭവിച്ചിട്ടുളളത്.
എന്തിൻറ പേരിലായാലും ഒരമ്മക്ക് താങും തണലുമാകേണ്ടിയിരുന്ന ഒരു മനുഷ്യനെ ഇത്തരത്തിലാക്കിയിട്ട് ആരെന്ത് നേടിയോ ആവോ.....

By: Prasad Kalarickal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo